Friday, July 18, 2008

ബൗളിംഗ്‌ മികവ്‌

കൊളംബോ: ശ്രീലങ്കന്‍ പര്യടനത്തിലെ ആദ്യ മല്‍സരത്തിന്റെ ആദ്യദിനം തിളങ്ങിയത്‌ ഇന്ത്യന്‍ ബൗളര്‍മാര്‍. ലങ്കന്‍ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ഇലവനെതിരായ ത്രിദിന മല്‍സരത്തിന്റെ ആദ്യ ദിനത്തില്‍ ആതിഥേയരുടെ ഒന്നാം ഇന്നിംഗ്‌സ്‌ 224 റണ്‍സില്‍ അവസാനിപ്പിച്ച ഇന്ത്യ സ്‌റ്റംമ്പിന്‌ പിരിയുമ്പോള്‍ ഒരു വിക്കറ്റിന്‌ നാല്‌ റണ്‍സ്‌ നേടിയിട്ടുണ്ട്‌. കൊളംബോ നോണ്‍ഡി സ്‌്‌ക്രിപ്‌റ്റ്‌സ്‌ ക്രിക്കറ്റ്‌ ക്ലബ്‌ മൈതാനത്ത്‌ നടക്കുന്ന മല്‍സരത്തില്‍ ലെഫ്‌റ്റ്‌ ആം സീമര്‍ സഹീര്‍ഖാന്‍, ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ എന്നിവരാണ്‌ ലങ്കന്‍ ബാറ്റിംഗ്‌ നിരയുടെ ന്യൂനതകളിലേക്ക്‌ പന്തെറിഞ്ഞത്‌. 84 റണ്‍സ്‌ സ്വന്തമാക്കിയ കാന്‍ഡൂബി, 68 റണ്‍സ്‌ സ്‌ക്കോര്‍ ചെയ്‌ത എല്‍.പി.സി സില്‍വ എന്നിവര്‍ മാത്രമാണ്‌ ലങ്കന്‍ നിരയില്‍ പൊരുതിയത്‌. ദേശീയ താരങ്ങളായ ഉപുല്‍ തരംഗ (6), ജെഹാന്‍ മുബാറക്‌ (25) എന്നിവര്‍ നിരാശപ്പെടുത്തി.
പുതിയ പന്തില്‍ തകര്‍പ്പന്‍ പ്രകടനം നടത്തിയ സഹീര്‍ഖാന്‍ 35 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കിയപ്പോള്‍ കുംബ്ലെ 30 റണ്‍സിന്‌ മൂന്ന്‌ പേരെ തിരിച്ചയച്ചു. സസ്‌പെന്‍ഷന്‌ ശേഷം ആദ്യമായി ദേശീയ സംഘത്തില്‍ തിരിച്ചെത്തിയ ഹര്‍ഭജന്‍ 52 റണ്‍സിന്‌ രണ്ട്‌ പേരെ പുറത്താക്കി. തുടര്‍ന്ന്‌ ബാറ്റേന്തിയ ഇന്ത്യക്ക്‌ തുടക്കത്തില്‍ തന്നെ ഗാംഭീറിനെ നഷ്ടമായി. ഫെര്‍ണാണ്ടോയുടെ പന്തില്‍ മുബാറക്‌ പിടിച്ചാണ്‌ ഗാംഭീര്‍ നാല്‌ റണ്‍സുമായി പുറത്തായത്‌. വീരേന്ദര്‍ സേവാഗും സച്ചിന്‍ ടെണ്ടുല്‍ക്കറുമാണ്‌ ക്രീസില്‍.
സ്‌ക്കോര്‍ബോര്‍ഡ്‌
ശ്രീലങ്ക ബോര്‍ഡ്‌ ഇലവന്‍ ഒന്നാം ഇന്നിംഗ്‌സ്‌: ഉപുല്‍ തരംഗ-എല്‍.ബി.ഡബ്ല്യൂ-ഹി-സഹീര്‍-6, ഉദാവത്തെ-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-7, ജഹാന്‍ മുബാറക്‌-എല്‍.ബി.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍സിംഗ്‌-25, ചാമിഗ കപ്പുഗുഡേര-സി-കാര്‍ത്തിക്‌-ബി-സഹീര്‍-1, കാന്‍ഡബി-സി-കാര്‍ത്തിക്‌-ബി-മുനാഫ്‌-84, എല്‍.പി.സി സില്‍വ-സി-കുംബ്ലെ-ബി-ഹര്‍ഭജന്‍സിംഗ്‌-68, ജെ.കെ സില്‍വ-എല്‍.ബി.ഡബ്ല്യൂ-ബി-കുംബ്ലെ-12, പ്രസാദ്‌-എല്‍.ബി.ഡബ്ല്യൂ-ബി-0, ഹെറാത്ത്‌-റണ്ണൗട്ട്‌-1, എസ്‌.പ്രസന്ന-ബി-കുംബ്ലെ-5, ഡിസില്‍വ-നോട്ടൗട്ട്‌-0, എക്‌സ്‌ട്രാസ്‌-15, ആകെ 71.5 ഓവറില്‍ 244. വിക്കറ്റ്‌ വീഴ്‌ച്ച: 1-10, 2-20, 3-22, 4-82, 5-182, 6-212, 7-212, 8-214, 9-223, 10-224. ബൗളിംഗ്‌: സഹീര്‍ 12-2-35-2, ഇശാന്ത്‌ 11-2-36-1, മുനാഫ്‌ 12-3-49-1, സൗരവ്‌ 6-1-10-0, ഹര്‍ഭജന്‍സിംഗ്‌ 17.5-3-52-2, അനില്‍ കുംബ്ലെ 13-4-30-3.
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍ -സി-മുബാറക്‌-ബി-ഫെര്‍ണാണ്ടോ 4,സേവാഗ്‌-ബാറ്റിംഗ്‌-0, ആകെ 0.4 ഓവറില്‍ ഒരു വിക്കറ്റിന്‌ 4 റണ്‍സ്‌. വിക്കറ്റ്‌ വീഴ്‌ച്ച 1-4, ബൗളിംഗ്‌: ഫെര്‍ണാണ്ടോ 0.4-0-4-1

ലോകകപ്പ്‌ ഇന്ത്യയില്‍ തന്നെ
ഹൈദരാബാദ്‌: ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ യോഗ്യത നേടുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടതും, ഹോക്കി സെക്രട്ടറിയെ കൈക്കൂലി വാങ്ങുമ്പോള്‍ കൈയ്യോടെ പിടിച്ചതും, ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്‍ പിരിച്ചുവിടപ്പെട്ടതും 2010 ലെ ലോകകപ്പ്‌ ഹോക്കി ചാമ്പ്യന്‍ഷിപ്പിന്‌ വേദിയൊരുക്കുന്നതില്‍ നിന്ന്‌ ഇന്ത്യയെ അകറ്റിനിര്‍ത്തുമെന്ന ആശങ്കകള്‍ക്ക്‌ വിരാമം. 2010 ലെ ലോകകപ്പിന്‌ ഡല്‍ഹി വേദിയാവുമെന്ന്‌ ഇന്നലെ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ പ്രസിഡണ്ട്‌ എല്‍സ്‌ വാന്‍ ബ്രെഡ വ്രൈസ്‌മാന്‍ വ്യക്തമാക്കി. ഇവിടെ നടക്കുന്ന ഏഷ്യന്‍ ജൂനിയര്‍ ഹോക്കി ഫൈനല്‍ കാണാനെത്തിയ എല്‍സ ഇന്നലെ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ടും, ഇന്ത്യന്‍ ഹോക്കി ഭരണം നടത്തുന്ന അഡ്‌ഹോക്ക്‌ കമ്മിറ്റി ചെയര്‍മാനുമായ സുരേഷ്‌ കല്‍മാഡിയുമായി നടത്തിയ ചര്‍ച്ചകള്‍ക്ക്‌ ശേഷമാണ്‌ ലോകകപ്പ്‌ വേദി സംബന്ധിച്ച്‌ വിശദീകരണം വന്നത്‌. 2010 ല്‍ ഇന്ത്യ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥേയത്വം വഹിക്കുന്നതിനാല്‍ ലോകകപ്പ്‌ മല്‍സരതിയ്യതികള്‍ തീരുമാനിച്ചിട്ടില്ല. ഗെയിംസിന്‌ ശേഷമായിരിക്കും ലോകകപ്പ്‌. ഡല്‍ഹി നാഷണല്‍ സ്റ്റേഡിയത്തിലായിരിക്കും മല്‍സരങ്ങള്‍. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും സംയുക്തമായാണ്‌ ലോകകപ്പിന്‌ ആതിഥേയത്വം വഹിക്കുക.
ഒരു വര്‍ഷം മുമ്പ്‌ തന്നെ ലോകകപ്പ്‌ വേദി ന്യൂഡല്‍ഹിക്ക്‌ അനുവദിക്കുമെന്ന്‌ ലോക ഹോക്കി ഭരണാധികാരികള്‍ സൂചന നല്‍കിയിരുന്നു. എന്നാല്‍ ഇന്ത്യന്‍ ഹോക്കിയിലെ ദയനീയതയില്‍ തീരുമാനം അട്ടിമറിക്കപ്പെടാമെന്ന വാര്‍ത്തകള്‍ പരന്നു. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ ഇന്ത്യക്കായിരുന്നില്ല. ഇത്‌ വരെ നടന്ന എല്ലാ ഒളിംപിക്‌സുകളിലും ഹോകി മല്‍സരങ്ങളില്‍ പങ്കെടുത്ത ഇന്ത്യ ഇതാദ്യമായാണ്‌ യോഗ്യതാ നേടാതെ പുറത്താവുന്നത്‌. ഈ നാണക്കേടിന്‌ പുറമെ ഇന്ത്യന്‍ ഹോക്കിയെ ഭരിക്കുന്ന ഇന്ത്യന്‍ ഹോക്കി ഫെറേഷന്റെ തലപ്പത്തുളളവരുടെ നടപടിക്രമങ്ങളും വിവാദമായിരുന്നു. ദേശീയ ടീമിലേക്ക്‌ ഇടം നല്‍കാന്‍ ഒരു താരത്തില്‍ നിന്നും ഹോക്കി ഫെഡറേഷന്‍ സെക്രട്ടറി ജ്യോതികുമാരന്‍ പണം വാങ്ങുന്നത്‌ കൈയ്യോടെ പിടിക്കപ്പെട്ടതിന്‌ ശേഷം ഇന്ത്യന്‍ ഹോക്കി ഫെഡറേഷനെ പിരിച്ചുവിടാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ ധൈര്യം കാട്ടി. ഇന്ത്യന്‍ ഹോക്കി ലോകവേദിയിലേക്ക്‌ കരുത്തോടെ തിരിച്ചവരുന്നതിന്‌ ലോകകപ്പ്‌ വേദിയാവുമെന്നാണ്‌ കല്‍മാഡി പറയുന്നത്‌.

ഗില്ലിന്‌ എതിര്‍പ്പ്‌്‌
ഹൈദരാബാദ്‌: 2010 ലെ ലോകകപ്പിന്‌ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനും ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനും സംയുക്തമായി ആതിഥേയത്വം വഹിക്കാനുള്ള തീരുമാനം നിയമവിരുദ്ധമാണെന്ന്‌ പിരിച്ചുവിടപ്പെട്ട ഇന്ത്യന്‍ ഹോക്കി ഫെഡറേഷന്റെ പ്രസിഡണ്ടായിരുന്ന കെ.പി.എസ്‌ ഗില്‍. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനും ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനും തമ്മില്‍ 2010 ലെ ലോകകപ്പ്‌ സംബന്ധിച്ച്‌ ധാരണയായതാണ്‌. ഈ ധാരണ നിലനില്‍ക്കെ ഇപ്പോള്‍ ഒളിംപിക്‌ അസോസിയേഷനുമായി സഹകരിച്ച്‌ ലോകകപ്പ്‌ നടത്താനുളള നീക്കത്തെ ചോദ്യം ചെയ്യുമെന്ന്‌ അദ്ദേഹം പറഞ്ഞു.

ചാള്‍സ്‌വര്‍ത്തിന്റെ രാജി സ്വീകരിച്ചു
ഹൈദരാബാദ്‌: അനിശ്ചിതത്വം അവസാനിച്ചു. ഇന്ത്യന്‍ ഹോക്കി ഉപദേഷ്ടാവിന്റെ കസേരയില്‍ നിന്നും റിക്‌ ചാള്‍സ്‌വര്‍ത്തിന്റെ രാജി സ്വീകരിച്ചു. രാജ്യാന്തര ഹോക്കി പ്രസിഡണ്ട്‌ എല്‍സ വാന്‍ ബ്രെഡ വ്രൈസ്‌മാനാണ്‌ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ രാജി സ്വീകരിച്ച കാര്യം പരസ്യമാക്കിയത്‌. രണ്ടാഴ്‌ച്ച മുമ്പ്‌ തന്നെ ചാള്‍സ്‌വര്‍ത്ത്‌ രാജി നല്‍കി മടങ്ങിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിക്കപ്പെട്ടിരുന്നില്ല. ഇന്നലെ ഇവിടെ ചേര്‍ന്ന സ്‌പോര്‍ട്‌സ്‌ അതോരിറ്റി ഓഫ്‌ ഇന്ത്യയുടെയും ഹോക്കി ഭരണത്തിനായി നിയോഗിക്കപ്പെട്ട അഡ്‌ഹോക്കി കമ്മിറ്റിയുടെയും യോഗം രാജി സ്വീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ത്യന്‍ ഹോക്കിയെ സേവിക്കാന്‍ ഏല്‍പ്പിച്ച ദൗത്യം ചാള്‍സ്‌വര്‍ത്ത്‌ ഭംഗിയായി നിര്‍വഹിച്ചിട്ടുണ്ടെന്ന്‌ എല്‍സ പറഞ്ഞു.

ഒളിംപിക്‌സ്‌ വാര്‍ത്തകള്‍-ഒറ്റനോട്ടത്തില്‍
ഒളിംപിക്‌ ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്ത്‌ നൈജീരിയയിലൂടെ കാണാമെന്ന്‌ കോച്ച്‌
ഒളിംപിക്‌സില്‍ ബ്രസീലിന്‌ വേണ്ടി റൊണാള്‍ഡിഞ്ഞോ കളിക്കുന്നതിനെ എതിര്‍ക്കില്ലെന്ന്‌ ഏ.സി മിലാന്‍
ബെയ്‌ജിംഗില്‍ ലയണല്‍ മെസ്സിക്ക്‌ കളിക്കാനാവുമെന്നാണ്‌ പ്രതീക്ഷയെന്ന്‌ അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ അസോസിേയഷന്‍
ഒളിംപിക്‌സ്‌ മെഡലുകള്‍ സമ്മാനിക്കാന്‍ വി.വി.ഐ.പികള്‍ക്കൊപ്പം സാധാരണക്കാരും. ഇരട്ട സഹോദരങ്ങളായ ലി സിയോയും ലി സീയായും മെഡലുകള്‍ സമ്മാനിക്കും. മൊത്തം 337 പേരെയാണ്‌ മെഡല്‍ ദാനത്തിനായി സംഘാടകര്‍ തെരഞ്ഞെടുത്തിരിക്കുന്നത്‌.

വിജില്‍
ബെയ്‌ജിംഗ്‌: ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ മേളക്ക്‌ തിരശ്ശീല ഉയരാന്‍ ഇനി ഇരുപത്‌ ദിവസം മാത്രം... എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയ ചൈന കര്‍ക്കശ സുരക്ഷയിലേക്ക്‌ നീങ്ങുകയാണ്‌. ഒളിംപിക്‌സ്‌ വേളയില്‍ രാജ്യത്തിന്റെയും താരങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ കര്‍ക്കശ നടപടിയാണ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഭീകരവാദികളുടെ ഇടപെടലുകള്‍ മേളയെ ബാധിക്കുമോ എന്ന ആശങ്ക സംഘാടകര്‍ക്കും സര്‍ക്കാരിനുമുണ്ട്‌. ടിബറ്റന്‍ പ്രതിഷേധക്കാര്‍ പരസ്യമായി രംഗത്തുളള സാഹചര്യത്തില്‍ ഏത്‌ വിധത്തിലുളള ഭീഷണിയെയും നേരിടാന്‍ പോലീസും സൈന്യവും സന്നദ്ധ സംഘടനകളും സജീവമാണ്‌.
ഇന്നലെ പൊതു സുരക്ഷാ മന്ത്രാലയം സുരക്ഷാപാലനത്തിലും, പ്രശ്‌നവേളകളിലും ജനങ്ങളുടെ പിന്തു തേടി പ്രത്യേക പുസ്‌തകം തന്നെ രംഗത്തിറക്കി. ഭീകരാക്രമണമുണ്ടായാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച്‌ വിശദപ്രതിപാദനം പുസ്‌തകത്തിലുണ്ട്‌. ഏത്‌ സാഹചര്യങ്ങളെയും നേരിടാന്‍ സര്‍ക്കാര്‍ ജനങ്ങളോട്‌ അഭ്യര്‍ത്ഥിച്ചു. പലവിധത്തില്‍ വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന്‌ പുസ്‌തകത്തില്‍ പറയുന്നു. സ്‌ഫോടനം ഉള്‍പ്പെടെയുളള ഭീകരാക്രമണം, കലാപം, കിഡ്‌നാപ്പിംഗ്‌, വെടിവെപ്പ്‌, രാസായുധാക്രമണം, ആണവാക്രമണം തുടങ്ങിയുളളനീക്കങ്ങളെ നേരിടാനുളള രീതികള്‍ പുസ്‌തകത്തില്‍ വ്യക്തമാക്കുന്നു.
സംശയം തോന്നുന്ന യാതൊന്നും സ്‌പര്‍ശിക്കരുതെന്നാണ്‌ ജനങ്ങള്‍ക്ക്‌ പുസ്‌തകം നല്‍കുന്ന ശക്തമായ മുന്നറിയിപ്പ്‌. റോഡിലോ, പൊതു സ്ഥലങ്ങളിലോ, എവിടെയെങ്കിലും സംശയകരമായ എന്തെങ്കകിലും കാണുന്നപക്ഷം ഉടന്‍ തന്നെ പോലീസിലോ, സന്നദ്ധ സംഘടനകളിലോ വിവരമറിയിക്കണം. കിഡ്‌നാപ്പ്‌ ചെയ്യപ്പെട്ടാല്‍ ബഹളം വെക്കരുത്‌. പരമാവധി ക്ഷമ പാലിക്കുക. തിരിച്ചടിക്കാന്‍ ശ്രമിക്കരുത്‌. റാഞ്ചികളെ നോക്കുകയുമരുത്‌. സംസാരവും വേണ്ട. പതുക്കെ നടന്ന്‌ രഹസ്യമായി സ്വന്തം വാര്‍ത്താവിനിമയ ഉപകരണം ഒളിപ്പിക്കുക. ഭീകരവാദികളെ പോലീസ്‌ നേരിടുമ്പോള്‍ നിലത്ത്‌ മുഖമര്‍ത്തി കിടക്കുക. രാജ്യത്തിന്റെ ഏത്‌ കോണിലും സഹായം ഉടനടിയെത്തിക്കാന്‍ പ്രാപ്‌തരായ പോലീസുണ്ട്‌. ഇവരുടെ സഹായം തേടാം. കലാപകാരികളെക്കുറിച്ചും മോഷ്‌ടാക്കളെക്കുറിച്ചുമെല്ലാം വിവരമറിയിക്കുന്നവര്‍ക്ക്‌ പോലീസ്‌ പാരിതോഷികം നല്‍കും.
നാളെ മുതല്‍ ബെയ്‌ജിംഗിലേക്കുളള പ്രവേശനം കര്‍ക്കശമായി പരിശോധിക്കാനാണ്‌ പോലീസ്‌ തീരുമാനം. ഒളിംപിക്‌സ്‌ മല്‍സരവേദികളിലേക്ക്‌ പ്രവേശിക്കുന്നവരെയെല്ലാം കര്‍ശനമായി പരിശോധിക്കും. ഒളിംപിക്‌സ്‌ വേദികളോടനുബന്ധിച്ചുള്ള വിമാനത്താവളങ്ങളില്ലെല്ലാം യാത്രക്കാരെ രണ്ട്‌ വട്ടം പരിശോധിക്കും. ബസ്സിലും ട്രെയിനിലും കപ്പലിലും യാത്ര ചെയ്യുന്നവര്‍ സ്വന്തം തിരിച്ചറിയല്‍ കാര്‍ഡ്‌ പോലീസിന്‌ കാണിക്കണം. ഹൈവേകളില്ലൊം പോലീസ്‌ പ്രത്യേക ചെക്‌ പോയന്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്‌. കഴിഞ്ഞ കുറെ ദിവസങ്ങളിലായി പോലീസും പട്ടാളും കഠിന പരിശീലനത്തിലാണ്‌. അടിയന്തിര സാഹചര്യങ്ങളെ നേരിടാനുളള ഒരുക്കങ്ങളാണ്‌ ഇപ്പോള്‍ നടക്കുന്നത്‌.
ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ മേളയായി ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ മാറണമെന്നതാണ്‌ സംഘാടകരുടെയും ലക്ഷ്യം. ഇത്‌ വരെ ആര്‍ക്കും ഒരു പരാതികളുമില്ല. പരാതികളില്ലാതെ ഗെയിംസ്‌ അവസാനിക്കണം. അതിനായി എല്ലാവരും സഹകരിക്കണമെന്ന്‌ സര്‍ക്കര്‍ അഭ്യര്‍ത്ഥിക്കുന്നു.
വിദേശ മാധ്യമ പ്രതിനിധികള്‍ക്ക്‌ ഗെയിംസ്‌ വാര്‍ത്തകള്‍ തടസ്സം കൂടാതെ റിപ്പോര്‍ട്ട്‌ ചെയ്യാനുളള സജ്ജീകരണങ്ങളും പൂര്‍ത്തിയായിട്ടുണ്ടെന്ന്‌ സംഘാടകസമിതി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. ചൈനയില്‍ വിദേശ മാധ്യമ പ്രതിനിധികള്‍ക്ക്‌ സ്വതന്ത്ര സഞ്ചാരം നിഷേധിക്കപ്പെടുമെന്ന വാര്‍ത്തകളില്‍ കഴമ്പില്ല. എല്ലാ മാധ്യമപ്രവര്‍ത്തകര്‍ക്കും വാര്‍ത്തകള്‍ ശേഖരിക്കുന്നതിലും അഭിമുഖം നടത്തുന്നതിലും തടസ്സമില്ല. നാളെ മുല്‍ ഗെയിംസ്‌ ഒരുക്കങ്ങളെക്കുറിച്ച്‌ ദിവസവും രണ്ട്‌ വാര്‍ത്താ സമ്മേളനങ്ങളുണ്ടാവും.

ദീപിക അവളുടെ വഴിക്ക്‌ പോയി, എനിക്കെന്ത്‌ ചെയ്യാനാവും
മുംബൈ: ഇന്ത്യന്‍ ഏകദിന ടീം വൈസ്‌ ക്യാപ്‌റ്റന്‍ യുവരാജ്‌ സിംഗിനൊപ്പം തല്‍ക്കാലം കാമുകിമാരില്ല... കുറച്ചുകാലം ബോളിവുഡ്‌ സുന്ദരി ദീപിക പദുകോണ്‍ ഉണ്ടായിരുന്നു. അതിന്‌ മുമ്പ്‌ കീം ശര്‍മ്മയായിരുന്നു താരത്തിന്‌ കൂട്ട്‌. തല്‍ക്കാലം ആരുമില്ല. അതില്‍ യുവരാജിന്‌ പരാതിയുമില്ല
ഒരു മാസികക്ക്‌ അനുവദിച്ച അഭിമുഖത്തിലാണ്‌ തന്റെ ബന്ധങ്ങളെക്കുറിച്ച്‌ യുവി വാചാലനായത്‌. ഓം ശാന്തി ഓമിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന ദീപിക അല്‍പ്പകാലം യുവരാജിനൊപ്പമായിരുന്നു. ഇന്ത്യന്‍ ബാഡ്‌മിന്റണ്‍ ഹീറോ പ്രകാശ്‌ പദുകോണിന്റെ മകളെയും യുവരാജിനെയും പാര്‍ട്ടികളില്‍ പലവുരു കണ്ടിരുന്നു. പ്രണയമുണ്ടായിരുന്നു എന്ന്‌ യുവി സമ്മതിക്കുന്നു. അല്‍പ്പകാലം ദീപിക എനിക്കൊപ്പമായിരുന്നു. ഇപ്പോള്‍ അവള്‍ക്ക്‌ മറ്റൊരാളെ ലഭിച്ചു. ഇതെല്ലാം അവളുടെ വ്യക്തിപരമായ കാര്യമാണ്‌. ഞാന്‍ ഇടപെടാറില്ല,. നാല്‌ വര്‍ഷം കിം ശര്‍മ്മയുമായിട്ടായിരുന്നു പ്രണയം. വളരെ സീരിയസായ പ്രണയമായിരുന്നു അത്‌. എല്ലാം അതിന്റെ വഴിക്ക്‌ നീങ്ങുന്നു. പ്രണയമില്ലാതെ ജീവിക്കാനാവുമോ....യുവിയുടെ ചോദ്യം.
യുവരാജിന്റെ വലിയ മോഹങ്ങളിലൊന്ന്‌ ഇന്ത്യന്‍ ക്യാപ്‌റ്റനാവുകയാണ്‌. പക്ഷേ തന്റെ വ്യക്തിജീവിതം ചൂണ്ടിക്കാട്ടി നായകനാവാന്‍ താന്‍ യോഗ്യനല്ലെന്ന്‌ ചിലര്‍ പറയുന്നത്‌ താരത്തെ വേദനിപ്പിക്കുന്നുണ്ട്‌.

അക്തറിനെ തഴഞ്ഞു
ലാഹോര്‍: കാനഡയില്‍ നടക്കുന്ന 20-20 ചാമ്പ്യന്‍ഷിപ്പിനുള്ള പാക്കിസ്‌താന്‍ ടീമിന്റെ പരിശീലന ക്യാമ്പില്‍ ഷുഹൈബ്‌ അക്തറിന്‌ സ്ഥാനമില്ല. അച്ചടക്കനടപടിയെ തുടര്‍ന്ന്‌ അക്തറിന്‌ വിധിക്കപ്പെട്ട പിഴ തുക അദ്ദേഹം അടക്കാത്തത്‌്‌ കാരണമാണ്‌ തഴയലെന്ന്‌ കരുതുന്നു. എന്നാല്‍ ചാമ്പ്യന്‍സ്‌ ട്രോഫി സാധ്യതാ സംഘത്തില്‍ അക്തറുണ്ട്‌.

ഇംഗ്ലണ്ടിന്‌ തകര്‍ച്ച
ഹെഡിംഗ്‌ലി: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്‌റ്റിന്റെ ആദ്യദിനം ആതിഥേയരായ ഇംഗ്ലണ്ടിന്‌ ബാറ്റിംഗ്‌ തകര്‍ച്ച. ഒന്നാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ട്‌ 203 റണ്‍സിന്‌ എല്ലാവരും പുറത്തായി. 54 റണ്‍സ്‌ നേടിയ കെവിന്‍ പീറ്റേഴ്‌സണും 31 റണ്‍സ്‌ നേടിയ ഇയാന്‍ ബെല്ലും മാത്രമാണ്‌ പൊരുതിയത്‌. ദക്ഷിണാഫ്രിക്കക്ക്‌ വേണ്ടി മോണ്ടി മോര്‍ക്കല്‍ നാല്‌ വിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ സ്‌റ്റെന്‍ മൂന്ന്‌ പേരെ പുറത്താക്കി. 18 മാസത്തിന്‌ ശേഷം ദേശീയ ടീമില്‍ തിരിച്ചെത്തിയ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ 17 റണ്‍സാണ്‌ നേടിയത്‌.

ഏഷ്യാകപ്പ്‌ ഇന്ത്യക്ക്‌
ഹൈദരാബാദ്‌: ഏഷ്യാ കപ്പ്‌ ജൂനിയര്‍ ഹോക്കി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ അപരാജിത ജൈത്രയാത്ര പൂര്‍ത്തിയാക്കി. ഇന്നലെ നടന്ന ഫൈനലില്‍ ശക്തരായ ദക്ഷിണ കൊറിയയെ ഇന്ത്യ 3-2ന്‌ പരാജയപ്പെടുത്തി. ചാമ്പ്യന്‍ഷിപ്പില്‍ ഒരു മല്‍സരവും തോല്‍ക്കാതെയാണ്‌ ആതിഥേയര്‍ ഏഷ്യന്‍പ്പട്ടം നിലനിര്‍ത്തിയത്‌.

No comments: