Wednesday, July 9, 2008
മെസ്സിക്കും റൊക്കും തടസ്സം
ലണ്ടന്‍: ചൈനക്ക് സന്തോഷവും സോക്കര്‍ പ്രേമികള്‍ക്ക് നിരാശയും സമ്മാനിക്കുന്ന വാര്‍ത്ത ബാഴ്‌സിലോണയില്‍ നിന്ന്-അടുത്ത മാസം ചൈനയില്‍ നടക്കുന്ന ഒളിംപിക്‌സില്‍ ബ്രസീല്‍ ഫുട്‌ബോള്‍ ടീമിനായി പന്ത് തട്ടാന്‍ സൂപ്പര്‍ താരം റൊണാള്‍ഡിഞ്ഞോയെ അനുവദിക്കില്ലെന്ന് അദ്ദേഹത്തിന്റെ ക്ലബായ ബാര്‍സിലോണ വ്യക്തമാക്കി. ഒളിംപിക്‌സ് ഫുട്‌ബോളില്‍ ആതിഥേയരായ ചൈനക്കൊപ്പമാണ് ബ്രസീല്‍ ഗ്രൂപ്പ് മല്‍സരങ്ങള്‍ കളിക്കുന്നത്. കഴിഞ്ഞ ദിവസം കോച്ച് ഡുംഗെ പ്രഖ്യാപിച്ച ടീമില്‍ റൊണാള്‍ഡിഞ്ഞോ, റോബിഞ്ഞോ, തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ടായിരുന്നു. എന്നാല്‍ യുവേഫ ചാമ്പ്യന്‍സ് യോഗ്യതാ മല്‍സരങ്ങള്‍ അടുത്ത മാസം നടക്കുന്നതിനാല്‍ എല്ലാ താരങ്ങളുടെയും സേവനം ടീമിന് നിര്‍ബന്ധമാണെന്ന് ബാര്‍സിലോണ ഇന്നലെ വ്യക്തമാക്കിയിട്ടുണ്ട്.
ഫിഫാ കലണ്ടറില്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍ വരാത്തതിനാല്‍ താരത്തെ വിട്ടുകൊടുക്കാന്‍ തങ്ങള്‍
ബാധ്യസ്ഥരല്ലെന്നാണ് ക്ലബിന്റെ നിലപാട്. തിങ്കളാഴ്‌ച്ച തന്നെ ക്ലബ് മൈതാനത്ത് പരിശീലനത്തിന് ഹാജരാവാനാണ് റൊണാള്‍ഡിഞ്ഞോക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
ടീമിന്റെ പുതിയ കോച്ച് പെപ് ഗുര്‍ഡിയോള റൊണാള്‍ഡിഞ്ഞോയുടെ സേവനം തനിക്ക് ആവശ്യമില്ലെന്ന് തുടക്കത്തില്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് ബ്രസീല്‍ സൂപ്പര്‍താരം ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാനിലേക്ക് ചേക്കേറുമെന്നും പറയപ്പെട്ടിരുന്നു. എന്നാല്‍ ഇപ്പോള്‍ വാക്ക്‌മാറ്റിയ കോച്ച് സൂപ്പര്‍താരങ്ങളെ വിട്ടുനല്‍കില്ല എന്ന നിലപാടിലാണ്. റൊണാള്‍ഡിഞ്ഞോയെ പോലെ അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സിയും ഒളിംപിക്‌സില്‍ കളിക്കുന്ന കാര്യം ഇതോടെ സംശയത്തിലായി. ബാര്‍സയുടെ താരമാണ് മെസ്സി. അര്‍ജന്റീനിയന്‍ ഒളിംപിക് ടീമില്‍ മെസ്സി കളിക്കുന്നുണ്ട്.
പ്രശ്‌നത്തില്‍ നിയമം ക്ലബുകള്‍ക്ക് അനുകൂലമാണ്. ഫിഫ കലണ്ടറില്‍ പറയപ്പെടുന്ന ചാമ്പ്യന്‍ഷിപ്പുകള്‍ വരുമ്പോള്‍ താരങ്ങളെ അതത് ദേശീയ ടീമുകള്‍ക്ക് വിട്ടുകൊടുക്കാന്‍ ക്ലബുകള്‍ ബാധ്യസ്ഥരാണ്. ലോകകപ്പോ, വന്‍കരാ യോഗ്യതാ മല്‍സരങ്ങളോ വരുമ്പോള്‍ ക്ലബുകളുടെ തടസ്സവാദം നിയമപരമായി വിജയിക്കാറില്ല. എന്നാല്‍ ഒളിംപിക്‌സ് ഫുട്‌ബോള്‍ ഫിഫയുടെ കലണ്ടറില്ലില്ല. അതിനാല്‍ താരങ്ങളെ വിട്ടുകൊടുക്കാന്‍ ക്ലബുകള്‍ ബാധ്യസ്ഥരുമല്ല.
അഞ്ച് തവണ ലോകകപ്പ് സ്വന്തമാക്കിയ ടീമാണ് ബ്രസീല്‍. പക്ഷേ ഇത് വരെ ഒളിംപിക്‌സ് ഫുട്‌ബോള്‍ സ്വര്‍ണ്ണം നേടാന്‍ അവര്‍ക്കായിട്ടില്ല. ഈ കുറവ് നികത്താന്‍ ഇത്തവണ സൂപ്പര്‍താരങ്ങളെ ഉള്‍പ്പെടുത്തിയാണ് കോച്ച് ഡുംഗെ ടീമിനെ പ്രഖ്യാപിച്ചത്. ടീം പ്രഖ്യാപനത്തിന്റെ രണ്ടാം ദിവസമാണ് ബാര്‍സിലോണ തടസ്സവുമായി വന്നിരിക്കുന്നത്.
ഒളിംപിക്‌സ് ഫുട്‌ബോളില്‍ റൊണാള്‍ഡിഞ്ഞോയും മെസ്സിയുമെല്ലാം കളിക്കുന്നത് മല്‍സരങ്ങളുടെ പ്രസക്തി വര്‍ദ്ധിപ്പിക്കുമായിരുന്നു. ബാര്‍സിലോണക്ക് വലിയ തടസ്സമായത് പോയ സീസണിലെ സ്‌പാനിഷ് ലീഗ് മല്‍സരങ്ങളാണ.് റയല്‍ മാഡ്രിഡിനും സെവിയെക്കും പിറകില്‍ മൂന്നാം സ്ഥാനത്താണ് അവര്‍ ഫിനിഷ് ചെയ്‌തത്. അതിനാല്‍ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ റൗണ്ടിന് യോഗ്യത നേടണമെങ്കില്‍ യോഗ്യതാ മല്‍സരങ്ങള്‍ കളിക്കണം. അടുത്ത മാസം മുതല്‍ യോഗ്യതാ മല്‍സരങ്ങള്‍ ആരംഭിക്കുകയാണ്. ഏറ്റവും മികച്ച പ്രകടനം നടത്താന്‍ കഴിയാത്തപക്ഷം ടീമിന് തുടക്കത്തില്‍ തന്നെ ആഘാതമാവുമെന്ന് കോച്ചിന് ഉറപ്പുണ്ട്. റൊണാള്‍ഡിഞ്ഞോയെ തുടക്കത്തില്‍ കോച്ച് നിസ്സാരനായി കണ്ടിരുന്നു. ഇപ്പോള്‍ അദ്ദേഹം നിലപാട് മാറ്റിയത് അപകടം മനസ്സിലാക്കിയാണ്.
ഒളിംപിക്‌സില്‍ കളിക്കാനുള്ള തന്റെ താല്‍പ്പര്യം മെസ്സി പരസ്യമായി പറഞ്ഞിട്ടുണ്ട്. എന്നാല്‍ ക്ലബ് സമ്മതിക്കാത്തപക്ഷം അദ്ദേഹത്തിനും കളിക്കാനാവില്ല.
പാക്കിസ്‌താന് പ്രതീക്ഷ
ലാഹോര്‍: സെപ്‌തംബറില്‍ നിശ്ചയിച്ചിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ക്ക് വിജയകരമായി ആതിഥേയത്വം വഹിക്കാനാവുമെന്ന് പാക്കിസ്‌താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രത്യാശ പ്രകടിപ്പിച്ചു. പാക്കിസ്‌താന്‍ ആസ്ഥാനമായ ഇസ്ലാമബാദില്‍ കഴിഞ്ഞ ദിവസമുണ്ടായ ചാവേര്‍ ബോംബ് സ്‌ഫോടനത്തെ തുടര്‍ന്ന് ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങളുടെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്ക ഉയര്‍ന്നിരുന്നു. അതേ സമയം പാക്കിസ്‌താനെ തഴയുന്നപക്ഷം ചാമ്പ്യന്‍സ് ട്രോഫി മല്‍സരങ്ങള്‍ നടത്താന്‍ ദക്ഷിണാഫ്രിക്ക സന്നദ്ധത അറിയിച്ചിട്ടുണ്ട്.
ഇന്ത്യ പിറകോട്ട്
ദുബായ്: ഐ.സി.സി ടെസ്‌റ്റ് റാങ്കിംഗില്‍ ഇന്ത്യ പിറകോട്ട്. പുതിയ റാങ്കിംഗില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്. ഓസ്‌ട്രേലിയക്കെതിരായ ടെസ്‌റ്റ് പരമ്പരക്ക് ശേഷം ഏകദിനങ്ങളുടെയും 20-20 കളുടെയും തിരക്കിലായിരുന്നു ഇന്ത്യ. കൂടുതല്‍ ടെസ്റ്റ് മല്‍സരങ്ങള്‍ കളിക്കാനായില്ല. ഈ മാസം ലങ്കക്കെതിരായ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നുണ്ട്. ടെസ്റ്റ് ബാറ്റിംഗ് റാങ്കിംഗില്‍ ആദ്യ പത്തിലും ഇന്ത്യക്കാരില്ല.
ഏകദിനങ്ങള്‍
മുംബൈ: 20-20 ക്രിക്കറ്റിന്റെ ഗ്ലാമറില്‍ ഏകദിന ക്രിക്കറ്റിന് സംഭവിച്ചുകൊണ്ടിരിക്കുന്ന തിരിച്ചടിയില്‍ ആശങ്ക പ്രകടിപ്പിക്കുന്ന ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ പുതിയ പരിഷ്‌ക്കാരങ്ങള്‍ക്ക് തയ്യാറാവുന്നു. അമ്പത് ഓവര്‍ മല്‍സരങ്ങള്‍ 40 ഓവറുകളാക്കി ചുരുക്കാനും അല്ലെങ്കില്‍ 20 ഓവറുകള്‍ വീതമുളള രണ്ട് ഇന്നിംഗ്‌സുകളാക്കി നടത്താനുമുളള ആലോചനകള്‍ നടക്കുന്നതായി ഐ.സി.സി ക്രിക്കറ്റ് ജനറല്‍ മാനേജര്‍ ഡേവ് റിച്ചാര്‍ഡ്‌സണ്‍ അറിയിച്ചു. 20-20 ക്രിക്കറ്റിന്റെ ജനപ്രീതിയില്‍ ഏകദിന ക്രിക്കറ്റിന് പിന്തുണ കുറയുന്നതായി അദ്ദേഹം സമ്മതിച്ചു. കൂടുതല്‍ സമയം ചെലവഴിക്കാനുള്ള താല്‍പ്പര്യക്കുറവ് ആരാധകരിലുണ്ട്. 20-20 മല്‍സരങ്ങളാവുമ്പോള്‍ കുറഞ്ഞ സമയത്ത് കൂടുതല്‍ ആവേശമാണ് പ്രദാനം ചെയ്യുന്നത്. അത് കൊണ്ടാണ് അതിന്റെ പിന്തുണ വര്‍ദ്ധിക്കുന്നത്. ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളും- ടെസ്‌റ്റും ഏകദിനങ്ങളും 20-20യും സംരക്ഷിക്കപ്പെടണം. അതാണ് ഐ.സി.സി ലക്ഷ്യം. 20-20 നല്‍കുന്ന ആവേശത്തിനൊപ്പം ഏകദിനങ്ങളും മാറണം. അതിനുളള പോംവഴികളാണ് ആലോചിക്കുന്നത്. 50 ഓവര്‍ മല്‍സരങ്ങളെ 40 ഓവറുകളാക്കി മാറ്റിയാല്‍ അത് ഗുണം ചെയ്യുമെന്ന അഭിപ്രായമുണ്ട്. അല്ലെങ്കില്‍ 20 ഓവര്‍ വീതമുള്ള രണ്ട് ഇന്നിംഗ്‌സുകളാക്കാനും ആലോചനയുണ്ട്. ദീര്‍ഘവര്‍ഷങ്ങളായി 50 ഓവര്‍ മല്‍സരം നിലനില്‍ക്കുന്നു. തുടക്കത്തില്‍ 60 ഓവറും പിന്നീട് 55 ഓവറും അവസാനം 50 ഓവറുമായിരുന്നു ഏകദിനങ്ങള്‍. ഇതില്‍ മാറ്റമുണ്ടാവണമെന്നും അതിന് ഐസി.സി ശ്രമിക്കുമെന്നും റിച്ചാര്‍ഡ്‌സണ്‍ പറഞ്ഞു.
Subscribe to:
Post Comments (Atom)
No comments:
Post a Comment