

ചിത്രം
ഒളിംപിക് പാര്‍ക്കിലെ റിവര്‍ ബാങ്കിലുള്ള ഹോക്കി സ്‌റ്റേഡിയത്തില്‍ കമാല്‍ വരദൂര്‍
ലണ്ടന്‍ ഡയറി-18
മതമുണ്ട്, വെറിയില്ല
ഇന്നലെ വൈകുന്നേരം നാല് മണി സമയം. സാക്ഷാല്‍ ഉസൈന്‍ ബോള്‍ട്ടുമായി ഒരു അഭിമുഖം തരപ്പെടുമോ എന്നറിയാന്‍ ഗെയിംസ് വില്ലേജിലേക്കുള്ള യാത്രക്കായി സ്‌റ്റാഫോര്‍ഡിലെത്തിയപ്പോള്‍ ഒളിംപിക് പാര്‍ക്ക് കവാടത്തില്‍ വന്‍ജനക്കൂട്ടം. നൂറ് കണക്കിന് പോലീസ് റോന്ത് ചുറ്റുന്ന ഇവിടെ എന്താണിത്രെ ആവേശത്തോടെ ജനം തടിച്ച് കൂടിയിരിക്കുന്നത്...? താല്‍പ്പര്യത്തോടെ അരികിലേക്ക് പോയപ്പോള്‍ കേട്ടത് ശക്തമായ വാദപ്രതിവാദമാണ്. ഇസ്ലാമിനെ പ്രചരിപ്പിക്കാന്‍ ടീം ഇസ്ലാമും ക്രൈസ്‌തവ തത്വങ്ങളെ പരിചയപ്പെടുത്താന്‍ പെന്തിക്കോസ് സംഘവും. ഇവര്‍ തമ്മിലാണ് ചൂടേറിയ വാദങ്ങള്‍. ഇസ്ലാം ടീമില്‍ അമ്പതോളം യുവാക്കളാണ്. എല്ലാം ബ്രിട്ടിഷുകാര്‍. നീല ഷര്‍ട്ടും ജീന്‍സുമണിഞ്ഞാണ് എല്ലാവരും സംസാരിക്കുന്നത്. വളരെ മാന്യമായി ഖുര്‍ആനെ പരിചയപ്പെടുത്തുന്നു. മുഹമ്മദ് നബിയുടെ വചനങ്ങളും നിലപാടുകളും ്ര്രപാര്‍ത്ഥനാ രീതികളെയും പരിചയപ്പെടുത്തുന്നു. ആരും പ്രകോപനപരമായ വാക്കുകള്‍ ഉപയോഗിക്കുന്നില്ല. ക്രൈസ്‌തവ സംഘവും അങ്ങനെ തന്നെ. ബൈബിള്‍ വചനങ്ങള്‍ ഉദ്‌ഘോഷിക്കുകയും പുസ്‌തകങ്ങള്‍ വിതരണം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്നു. രണ്ട് ഗ്രൂപ്പും തമ്മില്‍ ഒരു പ്രശ്‌നവുമില്ല. മരുന്നിന് ഉന്തും തള്ളലും പോലുമില്ല... ഒളിംപിക്‌സിനെത്തുന്നവരെ സ്വന്തം വിശ്വാസങ്ങള്‍ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തില്‍ ഒരു മാസമായത്ര ഇവര്‍ പ്രവര്‍ത്തിക്കുന്നു. മതപരിവര്‍ത്തനമല്ല ലക്ഷ്യം. മതത്തെ പരിചയപ്പെടുത്തുക. കൂടുതല്‍ അറിയാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് ബന്ധപ്പടാനുള്ള ഫോണ്‍ നമ്പറുകള്‍ നല്‍കുന്നു. നിങ്ങള്‍ക്ക് വിജയിക്കുന്ന ടീമിനോടാണ് താല്‍പ്പര്യമെങ്കില്‍ എന്നും വിജയിക്കുന്ന ഒരേ ടീം ഇസ്ലാമാണെന്നും ആ ടീമില്‍ അംഗമാവാനുമാണ് ആഹ്വാനം. തോല്‍ക്കാത്ത ടീമുണ്ടെങ്കില്‍ അത് ക്രൈസ്‌തവരാണെന്ന് പെന്തക്കോസ് സംഘവും വിശദീകരിക്കുന്നു.
ഈ വാദപ്രതിവാദം നമ്മുടെ മതേതര ജനാധിപത്യ തട്ടകങ്ങളിലാണെങ്കില്‍ എന്തായിരിക്കും പുകില്...? കല്ലേറും കത്തികുത്തും കൊലപാതകവും പോലീസ് ലാത്തിചാര്‍ജ്ജും എന്നും വേണ്ട എല്ലാം സംഭവിക്കും. അല്‍പ്പസമയം കൗതുകത്തോടെ കാത്തിരുന്നു- ഇത്രദിവസം ഇവിടെ ചെലവഴിച്ചിട്ടും ഒരു ഇംഗ്ലീഷ് അടി കണ്ടിട്ടില്ല. ഡയറിക്കുറിപ്പില്‍ ഒരു ഇംഗ്ലീഷ് അടി ചൂടോടെ കൊടുക്കുകയും ചെയ്യാം. അടിക്ക് സാധ്യതയുണ്ടാവുമോ എന്ന് ശങ്കിച്ച് നില്‍ക്കവെ ചിരിച്ചും തമാശ പറഞ്ഞും പൊലീസുകാരും മതപ്രചാരകര്‍ക്കൊപ്പം കൂടിയതോടെ കാര്യം മനസ്സിലായി. ഇവര്‍ പ്രശ്‌നക്കാരല്ല. ജനങ്ങളും തികച്ചും പോസിറ്റീവായാണ് കാര്യങ്ങളെ സമീപിക്കുന്നത്. ഇസ്ലാമിക ഗ്രൂപ്പിന് പറയാനുള്ളത് കേല്‍ക്കുന്നവര്‍ അതിന് ശേഷം ക്രൈസ്‌തവ ഗ്രൂപ്പിന് പറയാനുളളതും കേള്‍ക്കുന്നു. എല്ലാ സംസ്‌ക്കാരങ്ങളെയും ഉള്‍ക്കൊള്ളുന്നവരായതിനാല്‍ ഏത് ജാതി മതസ്ഥരാണെങ്കിലും വെള്ളക്കാരന് പ്രശ്‌നങ്ങളില്ല. പൊലീസ് പറയുന്നത് ഒരു കാര്യം മാത്രം-നിയമം ആരും കൈയ്യിലെടുക്കരുത്.
വൈറ്റ്‌ചാപ്പലിലെ ഗ്രാന്‍ഡ് മോസ്‌ക്കില്‍ ജുമുഅക്ക് പോയപ്പോള്‍ അഞ്ച്‌നില വരുന്ന വലിയ പള്ളി നിറയെ വിവിധ ദേശക്കാരായ വിശ്വാസികള്‍. വളരെ നേരത്തെ തന്നെ പള്ളിയിലെത്തി ഖുര്‍ആന്‍ പാരായണം ചെയ്യുന്നവരില്‍ അധികവും വെള്ളക്കാര്‍ തന്നെ. അറബിയിലും ഇംഗ്ലീഷിലുമുള്ള ഖുത്തുബക്കിടെ ആനുകാലിക രാഷ്‌ട്രീയ സംഭവ വികാസങ്ങഹള്‍ വിശദീകരിക്കപ്പെടുന്നു. ദക്ഷിണ ചൈനയില്‍ ഭരണക്കൂടം മുസ്ലിങ്ങള്‍ക്കെതിരെ സ്വീകരിക്കുന്ന കാര്‍ക്കശ്യ നിലപാടിനെതിരെ ശക്തമായ താക്കീതാണ് ഇമാം നല്‍കിയത്. റമസാന്‍ വ്രതമനുഷ്‌ഠിക്കുന്ന ചൈനീസ് മുസ്ലിങ്ങളെ വ്രതാനുഷ്‌ഠാനത്തില്‍ നിന്ന് ബലം പ്രയോഗിച്ച് പിന്മാറ്റി അവരെ നിര്‍ബന്ധിപ്പിച്ച് ഭക്ഷണം കഴിപ്പിക്കുന്ന കിരാത നടപടിക്കെതിരെ ലോകം ഒരുമിക്കണമെന്നും ഇമാം ആഹ്വാനം ചെയ്‌തു. ചൈന, ബര്‍മ, സിറിയ, അഫ്‌ഗാനിസ്‌താന്‍ തുടങ്ങിയ ഇടങ്ങളിലെ പീഡിതരായ മുസ്ലിങ്ങള്‍ക്ക് വേണ്ടി വന്‍പിരിവും പള്ളിക്ക് പുറത്തുണ്ടായിരുന്നു. ചൈനയില്‍ പോയപ്പോള്‍ അവിടുത്തെ പള്ളികള്‍ നിരീക്ഷിക്കാന്‍ ചുറ്റുപാടും പൊലീസിനെ കണ്ടിരുന്നെങ്കില്‍ ഇവിടെ അങ്ങനെ പൊലീസ് പട്രോളിംഗ് ആരാധനാ കേന്ദ്രങ്ങളില്‍ ഇല്ല. ഒരു കാര്യം മാത്രമാണ് നിര്‍ബന്ധം-ഖുത്തുബ അറബിക്കൊപ്പം ഇംഗ്ലീഷിലുമുണ്ടായിരിക്കണം. ഭീകര ഗ്രൂപ്പുകള്‍ ബ്രിട്ടനിലുണ്ടെന്ന സംശയത്തെ തുടര്‍ന്നാണ് ഇത്തരത്തില്‍ ഒരു നിബന്ധന കൊണ്ടുവന്നത്. ഇമാമുമാരുടെ പ്രസംഗം ഇംഗ്ലണ്ടിനെതിരാണോ എന്നറിയാനാണ് ഖുത്തുബ ഇംഗ്ലീഷിലുമാവണമെന്ന് നിഷ്‌കര്‍ഷിച്ചത്. ബധിരര്‍ക്ക് വേണ്ടി ഖുത്തബ ആംഗ്യങ്ങളിലുടെ തര്‍ജമ ചെയ്യാന്‍ എല്ലാ പള്ളികളിലും ആളുകളുണ്ട്. ഇമാം സംസാരിക്കുമ്പോള്‍ തന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ തര്‍ജമ ചെയ്യപ്പെടുന്നു. വികലാംഗര്‍ക്കും അന്ധര്‍ക്കും ബധിരര്‍ക്കുമെല്ലാം ഇവിടെ എല്ലാ സൗകര്യങ്ങളുമുണ്ട്. അത് നിര്‍ബന്ധമായും പാലിക്കപ്പെട്ടാത്തപക്ഷം നിയമനടപടിയുമുണ്ടാവും. എല്ലാ ഒളിംപിക്‌സ് വേദികളിലും വികലാംഗര്‍ക്കായി വീല്‍ ചെയറുകളും പ്രത്യേക ടോയ്‌ലറ്റുകളലും ലിഫ്‌ടുകളും ഇരിപ്പിടങ്ങളുമുണ്ട്. എല്ലാ പ്രധാന പാതകളിലും വീല്‍ ചെയര്‍ വഴികളുമുണ്ട്. വിമാനത്താവളങ്ങളില്‍, റെയില്‍വേ സ്‌റ്റേഷനുകളില്‍, ബസ് കേന്ദ്രങ്ങളില്‍, ടാക്‌സി സ്‌റ്റാന്‍ഡുകളില്‍ എല്ലായിടത്തും വീല്‍ ചെയറുകള്‍ വേണമെന്ന് നിര്‍ബന്ധം. മെട്രോ ട്രെയിനുകളിലെ ഓരോ ബെര്‍ത്തിലും ആദ്യ സീറ്റുകള്‍ അവര്‍ക്കായി സംവരണം ചെയ്‌തതാണ്. യാത്രയും മറ്റ് കാര്യങ്ങളുമെല്ലാം ഇവര്‍ക്ക് സൗജന്യവുമാണ്.
മതസംവാദത്തില്‍ അടി പൊട്ടില്ലെന്നുറപ്പായതോടെ വില്ലേജിലേക്കുള്ള യാത്ര തുടര്‍ന്നു. ജമൈക്കന്‍ സംഘം താമസിക്കുന്ന അപ്പാര്‍ട്ട്‌മെന്റിലെത്തിയപ്പോള്‍ അവരുടെ പതാക കൊണ്ട് അവിടെ ആറാട്ട്. ബ്രിട്ടന്‍ കഴിഞ്ഞാല്‍ ഒളിംപിക്‌സ് ആഘോഷമാക്കുന്നത് ജമൈക്കക്കാരാണ്. ഉസൈന്‍ ബോള്‍ട്ട് എന്ന ശക്തനായ താരത്തിന്റെ വിലാസത്തില്‍ അവര്‍ക്ക് നല്ല ഇമേജും. ജമൈക്കന്‍ സംഘത്തലവന്‍ ലൂയീസ് വാക്കറോക്കിയെ കണ്ട് കാര്യം വ്യക്തമാക്കിയപ്പോള്‍ സന്തോഷത്തോടെ അദ്ദേഹം പറഞ്ഞു- ബോള്‍ട്ട് ബിര്‍മിംഗ്‌ഹാമില്‍ പരിശീലനത്തിലാണ്.വൈകീട്ട് 100 മീറ്റര്‍ റിലേ ഹീറ്റ്‌സും നാളെ റിലേ ഫൈനലുമുണ്ട്. വിവാദങ്ങളില്‍ അകപ്പെടുത്തി ഉസൈനെ വേട്ടയാടരുതെന്ന അഭ്യര്‍ത്ഥനയും. ട്രാക്കിലെ അതിവേഗക്കാരന്‍ 200 മീറ്ററിലെ വിജയത്തിന് ശേഷം കാള്‍ ലൂയിസിനെതിരെ നടത്തിയ ചില പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. 2008 ല്‍ ബെയ്‌ജിംഗില്‍ താന്‍ 100 മീറ്റര്‍ സ്വര്‍ണം നേടിയപ്പോള്‍ അതില്‍ ഉത്തേജക സംശയം ലൂയിസ് പ്രകടിപ്പിച്ചിരുന്നെന്നും കഠിനാദ്ധ്വാനത്തെ അംഗീകരിക്കാത്ത അമേരിക്കന്‍ താരത്തോട് ഒരു ബഹുമാനവും തനിക്കില്ലെന്നുമായിരുന്നു ബോള്‍ട്ട് പറഞ്ഞത്. ബോള്‍ട്ട് ഇതിഹാസമായിട്ടില്ലെന്ന് രാജ്യാന്തര ഒളിംപിക് കമ്മിറ്റി പ്രസിഡണ്ട് ജാക്‌് റോഗും ഇതിഹാസമാണെന്ന് ലണ്ടന്‍ ഒളിംപിക്‌സ് സംഘാടക സമിതി ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ കോയുമെല്ലാം പറഞ്ഞതോടെ ഇവിടെ വാര്‍ത്തകളില്‍ നിറയെ ബോള്‍ട്ടാണ്.
ഇന്ത്യയില്‍ നിന്നാണ്, വിവാദങ്ങളില്‍ താല്‍പ്പര്യമില്ല എന്നറിയിച്ചപ്പോള്‍ ലൂയിസ് തന്റെ ഫോണില്‍ ബോള്‍ട്ടിന്റെ കോച്ചുമായി സംസാരിച്ചു. പരിശീലനമായതിനാല്‍ ഫോണിലും ലഭിക്കാന്‍ പ്രയാസമാണെന്ന് പറഞ്ഞ ലൂയിസ് ഒളിംപിക്‌സ് തിരക്ക് കഴിഞ്ഞ് അവസരമുണ്ടാക്കിത്തരാമെന്ന ഉറപ്പും നല്‍കി മടങ്ങുമ്പോഴതാ മുഖപരിചയമുള്ള ഒരാള്‍ എടുത്താല്‍ പൊന്താത്ത ബഗേജുമായി കഷ്ടപ്പെടുന്നു. നമ്മുടെ മയുഖാ ജോണിയാണ്. ജര്‍മനിയില്‍ നിന്ന് നേരിട്ട് ഇങ്ങോട്ട് വന്നതിനാല്‍ കൂറയധികം ലഗേജ് കൈയ്യിലുണ്ട്. അതില്‍ കുറച്ച് ഇവിടെയുള്ള ബന്ധുക്കളെ ഏല്‍പ്പിക്കാന്‍ പുറത്തേക്ക് പോവുകയാണ് മയൂഖ.
No comments:
Post a Comment