Tuesday, July 15, 2008

ആസിഫ്‌ ഒറ്റപ്പെടുന്നു

ആസിഫിന്റെ അഭിഭാഷകന്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ അധികാരികള്‍ക്കെതിരെ

ന്യൂഡല്‍ഹി: ഉത്തേജക വിവാദത്തില്‍ പാക്കിസ്‌താന്‍ സീമര്‍ മുഹമ്മദ്‌ ആസിഫ്‌ ഒറ്റപ്പെടുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങള്‍ക്കിടെ നടത്തിയ ഡോപ്പിംഗ്‌ ടെസ്റ്റില്‍ പിടിക്കപ്പെട്ട ആസിഫിനെതിരെ വ്യക്തമായ തെളിവുകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ സഹായിക്കാന്‍ താല്‍പ്പര്യമില്ലെന്ന്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കി കഴിഞ്ഞു. ഉത്തേജക വിവാദത്തില്‍ പ്രതി ചേര്‍ക്കപ്പെടുന്ന താരങ്ങള്‍ക്കെതിരെ കര്‍ക്കശ നിലാപാട്‌ സ്വീകരിക്കണമെന്ന്‌ ഐ.സി.സി.യും ആവര്‍ത്തിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ യൂറിന്‍ ബി സാമ്പിള്‍ പരിശോധന എന്ന ഫോര്‍മാലിറ്റി മാത്രമാണ്‌ ആസിഫിനും വിലക്കിനും മധ്യേയുള്ളത്‌. ഉത്തേജകവിവാദത്തില്‍ പിടിക്കപ്പെട്ട സാഹചര്യത്തില്‍ രണ്ട്‌ വര്‍ഷത്തെ വിലക്കാണ്‌ ആസിഫിനെ കാത്തിരിക്കുന്നത്‌. ഐ.പി.എല്‍ മല്‍സരങ്ങളില്‍ പങ്കെടുത്ത വേളയില്‍ പിടിക്കപ്പെട്ടതിനാല്‍ ആദ്യം ശിക്ഷ പ്രഖ്യാപിക്കേണ്ടത്‌ ഐ.പി.എല്ലാണ്‌. ഇതിന്‌ ശേഷമായിരിക്കും പി.സി.ബി ഇടപെടുക. ഐ.സി.സി പ്രശ്‌്‌നത്തില്‍ നേരിട്ട്‌ ഇടപെടില്ല.
അതിനിടെ ഐ.പി.എല്‍ അധികാരികള്‍ക്കെതിരെ ആസിഫിന്റെ അഭിഭാഷകന്‍ രംഗത്ത്‌ വന്നിട്ടുണ്ട്‌. നിയമപ്രകാരമല്ല ഐ.പി.എല്‍ അധികാരികള്‍ ഡോപ്പിംഗ്‌ ടെസ്‌റ്റില്‍ ആസിഫിന്റെ പേര്‌ പരസ്യപ്പെടുത്തിയതെന്ന്‌ അഭിഭാഷകന്‍ സഹീര്‍ പറഞ്ഞു. ബി സാമ്പിള്‍ ടെസ്‌റ്റും പോസീറ്റിവായാല്‍ മാത്രമാണ്‌ പിടിക്കപ്പെട്ട താരത്തിന്റെ പേര്‌ ഔദ്യോഗികമായി പരസ്യപ്പെടുത്തുക. എന്നാല്‍ ഈ നിയമം ലംഘിച്ച്‌ ഐ.പി.എല്‍ അധികാരികള്‍ ആദ്യ ടെസ്റ്റ്‌ ഫലത്തെ മാത്രം മുന്‍നിര്‍ത്തിയാണ്‌ ആസിഫിന്റെ പേര്‌ പ്രഖ്യാപിച്ചിരിക്കുന്നത്‌. ഐ.പി.എല്‍ ചെയ്‌ത ഈ തെറ്റ്‌ വാഡ അധികാരികളെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ലോക ആന്റി ഡോപ്പിംഗ്‌ ഏജന്‍സിയുടെ (വാഡ) ആര്‍ട്ടിക്കിള്‍ 7.2 പ്രകാരം പിടിക്കപ്പെട്ട ഒരു താരത്തിന്‌ ബി സാമ്പിള്‍ ടെസ്‌റ്റിന്‌ അപേക്ഷിക്കാന്‍ അവകാശമുണ്ടെന്നും 14.2 വകുപ്പ്‌ പ്രകാരം താരത്തിന്റെ പേര്‌ ആദ്യ ടെസ്റ്റ്‌ ഫലത്തിന്റെ അടിസ്ഥാനത്തില്‍ വെളിപ്പെടുത്തരുതെന്നും പറയുന്നുണ്ട്‌. വ്യക്തമായ നിയമം നിലനില്‍ക്കെ ഈ കാര്യം വാഡ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നാണ്‌ ആസിഫിനെ സഹായിക്കുന്ന നിയമസംഘം പറയുന്നത്‌. വാഡ നിയമങ്ങള്‍ കാറ്റില്‍പ്പറത്തിയാണ്‌ ഇന്ത്യ ആസിഫിന്റെ പേര്‌ പരസ്യമാക്കിയത്‌. ഇത്‌ അംഗീകരിക്കില്ലെന്നാണ്‌ അവരുടെ നിലപാട്‌.
പി.സി.ബി സ്വന്തം നിലപാട്‌ കര്‍ക്കശമാക്കിയതാണ്‌ ആസിഫിന്‌ വലിയ തിരിച്ചടിയായിരിക്കുന്നത്‌. രണ്ട്‌ തവണ ആസിഫിനെ പിസി.ബി രക്ഷപ്പെടുത്തിയിരുന്നു. ഇനി അതിന്‌ കഴിയില്ലെന്നാണ്‌ പി.സി.ബി വ്യക്തമാക്കിയിരിക്കുന്നത്‌. ബി സാമ്പിള്‍ ടെസ്റ്റിലും പിടിക്കപ്പെട്ടാല്‍ ആജീവനാന്ത വിലക്ക്‌ വരെ ചിലപ്പോള്‍ പി.സി.ബി പ്രഖ്യാപിച്ചേക്കാം.

നേട്ടം ദക്ഷിണാഫ്രിക്കക്ക്‌
ലോര്‍ഡ്‌സ്‌: ഇംഗ്ലണ്ട്‌-ദക്ഷിണാഫ്രിക്ക ടെസ്റ്റ്‌ പരമ്പരയിലെ ആദ്യ മല്‍സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ നേട്ടം ഗ്രയീം സ്‌മിത്തിന്റെ ദക്ഷിണാഫ്രിക്കക്ക്‌. ലോര്‍ഡ്‌സില്‍ ആദ്യ മൂന്ന്‌ ദിവസം ഇംഗ്ലണ്ടിന്റെ സര്‍വാധിപത്യത്തിന്‌ മുന്നില്‍ തളര്‍ന്ന സന്ദര്‍ശകര്‍ അവസാന രണ്ട്‌ ദിവസത്തെ ചെറുത്തുനില്‍പ്പില്‍ വീരോചിതമായാണ്‌ സമനില സ്വന്തമാക്കിയത്‌. ക്യാപ്‌റ്റന്‍ സ്‌മിത്ത്‌ (107), നീല്‍ മക്കന്‍സി (138), ഹാഷിം അംല (104 നോട്ടൗട്ട്‌) എന്നിവരുടെ സെഞ്ച്വറിയില്‍ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്‌സില്‍ മൂന്ന്‌ വിക്കറ്റിന്‌ 393 റണ്‍സ്‌ നേടിയ ഘട്ടത്തില്‍ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‍ മൈക്കല്‍ വോന്‍ സമനിലക്ക്‌ സമ്മതിക്കുകയായിരുന്നു. കെവിന്‍ പീറ്റേഴ്‌സണ്‍ ( 152), ഇയാന്‍ ബെല്‍ (199) എന്നിവരുടെ മികവില്‍ ഇംഗ്ലണ്ട്‌ ആദ്യ ഇന്നിംഗ്‌സില്‍ 593 ( എട്ട്‌ വിക്കറ്റിന്‌ ഡിക്ലയേര്‍ഡ്‌) റണ്‍സ്‌ നേടിയപ്പോള്‍ ദക്ഷിണാഫ്രിക്ക 247 റണ്‍സില്‍ തളര്‍ന്നിരുന്നു. വലിയ കമ്മിയുമായി ഫോളോ ഓണ്‍ ചെയ്‌ത ടീം പരാജയമുഖത്തേക്ക്‌ നീങ്ങുമെന്ന്‌ കരുതിയിരിക്കവെയാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ വീരോചിത പ്രകടനവുമായി മുന്‍നിരക്കാര്‍ കളം വാണത്‌. ആധികാരിക പ്രകടനം നടത്തിയാണ്‌ ടീം സമനില സ്വന്തമാക്കിയതെന്ന്‌ സ്‌മിത്ത്‌ പറഞ്ഞു. രണ്ടാം ഇന്നിംഗ്‌സ്‌ തുടങ്ങുമ്പോള്‍ എല്ലാ ബാറ്റ്‌സ്‌മാന്മാരോടും പറഞ്ഞത്‌ ഒരു കാര്യം മാത്രമായിരുന്നു-പതറാതെ കളിക്കുക. ഈ ലക്ഷ്യത്തിലേക്ക്‌ ആധികാരികമായി തന്നെ എല്ലാവരും കളിച്ചു. വെള്ളിയാഴ്‌ച്ച ഹെഡിംഗ്‌ലിയില്‍ ആരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ തന്റെ ടീം മെച്ചപ്പെട്ട പ്രകടനം നടത്തുമെന്ന്‌ അദ്ദേഹം വ്യക്തമാക്കി.
അതിനിടെ രണ്ടാം ടെസ്റ്റിനുളള ഇംഗ്ലണ്ട്‌ സംഘത്തിലേക്ക്‌ ഓള്‍റൗണ്ടര്‍ ആന്‍ഡ്ര്യൂ ഫ്‌ളിന്റോഫ്‌ തിരിച്ചെത്തിയിട്ടുണ്ട്‌. പരുക്കിനെ തുടര്‍ന്ന്‌ മാസങ്ങളോളമായി ഫ്രെഡ്ഡി ടീമിന്‌ പുറത്തായിരുന്നു. അദ്ദേഹത്തിന്റെ തിരിച്ചുവരവ്‌ തീര്‍ച്ചയായും ടീമിന്‌ ഉണര്‍വ്‌ പകരുമെന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ ഡേവിഡ്‌ ഗൂച്ച്‌ അഭിപ്രായപ്പെട്ടു. അനുഭവസമ്പന്നനായ താരമാണ്‌ ഫ്രെഡ്ഡി. അവസരോചിതമായി കളിക്കാനുമറിയാം. ഫ്രെഡ്ഡി വരുന്നതോടെ അഞ്ചാം ബൗളര്‍ എന്ന പ്രശ്‌നവും അവസാനിക്കുമെന്ന്‌്‌ ഗൂച്ച്‌ പറഞ്ഞു.

റമസാനില്‍ കളിക്കാന്‍ യൂസഫില്ല
ലാഹോര്‍: വിശുദ്ധ റമസാനില്‍ മൈതാനത്തിറങ്ങാന്‍ തന്നെ കിട്ടില്ലെന്ന്‌ പാക്കിസ്‌താന്റെ വിഖ്യാത ബാറ്റ്‌സ്‌മാന്‍ മുഹമ്മദ്‌ യൂസഫ്‌. സെപ്‌തംബറില്‍ പാക്കിസ്‌താനില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനുളള പാക്കിസ്‌താന്‍ സാധ്യതാ സംഘത്തില്‍ തന്നെ ഉള്‍പ്പെടുത്തരുതെന്ന്‌ യൂസഫ്‌ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡിനും സെലക്ടര്‍മാരോടും ആവശ്യപ്പെട്ടു. ക്രിസ്‌തു മതത്തില്‍ നിന്നും ഇസ്ലാമില്‍ ആകൃഷ്ടനായ യൂസഫ്‌ മതവിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുന്നയാളാണ്‌. വിശുദ്ധമാക്കപ്പെട്ട മാസത്തില്‍ പ്രാര്‍ത്ഥനകളില്‍ മുഴുകാനാണ്‌ തനിക്ക്‌ താല്‍പ്പര്യമെന്ന്‌ അദ്ദേഹം അറിയിച്ചിട്ടുണ്ട്‌. അതേ സമയം ചാമ്പ്യന്‍സ്‌ ട്രോഫിക്കുളള പാക്കിസ്‌താന്‍ സാധ്യതാ സംഘത്തെ പ്രഖ്യാപിക്കുന്നത്‌ വൈകുകയാണ്‌. രണ്ട്‌ ദിവസം മുമ്പ്‌ പ്രഖ്യാപിക്കപ്പെടുമെന്ന്‌ കരുതിയ ടീമിനെ ഇന്നലെയും പ്രഖ്യാപിച്ചിട്ടില്ല. ടീം പ്രഖ്യാപിക്കുന്ന കാര്യത്തില്‍ ക്രിക്കറ്റ്‌ ബോര്‍ഡും സെലക്ടര്‍മാരും തമ്മില്‍ ശക്തമായ അഭിപ്രായ വിത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്‌. ചില പേരുകളോട്‌ സെലക്ടര്‍മാര്‍ക്ക്‌ താല്‍പ്പര്യമില്ലെങ്കിലും ക്രിക്കറ്റ്‌ ബോര്‍ഡ്‌ ഇടപെടുന്നുണ്ട്‌. മുഹമ്മദ്‌ ആസിഫിനെ സാധ്യതാ സംഘത്തില്‍ ഉള്‍പ്പെടുത്താനുളള തീരുമാനത്തിന്‌ പിറകെയാണ്‌ അദ്ദേഹം ഉത്തേജകവിവാദത്തില്‍ പിടിക്കപ്പെട്ട വാര്‍ത്ത വന്നത്‌. ഇതോടെ പ്രഖ്യാപനം വൈകി. ഷുഹൈബ്‌ അക്തറിന്റെ കാര്യത്തിലും അനിശ്ചിതത്വമുണ്ട്‌. അച്ചടക്കനടപടിയുടെ പേരില്‍ അഞ്ച്‌ വര്‍ഷത്തേക്ക്‌ വിലക്കപ്പെട്ട അക്തറിനെതിരായ വിധി ഈയിടെ കോടതി മരവിപ്പിച്ചിരുന്നു. ഈ സാഹചര്യത്തില്‍ അദ്ദേഹത്തിന്‌ രാജ്യത്തിനായി കളിക്കാമെന്ന്‌ വ്യക്തമാക്കപ്പെട്ടിട്ടുണ്ടെങ്കിലും പി.സി.ബി കേന്ദ്രങ്ങളില്‍ അഭിപ്രായ വിത്യാസമുണ്ട്‌. ഏഷ്യാ കപ്പിനുളള പാക്കിസ്‌താന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ തന്നെ സെലക്ടര്‍മാര്‍ ഒരു ഭാഗത്തും ക്യാപ്‌റ്റന്‍ ഷുഹൈബ്‌ മാലിക്ക്‌ മറുഭാഗത്തുമായിരുന്നു. വിക്കറ്റ്‌ കീപ്പര്‍ കമറാന്‍ അക്‌മലിനെ തഴഞ്ഞത്‌ തന്നോട്‌ ചോദിക്കാതെയാണെന്ന്‌ ക്യാപ്‌റ്റന്‍ പരാതിപ്പെടുകയും ചയ്‌തു.
വിവാദങ്ങളില്ലാതെ ടീമിനെ പ്രഖ്യാപിക്കണമെന്നാണ്‌ പി.സി.ബി തലവനും ഇപ്പോള്‍ ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സില്‍ അദ്ധ്യക്ഷനുമായ നാസിം അഷ്‌റഫ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. ക്യാപ്‌റ്റന്‍ മാലിക്‌, കോച്ച്‌ ജെഫ്‌ ലോസണ്‍ എന്നിവരുമായി കൂടിയാലോചിക്കാന്‍ അദ്ദേഹം സെലക്ടര്‍മാര്‍ക്ക്‌ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.
യൂസഫിന്റെ പിന്മാറ്റം സ്വന്തം നാട്ടില്‍ നടക്കുമെന്ന്‌ കരുതപ്പെടുന്ന ചാമ്പ്യന്‍ഷിപ്പില്‍ പാക്കിസ്‌താന്‌ കനത്ത ആഘാതമായിരിക്കും. ഇന്നും പാക്കിസ്‌താന്‍ സംഘത്തില വിശ്വസ്‌തനായ ബാറ്റ്‌സ്‌മാന്‍ യൂസഫാണ്‌. റമസാനിലാണ്‌ ചാമ്പ്യന്‍ഷിപ്പ്‌ നടക്കുന്നതെങ്കില്‍ താനുണ്ടാവില്ലെന്ന്‌ യൂസഫ്‌ നേരത്തെ സെലക്ടര്‍മാരെ അറിയിച്ചിരുന്നു. യൂസഫിന്റെ തീരുമാനം വ്യക്തിപരമാണെന്നും അതിനെ അംഗീകരിക്കുന്നതായും ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‌ പകരം ഓള്‍റൗണ്ടര്‍ മുഹമ്മദ്‌ ആസിഫിന്‌ ടീമില്‍ ഇടം ലഭിക്കാനാണ്‌ സാധ്യതകള്‍.
മുഹമ്മദ്‌ ആസിഫിന്റെ വിലക്കും, അക്തറിന്റെ കാര്യത്തിലെ അനിശ്ചിതത്വവും ഉമര്‍ ഗുലിന്റെ പരുക്കുമെല്ലാമായി ബൗളിംഗ്‌ ഡിപ്പാര്‍ട്ട്‌മെന്റിലാണ്‌ പ്രശ്‌നങ്ങള്‍ കൂടുതല്‍. ആസിഫിന്‌ കളിക്കാനാവില്ല എന്ന്‌ വ്യക്തമാണ്‌. അക്തറിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായിട്ടില്ല. ഏഷ്യാകപ്പിനിടെ പരുക്കേറ്റ ഗുല്ലാവട്ടെ ഇപ്പോഴും ചികില്‍സയിലാണ്‌.

ഇന്ത്യക്കെതിരെ പരാതി
ഹൈദരാബാദ്‌: ജൂനിയര്‍ ഏഷ്യാ കപ്പ്‌ ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിനെതിരെ പരാതി. പ്രായപരിധി കവിഞ്ഞ താരങ്ങളെയാണ്‌ ഇന്ത്യ ജൂനിയര്‍ ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്ന്‌ സിംഗപ്പൂര്‍, മലേഷ്യ ടീമുകളുടെ പരിശീലകര്‍ കുറ്റപ്പെടുത്തി. ഇതിനെതിരെ ഏഷ്യന്‍ ഹോക്കി ഫെഡറേഷനും ഇന്റര്‍നാഷണല്‍ ഹോക്കി ഫെഡറേഷനും രംഗത്ത്‌ വരണമെന്ന്‌ ഇവര്‍ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ടീമില്‍ കുറഞ്ഞത്‌ ആറ്‌ പേരെങ്കിലും പ്രായക്കൂടുതലുളളവരാണ്‌. ഇന്ത്യ മാത്രമല്ല പല പ്രമുഖ ടീമുകളും പ്രായം കൂടുതലുളള താരങ്ങളെയാണ്‌ കളിപ്പിക്കുന്നതെന്നും ഇവര്‍ക്ക്‌ പരാതിയുണ്ട്‌.



ഇംഗ്ലണ്ടിന്റെ പരാതിയില്‍ കഴമ്പില്ലെന്ന്‌ ഇന്ത്യ
മുംബൈ: ഈ വര്‍ഷാവസാനം നടക്കുന്ന ഇംഗ്ലണ്ട്‌ ടീമിന്റെ ഇന്ത്യന്‍ പര്യടനം മുന്‍നിശ്ചയപ്രകരം തന്നെ നടക്കുമെന്നും വേദികളില്‍ മാറ്റമുണ്ടാവില്ലെന്നും ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ വ്യക്തമാക്കി. ഇന്ത്യന്‍ പര്യടനത്തിലെ വേദികള്‍ സംബന്ധിച്ച്‌ കഴിഞ്ഞ ദിവസം ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ നിരാശ പ്രകടിപ്പിച്ചതിനുളള മറുപടിയില്‍ ബോര്‍ഡ്‌ സെക്രട്ടറി നിരഞ്‌ജന്‍ഷായാണ്‌ ബി.സി.സി.ഐ നിലപാട്‌ വ്യക്തമാക്കിയത്‌. റൊട്ടേഷന്‍ സമ്പ്രദായ പ്രകാരമാണ്‌ ഇന്ത്യന്‍ വേദികള്‍ നിശ്ചയിക്കാറുളളത്‌. എല്ലാ വേദികള്‍ക്കും അവസരം നല്‍കണം. ഈ കാര്യത്തില്‍ ബോര്‍ഡ്‌ വിട്ടുവീഴ്‌ച്ചക്കല്ല. വേദികള്‍ സംബന്ധിച്ച്‌ ഇംഗ്ലണ്ട്‌ ആന്‍ഡ്‌ വെയില്‍സ്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പരസ്യമായി അസംതൃപ്‌തി പ്രകടിപ്പിച്ചതിനെ ഷാ ചോദ്യം ചെയ്‌തു. മല്‍സരവേദികള്‍ നിശ്ചയിക്കുന്നത്‌ ആതിഥേയരുടെ ജോലിയാണ്‌. ഇതില്‍ പരാതിയില്‍ കാര്യമില്ല. ഇംഗ്ലണ്ട്‌ സന്ദര്‍ശിക്കുന്ന വേളയില്‍ ഇന്ത്യന്‍ ടീമിന്‌ അനുകൂലമായ വേദികള്‍ പലപ്പോഴും ലഭിക്കാറില്ല. പക്ഷേ ഇന്ത്യ പരാതിപ്പെടാറില്ലെന്നും ഷാ പറഞ്ഞു. കൊല്‍ക്കത്ത, ചെന്നൈ, ബാംഗ്ലൂര്‍ എന്നീ പ്രധാന വേദികളില്‍ മല്‍സരം അനുവദിക്കാത്തതിലാണ്‌ ഇംഗ്ലണ്ട്‌ നീരസം പ്രകടിപ്പിച്ചത്‌. രണ്ട്‌ ടെസ്റ്റും ഏഴ്‌ ഏകദിനങ്ങളുമാണ്‌ ഇംഗ്ലണ്ട്‌ ഇന്ത്യയില്‍ കളിക്കുന്നത്‌. ടെസ്‌റ്റ്‌ വേദികള്‍ അഹമ്മദാബാദും മുംബൈയുമാണ്‌. ഏകദിന വേദികള്‍ രാജ്‌ക്കോട്ടും ഇന്‍ഡോറും കാണ്‍പ്പൂരും ജാംഷഡ്‌പ്പൂരും കട്ടക്കും ഗോഹട്ടിയും ഡല്‍ഹിയും.

ഏകദിനങ്ങള്‍ കുറക്കാന്‍ വെംഗ്‌സാര്‍ക്കര്‍
മുംബൈ: ഏകദിന മല്‍സരങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതാണ്‌ ലോക ക്രിക്കറ്റിനെ ദോഷകരമായി ബാധിക്കുന്നതെന്ന്‌ ഇന്ത്യന്‍ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ദീലീപ്‌ വെംഗ്‌സാര്‍ക്കര്‍. താരങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ ഊര്‍ജ്ജ്വസ്വലമാക്കുന്നതിനുമായി ഏകദിനങ്ങളുടെ എണ്ണം വെട്ടിക്കുറക്കണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു. ഇപ്പോള്‍ എല്ലാ പരമ്പരകളിലും ടെസ്‌റ്റുകള്‍ വെട്ടിക്കുറച്ച്‌ ഏകദിനങ്ങള്‍ വര്‍ദ്ധിപ്പിക്കുകയാണ്‌. ഓരോ പര്യടനത്തിലും പരമ്പരയിലും അഞ്ച്‌ മൂതല്‍ ഏഴ്‌ വരെ ഏകദിനങ്ങളാണ്‌ ഉള്‍പ്പെടുത്തുന്നത്‌. ഈ വര്‍ഷവസാനം നടക്കുന്ന ഇന്ത്യ-ഇംഗ്ലണ്ട്‌ പരമ്പരയില്‍ ഏഴ്‌ ഏകദിനങ്ങളും രണ്ട്‌ ടെസ്‌റ്റുകളുമാണുളളത്‌. ഏഴ്‌ ഏകദിനങ്ങള്‍ക്കായി പതിനാല്‌ മുതല്‍ ഇരുപത്‌ ദിവസം വരെയാണ്‌ വേണ്ടത്‌. തുടര്‍ച്ചയായി മല്‍സരങ്ങളില്‍ പങ്കെടുക്കുമ്പോള്‍ താരങ്ങള്‍ ക്ഷീണിതരാവുന്നു. അവര്‍ക്ക്‌ കരുത്തോടെ കളിക്കാനാവുന്നില്ല.
നിലവിലുളള രാജ്യാന്തര കലണ്ടര്‍ പ്രകാരം ദേശീയ താരങ്ങള്‍ക്ക്‌ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സമയമില്ല. ആഭ്യന്തര മല്‍സരങ്ങള്‍ കാണാന്‍ പത്തോ ഇരുപതോ പേര്‍ മാത്രമാണ്‌ സ്‌റ്റേഡിയത്തിലെത്തുന്നത്‌. സൂപ്പര്‍താരങ്ങളുടെ സാന്നിദ്ധ്യമുണ്ടെങ്കില്‍ ആഭ്യന്തര മല്‍സരങ്ങളിലേക്ക്‌ കൂടുതല്‍ താരങ്ങളെ ആകര്‍ഷിക്കാനാവും. എന്നാല്‍ നിലവിലുളള കലണ്ടര്‍ പ്രകാരം താരങ്ങള്‍ക്ക്‌ ആഭ്യന്തര ക്രിക്കറ്ററില്‍ കളിക്കാനാവില്ല. 20-20 ക്രിക്കറ്റിന്റെ പ്രചുര പ്രചാരത്തില്‍ യുവതാരങ്ങള്‍ ആകര്‍ഷിക്കപ്പെടുന്നുണ്ടെന്നും എന്നാല്‍ 20-20 അടിസ്ഥാനമാക്കി മാത്രം താരങ്ങളെ ദേശിയ നിരയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നും വെംഗ്‌സാര്‍ക്കര്‍ പറഞ്ഞു. ഐ.പി.എല്‍ വന്‍വിജയമായിരുന്നു. എന്നാല്‍ ഐ.പി.എല്ലില്‍ കരുത്ത്‌ പ്രകടിപ്പിച്ച എത്ര പേരെ ഇന്ത്യന്‍ ടീമിലേക്ക്‌ എടുക്കാനാവുമെന്ന്‌ അദ്ദേഹം ചോദിച്ചു. മന്‍പ്രീത്‌ ഗോണി നിലവാരമുളള ബൗളറാണ്‌. യൂസഫ്‌ പത്താന്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്ക്‌ മുമ്പേ തന്നെ കരുത്ത്‌ തെളിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സഞ്ചാരികള്‍ക്ക്‌ സുസ്വാഗതം
ബെയ്‌ജിംഗ്‌: ഒളിംപിക്‌സിലൂടെ ചൈന ലോകത്തെ ക്ഷണിക്കുകയാണ്‌... രാജ്യം കാണാന്‍ മാത്രമല്ല, ചൈനയെ അറിയാനും ലോകത്തെ വിളിക്കുകയാണ്‌ ബെയ്‌ജിംഗ്‌ സംഘാടകര്‍. ലോകത്തിന്‌ മുന്നില്‍ ചൈനയെന്നാല്‍ കമ്മ്യൂണിസ്‌റ്റ്‌ കേന്ദ്രമാണ്‌. പക്ഷേ രാജ്യം എത്രമാത്രം മാറിയിരിക്കുന്നു എന്ന സത്യത്തെ നേരില്‍ കാണാനാണ്‌ എല്ലാവരെയും ചൈന ക്ഷണിക്കുന്നത്‌. ഒളിംപിക്‌സ്‌ ഒരു തുടക്കമാണ്‌. ലോകത്തിനുളള ആദ്യ ക്ഷണപത്രം. ചൈനീസ്‌ വിനോദ സഞ്ചാരവകുപ്പ്‌ ഒളിംപിക്‌്‌സ്‌ മുന്‍നിര്‍ത്തി വ്യക്തമായ വിപണന തന്ത്രവുമായി രാജ്യത്തിലേക്ക്‌ സഞ്ചാരികളെ ആകര്‍ഷിക്കാനുളള പ്ലാന്‍ തയ്യാറാക്കിയിരുന്നു. അത്‌ നടപ്പിലാക്കുന്നതിന്റെ തിരക്കിലാണിപ്പോള്‍ ഉദ്യോഗസ്ഥര്‍. ചൈനയിലെത്തുന്ന സഞ്ചാരിക്ക്‌ ഒരു തരത്തിലുമുള്ള ബുദ്ധിമുട്ട്‌ ഉണ്ടാവില്ലെന്നാണ്‌ ടൂറിസം അഡ്‌മിനിസ്‌ട്രേഷന്‍ തലവന്‍ സിയോംഗ്‌ യൂമെ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്‌. സഞ്ചാരികള്‍ക്ക്‌ എല്ലാ തരത്തിലുമുളള സൗകര്യങ്ങള്‍ നല്‍കും. ഹോട്ടല്‍-താമസ സൗകര്യത്തിനായി വന്‍ സജ്ജീകരണങ്ങളാണ്‌ ഏര്‍പ്പെടുത്തിയിരിക്കുന്നത്‌. ബെയ്‌ജിംഗില്‍ മാത്രം 5,790 ഹോട്ടലുകളുണ്ട്‌. ഈ ഹോട്ടലുകളിലായി 339,000 മുറികള്‍. ഇതില്‍ 665,000 ബെഡുകള്‍. ഇതില്‍ 816 ഹോട്ടലുകള്‍ സ്‌റ്റാര്‍ വാല്യൂയുളളവയാണ്‌. ഏകദേശം ഒന്നര ലക്ഷത്തോളം തൊഴിലാളികളാണ്‌ എല്ലാ ഹോട്ടലുകളിലുമായുളളത്‌. നഗരത്തിലെ 4,978 ഹോസ്‌റ്റലുകളിലും സഞ്ചാരികള്‍ക്ക്‌ താമസ സൗകര്യമുണ്ട്‌. മൊത്തം ഹോട്ടലുകളില്‍ 119 ഹോട്ടലുകള്‍ ഒളിംപിക്‌സ്‌ ഹോട്ടലുകളാണ്‌.
പരാതികള്‍ക്കിട നല്‍കാത്തവിധം സഞ്ചാരികളെ ആകര്‍ഷിക്കാനും പരിചരിക്കാനുമായി തൊഴിലാളികളെയെല്ലാം ഇംഗ്ലീഷ്‌ പഠിപ്പിക്കുന്ന തിരക്കിലാണ്‌ ടൂറിസം വകുപ്പ്‌.

No comments: