Wednesday, August 22, 2012

ഈ റോഡിലുറങ്ങാം


ചിത്രം
കമാല്‍ വരദൂരും സൈന നെഹ്‌വാളും

ലണ്ടന്‍ ഡയറി-6

ഈ റോഡിലുറങ്ങാം
ഒരു മുത്തവുമാവാം

ഒരു കൊതുകിനെ കാണാന്‍, നമുക്ക്‌ പരിചിതമായ ആ സംഗീതം കേള്‍ക്കാന്‍ കൊതിയാവുന്നു.... ഈ മഹാനഗരത്തിലെത്തിയിട്ട്‌ ഒരാഴ്‌ച്ച പിന്നിട്ടിരിക്കുന്നു. പക്ഷേ നാട്ടിലെ സതന്ത സഹചാരികളായ കൊതുക്‌, ഈച്ച, പാറ്റ, മൂട്ട, ഉറുമ്പ്‌, പല്ലി, കൂറ, പുഴു എന്നിവരെയൊന്നും ഇത്‌ വരെ മരുന്നിന്‌ പോലും കാണാന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യക്കാരും ബംഗ്ലാദേശികളും ലങ്കക്കാരും അഫ്‌ഗാനികളും പാക്കിസ്‌താനികളും എല്ലാം തിങ്ങിപ്പാര്‍ക്കുന്ന ഈ നഗരത്തിലൊന്നും ക്ഷുദ്രജീവികളില്ലേ.... ദരിദ്ര നാരായണന്മാരായ നമ്മള്‍ ദക്ഷിണേഷ്യക്കാര്‍ എവിടെയുണ്ടോ അവിടെ നമ്മുടെ ഈ ചിരകാല സുഹൃത്തുക്കളെയെല്ലാം കാണേണ്ടതാണ്‌. പക്ഷേ ഇവിടെ മഷിയിട്ട്‌ നോക്കിയിട്ട്‌ പോലും ഒരു കൊതുകിനെ പോലും കണ്ടില്ല. കൊതുക്‌ പോയിട്ട്‌ ഉറുമ്പിനെ കാണാന്‍ അല്‍പ്പം മധുരം നിലത്തിട്ട്‌ പത്ത്‌ മാസം കാത്തിരുന്നാലും ഉറുമ്പ്‌ വരില്ല-അതാണ്‌ ലണ്ടന്‍. അതാണ്‌ വൃത്തി.
ഇന്നലെ ഞങ്ങള്‍ മൂന്ന്‌ പേര്‍-ഡെയ്‌ലി മെയിലിലെ കണ്ണനും ടൈംസ്‌ ഓഫ്‌ ഇന്ത്യയിലെ അലോക്‌ കുമാര്‍ സിന്‌ഹയും ആഴ്‌സനലിന്‌ സമീപമുള്ള ഷൂട്ടിംഗ്‌ വേദിയായ റോയല്‍ ബാരക്‌ ഹില്‍സിലേക്കുള്ള ട്രെയിന്‍ യാത്രയില്‍ ചര്‍ച്ച ചെയ്‌തത്‌ ഈ വിഷയമായിരുന്നു. കോഴിക്കോട്ടെ കൊതുക്‌ തന്നെ ഡല്‍ഹിയിലുമുള്ളതിനാല്‍ ഇന്ദ്രപ്രസ്ഥക്കാരായ കണ്ണനും അലോകും കൊതുകിനെ തേടിയിരുന്നു. എന്ത്‌ കൊണ്ട്‌ കൊതുകില്ല എന്ന ചോദ്യം ആരോടും ചോദിക്കേണ്ടതില്ല. കാരണം എല്ലാവരും സ്വയം ജാഗ്രത പാലിക്കുന്നു, സമൂഹത്തെ സ്‌്‌നേഹിക്കുന്നു.
ലണ്ടന്‍ നഗരഭരണക്കൂടം പ്രകടിപ്പിക്കുന്ന വൃത്തിയും വെടിപ്പുമെല്ലാം അപാരമാണ്‌. നാട്‌ വിട്ട്‌ അന്യനാട്ടിലെത്തി സ്വന്തം നാടിനെ കുറ്റപ്പെടുത്തുകയാണെന്ന്‌ കരുതരുത്‌. ഇവര്‍ എല്ലാ നിലയിലും ഉയരത്തില്‍ തന്നെയാണ്‌. പണ്ട്‌ വെള്ളക്കാര്‍ നമ്മെ ഭരിച്ചിരുന്നവരാണല്ലോ-അവര്‍ പലതും നമുക്ക്‌ തന്നപ്പോള്‍ എന്തേ ഈ വൃത്തിബോധത്തെ നല്‍കാതിരുന്നത്‌. കഴിഞ്ഞ ഒരാഴ്‌ച്ചയിലായി പലസ്ഥലങ്ങളില്‍ സഞ്ചരിച്ചു. പൊടിപോലുമില്ല കണ്ട്‌ പിടിക്കാന്‍ എന്ന്‌ പറഞ്ഞത്‌ പോലെയാണ്‌ കാര്യങ്ങള്‍. നിരത്തുകളും പരിസരങ്ങളും മനോഹരമായി സംരക്ഷിക്കുന്നു. ഈ പറയുന്നതില്‍ അതിശയോക്തി തെല്ലുമില്ല കെട്ടോ... ദിവസവും റൂമില്‍ നിന്ന്‌ മീഡിയ സെന്ററിലേക്കും വിവിധ വേദികളിലേക്കുമുള്ള നിരന്തര യാത്രയില്‍ അലക്ഷ്യമായി ഒരു കടലാസ്‌ പോലും കണ്ടിട്ടില്ല.
ചില ദിവസങ്ങളില്‍ നല്ല മഴ പെയ്യാറുണ്ട്‌. നമ്മുടെ നാട്ടില്‍ മഴ പെയ്‌താല്‍ എന്തായിരിക്കും അവസ്ഥ...? ഇവിടെ മഴ പെയ്യുന്നു. അതേ വേഗതയില്‍ വെള്ളം പുറത്തേക്ക്‌ പോവുന്നു. അഞ്ച്‌ മിനുട്ട്‌ സമയത്തില്‍ റോഡുകള്‍ പഴയനില പ്രാപിക്കുന്നു.
ഞെളിയന്‍പറമ്പും വിളപ്പില്‍ശാലയും ലാലൂരുമെല്ലാമായി ജനങ്ങള്‍ പൊറുതിമുട്ടുന്ന എത്രയോ പ്രദേശങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്‌. സഹികെട്ട്‌ ജനം നിയമം കൈയ്യിലെടുക്കുന്ന കാഴ്‌ച്ചകള്‍ നമ്മള്‍ കാണുന്നുണ്ട്‌. ശാസ്‌ത്രീയ മാലിന്യ സംസ്‌ക്കരണ പ്ലാന്റ്‌ ഉടന്‍ സ്ഥാപിക്കുമെന്ന്‌ പറഞ്ഞ്‌ ഭരണക്കൂടം മുഖം രക്ഷിക്കുന്നതും കണ്ടിട്ടുണ്ട്‌. ഒരു പ്ലാന്റിന്റെയും സമരത്തിന്റെയും ആവശ്യമില്ല ഇതിനൊന്നും. അതാണ്‌ ലണ്ടന്‍ പഠിപ്പിക്കുന്നത്‌. സ്വന്തം മാലിന്യങ്ങള്‍ നിങ്ങള്‍ക്ക്‌ പരിസ്ഥിതിയെ ബാധിക്കാത്ത തരത്തില്‍ സംസ്‌കരിക്കാം. അല്‍പ്പം സ്ഥലവും സമയവും ക്ഷമയും. അത്‌ മതി. ഇവിടെ പൊതു സ്ഥലങ്ങളെ അത്തരത്തിലൊന്നും ഉപയോഗിക്കുന്നില്ല. ഓരോ ദിവസവും മാലിന്യങ്ങള്‍ എല്ലാ വീട്ടുകാരും സ്വന്തം പറമ്പിലെ ശാസ്‌ത്രീയ മാലിന്യ കൊട്ടയില്‍ നിക്ഷേപിക്കുന്നു. ആരും ഒന്നും പുറത്തേക്ക്‌ വലിച്ചെറിയുന്നില്ല. സ്വന്തം വീട്ടിലെ മാലിന്യം പൊതുനിരത്തില്‍ കവറിലാക്കി നിക്ഷേപിക്കുന്നില്ല. റോഡില്‍ കാര്‍ക്കിച്ച്‌ തുപ്പുന്ന്‌ പോലുമില്ല. പുകവലിക്കാരെ പിന്തുടര്‍ന്നപ്പോള്‍ അവര്‍ പുലര്‍ത്തുന്ന ജാഗ്രത അപാരമായിരുന്നു. സിഗരറ്റിന്റെ കുറ്റിയും പിടിച്ച്‌ അടുത്ത്‌ കാണുന്ന ഡസ്റ്റ്‌ ബിനിലേക്ക്‌ പോവുന്നു. മെട്രോ സ്‌റ്റേഷനുകളില്‍, ബസ്‌ സ്‌റ്റേഷനുകളില്‍, നിരത്തുകലുടെ സമീപത്ത്‌ എല്ലായിടത്തും മാലിന്യം നിക്ഷേപിക്കാന്‍ പ്രത്യേകര ുപാത്രങ്ങളുണ്ട്‌. നിങ്ങലെ ആരും അതിന്‌ നിര്‍ബന്ധിക്കുന്നില്ല, പക്ഷേ എല്ലാവരും സ്വന്തം കാര്യത്തിലെന്ന പോലെ മറ്റുള്ളവരുടെ കാര്യത്തിലും ജാഗ്രത പാലിക്കുന്നു. അതാണ്‌ മാറ്റം.
രസകരമായ ഒരനുഭവം പറയാം. ഇന്നലെ മടക്കയാത്രയില്‍ വഴി തെറ്റി. ഷൂട്ടിംഗ്‌ വേദിയില്‍ നിന്നും മീഡിയാ ബസ്സില്‍ കയറിയാല്‍ മതി. പക്ഷേ ഹോക്കി മല്‍സരം നടക്കുന്ന വേദിയിലേക്ക്‌ വേഗം എത്തേണ്ടതിനാല്‍ മെട്രോ ട്രെയിന്‍ പിടിക്കാനായാണ്‌ വഴി മാറി നടന്നത്‌. പക്ഷേ ചുറ്റിപ്പോയി. അപ്പോഴാണ്‌ ഒരു ബസ്‌ സ്റ്റേഷനില്‍ വൃദ്ധരായ ദമ്പതികളെ കണ്ടത്‌. അവരോട്‌ കാര്യം തിരക്കി. ലാറ്റിനമേരിക്കക്കാരായതിനാല്‍ എന്റെ ഇംഗ്ലീഷും അവരുടെ മറുപടിയും തമ്മില്‍ ഒരു ചേര്‍ച്ചയുമില്ല. അവസാനം കടലാസില്‍ എഴുതി നല്‍കി. അപ്പോഴതാ ആ വൃദ്ധന്‍ എന്റെ കരം പിടിക്കുന്നു. എന്നിട്ട്‌ എന്നെയും വലിച്ച്‌ റോഡിന്റെ മറുഭാഗത്തേക്ക്‌ നടക്കുന്നു. അവിടെയുള്ള ബസ്‌്‌ സ്‌റ്റേഷനില്‍ ഞങ്ങള്‍ രണ്ട്‌ മിനുട്ട്‌ കാത്തിരുന്നു. ബസ്‌ വന്നപ്പോള്‍ എന്നെ ബസിനകത്താക്കി ഡ്രൈവറോട്‌ സ്ഥലവും പറഞ്ഞ്‌ കൊടുത്താണ്‌ അദ്ദേഹം പോയത്‌... എത്ര സ്‌നേഹം, എത്ര വിനയം. നമ്മളോ ഒരാള്‍ വഴി ചോദിച്ചാല്‍ അവനെ പെരുവഴിയിലാക്കുന്ന മറുപടിയല്ലേ നല്‍കുക.
പ്ലീസ്‌, സോറി-ഈ പദങ്ങളാണ്‌ ഇവിടെ ഏറ്റവുമധികം ഉപയോഗിക്കുന്നത്‌. ഏത്‌ കാര്യത്തിനും പ്ലീസ്‌ എന്ന്‌ പറഞ്ഞ്‌ മാത്രമാണ്‌ തുടങ്ങുക. നിങ്ങളോട്‌ എന്ത്‌ ചോദിക്കുമ്പോഴും അപരന്‍ പ്ലീസിലാണ്‌ തുടങ്ങുക. പ്ലീസ്‌ വിച്ച്‌ കണ്‍ട്രി യൂ ആര്‍ ഫ്രം-വോളണ്ടിയര്‍മാര്‍ നമ്മെ പരിചയപ്പെടുന്നത്‌ ഇങ്ങനെയാണ്‌. ട്രെയിനില്‍ നില്‍ക്കുന്ന നമ്മുടെ മുന്നിലേക്ക്‌ ഒരാള്‍ക്ക്‌ പോവണമെങ്കില്‍, നമ്മെ മറികടക്കണമെങ്കില്‍, ലിഫ്‌റ്റിലോ എക്‌സകലേറ്ററിലോ വേഗത്തില്‍ അപരന്‌ പോവണമെങ്കില്‍ എല്ലാത്തിനും ചിരിയില്‍ പൊതിഞ്ഞ സോറിയുണ്ടാവും. ഒരതിക്രമത്തിനും ആരും മുതിരുന്നില്ല. ലണ്ടനിലേക്ക്‌ വരുമ്പോള്‍ സുഹൃത്തുക്കള്‍ പറഞ്ഞത്‌ കറുത്ത വര്‍ഗ്ഗക്കാരെ സൂക്ഷിക്കണമെന്നാണ്‌. അവര്‍ പണമടിച്ച്‌ മാറ്റും, വെറുതെ ഉടക്കിന്‌ വരുമെന്നെല്ലാം പറഞ്ഞിരുന്നു. പക്ഷേ വെള്ളക്കാരേക്കാള്‍ മിടുക്കന്മാര്‍ കറുത്തവരാണ്‌. അവരാണ്‌ ശരിക്കും കഠിനാദ്ധ്വാനം ചെയ്യുന്നത്‌. ഇന്ത്യയാണെന്ന്‌ പറഞ്ഞാല്‍ വലിയ സ്‌നേഹവും ബഹുമാനവും.
ഈ ഡയറിക്കുറിപ്പ്‌ പൂര്‍ത്തിയാവും മുമ്പ്‌്‌്‌ ഒരു അഭിമാന മുഹൂര്‍ത്തം പങ്കിടാം. 130 കോടി വരുന്ന നമ്മള്‍. ലോക ചരിത്രത്തില്‍ പലവിധ വിശേഷണങ്ങളുമുള്ള നമ്മുടെ രാജ്യം. ആ രാജ്യത്തിന്റെ പ്രിയപ്പെട്ട താരം ഗഗന്‍ നരാംഗ്‌ ഒരു മെഡല്‍ നേടുമ്പോള്‍ അതിന്‌ സാക്ഷിയാവാന്‍ എനിക്ക്‌ കഴിഞ്ഞിരിക്കുന്നു. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ നേട്ടം. എത്രയോ രാജ്യാന്തര കായിക മാമാങ്കങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടും ഇങ്ങനെ വലിയ ഒരു മുഹൂര്‍ത്തതിന്‌ സാക്ഷ്യം വഹിക്കാനായിട്ടില്ല. നമ്മുടെ ദേശീയ ഗാനം അലയടിച്ച്‌ ഉയരുമ്പോള്‍, ജനഗണമനക്കൊപ്പം കണ്ണ്‌ നിറയുന്നു. വെല്‍ഡന്‍ ഗഗന്‍.... എന്നും ചന്ദ്രികയെ സ്‌നേഹിക്കുന്ന പ്രിയപ്പെട്ട വായനക്കാരേ-നിങ്ങള്‍ക്കായി ഗഗന്‌ അഭിനന്ദനമറിയിക്കുന്നു.



No comments: