Monday, July 7, 2008

യുഗാവസാനം.........
ലണ്ടന്‍: സത്യം-എല്ലാം ഒരു സ്വപ്‌നം പോലെ തോന്നുന്നു.... റാഫേല്‍ നദാല്‍ ടെന്നിസ്‌ ലോകത്തിന്റെ നെറുകയിലിരുന്ന്‌ മനസ്സ്‌ തുറക്കുമ്പോള്‍ ഇത്‌ പുതുയുഗത്തിന്റെ പിറവിയാണെന്നും ഫെഡ്‌റര്‍ യുഗത്തിന്റെ അവസാനമാണെന്നും എല്ലാവരും സമ്മതിക്കുന്നു. ഇത്‌ വരെ സ്‌പെയിനില്‍ നിന്നുള്ള പോരാളി കളിമണ്‍ കോര്‍ട്ടിലെ വീരന്‍ മാത്രമായിരുന്നു. ഇനി അതല്ല-കളിമമണ്ണിലും പുല്‍ത്തകിടിയിലും ഇരുപത്തിരണ്ടുകാരന്‍ അജയ്യനാണെന്ന്‌ തെളിയിച്ചിരിക്കുന്നു. അഞ്ച്‌ മണിക്കൂറോളം ദിര്‍ഘിച്ച വിംബിള്‍ഡണ്‍ ചരിത്രത്തിലെ ഏറ്റവും മികച്ച ഫൈനലുകളില്‍ ഒന്നില്‍ അഞ്ച്‌ സെറ്റും പോരാടിയാണ്‌ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡ്‌ററെ നദാല്‍ പരാജയപ്പെടുത്തിയത്‌. 6-4, 6-4, 6-7, (5-7),6-7, (8-10),9-7 എന്ന സ്‌ക്കോറില്‍ നദാല്‍ മല്‍സരം സ്വന്തമാക്കുമ്പോള്‍ സെന്റര്‍ കോര്‍ട്ടില്‍
ഇരുട്ട്‌ പടര്‍ന്നിരുന്നു. പകല്‍ വെളിച്ചത്തില്‍, കത്തി നില്‍ക്കുന്ന സൂര്യനെ സാക്ഷിയാക്കി നടന്ന മല്‍സരം മഴയില്‍ പലവട്ടം മുടങ്ങിയിട്ടും കാണികളാരും ഇരിപ്പിടം വിട്ടില്ല. നിറഞ്ഞ്‌ കവിഞ്ഞ കളിമുറ്റത്തെ സാക്ഷിയാക്കി നദാല്‍ ലോകം തനിക്ക്‌ മുന്നിലാണെന്ന്‌ തെളിയിച്ചപ്പോള്‍ പോരാട്ടവീര്യത്തിന്റെ പ്രതീകമായി ഫെഡ്‌റര്‍ അചഞ്ചലനായി നിലകൊണ്ടു. ഒരു മാസം മുമ്പ്‌ റോളണ്ട്‌ ഗാരോസില്‍ വെച്ച്‌ ഫ്രഞ്ച്‌ ഓപ്പണ്‍ കിരീടം നദാല്‍ ഉയര്‍ത്തിയത്‌ ഫെഡ്‌ററെ പരാജയപ്പെടുത്തിയായിരുന്നു. ആ തോല്‍വിക്ക്‌ പകരം വീട്ടാനും സെന്റര്‍ കോര്‍ട്ടില്‍ വെച്ച്‌ തുടര്‍ച്ചയായ ആറാം കിരീടവുമായി ചരിത്രത്തില്‍ ഇടം നേടാനും റാക്കറ്റേന്തിയ ഫെഡ്‌റര്‍ ആദ്യ രണ്ട്‌ സെറ്റില്‍ ചിത്രത്തില്‍ തന്നെയില്ലായിരുന്നു. തൊട്ടതെല്ലാം സ്വിസുകാരന്‌ പിഴച്ചു. മൂന്ന്‌ സെറ്റില്‍ കളിയവസാനിക്കുമെന്ന്‌ തോന്നിയ സന്ദര്‍ഭത്തിലാണ്‌ അനുഭവസമ്പത്തിന്റെ ഊതികാച്ചിയ പൊന്നുമായി ഒന്നാം നമ്പര്‍ താരം കാണികളെ കൈയിലെടുത്തത്‌.
കഴിഞ്ഞ രണ്ട്‌ വര്‍ഷവും വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ ഫൈനല്‍ വരെയെത്തിയിട്ടും ഫെഡ്‌റര്‍ക്ക്‌ മുന്നില്‍ തലകുനിക്കാനായിരുന്നു നദാലിന്റെ വിധി. സ്‌പെയിനുകാര്‍ക്ക്‌ വിംബിള്‍ഡണ്‍ പറഞ്ഞതല്ല എന്ന്‌ ടെന്നിസ്‌ ലോകം പലവട്ടം പറയുകയും ചെയ്‌തിരുന്നു. 1966 ല്‍ മാനുവല്‍ സന്‍ഡാന വിംബിള്‍ഡണില്‍ മുത്തമിട്ട ശേഷം സ്‌പെയിനുകാര്‍ക്ക്‌ കിട്ടാകനിയായിരുന്നു ഈ കിരീടം. ഒടുവില്‍ നദാലിലുടെ വിംബിള്‍ഡണ്‍ കിരീടം കാളപ്പോരിന്റെ നാട്ടിലെത്തുമ്പോള്‍ കൊച്ചു യൂറോപ്യന്‍ രാജ്യം ആഹ്ലാദത്തില്‍ മതിമറക്കുകയാണ്‌. മാരത്തോണ്‍ ഫൈനലിന്‌ ശേഷം വാര്‍ത്താലേഖകരുമായി സംസാരിക്കവെ നദാല്‍ പങ്ക്‌ വെച്ച ആഹ്ലാദത്തിലൂടെ..:
എനിക്ക്‌ ഈ നേട്ടത്തെ എങ്ങനെ വിശേഷിപ്പക്കണമെന്നറിയില്ല.. കാരണം വിംബിള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ വെച്ച്‌ മാരത്തോണ്‍ പോരാട്ടത്തിന്‌ ശേഷം കിരീടം സ്വന്തമാക്കുകയെന്നത്‌ ചെറിയ കാര്യമല്ല. ശരിക്കും സ്വപ്‌നമായിരുന്നു ഇതെല്ലാം എന്ന്‌ തോന്നുന്നു. ഏതൊരു കുട്ടിയും ആഗ്രഹിക്കുന്നത്‌ പോലെ ഇവിടെ കളിക്കാന്‍, കിരീടം സ്വന്തമാക്കാന്‍ ഞാനും കൊതിച്ചിരുന്നു. പലവട്ടം ഇവിടെ കളിച്ചിട്ടും കിരീടം നേടാനാവാതെ വന്നപ്പോള്‍ നിരാശനായിരുന്നു. ഇപ്പോഴിതാ എന്റെ സ്വപ്‌നം സത്യമായിരിക്കുന്നു. സ്‌പെയിനുകാര്‍ക്ക്‌ ഈ കിരീടം കിട്ടാക്കനിയാണെന്നാണ്‌ എല്ലാവരും പറഞ്ഞിരുന്നത്‌. ഈ നേട്ടം എന്റെ രാജ്യത്തിനും ആരാധകര്‍ക്കുമുളളതാണ്‌. നാല്‌ മണിക്കൂറും 48 മിനുട്ടുമാണ്‌ കളിച്ചത്‌. പക്ഷേ ഒരു ഘട്ടത്തില്‍ പോലും തളര്‍ച്ച അനുഭവപ്പെട്ടില്ല. മനസ്സിനോട്‌ ക്ഷമിക്കാനും പൊരുതാനും ഞാന്‍ തന്നെ പറയുകയായിരുന്നു. ടെന്നിസ്‌ ലോകത്ത്‌ പല കിരീടങ്ങളും എനിക്ക്‌ ലഭിച്ചിട്ടുണ്ട്‌. ഫ്രഞ്ച്‌ ഓപ്പണില്‍ നാല്‌ തവണ കിരീടം സ്വന്തമാക്കാനായി. പക്ഷേ ഏറ്റവും മികച്ച നേട്ടം ഏതെന്ന്‌ ചോദിച്ചാല്‍ നിസ്സംശയം എന്റെ ഉത്തരം വിംബിള്‍ഡണായിരിക്കും. ഫെഡ്‌ററുമായുള്ള പോരാട്ടം ദീര്‍ഘിക്കവെ പലപ്പോഴും ഇരുട്ട്‌ കാരണം പന്ത്‌ തന്നെ കാണാന്‍ കഴിഞ്ഞിരുന്നില്ല. അവസാന ഗെയിമില്‍ ഞാന്‍ ഒന്നും കണ്ടിരുന്നില്ല. എല്ലാം അവിശ്വസനീയമായിരുന്നു. ആ ഗെയിം എനിക്ക്‌ നഷ്‌ടമായിരുന്നെങ്കില്‍ കളി അവിടെ അവസാനിപ്പിക്കേണ്ടി വരുമായിരുന്നു-കാരണം അത്രമാത്രം ഇരുട്ട്‌ പടര്‍ന്നിരുന്നു. 8-7 ല്‍ അവസാന സെറ്റ്‌ ടൈബ്രേക്കറില്‍ ഞാന്‍ ലീഡ്‌ ചെയ്യുമ്പോള്‍ എന്തും സംഭവിക്കാമായിരുന്നു. ഫെഡ്‌റര്‍ മൂന്നും നാലും സെറ്റ്‌ സ്വന്തമാക്കിയപ്പോഴും കിരീടം നഷ്ടമാവുമെന്ന്‌ ഞാന്‍ കരുതിയതേയില്ല. മനസ്സിനോട്‌ ഞാന്‍ തന്നെ പറഞ്ഞു-നീ നന്നായി കളിക്കുന്നുണ്ട്‌. ഇത്‌ വിംബിള്‍ഡണ്‍ ഫൈനലാണ്‌. പതറരുത്‌-തുടര്‍ച്ചയായി നന്നായി സര്‍വ്‌ ചെയ്യുക. അഞ്ചാം സെറ്റില്‍ നാടകം തുടര്‍ന്നപ്പോള്‍ പോരാടാന്‍ തന്നെയായിരുന്നു തീരുമാനം-നദാല്‍ പറഞ്ഞു.

വേദനയോടെ റോജീ
ലണ്ടന്‍: റഫ മനോഹരമായി കളിച്ചു, നല്ല തുടക്കം, നല്ല സര്‍വുകള്‍, റിട്ടേണുകള്‍- അവന്‍ കിരീടം അര്‍ഹിച്ചിരുന്നു-പ്രതിയോഗിയെ അഭിനന്ദിക്കുമ്പോഴും റോജര്‍ ഫെഡ്‌റര്‍ക്ക്‌ തോല്‍വി ചെറിയ വേദനയല്ല നല്‍കുന്നത്‌. ഇത്‌ വരെയുളള ടെന്നിസ്‌ ജീവിതത്തിലെ ഏറ്റവും വലിയ തോല്‍വിയെന്നാണ്‌ അഞ്ച്‌ മണിക്കൂറോളം ദീര്‍ഘിച്ച മല്‍സരത്തെക്കുറിച്ച്‌ ലോക ഒന്നാം നമ്പര്‍ താരം പറഞ്ഞത്‌. ഫൈനലില്‍ ആദ്യ രണ്ട്‌ സെറ്റും നഷ്ടമായ ശേഷം തകര്‍പ്പന്‍ ഫോമില്‍ തിരിച്ചെത്താനായത്‌ ഫെഡ്‌റര്‍ക്ക്‌ ആറാം വിംബിള്‍ഡണ്‍ കിരീടം എന്ന സ്വപ്‌നത്തിലേക്കുളള യാത്രയില്‍ കരുത്ത്‌ പകര്‍ന്നിരുന്നു. എന്നാല്‍ മല്‍സരം ഇരുട്ടിലേക്ക്‌ ദീര്‍ഘിച്ചപ്പോള്‍ അദ്ദേഹത്തിന്റെ പ്രതീക്ഷകള്‍ അസ്‌തമിക്കുകയായിരുന്നു. ഗ്രാന്‍ഡ്‌സ്ലാം ഫൈനലില്‍ ഇത്‌ തുടര്‍ച്ചയായി രണ്ടാം തവണയാണ്‌ നദാലിന്‌ മുന്നില്‍ ഫെഡ്‌റര്‍ തോല്‍ക്കുന്നത്‌. പാരീസിലെ റോളണ്ട്‌ ഗാരോസില്‍ ഫ്രഞ്ച്‌ ഓപ്പണ്‍ ഫൈനലില്‍ നദാലിനോട്‌ പരാജയപ്പെട്ടപ്പോള്‍ വിംബിള്‍ഡണില്‍ പകരം വീട്ടാമെന്നായിരുന്നു ഫെഡ്‌റര്‍ കരുതിയത്‌. പക്ഷേ സ്‌പാനിഷ്‌ താരം അപാര ഫോമിലായിരുന്നു. മല്‍സരത്തിന്‌ ശേഷം ഫെഡ്‌്‌റര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ നിന്ന്‌:
ആദ്യ രണ്ട്‌ സെറ്റിലും താളം കണ്ടെത്താന്‍ തന്നെ കഴിഞ്ഞിരുന്നില്ല. മഴ കാരണം കളി അല്‍പ്പം തടസ്സപ്പെട്ടപ്പോള്‍ ഊര്‍ജ്ജമായി. മൂന്നാം സെറ്റ്‌ എനിക്ക്‌ നേടാനായപ്പോള്‍ അത്‌ കളിയിലെ വഴിത്തിരിവുമായി. നാലാം സെറ്റില്‍ റഫ സമ്മര്‍ദ്ദത്തിലായിരുന്നു. പലവട്ടം അദ്ദേഹത്തിന്‌ പിഴച്ചു. റഫയുടെ സമ്മര്‍ദ്ദം എനിക്ക്‌ പ്രതീക്ഷ നല്‍കി. സാധാരണ പായിക്കാറുള്ള റിട്ടേണുകള്‍ അദ്ദേഹത്തിന്‌ പായിക്കാന്‍ കഴിഞ്ഞില്ല. ഇത്രയും സമ്മര്‍ദ്ദം എനിക്ക്‌ തോന്നുന്നു റഫയുടെ ജിവിതത്തില്‍ തന്നെ ആദ്യമാണെന്ന്‌. മല്‍സരം അഞ്ചാം സെറ്റിലേക്ക്‌ ദീര്‍ഘിച്ചപ്പോള്‍ പ്രതീക്ഷകള്‍ കൂടിവന്നു. എന്നാല്‍ അന്തിമഘട്ടത്തിലേക്ക്‌ കളി മാറിയപ്പോള്‍ സാധാരണ പ്രകടിപ്പിക്കാറുളള ഫോമില്‍ എനിക്ക്‌ കളിക്കാനായില്ല. ഇരുട്ടും വില്ലനായി. എന്നാല്‍ ഒഴിവുകഴിവുകള്‍ പറയുകയല്ല-റഫ കിരീടം അര്‍ഹിച്ചിരുന്നു.
മല്‍സരം അതി മനോഹരമായിരുന്നു എന്ന കാര്യത്തില്‍ സംശയമില്ല. രണ്ട്‌ പേര്‍ക്കും നന്നായി കളിക്കാനായി. പക്ഷേ കിരീടം ഒരാള്‍ക്ക്‌ മാത്രമാണല്ലോ ലഭിക്കുക. റഫയുടെ ഗെയിം ഇപ്പോള്‍ നന്നായി പുരോഗതി പ്രാപിച്ചിട്ടുണ്ട്‌. സീസണില്‍ നല്ല തുടക്കം അദ്ദേഹത്തിന്‌ കിട്ടി. അതാണ്‌ പ്രധാനമായത്‌. വിംബിള്‍ഡണ്‍ ഫൈനലിലെ പ്രകടനം മികവിന്റെ മാനദണ്‌ഠമല്ല. എല്ലാ മല്‍സരങ്ങളിലും അദ്ദേഹത്തിന്‌ നന്നായി കളിക്കാന്‍ കഴിയാറുണ്ട്‌.

ഗംഭീരം
ലണ്ടന്‍: ടെന്നിസ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വിംബിള്‍ഡണ്‍ ഫൈനല്‍ ഏതെന്ന ചോദ്യത്തിന്‌ ജോണ്‍ മെക്കന്‍റോ ഉള്‍പ്പെടെയുള്ളവര്‍ നല്‍കുന്ന ഉത്തരം റാഫേല്‍ നദാല്‍-റോജര്‍ ഫെഡ്‌റര്‍ മാരത്തോണ്‍ അങ്കമാണ്‌. മെക്കന്‍റോ, ടീം ഹെന്‍മന്‍ തുടങ്ങിയവരെല്ലാം മല്‍സരത്തിന്‌ സാക്ഷികളാവാന്‍ എത്തിയിരുന്നു. നാല്‌ മണിക്കൂറും 48 മിനുട്ടും ദീര്‍ഘിച്ച മാരത്തോണ്‍ ഫൈനല്‍ അവസാനിക്കുമ്പോള്‍ സെന്റര്‍ കോര്‍ട്ടിലേക്ക്‌ ഇരുട്ട്‌ പ്രവേശിച്ചിരുന്നു. ഈ മല്‍സരത്തെ വിശേഷിപ്പിക്കാന്‍ എനിക്ക്‌ വാക്കുകളില്ല-ദി ബെസ്റ്റ്‌ ഐ ഹാഡ്‌ എവര്‍സീന്‍-മെക്കന്‍റോ എന്ന ടെന്നിസ്‌ ലോകത്തെ ഒരു കാലത്തെ വികൃതിക്കാരന്‍ പറഞ്ഞു. ടെന്നിസ്‌ മല്‍സരങ്ങളില്‍ താന്‍ കണ്ട ഏറ്റവും മികച്ചത്‌ എന്നാണ്‌്‌ ഹെന്‍മന്‍ ഫൈനലിനെ വിശേഷിപ്പിച്ചത്‌. തുടക്കത്തില്‍ നദാലിന്റെ ഏകാധിപത്യം, പിന്നെ ഫെഡ്‌ററുടെ തിരിച്ചുവരവ്‌, ഇടക്ക്‌ മഴ, അനിശ്ചിതത്വം-ഒരു ടെന്നിസ്‌ കോര്‍ട്ടില്‍ ഇതില്‍പ്പരം മറ്റെന്താണ്‌ വേണ്ടെതെന്ന്‌ ഹെന്‍മന്‍ ചോദിച്ചു.

2 comments:

പി വി ആര്‍ said...

വളരെ യാദൃശ്ചികമായാണ്‌ ഈ ബ്ലോഗ്‌ കാണാനിടയായത്‌. യാദൃശ്ചികം എന്നു പറഞ്ഞത്‌ വെറുതെയല്ല. ഇന്നത്തെ ചന്ദ്രിക പത്രം വായിക്കാനിടയായതാണ്‌ കമാല്‍ വരദൂറിന്റെ ബ്ലോഗ്‌ കാണാനിടയാക്കിയത്‌ എന്നു പറഞ്ഞാല്‍ കാര്യം പിടികിട്ടികാണും. സാധാരണ ഗതിയില്‍ പത്രത്തില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയാത്ത കൂടുതല്‍ വാര്‍ത്തകളും ചിത്രങ്ങളും നല്‍കാറുള്ളത്‌ പത്രത്തിന്റെ വെബ്‌സൈറ്റിലാണ്‌. ചന്ദ്രിക ദിനപത്രത്തില്‍ അത്‌ നേരെ തിരിച്ചാണ്‌. സ്‌പോട്‌സ്‌ എഡിറ്ററുടെ ബ്ലോഗിന്റെ പരസ്യം തന്നെ അതില്‍ വന്നിരിക്കുന്നു. കൂടെ മറ്റു വെബ്‌സൈറ്റുകളില്‍ നിന്നെടുത്തിട്ടുള്ള ചിത്രങ്ങളും. ബ്ലോഗ്‌ കൂടുതല്‍ ആളുകള്‍ വായിക്കുന്നത്‌ പത്രത്തിലൂടെ ബ്ലോഗിനെ കുറിച്ച്‌ അറഞ്ഞിട്ടല്ല. പുതിയൊരു ബ്ലോഗ്‌ തുടങ്ങിയാല്‍ അതറിയാന്‍ നിരവധി മാര്‍ഗങ്ങള്‍ സൈറ്റിലുണ്ട്‌. അതിനെ ബ്ലോഗ്‌ അഗ്രഗേറ്റ്‌സ്‌ എന്നാണ്‌ സാധാരണ പറയാറ്‌. ഇത്രയും പറഞ്ഞത്‌ കമാല്‍ വരദൂര്‍ പുതിയൊരു ബ്ലോഗറാണെന്നു തോന്നുന്നതു കൊണ്ടാണ്‌.
ചന്ദ്രിക വായിക്കുമ്പോള്‍ അതില്‍ സ്‌പോട്‌സ്‌ പേജ്‌ നോക്കാന്‍ ഞാന്‍ മറക്കാറില്ല. ദൂസരായും, സൈഡ്‌ വ്യൂവും ഞാന്‍ വായിക്കാറുണ്ട്‌. ഇത്രയും എഴുതിയത്‌ ബ്ലോഗ്‌ പരസ്യം കണ്ടതുകൊണ്ടു മാത്രമാണ്‌. കൂടുതല്‍ വ്യക്തമായ കാഴ്‌ചപ്പാടുകളും വിവരങ്ങളും ഇനി ഈ ബ്ലോഗിലൂടെ വായിക്കാം എന്ന വിശ്വാസത്തോടെ നിര്‍ത്തുന്നു.

KAMALVARADOOR said...

thanku very much my dear friend