Tuesday, July 8, 2008

പുറത്തേക്ക്‌




മുംബൈ: ശ്രീശാന്തിനെ കരണത്തടിച്ച ഹര്‍ഭജന്‍സിംഗ്‌ ദേശീയ ടീമിലേക്ക്‌ തിരിച്ചെത്തിയപ്പോള്‍ അടിയേറ്റ ശ്രീശാന്ത്‌ പുറത്ത്‌ തന്നെ.. കേരളാ താരത്തിന്‌ മുന്നില്‍ ക്രിക്കറ്റ്‌ വാതിലുകള്‍ അടയുകയാണെന്ന സൂചനകളാണ്‌ ഇന്നലെ ഇവിടെ ചേര്‍ന്ന സെലക്ഷന്‍ സമിതി യോഗം നല്‍കുന്നത്‌. ശ്രീലങ്കന്‍ പര്യടനത്തിനുളള ടെസ്‌റ്റ്‌ ടീമില്‍ ശ്രീശാന്തിന്‌ സ്ഥാനമില്ലെന്ന്‌ മാത്രമല്ല ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിക്കായി പ്രഖ്യാപിച്ച സാധ്യതാ സംഘത്തിലെ മുപ്പതാം സ്ഥാനക്കാരനായാണ്‌ കേരളാ താരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. വലം കൈയ്യന്‍ സീമര്‍ എന്ന ആനുകൂല്യത്തിലായിരുന്നു ശ്രീശാന്ത്‌ ടീമിലെ സ്ഥാനം നിലനിര്‍ത്തിയത്‌. ഇപ്പോള്‍ ആ സ്ഥാനത്ത്‌ ഇശാന്ത്‌ ശര്‍മ്മയുണ്ട്‌്‌-കൂടെ മുനാഫ്‌ പട്ടേലും. ലെഫ്‌റ്റ്‌ ആം സീമര്‍മാരായി സഹീര്‍ഖാനും ആര്‍.പി സിംഗും. ഇശാന്തിന്റെയും മുനാഫിന്റെയും പ്രകടനം ലങ്കയില്‍ മോശമായാല്‍ മാത്രമാണ്‌ ശ്രീശാന്തിന്‌ സാധ്യത ശേഷിക്കുന്നത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ്‌ സൂപ്പര്‍ കിംഗ്‌സിനായി കളിച്ച ശ്രീശാന്ത്‌ ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്‌്‌ട്ര കപ്പിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ പരുക്ക്‌ കാരണം കളിക്കാനായില്ല. ഏഷ്യാകപ്പും പരുക്കില്‍ നഷ്‌ടമായി. ദീര്‍ഘകാലം വിട്ടുനില്‍ക്കേണ്ടി വരുമ്പോള്‍ തിരിച്ചുവരവും അസാധ്യമാവും.

ലംപാര്‍ഡ്‌ ചെല്‍സി വിടുന്നില്ല
ലണ്ടന്‍: യൂറോപ്യന്‍ ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റില്‍ നിന്ന്‌ പുതിയ വര്‍ത്തമാനം-ഫ്രാങ്ക്‌ ലംപാര്‍ഡ്‌ എന്ന മധ്യനിരക്കാരന്‍ ചെല്‍സി വിടുന്നില്ല. വാര്‍ത്ത പരസ്യമാക്കിയത്‌ മറ്റാരുമല്ല-ടീമിന്റെ പുതിയ കോച്ച്‌ ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരി തന്നെയാണ്‌. ചെല്‍സിയുടെ മുന്‍ കോച്ച്‌ ജോസ്‌ മോറീനോ ഇറ്റാലിയന്‍ ക്ലബായ ഇന്റര്‍ മിലാന്റെ പരിശീലക സ്ഥാനം ഏറ്റെടുത്ത സാഹചര്യത്തില്‍ ലംപാര്‍ഡ്‌ ഇറ്റലിയിലേക്ക്‌ ചേക്കേറുമെന്ന്‌ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചെല്‍സിയില്‍ താന്‍ സംതൃപ്‌തനാണെന്നും ക്ലബ്‌ വിടാന്‍ ആഗ്രഹമില്ലെന്നും ലംപാര്‍ഡ്‌ വ്യക്തമാക്കിയതായി സ്‌ക്കോളാരിയെ ഉദ്ധരിച്ച്‌ ചെല്‍സി ടി.വി റിപ്പോര്‍ട്ട്‌ ചെയ്‌തു. ലംപാര്‍ഡുമായി അടുത്ത വര്‍ഷം വരെ ചെല്‍സിക്ക്‌ കരാറുണ്ട്‌. ഇന്നലെയാണ്‌ സ്‌ക്കോളാരി ലംപാര്‍ഡിനെ കണ്ടത്‌. ചെല്‍സിയില്‍ തന്നെ തുടരണമെന്നും ടീമിന്റെ കരുത്തിനായി പ്രയത്‌നിക്കണമെന്നും സ്‌ക്കോളാരി നിര്‍ദ്ദേശിച്ചപ്പോള്‍ ലംപാര്‍ഡ്‌ അത്‌ അംഗീകരിക്കുകായിരുന്നുവത്രെ...
ഇന്നലെയാണ്‌ സ്‌ക്കോളാരി ചെല്‍സിയുടെ കോച്ചായി ചുമതലയേറ്റത്‌. തുടര്‍ന്ന്‌ നടത്തിയ പത്രസമ്മേളനത്തില്‍ പതിവ്‌ പോലെ വാചാലനായ ബ്രസീലുകാരന്‍ ചെല്‍സിയെ ഉയരങ്ങളിലെത്തിക്കുമെന്ന വാഗ്‌ദാനവും നല്‍കി. ചെല്‍സി മുന്‍നിരയിലെ ഐവറികോസ്‌റ്റുകാരന്‍ ദീദിയര്‍ ദ്രോഗ്‌ബെ ഇറ്റലിയിലേക്ക്‌ ചേക്കേറുമെന്ന വാര്‍ത്തകളില്‍ 200 ശതമാനവും കഴമ്പില്ലെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌.
അതിനിടെ മുന്‍നിരക്കാരന്‍ ഇമാനുവല്‍ അബിദേയര്‍ ആഴ്‌സനലില്‍ തന്നെ തുടരുമെന്നുറപ്പായി. ഏ.സി മിലാന്‍ ആഫ്രിക്കന്‍ താരത്തിന്‌ വേണ്ടി രംഗത്തുണ്ടായിരുന്നു. എന്നാല്‍ ടോംഗോ താരത്തിനെ സ്വന്തമാക്കാന്‍ മിലാന്‍ പറഞ്ഞ പ്രതിഫല തുക ആഴ്‌സനല്‍ ആവശ്യപ്പെട്ട തുകയും അരികില്‍ എത്തുന്നില്ല.

സ്വര്‍ണ്ണത്തിന്‌ റൊ സഖ്യം
റിയോ: അഞ്ച്‌ തവണ ലോകകപ്പ്‌ സ്വന്തമാക്കിയിട്ടുണ്ട്‌്‌ ബ്രസീല്‍... കോപ്പ അമേരിക്കാ കപ്പും നിരവധി തവണ അവരുടെ അലമാരയില്‍ എത്തിയിട്ടുണ്ട്‌. കോണ്‍ഫെഡറേഷന്‍ കപ്പും പലവട്ടം സാംബാ താളത്തിനൊപ്പം നിന്നിട്ടുണ്ട്‌. പക്ഷേ ഇത്‌ വരെ ഒരു ഒളിംപിക്‌ സ്വര്‍ണ്ണം സ്വന്തമാക്കാന്‍ ബ്രസീലിന്‌ കഴിഞ്ഞിട്ടില്ല. ആ കുറവ്‌ നികത്താന്‍ ബെയ്‌ജിംഗിലേക്ക്‌ വരുന്നത്‌ ചില്ലറക്കാരല്ല-സാക്ഷാല്‍ റൊണാള്‍ഡിഞ്ഞോയും റോബിഞ്ഞോയും. ഇന്നലെ കോച്ച്‌ ഡുംഗെ പ്രഖ്യാപിച്ച ഇരുപത്തിമൂന്നംഗ സംഘത്തില്‍ ഇവരെ കൂടാതെ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനായി കളിക്കുന്ന മധ്യനിരക്കാരന്‍ ആന്‍ഡേഴ്‌സണുമുണ്ട്‌.
ടീം ഇതാണ്‌: ഗോള്‍ക്കീപ്പര്‍മാര്‍- ഡിയാഗോ ആല്‍വസ്‌, റെനാന്‍, ഡിഫന്‍ഡര്‍മാര്‍-ഇല്‍സിനോ, റാഫിന, മാര്‍സിലോ, അലക്‌സ്‌ സില്‍വ, ബ്രെനോ, തിയാഗോ സില്‍വ. മധ്യനിര-ആന്‍ഡേഴ്‌സണ്‍, ഡിയാഗോ, ഹെര്‍ണാനസ്‌, ലുകാസ്‌, റൊണാള്‍ഡിഞ്ഞോ, തിയാഗോ നെവസ്‌. മുന്‍നിര- അലക്‌സാണ്ടര്‍ പാറ്റോ, ജോ, റാഫേല്‍ സോബിസ്‌, റോബിഞ്ഞോ.
ഒളിംപിക്‌സ്‌ ഫുട്‌ബോളില്‍ ബ്രസീലിന്റെ ഇത്‌ വരെയുള്ള നേട്ടം രണ്ട്‌ വെള്ളികളാണ്‌ . 1984 ല്‍ ലോസാഞ്ചലസ്സില്‍ നടന്ന ഒളിംപിക്‌സിലും 1988 ല്‍ സിയോളില്‍ നടന്ന ഒളിംപിക്‌സിലുമാണ്‌ അവര്‍ രണ്ടാം സ്ഥാനത്ത്‌ വന്നത്‌. 1996 അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സില്‍ അവര്‍ക്ക്‌ മൂന്നാം സ്ഥാനമായിരുന്നു. ബെയ്‌ജിംഗില്‍ ഗ്രൂപ്പ്‌ സി യില്‍ ആതിഥേയരായ ചൈന, ബെല്‍ജിയം, ന്യൂസിലാന്‍ഡ്‌ എന്നിവര്‍ക്കൊപ്പമാണ്‌ ബ്രസീല്‍ കളിക്കുന്നത്‌. ഓഗസ്‌റ്റ്‌ എട്ടിന്‌ ബെല്‍ജിയത്തിനെതിരെയാണ്‌ ആദ്യ മല്‍സരം. ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടുക എന്നതാണ്‌ ടീമിന്റെ വ്യക്തമായ ലക്ഷ്യമെന്ന്‌ കോച്ച്‌ ഡുംഗെ പറഞ്ഞു.
ക്വിറസിന്‌ പോര്‍ച്ചുഗല്‍ ഡ്യൂട്ടി
ലണ്ടന്‍: റയല്‍ മാഡ്രിഡിന്റെ മുന്‍ കോച്ചും ഇപ്പോള്‍ മാഞ്ചസ്‌റ്റര്‍ യുനൈറ്റഡിന്റെ അസിസ്‌റ്റന്‍ഡ്‌ കോച്ചുമായ കാര്‍ലോസ്‌ ക്വീറസ്‌ പോര്‍ച്ചുഗല്‍ ദേശീയ ടീമിന്റെ പുതിയ കോച്ചാവുമെന്ന്‌ റിപ്പോര്‍ട്ടുകള്‍. ലൂയിസ്‌ ഫിലിപ്പ്‌ സ്‌ക്കോളാരി രാജി വെച്ച ഒഴിവിലേക്കാണ്‌ നിയമനം. കഴിഞ്ഞ ദിവസം ക്വിറസ്‌ പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ ഭരണാധികാരികളെ സന്ദര്‍ശിച്ച്‌ ചര്‍ച്ചകള്‍ നടത്തിയിരുന്നു.

No comments: