Monday, August 27, 2012

സുഹൃത്തുക്കളെ, ഈ ഇഛാശക്തിയെ നമിക്കുക


ചിത്രം

ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ സെക്രട്ടറി
ജനറല്‍ രണ്‍ധീര്‍ സിംഗും കമാല്‍ വരദൂരും

ലണ്ടന്‍ ഡയറി-11

സുഹൃത്തുക്കളെ, ഈ ഇഛാശക്തിയെ നമിക്കുക

തോല്‍ക്കാന്‍ മനസ്സില്ലാത്ത ഒരു യുവാവിനെയും മടിയന്മാരായ ഒരു തലമുറയെയും ഇന്നത്തെ ഡയറിക്കുറിപ്പില്‍ പരിചയപ്പെടുത്താം. ഒരു രാത്രിയും പകലുമായി കണ്ട രണ്ട്‌ കാഴ്‌ച്ചകള്‍. രാത്രിയിലെ കാഴ്‌ച്ച വേദനിപ്പിച്ചെങ്കില്‍ പകലിന്റെ ദൃശ്യം അമ്പരിപ്പിക്കുന്നതും അല്‍ഭുതകരവുമായിരുന്നു.
ആദ്യം രാത്രിക്കാഴ്‌ച്ച: വെള്ളിയാഴ്‌ച്ച രാത്രിയെന്നാല്‍ ഇംഗ്ലീഷുകാര്‍ക്ക്‌ അടിച്ചുപൊളിയാണ്‌. കഴിഞ്ഞ ദിവസം രാത്രിയാണ്‌ അതിഭീകരമായി ആഘോഷപൊടിപൂരം നേരില്‍ കണ്ടത്‌. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ നിന്ന്‌ ഇന്ത്യന്‍ ഡിസ്‌ക്കസ്‌ ത്രോ താരം കൃഷ്‌ണ പൂനിയയുടെ മല്‍സരം കണ്ടിറങ്ങുമ്പോള്‍ വൈകിയിരുന്നു. ഇവിടെ സൂര്യന്‍ അഞ്ച്‌ മണിക്കൂര്‍ മാത്രം വിശ്രമിക്കുന്നതിനാല്‍ വൈകിയാലും ഇരുട്ടിന്റെ പ്രശ്‌നമധികമില്ല. എല്ലായ്‌പ്പോഴും പകല്‍ വെളിച്ചം പോലെ സുന്ദരം. എപ്പോഴും പ്രകാശിക്കുന്ന വഴി വിളക്കുകള്‍ വേറെയും. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ നിന്നും സ്റ്റാഫോര്‍ഡ്‌ സിറ്റിയിലൂടെ വേണം മെട്രോ സ്‌റ്റേഷനിലെത്താന്‍. സിറ്റിയില്‍ നിറയെ ബാറുകളും പബ്ബുകളും ഹോട്ടലുകളും മാളുകളുമാണ്‌. ബാറുകള്‍ക്ക്‌ മുന്നില്‍ യുവതയുടെ മഹാസമ്മേളനങ്ങളാണ്‌. ആണ്‍-പെണ്‍ വിത്യാസമില്ലാതെ ചുണ്ടില്‍ സിഗരറ്റിന്റെ പുകയുമായി എല്ലാവരും ലഹരിയുടെ താഴ്‌വാരത്തില്‍. രാത്രി വൈകും വരെ രണ്ട്‌ ദിവസത്തെ അവധി ആഘോഷിക്കാനുള്ള പൂരമാണ്‌. ശനിയും ഞായറും അവധി ദിവസങ്ങളായതിനാലാണ്‌ വെള്ളിയാഴ്‌ച്ച രാത്രിയെ ഇവര്‍ ഉല്‍സവമാക്കി മാറ്റുന്നത്‌. ഇവിടെ കടകള്‍ അടക്കന്‍ നിശ്ചിത സമയമൊന്നുമില്ല. സാധാരണ ഗതിയില്‍ ഏഴ്‌ മണിക്ക്‌ കടകള്‍ അടക്കാറുണ്ട്‌. എന്നാല്‍ വെള്ളിയാഴ്‌ച്ച എന്ന്‌ പറയുമ്പോള്‍ അത്‌ തിരക്കുള്ള രാത്രിയാണ്‌. എല്ലാവരും ചിലപ്പോള്‍ പുലരും വരെ തുറന്നിരിക്കും. ഒളിംപിക്‌സ്‌ സമയമായതിനാല്‍ മറ്റ്‌ കച്ചവടങ്ങള്‍ കുറവാണെങ്കിലും ലഹരി നുരയുന്ന തെരുവോരങ്ങളില്‍ യുവത സ്വയം മറന്നുളള ലീലാവിലാസങ്ങളില്‍ വ്യാപൃതരാവുന്നു.
എന്തിനിങ്ങനെ നീ കുടിച്ച്‌ മറിയുന്നു മകനെ എന്ന്‌ പറഞ്ഞ്‌ ഒരു ഉപദേശി പരിവേഷത്തില്‍ അരികിലേക്ക്‌ പോവാന്‍ ആരും ധൈര്യപെടില്ല. കാരണം ഈ നാട്ടില്‍ പതിനെട്ടിന്‌ താഴെ പ്രായമുള്ളവര്‍ക്കും യുവതക്കും വലിയ അവകാശങ്ങളുണ്ട്‌. ബ്രിട്ടിഷുകാര്‍ അണ്ടര്‍ എയ്‌ജ്‌ എന്ന്‌ വിളിക്കുന്ന കുട്ടികളാണ്‌ ആഘോഷങ്ങള്‍ക്ക്‌ മുന്നില്‍. നമ്മുടെ നാട്ടില്‍ നിന്നുള്ളവരെന്ന്‌ തോന്നിക്കുന്നവരും ചില സംഘത്തില്‍ കണ്ടു. ഒഴുക്കിനൊപ്പം നീന്തുക എന്നതാണല്ലോ ശൈലി. കുട്ടികള്‍ക്ക്‌ ഇവിടെ വിദ്യാഭ്യാസം മുതല്‍ എല്ലാം സൗജന്യമാണ്‌, ചികില്‍സക്ക്‌ പണം വേണ്ട, യാത്രക്ക്‌ പണം വേണ്ട, അവരെ ശിക്ഷിക്കാനും പീഡിപ്പിക്കാനും പോലീസുകാര്‍ക്ക്‌ പോലും അധികാരമില്ല. ജനസംഖ്യ കുറഞ്ഞ രാജ്യമായതിനാല്‍ എല്ലാ കുടുംബങ്ങള്‍ക്കും ഒരു മാസം നിശ്ചിത ജീവിത ചെലവ്‌ സര്‍ക്കാര്‍ നല്‍കുന്നുണ്ട്‌. സെക്കന്‍ഡറി വിദ്യാഭ്യാസം വരെ പഠനം പൂര്‍ണ സൗജന്യവുമാണ്‌. വര്‍ദ്ധിതമായി ലഭിക്കുന്ന ആനുകൂല്യങ്ങളില്‍ കുട്ടികള്‍ മടിയന്മാരാവുന്നു, വഴി തെറ്റുന്നു, ഉത്തരവാദിത്ത്വ ബോധമില്ലാത്തവരായി മാറുന്നു തുടങ്ങിയ പ്രശ്‌നങ്ങളെല്ലാമുണ്ട്‌. കുട്ടികളെല്ലാം കാണാന്‍ വെളുത്ത സുന്ദര കൂട്ടപ്പന്മാരാണ്‌. നമ്മുടെ വി.എസിന്റെ ഭാഷ കടമെടുത്താല്‍ അമൂല്‍ ബേബിമാര്‍. കൈയിലിരിപ്പാണ്‌ പ്രശ്‌നം. തോക്കും കത്തിയുമെല്ലാമായി നടക്കുന്നവരുടെ എണ്ണം കൂടുതലാണ്‌.
ഇനി യുവതിലേക്ക്‌ വരാം. സമ്പാദ്യ ജീവിതത്തിലൊന്നും ഇവര്‍ക്ക്‌ താല്‍പ്പര്യമില്ല. ആഴ്‌ച്ചയില്‍ അഞ്ച്‌ ദിവസം ജോലിയെടുക്കും. ശബളമെല്ലാം വെള്ളിയാഴ്‌ച്ചയോടെ അടിച്ചുകലക്കും. കുടുംബ ജീവിതമെന്നാല്‍ അതൊക്കെ പരമ്പരാഗത വിശ്വാസമാണെന്നാണ്‌ ഇവരെല്ലാം പറയുന്നത്‌. നാല്‍പ്പത്‌ വയസ്‌ കഴിഞ്ഞാല്‍ മാത്രമാണ്‌ പലരും കുടുംബ ജീവിതത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്‌ . വിവാഹത്തിന്‌ മുമ്പ്‌ തന്നെ പാര്‍ട്ട്‌ണര്‍ ജീവിതവും ഇവിടെ പ്രചാരത്തിലുണ്ട്‌. ചിലപ്പോള്‍ ഒന്നും രണ്ടും കുട്ടികളായാലാണ്‌ വിവാഹം തന്നെ നടക്കുന്നത്‌. പക്ഷേ ഒന്നുണ്ട്‌ കെട്ടോ-എത്ര കുടിച്ചാലും ഇവന്മാര്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നില്ല. നമ്മുടെ നാട്ടിലേത്‌ പോലെ ഒന്ന്‌ വീശിയാല്‍ നല്ല ഫോമിലായി മറ്റുള്ളവരെ ദ്രോഹിക്കാറില്ല.
ഇനി പകല്‍ കാഴ്‌ച്ച; മടിയന്മാരായ ബ്രിട്ടിഷ്‌ യുവതക്ക്‌ മുന്നിലേക്കിതാ ഒരു കായിക താരത്തെ അവതരിപ്പിക്കുന്നു-ഇന്നലെ ഒളിംപിക്‌ സ്‌റ്റേഡിയത്തില്‍ രാവിലെ പോയപ്പോള്‍ കണ്ട കാഴ്‌ച്ചയിലെ നായകനായ ഈ താരത്തെ വിസ്‌മയം എന്ന വാക്കിലൊതുക്കാനാവില്ല. അല്‍ഭുതമാണ്‌. വിക്ടോറിയസ്‌ പിസാരസ്‌ എന്ന ദക്ഷിണാഫ്രിക്കന്‍ 400 മീറ്റര്‍ ഓട്ടക്കാരന്‍. രണ്ട്‌ കാലുകളുമില്ലാത്ത താരം. കൃത്യമ കാലുകളുമായി അദ്ദേഹം ഹീറ്റ്‌സില്‍ അരങ്ങ്‌ തകര്‍ത്തു. 45.44 സെക്കന്‍ഡില്‍ തന്റെ ഹീറ്റ്‌സില്‍ രണ്ടാമനായി സെമി ബെര്‍ത്ത്‌ നേടിയപ്പോള്‍ അധികമാളുകളില്ലാതിരുന്ന ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഞങ്ങളെല്ലാം എഴുന്നേറ്റ്‌ നിന്ന്‌ അദ്ദേഹത്തെ ആദരിച്ചു.
ഈ ചെറുപ്പക്കാരന്റെ മാനസികോര്‍ജ്ജത്തെ എന്ത്‌ പറഞ്ഞാണ്‌ വിശേഷിപ്പിക്കേണ്ടത്‌...? ഒളിംപിക്‌സ്‌ പോല അത്യുന്നത നിലവാരത്തില്‍ മല്‍സരം നടക്കുന്ന വേദിയിലേക്ക്‌ കാലുകളില്ലാതെ വന്ന്‌ എതിരാളികളെ നിഷ്‌പ്രഭമാക്കി മുന്നേറിയ ആഫ്രിക്കന്‍ താരം തെളിയിച്ചത്‌ അസാധ്യമായി ഒന്നുമില്ലെന്നാണ്‌. ട്രാക്കില്‍ അമേരിക്ക, കരിബീയന്‍ ദ്വീപസമുഹങ്ങളിലെ കരുത്തരായ താരങ്ങള്‍ കുതിക്കുമ്പോഴാണ്‌ എല്ലാ ക്യാമറകളെയും കാണികളെയും തന്നിലേക്ക്‌ ആകര്‍ഷിച്ച്‌ പിസാരിയസ്‌ രണ്ടാമനായി ഫിനിഷ്‌ ചെയ്‌തത്‌. മല്‍സരത്തിന്‌ ശേഷം അദ്ദേഹത്തോട്‌ സംസാരിച്ചപ്പോള്‍ അതിലേറെ അല്‍ഭുതം തോന്നി. അംഗവൈകല്യമുള്ളവര്‍ക്കായി നടത്തുന്ന മല്‍സരങ്ങളില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമില്ലെന്നും ഇവിടെ ഒരു മെഡല്‍ സ്വന്തമാക്കി ലോകത്തിന്‌ മുന്നില്‍ വൈകല്യമുള്ളവരുടെ പ്രതിനിധിയായി തല ഉയര്‍ത്തി നില്‍ക്കാനാണ്‌ മോഹമെന്നും നല്ല ഇംഗ്ലീഷില്‍ അദ്ദേഹം പറഞ്ഞു.
എല്ലാവരും ഉസൈന്‍ ബോള്‍ട്ടിനും യോഹാന്‍ ബ്ലേക്കിനും പിറകെ സഞ്ചരിക്കുമ്പോള്‍ ഈ മാതൃകാതാരത്തിന്‌ പിറകെ ആരുമില്ല. ബി.ബി.സി പോലും ഇടക്ക്‌ മറന്നു പിസാരിയസിനെ. രണ്ട്‌ കണ്ണിനും കാഴ്‌ച്ച ശക്തി നഷ്‌ടമായിട്ടും ഇഛാശക്തിയില്‍ ഉയരങ്ങള്‍ കീഴടക്കുന്ന ഡല്‍ഹി നെഹ്‌റു സര്‍വകലാശാലയിലെ അസിസ്റ്റന്‍ഡ്‌ പ്രൊഫസറായ സുഹൃത്ത്‌ നവാസിനെയാണ്‌ ഓര്‍മ വന്നത്‌. ഈയിടെ കോഴിക്കോട്ട്‌ വെച്ച്‌ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ അന്ധന്മാരുടെ ദേശീയ ക്രിക്കറ്റ്‌ മല്‍സരം നടന്നിരുന്നു. ഇന്ത്യന്‍ ടീമിനെ അണിനിരത്തിയാണ്‌ അദ്ദേഹം ക്രിക്കറ്റിനോടുള്ള താല്‍പ്പര്യത്തിനൊപ്പം തങ്ങള്‍ ആര്‍ക്കും പിറകില്ലല്ലെന്നും തെളിയിച്ചത്‌.
ഇംഗ്ലീഷ്‌ യുവത്വം പ്രാപഞ്ചിക സുഖസൗകര്യങ്ങളില്‍ സ്വയം മറക്കുമ്പോള്‍ ജീവിതത്തോട്‌ തോല്‍ക്കാന്‍ തയ്യാറാവാത്ത പിസാറസ്‌. യാഥാര്‍ത്ഥ്യങ്ങളുടെ രണ്ട്‌ കോണില്‍ ജീവിതത്തിന്റെ സത്യമുഖങ്ങളില്‍ നമ്മളും ചിന്തിക്കേണ്ടിയിരിക്കുന്നു. വില കൂടിയ മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ആഡംബര വാഹനവുമായാല്‍ ജീവിതം പൂര്‍ണമാവുന്നില്ല- ഇഛാശക്തി വേണം ജീവിതപൂര്‍ണതക്ക്‌....

No comments: