Thursday, July 3, 2008

class lanka, poor india




കറാച്ചി: ഇന്ത്യന്‍ ബൗളിംഗിനെ നിഷ്‌പ്രയാസം എതിരിട്ടാണ്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ശ്രീലങ്ക 308 റണ്‍സ്‌ സ്വന്തമാക്കിയത്‌. ഒരു ബൗളറെയും ലങ്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ ബഹുമാനിച്ചില്ല. നാഷണല്‍ സ്റ്റേഡിയത്തിലെ ട്രാക്കില്‍ നിന്ന്‌ ഒരു പിന്തുണയും ബൗളര്‍മാര്‍ക്ക്‌ ലഭിച്ചതുമില്ല. പാക്കിസ്‌താനതിരെ നടന്ന മല്‍സരത്തിലെ ദയനീയ തോല്‍വിക്ക്‌ ശേഷം ടീമില്‍ രണ്ട്‌ ബൗളിംഗ്‌ മാറ്റങ്ങളുമായാണ്‌ ഇന്ത്യ കളിച്ചത്‌. യൂസഫ്‌ പത്താന്‌ പകരം പ്രഗ്യാന്‍ ഒജയും പിയൂഷ്‌ ചാവ്‌ലക്ക്‌ പകരം ആര്‍.പി സിംഗും ആദ്യ ഇലവനില്‍ വന്നു. ഈ മാറ്റങ്ങള്‍ കാര്യമായ ഗുണം ചെയ്‌തില്ല. ഒമ്പതാം ഓവറില്‍ തന്നെ ലങ്കന്‍ സ്‌ക്കോര്‍ 50 കടന്നു. കേവലം 53 പന്തില്‍ നിന്നായിരുന്നു ഈ കുതിപ്പ്‌. സനത്‌ ജയസൂര്യ ബൗളര്‍മാരെ കൂസാതെ കളിച്ചപ്പോള്‍ ഇശാന്ത്‌ ശര്‍മ്മ കുമാര്‍ സങ്കക്കാരെയെ പുറത്താക്കിയത്‌ മാത്രമായിരുന്നു ഈ ഓവറുകളില്‍ ഇന്ത്യക്ക്‌ ലഭിച്ച നേട്ടം. രണ്ടാം വിക്കറ്റില്‍ സനതും ക്യാപ്‌റ്റന്‍ മഹേലയും ചേര്‍ന്ന്‌ 42 പന്തില്‍ 50 റണ്‍സാണ്‌ നേടിയത്‌. 37 പന്തുകള്‍ നേരിട്ട സനത്‌ എട്ട്‌ തവണയാണ്‌ പന്തിനെ അതിര്‍ത്തി കടത്തിയത്‌. 43 റണ്‍സുമായി ജ്വലിച്ചുനിന്ന വെറ്ററന്‍ താരത്തെ ഇശാന്ത്‌ പുറത്തായാക്കിയെങ്കിലും ടീമിന്‌ പ്രതീക്ഷിച്ച തുടക്കം നല്‍കാന്‍ അദ്ദേഹത്തിനായിരുന്നു.
15 ഓവര്‍ പിന്നിടുമ്പോള്‍ രണ്ട്‌ വിക്കറ്റിന്‌ 87 റണ്‍സായിരുന്നു ലങ്കന്‍ സ്‌ക്കോര്‍. പതിനെട്ടാം ഓവറില്‍ സ്‌ക്കോര്‍ 100 കടന്നു. മഹേലയും കപ്പുഗുഡേരയും ബൗളര്‍മാരെ കശക്കി സ്‌ക്കോര്‍ ഉയര്‍ത്തുമ്പോള്‍ ഇന്ത്യന്‍ നായകന്‍ ധോണിക്ക്‌ മറുപടി ഉണ്ടായിരുന്നില്ല. 27-ാം ഓവറില്‍ സ്‌ക്കോര്‍ 150 ലെത്തി. അതിനിടെ മഹേല പുറത്തായി. ഈ വിക്കറ്റ്‌ വീഴ്‌ച്ചയും സ്‌ക്കോറിംഗിനെ ബാധിച്ചില്ല. കപ്പുഗുഡേരയും സില്‍വയും ദില്‍ഷാനുമെല്ലാം പിച്ച്‌ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തി. ഇര്‍ഫാനാണ്‌ ബൗളര്‍മാരില്‍ സമ്പൂര്‍ണ്ണ നിരാശ സമ്മാനിച്ചത്‌. പത്ത്‌ ഓവറില്‍ ഓള്‍റൗണ്ടര്‍ 80 റണ്‍സ്‌ നല്‍കി.

No comments: