Tuesday, December 30, 2008

BADA SA

ഹുവാ ദക്ഷിണാഫ്രിക്ക
മെല്‍ബണ്‍: 1992-93 സീസണില്‍ ബ്രയന്‍ ലാറയും കോട്‌നി വാല്‍ഷും കര്‍ട്‌ലി അംബ്രോസും റിച്ചി റിച്ചാര്‍ഡ്‌സണുമെല്ലാമടങ്ങുന്ന കരീബിയന്‍ സംഘത്തിന്‌ മുന്നില്‍ ഓസ്‌ട്രേലിയക്കാര്‍ വിറച്ചു നിന്ന കാഴ്‌ച്ച ലോകം മറന്നിട്ടില്ല. പതിനാറ്‌ വര്‍ഷം മുമ്പായിരുന്നു അത്‌. പെര്‍ത്തിലും മെല്‍ബണിലും സിഡ്‌നിയിലുമെല്ലാം കരീബിയന്‍ കാറ്റ്‌ ആഞ്ഞടിച്ചു. അവസാനമായി ഓസ്‌ട്രേലിയക്കാര്‍ സ്വന്തം മണ്ണില്‍ തോറ്റ പരമ്പരയായിരുന്നു അത്‌.
ആ തോല്‍വിക്ക്‌ ശേഷം മാര്‍ക്‌ ടെയ്‌ലറുടെയും സ്‌റ്റീവ്‌ വോയുടെയും റിക്കി പോണ്ടിംഗിന്റെയും ചുമലിലായിരുന്നു കങ്കാരുകള്‍. ഒന്നിന്‌ പിറകെ ഒന്നായി ജയങ്ങള്‍. ആരെയും തോല്‍പ്പിക്കാനുളള ചങ്കുറപ്പ്‌. ആരെയും വെറുടെ വീടാത്ത ക്രൗര്യം. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌ വളര്‍ന്നു വളര്‍ന്ന്‌ ലോകത്തോളമെത്തി. ഇന്റര്‍നാഷണല്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ റാങ്കിംഗ്‌ പ്രഖ്യാപിച്ചത്‌ മുതല്‍ സമസ്‌ത മേഖലയിലും ഓസ്‌ട്രേലിയക്കാര്‍. നീണ്ട ഒന്നര പതിറ്റാണ്ടായി ഓസീസുകാര്‍ മാത്രമായിരുന്നു ക്രിക്കറ്റ്‌ നഭസ്സില്‍...
ആ ഏകാധിപത്യത്തിന്‌ അവസാനമാവുകയാണ്‌..... പെര്‍ത്തിന്‌ പിറകെ മെല്‍ബണിലും ദക്ഷിണാഫ്രിക്ക വെന്നികൊടി പാറിച്ചതോടെ ലോക റാങ്കിംഗിലെ സമവാക്യങ്ങളില്‍ മാറ്റം വരുകയാണ്‌. ഒമ്പത്‌ വിക്കറ്റിന്റെ അവീസ്‌മരണീയ വിജയം എം.സി.ജിയില്‍ സ്വന്തമാക്കിയ ദക്ഷിണാഫ്രിക്ക പരമ്പര സ്വന്തമാക്കിയിരിക്കുന്നു. അടുത്ത ടെസ്റ്റിലും വിജയം വരിച്ചാല്‍ ഐ.സി.സി ലോക റാങ്കിംഗില്‍ ഗ്രയീം സ്‌മിത്തിന്റെ സംഘമായിരിക്കും ഒന്നാം സ്ഥാനക്കാര്‍.
സ്വന്തം ടീമിന്റെ ദയനീയ പതനം നേരില്‍ കാണാന്‍ കഴിയാത്ത ഓസ്‌ട്രേലിയക്കാര്‍ ഇന്നലെ എം.സി.ജി യിലേക്ക്‌ വന്നതേയില്ല. അവസാന ദിവസം പോരാട്ടം കാണാന്‍ കേവലം 500 പേര്‍ മാത്രമാണ്‌ ഒരു ലക്ഷത്തോളം പേര്‍ക്ക്‌ ഇരിപ്പിടമുളള ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ്‌ മൈതാനത്തുണ്ടായിരുന്നത.്‌ ഇവരില്‍ ഭൂരിപക്ഷവും ദക്ഷിണാഫ്രിക്കക്കാരായിരുന്നു. ഇവര്‍ ശരിക്കുമാഘോഷിച്ചു ചരിത്ര വിജയം. പതിനാറ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ ഓസ്‌ട്രേലിയ സ്വന്തം മണ്ണില്‍ ഒരു പരമ്പര തോല്‍ക്കുന്നതെങ്കില്‍ ആദ്യമായാണ്‌ ദക്ഷിണാഫ്രിക്ക ഓസ്‌ട്രേലിയക്കെതിരെ അവരുടെ നാട്ടില്‍ ഒരു പരമ്പര നേടുന്നത്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി പത്ത്‌ വിക്കറ്റ്‌ നേട്ടം കൊയ്‌ത സീമര്‍ ഡാലെ സ്‌റ്റിനാണ്‌ കളിയിലെ കേമന്‍. പക്ഷേ സ്‌മിത്ത്‌ മാര്‍ക്കിട്ടത്‌ ഒന്നാം ഇന്നിംഗ്‌സില്‍ ടീം തകരുമ്പോള്‍ മിന്നുന്ന സെഞ്ച്വറി സ്വന്തമാക്കിയ കന്നിക്കാരന്‍ ജെ.പി ഡുമിനിക്കാണ്‌.
ഇന്നലെ വിജയവും ദക്ഷിണാഫ്രിക്കയും തമ്മിലുളള അകലം വളരെ കുറവായിരുന്നു. സമ്മര്‍ദ്ദം ചെലുത്തി വിജയിക്കുമെന്ന്‌ റിക്കി പോണ്ടിംഗ്‌ തലേ ദിവസം വീമ്പടിച്ചെങ്കിലും അതിനുളള അവസരം പോലും സ്‌മിത്ത്‌്‌ നല്‍കിയില്ല. പത്ത്‌ തവണ പന്തിനെ അതിര്‍ത്തി കടത്തി രാജകീയമായി സ്‌മിത്ത്‌ 75 റണ്‍സ്‌ നേടി പുറത്തായപ്പോള്‍ പോലും ഓസ്‌ട്രേലിയക്കാര്‍ക്ക്‌ സന്തോഷിക്കാനായില്ല. നീല്‍ മക്കന്‍സിയും (59), ഹാഷിം അംലയും (30)നടപടി ക്രമങ്ങള്‍ എളുപ്പത്തില്‍ പൂര്‍ത്തിയാക്കി.
183 റണ്‍സ്‌ എന്ന ലക്ഷ്യത്തിലേക്ക്‌ കളിക്കാന്‍ ദക്ഷിണാഫ്രിക്ക ഇറങ്ങിയത്‌ വിക്കറ്റ്‌ നഷ്‌ടമില്ലാതെ 30 റണ്‍സ്‌ എന്ന നിലയിലായിരുന്നു. 42 ഓവറുകള്‍ മാത്രമാണ്‌ അവര്‍ക്ക്‌ ലക്ഷ്യത്തിലേക്ക്‌ വേണ്ടി വന്നത്‌. ലഞ്ചിന്‌ ശേഷം ചെറിയ മഴ പെയ്‌തെങ്കിലും ലോക ക്രിക്കറ്റിലെ ദക്ഷിണാഫ്രിക്കന്‍ ആരോഹണം കാണാന്‍ കാലാവസ്ഥയും ആഗ്രഹിച്ചത്‌ പോലെ തോന്നി. ജനുവരി മൂന്നിനാണ്‌ സിഡ്‌നിയില്‍ അവസാന ടെസ്‌റ്റ്‌ ആരംഭിക്കുന്നത്‌. ഇതിലും ജയിച്ചാല്‍ ലോക ക്രിക്കറ്റിലെ വലിയ ചരിത്രം പുതിയ വര്‍ഷത്തില്‍ പിറക്കും.
2003 ല്‍ കേവലം 22 വയസ്സുളളപ്പോള്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കപ്പിത്താനായി, ലോക ക്രിക്കറ്റിലെ ഏറ്റവും പ്രായം കുറഞ്ഞ നായകന്‍ എന്ന സ്ഥാനം സ്വന്തമാക്കിയ സ്‌മിത്തിലെ പോരാളിയുടെ തന്ത്രങ്ങള്‍ക്ക്‌ മുന്നില്‍ പോണ്ടിംഗിന്‌ ആയുധങ്ങളില്ലായിരുന്നു. ടെസ്‌റ്റ്‌ ക്രിക്കറ്റിലെ തന്റെ പതിനാലാമത്‌ അര്‍ദ്ധശതകം പൂര്‍ത്തിയാക്കി ഓസീ സ്‌പിന്നര്‍ ഹൗറിറ്റ്‌സിന്റെ വേഗതയുളള ഒരു പന്തിന്‌ മുന്നില്‍ തലകുനിച്ച സ്‌മിത്ത്‌ മക്കന്‍സിക്കും അംലക്കും കൂടുതല്‍ ജോലി ഭാരം നല്‍കിയിരുന്നില്ല. പരമ്പരയുടെ തുടക്കത്തില്‍ റണ്‍സിനായി വിഷമിച്ച മക്കന്‍സി ഇന്നലെയും ഭാഗ്യവാനായിരുന്നു. നാലാം ദിവസം അക്കൗണ്ട്‌്‌ തുറക്കും മുമ്പ്‌ ബ്രെട്ട്‌ ലീയുടെ നോബോളില്‍ സ്‌റ്റംമ്പ്‌ തെറിച്ച ഓപ്പണര്‍ അവസാന ദിവസത്തില്‍ മൂന്ന്‌ തവണ ശക്തമായ എല്‍.ബി അപ്പീലില്‍ നിന്നും രക്ഷപ്പെട്ടു.
അംല സ്വതസിദ്ധമായ ഗെയിമാണ്‌ കളിച്ചത്‌. ആക്രമണത്തിന്‌ മുതിരാതെ ഗ്യാപ്പുകളിലേക്ക്‌ പന്ത്‌ തട്ടിയിട്ടുളള കളിയില്‍ തന്നെയായിരുന്നു വിജയ റണ്‍സും പിറന്നത്‌. ഹൗറിറ്റ്‌സിന്റെ പന്തില്‍ നേടിയ ഡബിളില്‍ മല്‍സരം പൂര്‍ത്തിയാവുമ്പോള്‍ മൈതാനത്തും ഗ്യാലറിയിലും ആഘോഷമായിരുന്നു. സ്‌മിത്തും സംഘവും മൈതാനത്തിറങ്ങി ആഘോമാരംഭിച്ചപ്പോള്‍ തലകുനിച്ച്‌ മടങ്ങാനായിരുന്നു ഓസീസ്‌ വിധി. മെല്‍ബണില്‍ ഇങ്ങനെയൊരു കാഴ്‌ച്ച അധികമാര്‍ക്കും കാണാന്‍ കഴിഞ്ഞിട്ടല്ല. ഓസ്‌ട്രേലിയയുടെ ഒരു താരം പോലും മൈതാനത്തുണ്ടായിരുന്നില്ല. സമ്പൂര്‍ണ്ണ ആഫ്രിക്കന്‍ മയത്തില്‍ ലോക ക്രിക്കറ്റിലെ ഓസീസ്‌ പ്രതാപത്തിന്‌ അസ്‌തനമാവുകയാണ്‌.

ക്യാപ്‌റ്റന്‍ നമ്പര്‍ വണ്‍
മെല്‍ബണ്‍: 2003 ല്‍ ദക്ഷിണാഫ്രിക്ക ആതിഥേയത്വം വഹിച്ച ലോകകപ്പില്‍ ആതിഥേയ ടീം ആദ്യ റൗണ്ടില്‍ തന്നെ പുറത്തായ കാഴ്‌ച്ച വേദനാജനകമായിരുന്നു. ലോക ക്രിക്കറ്റിലെ നിര്‍ഭാഗ്യവാന്മാരെന്ന്‌ പലവട്ടം വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ടീം പ്രതികൂല കാലാവസ്ഥയില്‍ വെട്ടിച്ചുരുക്കപ്പെട്ട മല്‍സരത്തിന്‌ ഇരയാവുകയായിരുന്നു. ക്യാപ്‌റ്റനായിരുന്ന ഷോണ്‍ പൊള്ളോക്ക്‌ ഡ്രസ്സിംഗ്‌ റൂമിലിരുന്ന്‌ കണ്ണീര്‍ വാര്‍ത്ത ദൃശ്യം ലോകത്തിന്‌ മറക്കാന്‍ കഴിയില്ല.
ആ ദുരന്തത്തിന്‌ ശേഷം ക്രിക്കറ്റ്‌ ബോര്‍ഡ്‌ ശക്തമായ തീരുമാനമെടുത്തു. നായക സ്ഥാനത്തേക്ക്‌ പോളിക്ക്‌ പകരം കേവലം 22 വയസ്സ്‌ മാത്രം പ്രായമുളള ഗ്രയീം സ്‌മിത്തിനെ അവരോധിച്ചു. പലരും ഞെട്ടി. പലരും നെറ്റി ചുളിച്ചു. ലോക ക്രിക്കറ്റിനെ അറിയാത്ത പയ്യന്‍സിന്‌ ദേശീയ ടീമിന്റെ കപ്പിത്താന്‍ കുപ്പായമോ..?
പക്ഷേ സ്‌മിത്തിലെ നായകന്‍ ഒരിക്കലും വിമര്‍ശകര്‍ക്ക്‌ മുന്നില്‍ തളര്‍ന്നില്ല. അനുഭവസമ്പത്തിന്റെ ചൂളയിലേക്ക്‌ പതുക്കെ എത്തിയ സ്‌മിത്താണ്‌ ഇന്ന്‌ ലോക ക്രിക്കറ്റിലെ യഥാര്‍ത്ഥ തന്ത്രശാലി. സ്വന്തം ടീമിനെ പ്രചോദിപ്പിക്കാനും, താരങ്ങളുടെ കരുത്തിനെ ചൂഷണം ചെയ്യാനും മഹേന്ദ്രസിംഗ്‌ ധോണിയെ പോലെ പക്വത കാട്ടുന്ന സ്‌മിത്തിന്റെ മികവിലാണ്‌ ഓസ്‌ട്രേലിയക്കെതിരായ പരമ്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയത്‌.
മെല്‍ബണിലെ വിജയത്തിന്‌്‌ ശേഷം അദ്ദേഹം മാര്‍ക്ക്‌ മുഴുവന്‍ ടീമിന്‌ നല്‍കി. എല്ലാം കൂട്ടായ പ്രയത്‌നമായിരുന്നു. എല്ലാവരും സ്വന്തം റോളുകള്‍ ഭംഗിയാക്കി. അവിടെയാണ്‌ ടീം കുതിച്ചത്‌. ജെ.പി ഡുമിനി എന്ന പുതിയ താരത്തിന്റെ മികവ്‌ അപാരമായിരുന്നു. ടീം തളര്‍ന്നു നില്‍ക്കുമ്പോഴാണ്‌ ഒന്നാം ഇന്നിംഗ്‌സില്‍ മനോഹരമായ ഇന്നിംഗ്‌സ്‌ ഡുമിനി കാഴ്‌ച്ചവെച്ചത്‌. എട്ട്‌, ഒമ്പത്‌, പത്ത്‌ നമ്പരുകളില്‍ ദക്ഷിണാഫ്രിക്കക്ക്‌ ശക്‌തമായ പ്രകടനം കാഴ്‌ച്ചവെക്കാന്‍ കഴിയുമെന്ന്‌ ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരന്നു. അതാണ്‌ വാസ്‌തവമായത്‌. ഓസ്‌ട്രേലിയയെ പോലെ ശക്തരായ ടീമിനെ അവരുടെ തട്ടകത്ത്‌ തോല്‍പ്പിക്കുക എളുപ്പമുളള ജോലിയല്ല. പുതിയ വര്‍ഷത്തില്‍ തീര്‍ച്ചയായും ടീമിന്‌ ആഹ്ലാദിക്കാം. ഓസ്‌ട്രേലിയക്കെതിരായ മൂന്ന്‌ മല്‍സര പരമ്പരയില്‍ 2-0 ത്തിന്‌ മുന്നിട്ട്‌ നില്‍ക്കാനാവുമെന്ന്‌ കരുതിയിരുന്നില്ലെന്നും സ്‌മിത്ത്‌ പറഞ്ഞു.
ലോക ക്രിക്കറ്റില്‍ ഇനി ദക്ഷിണാഫ്രിക്കന്‍ കാലമാണ്‌ സംജാതമാവാന്‍ പോവുന്നതെന്ന്‌ വിക്കറ്റ്‌ കീപ്പര്‍ മാര്‍ക്ക്‌ ബൗച്ചര്‍ അഭിപ്രായപ്പെട്ടു. സീനിയര്‍ താരങ്ങളായ ഞങ്ങളില്‍ പലര്‍ക്കും ഓസ്‌ട്രേലിയയെ ഓസ്‌ട്രേലിയന്‍ മണ്ണില്‍ തോല്‍പ്പിക്കുക എന്നത്‌ വലിയ ആഗ്രഹമായിരുന്നു. അതാണ്‌ സത്യമായതെന്ന്‌ ജാക്‌ കാലിസ്‌ പറഞ്ഞു.
സ്‌ക്കോര്‍ബോര്‍ഡ്‌
ഓസ്‌ട്രേലിയ ഒന്നാം ഇന്നിംഗ്‌സ്‌ 394. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിംഗ്‌സ്‌ 459. ഓസ്‌ട്രേലിയ രണ്ടാം ഇന്നിംഗ്‌സ്‌: ഹെയ്‌ഡന്‍-സി-ഡുമിനി-ബി-സ്‌റ്റെന്‍-23, കാറ്റിച്ച്‌-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-15, പോണ്ടിംഗ്‌-സി-സ്‌മിത്ത്‌-ബി-മോര്‍ക്കല്‍-99, ഹസ്സി-സി-അംല-ബി-മോര്‍ക്കല്‍-2, ക്ലാര്‍ക്ക്‌-സി-മക്കന്‍സി-ബി-സ്‌റ്റെന്‍-29, സൈമണ്ട്‌സ്‌-സി-കാലിസ്‌-ബി-സ്‌റ്റെന്‍-0, ഹാദ്ദിന്‍-സി-കാലിസ്‌-ബി-എന്‍ടിനി-10, ലീ-ബി-കാലിസ്‌-8, മിച്ചല്‍-നോട്ടൗട്ട്‌-43, ഹൗറിറ്റ്‌സ്‌-ബി-കാലിസ്‌-3, സിഡില്‍-സി-ബൗച്ചര്‍-ബി-സ്‌റ്റെന്‍-6, എക്‌സ്‌ട്രാസ്‌-, ആകെ 84.2 ഓവറില്‍ 247. വിക്കറ്റ്‌ പതനം: 1-37 (ഹെയ്‌ഡന്‍), 2-40 (കാറ്റിച്ച്‌), 3-49 (ഹസി), 4-145 (ക്ലാര്‍ക്ക്‌), 5-145 (സൈമണ്ട്‌സ്‌), 6-165 (ഹാദ്ദിന്‍), 7-180 (ലീ), 8-212 (പോണ്ടിംഗ്‌), 9-231 (ഹൗറിറ്റ്‌സ്‌), 10-247 (സിഡില്‍). ബൗളിംഗ്‌: സ്‌റ്റെന്‍ 20.2-3-67-5, എന്‍ടിനി 14-1-26-1, മോര്‍ക്കല്‍ 15-2-46-2, ഹാരീസ്‌ 21-1-47-0, കാലിസ്‌ 14-1-57-2.
ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സ്‌: സ്‌മിത്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-ഹൗറിറ്റ്‌്‌സ്‌-75,, മക്കന്‍സി-നോട്ടൗട്ട്‌-59. അംല-നോട്ടൗട്ട്‌-30, എക്‌സ്‌ട്രാസ്‌-19. ആകെ 48 ഓവറില്‍ ഒരു വിക്കറ്റിന്‌ 183 റണ്‍സ്‌. വിക്കറ്റ്‌ പതനം: 1-121 (സ്‌മിത്ത്‌). ബൗളിംഗ്‌: ലീ 10-0-49-0, സിഡില്‍ 14-5-34-0, മിച്ചല്‍ 11-1-36-0, ഹൗറിറ്റ്‌സ്‌ 10-0-41-1, ക്ലാര്‍ക്ക്‌ 3-0-14-0.

കാലം സാക്ഷി
മെല്‍ബണ്‍: ഗ്ലെന്‍ മക്‌ഗ്രാത്ത്‌, ഷെയിന്‍ വോണ്‍, ആദം ഗില്‍ക്രൈസ്‌റ്റ്‌, ജസ്‌റ്റിന്‍ ലാംഗര്‍, ഡാമിയന്‍ മാര്‍ട്ടിന്‍, ജെയ്‌സണ്‍ ഗില്ലസ്‌പി......... ഈ നാമങ്ങള്‍ കാലത്തിന്റെ സാക്ഷികളാണ്‌. ലോക ക്രിക്കറ്റിലെ ഓസീസ്‌ അശ്വമേഥത്തിന്‌ ചൂക്കാന്‍ പിടിച്ചിരുന്ന ഇവരെല്ലാം ഒറ്റയടിക്ക്‌ വിരമിച്ചപ്പോള്‍ വല്ലാത്ത പ്രതിസന്ധിക്ക്‌ മുന്നിലായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ്‌. ആ പ്രതിസന്ധി മുഖത്ത്‌ തളര്‍ന്നിരിക്കയാണ്‌ ഇപ്പോഴും അവര്‍. മക്‌ഗ്രാത്തിന്‌ പകരക്കാരനില്ല. വോണിന്റെ മാജിക്കിന്‌ അരികിലെത്താന്‍ ആരുമില്ല. ഗില്‍ക്രൈസ്‌റ്റിന്റെ തട്ടുതകര്‍പ്പന്‍ ഇന്നിംഗ്‌സ്‌ ഓസീസ്‌ വീരഗാഥകളിലെ പതിവ്‌ അദ്ധ്യായമായിരുന്നു. ജസ്റ്റിന്‍ ലാംഗറും ഡാമിയന്‍ മാര്‍ട്ടിനുമെല്ലാം പക്വമതികളായിരുന്നു. ഇവര്‍ക്കും പകരകാരില്ല.
മക്‌ഗ്രാത്തിന്‌ പകരം വന്ന മിച്ചല്‍ ജോണ്‍സണ്‍ സ്ഥിരതയുടെ നാലയലത്ത്‌ വരുന്നില്ല. വോണിന്റെ തൊപ്പി നേടാന്‍ രംഗത്തുളള ക്രെസ്‌ജയും ഹൗറിറ്റ്‌സ്‌ുമെല്ലാം ബാറ്റ്‌സ്‌മാന്മാരുടെ പ്രഹരത്തില്‍ ഇല്ലാതാവുന്നു.
ജസ്റ്റിന്‍ ലാംഗര്‍ക്കൊപ്പം തകര്‍പ്പന്‍ ഇന്നിംഗ്‌സുകള്‍ കളിച്ചിട്ടുളള മാത്യൂ ഹെയ്‌ഡന്‍ പഴയ കരുത്തിന്റെ നിഴലാണ്‌. ലാംഗറുടെ പകരക്കാരനായി വന്ന സൈമണ്‍ കാറ്റിച്ചിനും ഗില്ലിക്ക്‌ പകരം വന്ന ബ്രാഡ്‌ ഹാദ്ദിനും മാര്‍ട്ടിന്റെ പകരക്കാരനായ മൈക്കല്‍ ഹസ്സിക്കും ടീമിനെ രക്ഷിക്കാന്‍ കഴിയുന്നില്ല.
പഴയ ആധിപത്യം തിരിച്ചുപിടിക്കാന്‍ തന്റെ യുവതാരങ്ങള്‍ക്ക്‌ സമയം നല്‍കണമെന്നാണ്‌ മെല്‍ബണ്‍ പരാജയത്തിന്‌ ശേഷം പോണ്ടിംഗ്‌ പറഞ്ഞത്‌. മഹാന്മാരായ താരങ്ങളുടെ വിരമിക്കലിന്‌ ശേഷമെത്തിയ യുവതാരങ്ങള്‍ക്ക്‌ പെട്ടെന്ന്‌ നിലയുറപ്പിക്കാന്‍ കഴിയില്ല. അവര്‍ക്ക്‌ സമയം നല്‍കണം. ദീര്‍ഘകാലം ലോക ക്രിക്കറ്റിനെ ഭരിച്ചവരാണ്‌ ഓസ്‌ട്രേലിയ. ആ പ്രഭാവം നിലനിര്‍ത്താന്‍ ഈ ടീമിന്‌ കഴിയും. പീറ്റര്‍ സിഡിലും ഹൗറിറ്റ്‌സും മെല്‍ബണില്‍ മികവ്‌ പ്രകടിപ്പിച്ചിരുന്നു. സീനിയര്‍ താരങ്ങള്‍ക്ക്‌ അനുഭവസമ്പത്ത്‌ ഉപയോഗപ്പെടുത്താനായാല്‍ തീര്‍ച്ചയായും ടീമിന്‌ ഒന്നാം സ്ഥാനം നിലനിര്‍ത്താനാവുമെന്നും പോണ്ടിംഗ്‌ പറഞ്ഞു.
പരമ്പര നഷ്ടം തീര്‍ച്ചയായും നിരാശാജനകമാണ്‌. രണ്ട്‌ ടെസ്റ്റിലും ശക്തമായ നിലയില്‍ നിന്നാണ്‌ ടീം തകര്‍ന്നത്‌. അതിലാണ്‌ വേദന. മുമ്പ്‌ പല ടീമുകള്‍ക്കും സംഭവിച്ചതാണ്‌ ഇപ്പോള്‍ ഓസ്‌ട്രേലിയക്ക്‌ സംഭവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഹെയ്‌ഡന്‌ ആയുസ്സ്‌
മെല്‍ബണ്‍: റണ്‍സിനായി തപ്പിതടയുന്ന ഓപ്പണര്‍ മാത്യൂ ഹെയ്‌ഡന്‌ ദക്ഷിണാഫ്രക്കക്കെതിരെ സിഡ്‌നിയില്‍ ജനുവരി മൂന്നിന്‌ ആരംഭിക്കുന്ന അവസാന ടെസ്റ്റിലും അവസരം. പരുക്ക്‌ കാരണം ബ്രെട്ട്‌ ലീ, ആന്‍ഡ്ര്യൂ സൈമണ്ട്‌സ്‌ എന്നിവരെ മാറ്റിനിര്‍ത്തിയപ്പോള്‍ വിക്ടോറിയയുടെ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ മക്‌ഡൊണാള്‍ഡ്‌, ഫാസ്റ്റ്‌ ബൗളര്‍മാരായ ബെന്‍ ഹില്‍ഫന്‍ഹസ്‌, ഡഗ്‌ ബൊളിഗ്നര്‍ എന്നിവര്‍ക്ക്‌ അവസരം നല്‍കിയിട്ടുണ്ട്‌. 37 കാരനായ ഹെയ്‌ഡനെ തഴയുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ്‌ ഇന്നലെ ചേര്‍ന്ന സെലക്ഷന്‍ സമിതി വെറ്ററന്‍ ഓപ്പണറില്‍ വിശ്വാസം രേഖപ്പെടുത്തിയത്‌. 2009 ലും ഹെയ്‌ഡന്‍ ഓസീസ്‌ ടീമിന്റെ പദ്ധതികളിലുണ്ടെന്ന്‌ സെലക്ഷന്‍ സമിതി ചെയര്‍മാന്‍ ആന്‍ഡ്ര്യൂ ഹിഡിച്ച്‌ വ്യക്തമാക്കുകയും ചെയ്‌തിട്ടുണ്ട്‌.

മാഞ്ചസ്റ്റര്‍ മുന്നോട്ട്‌്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗിലെ മുമ്പന്മാരായ ലിവര്‍പൂളിനും ചെല്‍സിക്കും തലവേദന സൃഷ്ടിച്ച്‌ നിലവിലെ ജേതാക്കളായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്‌ മുന്നേറുന്നു. ഇന്നലെ നടന്ന മല്‍സരത്തില്‍ പൊരുതിക്കളിച്ച മിഡില്‍സ്‌ബോറെയെ ബള്‍ഗേറിയന്‍ മുന്‍നിരക്കാരന്‍ ഡിമിതര്‍ ബെര്‍ബറ്റോവിന്റെ ഗോളില്‍ റെഡ്‌സ്‌ പരാജയപ്പെടുത്തി. അറുപത്തിയാറാം മിനുട്ടില്‍ പോള്‍ ഷോള്‍സിന്റെ പാസില്‍ നിന്നായിരുന്നു ബെര്‍ബത്തോവിന്റെ തകര്‍പ്പന്‍ ഗോള്‍. ഈ വിജയത്തോടെ മാഞ്ചസ്‌റ്റര്‍ ഒന്നാം സ്ഥാനത്തുളള ലവിര്‍പൂളുമായുള്ള അകലം ഏഴ്‌ പോയന്റായി കുറച്ചു. ലിവര്‍പൂള്‍, ചെല്‍സി എന്നിവരെക്കാള്‍ രണ്ട്‌ മല്‍സരം കുറവാണ്‌ മാഞ്ചസ്റ്റര്‍ കളിച്ചതും. ജപ്പാനില്‍ നടന്ന ഫിഫ ലോക ക്ലബ്‌ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുത്തതിനാല്‍ കഴിഞ്ഞ രണ്ടാഴ്‌ച്ച പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ മാഞ്ചസ്റ്ററിന്‌ കഴിഞ്ഞിരുന്നില്ല.

ആയുസ്‌ നീട്ടി അഷറഫുല്‍
മിര്‍പ്പൂര്‍: ശ്രീലങ്കക്കെതിരായ ഒന്നാം ടെസ്റ്റില്‍ വിജയത്തിനും ബംഗ്ലാദേശിനും നടുവില്‍ ഇനി അഞ്ച്‌ വിക്കറ്റും 267 റണ്‍സും. ക്യാപ്‌റ്റന്‍ മുഹമ്മദ്‌ അഷറഫുലിന്റെ പക്വമായ ഇന്നിംഗ്‌സില്‍ ഇന്നലെ അവസാന സെഷനില്‍ കരുത്ത്‌ കാട്ടാന്‍ ബംഗ്ലാദേശിനായി. 70 റണ്‍സുമായി നായകന്‍ പുറത്തായതിനാല്‍ മല്‍സരത്തിന്റെ അവസാന ദിനത്തില്‍ കടുവകള്‍ക്ക്‌ കാര്യമായ പ്രതീക്ഷയില്ല. മുത്തയ്യ മുരളീധരന്റെ സ്‌പിന്നിന്‌ മുന്നില്‍ പിടിച്ചുനില്‍ക്കുക വാലറ്റത്തിന്‌ എളുപ്പമല്ല. ആദ്യ ഇന്നിംഗ്‌സില്‍ 293 റണ്‍സ്‌ നേടിയ ലങ്ക രണ്ടാം ഇന്നിംഗ്‌സ്‌ 6 വിക്കറ്റിന്‌ 405 റണ്‍സ്‌ എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തിരുന്നു. 166 റണ്‍സ്‌ നേടി മഹേല ജയവര്‍ദ്ധനയാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ ലങ്കക്ക്‌ കരുത്തേകിയത്‌. വിജയിക്കാന്‍ 521 റണ്‍സ്‌ ആവശ്യമായ ബംഗ്ലാദേശിന്‌ തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും പതിവ്‌ ആലസ്യം പ്രകടിപ്പിക്കാതെ അച്ചടക്കമുളള ഇന്നിംഗ്‌സാണ്‌ അഷറഫുല്‍ കാഴ്‌ച്ചവെച്ചത്‌.

ഡയറി
2008 എന്ന വര്‍ഷം ഇന്ത്യന്‍ കായിക ചരിത്രത്തില്‍ സുവര്‍ണ്ണ ലിപികളാല്‍ ആലേഖനം ചെയ്യപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. ഒളിപിക്‌സ്‌ ചരിത്രത്തില്‍ ഇതാദ്യമായി ഒരു ഇന്ത്യക്കാരന്‍ വ്യക്തിഗത സ്വര്‍ണ്ണം സമ്പാദിച്ച വര്‍ഷത്തില്‍ വ്യക്തിഗത ഇനങ്ങളില്‍ പല ഇന്ത്യന്‍ താരങ്ങളും കരുത്ത്‌ പ്രകടിപ്പിച്ചു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഷൂട്ടര്‍ അഭിനവ്‌ ബിന്ദ്രയാണ്‌ 2008 ലെ ഇന്ത്യന്‍ താരം. ലോക ചെസ്‌ കിരീടം സ്വന്തമാക്കിയ വിശ്വനാഥന്‍ ആനന്ദ്‌, ലോക ജൂനിയര്‍ ബാഡ്‌മിന്റണ്‍ കിരീടം റാഞ്ചിയ സൈന നെഹ്‌വാള്‍, വനിതാ ബോക്‌സിംഗില്‍ ലോക ചാമ്പ്യന്‍പ്പട്ടം നേടിയ മേരി കോം എന്നിവരെല്ലാം രാജ്യത്തിന്റെ യശ്ശസ്‌ വാനോളമുയര്‍ത്തിയവരാണ്‌.
1920 ല്‍ പാരീസ്‌ മുതല്‍ ഇന്ത്യ ഒളിംപിക്‌സ്‌ ചരിത്രത്തിന്റെ ഭാഗമാണ്‌. ഹോക്കിയില്‍ നേടാനായ സ്വര്‍ണ്ണങ്ങള്‍ മാത്രമായിരുന്നു ഒളിംപിക്‌സില്‍ ഇന്ത്യയുടെ നേട്ടം. വ്യക്തിഗതമായി ലിയാന്‍ഡര്‍ പെയ്‌സും കര്‍ണ്ണം മല്ലേശ്വരിയും രാജ്യവര്‍ദ്ധന്‍ സിംഗ്‌ രാത്തോറും നേടിയ വെങ്കലങ്ങളില്‍ ഒതുങ്ങിയ ഇന്ത്യയുടെ യശസ്സിന്‌ സ്വര്‍ണ്ണ നിറം നല്‍കിയ ബിന്ദ്രയെ കൂടാതെ ഗുസ്‌തിയില്‍ സൂശീല്‍ കുമാറും ബോക്‌സിംഗില്‍ വിജേന്ദര്‍ സിംഗും നേടിയ വെങ്കലവും ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ കരുത്തായി.
ഒളിംപിക്‌സില്‍ വനിതാ വിഭാഗം ബാഡ്‌മിന്റണ്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ കളിച്ച ഹൈദരാബാദുകാരി സൈ നെഹ്‌വാള്‍ ലോക ജൂനിയര്‍ ബാഡ്‌മിന്റണ്‍ കിരീടം സ്വന്തമാക്കി മികവ്‌ തെളിയിച്ചപ്പോള്‍ വിശ്വനാഥന്‍ ആനന്ദ്‌ തന്നെ തോല്‍പ്പിക്കാന്‍ ലോക ചെസ്സില്‍ ആരുമില്ലെന്ന്‌ ആവര്‍ത്തിച്ചു തെളിയിച്ചു.

No comments: