Sunday, September 9, 2012

മഹാനഗരമേ, വേദനയോടെ നിനക്ക്‌ വിട


ചിത്രം

കമാല്‍ വരദൂര്‍ കോഴിക്കോട്‌ ജില്ലാ കലക്ടര്‍ കെ.വി മോഹന്‍ കുമാറിനൊപ്പം സ്വീകരണ ചടങ്ങില്‍

ലണ്ടന്‍ ഡയറി-അവസാന ഭാഗം
മഹാനഗരമേ, വേദനയോടെ നിനക്ക്‌ വിട

തെയിംസ്‌ നദി സ്വഛന്ദം ഒഴുകുകയാണ്‌..... പക്ഷേ ആ കളകളാരവങ്ങളില്‍ ഇത്‌ വരെ ലയിച്ചിരുന്ന ഒളിംപിക്‌ ബഹളം നിലക്കുകയാണ്‌. പാരാലിംപിക്‌സിന്റെ പൊടിപടലങ്ങള്‍ അല്‍പ്പനാള്‍ ഉയരുമെങ്കിലും തെയിംസിനെയും കൈവഴികളെയും ആഗോള മുഖരിതമാക്കിയ മഹാമാമാങ്കം കൊടിയിറങ്ങിയിരിക്കുന്നു. വിട പറയുന്ന തിരക്കിലാണ്‌ എല്ലാവരും. ജാതിയും വര്‍ണവും ഭാഷയും ദേശവും മറന്ന്‌ കായികതയുടെ കുതിപ്പിലും കിതപ്പിലും പങ്കാളികളായ താരങ്ങള്‍, കൂടുതല്‍ വേഗവും ഉയരവും ദൂരവും താണ്ടാനുള്ള യത്‌നത്തില്‍ വിജയിച്ചവരെയും പരാജിതരെയും ഒരു പോലെ കൈയ്യടിച്ച്‌ പ്രോല്‍സാഹിപ്പിച്ച കാണികള്‍, കായിക വിശേഷങ്ങളെ ലോകത്തിന്‌ മുന്നില്‍ തല്‍സമയം പകര്‍ത്താന്‍ അവിശ്രമം യത്‌നിച്ച അസംഖ്യ മാധ്യമ പ്രവര്‍ത്തകര്‍, സൗകര്യങ്ങളൊരുക്കിയും പരാതികളെ അകറ്റിയും പരിഭവക്കാരെ തലോടിയും സദാ പറന്ന്‌ നടന്ന വോളണ്ടിയര്‍പ്പട, കനമുള്ള തോക്കും കവചങ്ങളുമായി സുരക്ഷയുടെ വന്‍മതില്‍ തീര്‍ത്ത സ്‌നേഹസമ്പന്നരായ പോലീസ്‌, രുചിയുടെ വകഭേദങ്ങള്‍ തീര്‍ക്കാന്‍ കലവറയില്‍ ചൂടും പുകയും സന്തോഷത്തോടെ സഹിച്ച അടുകളക്കാര്‍, മാലിന്യ നിര്‍മാര്‍ജ്ജനത്തിന്‌ നിയോഗിക്കപ്പെട്ട സുസ്‌മേരവദനരായ കാല്‍ ലക്ഷത്തോളം ചെറുപ്പക്കാര്‍, എല്ലാവരെയും ലക്ഷ്യസ്ഥാനത്ത്‌ എത്തിക്കാന്‍ രാവും പകലും മറന്ന്‌ വാഹനമോടിച്ചവര്‍- എല്ലാവരോടും വിട ചോദിക്കുമ്പോള്‍ മനസ്‌ നോവുന്നു. ഒരു മാസത്തോളം ഒരേ മനസായി, ഒരേ വിഭാഗമായി, ഒരേ ലക്ഷ്യത്തിലേക്ക്‌ പട നയിച്ചവരായിരുന്നല്ലോ നമ്മള്‍. കായിക കൂട്ടായ്‌മയുടെ ബൃഹത്‌ സമ്മേളനത്തെ അവിസ്‌മരണീയമാക്കി എല്ലാവരും പിരിയുമ്പോള്‍ അത്‌ കാലം തീര്‍ത്ത യാഥാര്‍ത്ഥ്യമാണ്‌.
ആര്‍ക്കും ഒന്നും മറക്കാനാവില്ല. സെബാസ്‌റ്റിയന്‍ കോ എന്ന കായിക സംഘാടകന്റെ പക്വമായ നേതൃത്ത്വത്തെ എങ്ങനെ മറക്കും..?, സൈക്കിളില്‍ സഞ്ചരിച്ച്‌്‌ മല്‍സരവേദികളെ ജനകീയമാക്കിയ ബോറിസ്‌ ജോണ്‍സണ്‍ എന്ന ചുറുചുറുക്കുള്ള ലണ്ടന്‍ മേയര്‍, വേദികളില്ലെല്ലാം കരുത്തോടെ സജീവമായ ബ്രിട്ടിഷ്‌ പ്രധാനമന്ത്രി ഡേവിഡ്‌ കാമറൂണ്‍, ബ്രിട്ടീഷ്‌ തറവാടിത്തത്തിന്റെ പ്രതീകമായ എലിസബത്ത്‌ രാജ്ഞി-രാജകീയതയും ജനകീയതും സമജ്ജസമായി സമ്മേളിച്ചപ്പോള്‍ ഒളിംപിക്‌ പാര്‍ക്ക്‌ സമ്മാനിച്ചത്‌ സന്തോഷം മാത്രമായിരുന്നു. ഉസൈന്‍ ബോള്‍ട്ട്‌ എന്ന അതികായന്‍, മുഹമ്മദ്‌ ഫറായെന്ന കറുത്ത യാഗ്വാശ്വം, കാലില്‍ കുതിക്കുന്നവര്‍ക്ക്‌ മുന്നിലൂടെ കാലില്ലാതെ പറന്ന ഓസ്‌കാര്‍ പിസാറസ്‌, നിര്‍ഭാഗ്യത്തിന്റെ ട്രാക്കില്‍ വേദനയോടെ വിട ചോദിച്ച ലിയു സിയാംഗ്‌, സ്വന്തം മൈതാനത്തെ വിജയത്തിന്റെ അഭിമാനതട്ടകമാക്കിയ ആന്ദ്രെ മുറെ, കൊച്ചു കേരളത്തിലെ ഓണംകേറാമൂലയില്‍ നിന്ന ലോക വേദിയിലെത്തി പത്താമനായ കെ.ടി ഇര്‍ഫാന്‍, വലിയ പ്രതിയോഗികള്‍ക്ക്‌ മുന്നില്‍ തളരാതെ ഓടിയ ടിന്റു-അങ്ങനെ മൈതാനത്ത്‌ മരിക്കാത്ത മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച താരങ്ങളുടെ മല്‍സരങ്ങള്‍ കാണാനും അത്‌ റിപ്പോര്‍ട്ട്‌ ചെയ്യാനായതും കരിയറിലെ സവിശേഷ ഭാഗ്യം.
ലോകത്തിലെ പ്രിയപ്പെട്ട കായിക മൈതാനങ്ങള്‍. ക്രിക്കറ്റിന്റെ മക്കയായ ലോര്‍ഡ്‌സ്‌, ലോക ടെന്നിസിന്റെ ആസ്ഥാനമായ വിംബിള്‍ഡണ്‍, ഫുട്‌ബോളിന്റെ മാസ്‌മരിക തട്ടകമായ വെംബ്ലി, ആഴ്‌സനലിന്റെയും മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെയും ചെല്‍സിയുടെയുമെല്ലാം തട്ടകങ്ങള്‍-അവിടെ നിന്ന്‌ മല്‍സരങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇനി കഴിഞ്ഞെന്ന്‌ വരില്ല. ബോള്‍ട്ടിന്റെ ഏഴ്‌ മല്‍സരങ്ങള്‍ക്ക്‌ സാക്ഷിയായി. ഒരു വികാരമായി കത്തിപ്പടരാന്‍ എങ്ങനെ ജമൈക്കക്കാരന്‌ കഴിയുന്നു എന്നത്‌ ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യമായി മനസ്സില്‍ കിടക്കുന്നു. പ്രതിയോഗികള്‍ക്ക്‌ ഒരവസരം പോലും നല്‍കുന്നില്ല ബോള്‍ട്ട്‌. റോജര്‍ ഫെഡ്‌റര്‍ എന്ന ടെന്നിസിലെ അതികായന്റെ പോരാട്ടവീര്യം കണ്ടു. റാക്കറ്റില്‍ കരുത്തിന്റെ ഇരമ്പമുള്ള വില്ല്യംസ്‌ സഹോദരിമാരെയും, മരിയ ഷറപ്പോവയെയും കണ്ടു, ബ്രസീലിന്റെ നാളെയുടെ ഫുട്‌ബോളര്‍ നെയ്‌മറിന്റെ കേളി മികവിനും മഞ്ഞപ്പടയുടെ തോല്‍വിക്കും സാക്ഷിയായി. ഓസ്‌കാര്‍ പിസാറസ്‌- പറഞ്ഞറിയിക്കാനാവില്ല ആ വികാരം. രണ്ട്‌ കാലുമില്ലാത്ത ആ മനുഷ്യന്‍ കുതിക്കുന്നത്‌ കണ്ടപ്പോള്‍ അറിയാതെ കണ്ണ്‌ നനഞ്ഞു. വിധിയോട്‌ തോല്‍ക്കാതെ ഇഛാശക്തിയെ ആയുധമാക്കിയ മഹാനായ പോരാളി. എന്റെ പ്രിയപ്പെട്ട താരമായിരുന്നു ലിയു സിയാംഗ്‌. ഗോഞ്ചു ഏഷ്യന്‍ ഗെയിംസിനിടെ അടുത്തറിഞ്ഞ ഓട്ടക്കാരന്‍. എന്താണ്‌ അവന്‌ പറ്റിയത്‌...? ഹര്‍ഡിലില്‍ തട്ടി വീണ്‌ വേദനയില്‍ പിടഞ്ഞ്‌ ഒറ്റക്കാലില്‍ ഓട്ടം പൂര്‍ത്തിയാക്കി എല്ലാവരോടും വിട ചോദിച്ച ആ നിമിഷം മറക്കാനാവില്ലൊരിക്കലും.
ഭൂഖണ്‌ഠത്തിലെ ഏറ്റവും വലിയ കായികമേള റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വരുമ്പോള്‍ ആശങ്കയായിരുന്നു മനസില്‍. വലിയ നഗരത്തില്‍, അസംഖ്യം വേദികളില്‍ ഓടിയെത്താനാവുമോയെന്ന സംശയം പക്ഷേ അസ്ഥാനത്താണെന്ന്‌ ആദ്യനാള്‍ തന്നെ വ്യക്തമായി. നഗരത്തിന്റെ സ്‌പന്ദനം അര നൂറ്റാണ്ടോളമായി അറിയുന്ന അബൂബക്കര്‍ ഉസ്‌മാന്‍ എന്ന ലണ്ടന്‍ ഉസ്‌മാന്‍ക്ക നല്‍കിയ പിതൃതുല്യമായ വാല്‍സല്യം, എപ്പോഴും എന്തിനും കൂടെയെത്തുന്ന അദ്ദേഹത്തിന്റെ മകന്‍ എന്‍.മെഹബൂബ്‌, വെള്ളക്കാരന്റെ നാട്ടില്‍ ഹരിതകാന്തിയുടെ സന്ദേശത്തിനൊപ്പം സാമൂഹ്യസേവന പ്രവര്‍ത്തനങ്ങളില്‍ മാതൃകയാവുന്ന ലണ്ടന്‍ കേരളാ മുസ്ലിം കള്‍ച്ചറല്‍ സെന്ററിന്റെ സെക്രട്ടറി എന്‍.കെ സഫീറിന്റെയും പ്രസിഡണ്ട്‌ അസൈനാര്‍ കുന്നുമ്മലിന്റെയും നേതൃത്ത്വത്തിലുള്ള സംഘത്തിന്റെ സഹായ സഹകരണങ്ങള്‍, വ്രതനാളുകളുടെ ക്ഷീണം അറിയിക്കാതെ കേരളത്തനിമയുള്ള ഭക്ഷണം ഒരുക്കിയ ഹലാല്‍ റസ്‌റ്റാറന്‍ഡിലെ ബംഗ്ലാദേശി ഷെഫുമാരായ അബ്ദുള്‍ വഹാബ്‌ ഷുജയും മുഹമ്മദ്‌ അബ്ദുള്‍ മായിദ്‌ഖാന്‍ എന്ന ടിപ്പുവും, എന്റെ വഴികളില്‍ എന്നും സഹായത്തിന്റെ തണലായി നിന്ന പ്രിയ സുഹൃത്ത്‌ എന്‍.എം അഫീഖ്‌, എന്നും വിളിച്ച്‌ സുഖവിവരങ്ങള്‍ തേടാറുള്ള മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞ്‌, പാറക്കല്‍ അബ്ദുല്ല, പി.എം നാസര്‍, മന്ദസ്‌മിതത്തോടെ എന്നും ശുഭദിനം ആശംസിക്കാറുള്ള ഓള്‍ഗേറ്റ്‌ ഈസ്‌റ്റ്‌ മെട്രോ സറ്റേഷനിലെ പോലീസ്‌ ഉദ്യോഗസ്ഥന്‍ ഡേവിഡ്‌ ഷാറിന്‍, മീഡിയാ സെന്ററിലെ ഹെല്‍പ്പ്‌ ഡസ്‌ക്കിലുള്ള അയര്‍ലാന്‍ഡുകാരന്‍ ടോം പാട്രിസ്‌, ഇന്ത്യന്‍ മാധ്യമസംഘത്തിന്റെ തലവന്‍ ഹര്‍പാല്‍സിംഗ്‌ ബേദി, ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കിയ മുതിര്‍ന്ന കായിക മാധ്യമ പ്രവര്‍ത്തകരായ അയാസ്‌ മേമന്‍, ചാരു ശര്‍മ, ശ്രീനിവാസന്‍ കണ്ണന്‍- അങ്ങനെ മറക്കാനാവാത്ത എത്രയോ പേര്‍.
2016 ല്‍ സാംബാ താളക്കാരുടെ റിയോയില്‍ കാണാമെന്ന്‌ പറഞ്ഞ്‌ എല്ലാവരും മടങ്ങുമ്പോള്‍ ചരിത്ര പുസ്‌തകത്തില്‍ ലണ്ടന്‍ വിശ്രമിക്കാന്‍ പോവുകയാണ്‌.
ഹിത്രു വിമാനത്താവളത്തില്‍ മടക്കയാത്രക്കെത്തിയപ്പോള്‍ നിലക്കാത്ത സഞ്ചാരപ്രവാഹം. ഒരു ദിവസം രണ്ട്‌ ലക്ഷത്തിലധികം യാത്രക്കാരെ അവരുടെ ലക്ഷ്യ സ്ഥാനത്തേക്ക്‌ എത്തിക്കാന്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിക്കുന്ന വിമാനത്താവള ജീവനക്കാര്‍. ഇരുപത്‌ ദിവസം മുമ്പ്‌ എമിറേറ്റ്‌സ്‌ എയര്‍വെയ്‌സിന്റെ ഫ്‌ളൈറ്റില്‍ ഇവിടെ വന്നിറങ്ങുമ്പോള്‍ ചിരിച്ച്‌ സ്വീകരിച്ചവര്‍ അതേ ചിരിയോടെ ഇനിയും വരണമെന്ന്‌ പറഞ്ഞ്‌ കൈയ്യില്‍ ഒരു റോസാദളം നല്‍കി യാത്രയാക്കുന്നു.
ഇത്‌ വരെ ലണ്ടന്‍ ഉറങ്ങിയിരുന്നില്ല. നിദ്രയുടെ കവാടത്തിലും ലോകത്തിന്‌ മുന്നില്‍ മിഴി തുറന്നിരുന്ന മഹാനഗരമേ ഇനി നി വിശ്രമിക്കുക. വേഗമാവുന്ന ലോകത്തില്‍ അതിവേഗം സഞ്ചരിക്കാന്‍ നിനക്ക്‌ മാത്രമാണ്‌ കഴിയുക. നിന്റെ പരിലാളനത്തിന്‌ ഒരായിരം നന്ദി .... ലണ്ടന്‍ ഡയറിക്കുറിപ്പുകള്‍ വായിച്ച്‌ ഫേസ്‌ബുക്കിലൂടെയും ട്വിറ്ററിലുടെയും എസ്‌.എം.എസുകളിലുടെയും മെയില്‍ വഴിയും ഫോണിലുടെയും അഭിനന്ദനങ്ങള്‍ അറിയിച്ച പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങള്‍ക്കും നന്ദി.........


No comments: