Saturday, August 25, 2012

വസ്‌ത്രം ഇവര്‍ക്ക്‌ ഇഷ്ടമാണ്‌



ചിത്രം

കമാല്‍ വരദൂരും മേരി കോമും

ലണ്ടന്‍ ഡയറി-9

വസ്‌ത്രം ഇവര്‍ക്ക്‌ ഇഷ്ടമാണ്‌

വസ്‌ത്ര വിരോധികളുടെ പറുദീസയില്‍ നിന്നിതാ വസ്‌ത്രസ്‌നേഹികളായ രണ്ട്‌ വനിതകളെ പരിചയപ്പെടുത്തുന്നു. ഒരാള്‍ സഊദി അറേബ്യയില്‍ നിന്നുള്ള ജൂഡോ താരം വോജ്‌ദാന്‍ അലി സിറാജ്‌ അബ്ദുള്‍റഹീം ഷഹര്‍ഖാനി. അടുത്തത്‌ ഇറാനില്‍ നിന്നുള്ള ഒളിംപിക്‌ വോളണ്ടിയര്‍ സുമയ്യാ നരാനി.
ഷഹര്‍ഖാനി ഇവിടെ വാര്‍ത്തകളില്‍ നിറയുന്ന താരമാണ്‌- മെഡല്‍ നേടിയിട്ടാണെന്ന്‌ വെറുതെ സംശയിക്കരുത്‌. സ്വന്തം വിശ്വാസത്തിലും നിലപാടിലും ഉറച്ച സമീപനം സ്വീകരിച്ചാണ്‌ പതിനാറുകാരി എല്ലാവരെയുമങ്ങ്‌ ഞെട്ടിച്ചുകളഞ്ഞത്‌. വനിതകളുടെ 78 കിലോഗ്രാം ജൂഡോയില്‍ മല്‍സരിക്കാനാണ്‌ ഷഹര്‍ഖാനി എത്തിയത്‌. മല്‍സരക്കളത്തില്‍ ഹിജാബ്‌ (മുഖമക്കന) അണിഞ്ഞ്‌ ഷഹര്‍ഖാനി എത്തിയപ്പോള്‍ സ്ലോവേനിയയില്‍ നിന്നുള്ള എതിരാളിക്ക്‌ എതിര്‍പ്പ്‌. ജൂഡോയില്‍ ഈ വേഷത്തില്‍ ഒരു എതിരാളിയെ താന്‍ ഇതിന്‌ മുമ്പ്‌ കണ്ടിട്ടില്ലെന്ന്‌ അവള്‍ പറഞ്ഞപ്പോള്‍ റഫറിമാരും യോജിച്ചു. ഇത്‌ പറ്റില്ല. ഹിജാബ്‌ അണിഞ്ഞ്‌ മല്‍സരിക്കാന്‍ അനുവദിക്കില്ലെന്ന്‌ ലോക ജൂഡോ ഫെഡറേഷനും വ്യക്തമാക്കി- മക്കന അഴിക്കണം. അതിന്‌ റഫറിമാര്‍ പറഞ്ഞ കാരണവും രസകരമായിരുന്നു. ഹിജാബ്‌ ചിലപ്പോള്‍ പ്രതിയോഗിയുടെ ദേഹത്ത്‌ തട്ടും. പരുക്കിന്‌ സാധ്യതയുണ്ട്‌. (നേരിയ സില്‍ക്ക്‌ നൂലില്‍ നിര്‍മ്മിക്കുന്നതാണ്‌ ഹിജാബ്‌). പക്ഷേ ഇതൊന്നും കേട്ടിട്ട്‌ ഷഹര്‍ഖാനി കുലുങ്ങിയില്ല. അവള്‍ സ്വന്തം നിലപാട്‌ വ്യക്തമാക്കി-സോറി, അങ്ങനെയാണെങ്കില്‍ മല്‍സരിക്കാന്‍ ഞാനില്ല. ഹിജാബ്‌ അണിഞ്ഞേ മല്‍സരിക്കു. അല്ലാത്തപക്ഷം പോവാന്‍ അനുവദിക്കണം. അതോടെ പ്രശ്‌നമായി. കൊച്ചു പെണ്‍കുട്ടിയില്‍ നിന്ന്‌ ഇത്തരത്തിലൊരു തീരുമാനം പ്രതിയോഗിയും റഫറിമാരും പ്രതീക്ഷിച്ചിരുന്നില്ല. ഉടന്‍ തന്നെ ചര്‍ച്ചയായി. സ്ലോവേനിയക്കാരി തീരുമാനം മാറ്റി, അധികാരികളും അയഞ്ഞു. അങ്ങനെ ഷഹര്‍ഖാനി ഹിജാബുമിട്ട്‌ മല്‍സരിച്ചു. ജയിച്ചോ എന്ന്‌ മാത്രം ചോദിക്കരുത്‌.....
സഊദിയില്‍ നിന്നും പലരുടെയും എതിര്‍പ്പ്‌ അവഗണിച്ച്‌ ഭരണക്കുടത്തിന്റെ പിന്തുണയില്‍ ഒളിംപിക്‌സിനെത്തി ഇവിടെ അധികാരികളുടെ മുന്നില്‍ തല ഉയര്‍ത്തി നിന്ന ഷഹര്‍ഖാനിയെ കാണാന്‍ ഒളിംപിക്‌ വില്ലേജില്ലെത്തി. ഇതാദ്യമായാണ്‌ സഊദിയില്‍ നിന്നും വനിതാതാരങ്ങള്‍ ഒളിംപിക്‌സില്‍ പങ്കെടുക്കുന്നത്‌. ഷഹര്‍ഖാനിയെ കൂടാതെ 800 മീറ്ററില്‍ മല്‍സരിക്കുന്ന സാറാ അത്തറുമുണ്ട്‌. സഊദി അറേബ്യ, ഖത്തര്‍, ബ്രൂണെ ദാറുസ്സലാം എന്നീ അറേബ്യന്‍ രാജ്യങ്ങള്‍ വനിതാ കായിക താരങ്ങള്‍ക്ക്‌ അവസരം നല്‍കാതെ ഒളിംപിക്‌ പ്രസ്ഥാനത്തെ ചോദ്യം ചെയ്യുകയാണെന്നാരോപിച്ച്‌ ചില മനുഷ്യാവകാശ സംഘടനകള്‍ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റിയെ സമീപിക്കുകയും വനിതാ കായികതാരങ്ങളെ മല്‍സരിക്കാന്‍ അനുവദിക്കാത്തപക്ഷം ഈ രാജ്യങ്ങളെ വിലക്കണമന്നും ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ ഒളിംപിക്‌ കമ്മിറ്റി നടത്തിയ നീക്കത്തിലാണ്‌ രണ്ട്‌ വനിയാ താരങ്ങള്‍ക്ക്‌ സഊദി അനുമതി നല്‍കിയത്‌. അബ്ദുല്ല രാജാവിന്റെ പിന്തുണയും ഇവര്‍ക്കുണ്ട്‌. എന്നാല്‍ വനിതാ താരങ്ങളുടെ ഒളിംപിക്‌സ്‌ സാന്നിദ്ധ്യം സംബന്ധിച്ച്‌ രാജ്യത്ത്‌ ചര്‍ച്ചകള്‍ നടക്കുകയാണിപ്പോഴും. എന്തായാലും ഉദ്‌ഘാടന മാര്‍ച്ച്‌ പാസ്റ്റില്‍ കൈയ്യടി നേടിയ ഷഹര്‍ഖാനി തോല്‍ക്കാന്‍ മനസ്സില്ല എന്ന നിലപാടിലായിരുന്നു. വില്ലേജില്‍ എത്തിയപ്പോള്‍ സംസാരിക്കാന്‍ ഷഹര്‍ഖാനിക്ക്‌ ഒളിംപിക്‌ അസോസിയേഷന്റെ അനുമതി വേണം. അതിനായി കാത്തിരിപ്പ്‌. ജൂഡോയിലേക്ക്‌ വരാന്‍ കാരണം ആ മല്‍സരത്തോടുള്ള താല്‍പ്പര്യമാണെന്ന്‌ പറഞ്ഞ താരം ഇത്‌ വരെ പരിശീലനം നടത്തിയതും മല്‍സരങ്ങളില്‍ പങ്കെടുത്തതുമെല്ലാം ഹിജാബ്‌ അണിഞ്ഞാണെന്നും തനിക്ക്‌ ഹിജാബില്ലാതെ മല്‍സരിക്കാനാവില്ലെന്നും ആവര്‍ത്തിച്ചു. രാജ്യത്തെ എതിര്‍പ്പുകളെക്കുറിച്ച്‌ പ്രതികരിക്കാത ഒളിംപിക്‌സ്‌ പോലെ വലിയ വേദിയില്‍ തന്റെ രാജ്യത്തെ പ്രതിനിധീകരിക്കാന്‍ ലഭിച്ച അവസരത്തിലും അവര്‍ പറയുന്നത്‌ വിശ്വസമാണ്‌ പ്രധാനമെന്നാണ്‌. വിശുദ്ധ നഗരത്തില്‍ നിന്നാണ്‌ ഞാന്‍ വരുന്നത്‌. വിശ്വാസത്തിനെതിരെ ഒന്നും ചെയ്യില്ല. അങ്ങനെ ഒരു മെഡലും വേണ്ട. പൂര്‍ണമായും ശരീരം മറച്ചുള്ള മല്‍സരത്തിനെ എതിര്‍ക്കുന്നവരോട്‌ എനിക്ക്‌ പറയാനുള്ളത്‌ ശരീരപ്രകടനമല്ല പോരാട്ടമെന്നാണ്‌.
അതെ ഷഹര്‍ഖാനിയുടെ ഈ വാക്കുകള്‍ നമ്മുടെ താരങ്ങളെല്ലാം ഒന്ന്‌ കേള്‍ക്കുന്നത്‌ നല്ലതല്ലേ.... വനിതാ താരങ്ങളുടെ വസ്‌ത്രവിരോധം വര്‍ദ്ധിച്ച്‌ വരുന്ന കാലത്ത്‌ ഇത്തരത്തിലൊരു നിലപാട്‌ സ്വീകരിക്കാന്‍ ഇങ്ങനെയും ഒരാള്‍ വേണ്ടേ... ബിച്ച്‌ വോളിബോളിലും ജിംനാസ്‌റ്റിക്‌സിലും നീന്തലിലും ടെന്നിസിലും ബാഡ്‌മിന്റണിലുമെല്ലാം മല്‍സരിക്കുന്ന താരങ്ങള്‍ക്ക്‌ പിറകെ കൂടുതല്‍ കാണികളെ ആകര്‍ഷിക്കാനെന്ന പേരില്‍ വനിതാ മാമാങ്കങ്ങളെല്ലാം ബിക്കിനി മാമാങ്കങ്ങളായി മാറുകയാണിവിടെ. അറബ്‌ രാജ്യങ്ങളില്‍ നിന്നും ചില ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള താരങ്ങളാണ്‌ ഇതിന്‌ അപവാദം. നമ്മുടെ സാനിയ മിര്‍സയാവട്ടെ ഞാനൊന്നുമറിയില്ല രാമനാരായണ എന്ന മട്ടിലുമാണ്‌.
ഇനി സുമയ്യ നരാനിയിലേക്ക്‌ വരാം.ഇന്നലെ ഒളിംപിക്‌ പാര്‍ക്കിലേക്ക്‌ വരുമ്പോള്‍ അതിഥികളെ സ്വാഗതം ചെയ്യുന്ന കൂട്ടത്തില്‍ ഉയരത്തിലുള്ള ഇരിപ്പിടത്തില്‍ സുമയ്യ. നല്ല ഇംഗ്ലീഷില്‍ എല്ലാവര്‍ക്കും സ്വാഗതം പറയുന്നതാവട്ടെ പൂര്‍ണ ഇസ്ലാമിക വേഷത്തില്‍ തന്നെ. സഹ വോളണ്ടിയര്‍മാരെല്ലാം അല്‍പ്പവസ്‌ത്രധാരികളാണെങ്കില്‍ സുമയ്യ ഇറാനിയന്‍ പാരമ്പര്യം ഉയര്‍ത്തിപിടിച്ചാണ്‌ ജോലി ചെയ്യുന്നത്‌. ഫോട്ടോ എടുക്കുന്നതിലൊന്നും സുമയ്യക്ക്‌ പരാതിയില്ല. നല്ലത്‌ മാത്രമേ എഴുതാവു എന്ന അഭ്യര്‍ത്ഥന മാത്രം. ലക്ഷത്തോളം വരുന്ന വോളണ്ടിയര്‍ സംഘത്തില്‍ എല്ലാ ജാതി മതസ്ഥരുമുണ്ട്‌. സദാസമയവും പുഞ്ചിരിക്കുന്ന മുഖവുമായി സംശയങ്ങള്‍ക്ക്‌ അതിവേഗം മറുപടി നല്‍കി സ്വന്തം ജോലി മനോഹരമാക്കുന്ന വിദ്യാര്‍ത്ഥികളാണ്‌ കൂടുതല്‍.
ഇനി ഒരു അറബ്‌ ഗാഥയും പറയാം-ഖത്തറിന്‌ ഒളിംപിക്‌സില്‍ ഒരു വെങ്കലം കിട്ടി, ഷൂട്ടിംഗില്‍. വലിയ നേട്ടത്തിന്റെ ആഘോഷഭാഗമായി ഖത്തറില്‍ നിന്നുമെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ക്കെല്ലാം ഖത്തര്‍ ഒളിംപിക്‌ കമ്മിറ്റി ഗംഭീര പാരിതോഷികം വിതരണം ചെയ്‌തു-ആപ്പിളിന്റെ 4 ജി.ബി ഐ ഫോണ്‍. തനിക്ക്‌ കിട്ടിയ ഫോണുമായി ഖത്തറില്‍ നിന്നുള്ള മലയാളി ഫോട്ടോഗ്രാഫര്‍ ഷാജഹാന്‍ മൊയ്‌തീന്‍ അരികിലെത്തി ചോദിച്ചു- നിങ്ങള്‍ക്കും കിട്ടിയിരുന്നല്ലോ ഒരു വെങ്കലം. എന്നിട്ട്‌ എന്ത്‌ കിട്ടി...? അതെ ഗഗന്‍ നരാംഗ്‌ പത്ത്‌ മീറ്റര്‍ എയര്‍ റൈഫിളില്‍ വെങ്കലം നേടിയപ്പോള്‍ ഒരു മിഠായി പോലും ഇന്ത്യന്‍ ഒളിംപിക്‌ കമ്മിറ്റിക്കാര്‍ വിതരണം ചെയ്‌തില്ല. മന്ത്രി അജയ്‌ മാക്കനും സംഘവുമെല്ലാം അവിടെയുണ്ടായിരുന്നു.125 കോടിക്ക്‌ ഒരു ഓട്‌- അത്‌ കൊണ്ട്‌ എന്ത്‌ കാര്യമെന്നായിരിക്കാം നമ്മുടെ അധികാരികള്‍ ചിന്തിച്ചത്‌. ഖത്തറിന്‌ ഇനി ഒരു സ്വര്‍ണം കിട്ടിയാലോ.... ഷാജഹാനെ പോലുള്ളവര്‍ക്ക്‌ കാറും വീടുമെല്ലാം കിട്ടും. ഖത്തറെവിടെ, നമ്മളെവിടെ....!

No comments: