Thursday, July 24, 2008

MEGA LANKA


സെഞ്ച്വറി വേട്ട
കൊളംബോ: ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ (136), ഓപ്പണര്‍ വര്‍ണപുര (115), തിലാന്‍ സമരവീര (111 നോട്ടൗട്ട്‌) എന്നിവരുടെ സെഞ്ച്വറികളില്‍ ഇന്ത്യക്കെതിരായ ഒന്നാം ടെസ്‌റ്റിന്റെ ഒന്നാം ഇന്നിംഗ്‌സില്‍ ആതിഥേയരായ ശ്രീലങ്ക വന്‍ സ്‌ക്കോറിലേക്ക്‌. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ലങ്ക നാല്‌ വിക്കറ്റ്‌ നഷ്‌ടത്തില്‍ 422 റണ്‍സ്‌ സ്വന്തമാക്കി. രണ്ട്‌ വിക്കറ്റിന്‌ 85 റണ്‍സ്‌ എന്ന നിലയില്‍ കളിയാരംഭിച്ച ആതിഥേയര്‍ ഇന്ത്യന്‍ ബൗളര്‍മാരോട്‌ ദയ കാണിക്കാതെ ആക്രമിച്ചപ്പോള്‍ റണ്‍സ്‌ യഥേഷ്ടം പിറന്നു. വിക്കറ്റ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്കും (രണ്ട്‌ തവണ), ഗൗതം ഗാംഭീറുമെല്ലാം ചോരുന്ന കൈകളുമായി നിന്നപ്പോള്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ കാര്യങ്ങള്‍ എളുപ്പമായി. വ്യക്തിഗത സ്‌ക്കോര്‍ 55 ലും 93 ലും മഹേലയെ കുംബ്ലെയുടെ പന്തില്‍ കാര്‍ത്തിക്‌ വിട്ടപ്പോള്‍ സമരവീര ഹര്‍ഭജന്റെ പന്തില്‍ നല്‍കിയ അവസരം ഗാംഭീര്‍ പാഴാക്കി. ഭാഗ്യത്തിന്റെ അകമ്പടിയില്‍ സെഞ്ച്വറി തികച്ച മഹേല ഓസ്‌ട്രേലിയന്‍ ബാറ്റിംഗ്‌ ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാന്റെ പേരിലുളള റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്‌തു. ഒരേ വേദിയില്‍ ഒമ്പത്‌ സെഞ്ച്വറികള്‍ സ്വന്തമാക്കിയ ബ്രാഡ്‌മാനൊപ്പം കൊളംബോയിലെ എസ്‌.എസ്‌.സിയില്‍ മഹേലയുടെ ഒമ്പതാം സെഞ്ച്വറിയാണ്‌ ഇന്നലെ പിറന്നത്‌. മെല്‍ബണ്‍ ക്രിക്കറ്റ്‌ ഗ്രൗണ്ടിലായിരുന്നു ബ്രാഡ്‌മാന്റെ നേട്ടം. വര്‍ണപുര-മഹേല സഖ്യം 155 റണ്‍സ്‌ നേടിയപ്പോള്‍ മഹേല-സമരവീര സഖ്യം 138 റണ്‍സ്‌ സ്വന്തമാക്കി.
സ്‌ക്കോര്‍ബോര്‍ഡ്‌: ശ്രീലങ്ക ഒന്നാം ഇന്നിംഗ്‌സ്‌. വാന്‍ഡോര്‍ട്ട്‌-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-3, വര്‍ണപുര-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-115, സങ്കക്കാര-സി-ദ്രാവിഡ്‌-ബി-സഹീര്‍-12, മഹേല-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-136, സമരവീര-നോട്ടൗട്ട്‌-111, ദില്‍ഷാന്‍-നോട്ടൗട്ട്‌-20, എക്‌സ്‌ട്രാസ്‌-25, ആകെ 120 ഓവറില്‍ നാല്‌ വിക്കറ്റിന്‌ 422. വിക്കറ്റ്‌ പതനം: 1-7, 2-57, 3-212, 4-360. ബൗളിംഗ്‌: സഹീര്‍ 27-2-112-1, ഇശാന്ത്‌ 25-3-97-2, സൗരവ്‌ 8-1-24-0, ഹര്‍ഭദജന്‍ 29-2-88-1, കുംബ്ലെ 27-3-75-0, സേവാഗ്‌ 4-0-17-0

പുതിയ അപ്പീല്‍
ദില്‍ഷന്‍ ചരിത്രത്തില്‍
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ടെസ്‌റ്റ്‌ പരമ്പരയില്‍ പരീക്ഷണാര്‍ത്ഥം നടപ്പിലാക്കുന്ന പുതിയ അപ്പീല്‍ സമ്പ്രദായത്തിന്റെ നേട്ടവും ചരിത്രവും ലങ്കന്‍ ബാറ്റ്‌സ്‌മാന്‍ തിലകരത്‌നെ ദില്‍ഷാന്‌. ഒന്നാം ടെസ്‌റ്റിന്റെ രണ്ടാം ദിനമായ ഇന്നലെ സഹീര്‍ഖാന്റെ പന്തില്‍ കോട്ട്‌ ബിഹൈന്‍ഡിനായുളള ബൗളറുടെ അപ്പീല്‍ അംഗീകരിച്ച്‌ അമ്പയര്‍ മാര്‍ക്‌ ബെന്‍സണ്‍ ദില്‍ഷാനെ പുറത്താക്കിയിരുന്നു. എന്നാല്‍ ബാറ്റ്‌സ്‌മാനും അപ്പീല്‍ നല്‍കാവുന്ന പുതിയ പരിഷ്‌ക്കാരത്തിന്റെ പ്രയോജനം ഉപയോഗപ്പെടുത്തി ദില്‍ഷാന്‍ ടി സിഗ്‌നല്‍ നല്‍കി അപ്പീല്‍ മുഴക്കി. അങ്ങനെ തീരുമാനം മൂന്നാം അമ്പയര്‍ റൂഡി കുയര്‍ട്‌സണ്‌്‌ വിട്ടു. അദ്ദേഹം ബാറ്റസ്‌മാന്‌ അനുകൂലമായ വിധിയാണ്‌ നല്‍കിയത്‌. ദില്‍ഷാന്‌ തുടരാനുമായി. നേരത്തെ പുതിയ അപ്പീല്‍ സമ്പ്രദായം ഉപയോഗപ്പെടുത്തി ഇന്ത്യന്‍ ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ വര്‍ണ്ണപുരക്കെതിരെ അപ്പീല്‍ നല്‍കിയിരുന്നു. ഹര്‍ഭജന്‍സിംഗിന്റെ പന്തില്‍ വര്‍ണ്ണപുരക്കെതിരെ ഉയര്‍ന്ന അപ്പീല്‍ അമ്പയര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന്‌ കുംബ്ലെ തേര്‍ഡ്‌ അമ്പയര്‍ക്ക്‌ തീരുമാനം വിടാന്‍ അപ്പീല്‍ നല്‍കുകയായിരുന്നു. തേര്‍ഡ്‌ അമ്പയറുടെ വിധി ഇന്ത്യക്ക്‌ അനുകൂലമായിരുന്നില്ല.
പുതിയ സമ്പ്രദായത്തില്‍ ഒരു ഇന്നിംഗ്‌സില്‍ ടീമുകള്‍ക്ക്‌ മൂന്ന്‌ അപ്പീലുകള്‍ മുഴക്കാം. ബാറ്റിംഗ്‌ ടീമാണെങ്കില്‍ ഗ്രൗണ്ട്‌ അമ്പയറുടെ തീരുമാനത്തില്‍ സംശയമുണ്ടെങ്കില്‍ ബാറ്റ്‌സ്‌മാന്‌ ടി സിഗ്‌നല്‍ മുഴക്കാം. കൈകള്‍ ചുമലോളം ഉയരത്തില്‍ ടി രൂപത്തില്‍ ഉയര്‍ത്തിയാല്‍ മതി. ഉടന്‍ തന്നെ തേര്‍ഡ്‌ അമ്പയര്‍ ഇടപെടും. ഫീല്‍ഡിംഗ്‌ ടീമിന്‌ സ്വന്തം അപ്പീല്‍ ഗ്രൗണ്ട്‌ അമ്പയര്‍ നിരാകരിച്ചാല്‍ ടി സിഗ്‌നല്‍ നല്‍കി തീരുമാനം തേര്‍ഡ്‌ അമ്പയര്‍ക്ക്‌ നല്‍കാന്‍ അധികാരമുണ്ട്‌. ഇത്തരം അപ്പീലുകള്‍ അംഗീകരിക്കപ്പെട്ടാല്‍ വീണ്ടും ഇന്നിംഗ്‌സില്‍ മൂന്ന്‌ അപ്പീലിനുളള അവസരമുണ്ട്‌. അതേ സമയം നിരാകരിക്കപ്പെട്ടാല്‍ മൂനന്‌ അവസരമെന്നത്‌ രണ്ടായി കുറയും.
ഇപ്പോള്‍ നടന്ന്‌ വരുന്ന ഇംഗ്ലണ്ട്‌-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ പുതിയ രീതി പരീക്ഷിക്കാനായിരുന്നു ഐ.സി.സി തീരുമാനിച്ചത്‌. എന്നാല്‍ ഇംഗ്ലണ്ട്‌ ടീം ഇതില്‍ താല്‍പ്പര്യമെടുത്തില്ല. ഇതിനെ തുടര്‍ന്നാണ്‌ ഇന്ത്യ-ലങ്ക പരമ്പര പരീക്ഷണത്തിന്‌്‌ വേദിയായത്‌.

No comments: