Friday, August 24, 2012

കടലാസിലെ കാര്യവും നമ്മുടെ താന്തോന്നിത്തങ്ങളും


ചിത്രം
കെ.ടി ഇര്‍ഫാനും കമാല്‍ വരദൂരും മയുഖാ ജോണിയും ഒളിംപിക്‌ വില്ലേജില്‍

ലണ്ടന്‍ ഡയറി-8

കടലാസിലെ കാര്യവും നമ്മുടെ താന്തോന്നിത്തങ്ങളും

ആദ്യം ഈ ചിത്രമൊന്ന്‌ നോക്കുക..... എന്തെങ്കിലും മനസ്സിലാവുന്നുണ്ടോ..? ഇല്ലെങ്കില്‍ പറയാം-ലണ്ടനില്‍ ഒന്നിനും രണ്ടിനും പോവാനുള്ള സ്ഥലമാണിത്‌....! വഴി നീളെ ഈ ഡിസ്‌പോസിബിള്‍ ടോയ്‌ലറ്റുകളുണ്ട്‌. ഒരു മടിയുമില്ലാതെ എല്ലാവരും എളുപ്പത്തില്‍ ഉപയോഗിക്കുന്നു. പക്ഷേ നമ്മളെങ്ങാനും അതിനുള്ളില്‍ കയറിയാല്‍ വിവരമറിയും. കാരണം വെള്ളത്തിന്റെ ഉപയോഗം കുറവാണ്‌. സര്‍വം കടലാസ്‌ മയം. ഒന്നിനാണെങ്കിലും രണ്ടിനാണെങ്കിലും കടലാസ്‌ സേവയില്‍ നിങ്ങള്‍ മിടുക്കനാണോ അതിവേഗം കാര്യങ്ങള്‍ പൂര്‍ത്തിയാക്കാം. വെള്ളമുള്ള ടോയ്‌ലറ്റുകള്‍ പ്രത്യേകം മാര്‍ക്ക്‌ ചെയ്‌തിട്ടുണ്ട്‌. അവ ഉപയോഗിക്കാനാവട്ടെ വലിയ തിരക്കുമില്ല. യൂറോപ്പിലെത്തിയാല്‍ ഇന്ത്യക്കാര്‍ പ്രത്യേകിച്ച്‌ മലയാളികള്‍ അനുഭവിക്കുന്ന വലിയ പീഡനം ടോയ്‌ലറ്റ്‌ ഉപയോഗം തന്നെയാണ്‌. ഇവിടെ നിങ്ങള്‍ക്ക്‌ ബക്കറ്റും പൈപ്പും ഒന്നും കാണാന്‍ തന്നെ കിട്ടില്ല. നല്ല പേപ്പര്‍ റോളുകളുണ്ടാവും. അതാണ്‌ പ്രധാന ശുദ്ധീകരണായുധം.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്‌ 205 രാജ്യങ്ങള്‍. മല്‍സരിക്കുന്ന താരങ്ങളുടെ എണ്ണം 10,500. മല്‍സരഫലങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകരുടെ എണ്ണം 20,000. വോളണ്ടിയര്‍മാരും സാങ്കേതിക വിദഗ്‌ദ്ധരും പൊലീസും പട്ടാളവും സെക്യൂരിറ്റി ഉദ്യോഗസ്ഥരും സഹായികളുമെല്ലാമായി രണ്ട്‌ ലക്ഷം പേര്‍. ഒളിംപിക്‌സ്‌ ടിക്കറ്റ്‌ സ്വന്തമാക്കിയ പതിനൊന്ന്‌ ദശലക്ഷം കാണികള്‍, സ്‌പോണ്‍സര്‍മാരും വ്യവസായ ഗ്രൂപ്പുകളുമായി കാല്‍ ലക്ഷം പേര്‍, ഇവരെല്ലാം ഉപേക്ഷിക്കുന്ന മാലിന്യങ്ങള്‍, അതിന്‌ പുറമെ ഇവര്‍ക്കെല്ലാവര്‍ക്കുമായി വിളമ്പുന്ന ഭക്ഷണത്തില്‍ നിന്നുള്ള വേസ്റ്റുകള്‍. ഒരു ദിവസം കൊണ്ട്‌ ലണ്ടന്‍ നഗരം മുഴുവന്‍ മാലിന്യക്കൂമ്പാരമായി മാറാനുള്ള അപകടകരമായ അവസ്ഥയെ വിജയകരമായി തരണം ചെയ്യുന്ന ഒരു ലക്ഷത്തോളം മാലിന്യ സംസ്‌ക്കരണ വോളണ്ടിയര്‍മാര്‍. അവരെക്കുറിച്ചാണ്‌ ഇന്നത്തെ ഡയറിക്കുറിപ്പ്‌.
ചിലരുടെ ജോലിയും സേവനവും നമ്മളാരും കാണില്ല. നിശബ്ദമായി സേവനം നടത്തുന്നവര്‍. മാധ്യമങ്ങളില്‍ അവരുടെ ചിത്രങ്ങളോ വാര്‍ത്തകളോ വരാറില്ല. പ്രഭാതം മുതല്‍ പ്രദോഷം വരെ സ്വന്തം ജോലിയില്‍ വ്യാപൃതരായി കഴിയുന്നവര്‍. അവരില്‍ ഒരാളാണ്‌ മിക്കായോ സുനിയാവോ എന്ന ഫിലിപ്പൈനി. ഇന്നലെ ഹോക്കി സ്‌റ്റേഡിയത്തിലേക്ക്‌ പോകവെയാണ്‌ ഡിസ്‌പോസിബിള്‍ ടോയ്‌ലറ്റ്‌ ബ്ലോക്കിനരികില്‍ ഊര്‍ജസ്വലനായി നില്‍ക്കുന്ന യുവാവിനെ കണ്ടത്‌. ഒളിംപിക്‌സിന്റെ ഭാഗമായി മൊത്തം 362 ടോയ്‌ലറ്റ്‌ ബ്ലോക്കുകളാണ്‌ നഗരപ്രാന്തത്തില്‍ സ്ഥാപിച്ചിരിക്കുന്നത്‌. എല്ലാ ബ്ലോക്കുകള്‍ക്ക്‌ മുന്നിലും വ്യക്തമായ ഇംഗ്ലീഷില്‍ അത്‌ ഉപയോഗിക്കേണ്ട വിധവും എഴുതിയിട്ടുണ്ട്‌. പക്ഷേ മുട്ടുന്നവന്‌ വായിക്കാന്‍ സമയമില്ലല്ലോ... അവന്‍ ഓടിക്കയറും. ടോയ്‌ലറ്റ്‌ വൃത്തികേടാക്കും. അത്‌ വൃത്തിയാക്കേണ്ട ജോലിയാണ്‌ ഫിലിപ്പൈനിക്ക്‌. രാവിലെ തുടങ്ങിയതാണ്‌ അദ്ദേഹം ജോലി. ഒരു ടോയ്‌ലറ്റ്‌ ബ്ലോക്കില്‍ 25 ടോയ്‌ലറ്റുകള്‍. ഒരേ സമയം ഇതെല്ലാം വൃത്തിയാക്കണം. സംസാരിക്കാനൊന്നും അദ്ദേഹത്തിന്‌ സമയമുണ്ടായിരുന്നില്ല. പക്ഷേ ഇടക്ക്‌ മഴ പെയ്‌തപ്പോള്‍ കുടയില്ലാത്തതിനാല്‍ ഞാന്‍ ഓടിക്കയറിയത്‌ അവന്റെ പ്ലാസ്റ്റിക്‌ കുടക്ക്‌ കീഴിലാണ്‌. അപ്പോഴാണ്‌ സംസാരിക്കാന്‍ പറ്റിയത്‌. ഒറ്റനോട്ടത്തില്‍ സുന്ദരനും സുമുഖനുമായ ചെറുപ്പക്കാരന്‍. നമ്മുടെ നാട്ടില്‍ തോട്ടിയെ കണ്ടാല്‍ എളുപ്പത്തില്‍ തിരിച്ചറിയാമല്ലോ. ഇവനെ കണ്ടാല്‍ അങ്ങനെ തോന്നുകയേ ഇല്ല. അടിപൊളി ജീന്‍സും ടീ ഷര്‍ട്ടും ഷൂവും പിന്നെ കൂളിംഗ്‌ ഗ്ലാസും. അല്ലെങ്കിലും ഫിലിപ്പൈനികള്‍ അങ്ങനെയാണ്‌. ഏത്‌ ജോലി ചെയ്യുകയാണെങ്കിലും സ്വന്തം വസ്‌ത്രധാരണത്തില്‍ പിറകോട്ട്‌ പോവില്ല. തോട്ടിപ്പണിയാണെങ്കിലും അതിന്റെ നിരാശയൊന്നും മുഖത്തില്ല. ചെയ്യുന്ന ജോലിയാണ്‌ വലുത്‌ എന്ന്‌ ഉറക്കെ പ്രഖ്യാപിക്കുന്നു പയ്യന്‍സ്‌. അത്യാവശ്യ വിദ്യാഭ്യാസം മാത്രമാണുള്ളത്‌. നാട്ടിലെ ദാരിദ്ര്യത്തില്‍ ജോലി തേടി ഇവിടെ എത്തിയതാണ്‌. ചെറിയ ശമ്പളം മാത്രം. പക്ഷേ ആത്മസംതൃപ്‌തിയോടെയാണ്‌ സംസാരം. പതിനാല്‌ മണിക്കൂറോളം ജോലി ചെയ്‌താല്‍ പത്ത്‌ മണിക്കൂര്‍ വിശ്രമം.
ഇന്ത്യക്കാരാണ്‌ തനിക്ക്‌ ഏറെ പണി നല്‍കുന്നതെന്നാണ്‌ മിക്കായോ പറയുന്നത്‌. കാരണം അവര്‍ക്ക്‌ ഡിസ്‌പോസിബിള്‍ ടോയ്‌ലറ്റുകള്‍ ഉപയോഗിക്കാന്‍ അറിയില്ല. ചിലര്‍ ക്ലോസറ്റ്‌ തന്നെ ഉപയോഗിക്കാതെ പുറത്ത്‌ തന്നെ മലമൂത്ര വിസര്‍ജ്ജനം നടത്തുമത്രെ.... വെള്ളം ഉപയോഗിക്കുന്ന കാര്യത്തില്‍ ശ്രദ്ധയില്ലാത്തവര്‍, ടോയ്‌ലറ്റ്‌ ക്ലീന്‍ ചെയ്യുന്ന കാര്യത്തില്‍ ശ്രദ്ധിക്കാത്തവര്‍, കടലാസുകള്‍ ക്ലോസറ്റിലേക്ക്‌ വലിച്ചെറിയുന്നവര്‍ എല്ലാം ഇന്ത്യക്കാരാണെന്ന്‌ അവന്‍ പറയുന്നു. വെറുതെ രോഷാകുലരാവുന്നതിലും ഇന്ത്യക്കാരാണ്‌ മുന്നിലെന്ന്‌ മിക്കായോ പറഞ്ഞപ്പോള്‍ വലിയ ജാള്യത തോന്നി. ഗുഡ്‌മോര്‍ണിംഗ്‌ പറഞ്ഞാല്‍ പ്രതികരിക്കാന്‍ പോലും തയ്യാറാത്തവരായി നമ്മള്‍ എങ്ങനെ ഇങ്ങനെ മാറുന്നു...?
മിക്കായോയില്‍ നിന്ന്‌ മാലിന്യസംസ്‌കരണ രീതി മനസ്സിലാക്കിയപ്പോള്‍ ഒരിക്കല്‍കൂടി ഇതാ ഈ ഇംഗ്ലീഷുകാര്‍ക്ക്‌ ഫുള്‍മാര്‍ക്ക്‌ നല്‍കുന്നു. റിസൈക്കിള്‍ബിന്‍, നോണ്‍റിസൈക്കിള്‍ ബിന്‍, പേപ്പര്‍ വേസ്റ്റ്‌ എന്നിങ്ങനെ മൂന്ന്‌ ഗ്രൂപ്പുകളിലായാണ്‌ മാലിന്യനിക്ഷേപത്തിന്‌ നിര്‍ദ്ദേശം. അത്‌ പാലിക്കപ്പെട്ടാല്‍ പ്രശ്‌നങ്ങളൊന്നുമില്ല. പ്രത്യേക വാഹനമെത്തി ഓരോന്നും ശേഖരിക്കും. എന്നിട്ട്‌ അത്‌ ഡിസ്‌പോസിബിള്‍ കേന്ദ്രത്തില്‍ നിക്ഷേപിക്കും. അവിടെ നിന്ന്‌ അതിവേഗം ശാസ്‌ത്രീയമായ സംസ്‌കരണ പ്രക്രിയയിലുടെ എല്ലാ മാലിന്യങ്ങളും വീണ്ടും ഉപയോഗ വസ്‌തുക്കളായി മാറും. വെള്ളത്തിന്‌ ഇവിടെ വലിയ ക്ഷാമമില്ല. പക്ഷേ വെള്ളത്തിന്റെ ഉപയോഗത്തില്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശമുണ്ട്‌. അശുദ്ധജലം വെറുതെ കളയാതെ അതിലും റിസൈക്‌ളിംഗ്‌ നടത്തുന്നു. എന്നിട്ട്‌ അവ വീണ്ടും ശുദ്ധീകരിച്ച്‌ ടോയ്‌ലറ്റ്‌ ഉപയോഗത്തിന്‌ വരുന്നു. നിങ്ങള്‍ ചെയ്യേണ്ടത്‌ ഒന്ന്‌ മാത്രം-ടോയ്‌ലറ്റിന്‌ മുന്നില്‍ എഴുതിയിരിക്കുന്ന കാര്യങ്ങള്‍ വായിച്ച്‌ കാര്യം സാധിച്ചാല്‍ മതി.
വായിക്കാന്‍ തയ്യാറാവാത്തവര്‍ ആരാണ്‌...? നിയമങ്ങളെ പാലിക്കാന്‍ മടിയുള്ളവര്‍ ആരാണ്‌...? സ്വന്തം കാര്യം സിന്ദാബാദ്‌ മുദ്രാവാക്യത്തിന്റെ വക്താക്കള്‍ ആരാണ്‌...? ഞാനും എന്റെ ലോകവും എന്ന്‌ ചിന്തിക്കുന്നവര്‍ ആരാണ്‌...? ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നിങ്ങള്‍ക്ക്‌ തന്നെ അറിയില്ലേ. അത്‌ കൊണ്ട്‌ എഴുതുന്നില്ല. നമ്മള്‍ നമ്മുടെ വില മാത്രമല്ല രാജ്യത്തിന്റെ സല്‍പ്പേരും കളയുന്നവരാവുമ്പോള്‍ മിക്കായോ എത്ര വലിയവന്‍....!


No comments: