Thursday, July 24, 2008

RATHOR DRAMA




കഴിഞ്ഞ നാല്‌ വര്‍ഷത്തിനിടെ രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോറിന്റെ നേട്ടങ്ങള്‍ നോക്കുക:
1-ഏതന്‍സ്‌ ഒളിംപിക്‌സ്‌ ഷൂട്ടിംഗില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ്‌ ഇനത്തില്‍ വെള്ളി
2-2005 ല്‍ ബാങ്കോക്കില്‍ നടന്ന ഏഷ്യന്‍ ക്ലേ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ്‌ ഇനത്തില്‍ വ്യക്തിഗത, ടീം ഇനങ്ങളില്‍ സ്വര്‍ണ്ണം
3-2005 ലെ കോമണ്‍വെല്‍ത്ത്‌ ഷൂട്ടിംഗ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഡബിള്‍ ട്രാപ്പ്‌ ടീം ഇനത്തില്‍ സ്വര്‍ണ്ണം
4-2004 ല്‍ കേന്ദ്ര സര്‍ക്കാരിന്റെ രാജീവ്‌ ഗാന്ധി ഖേല്‍രത്‌നാ അവാര്‍ഡ്‌. അതിവിശിഷ്ട സേവാമെഡല്‍
ഈ നേട്ടങ്ങളെ വിലക്കുറച്ച്‌ കാണേണ്ടതില്ല. പക്ഷേ 2005 ന്‌ ശേഷം രാത്തോറിന്‌ കാര്യമായ നേട്ടങ്ങളൊന്നുമില്ല. ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ പോലും സ്വന്തം ഇഷ്ട ഇനത്തില്‍ അദ്ദേഹം വിയര്‍ത്തിരുന്നു. ഒളിംപിക്‌സ്‌ ഒരുക്കത്തില്‍ ദക്ഷിണ കൊറിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ഷൂട്ടര്‍മാര്‍ പ്രകടിപ്പിക്കുന്ന മികവിന്റെ നാലയലത്ത്‌ വരുന്നില്ല ഡബിള്‍ ട്രാപ്പില്‍ രാത്തോര്‍. എന്നിട്ടും ഇന്ത്യന്‍ ഷൂട്ടിംഗ്‌ കോച്ച്‌ മലയാളിയായ പ്രൊഫസര്‍ സണ്ണി തോമസ്‌ രാത്തോറില്‍ നിന്ന്‌ സ്വര്‍ണ്ണം തന്നെ പ്രതീക്ഷിക്കുന്നു. ഇന്ത്യന്‍ ഷൂട്ടിംഗ്‌ സംഘത്തില്‍ അഭിനവ്‌ ബിന്ദ്ര (10 മീറ്റര്‍ എയര്‍ റൈഫിള്‍), സമരേഷ്‌ ജംഗ്‌ (10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍), ഗഗന്‍ നരാംഗ്‌ (10 മീറ്റര്‍ എയര്‍ റൈഫിള്‍), അഞ്‌ജലി ഭാഗവത്‌ ( 50 മീറ്റര്‍ റൈഫിള്‍-3 പൊസിഷന്‍), മന്നവ്‌ ജിത്‌ സന്ധു (മെന്‍സ്‌ ട്രാപ്പ്‌ ), അവ്‌നീത്‌ സിധു (10 മീറ്റര്‍ എയര്‍ റൈഫിള്‍), സന്‍ജീവ്‌ രാജ്‌പുത്‌ ( 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍) എന്നിവരാണ്‌ ഇന്ത്യന്‍ ഷൂട്ടിംഗ്‌ സംഘത്തിലെ മറ്റ്‌ പ്രബലര്‍. ഇവരില്‍ ഗഗന്‍ നരാംഗ്‌ മാത്രമാണ്‌ സമീപകാലത്തായി മികവ്‌ ആവര്‍ത്തിക്കുന്നത്‌. ശേഷിക്കുന്നവരെല്ലാം ഒളിംപിക്‌്‌സ്‌ മുന്‍നിര്‍ത്തി കഠിന പരീശിലനത്തിലാണെങ്കിലും സ്വന്തം ഇനങ്ങളില്‍ ലോക നിലവാരത്തില്‍ നിന്നും വളരെ പിറകിലാണ്‌.
ഏതന്‍സില്‍ വെള്ളി നേടിയതിനെ തുടര്‍ന്ന്‌ കഴിഞ്ഞ നാല്‌ വര്‍ഷം ഇന്ത്യന്‍ സ്‌പോര്‍ട്‌സിലെ പോസ്‌റ്റര്‍ ബോയിയായിരുന്നു രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍. അദ്ദേഹത്തിന്‌ എല്ലാ ബഹുമതികളും രാജ്യം നല്‍കി. ദോഹ ഏഷ്യന്‍ ഗെയിംസില്‍ എല്ലാ പ്രതീക്ഷകളും അദ്ദേഹത്തിലായിരുന്നു. ദോഹക്ക്‌ മുമ്പ്‌ ബൂസാനില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ ഷൂട്ടിംഗ്‌ ടീം 11 സ്വര്‍ണ്ണവും 12 വെള്ളിയും 13 വെങ്കലവും സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തെ മറികടക്കാന്‍ ദോഹയില്‍ ടീമിന്‌ കഴിഞ്ഞിട്ടും പ്രകടനം ലോക നിലവാരത്തിലേക്ക്‌ വന്നിരുന്നില്ല. ഇതിന്‌ കാരണമായി രാത്തോര്‍ തന്നെ പറഞ്ഞത്‌ ശക്തരായ എതിരാളികളുടെ കുറവാണ്‌. പക്ഷേ ലോക തലത്തിലും കോമണ്‍വെല്‍ത്ത്‌ ചാമ്പ്യന്‍ഷിപ്പിലുമെല്ലാം ശക്തരായ പ്രതിയോഗികള്‍ വന്നപ്പോള്‍ നമ്മുടെ ഷൂട്ടര്‍മാരുടെ നിലവാരം കുറയുകയാണ്‌ ചെയ്‌തത്‌. ആത്മവിശ്വാസത്തോടെയല്ല രാത്തോര്‍ ബെയ്‌ജിംഗിലേക്ക്‌ പോവുന്നത്‌. സാഹചര്യങ്ങളും എതിരാളികളും തുണച്ചാല്‍ മാത്രം ഒരു മെഡല്‍ നേടാമെന്ന മോഹം മാത്രമാണ്‌ ഈ സൈനീകനുളളത.്‌ പക്ഷേ നമ്മുടെ പ്രതീക്ഷാപ്പട്ടികയില്‍ ഒന്നാമന്‍ രാത്തോറാണ്‌. യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരാതെ നമ്മള്‍ സ്വപ്‌നങ്ങളുടെ പിറകെ ഗമിക്കുന്നത്‌ കൊണ്ടാണിത്‌.
ലോക ചാമ്പ്യന്‍ ദോല ബാനര്‍ജി നയിക്കുന്ന അമ്പെയ്‌ത്ത്‌ സംഘത്തിലും പ്രതീക്ഷകള്‍ മാത്രം. ദോല ബാനര്‍ജിക്ക്‌ ലോക തലത്തിലെ മല്‍സരങ്ങള്‍ സുപരിചിതമാണ്‌. പക്ഷേ വലിയ മല്‍സരങ്ങള്‍ വരുമ്പോള്‍ ദോലക്ക്‌ കസറാന്‍ കഴിയാറില്ല. മംഗള്‍സിംഗ്‌ ചാപ്പിയ എന്ന കൊച്ചുതാരത്തിലും പ്രതീക്ഷകളുടെ ഭാരമുണ്ട്‌. സമീപകാലത്തായി തകര്‍പ്പന്‍ ഫോമിലാണ്‌ മംഗള്‍. ഒളിംപിക്‌സ്‌ യോഗ്യതാ മാര്‍ക്ക്‌ കടക്കുന്നതില്‍ വിജയം നേടിയ ഏക ഇന്ത്യന്‍ ആര്‍ച്ചറി താരം മംഗളാണ്‌.
2000 ത്തില്‍ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌സില്‍ ഹോക്കിക്കാരും ബോക്‌സര്‍മാരുമെല്ലാം പ്രതീക്ഷയുമായി തിരിച്ചപ്പോള്‍ ഒരു മെഡല്‍ നേടി രാജ്യത്തിന്റെ മാനം കാത്തത്‌ കര്‍ണ്ണം മല്ലേശ്വരി എന്ന്‌ വെയ്‌റ്റ്‌ലിഫ്‌ടറായിരുന്നു. ഏതന്‍സിലേക്ക്‌ പോവുമ്പോള്‍ മല്ലേശ്വരിയും സംഘവും മെഡല്‍ വാരുമെന്ന്‌ എല്ലാവരും കണക്ക്‌കൂട്ടി. പക്ഷേ വെയ്‌റ്റ്‌ലിഫ്‌ടിംഗ്‌ ടീം ഏതന്‍സില്‍ ഉത്തേജകത്തിന്റെ അപമാനമാണ്‌ രാജ്യത്തിന്‌ സമ്മാനിച്ചത്‌. അവിടെയാണ്‌ രാത്തോര്‍ എന്ന ഷൂട്ടര്‍ അഭിമാനമായത്‌. രാത്തോര്‍ ഏതന്‍സില്‍ മിന്നയതിനാല്‍ സ്വാഭാവികമായും നമ്മുടെ പാരമ്പര്യം അനുസരിച്ച്‌ ഷൂട്ടിംഗ്‌ ടീമില്‍ നിന്ന്‌ മെഡലുകള്‍ പ്രതീക്ഷിക്കണം. പക്ഷേ.....

No comments: