Tuesday, August 28, 2012

ഈ പുലിക്ക്‌ തേനും പാലും നല്‍കണം


ചിത്രം

ഒളിംപിക്‌സില്‍ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിളില്‍ വെള്ളി നേടിയ ഇറ്റാലിയന്‍ താരം കാപ്രിയാനിയും (വലത്ത്‌) കമാല്‍ വരദൂരും

ലണ്ടന്‍ ഡയറി-12

ഈ പുലിക്ക്‌ തേനും പാലും നല്‍കണം

7574045050- ഈ ലണ്ടന്‍ നമ്പര്‍ കെ.ടി ഇര്‍ഫാന്റേതാണ്‌. നാട്ടില്‍ നിന്ന്‌ വിളിക്കുമ്പോള്‍ നിങ്ങള്‍ തുടക്കത്തില്‍ 44 ചേര്‍ക്കണം. കുറച്ച്‌ പണം പോയാലും എല്ലാവരും ഒന്ന്‌ വിളിക്കുക. ദിവസവും ഫോണ്‍ സല്ലാപത്തില്‍ കൂറെ പണം കളയുന്നവരാണല്ലോ നമ്മള്‍. ഈ വിളി ഒരു നല്ല കാര്യത്തിനാവട്ടെ...നിങ്ങള്‍ക്ക്‌ ഇര്‍ഫാന്‌ വേണ്ടി ചെയ്യാനാവുന്ന സഹായം ഒരു വിളിയാണ്‌. കാരണം അവന്റെ ഊര്‍ജ്ജം അതാണ്‌. നാട്ടുകാരുടെ പിന്തുണ. ഇന്നലെ ഈ മഹാനഗരത്തില്‍ ഇര്‍ഫാനൊപ്പം 42 പേര്‍ 20 കിലോമീറ്റര്‍ നടന്നു. നല്ല കായബലമുള്ളവര്‍. ഉയരവും തടിമിടുക്കുമായി തോല്‍ക്കാന്‍ മനസ്സില്ലെന്ന്‌ പ്രഖ്യാപിച്ചവര്‍. അവരുടെയെല്ലാം ഊര്‍ജ്ജം നല്ല പ്രോട്ടീനും വൈറ്റമിനും ചേര്‍ന്ന സമീകൃത ഭക്ഷണങ്ങളും അത്യാധുനിക സാങ്കേതികവിദ്യകളുടെ സഹായമുള്ള ഉന്നത പരിശീലനവുമാണെങ്കില്‍ നമ്മുടെ അരീക്കോട്‌ കുനിയില്‍ ഗ്രാമത്തിലെ ചെറുപ്പക്കാരന്റെ ഊര്‍ജ്ജം ജനകീയ പിന്തുണയാണ്‌. ഇന്നലെ അവന്റെ ഫോണിലേക്ക്‌ നിലക്കാത്ത വിളികളായിരുന്നു. ഇര്‍ഫാന്റെ നമ്പര്‍ തേടി ഉത്തരേന്ത്യന്‍ പത്രപ്രവര്‍ത്തകര്‍ പലരും എന്റെ ഫോണിലേക്ക്‌ വിളിച്ചു. എല്ലാവര്‍ക്കും ഇര്‍ഫാന്റെ കഥകള്‍ വേണം. എല്ലാവര്‍ക്കും നമ്പര്‍ നല്‍കിയെന്ന്‌ മാത്രമല്ല മലപ്പുറത്തെയും അരിക്കോട്‌ ഗ്രാമത്തെയും ഇര്‍ഫാനെയും കുറിച്ചുള്ള കഥകള്‍ നല്‍കുകയും ചെയ്‌തു. ഡല്‍ഹിയില്‍ നിന്നുള്ള ഡെയ്‌ലി മിറര്‍ പത്രത്തിന്റെ സ്‌പോര്‍ട്‌സ്‌ എഡിറ്റര്‍ കണ്ണന്‍ ശ്രീനിവാസന്‌ ഇര്‍ഫാന്റെ പഠനകാലവും അവന്‍ വന്ന വഴികളുമറിയണം. ദൂരദര്‍ശന്‍കാര്‍ക്ക്‌ അവന്‍ ഹിന്ദി സംസാരിക്കുമോ എന്നറിയണം. എന്‍.ഡി.ടി.വികാര്‍ക്ക്‌ ഇംഗ്ലീഷ്‌ പറയുമോ എന്ന്‌ അറിയണം. ടൈംസ്‌ നൗവിന്‌ വേണ്ടത്‌ മുഖാമുഖം. അറിയാവുന്ന അരിക്കോടന്‍ വീരഗാഥകളെല്ലാം പറഞ്ഞ്‌ കൊടുത്തപ്പോള്‍ വ്രതക്കാലത്തെ വാചകമടിയുടെ നല്ലക്ഷീണം-അതെ ഇര്‍ഫാന്‍ താരമാവുകയാണ്‌.
രാവിലെ തന്നെ ഞങ്ങളെ കാണാന്‍ ഇര്‍ഫാന്‍ ഒളിംപിക്‌ പാര്‍ക്കില്‍ വന്നു. ചന്ദ്രികയും മലയാള മനോരമയും മാതൃഭൂമിയും മാത്രമാണ്‌ കേരളത്തില്‍ അക്രഡിറ്റേഷനോടെ ഒളിംപിക്‌സ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നവര്‍. ഞങ്ങളെ (അനില്‍ രാധാകൃഷ്‌ണന്‍, പി.ടി ബേബി, ടോണി ഡൊമിനിക്‌-മനോരമ ഫോട്ടോഗ്രാഫര്‍) കണ്ടപ്പോള്‍ ഇര്‍ഫാനും ഒപ്പമുണ്ടായിരുന്ന മയുഖാ ജോണിക്കും ആഹ്ലാദം.
ഇന്ത്യന്‍ ജഴ്‌സിയുമണിഞ്ഞ്‌ സ്വതസിദ്ധമായ ആ ഏറനാടന്‍ പുഞ്ചിരിയുമായി വന്ന പയ്യനെ കണ്ടപ്പോള്‍ മനസ്സ്‌ പറഞ്ഞു ഇവന്‍ നാളെ അരങ്ങ്‌ തകര്‍ക്കും. പ്രായം 22 മാത്രം. കുറഞ്ഞത്‌ മൂന്ന്‌ ഒളിംപിക്‌സില്‍ പങ്കെടുക്കാം. 2016 ല്‍ ബ്രസീലിയന്‍ ആസ്ഥാനമായ റിയോയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ മെഡല്‍ സ്വന്തമാക്കാന്‍ ഈ കാലുകള്‍ക്ക്‌ കരുത്തുണ്ട്‌. കുനിയില്‍ ഗ്രാമത്തിലെ അല്‍അന്‍വര്‍ ഹൈസ്‌ക്കൂളില്‍ പത്ത്‌ വരെ സാധാരണ വിദ്യാഭ്യാസം നേടിയ പയ്യന്‍ മല്‍സരിച്ചത്‌ ലോക മാമാങ്കവേദിയിലാണ്‌. അത്‌ തന്നെ സ്വര്‍ണ തിളക്കമുള്ള നേട്ടം. കീഴുപറമ്പ്‌ ജി.വി.എച്ച്‌.എസ്‌.എസില്‍ നിന്ന്‌ പ്ലസ്‌ ടൂ പൂര്‍ത്തിയാക്കുമ്പോഴും ഇര്‍ഫാനിലെ താരത്തെ ആരും തിരിച്ചറിഞ്ഞിരുന്നില്ല എന്നത്‌ അല്‍ഭുതമാണ്‌. ദേവഗിരി കോളജിലെ ബി.എ ഇക്കണോമിക്‌സ്‌ വിദ്യാര്‍ത്ഥിയാണ്‌ ഇന്ത്യന്‍ സൂപ്പര്‍ താരമാവുന്ന ഇര്‍ഫാനെന്ന്‌ ആ കോളജിലെ അധ്യാപകര്‍ക്കറിയുമോ...? സംശയമാണ്‌. വളരെ പെട്ടെന്നായിരുന്നു എല്ലാമെന്ന്‌ ഇര്‍ഫാന്‍ തന്നെ സാക്ഷ്യപ്പെടുത്തുന്നു. ഒരു സ്‌ക്കൂള്‍ മീറ്റിലോ, ദേശീയ സ്‌ക്കൂള്‍ മീറ്റിലോ പങ്കെടുത്തിട്ടില്ല. 2007 ലെ ദക്ഷിണേന്ത്യന്‍ മീറ്റിലെ റെക്കോര്‍ഡുകാരന്‍ 2010 വരെ ഇവിടെ കേന്ദ്രീകരിച്ചാണ്‌ മല്‍സരിച്ചത്‌. ജീവിതമാര്‍ഗം തേടി 2010 ല്‍ സൈന്യത്തില്‍ ചേര്‍ന്നു. അവിടെ നിന്നാണ്‌ നടത്തം കാര്യമാക്കിയത്‌. ഒളിംപിക്‌സിന്‌ മുമ്പ്‌ ആകെ മല്‍സരിച്ച രാജ്യാന്തര കായികമാമാങ്കം റഷ്യയിലെ ലോകകപ്പ്‌. ആ മല്‍സരം വഴിയാണ്‌ യോഗ്യത നേടിയത്‌. പിന്നെ സായിയിലെ പരിശീലനം, സാമ്പത്തിക ഞെരുക്കത്തിലും മനോധൈര്യം വിടാതെയുള്ള യാത്ര. ഇപ്പോഴിതാ ലോകത്തിലെ സമുന്നതരായ കായിക താരങ്ങള്‍ മാത്രം മാറ്റുരക്കുന്ന വേദിയില്‍.
ഇനി നിങ്ങള്‍ ഒളിംപിക്‌ പാര്‍ക്കിലെ ഈ ചിത്രമൊന്ന്‌ നോക്കുക-നിഷ്‌കളങ്കനായ ഒരു പയ്യന്‍. ഈ നഗരത്തിലെ ആരും പറയില്ല ഇവന്‍ അത്‌ലറ്റാണെന്ന്‌. കാരണം മെലിഞ്ഞ പ്രകൃതം. കാഴ്‌ച്ചയില്‍ ഒരു ഓട്ടക്കാരന്റെ മസില്‍ പവറില്ല. ഇന്നത്തെ ചെറുപ്പക്കാരുടെ ഫാഷനായ കൈയ്യിലും കാലിലുമെല്ലാം വളകളും മൊബൈല്‍ ഫോണും മ്യൂസിക്ക്‌ സിസ്‌റ്റവുമൊന്നുമില്ല. തനി നാടന്‍. നന്നായി ഹിന്ദി സംസാരിക്കുന്നു. ഇംഗ്ലീഷിലും മോശമില്ല.
ചന്ദ്രികയില്‍ ലണ്ടന്‍ കോളിംഗ്‌ എന്ന പരമ്പരയില്‍ ഇര്‍ഫാന്റെ ഇന്ത്യന്‍ ഫോണ്‍ നമ്പരടക്കം നല്‍കിയ കുറിപ്പ്‌ പ്രസിദ്ധീകരിച്ചിരുന്നു. ആ കുറിപ്പിന്‌ ശേഷമാണ്‌ ഇര്‍ഫാന്‌ പിന്തുണയുമായി കൂടുതല്‍ വിളികളെത്തിയതെന്ന്‌ അവന്‍ തന്നെ പറയുന്നു. എല്ലാവരും വിളിക്കുമ്പോള്‍ നമുക്കത്‌ വലിയ ഊര്‍ജ്ജമാണ്‌. ഇന്നലെ നാട്ടില്‍ നിന്നും വീട്ടില്‍ നിന്നുമെല്ലാം വിളികള്‍ വന്നു. എല്ലാവരും അടിച്ചു പൊളിക്കുകയാണ്‌. എനിക്കത്‌ മതി. എന്നെ കൊണ്ട്‌ എല്ലാവര്‍ക്കും നല്‍കാനാവുന്ന സഹായം അതാണല്ലോ. ഇനി ഒരു മെഡല്‍ നേടാന്‍ കഴിയണം. അതിനായി എല്ലാവരുടെയും പ്രാര്‍ത്ഥന വേണം. ഇവിടെ തന്നെ രണ്ട്‌ ഫൗളുകള്‍ വന്നു. അതാണ്‌ പ്രശ്‌നമായത്‌. മൂന്നാമത്തെ ഫൗള്‍ വന്നാല്‍ അയോഗ്യനാക്കപ്പെടുമെന്നറിയുന്നതിനാല്‍ ഫൗള്‍ വരുത്താതിരിക്കാനുള്ള ശ്രദ്ദയില്‍ വേഗത കുറഞ്ഞു. അല്ലെങ്കില്‍ ആദ്യ അഞ്ചില്‍ വരുമായിരുന്നെന്ന്‌ ഇര്‍ഫാന്‍ പറഞ്ഞു. കുറെയധികം സംസാരിച്ച്‌ ഇര്‍ഫാന്‍ മടങ്ങിയശേഷം ഇവിടെയുള്ള നമ്മുടെ കായിക മന്ത്രി കെ.ബി ഗണേഷ്‌ കുമാറിനെ വിളിച്ച്‌ ഈ പയ്യനെ ശ്രദ്ധിക്കണമെന്ന്‌ പറഞ്ഞു. എല്ലാ സഹായവും അദ്ദേഹം വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌.
കേന്ദ്ര സ്‌പോര്‍ട്‌സ്‌ മന്ത്രി അജയ്‌ മാക്കന്‍, ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ വി.കെ മല്‍ഹോത്ര, രാജ്യാന്തര അത്‌ലറ്റിക്‌ അസോസിയേഷന്റെ വൈസ്‌ പ്രസിഡണ്ട്‌ കേണല്‍ രണ്‍ധീര്‍ സിംഗ്‌ തുടങ്ങിയ ഇന്ത്യന്‍ കായിക ഭരണാധികാരികളെയും വിളിച്ച്‌ ഇര്‍ഫാനെ പരിചയപ്പെടുത്തിയിട്ടുണ്ട്‌. മീത്തല്‍ ട്രസ്റ്റ്‌ പോലുള്ള സ്വകാര്യ സംരഭകരുടെ ശ്രദ്ധയിലും ഇര്‍ഫാനെ എത്തിക്കാനുണ്ട്‌. ചെയ്യാവുന്ന സഹായങ്ങളെല്ലാം ചെയ്‌ത്‌ അവനെ വളര്‍ത്തണം. ഇത്‌ വരെ ഒളിംപിക്‌ ട്രാക്കില്‍ നിന്ന്‌ നമുക്കൊരു മെഡല്‍ ലഭിച്ചിട്ടില്ല. ആ കുറവ്‌ നികത്താന്‍ കഴിയും ഈ ഏറനാട്ടുകാരന്‌. മില്‍ഖാസിംഗിന്റെയും പി.ടി ഉഷയുടെയും ശ്രീറാമിന്റെയും ഗുര്‍ബച്ചന്‍ സിംഗ്‌ രണ്‍ധാവയുടെയും അഞ്‌ജു ബോബി ജോര്‍ജ്ജിന്റെയുമെല്ലാം ഫൈനല്‍ ബെര്‍ത്തുകളാണ്‌ ട്രാക്കിലെ നമ്മുടെ ഇത്‌ വരെയുള്ള നേട്ടം. അത്‌ മാറ്റണം.
ആദ്യ ഒളിംപിക്‌സില്‍ തന്നെ പത്താം സ്ഥാനം നേടിയവന്‍. ദേശീയ റെക്കോര്‍ഡ്‌ ഒളിംപിക്‌ വേദിയില്‍ കുറിച്ചവന്‍. 20 കിലോമീറ്റര്‍ നടന്ന ശേഷം എല്ലാവരും തളര്‍ന്നു പോയപ്പോള്‍ അടുത്ത മിനുട്ടില്‍ തന്നെ ചിരിച്ച്‌ കളിച്ച്‌ ഫോണില്‍ എല്ലാവരോടും സംസാരിച്ചവന്‍, കൈവന്നിരിക്കുന്ന താര പരിവേഷത്തില്‍ മതി മറക്കാതെ, വന്ന വഴികളെ ബഹുമാനിക്കുന്നവന്‍- ഈ സൈനികന്‍ പുലിയാണ്‌.... പുപ്പുലി...! ഇവനെ നമ്മള്‍ കൈവിടരുത്‌. തേനും പാലും നല്‍കി പൊന്നു പോലെ വളര്‍ത്തണം.

No comments: