Wednesday, July 23, 2008

kamals drive






സ്വര്‍ണ്ണ സ്വപ്‌നം
സ്വപ്‌നം കാണാന്‍ ആരുടെയും ലൈസന്‍
സ്‌ ആവശ്യമില്ലല്ലോ.... എങ്കിലും സ്വപ്‌നവും യാഥാര്‍ത്ഥ്യവും തമ്മില്‍ ചെറിയ ബന്ധമെങ്കിലും വേണ്ടേ-എങ്കിലേ അതില്‍ ഒരു സ്‌പോര്‍ട്ടിംഗ്‌ സ്‌പിരിറ്റ്‌ ഉണ്ടാവു..
ബെയ്‌ജിംഗില്‍ ഇന്ത്യക്ക്‌ സാധ്യത കല്‍പ്പിക്കപ്പെടുന്നത്‌ ടെന്നിസിലും ആര്‍ച്ചറിയിലും ഷൂട്ടിംഗിലും ബോക്‌സിംഗിലും ഗുസ്‌തിയിലുമാണ്‌. ഈ സാധ്യതയാണ്‌ സ്വപ്‌നമായി വളരുന്നത്‌. പക്ഷേ സത്യം തിരിച്ചറിയാന്‍ ചെറിയ ഒരു യാത്ര നടത്താം.
ടെന്നിസില്‍ ഇന്ത്യ ഒരു മെഡല്‍ ഉറപ്പായി കൊണ്ടുവരുമെന്ന്‌ പറയുന്നവര്‍ ഉയര്‍ത്തികാണിക്കുന്നത്‌ മൂന്ന്‌ താരങ്ങളെയാണ്‌. ലിയാന്‍ഡര്‍ പെയ്‌സ്‌, മഹേഷ്‌ ഭൂപതി പിന്നെ സാനിയ മിര്‍സ. രാജ്യാന്തര ടെന്നിസില്‍ അനുഭവസമ്പത്തുളളവരാണ്‌ മൂന്ന്‌ പേരും. പെയ്‌സും ഭൂപതിയും ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകള്‍ സ്വന്തമാക്കിയവരാണെങ്കില്‍ വനിതാ ടെന്നിസില്‍ ഇന്ത്യക്ക്‌ ലോക വിലാസമുണ്ടാക്കിയ താരമാണ്‌ സാനിയ.
വര്‍ഷങ്ങള്‍ക്ക്‌ മുമ്പ്‌ അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സില്‍ പുരുഷ ടെന്നിസ്‌ സിംഗിള്‍സ്‌ ഇനത്തില്‍ പെയ്‌സ്‌ വെങ്കലം സ്വന്തമാക്കിയിരുന്നു. അന്നത്തെ സൂപ്പര്‍താരമായിരുന്ന ആന്ദ്രെ അഗാസി ഉള്‍പ്പെടെയുളളവര്‍ മല്‍സര രംഗത്തുണ്ടായിട്ടും ഒരു മെഡല്‍ സ്വന്തമാക്കാനായത്‌ വലിയ നേട്ടം തന്നെയായിരുന്നു. ഒളിംപിക്‌സ്‌ നേട്ടത്തിന്‌ ശേഷമാണ്‌ പെയ്‌സും ഭൂപതിയും ചേര്‍ന്ന്‌ ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യന്‍ ത്രിവര്‍ണ്ണ പതാക ലോകത്തോളം ഉയര്‍ത്തിയത്‌. വിംബിള്‍ഡണിലും ഫ്രഞ്ച്‌ ഓപ്പണിലുമെല്ലാം ഇവര്‍ വെന്നികൊടി നാട്ടിയപ്പോള്‍ ആ പ്രചോദനത്തിലൂടെയാണ്‌ സാനിയ വളര്‍ന്നത്‌.
ഇനി യാഥാര്‍ത്ഥ്യത്തിലേക്ക്‌ വരാം: ഒളിംപിക്‌ ടെന്നിസില്‍ മല്‍സരിക്കാന്‍ ലോകോത്തര താരങ്ങളെല്ലാം വരുന്നുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. റോജര്‍ ഫെഡ്‌റര്‍, റാഫേല്‍ നദാല്‍, ആന്‍ഡ്ര്യൂ റോഡിക്‌, സറീന വില്ല്യംസ്‌, വീനസ്‌ വില്ല്യംസ്‌, മരിയ ഷറപ്പോവ, അന്ന ഇവാനോവിച്ച്‌ തുടങ്ങിയ കരുത്തരെല്ലാം ഒളിംപിക്‌ മോഹവുമായി വരുമ്പോള്‍ ഡബിള്‍സിലും പ്രഗത്ഭരുണ്ട്‌. ഇവര്‍ക്കിടയില്‍ നിന്ന്‌ പെയ്‌സും ഭൂപതിയും മെഡല്‍ നേടുമെന്ന്‌ വേണമെങ്കില്‍ കരുതാമെന്ന്‌ മാത്രം. പെയ്‌സും ഭൂപതിയും ഇപ്പോള്‍ നമ്പര്‍ വണ്‍ ശത്രുക്കളാണ്‌. ഇവര്‍ക്കിടയിലെ അകലം അകറ്റാന്‍ ഇന്ത്യന്‍ ടെന്നിസ്‌ ഫെഡറേഷനും എന്തിന്‌ കായിക മന്ത്രാലയവും സുരേഷ്‌ കല്‍മാഡിയുമെല്ലാം ഇടപ്പെട്ടതാണ്‌. ഇവരെല്ലാം പരാജയപ്പെട്ടു. പെയ്‌സുമായി ഇനി കളിക്കാന്‍ തന്നെ കിട്ടില്ലെന്ന്‌ ഭൂപതി പരസ്യമായി പറഞ്ഞു. സാനിയ മിര്‍സയെ മിക്‌സഡ്‌ ഡബിള്‍സ്‌ പങ്കാളിയായി ലഭിക്കാന്‍ രണ്ട്‌ സീനിയര്‍ താരങ്ങള്‍ തമ്മിലുളള മല്‍സരത്തില്‍ മാധ്യസ്ഥത്തിന്‌ എത്തിയവരെല്ലാം നിരാശ പ്രകടിപ്പിച്ചു മടങ്ങി. പെയ്‌സും ഭൂപതിയും അന്യനാട്ടുകാരെ പാര്‍ട്ട്‌ണര്‍മാരാക്കി ലോകത്തിലുടനീളം കളിക്കുന്നു.
അകന്നുനില്‍ക്കുന്ന ഈ രണ്ട്‌ പേര്‍ രാജ്യത്തിനായി ഒരുമിക്കുന്നത്‌ ബാഹ്യസമ്മര്‍ദ്ദത്തിലാണ്‌. മാനസികമായി ഐക്യമില്ലാതെ ആര്‍ക്കോ വേണ്ടി ഒരുമിക്കുമ്പോള്‍ ഇവരുടെ പ്രകടനം നിലവാരത്തിലേക്കുയരില്ല. കൂടാതെ രണ്ട്‌ പേരും സ്വന്തം കരുത്തിന്റെ അസ്‌തമന കാലത്തുമാണ്‌. ഇനി ഒരു ഒളിംപിക്‌്‌സില്‍ റാക്കറ്റേന്താന്‍ ഇരുവര്‍ക്കുമാവില്ല. ഗ്രാന്‍ഡ്‌സ്ലാം ചാമ്പ്യന്‍ഷിപ്പുകളില്‍ രാജ്യത്തിനായി ഒന്നാമതെത്തിയവര്‍ക്ക്‌ ബെയ്‌ജിംഗില്‍ ആദ്യറൗണ്ട്‌ കടമ്പ കടക്കാന്‍ തന്നെ പ്രയാസപ്പെടേണ്ടിവരും. ഒളിംപിക്‌സ്‌ മാത്രം മുന്‍നിര്‍ത്തി താല്‍കാലികമായി ഒരുമിച്ചവര്‍ ഇതിനകം രണ്ട്‌ ചാമ്പ്യന്‍ഷിപ്പുകള്‍ കളിച്ചു. അപ്രശസ്‌തരായ എതിരാളികള്‍ക്കെതിരെ രണ്ട്‌ ചാമ്പ്യന്‍ഷിപ്പിലും തുടക്കത്തില്‍ തന്നെ പരാജയപ്പെടുകയും ചെയ്‌തു. ഈ ടീം ഒളിംപിക്‌്‌്‌സില്‍ മെഡല്‍ നേടുമെന്ന്‌ കരുതുന്നതില്‍ ഇനി കാര്യമുണ്ടോ...?
സാനിയ മിര്‍സ രാജ്യാന്തര ടെന്നിസില്‍ തകര്‍പ്പന്‍ തുടക്കം ലഭിച്ച താരമാണ്‌. വിംബിള്‍ഡണില്‍ നാലാം റൗണ്ട്‌ വരെയെത്തി. സറീന ഉള്‍പ്പെടെയുളളവരെ വിറപ്പിക്കാനുമായി. പക്ഷേ പുറം വേദനയില്‍ മൂന്ന്‌ മാസം പുറത്തിരുന്ന ശേഷം സാനിയക്ക്‌ പഴയ പവര്‍ ഗെയിം പുറത്തെടുക്കാനാവുന്നില്ല. സറീനയും, വീനസും, ഷറപ്പോവയുമെല്ലാം കളിക്കുമ്പോള്‍ സാനിയക്ക്‌ ഒന്നും ചെയ്യാനാവില്ല എന്ന സത്യം നമ്മെ നോക്കി ചിരിക്കുന്നുണ്ട്‌. ഡബിള്‍സില്‍ സുനിതാ റാവുവാണ്‌ സാനിയയുടെ പങ്കാളി. ഈ കോമ്പിനേഷന്‍ ഇത്‌ വരെ വലിയ ചാമ്പ്യന്‍ഷിപ്പുകളില്‍ കളിച്ചിട്ടില്ല.
സത്യം ഇതായിരിക്കെ നമുക്ക്‌ ചെയ്യാനാവുന്നത്‌ സ്വപ്‌നം കാണുക മാത്രമാണ്‌. അത്‌ നിര്‍ബാധം നടക്കട്ടെ. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ പ്രത്യക്ഷപ്പെട്ട തേജസ്സായിരുന്നു രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോര്‍. ഏതന്‍സിന്‌ ശേഷം ദോഹ ഏഷ്യന്‍ ഗെയിംസില്‍ രാത്തോറിന്റെ പേര്‌ ഉയര്‍ന്നിരുന്നു. വലിയ മേളകള്‍ വരുമ്പോള്‍ മാത്രം ഉയര്‍ന്നുകേള്‍ക്കുന്ന രാത്തോറിലും നമുക്ക്‌ പ്രതീക്ഷകളുണ്ട്‌. അതേ പറ്റി നാളെ... ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ്‌ ചാറ്റര്‍ജിയെ ഇന്നലെ സി.പി.എമ്മില്‍ നിന്ന്‌ പുറത്താക്കിയപ്പോള്‍ നമ്മുടെ പാര്‍ലമെന്റംഗമായ ടി.കെ ഹംസ, ചാറ്റര്‍ജിയെ ചീറ്റര്‍ജിയെന്നാണ്‌ വിശേഷിപ്പിച്ചത്‌. ഒറ്റയടിക്ക്‌ ഇങ്ങനെ മറുകണ്ടം ചാടി മലക്കം മറിയാന്‍ ചങ്കൂറ്റമുളള ഹംസമാര്‍ നമ്മുടെ കായികരംഗത്തുമുളളതിനാല്‍ ഇന്ന്‌്‌ പെയ്‌സിനെയും സാനിയയെയും സ്വപ്‌നത്തില്‍ മെഡല്‍വേട്ടക്കാരായി താലോലിക്കുന്നവര്‍ നാളെ തെറി വിളിച്ചാല്‍ അല്‍ഭുതപ്പെടാനില്ല. അതാണിവിടെ പരമ്പരാഗതമായി നടക്കുന്നത്‌.

നീലിമ
ബെയ്‌ജിംഗ്‌: ചൈനീസ്‌ ആസ്ഥാന നഗരത്തിന്റെ ആകാശത്തിനിപ്പോള്‍ നീലീമയാണ്‌.... നല്ല നീലിമ... ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി ചെയര്‍മാന്‍ ജാക്വസ്‌ റോജിക്കും കായികതാരങ്ങള്‍ക്കുമെല്ലാം പ്രതീക്ഷ നല്‍കുന്നു ഈ നീലിമ. ബെയ്‌ജിംഗില്‍ വില്ലന്‍ വായുമലീനികരണമായിരിക്കുമെന്നാണ്‌ ഇത്‌ വരെ പറയപ്പെട്ടത്‌. ഈ കാര്യത്തില്‍ ഐ.ഒ.സിക്കുളള ആശങ്ക അവര്‍ ചൈനയെ അറിയിക്കുകയും ചെയ്‌തിരുന്നു. ലോകത്തിന്റെ ആശങ്ക മനസ്സിലാക്കി സംഘാടകര്‍ സത്വര നടപടികള്‍ സജീവമാക്കിയതിനെ തുടര്‍ന്നാണ്‌ ആകാശത്തിന്‌ നീലിമ പടര്‍ന്നത്‌.
നഗരത്തില്‍ വാഹനങ്ങള്‍ക്ക്‌-പ്രത്യേകിച്ച്‌ കാറുകള്‍ക്ക്‌ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയാണ്‌ മലിനീകരണ തോത്‌ ഭരണക്കൂടം കുറച്ചത്‌. ബെയ്‌ജിംഗ്‌ നഗരത്തില്‍ മാത്രം മൊത്തം 3.3 ദശലക്ഷം കാറുകളുണ്ട്‌. ടാക്‌സികളും ബസ്സുകളും മറ്റ്‌ വാഹനങ്ങളും പുറമെ. ഈ കാറുകള്‍ക്ക്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സര്‍വീസ്‌ നടത്താനാണ്‌ ഇപ്പോള്‍ അനുമതി നല്‍കിയിരിക്കുന്നത്‌. ജൂലൈ 20 മുതല്‍ നടപ്പിലാക്കിയ ഈ നിയന്ത്രണം സെപ്‌തംബര്‍ 20 വരെ തുടരാനാണ്‌ തീരുമാനം. പഴയ കാറുകളെ പാടെ ഒഴിവാക്കാനും നടപടികള്‍ വരുന്നുണ്ട്‌. കാറുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം സര്‍വീസ്‌ നടത്തുക എന്ന നിയന്ത്രണം ലംഘിക്കുന്നവര്‍ക്ക്‌ വലിയ തുകയുടെ പിഴയാണ്‌ പോലീസ്‌ ചുമത്തുന്നത്‌. മുന്‍സിപ്പല്‍ ഭരണക്കൂടം വാഹന പുക പരിശോധനയും കര്‍ക്കശമാക്കിയിട്ടുണ്ട്‌. പുകപരിശോധനാ സര്‍ട്ടിഫിക്കറ്റ്‌ ലഭിക്കാത്ത വാഹനങ്ങളെ പോലീസ്‌ കണ്ടുകെട്ടുകയും ചെയ്യുന്നു. ഈ നിയന്ത്രണം വിജയകരമായി നടപ്പിലാക്കാനായാല്‍ മലീനികരണ തോത്‌ 63 ശതമാനത്തോളം കുറക്കാന്‍ കഴിയുമെന്നാണ്‌ നഗര ഭരണകൂടം പറയുന്നത്‌.
വാഹന നിയന്ത്രണങ്ങള്‍ക്ക്‌ പുറമെ നഗരത്തിലും പ്രാന്തത്തിലുമുളള വലിയ ഫാക്ടറികള്‍ താല്‍കാലികമായി പൂട്ടുകയും ചെയ്‌തിട്ടുണ്ട്‌. കെമിക്കല്‍ ഫാക്ടറികള്‍ ഉള്‍പ്പെടെയുളള വലിയ വ്യവസായ ശാലകള്‍ക്ക്‌്‌ രണ്ട്‌ മാസത്തേക്കാണ്‌ വിലക്ക്‌ നല്‍കിയിരിക്കുന്നത്‌. മലീനികരണ തോത്‌ ഉയര്‍ത്തുന്ന പത്തൊമ്പത്‌്‌ വന്‍കിട ഫാക്ടറികളും സിമന്റ്‌്‌ മില്ലുകളും കോക്‌ പ്ലാന്റുകളും റിഫൈനറികള്‍ക്കും മലിനീകരണ തോത്‌ കുറക്കാന്‍ കര്‍ക്കശ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്‌. നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ രണ്ട്‌ മാസം നടക്കില്ല.
ബെയ്‌ജിംഗിന്‌ സമീപമുള്ള വ്യവസായ മേഖലായ ടിയാന്‍ജിനിലും കര്‍ക്കശ നിയന്ത്രണങ്ങളാണ്‌. ഇവിടെ നാല്‍പ്പത്‌ ഫാക്ടറികള്‍ക്കാണ്‌ രണ്ട്‌ മാസത്തേക്ക്‌ പ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ നോട്ടീസ്‌ നല്‍കിയിരിക്കുന്നത്‌. ഇവിടെയാണ്‌ ഒളിംപിക്‌ ഫുട്‌ബോളിന്റെ ആദ്യ റൗണ്ട്‌ മല്‍സരങ്ങള്‍ നടക്കുന്നത്‌. മല്‍സരങ്ങള്‍ നടക്കുന്ന സ്‌റ്റേഡിയത്തിന്‌ അരികിലുള്ള 26 കണ്‍സ്‌ട്രക്ഷന്‍ സൈറ്റുകള്‍ പൂട്ടിയിരിക്കയാണ്‌. ബെയ്‌ജിംഗില്‍ നിന്നും 90 മൈല്‍ അകലെയുള്ള ചൈനയിലെ പ്രധാന സ്റ്റീല്‍ ബിസിനസ്‌ മേഖലയായ താന്‍ഗ്‌ഷാനില്‍ എല്ലാ ഫാക്ടറികളുടെയും പ്രവര്‍ത്തനം ജൂലൈ എട്ട്‌ മുതല്‍ താല്‍കാലികമായി നിര്‍ത്തിവെച്ചിരിക്കയാണ്‌.
വാഹനങ്ങളില്‍ നിന്നും ഉയരുന്ന നൈഡ്രജന്‍ ഡയോക്‌സൈഡും കാര്‍ബണ്‍ മോണോക്‌സൈഡുമാണ്‌ മലീനികരണ തോത്‌ ഗണ്യമായി ഉയര്‍ത്തുന്നത്‌. വാഹനനിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ ഇതിന്‌ മാറ്റമുണ്ട്‌.



ഒളിംപിക്‌ കാഴ്‌ച്ചകള്‍
സ്വര്‍ണ്ണ ബാഡ്‌മിന്റണ്‍
സ്വന്തം നാട്ടില്‍ ഇതാദ്യമായി നടക്കുന്ന ഒളിംപിക്‌്‌സ്‌ സ്വര്‍ണ്ണ വേട്ടയോടെ ആഘോഷമാക്കാന്‍ ഒരുങ്ങുകയാണ്‌ ചൈനയുടെ ബാഡ്‌മിന്റണ്‍ താരങ്ങള്‍. ലോക ബാഡ്‌മിന്റണില്‍ ഇപ്പോള്‍ ചൈനീസ്‌ ആധിപത്യമാണ്‌. ഈ ആധിപത്യം നിലനിര്‍ത്തി ഒളിംപിക്‌ ബാഡ്‌മിന്റണിലെ അഞ്ച്‌ സ്വര്‍ണ്ണവും പോക്കറ്റിലാക്കുകയാണ്‌ ടീമിന്റെ ലക്ഷ്യം. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ബാഡ്‌മിന്റണിലെ അഞ്ചില്‍ മൂന്ന്‌ സ്വര്‍ണ്ണവും ചൈനക്കായിരുന്നു. ഏതന്‍സിന്‌ ശേഷം സുധീര്‍മാന്‍ കപ്പിലും തോമസ്‌ കപ്പിലും യൂബര്‍ കപ്പിലുമെല്ലാം ചൈനയുടെ സര്‍വാധിപത്യമായിരുന്നു. ബാഡ്‌മിന്റണിലെ അഞ്ചിനങ്ങളില്‍ മിക്‌സഡ്‌ ഡബിള്‍സിലാണ്‌ ചൈനക്ക്‌ ചെറിയ ആശങ്ക. പുരുഷ സിംഗിള്‍സില്‍ ലോക ഒന്നാം നമ്പര്‍ താരം ലിന്‍ ദാനെ തോല്‍പ്പിക്കുക എളുപ്പമല്ല. ഏതന്‍സില്‍ ആദ്യ റൗണ്ടില്‍ തന്നെ നാടകീയമായി പുറത്തായ ശേഷം സ്വന്തം ഗെയിം ഉയര്‍ത്തിയ ലിന്‍ പിന്നെ തോറ്റിട്ടില്ല. മലേഷ്യക്കാരനായ ലോക രണ്ടാം നമ്പര്‍ താരം ലീ ചോംഗ്‌ വീയാണ്‌ ലിനിന്‌ ചെറിയ വെല്ലുവിളി. ഏതന്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ഇന്തോനേഷ്യന്‍ താരം തൗഫിക്‌ ഹിദായത്തും രംഗത്തുണ്ട്‌. വനിതാ വിഭാഗത്തില്‍ ചൈനീസ്‌ താരങ്ങളെല്ലാം ശക്തരാണ്‌. ലോക റാങ്കിംഗിലെ ആദ്യ മൂന്ന്‌ സ്ഥാനക്കാരും ചൈനക്കാരാണ്‌. സി സിന്‍ഫാംഗ്‌, ലു ലാന്‍, ഷൂ ലിന്‍ എന്നിവര്‍.

ചിത്രം ലോക വനിതാ ബാഡ്‌മിന്റണ്‍ റാങ്കിംഗില്‍ ഒന്നാം സ്ഥാനക്കാരിയായ ചൈനയുടെ സി സിന്‍ഫാംഗ്‌.

പവല്‍ ബോള്‍ട്ടിനെ വീഴ്‌ത്തി
ബെയ്‌ജിംഗില്‍ പുരുഷന്മാരുടെ 100 മീറ്റര്‍ ട്രാക്കിന്‌ തീ കൊളുത്താനെത്തുന്നവരായ മൈക്‌ പവലും ഉസൈന്‍ ബോള്‍ട്ടും ടൈസണ്‍ ഗേയും സ്‌റ്റോക്ക്‌ ഹോം ഗ്രാന്‍പ്രിയില്‍ മാറ്റുരച്ചപ്പോള്‍ ഒന്നാം സ്ഥാനം പവലിന്‌. 9.88 സെക്കന്‍ഡിലാണ്‌ പവല്‍ ഒന്നാമനായത്‌. ഈ വര്‍ഷമാദ്യം പവലിന്റെ പേരിലുളള ലോക റെക്കോര്‍ഡ്‌ സ്വന്തം പേരില്‍ കുറിച്ച ബോള്‍ട്ട്‌ രണ്ടാമനായപ്പോള്‍ അമേരിക്കന്‍ താരം ടൈസണ്‍ ഗേ മൂന്നാമനായി.
ഈ മൂന്ന്‌ പേര്‍ തമ്മിലായിരിക്കും ബെയ്‌ജിംഗില്‍ തീപ്പാറുന്ന പോരാട്ടം. പരുക്ക്‌ കാരണം ചില ഗ്രാന്‍ഡ്‌പ്രികള്‍ നഷ്ടമായ പവല്‍ ഇന്നലെ കരുത്തനായാണ്‌ ഓടിയത്‌. മല്‍സരത്തിന്‌ ശേഷം സംസാരിക്കവെ ബെയ്‌ജിംഗില്‍ തന്റെ യഥാര്‍ത്ഥ കരുത്ത്‌ കാണാമെന്ന മുന്നറിയിപ്പും അദ്ദേഹം നല്‍കാന്‍ മറന്നില്ല.


ലിയുവിന്‌ പരുക്ക്‌,ആതിഥേയര്‍ക്ക്‌ തിരിച്ചടി
ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന ഒളിംപിക്‌സ്‌ ട്രാക്ക്‌ ആന്‍ഡ്‌ ഫീല്‍ഡ്‌ മീറ്റില്‍ ചൈനയുടെ അഭിമാന താരമാണ്‌ 110 മീറ്ററിലെ ഒളിംപിക്‌ സ്വര്‍ണ്ണക്കാരന്‍ ലിയു സിയാംഗ്‌. പക്ഷേ പരുക്കില്‍ ഉഴലുന്ന സൂപ്പര്‍താരത്തിന്‌ സ്വന്തം നാട്ടില്‍ സ്വര്‍ണ്ണം നിലനിര്‍ത്താന്‍ പ്രയാസപ്പെടേണ്ടി വരും. പരുക്ക്‌ കാരണം തുടര്‍ച്ചയായി പല മല്‍സരങ്ങളിലും പങ്കെടുക്കാന്‍ അദ്ദേഹത്തിന്‌ കഴിഞ്ഞിട്ടില്ല. പറക്കും താരം എന്നാണ്‌ ചൈനക്കാര്‍ ലിയുവിനെ വിശേഷിപ്പിക്കുന്നത്‌. ഏതന്‍സില്‍ എല്ലാവരെയും അല്‍ഭുതപ്പെടുത്തിയ പ്രകടന്നതിലൂടെ സ്വര്‍ണ്ണം സ്വന്തമാക്കിയ താരത്തിന്റെ ഈ സീസണിലെ ഏറ്റവും മികച്ച സമയം 13.18 സെക്കന്‍ഡാണ്‌. ലോക തലത്തില്‍ ഇത്‌ പതിമൂന്നാമത്തെ മികച്ച സമയം മാത്രമാണ്‌. ക്യൂബന്‍ താരം ഡേറോണ്‍ റോബല്‍സാണ്‌ ഈ ഇനത്തില്‍ ലിയുവിന്‌ കാര്യമായ വെല്ലുവിളി. ഒളിംപിക്‌ ട്രയല്‍സില്‍ 12.89 സെക്കന്‍ഡാണ്‌ റോബല്‍സിന്റെ സമയം.

ഏറ്റവും മികച്ചതെന്ന്‌ ബുബ്‌്‌ക
ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഒളിംപിക്‌സിനായിരിക്കും ചൈന വേദിയാവുകയെന്ന്‌ ലോകോത്തര പോള്‍വോള്‍ട്ടര്‍ സെര്‍ജി ബുബ്‌ക്ക. ചൈനീസ്‌ വാര്‍ത്താ ഏജന്‍സിക്ക്‌ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബേര്‍ഡ്‌ഡ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയം ലോകത്തിന്‌ മുന്നില്‍ ചൈനയുടെ അഭിമാനമായിരിക്കുമെന്ന്‌ ഉക്രൈന്‍ ദേശീയ ഒളിംപിക്‌ കമ്മിറ്റി ചെയര്‍മാന്‍ കൂടിയായ ബുബ്‌ക്ക പറഞ്ഞു.

മറ്റ്‌ ഒളിംപിക്‌സ്‌ വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഒളിംപിക്‌സ്‌ ടിക്കറ്റുകള്‍ ലഭിക്കാന്‍ അവസാന അവസരം. നാളെ ടിക്കറ്റ്‌ കൗണ്ടറുകളില്‍ അവസാന ടിക്കറ്റുകള്‍ വിതരണം ചെയ്യുമെന്ന്‌ സംഘാടകര്‍.

ഒളിംപിക്‌സ്‌ വേദികളില്‍ ബാനറുകള്‍ അനുവദിക്കില്ല.

ലങ്ക രണ്ട്‌ വിക്കറ്റിന്‌ 85
കൊളംബോ: കനത്ത മഴയില്‍ 22 ഓവര്‍ മാത്രം കളി സാധ്യമായ ഒന്നാം ടെസ്‌റ്റില്‍ ആദ്യം ബാറ്റ്‌ ചെയ്യുന്ന ശ്രീലങ്ക രണ്ട്‌ വിക്കറ്റ്‌ നഷ്ടത്തില്‍ 85 റണ്‍സ്‌ സ്വന്തമാക്കി. ഓപ്പണര്‍ മൈക്കല്‍ വാന്‍ഡോര്‍ട്ട്‌ (3), കുമാര്‍ സങ്കക്കാര (12) എന്നിവരാണ്‌ പുറത്തായത്‌. വാന്‍ഡോര്‍ട്ടിനെ ഇശാന്ത്‌ ശര്‍മ്മയും സങ്കക്കാരയെ സഹീര്‍ഖാനും പുറത്താക്കി. 50 റണ്‍സുമായി വര്‍ണപുരയും 16 റണ്‍സുമായി ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനയുമാണ്‌ ക്രീസില്‍. മഴ കാരണം ആദ്യ സെഷനില്‍ കളി നടന്നിരുന്നില്ല. ഉച്ചക്ക്‌ മൂന്ന്‌ മണിയോടെയാണ്‌ ആകാശം തെളിഞ്ഞത്‌. ഇന്നും മഴക്ക്‌ സാധ്യതയുണ്ടെന്നാണ്‌ റിപ്പോര്‍ട്ട്‌. ഇന്ത്യന്‍ ടീമില്‍ ഗാംഭീറിനെ ഉള്‍പ്പെടുത്തിയപ്പോള്‍ ലങ്ക ചമരസില്‍വക്ക്‌ പകരം തിലകരത്‌നെ ദില്‍ഷാന്‌ അവസരം നല്‍കി.
സ്‌ക്കോര്‍ബോര്‍ഡ്‌: ശ്രീലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌. വാന്‍ഡോര്‍ട്ട്‌-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-3,വര്‍ണ്ണപുര-നോട്ടൗട്ട്‌-50, സങ്കക്കാര-സി-ദ്രാവിഡ്‌-ബി-സഹീര്‍-12, മഹേല-നോട്ടൗട്ട്‌-16, എക്‌സ്‌ട്രാസ്‌-4, ആകെ 22 ഓവറില്‍ രണ്ട്‌ വിക്കറ്റിന്‌ 85. വിക്കറ്റ്‌ പതനം: 1-7,2-57. ബൗളിംഗ്‌: സഹീര്‍ 9-0-42-1, ഇശാന്ത്‌ 7-2-21-1, സൗരവ്‌ 5-1-14-0, ഹര്‍ഭജന്‍ 1-0-7-0

No comments: