
ചിത്രം
കമാല്‍ വരദൂര്‍ ഒളിംപിക് സ്‌റ്റേഡിയത്തില്‍ നിന്ന് ഏഷ്യാനെറ്റിന് വേണ്ടി വാര്‍ത്തകള്‍ തല്‍സമയം റിപ്പോര്‍ട്ട് ചെയ്യുന്നു
ലണ്ടന്‍ ഡയറി-15
മാര്‍ക്കറ്റും സുഗന്ധപൂരിതം
പച്ചമല്‍സ്യം ഒറ്റയടിക്ക് കറുമുറ....
ലണ്ടന്‍ നഗരത്തിലെ സുന്ദരമായൊരു കാഴ്‌ച്ചയാണ് ബില്ലിംഗ്‌സ്‌ഗേറ്റ് മല്‍സ്യമാര്‍ക്കറ്റ്. പതിമൂന്ന് ഏക്കര്‍ വിസ്‌താരത്തില്‍ പടര്‍ന്ന് പന്തലിച്ച് കിടക്കുന്ന മാര്‍ക്കറ്റ് സുഗന്ധപൂരിതമാണ്. ഒരുതരത്തിലും നമ്മുടെ മല്‍സ്യമാര്‍ക്കറ്റുകളിലെ ദുര്‍ഗന്ധമില്ല. എല്ലാ രാജ്യങ്ങളിലെയും എല്ലാതരം മല്‍സ്യങ്ങളും വലിയ ഐസ് ക്യൂബുകളില്‍ മിന്നിത്തിളങ്ങി വിശ്രമിക്കുകയാണ്. പൊടി പോലുമില്ല കണ്ട് പിടിക്കാന്‍ എന്ന് പറഞ്ഞത് പോലെയാണ് മാര്‍ക്കറ്റിനുള്ളില്‍. ഫൈബര്‍ ട്രേകളിലാണ് മല്‍സ്യം സൂക്ഷിച്ചിരിക്കുന്നത്. ഗ്ലാസ് കവര്‍ കൊണ്ട് എല്ലാം മൂടിയിരിക്കുന്നു. വട്ടമിട്ട് പറക്കാന്‍ ഈച്ചകളോ, ഉപദ്രവിക്കാന്‍ പൂച്ചകളോ ഇല്ല. ജീന്‍സും ടീ ഷര്‍ട്ടുമിട്ട് കടിച്ചാല്‍ പൊട്ടാത്ത ഇംഗ്ലീഷില്‍ കച്ചവടം നടത്തുന്നവര്‍ക്കിടയിലൂടെ സഞ്ചരിച്ചക്കവെ ശ്രദ്ധിച്ചത് നമ്മുടെ മത്തിയോ, ചാളയോ, അയലയോ കൂട്ടത്തിലുണ്ടോയെന്നാണ്. നോ രക്ഷ. ദരിദ്ര നാരായണന്മാരായ നമുക്ക് പ്രിയപ്പെട്ടവരൊന്നും ഒരു ട്രേയിലുമില്ല. പകരം വലിയ ചെമ്മീനുകള്‍-ഒന്ന് മാത്രം വരും ഒരു കിലോ. പേരറിയാത്ത മറ്റ് പലതരം മല്‍സ്യങ്ങളും. വാങ്ങാന്‍ വരുന്നവരെല്ലാം ഒരു കിലോയില്‍ കൂടുതല്‍ വാങ്ങുന്നവര്‍. വില പേശലില്ല. വിലനിലവാരം ഓരോ കടകളുടെയും പുറത്ത് വൃത്തിയില്‍ എഴുതിവെച്ചിട്ടുണ്ട്. മല്‍സ്യം നല്ല കവറില്‍ മനോഹരമായി പാക് ചെയ്‌ത് നല്‍കും.
ഹലാല്‍ റസ്റ്റോറന്‍ഡില്‍ വെച്ച് ഇംഗ്ലീഷുകാര്‍ മല്‍സ്യം കഴിക്കുന്നതും കണ്ടു. അതായിരിന്നു രസകരം. ഏത് തരം മല്‍സ്യമാണെങ്കിലും അതെടുത്ത് ഒരു വിഴുങ്ങലാണ്. ഹൈദരാബാദിലെ മല്‍സ്യചികില്‍സ പോലെ. വലിയ ചെമ്മിനെല്ലാം എടുത്ത് ഒറ്റയടി. കണ്ട് നിന്നാല്‍ ഞെട്ടിപ്പോവും. മല്‍സ്യത്തിന്റെ മുള്ളെല്ലാം കടിച്ച് പൊട്ടിച്ചങ്ങ് കഴിക്കുന്നു. മല്‍സ്യം പൊരിക്കുന്നില്ല, മുളക് പുരട്ടുന്നില്ല, വേവിക്കുന്നുമില്ല. പച്ച മല്‍സ്യത്തിനൊപ്പം അല്‍പ്പം ചെറുനാരങ്ങാനീര് മതി. ഇവര്‍ തകര്‍ക്കും. അതിനൊപ്പം കുരുമുളക് പൊടിയുമുണ്ടോ-ഭേഷായി. ഒന്നല്ല പത്ത് വലിയ മല്‍സ്യം വേണമെങ്കിലും ഉള്ളിലെത്തും. മുളക് പൊടി, മല്ലിപൊടി, മഞ്ഞള്‍ പൊടി തുടങ്ങി നമുക്ക് പ്രിയപ്പെട്ടതെല്ലാം ഇവിടെ തെല്ലുമില്ല. പ്രാതലില്‍ വെള്ളക്കാരന്‌് വിശ്വാസമില്ല. മിക്ക വീടുകളിലും ഭാര്യാഭര്‍ത്താക്കന്മാര്‍ ജോലിക്ക് പോവുന്നവരായതിനാല്‍ രാവിലെ ഡാന്‍ഡ്‌വിച്ച് അല്ലെങ്കില്‍ ബ്രെഡ്. അത് തന്നെ വീട്ടില്‍ നിന്ന് കഴിക്കുന്നില്ല. യാത്രയിലോ, നടപ്പിലോ കഴിക്കും. പത്രപാരായണം ട്രെയിനില്‍. എല്ലാ മെട്രോ ട്രെയിനുകളിലും പത്രം സൗജന്യമായുണ്ടാവും. ഉച്ചഭക്ഷണം മിക്കവാറും റസ്‌റ്റോറന്‍ഡുകളില്‍. വീട്ടില്‍ നിന്ന് തയ്യാറാക്കി ടിഫിന്‍ കരിയറില്‍ ഓഫീസിലേക്ക് കൊണ്ട് പോവുന്നതെല്ലാം പഴഞ്ചന്‍ശൈലി. പുരുഷന്മാരെ പോലെ സ്‌ത്രീകളും റസ്‌റ്റോറന്‍ഡുകളില്‍ ഏതാണ്ട് ഒരു മണിക്കൂറെല്ലാം ദീര്‍ഘിക്കുന്ന ലഞ്ച് താല്‍പ്പര്യക്കാരാണ്. ആദ്യം ഒരു സ്റ്റാര്‍ട്ടര്‍. അത് മിക്കവാറും നാലോ അഞ്ചോ പപ്പടമായിരിക്കും. പിന്നെ വെജിറ്റബിള്‍സ്. അതിന് ശേഷമാണ് എന്തെങ്കിലും കാര്യമായി കഴിക്കുക. പിന്നെ ഫ്രൂട്ട്‌സ്. അവസാനത്തില്‍ സ്വീറ്റ്‌സ്. വൈകുന്നേരത്തെ ചായയില്‍ ആര്‍ക്കും വിശ്വാസമില്ല. പകരം ബീര്‍. അത് എത്ര ഗ്ലാസ് വേണമെങ്കിലും ആണും പെണ്ണും അകത്താക്കും. രാത്രിയിലും നന്നായി ഭക്ഷണം കഴിക്കും.
എത്ര കഴിച്ചാലെന്താ...! അസുഖം വന്നാലും ഭയപ്പെടാനില്ല. കാരണം ചികില്‍സ സമ്പൂര്‍ണമായും സൗജന്യമാണ്. ഈ നാട്ടില്‍ പൗരത്വമുണ്ടെങ്കില്‍ ചികില്‍സാ കാര്യത്തില്‍ ടെന്‍ഷന്‍ വേണ്ട. ആസ്‌പത്രിയില്‍ എല്ലാ സൗകര്യങ്ങളും ഫ്രീ. സര്‍ക്കാര്‍ ആതുരാലയം സ്വകാര്യ ആതുരാലയം എന്നിങ്ങനെയുള്ള വിവേചനമില്ല. എല്ലാം സര്‍ക്കാര്‍ ആസ്‌പത്രികള്‍. സര്‍ജറിക്കോ, വലിയ ചികില്‍സക്കോ നാട്ടിലെ സ്വകാര്യ ആസ്‌പത്രിക്കാരുടെ ബ്ലേഡ് പരിപാടികള്‍ ഇവിടെയില്ല. ഏറ്റവും ഗുണമേന്മയുള്ള മരുന്നുകളും ചികില്‍സയും സര്‍ക്കാര്‍ തന്നെ ഉറപ്പ് വരുത്തുന്നു. ചികില്‍സാ സൗജന്യത്തിന് പുറമെ ആരോഗ്യസുരക്ഷ വേറെയുമുണ്ട്. ലോണെടുത്താണ് വീട് വെച്ചതെങ്കില്‍, ലോണ്‍ തിരിച്ചടിക്കാന്‍ കഴിയാത്ത അവസ്ഥ വന്നാല്‍ ബാങ്കുകര്‍ ജപ്‌തി നോട്ടീസുമായി വരില്ല. ഇന്‍ഷൂറന്‍സില്‍ നിന്ന് ലോണിലേക്ക് പണം പോവും. പക്ഷേ ഒന്നുണ്ട്, ക്യത്യമായി ചട്ടങ്ങള്‍ പാലിച്ചായിരിക്കണം വീട് നിര്‍മാണം. നാല് കാര്യങ്ങള്‍ നിര്‍ബന്ധമാണ്. 1-അംഗീകരിക്കപ്പെട്ട പ്ലാന്‍. 2-അഗ്നിശമന സുരക്ഷ .3-ഇലക്ട്രിക്, പ്ലംബിഗ് ജോലികള്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് നല്‍കി അവരുടെ സര്‍ട്ടിഫിക്കറ്റ് വാങ്ങണം.4-മാലിന്യ സംസ്‌ക്കരണം ഭദ്രമാക്കണം.
ബ്രിട്ടനിലെ ഈ ജീവിത സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കൂട്ടമായെത്തുന്നത് ചെറിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായാണ് ഇന്ത്യക്കാരുള്‍പ്പെടെയുള്ളവര്‍ പറയുന്നത്. ഇംഗ്ലണ്ട് യൂണിയനില്‍ അംഗമാണ്. അതിനാല്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ ആര്‍ക്കും പാസ്‌പോര്‍ട്ട് ഇല്ലാതെ ഇവിടെ വരാം. താമസക്കാരാവാം. റെസിഡന്‍ഷ്യല്‍ പെര്‍മിറ്റ് വേണ്ട. സൗജന്യമായി ലഭിക്കുന്ന സൗകര്യങ്ങളെ ഉപയോഗപ്പെടുത്താം.
എല്ലാവരും സ്വയം അച്ചടക്കം പാലിക്കുന്നു. റോഡിലുടെ പോവുന്ന ഒരു വാഹനം പോലും ഹോണ്‍ മുഴക്കുന്നില്ല. ഏത് വലിയ ഗതാഗതക്കുരുക്കില്‍ അകപ്പെട്ടാലും ക്ഷമയോടെ ക്യൂ പാലിക്കുന്നു. മല്‍സ്യമാര്‍ക്കറ്റിലെ കച്ചവടക്കാര്‍ പോലും ശാന്തരായാണ് പെരുമാറുന്നത്. അസഭ്യ പ്രയോഗങ്ങളോ, അംഗവിക്ഷേപമോ, അസ്ഥാനത്തേക്കുള്ള നോട്ടമോ ഒന്നുമില്ല. എല്ലായിടങ്ങളിലും ചിരിക്കുന്ന പോലീസും സ്വകാര്യ സുരക്ഷക്കാരും സജീവം. അന്ധര്‍ക്കും അംഗവൈക്യലം സംഭവിച്ചവര്‍ക്കും എവിടെയും ഉയര്‍ന്ന പരിഗണന. അവര്‍ക്കായി പ്രത്യേക പാതകള്‍, പ്രത്യേക ലിഫ്‌ടുകള്‍, പ്രത്യേക ടോയ്‌ലറ്റുകള്‍.
ഇന്നലെ ട്രാക്കില്‍ ടിന്റു ലൂക്കയുടെ മല്‍സരം കാണാന്‍ രാവിലെ തന്നെ ഒളിംപിക് സ്റ്റേഡിയത്തിലെത്തിയപ്പോള്‍ മൂന്ന് ആഫ്രിക്കന്‍ വോളണ്ടയിര്‍മാരെ പരിചയപ്പെട്ടു. ഇവരെ ആഫ്രിക്കന്‍സ് എന്ന് പരസ്യമായി വിളിച്ചാല്‍ പ്രശ്‌നമാണ്. വംശീയതയുടെ വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ട്. ഇന്ത്യന്‍ താരത്തിന്റെ മല്‍സരം കാണാന്‍ വന്നതാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്ക് ഉഷയെ അറിയാം. മല്‍സരിക്കുന്നത് ഉഷയുടെ ശിഷ്യയാണെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കും താല്‍പ്പര്യം. ഉഷയെന്നാല്‍ എവിടെയും അത് ഉഷ തന്നെയാണ്. അവരുടെ സമകാലികരും മറ്റ് കായിക കുലപതിമാരും എന്തെല്ലാം കുശുമ്പ് പറഞ്ഞാലും ഇന്ത്യന്‍ അത്‌ലറ്റിക്‌സിന്റെ മേല്‍വിലാസം അന്നും ഇന്നും മറ്റാരുമല്ല. ഉഷയെക്കുറിച്ച് കുശുമ്പ് പറയുന്നവരോട് ഒരഭ്യര്‍ത്ഥന: നിങ്ങള്‍ ഈ ഇംഗ്ലീഷുകാരെ പഠിക്ക്. കുശുമ്പും കുന്നായ്‌മയുമൊന്നുമില്ല. മികവിനെ അംഗീകരിക്കും. പ്രോല്‍സാഹിപ്പിക്കും. പാര പണിയുകയോ കല്ലെറിയുകയോ ചെയ്യില്ല. കറുത്തവരായ ആഫ്രിക്കക്കാരുടെ മനസ് വെളുത്തിട്ടാണ്. നമ്മുടെ കറുപ്പും വെളുപ്പമല്ലാത്ത മനസാണ് വില്ലന്‍. ട്രാക്ക് വിട്ടിട്ടും മറ്റ് താരങ്ങളെ പോലെ കുടുംബ ജീവിതത്തിന്റെ വിശ്രമവഴിയെ സഞ്ചരിക്കാതെ, സ്വന്തമായി സ്‌ക്കൂള്‍ സ്ഥാപിച്ച് നാളെയുടെ താരങ്ങളെ വാര്‍ത്തെടുക്കാന്‍ വിശ്രമമില്ലാതെ ലോക സഞ്ചാരം നടത്തുന്ന ഉഷക്കൊപ്പം നാട്ടിലെ വാചകമടിവീരന്മാരായ ഒരു കായികതാരവുമെത്തില്ല. തനിക്ക് നേടാന്‍ കഴിയാത്ത നേട്ടം ശിഷ്യയിലുടെ സ്വന്തമാക്കാന്‍ ശ്രമിക്കുന്ന ആ വിശാലമനസ്‌ക്കതക്ക് ഇനിയെങ്കിലും നൂറില്‍ നൂറ് മാര്‍ക്ക് നല്‍കുക.
No comments:
Post a Comment