Thursday, July 31, 2008

VEERU ONLY


സീനിയേഴ്‌സ്‌ തുലച്ചു
ഗാലി: മേഘാവൃതമായ ആകാശത്തെയും, അജാന്ത മെന്‍ഡീസ്‌- മുത്തയ്യ മുരളീധരന്‍ സ്‌പിന്‍ ദ്വയത്തെയും ചെറുത്തു തോല്‍പ്പിക്കുന്നതില്‍ വീരേന്ദര്‍ സേവാഗ്‌-ഗൗതം ഗാംഭീര്‍ ഓപ്പണിംഗ്‌ സഖ്യം വിജയിച്ചപ്പോള്‍ ഇന്ത്യന്‍ സ്‌ക്കോര്‍ വിക്കറ്റ്‌ പോവാതെ 167 ല്‍ എത്തിയിരുന്നു. ഇടക്ക്‌ മഴ പെയ്‌തപ്പോള്‍ മൂന്ന്‌ മണിക്കൂറോളം കളി നഷ്‌ടമായി. പിന്നെ കാണാനായത്‌ നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ തിരിഞ്ഞു നടക്കുന്നതാണ്‌. ഇന്ത്യ-ലങ്ക ഗാലി ടെസ്‌റ്റ്‌ ആദ്യദിവസം അവസാനിക്കുമ്പോള്‍ നല്ല തുടക്കം പാഴാക്കിയ ഇന്ത്യ ലങ്കക്ക്‌ ഡ്രൈവിംഗ്‌ സീറ്റ്‌ കൈമാറി. നാല്‌ വിക്കറ്റിന്‌ 214 റണ്‍സാണ്‌ ഇന്ത്യന്‍ സ്‌ക്കോര്‍. 128 റണ്‍സുമായി സേവാഗും 13 റണ്‍സുമായി ലക്ഷ്‌മണും ക്രീസിലുണ്ട്‌. ഈ സഖ്യം തകര്‍ന്നാല്‍ ടീമും തകരും. ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ തരിപ്പണമാക്കിയ മുരളിക്ക്‌ ആദ്യം ദിനം ആരും വിക്കറ്റ്‌ സമ്മാനിച്ചില്ല എന്നത്‌ മാത്രമാണ്‌ ഇന്ത്യന്‍ നേട്ടം.-പിന്നെ സേവാഗിന്റെ തട്ടുതകര്‍പ്പന്‍ സെഞ്ച്വറിയും.
ടോസ്‌ നേടി ബാറ്റിംഗ്‌ തെരഞ്ഞെടുത്ത ഇന്ത്യ കൊളംബോ ദയനീയത മറന്ന്‌ തകര്‍പ്പന്‍ ബാറ്റിംഗാണ്‌ നടത്തിയത്‌. സേവാഗ്‌ സ്വതസിദ്ധമായ ഫോമിലേക്കുയര്‍ന്നപ്പോള്‍ ഗാംഭീര്‍ പ്രതിരോധത്തിലൂടെ കൂട്ടുകാരന്‌ ഉറച്ച പിന്തുണ നല്‍കി. മഴയില്‍ കളി മുടങ്ങുന്നത്‌ വരെ ഇവര്‍ പിടികൊടുത്തില്ല. ആകെ ഒരവസരം നല്‍കിയത്‌ ഗാംഭീറായിരുന്നു. വ്യക്തിഗത സ്‌ക്കോര്‍ 13 ല്‍ അദ്ദേഹം നല്‍കിയ അവസരം ഒന്നാം സ്ലിപ്പില്‍ കുമാര്‍ സങ്കക്കാര പാഴാക്കി. മഴക്ക്‌ ശേഷം കളി പുനരാരംഭിച്ചപ്പോള്‍ അജാന്ത (74 ന്‌ 2), ചാമിന്ദ വാസ്‌ (57 ന്‌ 2) എന്നിവര്‍ ഇന്ത്യക്ക്‌ മുന്നില്‍ വില്ലന്മാരായി. ആദ്യ സെഷനിലെ 29 ഓവറുകളില്‍ വിക്കറ്റ്‌ പോവാതെ 151 റണ്‍സായിരുന്നു ഇന്ത്യന്‍ സ്‌ക്കോര്‍. വാസിന്റെ പന്ത്‌ സിക്‌സറിന്‌ പറത്തി തന്റെ പതിനഞ്ചാം ടെസ്റ്റ്‌ സെഞ്ച്വറി സേവാഗ്‌ പൂര്‍ത്തിയാക്കിയ ഉടന്‍ മറുഭാഗത്ത്‌ ഗാംഭീര്‍ മെന്‍ഡിസിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുടുങ്ങി. 92 പന്തില്‍ നിന്ന്‌ അര്‍ദ്ധശതകം തികച്ച ഗാംഭീര്‍ അമ്പയറുടെ തീരുമാനത്തെ ചോദ്യം ചെയ്‌തെങ്കിലും തേര്‍ഡ്‌ അമ്പയറുടെ വിധിയും ഓപ്പണര്‍ക്ക്‌ എതിരായിരുന്നു. ദ്രാവിഡ്‌ രണ്ട്‌ റണ്ണാണ്‌്‌ നേടിയത്‌. മെന്‍ഡീസിന്റെ പന്തില്‍ വര്‍ണപുരക്ക്‌ ക്യാച്ച്‌. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ തകര്‍ക്കാനെത്തിയ സച്ചിന്‍ വാസിന്റെ പന്തില്‍ വിക്കറ്റിന്‌ മുന്നില്‍ കുരുങ്ങിയപ്പോള്‍ സൗരവ്‌ വന്നതും പോയതും ഒരുമിച്ചായിരുന്നു. ഇരു ടീമുകളിലും മാറ്റമുണ്ടായിരുന്നില്ല.
സക്കോര്‍ബോര്‍ഡ്‌: ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌. ഗാംഭീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-56, സേവാഗ്‌-നോട്ടൗട്ട്‌-128, ദ്രാവിഡ്‌-സി-വര്‍ണപുര-ബി-മെന്‍ഡീസ്‌-2, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-വാസ്‌-5, സൗരവ്‌-സി-പ്രസന്ന-ബി-വാസ്‌-0, ലക്ഷ്‌മണ്‍-നോട്ടൗട്ട്‌-13, എക്‌സ്‌ട്രാസ്‌-10. ആകെ 44.3 ഓവറിവല്‍ നാല്‌ വിക്കറ്റിന്‌ 214. വിക്കറ്റ്‌ പതനം: 1-167,2-173, 3-178, 4-178. ബൗളിംഗ്‌: വാസ്‌ 14-1-57-2, കുലശേഖര 8-1-40-0, മെന്‍ഡിസ്‌ 14-1-74-2, മുരളി 8.3-0-39-0

No comments: