Tuesday, July 8, 2008

വയസ്സന്മാര്‍ സിന്ദാബാദ്‌മുംബൈ: 35 കാരനായ രാഹുല്‍ ദ്രാവിഡ്‌, 36 കാരായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൗരവ്‌ ഗാംഗുലി, വി.വി.എസ്‌ ലക്ഷ്‌മണ്‍, 32 കാരനായ സഹീര്‍ഖാന്‍, മുപ്പത്‌ പിന്നിടുന്ന ഹര്‍ഭജന്‍സിംഗ്‌ എന്നിവരെല്ലാം ഇന്ത്യന്‍ ടെസ്റ്റ്‌ സംഘത്തില്‍ തിരിച്ചെത്തിയപ്പോള്‍ യുവത്വത്തിന്റെ കരുത്തായ മഹേന്ദ്രസിംഗ്‌ ധോണി, ഇര്‍ഫാന്‍ പത്താന്‍, യുവരാജ്‌ സിംഗ്‌, ശ്രീശാന്ത്‌ എന്നിവരെയെല്ലാം പടിക്ക്‌ പുറത്താക്കി സെലക്ഷന്‍ കമ്മിറ്റി ശ്രീലങ്കക്കെതിരായ മൂന്ന്‌ ടെസ്റ്റ്‌ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു.
ടീം ഇതാണ്‌: അനില്‍ കുംബ്ലെ (ക്യാപ്‌റ്റന്‍), വീരേന്ദര്‍ സേവാഗ്‌, രാഹുല്‍ ദ്രാവിഡ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, വി.വി.എസ്‌ ലക്ഷ്‌മണ്‍, ഗൗതം ഗാംഭീര്‍, ഹര്‍ഭജന്‍സിംഗ്‌, ഇശാന്ത്‌ ശര്‍മ്മ, സഹീര്‍ഖാന്‍, ആര്‍.പി സിംഗ്‌, മുനാഫ്‌ പട്ടേല്‍, രോഹിത്‌ ശര്‍മ്മ, ദിനേഷ്‌ കാര്‍ത്തിക്‌, പ്രഗ്യാന്‍ ഒജ, പാര്‍ത്ഥീവ്‌ പട്ടേല്‍. ധോണി ക്ഷീണം കാരണം വിട്ടുുനില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ ഇര്‍ഫാനെയും യുവരാജിനെയും മോശം ഫോമില്‍ മാറ്റിനിര്‍ത്തിയപ്പോള്‍ പരുക്കാണ്‌ ശ്രീശാന്തിന്റെ കാര്യത്തില്‍ തടസ്സം നിന്നതെന്ന വിശദീകരണവുമുണ്ട്‌. തുടര്‍ച്ചയായി കളിക്കുന്നതിന്റെ നിരാശ പാക്കിസ്‌താനില്‍ നടന്ന ഏഷ്യാകപ്പിനിടെ ധോണി പരസ്യമാക്കിയിരുന്നു. അയല്‍ രാജ്യത്ത്‌ നടക്കുന്ന പരമ്പരയിലേക്ക്‌ രണ്ട്‌ വിക്കറ്റ്‌ കീപ്പര്‍മാരെയാണ്‌ ധോണിക്ക്‌ പകരം സെലക്ട്‌്‌ ചെയ്‌തിരിക്കുന്നത്‌-ദിനേശ്‌ കാര്‍ത്തിക്കിനെയും പാര്‍ത്ഥീവ്‌ പട്ടേലിനെയും. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ തുടര്‍ച്ചയായ മല്‍സരങ്ങളില്‍ നയിച്ച ധോണി അതിന്‌ ശേഷം ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്ട്ര കപ്പിലും പാക്കിസ്‌താനില്‍ നടന്ന ഏഷ്യാ കപ്പിലും ഏകദിന ടീമിനെ നയിച്ചിരുന്നു. ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‌ ഏഷ്യാ കപ്പില്‍ കരുത്ത്‌ പ്രകടിപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. യുവരാജ്‌ സിംഗും ബാറ്റ്‌സ്‌മാന്‍ എന്ന നിലയില്‍ കാര്യമായ സംഭാവന ടീമിന്‌ നല്‍കിയിരുന്നില്ല. ഇന്ത്യന്‍ പ്രിമിയര്‍ ലീഗിന്‌ ശേഷം പരുക്കില്‍ ദേശീയ സംഘത്തിലെ സ്ഥാനം നഷ്ടമായ ശ്രീശാന്തിന്റെ പേര്‌ ചര്‍ച്ചകളില്‍ സജീവമായിരുന്നില്ല. ബൗളര്‍മാരായി ഇശാന്ത്‌ ശര്‍മ്മ, സഹീര്‍ഖാന്‍, ആര്‍.പി സിംഗ്‌, മുനാഫ്‌ പട്ടേല്‍, ഹര്‍ഭജന്‍സിംഗ്‌, ക്യാപ്‌റ്റന്‍ കുംബ്ലെ, പ്രഗ്യാന്‍ ഒജ എന്നിവരാണുള്ളത്‌. ബാറ്റിംഗില്‍ അനുഭവസമ്പന്നര്‍ക്കൊപ്പം രോഹിത്‌ ശര്‍മ്മയും ഗൗതം ഗാംഭീറുമുണ്ട്‌. ആഭ്യന്തര ക്രിക്കറ്റിലും രാജ്യാന്തര ക്രിക്കറ്റിലും പ്രകടിപ്പിക്കുന്ന സ്ഥിരതക്കാണ്‌ ഗാംഭീര്‍ തെരഞ്ഞെടുക്കപ്പെട്ടത്‌. ഡല്‍ഹിക്കാരനായ ഗാംഭീര്‍ നാട്ടുകാരനായ സേവാഗിനൊപ്പം ഇന്നിംഗ്‌സ്‌ ഓപ്പണ്‍ ചെയ്യാനാണ്‌ സാധ്യത. സ്ഥിരം ടെസ്റ്റ്‌ ഓപ്പണറായിരുന്ന മുംബൈക്കാരന്‍ വസീം ജാഫറിന്റെ പേര്‌ ചര്‍ച്ചകളില്‍ ഉയര്‍ന്നില്ല. ഉപഭൂഖണ്‌ഠത്തിലെ പിച്ചുകളില്‍ സ്ഥിരത പ്രകടിപ്പിച്ചിട്ടുള്ള ജാഫര്‍ പുറത്തായ സാഹചര്യത്തില്‍ സ്‌പെഷ്യലിസ്റ്റ്‌ ഓപ്പണര്‍മാര്‍ സേവാഗും ഗാംഭീറുമാണ്‌. സച്ചിന്‍, സൗരവ്‌, ദ്രാവിഡ്‌, ലക്ഷ്‌മണ്‍ എന്നിവരാണ്‌ മധ്യനിരയുടെ കരുത്ത്‌.
സച്ചിന്‍ പരുക്കില്‍ നിന്ന്‌ പൂര്‍ണ്ണമുക്തി നേടിയതായി ക്രിക്കറ്റ്‌ ബോര്‍ഡ്‌ സെക്രട്ടറി നിരഞ്‌ജന്‍ഷാ അറിയിച്ചു. ദ്രാവിഡും ഗാംഗുലിയും ലക്ഷ്‌മണും പ്രിമീയര്‍ ലീഗിന്‌ ശേഷം കളിക്കളത്തില്‍ സജീവമായിട്ടില്ല.
ജൂലൈ 23ന്‌ കൊളംബോയിലാണ്‌ ആദ്യ ടെസ്‌റ്റ്‌.

ഐ.സി.സി
ധോണി തന്നെ നായകന്‍
മുംബൈ: പാക്കിസ്‌താനില്‍ നടക്കാനിരിക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയും 2011 ലെ ലോകകപ്പും മുന്‍നിര്‍ത്തി മുപ്പതംഗ സാധ്യതാ സംഘത്തെ ക്രിക്കറ്റ്‌ സെലക്ഷന്‍ കമ്മിറ്റി തെരഞ്ഞെടുത്തു. മഹേന്ദ്രസിംഗ്‌ ധോണി തന്നെയായിരിക്കും ചാമ്പ്യന്‍സ്‌ ട്രോഫിയില്‍ ഇന്ത്യന്‍ നായകന്‍. രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി, വി.വി.എസ്‌ ലക്ഷ്‌മണ്‍ തുടങ്ങിയവര്‍ സാധ്യതാ സംഘത്തില്‍ ഇല്ല. മുപ്പത്‌ പേര്‍ ഇവരാണ്‌: മഹേന്ദ്രസിംഗ്‌ ധോണി, വീരേന്ദര്‍ സേവാഗ്‌, ഗൗതം ഗാംഭീര്‍, യുവരാജ്‌സിംഗ്‌, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സഹീര്‍ഖാന്‍, രോഹിത്‌ ശര്‍മ്മ, ഹര്‍ഭജന്‍സിംഗ്‌, റോബിന്‍ ഉത്തപ്പ, സുരേഷ്‌ റൈന, പിയൂഷ്‌ ചാവ്‌ല, ആര്‍.പി സിംഗ്‌, ഇര്‍ഫാന്‍ പത്താന്‍, ഇശാന്ത്‌ ശര്‍മ്മ, പ്രവീണ്‍ കുമാര്‍, മന്‍പ്രീത്‌ ഗോണി, പ്രഗ്യാന്‍ ഒജ, ദിനേശ്‌ കാര്‍ത്തിക്‌, എസ്‌.ബദരീനാഥ്‌, മുഹമ്മദ്‌ കൈഫ്‌, മനോജ്‌ തീവാരി, അഭിഷേക്‌ നായര്‍, പങ്കജ്‌ സിംഗ്‌, മുരളി കാര്‍ത്തിക്‌, വിരാത്‌ കോഹ്‌ലി, രവീന്ദ്ര ജഡേജ, യൂസഫ്‌ പത്താന്‍, അജിന്‍ക്യ രഹാനെ, ശ്രീശാന്ത്‌.
ദ്രാവിഡിനും സൗരവിനും ലക്ഷ്‌മണിനും ഇനി ഏകദിന മോഹങ്ങള്‍ വേണ്ട എന്നതിന്റെ വ്യക്തമായ തെളിവുകളാണ്‌ സെലക്ഷന്‍ കമ്മിറ്റി നല്‍കിയിരിക്കുന്നത്‌. സച്ചിന്‍ ടെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്തിയ സെലക്ടര്‍മാര്‍ കുംബ്ലെ, ലക്ഷ്‌മണ്‍ എന്നിവര്‍ക്കെല്ലാം മുന്നറിയിപ്പ്‌ നല്‍കിയിരിക്കയാണ്‌. കുംബ്ലെ ഏകദിന ക്രിക്കറ്റില്‍ നിന്ന്‌ വിരമിച്ചതാണെങ്കിലും ഏഷ്യ ആതിഥേയത്വം വഹിക്കുന്ന 2011 ലെ ലോകകപ്പില്‍ പങ്കാളിയാവാന്‍ താല്‍പ്പര്യമുണ്ടായിരുന്നു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മികവ്‌ പ്രകടിപ്പിച്ച പലരും സാധ്യതാ സംഘത്തില്‍ ഇടം നേടിയിട്ടുണ്ട്‌. മന്‍പ്രീത്‌ ഗോണി, പ്രഗ്യാന്‍ ഒജ, എസ്‌.ബദരീനാഥ്‌, അഭിഷേക്‌ നായര്‍,വീരാത്‌ കോഹ്‌ലി, രവീന്ദ്ര ജഡേജ എന്നിവരെല്ലാം ഐ.പി.എല്‍ കരുത്തരായിരുന്നു. ഐ.പി.എല്ലിലൂടെ ക്രിക്കറ്റ്‌ ലോകത്തിന്റെ മനം കവര്‍ന്ന യൂസഫ്‌ പത്താനും മുഹമ്മദ്‌ കൈഫും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണറായിരുന്ന അസനോദ്‌കറെ സെലക്ടര്‍മാര്‍ പരിഗണിച്ചില്ല.

ക്ലീന്‍ സ്റ്റാന്‍ഡ്‌
മുംബൈ: മഹേന്ദ്രസിംഗ്‌ ധോണി യഥാര്‍ത്ഥ കളിക്കാരനാവുന്നത്‌ ഇവിടെയാണ്‌-സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പോലും പ്രകടിപ്പിക്കാത്ത ധൈര്യമാണ്‌ ഇന്നലെ ഇന്ത്യന്‍ ഏകദിന നായകന്‍ കാട്ടിയത്‌. ശ്രീലങ്കക്കെതിരായ ടെസ്റ്റ്‌ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാന്‍ സെലക്ടര്‍മാര്‍ യോഗം ചേരും മുമ്പ്‌ തന്നെ പരിഗണിക്കരുതെന്ന്‌്‌ ധോണി വ്യക്തമാക്കി. നിരന്തരമായി കളിക്കുന്നതിനാല്‍ ക്ഷീണമുണ്ടെന്നും അല്‍പ്പം വിശ്രമം നിര്‍ബന്ധമാണെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്‌. ധോണിയുടെ വാക്കുകളെ ധീരം എന്നാണ്‌ ക്രിക്കറ്റ്‌്‌ ബോര്‍ഡ്‌ വിശേഷിപ്പിച്ചത്‌. തികഞ്ഞ പക്വതയാണ്‌ അദ്ദേഹം പ്രകടിപ്പിച്ചിരിക്കുന്നത്‌. അത്‌ അംഗീകരിക്കേണ്ടിയിരിക്കുന്നു-ബോര്‍ഡ്‌ സെക്രട്ടറി നിരഞ്‌ജന്‍ ഷാ പറഞ്ഞു.
പാക്കിസ്‌താനില്‍ നടന്ന ഏഷ്യാ കപ്പിനിടെ അമിതമായി കളിക്കേണ്ടി വരുന്നതിന്റെ നിരാശ ധോണി പ്രകടിപ്പിച്ചിരുന്നു. ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ഗാരി കിര്‍സ്റ്റണ്‍ ഇതിനെ പിന്തുണക്കുകയും ചെയ്‌തപ്പോള്‍ പ്രശ്‌നം വിവാദമായിരുന്നു. കളിക്കാര്‍ക്ക്‌ ക്ഷീണമുണ്ടെങ്കില്‍ അത്‌ പറയണമെന്നും പരിഹാരം ക്രിക്കറ്റ്‌ ബോര്‍ഡ്‌ കാണുമെന്നും ബോര്‍ഡ്‌ വൈസ്‌ പ്രസിഡണ്ട്‌ രാജീവ്‌ ശുക്ല വ്യക്തമാക്കുകയും ചെയ്‌തിരുന്നു. ഏഷ്യാ കപ്പ്‌ ഫൈനലില്‍ ഇന്ത്യ ലങ്കക്ക്‌ മുന്നില്‍ അടിയറവ്‌ പറഞ്ഞ്‌ തിരിച്ചെത്തിയ ഉടനെയാണ്‌ ധോണി തന്റെ നിലപാട്‌ വ്യക്തമാക്കിയത്‌.

No comments: