ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ (ഐ.സി.സി) നിന്ന് സിംബാബ്‌വെയെ പുറത്താക്കാനുള്ള ഇംഗ്ലണ്ടിന്റെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഏഷ്യന്‍ രാജ്യങ്ങള്‍ സിംബാബ്‌വെയെ പിന്തുണക്കും. 2010 ല്‍ ഇംഗ്ലണ്ട് ആതിഥേയത്വം വഹിക്കുന്ന 20-20 ലോകകപ്പിനും ഭീഷണി
ദുബായ്: രാഷ്ട്രീയ കാരണങ്ങളാല്‍ സിംബാബ്‌വെയെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലില്‍ നിന്ന് പുറത്താക്കണമെന്ന ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യത്തെ ഏഷ്യ എതിര്‍ത്തതോടെ ഇവിടെ നടക്കുന്ന ഐ.സി.സി പ്രവര്‍ത്തകസമിതി യോഗത്തില്‍ ഇംഗ്ലണ്ടിന് അനുകൂലമായ നിര്‍ണ്ണായക തീരുമാനമുണ്ടാവില്ലെന്ന് സൂചന. റോബര്‍ട്ട് മുകാബെയുടെ ഏകാധിപത്യത്തിലുളള രാജ്യത്തെ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്ന ഇംഗ്ലണ്ടിന്റെ ആവശ്യത്തിനെ പരസ്യമായി അനുകൂലിക്കാന്‍ ദക്ഷിണാഫ്രിക്ക മാത്രമാണ് തയ്യാറായത്. ഇന്ത്യ, പാക്കിസ്‌താന്‍, ശ്രീലങ്ക തുടങ്ങിയവരുടെ ഏഷ്യന്‍ ബ്ലോക് സിംബാബ്‌വെയെ പിന്തുണക്കുകയാണ്.
രണ്ട് ദിവസമായി ഇവിടെ നടക്കുന്ന പ്രവര്‍ത്തകസമിതിയിലെ പ്രധാന അജണ്ട സിംബാബ്‌വെ വിഷയമാണ്‌്. ഇംഗ്ലണ്ടും ദക്ഷിണാഫ്രിക്കയും ഇതിനകം സിംബാബ്‌വെയുമായുളള എല്ലാ ബന്ധങ്ങളും വിഛേദിച്ചിട്ടുണ്ട്. മുകാബെയുടെ നാട്ടിലേക്ക് ഇനി കളിക്കാനില്ലെന്നാണ് ഇംഗ്ലണ്ടിന്റെ നിലപാട്. എന്നാല്‍ ഈ നിലപാട് ഇംഗ്ലണ്ട് കര്‍ക്കശമാക്കുന്ന പക്ഷം 2010 ല്‍ അവിടെ നടക്കുന്ന 20-20 ലോകകപ്പിനും ഭീഷണി ഉണ്ടാവും. നിലവിലുള്ള സാഹചര്യത്തില്‍ സിംബാബ്‌വെയെ പുറത്താക്കാനുളള ഇംഗ്ലണ്ടിന്റെ ശ്രമങ്ങള്‍ വിജയിക്കില്ല. ഐ.സി.സിയിലെ പത്ത് സ്ഥിരം അംഗങ്ങളില്‍ ഏഴ് പേരെങ്കിലും ഇംഗ്ലണ്ടിനൊപ്പം നിന്നാല്‍ മാത്രമാണ് അവരുടെ ആവശ്യം അംഗീകരിക്കപ്പെടുക. ഇന്ത്യയും പാക്കിസ്‌താനും ശ്രീലങ്കയും ബംഗ്ലാദേശും സിംബാബ്‌വെക്കൊപ്പം നില്‍ക്കുമെന്ന് വ്യക്തമായ സാഹചര്യത്തില്‍ വോട്ടെടുപ്പ് നടന്നാല്‍ തന്നെ ഫലമുണ്ടാവില്ല.
ക്രിക്കറ്റില്‍ രാഷ്‌ട്രീയം കലര്‍ത്തുന്നതിനോട് തനിക്ക് താല്‍പ്പര്യമില്ലെന്ന് ശ്രീലങ്കന്‍ സ്‌പോര്‍ട്‌സ് മന്ത്രി ഗാമിനി ലോകുഗെ വ്യക്തമാക്കി. ക്രിക്കറ്റില്‍ ക്രിക്കറ്റ് മാത്രം മതി. രാഷ്ട്രീയ കാര്യങ്ങളുമായി അതിനെ ബന്ധിപ്പിക്കുന്നതിനോട് തന്റെ രാജ്യത്തിന് താല്‍പ്പര്യമില്ലെന്ന് അദ്ദേഹം പരസ്യമാക്കി. ദീര്‍ഘകാലം പാക്കിസ്‌താനില്‍ സൈനീക ഭരണമായിരുന്നു. പക്ഷേ അതൊന്നും പാക്കിസ്‌താന്‍ ക്രിക്കറ്റിനെ ബാധിച്ചിരുന്നില്ല. അത് പോലെ സിംബാബ്‌വെയിലെ രാഷ്‌ട്രീയ കാരണങ്ങളില്‍ അവിടെ ക്രിക്കറ്റ് പാടില്ല എന്ന് പറയുന്നതില്‍ കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതേ നിലപാട് തന്നെയാണ് ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്. സിംബാബ്‌വെയെ നിരോധിക്കണെമന്ന ആവശ്യത്തില്‍ കഴമ്പില്ല. ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന്റെ നിലപാട് മനസ്സിലാവും. പക്ഷേ ഐ.സി.സിയില്‍ നിന്ന് സിംബാബ്‌വെയെ പുറത്താക്കണമെന്ന വാദത്തോട് ഇന്ത്യ യോജിക്കില്ലെന്ന് ക്രിക്കറ്റ് ബോര്‍ഡ് സെക്രട്ടറി നിരഞ്‌ജന്‍ ഷാ പറഞ്ഞു. അടുത്ത മാസം പാക്കിസ്‌താന്‍ എ ടീം സിംബാബ്‌വെയില്‍ പര്യടനം നടത്തുന്നുമെന്നും സിംബാബ്‌വെയെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കൊപ്പം നില്‍ക്കില്ലെന്നും പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡും പരസ്യമാക്കിയിട്ടുണ്ട്. എന്നാല്‍ ബി.ബി.സി.യുമായി സംസാരിക്കവെ പി.സി.ബി മുന്‍ തലവനായ ഷഹരിയാര്‍ഖാന്‍ ഇംഗ്ലണ്ടിനെ ന്യായീകരിക്കുകയാണ് ചെയ്‌തത്. താനാണ് പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ തലവനെങ്കില്‍ സിംബാബ്‌വെയെ എതിര്‍ക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സ്വന്തം നിലപാടില്‍ ഇംഗ്ലണ്ട് ഉറച്ചുനിന്നാല്‍ 2010 ലെ 20-20 ലോകകപ്പിന്റെ കാര്യത്തില്‍ ഐ.സി.സിക്ക് പുതിയ തീരുമാനങ്ങള്‍ എടുക്കേണ്ടി വരും. ലോകകപ്പ് ഇംഗ്ലണ്ടില്‍ നടക്കുന്നപക്ഷം സിംബാബ്‌വെയെ ഉള്‍പ്പെടുത്തേണ്ടി വരും. എന്നാല്‍ ആഫ്രിക്കന്‍ രാജ്യവുമായുള്ള എല്ലാ ബന്ധവും ഇംഗ്ലണ്ട് വിഛേദിച്ച സാഹചര്യത്തില്‍ സിംബാബ്‌വെയെ അവിടെ കളിക്കാന്‍ അനുവദിക്കില്ല. 2010 ലെ ലോകകപ്പ് വേദികള്‍ ഇതിനകം നിശ്ചയിച്ചതാണ്. ടിക്കറ്റ് വില്‍പ്പന അടുത്ത തിങ്കഴളാഴ്‌്‌ച മുതല്‍ ആരംഭിക്കാനിരിക്കയുമാണ്.
20-20 ലോകകപ്പില്‍ സിംബാബ്‌വെയെ നിര്‍ബന്ധമായും ഉള്‍പ്പെടുത്തമെന്ന്‌് ഐ.സി.സി നിര്‍ദ്ദേശിക്കുന്നപക്ഷം ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡിന് സ്വന്തം സര്‍ക്കാരിന്റെ കരുണ തേടേണ്ടി വരും.
ഇംഗ്ലണ്ട് ബോര്‍ഡ് ത്രിശങ്കുവില്‍
ലണ്ടന്‍: റോബര്‍ട്ട് മുകാബെ എന്ന സിംബാബ്‌വെ ഏകാധിപതിയെ ഒരു തരത്തിലും അംഗീകരിക്കില്ലെന്നാണ് ഇംഗ്ലീഷ് സര്‍ക്കാരിന്റെ നിലപാട്. ആഫ്രിക്കന്‍ രാജ്യവുമായി ഒരു ബന്ധവുമില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കുകയും ചെയ്യുന്നു. ലോക ക്രിക്കറ്റില്‍ നിന്ന്‌് സിംബാബ്‌വെയെ പുറംതള്ളാനുള്ള ശ്രമങ്ങള്‍ നടത്താന്‍ ഇംഗ്ലണ്ട് സര്‍ക്കാര്‍ സ്വന്തം ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ദുബായില്‍ നടക്കുന്ന ഐ.സി.സി പ്രവര്‍ത്തക സമിതിയില്‍ ഇംഗ്ലണ്ട് സിംബാബ്‌വെക്കെതിരെ ശബ്ദിക്കുന്നത്. എന്നാല്‍ ദക്ഷിണാഫ്രിക്ക ഒഴികെ ആരും ഇംഗ്ലണ്ടിനെ പരസ്യമായി തുണക്കുന്നില്ല. ഇന്ത്യ ഉള്‍പ്പെടെയുളള ഏഷ്യന്‍ ഗ്രൂപ്പ് ആഫ്രിക്കന്‍ രാജ്യത്തിനൊപ്പമാണെന്ന് പരസ്യമാക്കുകയും ചെയ്‌തിട്ടുണ്ട്. അടുത്ത 20-20 ലോകകപ്പ് ഐ.സി.സി ഇംഗ്ലണ്ടിനാണ് അനുവദിച്ചിരിക്കുന്നത്. ദക്ഷിണാഫ്രിക്കയില്‍ വന്‍വിജയത്തില്‍ കലാശിച്ച പ്രഥമ 20-20 ലോകകപ്പിന്റെ പാതയില്‍ തങ്ങള്‍ക്ക് അനുവദിച്ച ലോകകപ്പ് വന്‍വിജയമാക്കാനുളള പ്രവര്‍ത്തനങ്ങളിലാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. മല്‍സരവേദികള്‍ തീരുമാനിച്ചുകഴിഞ്ഞു. ടിക്കറ്റ് വിതരണം അടുത്തയാഴ്‌്‌ച ആരംഭിക്കുന്നു. എന്നാല്‍ ലോകകപ്പില്‍ സിംബാബ്‌വെയെ കളിപ്പിക്കില്ലെന്ന നിലപാട് കര്‍ക്കശമാക്കുന്നപക്ഷം ലോകകപ്പ് വേദി മാറ്റാന്‍ ഐ.സി.സി നിര്‍ബന്ധിതരാവും. ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പില്‍ സിംബാബ്‌വെയെ കളിപ്പിക്കില്ല എന്ന നിലപാട് സ്വീകരിക്കാന്‍ ക്രിക്കറ്റ് ബോര്‍ഡിനാവില്ല. ഒരു തരത്തിലും സിംബാബ്‌വെയെ അടുപ്പിക്കരുത് എന്നതാണ് ഇംഗ്ലീഷ് സര്‍ക്കാരിന്റെ നിലപാടും.
സിംബാബ്‌വെ ക്രിക്കറ്റ് യൂണിയന്റെ ഭാരവാഹികളെല്ലാം മുകാബെയുടെ അനുകൂലികളാണ്. ഇംഗ്ലണ്ടിനെ ചൊടിപ്പിക്കുന്നത് ഇതാണ്. മുകാബെ പറയുന്ന തരത്തിലാണ് ക്രിക്കറ്റ് യൂണിയന്‍ നീങ്ങുന്നത്. രാഷ്ട്രീയം ക്രിക്കറ്റിനെ വിഴുങ്ങുമ്പോള്‍ ത്രിശങ്കുവിലാണ് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്.
നിങ്ങള്‍ക്ക് പറയാം
ലോക ക്രിക്കറ്റില്‍ നിന്ന് രാഷ്ട്രീയ കാരണങ്ങളാല്‍ സിംബാബ്‌വെയെ മാറ്റിനിര്‍ത്തണമെന്ന ഇംഗ്ലണ്ടിന്റെ ആവശ്യത്തെ നിങ്ങള്‍ അനുകൂലിക്കുന്നുണ്ടോ.? വായനക്കാര്‍ക്ക് പ്രതികരിക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഈ വിലാസത്തില്‍ അറിയിക്കുക.
ധോണി പറയുന്നതാണ് സത്യം.
കൂടുതല്‍ മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ താരങ്ങള്‍ തളരുകയാണെന്നും മല്‍സരഫലങ്ങളെ അത് ബാധിക്കുമെന്നുമുളള ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അഭിപ്രായത്തില്‍ സ്‌പോര്‍ട്‌സ് ചന്ദ്രിക നടത്തിയ സര്‍വെയില്‍ പങ്കെടുത്ത വായനക്കാരില്‍ 79 ശതമാനത്തിനും യോജിപ്പ്. ക്ഷീണമുണ്ടെങ്കില്‍ കളിക്കാര്‍ക്ക് അത് തുറന്ന് പറയാമെന്നും വിശ്രമം വേണ്ടവര്‍ക്ക് വിശ്രമം നല്‍കുമെന്നുളള ക്രിക്കറ്റ് ബോര്‍ഡ് നിലപാടിനെ പത്ത് ശതമാനം പേര്‍ പിന്തുണച്ചപ്പോള്‍ സര്‍വെയില്‍ പങ്കെടുത്ത പതിനൊന്ന് ശതമാനത്തിന് ഇന്ത്യന്‍ ക്രിക്കറ്റിനോട് തന്നെ താല്‍പ്പര്യമില്ല. ഇന്ത്യയില്‍ ക്രിക്കറ്റിന്റെ പേരില്‍ ചൂതാട്ടമാണ് നടക്കുന്നതെന്നും ക്രിക്കറ്റിനെ തന്നെ നിരോധിക്കണമെന്നുമാണ് ഇവരുടെ പക്ഷം.
ധോണിയുടെ പക്ഷത്ത് നില്‍ക്കുന്ന വായനക്കാരില്‍ ഒരാളായ മമ്പാട് കൊങ്ങന്നൂരിലെ കുഞ്ഞിമോന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നു: ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന് എല്ലാം കച്ചവടമാണ്. താരങ്ങളെ ഏത് വിധേനയും മാര്‍ക്കറ്റിലെത്തിച്ച് പണം സമ്പാദിക്കുക എന്ന അജണ്ടയില്‍ നിന്ന് ക്രിക്കറ്റ് ബോര്‍ഡ് വ്യതിചലിക്കുന്നില്ല. തുടര്‍ച്ചയായി കളിക്കുമ്പോള്‍ താരങ്ങള്‍ ക്ഷീണിതരാവും. തളര്‍ന്ന താരങ്ങളെ വെച്ച്‌് ക്യാപ്‌റ്റന് ടീമിനെ വിജയിപ്പിക്കാനാവില്ല. മുഹമ്മദ് അസ്‌ഹറുദ്ദീന്‍ എന്ന നായകന്‍ പറഞ്ഞതാണ് സത്യം-ടീമിനോളം ഉയരാനേ ഒരു നായകനാവു. താരങ്ങള്‍ തളരുമ്പോള്‍ ധോണിയെ കുറ്റം പറയുന്നതില്‍ കാര്യമില്ല.
ധോണിയുടെ നിലപാടിനെ വിമര്‍ശിക്കുന്ന വായനക്കാരല്‍ ഒരാളായ കണ്ണൂര്‍ ചാവശ്ശേരി മണിമത്ത് ചന്ദ്രന്‍ ക്ഷീണിതരായ താരങ്ങളോട് മാറിനില്‍ക്കാനാണ് നിര്‍ദ്ദേശിക്കന്നത്. ഇന്ത്യയില്‍ ക്രിക്കറ്റ്‌് പ്രതിഭകള്‍ക്ക് പഞ്ഞമില്ല. 20-20 ലോകകപ്പ് ഇന്ത്യ സ്വന്തമാക്കിയത് സൂപ്പര്‍ താരങ്ങളെ കൂടാതെയാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മിന്നിയത് യൂസഫ് പത്താനെ പോലെ ആരുമറിയാത്തവരായിരുന്നു. ധോണിക്ക് ക്ഷീണമുണ്ടെങ്കില്‍ അത്‌് ക്രിക്കറ്റ് ബോര്‍ഡിനെ അറിയിക്കണം. അവര്‍ പരിഹാരം കാണും. നമ്മുടെ താരങ്ങളെല്ലാം പണ കൊതിയന്മാരാണ്. ക്രിക്കറ്റ് ബോര്‍ഡിനോട് സത്യം പറയാന്‍ അവര്‍ ധൈര്യപ്പെടുന്നില്ല.
ഇന്ത്യന്‍ ക്രിക്കറ്റില്‍ വിശ്വാസമില്ല കാസര്‍ക്കോട് തായിനേരി പി.കെ ബാലന്. ക്രിക്കറ്റ് എന്നാല്‍ പരസ്യമായ ചൂതാട്ടമാണ്. കുത്തകകളും മാഫികയളും ഒരുമിക്കുന്ന മല്‍സരം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗും 20-20 യുമെല്ലാം മാഫിയകളുടെ താവളമാണ്. അതിനൊത്താശയാണ് ക്രിക്കറ്റ് ഭരണാധികാരികള്‍ നില്‍ക്കുന്നത്. ക്രിക്കറ്റിനെ ഇവിടെ നിരോധിക്കണം.
എഴുതരുത്
ഗാരിയോട് ക്രിക്കറ്റ് ബോര്‍ഡ്
മുംബൈ: ഇന്ത്യന്‍ കോച്ച് ഗാരി കിര്‍സ്‌റ്റണ് ക്രിക്കറ്റ് ബോര്‍ഡിന്റെ അന്ത്യശാസനം. കോളമെഴുത്ത് നിര്‍ത്താനും, സ്വന്തം വെബ്‌സൈറ്റിലൂടെ നിലപാടുകള്‍ പരസ്യമാക്കുന്നത് അവസാനിപ്പിക്കാനുമാണ് ഗാരിയോട് ക്രിക്കറ്റ് ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടി ആവശ്യപ്പെട്ടിരിക്കുന്നത്. തിരക്കേറിയ മല്‍സരങ്ങള്‍ കാരണം താരങ്ങള്‍ ക്ഷീണിതരാണെന്ന ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ അഭിപ്രായ പ്രകടനത്തിന് പിന്തുണ പ്രഖ്യാപിച്ചതാണ് ഗാരിക്ക് വിനയായത്. സ്വന്തം വെബ്‌സൈറ്റിലെ കോളത്തിലൂടെ ധോണിക്ക് ഗാരി പിന്തുണ പ്രഖ്യാപിച്ചിരുന്നു. താരങ്ങള്‍ക്ക് റൊട്ടേഷന്‍ സമ്പ്രദായം നടപ്പിലാക്കുക എന്നതാണ് ദേശീയ കോച്ച് എന്ന നിലയില്‍ തന്റെ താല്‍പ്പര്യമെന്നും സീനിയര്‍ താരങ്ങളില്‍ പലരും തീര്‍ച്ചയായും വിശ്രമത്തിന് നിര്‍ബന്ധിതരാണെന്നും ഗാരി പറഞ്ഞിരുന്നു. ഇന്ത്യന്‍ ഏകദിന നായകനായ ധോണി തുടര്‍ച്ചയായി കളിക്കുന്നു. തീര്‍ച്ചയായും അദ്ദേഹത്തിന് ബ്രേക്ക് വേണം-ഗാരിയുടെ ഈ വരികളാണ് ബോര്‍ഡിനെ ചൊടിപ്പിച്ചത്. സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദിലീപ് വെംഗ്‌സാര്‍ക്കറിനോടും മുന്‍ കോച്ച് ഗ്രെഗ് ചാപ്പലിനോടും കോളമെഴുത്ത് നിര്‍ത്താന്‍ പറഞ്ഞവരാണ് ക്രിക്കറ്റ് ബോര്‍ഡ്. സ്വന്തം അഭിപ്രായങ്ങള്‍ പറയാന്‍ വെംഗ്‌സാര്‍ക്കറിന് അവസരം നിഷേധിച്ചുവെന്ന് മാത്രമല്ല സെലക്ഷന്‍ കമ്മിറ്റി യോഗത്തിന് ശേഷം പത്രക്കാരെ കാണാന്‍ പോലും അദ്ദേഹത്തിന് അനുമതിയില്ല. ഇന്ത്യന്‍ ടീം കളിക്കുമ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ കാണാന്‍ ക്യാപ്‌റ്റന് മാത്രമാണ് അവകാശം നല്‍കിയിരിക്കുന്നത്. മറ്റുള്ളവരാരും അഭിപ്രായം പറയുകയോ കോളമെഴുതുകയോ ചെയ്യരുത്. ഗാരി സ്വന്തം വൈബ്‌സൈറ്റ് നിലനിര്‍ത്തുന്നതിനോട് ബോര്‍ഡിന് വിയോജിപ്പില്ലെന്ന് ഷെട്ടി പറഞ്ഞു. കോച്ചാവും മുമ്പ് തന്നെ അദ്ദേഹത്തിന് സ്വന്തം സൈറ്റുണ്ട്. ഇന്ത്യ കളിക്കുമ്പോള്‍ മല്‍സരങ്ങളെക്കുറിച്ചോ, മല്‍സരത്തിന് ശേഷമോ കോളമെഴുതരുതെന്ന് കിര്‍സ്‌റ്റണ് നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയതാണെന്നും ഷെട്ടി വ്യക്തമാക്കി. ഗാരി കിര്‍സ്‌റ്റണ്‍.കോം(garykirsten.com
) എന്ന വെബ്‌സൈറ്റില്‍ കിര്‍സ്‌റ്റണ്‍ മത്രമല്ല അദ്ദേഹത്തിന്റെ സഹായിയും ട്രെയിനറുമായ പാഡി അപ്‌ടണും കോളമെഴുതുന്നുണ്ട്. ജൂണ്‍ 25 ന് എഴുതിയ കോളത്തില്‍ റൊട്ടേഷന്‍ സമ്പ്രദായം നിര്‍ബന്ധമാണെന്ന് കോച്ച് പറഞ്ഞിരുന്നു.
ഡാല്‍മിയ വീണ്ടും വരുന്നു
കൊല്‍ക്കത്ത: ജഗ്‌മോഹന്‍ ഡാല്‍മിയ ക്രിക്കറ്റ് ഭരണത്തിലേക്ക് വീണ്ടും വരുന്നു. ഈ മാസം അവസാനം നടക്കുന്ന ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാനാണ് അദ്ദേഹത്തിന്റെ നീക്കം. 13 വര്‍ഷത്തോളം ബംഗാള്‍ ക്രിക്കറ്റിനെയും ഇന്ത്യന്‍ ക്രിക്കറ്റിനെയും മാറി മാറി ഭരിച്ച ഡാല്‍മിയ കേസും കോടതിയുമായി അല്‍പ്പകാലം കളത്തിന് പുറത്തായിരുന്നു. അദ്ദേഹത്തിനെതിരെ നിലവിലുളള ഇന്ത്യന്‍ ക്രിക്കറ്റ് ഭരണാധികാരികള്‍ നല്‍കിയ സാമ്പത്തിക ക്രമക്കേട് കേസ് നിലവിലുണ്ടെങ്കിലും ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനെ അത് ബാധിക്കില്ല. ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അംഗങ്ങളുടെ നിരന്തര നിര്‍ബന്ധത്തിന് വഴങ്ങിയാണ് താന്‍ തിരിച്ചുവരുന്നതെന്നാണ് ഡാല്‍മിയയുടെ ഭാഷ്യം-ശരത് പവാര്‍ ജാഗ്രതൈ.....
ക്ലാസിക് യൂനസ്
കറാച്ചി: തകര്‍പ്പന്‍ സെഞ്ച്വറിയുമായി ഇന്ത്യയെ തകര്‍ത്ത യൂനസ്‌ഖാന്‍ ഏഷ്യാ കപ്പില്‍ പാക്കിസ്‌താന് ഫൈനല്‍ പ്രതീക്ഷ നല്‍കി. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ സമ്മാനിച്ച കൂറ്റന്‍ ലക്ഷ്യം അനായാസം പിന്തുടരാന്‍ പാക്കിസ്‌താനെ സഹായിച്ചത് സെഞ്ച്വറിയുമായി കളം നിറഞ്ഞ യൂനസായിരുന്നു. അസുഖം കാരണം ക്യാപ്‌റ്റന്‍ ഷുഹൈബ് മാലിക്കിനെ കൂടാതെ കളിച്ച പാക്കിസ്‌താന്‍ വൈസ് ക്യാപ്‌റ്റന്‍ മിസ്‌ബാഹുല്‍ ഹഖിന് കീഴിലായിരുന്നു. ടീമിനെ നയിച്ചിറങ്ങിയ ആദ്യ മല്‍സരത്തില്‍ യൂനസിനൊപ്പം അവസാനം വരെ കളത്തിലുണ്ടായിരുന്ന മിസ്‌ബയും കാണികളുടെ കൈയ്യടി നേടി. ഇന്ത്യയാവട്ടെ ബൗളിംഗിലും ഫീല്‍ഡിംഗിലും സമ്പൂര്‍ണ്ണനിരാശയാണ് സമ്മാനിച്ചത്.
ഇന്ന് പാക് ബംഗ്ലാ ദേശ്
കറാച്ചി: ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറിലെ അവസാന മല്‍സരത്തിലിന്ന് പാക്കിസ്‌താന്‍ ബംഗ്ലദേശിനെ എതിരിടും. ബംഗ്ലാദേശ് നേരത്തെ തന്നെ പുറത്തായ സാഹചര്യത്തില്‍ അവര്‍ക്ക് മല്‍സരത്തില്‍ പ്രസക്തിയില്ല. പാക്കിസ്‌താന് ഫൈനല്‍ സാധ്യത സജീവമാക്കാന്‍ ജയിക്കണം. വന്‍ മാര്‍ജിനില്‍ ജയിച്ചാല്‍ ഫൈനലിലുമെത്താം.
വീനസ് വീണ്ടും ഫൈനലില്‍
ലണ്ടന്‍: തകര്‍പ്പന്‍ പ്രകടനവുമായി വീനസ് വില്ല്യംസ് വിംബിള്‍ഡണ്‍ ടെന്നിസ് വനിതാ വിഭാഗം സിംഗിള്‍സില്‍ ഫൈനലിലെത്തി. റഷ്യയില്‍ നിന്നുള്ള എലീന ഡെമിത്തോവയെ 6-1, 7-6 (7-3) എന്ന സ്‌ക്കോറിനാണ് നിലവിലുളള ജേതാവായ വീനസ് പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് അനായാസം സ്വന്തമാക്കിയ വീനസിന് രണ്ടാം സെറ്റില്‍ റഷ്യക്കാരിയില്‍ നിന്നും വെല്ലുവിളി ഉയര്‍ന്നു. എന്നാല്‍ സെന്റര്‍ കോര്‍ട്ടില്‍ നല്ല പരിചയമുളള അമേരിക്കന്‍ താരം സമ്മര്‍ദ്ദത്തിന് അടിപ്പെട്ടില്ല. ഇത് ഏഴാം തവണയാണ് വീനസ് ഫൈനല്‍ ടിക്കറ്റ് സ്വന്തമാക്കുന്നത്.
1 comment:
കമാല്‍ മാഷേ,
സുസ്വാഗതം.
ഇവിടെ കണ്ടുമുട്ടിയതില്‍ വളരെ സന്തോഷം. ഗാലറികളിലെ ആവേശം ഈ കല്പിത ഭൂമികയിലേക്കെത്തിയ്ക്കാന്‍ താങ്കളുടെ സാനിദ്ധ്യം കാരണമാകുമെന്നതില്‍ സംശയമില്ല.
ഭാവുകങ്ങള്‍.
Post a Comment