
ചിത്രം
ലണ്ടന്‍ ഒളിംപിക്‌സില്‍ മല്‍സരിച്ച ടിന്റു ലുക്ക, കെ.ടി ഇര്‍ഫാന്‍, വി.ഡിജു, ഒളിംപിക്‌സ് റിപ്പോര്‍ട്ട് ചെയ്‌ത ചന്ദ്രിക ന്യൂസ് എഡിറ്റര്‍ കമാല്‍ വരദൂര്‍ എന്നിവരെ വൈസ് ചാന്‍സലര്‍ ഡോ. അബ്ദുള്‍ സലാമിന്റെ നേതൃത്ത്വത്തില്‍ കാലിക്കറ്റ് സര്‍വകലാശാല ആദരിച്ചപ്പോള്‍
ലണ്ടന്‍ ഡയറി
മല്ലന്മാരും പിന്നെ ആമിനയും ടീനയും
ആദ്യം സുശില്‍ കുമാറിന് നന്ദി...! വെള്ളിയുമായി മാനം കാത്തല്ലോ..... ഇന്നലെ രാവിലെ മുതല്‍ വൈകുന്നേരം വരെ ഫയല്‍വാന്മാരുടെ പ്രകടനം കണ്ട് ഗുസ്‌തി ഗോദയില്‍ തന്നെയായിരുന്നു. മല്ലന്മാര്‍ മസിലു വിടര്‍ത്തി വരുന്നത് കാണാന്‍, ഗോദയിലെത്തി എതിരാളികളെ തുറിച്ചു നോക്കുന്നത് കാണാന്‍, പിന്നെ സര്‍വശക്തിയുമെടുത്ത് മറിച്ചിടുന്നത് കാണാന്‍, ഒന്ന് ചിരിക്കാന്‍ പോലും മറന്ന് മടങ്ങുന്നത് കാണാന്‍ എന്ത് രസമാണെന്നോ...! മുത്താരം കുന്ന് പി.ഒ എന്ന സിനിമയില്‍ നമ്മുടെ ധാരാസിംഗ് വരുന്നതും വെല്ലുവിളി നടത്തുന്നതുമെല്ലാമാണ് പെട്ടെന്ന് ഓര്‍മയില്‍ വന്നത്. നമ്മുടെ സുശീലിനെ മാറ്റിനിര്‍ത്തിയാല്‍ എല്ലാ മല്ലന്മാരും തടിമാടന്മാരാണ്. എതിരാളികളെ പുഷ്‌പം പോലെ ഉയര്‍ത്തി താഴെയിട്ട് പക്ഷേ ഇവര്‍ ചിരിക്കുന്നില്ല. നല്ല വസ്‌ത്രമാണ് ധരിക്കുന്നത്.
ഇവിടെ വനിതാതാരങ്ങളുടെ കാര്യമാണ് കഷ്ടം. അവര്‍ക്ക് വസ്‌ത്രത്തോട് ഒരു താല്‍പ്പര്യവുമില്ല. വനിതകള്‍ ഏറ്റവും കുറഞ്ഞ വസ്‌ത്രത്തില്‍ മല്‍സരിക്കുന്ന ഗെയിമാണ് ബിച്ച് വോളിബോള്‍. ടൂ പീസ് എന്നാണ് അവരുടെ വസ്‌ത്രധാരണത്തെക്കുറിച്ച് പറയാറുള്ളത്. എന്നാല്‍ രസമുള്ള ഈ ഗെയിം നിയന്ത്രിക്കുന്നതോ ശരീരം പൂര്‍ണമായും മറച്ച് മുഖവും കൈവിരലുകളും മാത്രം പുറത്ത് കാണിക്കുന്ന ഒരു മുസ്‌ലിം വനിതയും. ഈജിപ്‌തില്‍ നിന്നുള്ള ആമിന അല്‍ സെറാഗ്‌നിയാണ് ബിച്ച് വോളിബോള്‍ കളത്തിലെ വിത്യസ്‌ത താരം. അനുഭവസമ്പന്നയായ ഈ റഫറിക്ക് വസ്‌ത്രങ്ങളോട് അലര്‍ജിയില്ല. സ്‌നേഹമാണ്. പുറത്തിറങ്ങുന്നത് ഇസ്ലാമിക രീതിയിലുള്ള വസ്‌ത്രങ്ങള്‍ ധരിച്ച്. മല്‍സരം നിയന്ത്രിക്കുന്നതും അങ്ങനെ തന്നെ. വൃത്തിയുള്ള ഫുള്‍സ്ലീവ് ട്രാക്ക് സ്യൂട്ട്. തലയില്‍ ഹിജാബും പിന്നെ ക്യാപ്പും. തുറന്ന വേദിയില്‍ നടക്കുന്ന ബിച്ച് വോളിബോള്‍ മല്‍സരമാസ്വദിക്കാനെത്തുന്നവരെല്ലാം വസ്‌ത്രങ്ങളോട് മമത കാണിക്കാത്തവരാവുമ്പോള്‍ എങ്ങനെ ഇങ്ങനെ നില്‍ക്കാനാവുന്നു എന്ന് ചോദിച്ചപ്പോള്‍ ഒളിംപിക്‌സ് മല്‍സരവേദിയിലെ ഏക മുസ്‌ലിം വനിതാ ഒഫീഷ്യലായ ആമിന പറയുന്നത് കേള്‍ക്കുക: എല്ലാവര്‍ക്കും അവരുടെ വിശ്വാസമുണ്ട്. എന്റെ വിശ്വാസമാണ് എന്നെ നയിക്കുന്നത്. ശരീര പ്രദര്‍ശനത്തില്‍ താല്‍പ്പര്യമില്ല. കളിക്കാരെ നിയന്ത്രിക്കുകയാണ് എന്റെ ജോലി. എന്നെ എല്ലാവരും അനുസരിക്കുന്നുണ്ട്. എന്റെ ജോലിയില്‍ ഞാന്‍ സംതൃപ്‌തയുമാണ്.
ആമിന ഈ രംഗത്ത് വന്നത് പ്രശസ്‌തിക്ക് വേണ്ടിയല്ല. വോളിബോള്‍ എന്ന ഗെയിമിനെ ഇഷ്ടമാണ്. കളിക്കാന്‍ മോഹമുണ്ടായിരുന്നു. പക്ഷേ പ്രായം സമ്മതിച്ചില്ല. അപ്പോഴാണ് റഫറിയാവാന്‍ തോന്നിയത്. ഒളിംപിക്‌സ് പോലെ വലിയ മല്‍സരവേദിയില്‍ കളി നിയന്ത്രിക്കുന്നവരില്‍ ഒരാളായി വരാന്‍ കഴിഞ്ഞത് അഭിമാനമാണ്. ബീച്ച് വോളിബോള്‍ കളിക്കുന്നവര്‍ക്ക് പ്രത്യേക ഡ്രസ്സ് കോഡ് ഇല്ല. പക്ഷേ താരങ്ങള്‍ ഈ വഴി സഞ്ചരിക്കുന്നു. ഷോര്‍ട്ട്‌സും ടീ ഷര്‍ട്ടുമിട്ട് ബീച്ച് വോളി കളിക്കാമെന്ന് ലോക വോളിബോള്‍ ഫെഡറേഷന്‍ വ്യക്തമാക്കിയ കാര്യവും ആമിന ഓര്‍മ്മിപ്പിക്കുന്നു. ഇംഗ്ലീഷ് പത്രങ്ങളെല്ലാം ബീച്ച് വോളിക്കും പെണ്‍പടയുടെ ചിത്രങ്ങള്‍ക്കുമായി മൂന്നും നാലും പേജുകളാണ് നീക്കിവെക്കുന്നത്. ആരാധകര്‍ക്കോ-ഒരു പഞ്ഞവുമില്ല. ഒളിംപിക്‌സില്‍ ഏറ്റവും തിരക്കുള്ള മല്‍സര ഇനമാണ് ബീച്ച് വോളി.
ഇവിടെ എല്ലാം സഹിക്കാം-പെണ്‍പടയുടെ സിഗരറ്റ് പ്രേമമാണ് അസഹനീയം. കുഞ്ഞുടുപ്പും ശരീരമാസകലം ടാറ്റു ചിത്രങ്ങളും പതിച്ച് സിഗരറ്റുമായി നടക്കുന്ന വെള്ളക്കാരികള്‍ ഇംഗ്ലീഷ് സംസ്‌ക്കാരത്തിന്റെ ദുരന്തമാണ്. ഫുട്‌ബോള്‍ ഫൈനല്‍ കഴിഞ്ഞ് വെംബ്ലിയില്‍ നിന്ന് മടങ്ങുമ്പോള്‍ റോഡരികില്‍ ഒരു വനിത കുടിച്ച് പൂസായി പാമ്പായി കിടക്കുന്നു. രാത്രികാലങ്ങളില്‍ ബാറുകളില്‍ കയറിയിറങ്ങാന്‍ ഇവര്‍ക്ക് മടിയില്ല. എന്തിനാണ് സ്‌ത്രീകളെ ഇങ്ങനെ കയറുരി വിട്ടിരിക്കുന്നത് എന്ന് മീഡിയാ സെന്ററിലെ ഹെല്‍പ്പ് ഡസ്‌ക്കിലുള്ള വിക്ടര്‍ ഉദായവിനോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത് അവരെല്ലാം സമത്വവാദികളെന്നാണ്. ഈ സമത്വവാദികളുടെ നടുവിലുളള പുരുഷന്മാര്‍ പക്ഷേ മാന്യന്മാരാണ്. മനോഹരമായി വസ്‌ത്രധാരണ ചെയ്‌ത് നന്നായി പെരുമാറുന്നവര്‍. വെള്ളക്കാരിലെ പുരുഷന്മാര്‍ പുകവലിക്കുന്നത് അതിനായി നീക്കിവെച്ച സ്ഥലങ്ങളില്‍ മാത്രമാണെങ്കില്‍ വനിതകള്‍ ആ നിയമവും പാലിക്കുന്നില്ല. സ്‌ത്രീകള്‍ക്കെതിരെ ശബ്ദിച്ചാല്‍ നമ്മുടെ നാട്ടിലേത് പോലെ തന്നെ നിയമം കര്‍ക്കശമാണിവിടെ. കുടുംബബന്ധങ്ങളുടെ കാര്യത്തില്‍ ബ്രിട്ടന്‍ പിറകിലാണ്. 16-18 വയസ്സ് വരെ മാത്രമാണ് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള അടുത്ത ബന്ധം. പ്രായപൂര്‍ത്തിയായാല്‍ കുട്ടികള്‍ ജോലിയും സ്വന്തം വഴികളുമായി സഞ്ചരിക്കും. ജോലിയായാല്‍ സ്വന്തമായി വീട് വാങ്ങി അവിടെ താമസമാക്കുന്നു. ഇടക്ക് മാത്രം രക്ഷിതാക്കളെ സന്ദര്‍ശിക്കുന്ന തരത്തില്‍ ബന്ധങ്ങളില്‍ വരുന്ന വിള്ളലുകളാണ് പ്രശ്‌നമാവുന്നത്.
വെംബ്ലിയിലേക്ക് ഒളിംപിക് പാര്‍ക്കില്‍ നിന്ന് ഒരു മണിക്കൂര്‍ യാത്രയുണ്ട്. ഫുട്‌ബോള്‍ ഫൈനല്‍ കാണാന്‍ പോയപ്പോള്‍ ഞങ്ങളുടെ ബസ് ഓടിച്ചിരുന്നത് ഒരു വെള്ളക്കാരി-ടീന വാക്കി. വലിയ ഡബിള്‍ ഡക്കര്‍ ബസ് പുഷ്‌പം പോലെയാണ് ടീന ഓടിക്കുന്നത്. നല്ല വേഗതയില്‍ ട്രാഫിക് നിയമങ്ങള്‍ ലംഘിക്കാതെയുള്ള ഡ്രൈവിംഗ്. അയ്യായിരത്തോളം ഡ്രൈവര്‍മാരെ ഒളിംപിക് ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്. അവരില്‍ ഒരാളാണ് ടീം. ഹെവി വെഹക്കിള്‍ ലൈസന്‍സുള്ള എത്രയോ വനിതകള്‍ ഇംഗ്ലണ്ടിലുണ്ട്. ഒളിംപിക് ഡ്രൈവിംഗ് സംഘത്തില്‍ തന്നെ പത്ത് പേര്‍. ഒളിംപിക് വാഹനങ്ങള്‍ക്ക് മാത്രമായി പ്രത്യേക ഒളിംപിക് പാതയുണ്ട്. ആ പാതയിലേക്ക് മറ്റ് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. അതിനാല്‍ 140 കീലോമീറ്റര്‍ വേഗതയിലാണ് ബസ് പറക്കുന്നത്. മുകളിലെ ഡക്കിലിരുന്നാല്‍ നഗരം മൊത്തം കാണാം. ടീന പക്ഷേ വസ്‌ത്രങ്ങളോട് താല്‍പ്പര്യമുള്ള വനിതയാണ്. ജീന്‍സും ടീ ഷര്‍ട്ടുമാണ് വേഷം.
വെംബ്ലി മൈതാനം കാണേണ്ടത് തന്നെ. പുതുക്കിപ്പണിത സ്‌റ്റേഡിയം ഇന്ന് ലോകത്തിലുള്ളതില്‍ വെച്ച് ഏറ്റവും വലുതും മനോഹരവുമാണ്. ചുവന്ന കസേരകള്‍ നിരത്തിയുള്ള ചുവപ്പന്‍ കാഴ്‌ച്ച. ഒരു ലക്ഷത്തോളം പേരാണ് ഫുട്‌ബോള്‍ ഫൈനല്‍ കാണാനെത്തിയത്. ബ്രസീലുകാര്‍ പക്ഷേ ഇക്കുറിയും നിര്‍ഭാഗ്യവാന്മാര്‍. നെയ്‌മറിനെ പോലുള്ളവരെല്ലാം കളിച്ചിട്ടും മെക്‌സിക്കോയുടെ മുന്നില്‍ അവര്‍ തോറ്റു. ഇത് വരെ ഒരു ഒളിംപിക്‌സ് സ്വര്‍ണമെന്നത് മഞ്ഞപ്പടക്കാര്‍ക്ക് കിട്ടാക്കനിയാണ്. ഞങ്ങള്‍ക്കരികില്‍ ധാരാളം സാംബത്താളക്കാരുണ്ടായിരുന്നു. ബ്രസീല്‍ എവിടെ കളിക്കുന്നുവോ അവിടയെല്ലാം ബഹളവുമായെത്തി ടീമിനെ പിന്തുണക്കുന്നവര്‍ പക്ഷേ മടങ്ങിയത് കരഞ്ഞ് കൊണ്ടായിരുന്നു. ബ്രസീലുകാര്‍ കരഞ്ഞ് മടങ്ങിയെങ്കില്‍ ഇത് വരെ തല മണ്ണില്‍ പൂഴ്‌ത്തിയിരുന്ന ഇന്ത്യക്കാര്‍ക്ക് അവസാന ദിവസത്തില്‍ രണ്ടാം സ്ഥാനവുമായി നെഞ്ച് വിരിക്കാനായി-ശത്രുവിന്റെ കാല് വാരിയിട്ടാണെങ്കിലും. കബഡിയും ഗുസ്‌തിയുമെല്ലാം കാലുവാരലാണ്. അവിടെ നമ്മളെ തോല്‍പ്പിക്കാന്‍ ഒരു ചൈനക്കാരനും അമേരിക്കക്കാരനുമാവില്ല. പക്ഷേ ജപ്പാനുണ്ട് കെട്ടോ......!
No comments:
Post a Comment