Friday, July 25, 2008

HOPE AND REALITY


സ്വന്തം നാട്ടില്‍ ചൈന ലക്ഷ്യമിടുന്നത്‌ അമ്പത്‌ സ്വര്‍ണ്ണ മെഡലുകളാണ്‌.. രാജ്യത്തെ പ്രതിനിധീകരിക്കുന്നത്‌ 1099 പേര്‍. മെഡല്‍ ലക്ഷ്യം അവര്‍ പരസ്യമാക്കിയത്‌ കഴിഞ്ഞ ദിവസം മാത്രമാണ്‌-അതായത്‌ ഒളിംപിക്‌സ്‌്‌ തൊട്ടരികില്‍ എത്തിനില്‍ക്കുമ്പോള്‍. കഴിഞ്ഞ എട്ട്‌ വര്‍ഷമായി ചൈനീസ്‌ താരങ്ങള്‍ സ്വന്തം നാട്ടിലെ ഒളിംപിക്‌സ്‌ ലക്ഷ്യമാക്കി കഠിന പരിശീലനത്തിലാണ്‌. മറ്റൊരു കായികമേളയിലും പങ്കെടുക്കാതെ ഒരേ ഒരു ലക്ഷ്യത്തിലേക്കുള്ള ഒരുക്കത്തില്‍ അവര്‍ വിജയിച്ചിരിക്കുന്നു എന്നതിനുളള തെളിവാണ്‌ ലക്ഷ്യമിടുന്ന സ്വര്‍ണ്ണത്തെക്കുറിച്ചുള്ള വെളിപ്പെടുത്തല്‍. നമ്മുടെ സുരേഷ്‌ കല്‍മാഡിയും രണ്‍ധീര്‍സിംഗും ലളിത്‌ ഭാനോട്ടുമെല്ലാം നടത്തുന്ന വെറുതെയുളള സംസാരമല്ല ചൈനീസ്‌ ഒളിംപിക്‌ അസോസിസേയഷന്‍ നടത്തിയിരിക്കുന്നത്‌. വ്യക്തമായ കണക്ക്‌ക്കൂട്ടലുകളില്‍ നിന്നുള്ള വെളിപ്പെടുത്തലാണ്‌. സ്വന്തം താരങ്ങള്‍ക്ക്‌ തിളങ്ങാന്‍ കഴിയുന്ന മേഖലകള്‍ തെരഞ്ഞെടുത്ത്‌, താരങ്ങള്‍ക്ക്‌ എല്ലാവിധ സൗകര്യങ്ങളും നല്‍കി, അവരുടെ കരുത്തിനെ ചൂഷണം ചെയ്യുന്ന പരിശീലന മുറകളുമായി ചൈന മുന്നേറുമ്പോള്‍ നമ്മള്‍ വെറും കാഴ്‌ച്ചക്കാരാവുകയാണ്‌. ജിംനാസ്‌റ്റിക്‌സ്‌, സ്വിമ്മിംഗ്‌, ബാഡ്‌മിന്റണ്‍, ഷൂട്ടിംഗ്‌, ഭാരോദ്വഹനം തുടങ്ങിയ ഇനങ്ങളിലാണ്‌ ചൈനീസ്‌ ആധിപത്യം. ഈ മേഖലയില്‍ എതിരാളികള്‍ക്ക്‌ അവര്‍ അവസരം നല്‍കാറില്ല. ഇത്തവണ ഒളിംപിക്‌്‌സിലെ ആദ്യ സ്വര്‍ണ്ണം തങ്ങള്‍ക്ക്‌ തന്നെ ലഭിക്കണമെന്ന വാശിയും അവര്‍ക്കുണ്ട്‌.
ഇന്ത്യ എന്ന നാമം ഒളിംപിക്‌്‌സില്‍ സാധാരണ ഉയരാറുള്ളത്‌ പുരുഷ ഹോക്കിയില്‍ മാത്രമാണ്‌. ഇത്‌ വരെ നടന്ന, ഇന്ത്യ പങ്കെടുത്ത എല്ലാ ഒളിംപിക്‌സുകളിലും നമ്മുടെ ഹോക്കി ടീം കളിച്ചിരുന്നു. ഇത്തവണ ഇതാദ്യമായി ഹോക്കിയില്‍ നമുക്ക്‌ പ്രാതിനിധ്യമില്ല. ഒളിംപിക്‌സിന്‌ യോഗ്യത നേടാന്‍ നമ്മുടെ ടീമിന്‌ കഴിഞ്ഞില്ല. ഹോക്കി കഴിഞ്ഞാല്‍ ചെറിയ നേട്ടം ട്രാക്കിലായിരുന്നു. ട്രാക്കിലും ഇത്തവണ പ്രതീക്ഷകള്‍ മാത്രമാണ്‌. വെയ്‌റ്റ്‌ലിഫ്‌ടിംഗില്‍ പ്രത്യേകിച്ച്‌ വനിതാ വിഭാഗത്തില്‍ നേടാനായ കരുത്ത്‌ മരുന്നടിയിലൂടെ നഷ്ടമാക്കിയ ഇന്ത്യ ടെന്നിസിലെ ഖ്യാതി തമ്മിലടിയിലൂടെയും ഇല്ലാതാക്കിയിരിക്കയാണ്‌. കാക്കത്തൊളളായിരം കായിക സംഘടനകള്‍ ഉളള രാജ്യത്ത്‌ കായിക ഏകോപനമില്ല. സംഘടനകളെ ഏകോപിപ്പിക്കാന്‍ ബാധ്യസ്ഥരായ കായിക മന്ത്രാലയം എല്ലാം കണ്ടില്ലെന്ന്‌ നടിക്കുന്നു. സര്‍ക്കാരുകള്‍ മാറി മാറി വരുമ്പോള്‍ മന്ത്രാലയത്തിന്റെ ചുമതലയും മാറുന്നു. ഒരു മന്ത്രിക്ക്‌ തോന്നുന്നത്‌ അദ്ദേഹത്തിന്റെ നയം, അടുത്ത മന്ത്രിക്ക്‌ അദ്ദേഹത്തിന്റെ നയം, കായിക സംഘടനകള്‍ക്ക്‌ അവരുടെ നയം. ഈ നയ ബഹളത്തില്‍ പാവം താരങ്ങള്‍ ഇല്ലാതാവുന്നു.
ഇന്ത്യ ആദ്യമായി പങ്കെടുത്ത ഒളിംപിക്‌സ്‌ 1900 ത്തില്‍ പാരീസില്‍ നടന്ന ഒളിംപിക്‌സായിരുന്നു. ആ ലോക മേളയില്‍ നോര്‍മന്‍ പിച്ചാര്‍ഡ്‌ എന്ന ആംഗ്ലോ ഇന്ത്യക്കാരനാണ്‌ രാജ്യത്തിന്റെ അഭിമാനമായത്‌. പുരുഷന്മാരുടെ 200 മീറ്ററിലും 200 മീറ്റര്‍ ഹര്‍ഡില്‍സിലും പിച്ചാര്‍ഡ്‌ വെളളി മെഡല്‍ നേടി. രസകരമായ സത്യം പിച്ചാര്‍ഡിന്റെ ഒളിംപിക്‌്‌സ്‌ സാന്നിദ്ധ്യം തന്നെയായിരുന്നു. പാരീസില്‍ ഒളിംപിക്‌സ്‌ നടക്കുമ്പോള്‍ അദ്ദേഹം അവിടെ അവധി ദിവസങ്ങള്‍ ആഘോഷിക്കാനെത്തിയതായിരുന്നു. അങ്ങനെ ഇന്ത്യയെ പ്രതിനിധീകരിച്ച്‌ ഒളിംപിക്‌സില്‍ പങ്കെടുത്തു. മെഡലുകളും നേടി. ഇന്നും നമ്മുടെ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ രാജ്യത്തിനായി ആദ്യ മെഡല്‍ നേടിയ വ്യക്തി എന്ന സ്ഥാനം പിച്ചാര്‍ഡിനാണ്‌. വീണ്ടും ഇന്ത്യ ഒളിംപിക്‌്‌സില്‍ പങ്കെടുക്കുന്നത്‌ 20 വര്‍ഷം കഴിഞ്ഞ്‌ 1920 ല്‍ ആന്‍ഡ്‌വെര്‍പ്പില്‍ നടന്ന ഒളിംപിക്‌സിലായിരുന്നു. രണ്ട്‌ പേര്‍ മാത്രമായിരുന്നു അന്നത്തെ ഇന്ത്യന്‍ സംഘത്തില്‍. 1924 ല്‍ പാരീസില്‍ നടന്ന ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനീധികരിച്ച്‌ എട്ട്‌ പേര്‍ പങ്കെടുത്തു. പക്ഷേ മെഡലുകള്‍ ആര്‍ക്കുമുണ്ടായിരുന്നില്ല. ഈ ഒളിംപിക്‌്‌സുകളില്‍ ഇന്ത്യന്‍ പ്രാതിനിധ്യം നാമ മാത്രമായിരുന്നു. ആരും അവകാശവാദങ്ങള്‍ക്കൊന്നും മുതിര്‍ന്നിരുന്നില്ല. സ്വപ്‌നം കാണാനും ആരുമുണ്ടായിരുന്നില്ല. പിച്ചാര്‍ഡ്‌ എന്ന താരം ഒളിംപ്‌കിസില്‍ പങ്കെടുത്തത്‌ തന്നെ നാടകീമായിട്ടായിരുന്നു.
1928 ല്‍ ആംസ്‌റ്റര്‍ഡാമില്‍ നടന്ന ഒളിംപിക്‌സിലാണ്‌ ഇന്ത്യയുടെ സംഘടിത പ്രാതിനിധ്യമുണ്ടായത്‌. 1927 ല്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ രൂപികരിച്ചിരുന്നു. അസോസിയേഷന്‌ കീഴിലാണ്‌ ആംസ്‌റ്റര്‍ഡാമില്‍ ഇന്ത്യ പങ്കെടുത്തത്‌. ദോറാബ്‌ജി ടാറ്റയായിരുന്നു അസോസിയേഷന്റെ ആദ്യ പ്രസിഡണ്ട്‌. യംഗ്‌മെന്‍സ്‌ കൃസ്‌റ്റിയന്‍ അസോസിയേഷനിലെ ഡോ.ഏ.സി നോര്‍ത്തേണ്‍ സെക്രട്ടറിയും. ഇന്ത്യന്‍ ഹോക്കി ടീം ആദ്യമായി ഒളിംപിക്‌സ്‌ കളിച്ചപ്പോള്‍ ജയ്‌പാല്‍ സിംഗ്‌ നയിച്ച ടീം സ്വര്‍ണ്ണവും നേടി. അന്നൊന്നും യൂറോപ്പിന്‌ ഹോക്കി എന്താണെന്ന്‌ അറിയുമായിരുന്നില്ല. 1928 മുതല്‍ 1956 വരെയുള്ള അടുത്ത ആറ്‌ ഒളിംപിക്‌സുകളില്‍ ഹോക്കിയില്‍ ഇന്ത്യ മാത്രമായിരുന്നു. ഹോക്കി മാന്ത്രികന്‍ ധ്യാന്‍ചന്ദിലൂടെ ഇന്ത്യ ലോകം കീഴടക്കി. ഈ കാലയളവിലെ ഒളിംപിക്‌സുകളില്‍ ഇന്ത്യന്‍ ഹോക്കി പരാജയം എന്തെന്ന്‌ അറിഞ്ഞിരുന്നില്ല. എല്ലാ മല്‍സരങ്ങളിലും വിജയം മാത്രം. കളിച്ചത്‌ 24 മല്‍സരങ്ങളില്‍, ജയിച്ചത്‌ 24 മല്‍സരങ്ങളില്‍. മൊത്തം 178 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. വഴങ്ങിയത്‌ കേവലം ഏഴ്‌ ഗോളുകള്‍. 64 ല്‍ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സിലും 80 ല്‍ മോസ്‌ക്കോയില്‍ നടന്ന ഒളിംപിക്‌സിലും ഇന്ത്യന്‍ ഹോക്കി ടീം സ്വര്‍ണ്ണമണിഞ്ഞു. പിന്നെ കഷ്ടകാലമായിരുന്നു. കഷ്ടകാലത്തിന്റെ പാരമ്യതയിലാണ്‌ ഇപ്പോള്‍ ഒളിംപിക്‌സ്‌ യോഗ്യത തന്നെ ടീമിന്‌ നേടാന്‍ കഴിയാഞ്ഞത്‌. ഇന്ത്യന്‍ ഹോക്കി ഫെഡറേഷനിലെ വിഴുപ്പലക്കലിലും തമ്മിലടിയിലും ഹോക്കി എന്ന ദേശീയ ഗെയിം സത്യത്തില്‍ ഇല്ലാതാവുകയായിരുന്നു.
ഒളിംപിക്‌സ്‌ അത്‌ലറ്റിക്‌സില്‍ ഇന്ത്യക്ക്‌ വലിയ നേട്ടങ്ങളില്ല. ആറ്‌ ഇന്ത്യക്കാരും, 4-400 മീറ്റര്‍ വനിതാ റിലേ ടീമും മാത്രമാണ്‌ ഇത്‌ വരെ ഒളിംപിക്‌സ്‌ ഫൈനലില്‍ എത്തയിട്ടുളളവര്‍. നോര്‍മന്‍ പിച്ചാര്‍ഡ്‌ (1900 പാരിസ്‌ ഒളിംപ്‌കിസ്‌, രണ്ട്‌ വെളളി മെഡലുകള്‍), ഹെന്‍ട്രി റിബലോ (1948 ലെ ലണ്ടന്‍ ഒളിംപിക്‌സ്‌, ട്രിപ്പിള്‍ ജംമ്പ്‌), മില്‍ഖാസിംഗ്‌ (1960 ലെ റോം ഒളിംപിക്‌്‌സ്‌, 400 മീറ്ററില്‍ നാലാം സ്ഥാനം), ഗുര്‍ബച്ചന്‍സിംഗ്‌ രണ്‍ധാവ (1964 ടോക്കിയോ ഒളിംപിക്‌സ്‌, 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അഞ്ചാം സ്ഥാനം), ശ്രീരാം സിംഗ്‌ (1976 ലെ മോണ്‍ട്രിയല്‍ ഒളിംപിക്‌സ്‌, 800 മീറ്ററില്‍ ഏഴാം സ്ഥാനം), പി.ടി ഉഷ (1984 ലെ ലോസാഞ്ചലസ്സ്‌ ഒളിംപിക്‌്‌സ്‌. വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ നാലാം സ്ഥാനം, സെക്കന്‍ഡിന്റെ നൂറിലൊരംശത്തിലാണ്‌ ഉഷക്ക്‌ മെഡല്‍ നഷ്ടമായത്‌), വനിതകളുടെ 400 മീറ്റര്‍ റിലേ ടീം (1984 ലെ ലോസാഞ്ചലസ്സ്‌ ഒളിംപിക്‌സ്‌. പി.ടി ഉഷ, എം.ഡി വല്‍സമ്മ, വന്ദനറാവു, ഷൈനി അബ്രഹാം എന്നിവരുടെ ടീം, ഏഴാം സ്ഥാനം) എന്നിവരായിരുന്നു ട്രാക്കിലെ അഭിമാനങ്ങള്‍.
ഹോക്കിയും ട്രാക്കും മാറ്റിനിര്‍ത്തിയാല്‍ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ കാര്യമായി ഒന്നുമില്ല. ജനസംഖ്യയില്‍ ചൈനക്ക്‌ പിറകില്‍ രണ്ടാമത്‌ നില്‍ക്കുന്ന രാജ്യത്തിന്റെ ആകെ നേട്ടം പരിശോധിച്ചാലാണ്‌ ദയനീയത കൂടുതല്‍ വ്യക്തമാവുക. ഇത്‌ വരെ നേടിയത്‌ എട്ട്‌ സ്വര്‍ണ്ണങ്ങള്‍-എട്ടും ഹോക്കിയില്‍. അത്‌ലറ്റിക്‌്‌സില്‍ രണ്ട്‌ വെളളി-നോര്‍മന്‍ പിച്ചാര്‍ഡിന്റെ വക. റസ്‌ലിംഗില്‍ രണ്ട്‌ വെങ്കലമുണ്ട്‌ (1952 ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ഒളിംപ്‌ക്‌സില്‍ കഷബ ദാദസാഹബ്‌ യാദവ്‌ നേടിയത്‌). ഷൂട്ടിംഗില്‍ ഒരു വെളളിയും ഒരു വെങ്കലവും (വെളളി രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍ 2004 ഏതന്‍സ്‌, വെങ്കലം ഡോ. കമല്‍സിംഗ്‌ 1964 ടോക്കിയോ), ടെന്നിസില്‍ ഒരു വെങ്കലം (ലിയാന്‍ഡര്‍ പെയ്‌സ്‌ 1996 അറ്റ്‌ലാന്റ ഒളിംപിക്‌്‌സ്‌), ഭാരോദ്വഹനത്തില്‍ ഒരു വെങ്കലം (കര്‍ണ്ണം മല്ലേശ്വരി 2000 സിഡ്‌നി). ഇതോടെ മെഡല്‍ ചരിത്രം അവസാനിക്കുന്നു.
ഇത്തവണ ബെയ്‌ജിംഗില്‍ ആരെങ്കിലുമൊരാള്‍ ഒരു മെഡല്‍ നേടിയാലായി.... അമ്പതോളം പേരുണ്ട്‌ രാജ്യത്തെ പ്രതിനിധീകരിക്കാന്‍. ഇതില്‍ ആരെങ്കിലുമൊരാള്‍ നേടുന്ന മെഡലായിരിക്കും അടുത്ത നാല്‌ വര്‍ഷത്തെ നമ്മുടെ നേട്ടം. ബെയ്‌ജിംഗ്‌ കഴിഞ്ഞാല്‍ 2012 ല്‍ ലണ്ടന്‍-അവിടെയും പ്രതീക്ഷകള്‍ക്കും സ്വപ്‌നത്തിനും കുറവുണ്ടാവില്ല....എല്ലാവരും മെഡല്‍ വാരുമ്പോള്‍ നമ്മള്‍ നല്ല കാഴ്‌ച്ചക്കാരാവും.

3 comments:

sreekkuttan said...
This comment has been removed by the author.
അന്യന്‍ said...

"കൊള്ളാമല്ലോ...
കമാല്‍ക്കാ...
ഇങ്ങള്‌..
ബ്ലോഗിലും ഉണ്ടെന്ന്‌
ഞമ്മക്കറിയില്ലായിരുന്നു..കേട്ടോ...:)
എന്തായാലും..
സ്പോര്‍ട്സ്‌ ലേഖനം
കൊള്ളാം...
ആശംസകള്‍..
(നമ്മളെയൊക്കെ അറിയുമോ..ആവോ)"

KAMALVARADOOR said...

nandi]