Friday, July 11, 2008

മരുന്നടിക്കാര്‍ പെടും





ബെയ്‌ജിംഗ്‌: ഒളിംപിക്‌സിനെത്തുന്ന താരങ്ങളെല്ലാം ജാഗ്രതൈ..! പോലീസ്‌ കണ്ണുകളുമായി രാജ്യാന്തര ഒളിംപിക്‌ അസോസിയേഷന്റെ ഉത്തേജക വിരുദ്ധ സെല്‍ ഉദ്യോഗസ്ഥര്‍ നിങ്ങളുടെ പിറകിലുണ്ട്‌. വെറും ഡോപ്പിംഗ്‌ ടെസ്‌റ്റ്‌ മാത്രമല്ല ഐ.ഒ.സി ഒരുക്കിയിരിക്കുന്നത്‌-പരിശീലന വേളകളിലും മല്‍സരങ്ങളിലും മല്‍സരത്തിന്‌ ശേഷവുമെല്ലാം വേണമെങ്കില്‍ സംശയപ്പട്ടികയിലെ താരത്തെ പരിശോധിക്കും. പിടിക്കപ്പെട്ടാല്‍ വലിയ പ്രശ്‌നം തന്നെയായിരിക്കും. രാജ്യാന്തര മല്‍സരരംഗത്തെ മരുന്ന്‌ വില്ലന്മാരെ ഉള്‍പ്പെടുത്തി ഒരു പട്ടിക തന്നെ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്‌. ഈ പട്ടികയിലെ പ്രതികളെ പ്രത്യേകം നോട്ടമിടും. തുടര്‍ച്ചയായി തെറ്റുകള്‍ ആവര്‍ത്തിക്കുന്ന താരത്തിന്‌ അടുത്ത ഒളിംപിക്‌സില്‍ അനുമതി നല്‍കില്ലെന്ന വ്യസ്ഥയും ഇത്തവണയുണ്ട്‌.
ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവെ രാജ്യാന്തര ഒളിംപിക്‌ കമ്മിറ്റി തലവന്‍ ജാക്വസ്‌ റോജിയാണ്‌ മരുന്നുക്കാരെ പിടികൂടാനുളള കര്‍ക്കശനീക്കങ്ങള്‍ വിശദീകരിച്ചത്‌. ഇത്‌ വരെ നടന്ന ഒളിംപ്‌കിസുകളില്‍ നിന്ന്‌ വിത്യസ്‌തമായി ഇത്തവണ കര്‍ക്കശ ചെക്കിംഗ്‌ ഉറപ്പാണ്‌. ഒരു ഡോപ്പ്‌ ടെസ്‌റ്റ്‌ മാത്രമായിരിക്കില്ല നടത്തുക-സംശയമുണ്ടെങ്കില്‍ ഒന്നിലധികം പരിശോധനകള്‍ നടത്തും. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ നടന്ന ഒളിംപ്‌കിസില്‍ നിന്ന്‌്‌ വിത്യസ്‌തമായി 25 ശതമാനം കൂടുതല്‍ പരിശോധന ഇത്തവണയുണ്ടാവും. ഉത്തേജക വലയത്തിലെ താരങ്ങളുടെ എണ്ണം കൂടുതലായതിനാലാണിത്‌. രക്തപരിശോധനയില്‍ സംശയം തോന്നിയാല്‍ മാത്രമല്ല ഒരു താരത്തില്‍ നിന്നും അപ്രതീക്ഷിത പ്രകടനമുണ്ടായാലും പരിശോധന നടത്തും. സാധാരണ ഗതിയില്‍ മല്‍സരത്തിന്‌ തൊട്ട്‌ മുമ്പാണ്‌ ഡോപ്പിംഗ്‌ ടെസ്‌റ്റ്‌ നടത്താറുളളത്‌. എന്നാല്‍ ബെയ്‌ജിംഗില്‍ മല്‍സരത്തിന്‌ ശേഷവും പരിശോധന നടത്തും. ബെയ്‌ജിംഗിലെ ഒരുക്കങ്ങളില്‍ റോജി സംതൃപ്‌തനാണ്‌. വായു മലീനികരണം ബെയ്‌ജിംഗില്‍ വലിയ പ്രശ്‌നമാണ്‌. എന്നാല്‍ ഒളിംപിക്‌സ്‌ സമയാമാവുമ്പോഴേക്കും ഇതിന്‌ മാറ്റം വരുമെന്നാണ്‌ അദ്ദേഹം കരുതുന്നത്‌.

ഹോക്കിയില്‍ പുതിയ വിവാദം
ചാള്‍സ്‌വര്‍ത്ത്‌ രാജി നല്‍കി
ന്യൂഡല്‍ഹി: കെ.പി.എസ്‌ ഗില്‍ പടിക്ക്‌ പുറത്തായിട്ടും ഇന്ത്യന്‍ ഹോക്കിയില്‍ വിവാദങ്ങള്‍ അവസാനിക്കുന്നില്ല. ഇന്ത്യന്‍ ഹോക്കിയെ സഹായിക്കാന്‍ ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ നിയോഗിച്ച ഉപദേഷ്‌്‌ടാവ്‌ റിക്‌ ചാള്‍സ്‌വര്‍ത്ത്‌ ഇന്നലെ രാജി നല്‍കി. ഇന്ത്യന്‍ ഹോക്കിയെ പഴയ പ്രതാപത്തിലേക്ക്‌ തിരിച്ചു കൊണ്ടുവരാനാണ്‌ ഓസ്‌ട്രേലിയക്കാരനെ നിയോഗിച്ചത്‌. ഗില്ലുമായി പലവട്ടം ഉടക്കിയിട്ടുളള ചാള്‍സ്‌വര്‍ത്ത്‌ പുതിയ ഭരണസമിതിയുമായി സഹകരിച്ച്‌ പോവുമെന്ന്‌ കരുതിയിരിക്കവെയാണ്‌്‌ പെട്ടെന്ന്‌ രാജി നല്‍കിയിരിക്കുന്നത്‌. ഹൈദരാബാദില്‍ ഇന്ന്‌ ഏഷ്യാ കപ്പ്‌ ജൂനിയര്‍ ഹോക്കി മല്‍സരങ്ങള്‍ ആരംഭിക്കാനിരിക്കെ ചാള്‍സ്‌വര്‍ത്ത്‌ രാജി നല്‍കിയത്‌ ഹോക്കി അഡ്‌ഹോക്ക്‌ കമ്മിറ്റിയെ നിരാശരാക്കിയിട്ടുണ്ട്‌. എന്നാല്‍ രാജിക്കത്ത്‌ ഇപ്പോള്‍ സ്വീകരിക്കില്ലെന്നാണ്‌ പറയപ്പെടുന്നത്‌. ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷന്‍ നിയോഗിച്ച ആളായതിനാല്‍ അവരുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം.
ഗില്ലിന്റെ കാലത്ത്‌ ചാള്‍സ്‌വര്‍ത്തിന്‌ ഇന്ത്യയില്‍ വരാന്‍ തന്നെ താല്‍പ്പര്യമുണ്ടായിരുന്നില്ല. ഗില്‍ ഏകാധിപിത്യം പ്രയോഗിച്ച്‌ ചാള്‍സ്‌വര്‍ത്തിനെ ഒരു തവണ പുറത്താക്കുകയും ചെയ്‌തിരുന്നു. ഗില്ലിന്‌ പകരം വന്ന അഡ്‌ഹോക്ക്‌ കമ്മിറ്റി ചാള്‍സ്‌വര്‍ത്തിന്‌ പഴയ സ്ഥാനം തിരിച്ചുനല്‍കിയെങ്കിലും ഇന്ത്യയിലെ ഹോക്കി ഭരണസമ്പ്രദായത്തില്‍ ഓസ്‌ട്രേലിയക്കാരന്‍ സംതൃപ്‌തനല്ലെന്നാണ്‌ അദ്ദേഹത്തിന്റെ രാജി സൂചിപ്പിക്കുന്നത്‌.

ക്യാപ്‌റ്റന്‍ മാലിക്കിനെതിരെ അക്രം
ലാഹോര്‍: പാക്കിസ്‌താന്‍ ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്കിനെതിരെ വസീം അക്രം. നായകന്‍ എന്ന നിലയില്‍ മാലിക്കിന്റെ തന്ത്രങ്ങള്‍ വിജയപ്രദമല്ലെന്നാണ്‌ അക്രം പറയുന്നത്‌. മികച്ച ഓഫ്‌ സ്‌പിന്നറാണ്‌ മാലിക്‌. എന്നാല്‍ നായകനായ ശേഷം അദ്ദേഹം സ്ഥിരമായി തന്റെ ഓഫ്‌ സ്‌പിന്‍ ഉപയോഗിക്കുന്നില്ല. സിംബാബ്‌വെക്കെതിരായ മല്‍സരങ്ങളില്‍ പത്ത്‌ ഓവറുകള്‍ ചെയ്യുന്നതില്‍ താല്‍പ്പര്യമെടുത്ത മാലിക്‌ ബംഗ്ലാദേശിനെതിരായ പരമ്പരയിലും ഓവറുകള്‍ കുറച്ചു. വലിയ മല്‍സരങ്ങളിലാവട്ടെ ബൗള്‍ ചെയ്യുന്നതേയില്ല. ക്യാപ്‌റ്റനെയാണ്‌ മറ്റ്‌ താരങ്ങള്‍ മാതൃകയാക്കുക. ക്യാപ്‌റ്റന്‍ എല്ലാവര്‍ക്കും മാതൃകയാവണം. ഏഷ്യാ കപ്പിലെ ഒരു മല്‍സരത്തില്‍ അബ്ദുള്‍ റൗഫിന്‌ മൂന്ന്‌ വിക്കറ്റ്‌ ലഭിച്ചു. എന്നാല്‍ അടുത്ത മല്‍സരത്തില്‍ അദ്ദേഹത്തിന്‌ ടീമിലിടം കിട്ടിയില്ല. ഇത്‌ ക്യാപ്‌റ്റന്റെ പോരായ്‌മയാണ്‌. മാലിക്‌ പറയുന്നത്‌ ആദ്യ ഇലവനെ തീരുമാനിക്കുന്നത്‌ സെലക്ടര്‍മാരാണെന്ന്‌. പക്ഷേ പാക്കിസ്‌താന്‍ ക്രിക്കറ്റില്‍ ശക്തരായ നായകന്മാരുളളപ്പോള്‍ ആദ്യ ഇലവന്‍ ക്യാപ്‌റ്റന്റെ ചോയിസായിരുന്നു. ഞാനും ഇമ്രാനും ഇന്‍സമാമും മിയാന്‍ദാദുമെല്ലാം നായകരായിരുന്നപ്പോള്‍ ആദ്യ ഇലവനെ തീരുമാനിക്കുന്നത്‌ ഞങ്ങളായിരുന്നു. പാക്കിസ്‌താന്‍ അണ്ടര്‍ 19 ടീമിലെ ലെഫ്‌റ്റ്‌ ആം സീമര്‍ മുഹമ്മദ്‌ ആമീര്‍ രാജ്യത്തിന്റെ ഭാവി വാഗ്‌ദാനമാണെന്നും അക്രം പറഞ്ഞു.

No comments: