Thursday, August 23, 2012

വ്രതപുണ്യവുമായി മൊറോക്കോ


ചിത്രം

കമാല്‍ വരദൂര്‍ ഒളിംപിക്‌സ്‌ ഷൂട്ടിംഗ്‌ വെള്ളി നേടിയ വിജയ്‌കുമാറിനൊപ്പം

ലണ്ടന്‍ ഡയറി-7
വ്രതപുണ്യവുമായി മൊറോക്കോ
ദൈവം തുണയെന്ന്‌ യാസീന്‍

ഇന്ന്‌ യാസീന്‍ ബുനാവു എന്ന പത്തൊമ്പതുകാരനെ പരിചയപ്പെടാം. മൊറോക്കോ ഫുട്‌ബോള്‍ ടീമിന്റെ ഗോള്‍ക്കീപ്പറാണ്‌ യാസീന്‍. സ്‌പാനിഷ്‌ ലീഗില്‍ അത്‌ലറ്റികോ മാഡ്രിഡിന്റെ വല കാക്കുന്ന മിടുക്കന്‍ പയ്യനെ തേടി വിശാലമായ ഒളിംപിക്‌ വില്ലേജില്ലേക്ക്‌ പോവാന്‍ വ്യക്തമായ കാരണമുണ്ടായിരുന്നു-19 മണിക്കൂര്‍ റമസാന്‍ വ്രതമനുഷ്‌ഠിച്ചാണ്‌ യാസീനും സംഘവും ഒളിംപിക്‌സ്‌ ഫുട്‌ബോളില്‍ കളിക്കുന്നത്‌. വിശുദ്ധമാസത്തെ അതിന്റെ പരമോന്നത ബഹുമാനത്തോടെ സമീപിക്കുന്ന ഒരു ടീം. ശാരീരികോര്‍ജ്ജത്തേക്കാള്‍ മാനസികോര്‍ജ്ജത്തില്‍ വിശ്വസിക്കുന്നവര്‍. അവരെ ഒന്ന്‌ കാണാനായി വില്ലേജ്‌ സന്ദര്‍ശനത്തിനുള്ള അപേക്ഷാഫോം മൂന്ന്‌ ദിവസം മുമ്പ്‌ ഒപ്പിട്ട്‌ നല്‍കിയിരുന്നു. ഇന്നലെയാണ്‌ അപേക്ഷ അംഗീകരിക്കപ്പെട്ടത്‌. ഒളിംപിക്‌ പാര്‍ക്ക്‌ എന്ന അതിവിശാല താഴ്‌വാരത്തിലെ ഒരു ഭാഗത്താണ്‌ 208 രാജ്യങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ മുഴുവനും താമസിക്കുന്ന ഒളിംപിക്‌ വില്ലേജ്‌. പതിവ്‌ പോലെ കര്‍ക്കശമായ സുരക്ഷാപരിശോധനക്ക്‌ ശേഷം വിസിറ്റിംഗ്‌ റൂമിലെത്തിയപ്പോള്‍ വോളണ്ടിയര്‍ക്ക്‌ സംശയം-ഒരു ഇന്ത്യന്‍ പത്രപ്രവര്‍ത്തകന്‍ എന്തിന്‌ മൊറോക്കോ ടീമിനെ കാണുന്നു. സാര്‍വദേശീയ സാഹോദര്യം എന്ന മറുപടി പറഞ്ഞെങ്കിലും കറുത്ത വര്‍ഗ്ഗക്കാരനായ വോളണ്ടിയര്‍ക്ക്‌ അത്‌ പിടികിട്ടിയില്ലെന്ന്‌ വ്യക്തം. അവന്‍ തല കുലുക്കി. പത്ത്‌ മിനുട്ടിലെ കാത്തിരിപ്പിന്‌ ശേഷം അതാ വരുന്നു സുന്ദരനായ യാസീന്‍ (വില്ലേജില്‍ ക്യാമറ അനുവദിക്കില്ല. അതിനാല്‍ ഫോട്ടോ എടുക്കാന്‍ കഴിഞ്ഞില്ല). മന്ദസ്‌മിതം തൂകി എനിക്ക്‌ മുന്നിലിരുന്ന യാസിനോട്‌ വന്ന കാര്യം പറഞ്ഞു. ഭാഷ ചെറിയ വിഷയമായിരുന്നെങ്കിലും അത്യാവശ്യ ഇംഗ്ലീഷ്‌ താരത്തിന്റെ കൈവശമുണ്ടായിരുന്നു. ഞങ്ങള്‍ അല്ലാഹുവിന്‌ വേണ്ടിയാണ്‌ കളിക്കുന്നത്‌. ദൈവം എന്റെ ടീമിന്‌ വിജയം സമ്മാനിക്കും. 19 മണിക്കൂര്‍ വ്രതം ഒരു തരത്തിലും ഞങ്ങളെയാരെയും ബാധിക്കുന്നില്ല. ഹോണ്ടുറാസിനെതിരായ ആദ്യ മല്‍സരത്തില്‍ എല്ലാവരും മികച്ച പ്രകടനം നടത്തി. മല്‍സരം 2-2 ല്‍ സമനിലയിലായി. ദൈവം എന്റെ ടീമിനൊപ്പമാണ്‌-യാസിന്റെ വാക്കുകളില്‍ വിശ്വാസത്തിന്റെ നിശ്ചയദാര്‍ഡ്യം.
യൂറോപ്യന്‍ ഫുട്‌ബോളിന്റെ വേഗതയറിയുന്ന, ഒളിംപിക്‌സ്‌ ഫുട്‌ബോളിന്റെ ശക്തിയറിയുന്ന ഒരു പയ്യന്‍താരം ഉറച്ച വാക്കുകളുമായി നിലപാട്‌ വ്യക്തമാക്കുക മാത്രമല്ല വ്രതമുണ്ടോ എന്ന മറുചോദ്യമുന്നയിക്കാനും മറന്നില്ല. വ്രതത്തിലാണെന്ന്‌ പറഞ്ഞപ്പോള്‍ മാശാ അല്ലാഹ്‌, അസ്സലാം എന്ന്‌ പറഞ്ഞ്‌ യാസിന്‍ മടങ്ങി.... മൊറോക്കോ ഫുട്‌ബോള്‍ ടീമിന്റെ ദേശീയ കോച്ച്‌ യൂറോപ്പുകാരനായ പിം വെര്‍ബിക്കാണ്‌. അദ്ദേഹത്തിന്‌ താരങ്ങള്‍ വ്രതമനുഷ്‌ഠിക്കുന്നതിനോട്‌ താല്‍പ്പര്യമില്ല. തന്റെ അഭിപ്രായം അദ്ദേഹം പറയുകയും ചെയ്‌തിരുന്നു. താരങ്ങളെല്ലാം സ്വന്തം നിലപാട്‌ വ്യക്തമാക്കിയപ്പോള്‍ പരിശീലകന്‌ മറുവാക്കുണ്ടായിരുന്നില്ല. പക്ഷേ മൊറോക്കോ ടീം ഒരു പ്രശ്‌നം നേരിടുന്നുണ്ട്‌. മല്‍സരത്തിന്‌ ശേഷം താരങ്ങള്‍ ഡോപ്പിംഗ്‌ ടെസ്റ്റിന്റെ ഭാഗമായി യൂറിന്‍ സാമ്പിള്‍ നല്‍കണം. അന്നജലപാനമില്ലാതെ യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ പലര്‍ക്കുമാവുന്നില്ല.
1980 ലെ മോസ്‌ക്കോ ഒളിംപിക്‌സിന്‌ ശേഷം ആദ്യമായാണ്‌ റമസാന്‍ വ്രതക്കാലത്ത്‌ ഒളിംപിക്‌സ്‌ എത്തുന്നത്‌. ലണ്ടനില്‍ മെഡല്‍ പോരാട്ടത്തിനെത്തിയിരിക്കുന്ന പതിനായിരത്തിലധികം താരങ്ങളില്‍ 3,500 പേര്‍ മുസ്‌ലിം താരങ്ങളാണ്‌. പല താരങ്ങളും വ്രതശുദ്ധി കാത്ത്‌ മല്‍സരിക്കുമ്പോള്‍ ചിലര്‍ മല്‍സരങ്ങള്‍ക്ക്‌ ശേഷം വ്രതമനുഷ്‌ഠിക്കാമെന്ന നിലപാടുകാരാണ്‌. മുസ്ലിം രാജ്യങ്ങളില്‍ നിന്നുള്ള പല താരങ്ങളുമായി ബന്ധപ്പെട്ടപ്പോള്‍ എല്ലാവരും റമസാനും ഒളിംപിക്‌സും ഒരുമിച്ച്‌ വന്നതിലെ വിഷമമാണ്‌ പങ്കിട്ടത്‌. ഈജിപ്‌തില്‍ നിന്നുള്ള സെയ്‌ലിംഗ്‌ താരം അഹമ്മദ്‌ ഹബാഷ്‌ നോമ്പെടുത്ത്‌ തന്നെയാണ്‌ മല്‍സരിക്കുന്നത്‌. അദ്ദേഹം പക്ഷേ സ്വന്തം നാട്ടിലെ സമയക്രമമാണ്‌ അനുവര്‍ത്തിക്കുന്നത്‌. നമ്മുടെ നാട്ടിലേത്‌ പോലെ ഈജിപ്‌തില്‍ വൈകീട്ട്‌ ഏഴ്‌ മണിക്കാണ്‌ മഗ്‌രിബ്‌ ബാങ്ക്‌. നാട്ടിലെ തന്റെ സമയത്ത്‌ ഹബാഷ്‌ വ്രതം പൂര്‍ത്തിയാക്കുന്നു. യുനൈറ്റഡ്‌ അറബ്‌ എമിറേറ്റ്‌സില്‍ നിന്നുള്ള ജൂഡോ താരം ഹാമിഡ്‌ അല്‍ദായിക്ക്‌ വ്രതം വിട്ടുള്ള ഒരു മല്‍സരവുമില്ല. ഇസ്ലാമിക ഫത്ത്‌വകള്‍ കര്‍ക്കശമായി നടപ്പിലാക്കാറുള്ള ഈജിപ്‌തില്‍ നിന്നുള്ള താരങ്ങളില്‍ പലരും വ്രതകാര്യത്തില്‍ പിറകിലാണ്‌. ഒളിംപിക്‌സ്‌ നടക്കുന്നതിനാല്‍ മല്‍സരിക്കുന്നവര്‍ക്ക്‌ വ്രതം ഒഴിവാക്കി പ്രത്യേക ഫത്ത്‌വ രാജ്യത്തെ ഇസ്ലാമിക പണ്ഡിതര്‍ പുറത്തിറക്കിയിട്ടുണ്ടെന്നാണ്‌ അവിടെ നിന്നുള്ള സംഘത്തിലെ ഒരംഗം പറഞ്ഞത്‌. ഇസ്ലാമില്‍ അത്തരത്തില്‍ റമസാനെ തള്ളിപ്പറഞ്ഞുള്ള ഫത്ത്‌വയുണ്ടോ എന്ന്‌ ചോദിച്ചപ്പോള്‍ വിവാദങ്ങള്‍ക്ക്‌ താനില്ലെന്നാണ്‌ പേര്‌ വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത അദ്ദേഹം വ്യക്തമാക്കിയത്‌. ഈജിപ്‌തിന്റെ കയാക്കിംഗ്‌ താരം മുസ്‌തഫ സയ്യദ്‌ പറഞ്ഞത്‌ ദൈവം അദ്ദേഹത്തോട്‌ പൊറുത്ത്‌ കൊടുക്കുമെന്നാണ്‌. കയാക്കിംഗ്‌ മല്‍സരങ്ങള്‍ ധാരാളം സമയം ദീര്‍ഘിക്കും. നല്ല കരുത്തും ആത്മബലവും നിര്‍ബന്ധമാണ്‌. വ്രതമെടുത്ത്‌ മല്‍സരിച്ചാല്‍ എവിടെയുമെത്താനാവില്ലെന്നാണ്‌ മുസ്‌തഫ പറയുന്നത്‌.
ബ്രിട്ടിഷുകാരനായ റോവിംഗ്‌ താരം മോ സിഹിയുടെ നിലപാട്‌ രസകരമാണ്‌. അദ്ദേഹം വ്രതത്തെ ബഹുമാനിക്കുന്നയാളാണ.്‌ പക്ഷേ മല്‍സരത്തില്‍ പങ്കെടുക്കേണ്ടതിനാല്‍ ഓരോ വ്രതവും നഷ്‌ടമാവുമ്പോള്‍ അതിന്‌ പകരം ഒരു ദിവസം 60 ആളുകള്‍ക്ക്‌ ഭക്ഷണം നല്‍കി നഷ്‌ടം നികത്തുന്നുവെന്നാണ്‌ അദ്ദേഹം പറയുന്നത്‌.
പാക്കിസ്‌താന്‍, ബംഗ്ലാദേശ്‌, മൊറോക്കോ, ഈജിപ്‌ത്‌, യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഇറാന്‍, ഇറാക്ക്‌, സുഡാന്‍, ഘാന, ഇന്തോനേഷ്യ, മലേഷ്യ, ബഹറൈന്‍, ഒമാന്‍, കുവൈറ്റ്‌ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പരിശീലകരും സപ്പോര്‍ട്ടിംഗ്‌ സ്‌റ്റാഫുമെല്ലാം വ്രതമനുഷ്‌ഠിക്കുന്നുണ്ട്‌. വിശ്വാസങ്ങളെ ബഹുമാനിക്കുന്ന ലണ്ടന്‍ ഭരണക്കൂടവും ഒളിംപിക്‌ സംഘാടക സമിതിയും ഒളിംപിക്‌ വില്ലേജില്‍ നോമ്പ്‌ തുറക്കായി എല്ലാ ഒരുക്കങ്ങളും നടത്തിയിട്ടുമുണ്ട്‌. വില്ലേജിലെ ഓരോ ഭാഗത്തും നമസ്‌ക്കാര മുറികളുണ്ട്‌. വായനക്ക്‌ ഖൂര്‍ആനുണ്ട്‌. എല്ലാ ഭക്ഷണ കൗണ്ട
റുകളിലും ഹലാല്‍ ഭക്ഷണവുമുണ്ട്‌. താരങ്ങള്‍ പലവിധ സമയങ്ങളില്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കി വരുന്നവരായതിനാല്‍ എല്ലാ സമയത്തും കാന്റീന്‍ സുസജ്ജമാണ്‌.
ഒളിംപിക്‌ പാര്‍ക്കിന്‌ പുറത്ത്‌ പള്ളികളിലേക്ക്‌ പോയാല്‍ അവിടെയും വന്‍തിരക്കാണ്‌. ബ്രിട്ടീഷ്‌ ജനസംഖ്യയില്‍ മുപ്പത്‌ ശതമാനം മുസ്‌ലിങ്ങളാണ്‌. ധാരാളം പള്ളികളും മതപഠന കേന്ദ്രങ്ങളും ഇവിടെയുണ്ട്‌. ഇന്നലെ അസര്‍ നമസ്‌ക്കാരത്തിന്‌ സ്റ്റാഫോര്‍ഡിലെ ഒരു പള്ളിയില്‍ പോയപ്പോള്‍ അകംപള്ളിയും കഴിഞ്ഞ്‌ ജനം പുറത്തെ നിരത്തുകളിലെത്തിയിരിക്കുന്നു. നല്ല വൃത്തിയുള്ളതിനാല്‍ നാട്ടിലേത്‌ പോലെ പത്രങ്ങളും മുസല്ലയുമൊന്നും വിരിക്കേണ്ടതില്ല. നാളെ യാസീനും മൊറോക്കോയും വ്രതമെടുത്ത്‌ ഫുട്‌ബോള്‍ കളിക്കുന്നുണ്ട്‌. അതൊന്ന്‌ കാണാന്‍ പക്ഷേ മൂന്ന്‌ മണിക്കൂര്‍ യാത്ര ചെയ്‌ത്‌ ഓള്‍ഡ്‌ ട്രാഫോഡിലെത്തണം.