Thursday, August 30, 2012

അമ്പമ്പോ....! മഹാല്‍ഭുതമാണിവന്‍


ചിത്രം
ലോക പ്രശസ്‌തമായ വെംബ്ലിയിലെ ഫുട്‌ബോള്‍ സ്‌റ്റേഡിയത്തിന്‌ മുന്നില്‍ കമാല്‍ വരദൂര്‍

ലണ്ടന്‍ ഡയറി

അമ്പമ്പോ....! മഹാല്‍ഭുതമാണിവന്‍

എന്റമ്മോ....! ഇങ്ങനെയൊരനുഭവം ഇതിന്‌ മുമ്പില്ല കെട്ടോ..... ശരിക്കുമറിഞ്ഞു ആരാണ്‌ ഉസൈന്‍ ബോള്‍ട്ടെന്ന്‌. എന്തൊരു കരുത്തന്‍, എന്തൊരു വേഗം. എത്രയോ രാജ്യാന്തര മേളകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ഇത്‌ പോലെ ഒരു ആവേശവും പിന്തുണയും ആഘോഷവും കണ്ടിരുന്നില്ല. നിറഞ്ഞ ഗ്യാലറികളുടെ പ്രകമ്പനത്തില്‍, ഒപ്പത്തിനൊപ്പമുള്ള മല്‍സരാര്‍ത്ഥികളുടെ വീറിലും വാശിയിലും മാനറിസങ്ങളിലും ശരിക്കുമൊരു യുദ്ധമായിരുന്നു അത്‌. ഒളിംപിക്‌ സ്റ്റേഡിയത്തിലെ സൂപ്പര്‍ സണ്‍ഡേ ദൃശ്യങ്ങള്‍ നിങ്ങളെല്ലാം ടെലിവിഷനില്‍ കണ്ടിരിക്കും. ക്യാമറകള്‍ കാണാത്ത അണിയറ കാഴ്‌ച്ചകളിലേക്കാണ്‌ ഇന്ന്‌ നിങ്ങളെ ക്ഷണിക്കുന്നത്‌.
ഇവിടെ രാത്രി 9-50 നായിരുന്നു 100 മീറ്റര്‍ ഫൈനല്‍. ആ ഒരു സമയം തെരഞ്ഞെടുത്തതിന്‌ പിറകില്‍ അമേരിക്കന്‍ ഇടപെടലായിരുന്നു. യു.എസ്‌ ചാനലായ എന്‍.ബി.സി പതിനായിരത്തോളം കോടി മുടക്കിയാണ്‌ സ്വന്തം നാട്ടില്‍ ഒളിംപിക്‌സ്‌ സംപ്രേഷണം ചെയ്യുന്നത്‌. ഉദ്‌ഘാടന, സമാപന പരിപാടികളും 100 മീറ്റര്‍ ഫൈനലും തങ്ങളുടെ കാണികള്‍ക്ക്‌ സൗകര്യപ്രദമായ തരത്തില്‍ വേണമെന്ന ലോക പോലീസ്‌ നിലപാടിനെ സംഘാടകര്‍ അംഗീകരിച്ചപ്പോള്‍ നമ്മള്‍ പാവപ്പെട്ട ഇന്ത്യക്കാരെല്ലാമാണ്‌ പുലര്‍ച്ചെ വരെ കാത്തിരിക്കേണ്ടി വന്നത്‌. 2000 മാധ്യമ പ്രവര്‍ത്തകര്‍ക്കാണ്‌ ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഇരിപ്പിടം. പതിനായിരത്തോളം പത്രലേഖകര്‍ 205 രാജ്യങ്ങളില്‍ നിന്നായി ഇവിടെയുള്ളതിനാല്‍ നേരത്തെ പോയില്ലെങ്കില്‍ സീറ്റുണ്ടാവില്ലെന്ന്‌ മനസ്സിലാക്കി ഞങ്ങള്‍ മൂന്ന്‌ മലയാളികളും (മാതൃഭൂമിയുടെ പി.ടി ബേബി, മലയാള മനോരമയുടെ അനില്‍ രാധാകൃഷ്‌ണന്‍) വൈകീട്ട്‌ നാല്‌ മണിക്ക്‌ തന്നെ സ്‌റ്റേഡിയത്തിലെത്തി. അപ്പോള്‍ തന്നെ ഗ്യാലറികള്‍ നിറയുന്നുണ്ടായിരുന്നു. കേവലം പത്ത്‌ സെക്കന്‍ഡ്‌ മാത്രം നിലനില്‍ക്കുന്ന പോരാട്ടം കാണാനാണ്‌ ആറ്‌ മണിക്കൂര്‍ മുമ്പെ എത്തിയതെന്നോര്‍ക്കണം. ആ പോരാട്ടത്തിന്‌ മുമ്പ്‌ നിരവധി ഹീറ്റ്‌സും ഫൈനലുകളുമുണ്ടായിരുന്നു. പുരുഷന്മാരുടെ 400 മീറ്റര്‍ സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ കാലില്ലാത്ത അല്‍ഭുതതാരം ഒക്ടോ പിസാറസിന്‌ കാണികള്‍ നല്‍കിയ നിര്‍ലോഭ പിന്തുണയും തോല്‍വിയിലും അദ്ദേഹത്തിന്‌ വേണ്ടി എല്ലാവരും കൈയ്യടിച്ച സന്ദര്‍ഭവുമെല്ലാം അപാരമായിരുന്നു. ഇഗ്ലീഷ്‌ താരങ്ങള്‍ക്ക്‌ മാത്രം സ്വന്തം കാണികള്‍ നല്‍കിയിരുന്ന പിന്തുണയാണ്‌ പിസാറസിന്‌ ലഭിച്ചത്‌.
എട്ട്‌ മണിയായതോടെ 100 മീറ്റര്‍ സെമിഫൈനല്‍. അതാ വരുന്നു സൂപ്പര്‍താരങ്ങള്‍. മൂന്ന്‌ ഹീറ്റ്‌സിലായി 23 പേര്‍. ഓരോ ഹീറ്റ്‌സില്‍ നിന്ന്‌ ആദ്യ രണ്ട്‌ സ്ഥാനക്കാരാണ്‌ ഫൈനലിലെത്തുക. പിന്നെ ഏറ്റവും മികച്ച രണ്ട്‌ മൂന്നാം സ്ഥാനക്കാര്‍ക്കും സ്ഥാനം. ആദ്യ ഹീറ്റ്‌സില്‍ ഗാട്‌ലിനും ചുരാണ്ടിയും അസഫ പവലും കീസ്റ്റണും യൂസഫും വിക്കാട്ടും ജെയിംസും പിന്നെ സന്നയും. വെടി പൊട്ടുന്നത്‌ മാത്രമാണ്‌ കേട്ടത്‌. ഗാട്‌ലിനും ചുരാണ്ടിയും ആദ്യ സ്ഥാനങ്ങളില്‍. പവല്‍ 9.94 ല്‍ ഫിനിഷ്‌ ചെയ്‌തെങ്കിലും മൂന്നാമനായിരുന്നു. മികച്ച മൂന്നാം സ്ഥാനക്കാരാനാവാന്‍ സാധ്യത. അടുത്ത ഹീറ്റ്‌സിലാണ്‌ ബോള്‍ട്ട്‌. അദ്ദേഹത്തെ കണ്ടതും അലറിവിളിക്കുകയായിരുന്നു സ്‌റ്റേഡിയം. ഇത്ര പിന്തുണയുള്ള ഒരു കായികതാരം ഭൂമുഖത്തില്ല. ക്യാമറ തന്നിലേക്ക്‌ വരുമ്പോള്‍ ബോള്‍ട്ടിന്റെ വക പതിവ്‌ ഗോഷ്‌ഠികള്‍. അത്‌ ആസ്വദിക്കുന്ന കാണികള്‍. ബോള്‍ട്ടിനൊപ്പം റ്യാന്‍ ബെയ്‌ലി, റിച്ചാര്‍ഡ്‌ തോംസണ്‍, ആതിഥേയരുടെ ഡെയിന്‍ ചേംബേഴ്‌സ്‌, ജെറാര്‍ഡ്‌ ഫിറി, ഡാനിയല്‍ ബെയ്‌ലി, ആദംസ്‌ ആന്റണി പിന്നെ ചൈനക്കാരന്‍ സൂ ബിന്‍ഗിയും. ആര്‍ക്കും പിടികൊടുക്കാതെ 50 മീറ്റര്‍ പിന്നിട്ട ബോള്‍ട്ട്‌ പതിവ്‌ ശൈലിയില്‍ ഫിനിഷിംഗ്‌ പോയന്റിനരികില്‍ വേഗത കുറച്ച്‌ 9.87 ല്‍ ഒന്നാമനായി. പിറകെ ബെയ്‌ലിയും. ജയത്തിന്‌ ശേഷം ബോള്‍ട്ട്‌ ജനകീയത ഉറപ്പാക്കി കാണികളലേക്ക്‌. മൂന്നാം ഹീറ്റ്‌സില്‍ യോഹാന്‍ ബ്ലേക്കിനൊപ്പം ടൈസണ്‍ ഗേ, ആദം ജമീലി, ഡെറിക്‌ അറ്റ്‌കിന്‍സണ്‍, ജസ്റ്റിന്‍ വാര്‍ണര്‍, റ്യാട്ടോ യമഗാത, റോന്‍ല്‍ സോറിനോ, ഹൈമന്‍ കേമര്‍ എന്നിവര്‍. പ്രതീക്ഷിക്കപ്പെട്ടത്‌ പോലെ ബ്ലേക്ക്‌ ഒന്നാമന്‍. ടൈസണ്‍ ഗേ രണ്ടാമന്‍. മികച്ച രണ്ട്‌ മൂന്നാം സ്ഥാനക്കാരായി പവലും തോംസണും.
കേമന്‍ പോരാട്ടത്തിന്‌ ശേഷവും ഒന്നര മണിക്കൂര്‍ കാത്തിരിക്കണം ഫൈനലിന്‌. അവധിദിവസം ആഘോഷമാക്കാന്‍ ഭക്ഷണവും ലഹരിപാനീയങ്ങളുമെല്ലാമായി എത്തിയ കാണികള്‍ എത്ര മണിക്കൂര്‍ കാത്തിരിക്കാനും റെഡി. നമ്മള്‍ കടല കണ്ട്‌ കളി കാണുന്നത്‌ പോലെ ഇവിടെ ബീറടിച്ചാണ്‌ എല്ലാവരും മല്‍സരം ആസ്വദിക്കുന്നത്‌. (ഗാന്ധിജിക്ക്‌ നന്ദി. അദ്ദേഹം ഇന്ത്യയില്‍ നിന്ന്‌ ഈ ഇംഗ്ലീഷുകാരെ പായിപ്പിച്ചില്ലായിരുന്നുവെങ്കില്‍ നമ്മുടെ നാട്ടില്‍ നിലകടല കൊറിക്കുന്നതിന്‌ പകരം വെള്ളമടിയായിരിക്കില്ലേ....)
ഈ ഇടവേളയില്‍ വനിതകളുടെ 400 മീറ്റര്‍ ഫൈനല്‍. ശേഷം പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസ്‌ ഫൈനല്‍. കൂറെ മെഡല്‍ദാന പരിപാടികളും. മൈതാനത്തിന്റെ ഒരു ഭാഗത്ത്‌ പുരുഷന്മാരുടെ ഹൈജംമ്പും ഹാമര്‍ ത്രോയും പുരോഗമിക്കുന്നു. വേദനയോടെ പറയട്ടെ ഒരു വിഭാഗത്തിലും മരുന്നിന്‌ പോലും ഒരു ഇന്ത്യക്കാരനില്ല. നമ്മുടെ പതാക എവിടെയുമില്ല. 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ പട്ടിണിരാജ്യമായ കെനിയയില്‍ നിന്നുള്ള എനേക്കില്‍ കോംപോയി തന്റെ ശോഷിച്ച ശരീരം കാണിച്ച്‌ സ്വര്‍ണം ആഘോഷിക്കുമ്പോള്‍ വീരവാദം മുഴക്കുന്ന ഇന്ത്യന്‍ പൂച്ചകളെക്കാള്‍ എത്ര മെച്ചമാണ്‌ ഈ പാവങ്ങള്‍ എന്ന്‌ തോന്നി. കെനിയയുടെയും എത്യോപ്യയുടെയും സാംബിയയുടെയും ഘാനയുടെയും പതാകകള്‍ വാനില്‍ പാറികളിക്കുന്നു. അവരുടെ ദേശീയ ഗാനങ്ങള്‍ ഉച്ചത്തില്‍ മുഴങ്ങുന്നു. ജനഗണമന പാടാന്‍ ഇന്ത്യന്‍ കാണികള്‍ ധാരാളം ഇവിടെയുണ്ട്‌. അതിനൊരവസരം വേണ്ടേ.....
അതിനിടെ മഗ്‌രിബ്‌ ബാങ്ക്‌ വിളിക്കുന്നു. ഒളിംപിക്‌ സ്റ്റേഡിയത്തില്‍ ഒരു നോമ്പ്‌ തുറ. കൈയ്യില്‍ കരുതിയ ബോട്ടില്‍ വെള്ളത്തിലും രണ്ട്‌ പഴത്തിലും 19 മണിക്കൂര്‍ വ്രതം പൂര്‍ത്തിയാക്കുമ്പോള്‍ നിങ്ങളെല്ലാം അടുത്ത നോമ്പിന്റെ അത്താഴം കഴിക്കുകയായിരിക്കും.
അതാ സമയമായിരിക്കുന്നു-ക്ലോക്കില്‍ 9-40. അതിവേഗതക്ക്‌ പുതിയ വിലാസം നല്‍കാന്‍ അതാ ആറ്‌ ഫൈനലിസ്‌റ്റുകള്‍ റെഡി. ഒന്നാം ലൈനില്‍ ആരുമില്ല. രണ്ടില്‍ നമ്മുടെ ബ്രയന്‍ ലാറയുടെ നാട്ടുകാരന്‍ റിച്ചാര്‍ഡ്‌ തോംസണ്‍, മൂന്നില്‍ ആരുമില്ല. നാലില്‍ ചുമല്‍ വിരിച്ച്‌ ടൈസണ്‍ ഗേ. അഞ്ചില്‍ ഉയരം കുറഞ്ഞ യോഹാന്‍ ബ്ലേക്ക്‌. ആറില്‍ ഉറച്ച മസിലുമായി ജസ്‌റ്റിന്‍ ഗാട്‌ലിന്‍. ഏഴില്‍ സാക്ഷാല്‍ വീരപുത്രന്‍-കണ്ണിറുക്കി കാണിക്കുന്ന ബോള്‍ട്ട്‌. എട്ടില്‍ പ്രാര്‍ത്ഥനാ നിരതനായി റ്യാന്‍ ബെയ്‌ലി. ഒമ്പത്തില്‍ കോപ്രായങ്ങളുമായി ചുരണ്ടാ മാര്‍ട്ടിന്‍.
ജഡ്‌ജസിന്റെ പ്രഖ്യാപനം-അത്‌ലറ്റ്‌സ്‌ റെഡി. എല്ലാവരും അതോടെ സ്‌റ്റാര്‍ട്ടിംഗ്‌ ബ്ലോക്കില്‍. കുതിപ്പിനിതാ സെക്കന്‍ഡുകള്‍. സ്റ്റാര്‍ട്ടറു
ടെ വെടി പൊട്ടി..... മുന്നില്‍ ബ്ലേക്ക്‌. തൊട്ട്‌ പിറകെ ഗാട്‌ലിന്‍. അമ്പത്‌ മീറ്റര്‍ പിന്നിട്ടിരിക്കുന്നു. അതാ വരുന്നു നെഞ്ച്‌ മുന്നോട്ടാഞ്ഞ്‌, കാലുകളില്‍ തീപടര്‍ത്തി ബോള്‍ട്ട്‌... എതിരാളികളെ ഒന്ന്‌ നോക്കിയുള്ള മിന്നല്‍. കാലിന്‌ വേദനയുമായി പവല്‍ നിന്നതൊന്നും കാര്യമാക്കാതെ ബോള്‍ട്ട്‌ ലൈന്‍ തൊട്ടു..... പിന്നെ അഞ്ച്‌ മിനുട്ട്‌ നേരത്തേക്ക്‌ ഒന്നും മനസ്സിലായില്ല. ശരിയായ പ്രകമ്പനം. ലോകത്തിന്‌ മുന്നില്‍ ബോള്‍ട്ട്‌ മാത്രം. കൈയ്യും കാലുകളുമെല്ലാം ഇളക്കിയാട്ടി ജമൈക്കന്‍ പതാകയുമേന്തി അതാ സൂപ്പര്‍ താരം ബ്ലേക്കിനെ മാറോടണക്കുന്നു. പിന്നെ സ്റ്റേഡിയപ്രദക്ഷിണം. മൈതാനത്തെ വലിയ സ്‌ക്രീനില്‍ ആ കുതിപ്പിന്റെ വിവിധദ്യശ്യങ്ങള്‍. കാണികള്‍ക്കിടയിലേക്ക്‌ ഓടിക്കയറുന്ന ബോള്‍ട്ട്‌. കൂറെസമയം എല്ലാവരും ആ ലഹരിയിലായിരുന്നു. ആര്‍ക്കും ഒന്നും മനസ്സിലാവാത്തത്‌ പോലെ.
മല്‍സരം കഴിഞ്ഞതോടെ ഗ്യാലറികള്‍ ശൂന്യമാവാന്‍ തുടങ്ങി. പിന്നെ ഒരു ഒഴുക്കായിരുന്നു. പാരാവാരം പോലെ കാണികള്‍ പുറത്തേക്ക്‌ ഒഴുകുന്നു. ബോള്‍ട്ടിന്റെ പത്രസമ്മേളനം കഴിഞ്ഞിട്ട്‌ പോവാമെന്ന്‌ കരുതി ഞങ്ങള്‍ ഇറങ്ങിയില്ല. പത്രസമ്മേളന ഹാളിലേക്ക്‌ പോവാനിറങ്ങിയപ്പോള്‍ അങ്ങോട്ടും ഒഴുക്ക്‌. ജനത്തിന്‌ വഴി മാറിയതാണോയെന്ന്‌ സംശയിച്ചു. അല്ല എല്ലാം പത്രക്കാരാണ്‌. എല്ലാവരും ബോള്‍ട്ടിന്റെ പത്രസമ്മേളനത്തിനാണ്‌. ഹാളിനുള്ളില്‍ സ്ഥലമുണ്ടാവില്ലെന്നുറപ്പ്‌. ആഘോഷങ്ങള്‍ക്ക്‌ ശേഷം ബോള്‍ട്ട്‌ വരാന്‍ മണിക്കൂറുകളെടുക്കുമെന്ന്‌ മനസ്സിലായതോടെ ബഹളത്തില്‍ നിന്ന്‌ മോചനം തേടി പുറത്തേക്ക്‌. അപ്പോഴും ജനത്തിന്റെ കുത്തൊഴുക്ക്‌ നിലച്ചിരുന്നില്ല. സ്റ്റാഫോര്‍ഡ്‌ സ്‌റ്റേഷനിലെത്തിയത്‌ പക്ഷേ അറിഞ്ഞില്ല. ആ ഒഴുക്കില്‍ ഞങ്ങള്‍പെട്ടു. സ്‌റ്റേഷനിലാകെ ജനം. മിനുട്ടുകളില്‍ പറപറക്കുന്ന ട്രെയിനുകള്‍ പലത്‌ പോയിട്ടും തിരക്കൊഴിയുന്നില്ല.
എല്ലാവര്‍ക്കും എല്ലാ ഭാഷയിലും പറയാനുണ്ടായിരുന്നത്‌ ബോള്‍ട്ട്‌ മാത്രം. വിസാ കാര്‍ഡിന്റെ ബ്രാന്‍ഡ്‌ അംബാസിഡറായ ബോള്‍ട്ടിന്റെ ചിത്രമാണ്‌ ഇവിടെയെല്ലാം. ഭൂഖണ്‌ഠത്തില്‍ ഇവനെ പോലെ മറ്റൊരാളില്ല കെട്ടോ..... നേരില്‍ കണ്ടത്‌ പറയാം-തല്‍ക്കാലം ഇവനെ തോല്‍പ്പിക്കാനും ആര്‍ക്കുമാവില്ല. ഈ ഒരു മല്‍സരം നേരില്‍ കാണാന്‍ സാധിച്ചല്ലോ..... വിശുദ്ധ മാസത്തിന്റെ പുണ്യരാവുകളില്‍ ദൈവത്തിന്‌ സ്‌തുതി.....


No comments: