Saturday, July 26, 2008

AYYAYYEEEEEEE>...........



നാണക്കേട്‌
ഒന്നാം ടെസ്‌റ്റില്‍ ഇന്ത്യ ഇന്നിംഗ്‌സിനും 239 റണ്‍സിനും തകര്‍ന്നു. ശ്രീലങ്കക്ക്‌ സ്വന്തം നാട്ടില്‍ ടെസ്റ്റ്‌ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം. ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സിന്‌ പുറത്തായ ഇന്ത്യ രണ്ടാം ഇന്നിംഗ്‌സില്‍ നേടിയത്‌ കേവലം 138 റണ്‍സ്‌
മുത്തയ്യ മുരളിധരനും അജാന്ത മെന്‍ഡിസും അരങ്ങ്‌ തകര്‍ത്തു
രണ്ടാം ടെസ്റ്റ്‌ ജൂലൈ 31 മുതല്‍ ഗാലിയില്‍
ടൊന്റിയല്ല ടെസ്റ്റായിരുന്നു
കൊളംബോ: പാവം ഇന്ത്യന്‍ താരങ്ങള്‍-അവര്‍ തെറ്റിദ്ധരിച്ചതായിരുന്നു. കൂറെ കാലമായി ടെസ്‌റ്റ്‌ കളിക്കാതെയും 20-20 മാത്രം കളിച്ചും കസറിയവര്‍ 20-20 വേഗതയില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാമെന്ന്‌ കരുതി. ബാറ്റ്‌സ്‌മാന്മാര്‍ അടിയോടടി..., പിന്നെ മല്‍സരിച്ചുള്ള തിരിഞ്ഞുനടത്തവും. അഞ്ച്‌ ദിവസത്തെ ടെസ്‌റ്റില്‍ മഴ കാരണം ഒന്നാം ദിനം മുടങ്ങിയിട്ടും മൂന്ന്‌ ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാന്‍ ഇന്ത്യക്ക്‌ കഴിഞ്ഞു-ഇനി അല്‍പ്പദിവസം അവര്‍ക്ക്‌ ബോളിവുഡ്‌ പാട്ടും കേട്ട്‌ ഹോട്ടലില്‍ കഴിയാം.
ഇന്ത്യന്‍ ക്രിക്കറ്റിന്‌ നാണക്കേടിന്റെ ദിനമായിരുന്നു ഇന്നലെ. സിംഹളീസ്‌ സ്‌പോര്‍ട്‌സ്‌ ക്ലബ്‌ മൈതാനത്ത്‌ നടന്ന ഒന്നാം ടെസ്‌റ്റില്‍ അനില്‍ കുംബ്ലെ നയിച്ച സംഘം ഇന്നിംഗ്‌സിനും 239 റണ്‍സിനുമാണ്‌ പരാജയപ്പെട്ടത്‌. പുകള്‍പെറ്റ ബാറ്റ്‌സ്‌മാന്മാര്‍ സ്വന്തം കുഴി തോണ്ടാന്‍ കാട്ടിയ അമിത താല്‍പ്പര്യത്തിലേക്ക്‌ മുത്തയ്യ മുരളീധരനും അജാന്ത മെന്‍ഡിസും പന്തെറിഞ്ഞപ്പോള്‍ എല്ലാം വളരെ പെട്ടെന്ന്‌ അവസാനിച്ചു. മഴ കാരണം 22 ഓവര്‍ മാത്രം കളി സാധ്യമായ ആദ്യദിനത്തിന്‌ ശേഷം കേവലം മൂന്ന്‌ ദിനത്തിനുളളില്‍ ലങ്ക ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയെ രണ്ട്‌ വട്ടം പുറത്താക്കി. ആദ്യ ഇന്നിംഗ്‌സില്‍ 223 റണ്‍സ്‌ മാത്രം നേടാനായ ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്‌സ്‌ 45 ഓവറിനുളളില്‍ 138 റണ്‍സിന്‌ അവസാനിച്ചു. 43 റണ്‍സ്‌ നേടിയ ഓപ്പണര്‍ ഗൗതം ഗാംഭീര്‍ മാത്രമാണ്‌ രണ്ടാം ഇന്നിംഗ്‌സില്‍ അല്‍പ്പമെങ്കിലും ചെറുത്തുനിന്നത്‌. ആദ്യ ഇന്നിംഗ്‌സില്‍ അഞ്ച്‌ വിക്കറ്റ്‌ സ്വന്തമാക്കിയ സ്‌പിന്‍ മജീഷ്യന്‍ മുത്തയ്യ മുരളീധരന്‍ രണ്ടാം ഇന്നിംഗ്‌സില്‍ 26 റണ്‍സ്‌ മാത്രം നല്‍കി ആറ്‌ പേരെ പുറത്താക്കി. രണ്ട്‌ ഇന്നിംഗ്‌സിലുമായി മൊത്തം 11 വിക്കറ്റ്‌ സ്വന്തമാക്കിയ മുരളിയാണ്‌ കളിയിലെ കേമന്‍. കന്നി ടെസ്‌റ്റ്‌ കളിക്കുന്ന അജാന്ത മെന്‍ഡീസ്‌ രണ്ട്‌ ഇന്നിംഗ്‌സിലുമായി എട്ട്‌ വിക്കറ്റ്‌ നേടി അരങ്ങേറ്റം ഗംഭീരമാക്കി. 60 റണ്‍സ്‌ മാത്രം നല്‍കിയാണ്‌ മെന്‍ഡീസ്‌ രണ്ടാം ഇന്നിംഗ്‌സില്‍ നാലു പേരെ പുറത്താക്കിയത്‌.
ബാറ്റിംഗ്‌ പരാജയമാണ്‌ വന്‍ ആഘാതം ടീമിന്‌ ഏല്‍പ്പിച്ചത്‌. നാല്‌ ബാറ്റ്‌സ്‌മാന്മാരുടെ സെഞ്ച്വറിയില്‍ ലങ്ക ഒന്നാം ഇന്നിംഗ്‌സില്‍ 600 റണ്‍സ്‌ നേടിയപ്പോള്‍ രണ്ട്‌ ഇന്നിംഗ്‌സിലുമായി ഒരു ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്‌ മാത്രമാണ്‌ അര്‍ദ്ധ സെഞ്ച്വറി നേടാനായത്‌-ഒന്നാം ഇന്നിംഗ്‌സില്‍ വി.വി.എസ്‌ ലക്ഷ്‌മണിന്‌. ആദ്യ ഇന്നിംഗ്‌സില്‍ പറ്റിയ പിഴവുകളില്‍ നിന്ന്‌ പാഠം പഠിക്കാതെ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പടെ മുന്‍നിരക്കാര്‍ മുരളിക്കും മെന്‍ഡീസിനും മുന്നില്‍ വിറങ്ങലിച്ച്‌ ഇല്ലാതാവുകയായിരുന്നു. നാലാം ദിവസമായ ഇന്നലെ ഒന്നാം ഇന്നിംഗ്‌സിലെ ശേഷിക്കുന്ന നാല്‌ വിക്കറ്റുകള്‍ പെട്ടെന്ന്‌ നഷ്‌ടമായ ഇന്ത്യ ഫോളോ ഓണിന്‌ നിര്‍ബന്ധിതരായിരുന്നു. രണ്ടാം ഇന്നിംഗ്‌സില്‍ തുടക്കത്തില്‍ തന്നെ വിരേന്ദര്‍ സേവാഗ്‌ പുറത്തായി. പിന്നെ കാണാനായത്‌ ബാറ്റ്‌സ്‌മാന്മാരുടെ ഘോഷയാത്രയായിരുന്നു. ഒന്നിന്‌ പിറകെ ഒന്നായി എല്ലാവരും മടങ്ങി. മൂന്നാം നമ്പറില്‍ വന്ന്‌ 21 റണ്‍സുമായി ചെറുത്തുനില്‍പ്പിന്റെ സൂചന നല്‍കിയ ലക്ഷ്‌മണ്‍ മെന്‍ഡിസിന്‌ കിഴടങ്ങിയപ്പോള്‍ സച്ചിന്‍ ബാക്‌വാര്‍ഡ്‌ പോയന്റില്‍ ക്യാച്ച്‌ സമ്മാനിച്ചു. തുടക്കത്തില്‍ അമ്പയര്‍ സച്ചിനെതിരെ തീരുമാനം എടുത്തിരുന്നില്ല. എന്നാല്‍ പുതിയ നിയമപ്രകാരം വിധി തേര്‍ഡ്‌ അമ്പയര്‍ക്ക്‌ വിട്ടപ്പോള്‍ വിധി ബാറ്റ്‌സ്‌മാന്‌ എതിരായി. അടുത്ത നാല്‌ വിക്കറ്റുകള്‍ മുരളിക്കായിരുന്നു. ഗാംഭീര്‍, സൗരവ്‌ ഗാംഗുലി, ദിനേശ്‌ കാര്‍ത്തിക്‌, അനില്‍ കുംബ്ലെ എന്നിവര്‍ പിടിച്ചുനില്‍ക്കാനാവാതെ കീഴടങ്ങി. മെന്‍ഡീസ്‌ രാഹുല്‍ ദ്രാവിഡിനെയും ഹര്‍ഭജനെയും സഹീറിനെയും പുറത്താക്കി.
തന്ത്രപൂര്‍വ്വം ടീമിനെ നയിച്ച ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ എല്ലാ മാര്‍ക്കും തന്റെ സ്‌പിന്‍ ജോഡികള്‍ക്ക്‌ നല്‍കിയപ്പോള്‍ അനില്‍ കുംബ്ലെക്ക്‌ ന്യായീകരണങ്ങളുണ്ടായിരുന്നില്ല.

സ്‌ക്കോര്‍ബോര്‍ഡ്‌
ലങ്ക-ഒന്നാം ഇന്നിംഗ്‌സ്‌: വാന്‍ഡോര്‍ട്ട്‌-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-3, വര്‍ണപുര-സി-ദ്രാവിഡ്‌-ബി-ഹര്‍ഭജന്‍-115, സങ്കക്കാര-സി-ദ്രാവിഡ്‌-ബി-സഹീര്‍-12, മഹേല-സി-കാര്‍ത്തിക്‌-ബി-ഇശാന്ത്‌-136, സമരവീര-സി-ലക്ഷ്‌മണ്‍-ബി-സഹീര്‍-127, ദില്‍ഷാന്‍-നോട്ടൗട്ട്‌-125, പ്രസന്ന-സി-ഇശാന്ത്‌-ബി-ഹര്‍ഭജന്‍-30, വാസ്‌-നോട്ടൗട്ട്‌-22, എക്‌സ്‌ട്രാസ്‌-30, ആകെ 162 ഓവറില്‍ ആറ്‌ വിക്കറ്റിന്‌ 600. വിക്കറ്റ്‌ പതനം: 1-7,2-57, 3-212, 4-360, 5-454, 6-545. ബൗളിംഗ്‌: സഹീര്‍ 37-2-156-2, ഇശാന്ത്‌ 33-4-124-2, സൗരവ്‌ 8-1-24-0, ഹര്‍ഭജന്‍ 43-2-149-2, കുംബ്ലെ 37-4-121-0, സേവാഗ്‌ 4-0-17-0. ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സി-സമരവീര-ബി-മുരളി-38, സേവാഗ്‌-സി-വര്‍ണപുര-ബി-കുലശേഖര-25, ദ്രാവിഡ്‌-ബി-മെന്‍ഡിസ്‌-14, സച്ചിന്‍-ബി-മുരളി-27, സൗരവ്‌-സി-കുലശേഖര-ബി-മുരളി-23, ലക്ഷ്‌മണ്‍-ബി-മെന്‍ഡിസ്‌-56, കാര്‍ത്തിക്‌-സി ആന്‍ഡ്‌ ബി-മുരളി-9, കുംബ്ലെ-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡീസ്‌-1, ഹര്‍ഭജന്‍-സി-വര്‍ണപുര-ബി-മുരളി-9, സഹീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡീസ്‌-5, ഇശാന്ത്‌്‌-നോട്ടൗട്ട്‌-13,, എക്‌സ്‌ട്രാസ്‌-2, ആകെ 72.5 ഓവറില്‍ 223. വിക്കറ്റ്‌ പതനം 1-36, 2-78, 3-78, 4-122, 5-137, 6-146, 7-169, 8-180, 9-187, 10-223 ബൗളിംഗ്‌: വാസ്‌ 5-0-23-0, കുലശേഖര 11-2-42-1 , മെന്‍ഡീസ്‌ 27.5-5-72-4 മുരളി 29-5-84-5
ഇന്ത്യ രണ്ടാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-സ്‌റ്റംമ്പ്‌ഡ്‌ ജയവര്‍ദ്ധനെ-ബി-മുരളി-43, സേവാഗ്‌-എല്‍.ബി.ഡബ്ല്യൂ-ബി-മുരളി-13, ലക്ഷമണ്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-21, സച്ചിന്‍-സി-ദില്‍ഷാന്‍-ബി-മുരളി-12, ദ്രാവിഡ്‌ -സി-വര്‍ണപുര-ബി-മെന്‍ഡിസ്‌-10, സൗരവ്‌-സി-ദില്‍ഷാന്‍-ബി-മുരളി-4,കാര്‍ത്തിക്‌-സി-മഹേല-ബി-മുരളി-0, കുംബ്ലെ-ബി-മുരളി-12, ഹര്‍ഭജന്‍-ബി-മെന്‍ഡീസ്‌-15,സഹീര്‍-ബി-മെന്‍ഡിസ്‌-3,ഇശാന്ത്‌ -നോട്ടൗട്ട്‌-5, എക്‌സ്‌ട്രാസ്‌-0, ആകെ 45 ഓവറില്‍ 138 ന്‌ എല്ലാവരും പുറത്ത്‌. വിക്കറ്റ്‌ പതനം: 1-25, 2-53, 3-82, 4-95, 5-103, 6-103, 7-103, 8-120, 9-133, 10-138. ബൗളിംഗ്‌: വാസ്‌ 5-0-27-0, കുലശേഖര 9-3-25-0, മെന്‍ഡിസ്‌ 18-3-60-4, മുരളി 13-3-26-6

അന്തകര്‍
കൊളംബോ: ഇത്‌ വരെ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മുരളിയുടെ കറങ്ങിതിരിഞ്ഞുവരുന്ന പന്തുകളെ ഭയപ്പെട്ടാല്‍ മതിയായിരുന്നു. ഇനി അജാന്ത മെന്‍ഡിസിന്റെ നേര്‍ക്കുനേര്‍ പന്തുകളെയും ഭയപ്പെടണം. ഈ സ്‌പിന്‍ അന്തകരുടെ കരുത്ത്‌ ആദ്യമായി അറിഞ്ഞത്‌ ഇന്ത്യയാണ്‌. ഇനി മറ്റ്‌ ടീമുകള്‍ അറിയാന്‍ പോവുന്നു.
1974-75 ലെ ആഷസ്‌ പരമ്പരക്കായി ഇംഗ്ലണ്ട്‌ ഓസ്‌ട്രേലിയയിലെത്തിയപ്പോള്‍ അന്ന്‌ ഇംഗ്ലീഷുകാര്‍ക്ക്‌ മുന്നില്‍ രണ്ട്‌ പേസ്‌ അന്തകരുണ്ടായിരുന്നു. ഡെന്നിസ്‌ ലില്ലിയും ജെഫ്‌്‌ തോംസണും. ഈ രണ്ട്‌ പേരുടെ തീപ്പാറുന്ന പന്തുകള്‍ക്ക്‌ മുന്നില്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മറുപടി ഉണ്ടാവാറില്ലായിരുന്നു. അത്‌ പോലെയാണ്‌ ഇപ്പോള്‍ സംഭവിക്കുന്നത്‌. രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ തല താഴ്‌ത്തിയത്‌ ടെസ്‌റ്റ്‌ ക്രിക്കറ്റിലെ അനുഭവ സമ്പന്നരായ ബാറ്റ്‌സ്‌മാന്മാര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറും രാഹുല്‍ ദ്രാവിഡും സൗരവ്‌ ഗാംഗുലിയും വി.വി.എസ്‌ ലക്ഷ്‌മണുമെല്ലാം ഏത്‌ ബൗളിംഗിനെയും സധൈര്യം നേരിടുന്നവരായിരുന്നു. ഇവര്‍ക്കെല്ലാം അല്‍പ്പം ഭയം പേസര്‍മാരായിരുന്നു. സ്‌പിന്നര്‍മാരെ അലക്കി വിട്ടിരുന്ന ഇവര്‍ രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ തളര്‍ന്ന കാഴ്‌ച്ച സ്‌പന്നിനെ നേരിടാനറിയാത്തവരുടെ ഉറക്കം കെടുത്തുമെന്നുറപ്പാണ്‌.
ഇന്ത്യയുടേത്‌ പരാജയമായിരുന്നില്ല-തകര്‍ച്ചയായിരുന്നു. മൊത്തം 106 ടെസ്റ്റ്‌ സെഞ്ച്വറികള്‍ സമ്പാദിച്ചവരുമായാണ്‌ ഇന്ത്യ കളിക്കാനിറങ്ങിയത്‌. മൂന്നര ദിവസം കളി നടന്നപ്പോള്‍ ഇവരില്‍ ഒരാള്‍ക്ക്‌ മാത്രമാണ്‌ അര്‍ദ്ധശതകം പിന്നിടാനായത്‌. ലങ്കന്‍ ബാറ്റ്‌സ്‌മാന്മാര്‍ ബാറ്റിംഗ്‌ ആഘോഷിച്ച പിച്ചില്‍ ഇന്ത്യക്കാര്‍ നാമാവശേഷരായി. ലങ്കന്‍ സംഘത്തിലെ സീമര്‍മാര്‍ക്ക്‌ വലിയ ജോലി ഉണ്ടായിരുന്നില്ല. അനുഭവസമ്പന്നനായ ചാമിന്ദ വാസിനൊപ്പം കുലേശേഖരയാണ്‌ പുതിയ പന്ത്‌ എടുത്തത്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി മുപ്പത്‌ ഓവറുകള്‍ മാത്രമാണ്‌ ഇരുവരുമെറിഞ്ഞത്‌. പന്തിന്റെ മിനുസം കളയുകയായിരുന്നു പേസര്‍മാരുടെ ജോലി. ബാക്കിയെല്ലാം മുരളിയും അജാന്തയും ചേര്‍ന്നായി. ഇതാദ്യമായാണ്‌ ഇങ്ങനെയൊരു വിനാശ കൂട്ടുകെട്ടുമായി ലങ്ക കളിക്കുന്നത്‌. മുരളിയെ മാത്രമായിരുന്നു എല്ലാവര്‍ക്കും ഭയം. പന്തിനെ വട്ടം കറക്കുന്ന മുരളിക്കൊപ്പം അജാന്തയുമായപ്പോള്‍ സ്‌പിന്‍ ബൗളിംഗിന്റെ സമ്മേഹന മുഹൂര്‍ത്തങ്ങളാണ്‌ എസ്‌.എസ്‌.സിയില്‍ പിറന്നത്‌. ഇത്‌ വരെ മുരളിയെ ബഹുമാനിക്കുകയും മറ്റുളളവരെ ശിക്ഷിക്കുകയുമായിരുന്നു ബാറ്റ്‌സ്‌മാന്മാരുടെ ശൈലി. ഇനി മുരളിക്കൊപ്പം അജാന്തയുമാവുമ്പോള്‍ ലങ്ക ലോകത്തിന്‌ മുന്നില്‍ വലിയ വെല്ലുവിളിയാണ്‌.

അയ്യോ പാവം
നമ്മുടെ പുകള്‍പെറ്റ ബാറ്റിംഗ്‌ നിരയുടെ ദയനീയത കൊളംബോയില്‍ പ്രകടമായി. അജാന്ത മെന്‍ഡിസും പിന്നെ മുത്തയ്യ മുരളീധരനുമായപ്പോള്‍ ഇന്ത്യന്‍ ബാറ്റിംഗ്‌ നിര പഞ്ചറായ ടയറായി. ബ്രയന്‍ ലാറയുടെ ലോക റെക്കോര്‍ഡ്‌ തകര്‍ക്കാനിറങ്ങിയ സച്ചിനും പ്രതിരോധത്തിന്റെ കോട്ടക്കാരനായ രാഹുല്‍ ദ്രാവിഡ്‌, ഓഫ്‌ സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെയുളള സൗരവ്‌ ഗാംഗുലിയും വെരി വെരി സ്‌പെഷ്യല്‍ ലക്ഷ്‌മണും, ട്രിപ്പിള്‍ സെഞ്ച്വറി ദൗര്‍ബല്യമുളള വീരേന്ദര്‍ സേവാഗുമെല്ലാം രണ്ട്‌ സ്‌പിന്നര്‍മാര്‍ക്ക്‌ മുന്നില്‍ പൂച്ചകളായി. നമ്മുടെ കടലാസ്‌ പുലികളുടെ ദയനീയത നോക്കുക:

സച്ചിന്‍ ടെണ്ടുല്‍ക്കര്‍
കളിച്ചത്‌ 148 ടെസ്‌റ്റ്‌ മല്‍സരങ്ങള്‍. 240 ഇന്നിംഗ്‌സുകള്‍. 11,821 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ പുറത്താവാതെ 248. സെഞ്ച്വറികള്‍ 39. അര്‍ദ്ധ ശതകങ്ങള്‍ 49. കൊളംബോ ടെസ്‌റ്റില്‍ സച്ചിന്റെ പ്രകടനം നോക്കുക:
ഒന്നാം ഇന്നിംഗ്‌സ്‌. നേരിട്ടത്‌ 46 പന്തുകള്‍, നേടിയത്‌ 27 റണ്‍സ്‌. മൂന്ന്‌ ബൗണ്ടറികള്‍. മുരളിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി. രണ്ടാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 30 പന്തുകള്‍, നേടിയത്‌ 12 റണ്‍സ്‌. മുരളിയുടെ പന്തില്‍ ദില്‍ഷാന്‍ പിടിച്ചുപുറത്തായി. രണ്ട്‌ ഇന്നിംഗ്‌സിലുമായി ആകെ സമ്പാദ്യം 39 റണ്‍സ്‌ (മല്‍സരം തുടങ്ങും മുമ്പ്‌ സച്ചിന്റെ കളിക്കൂട്ടുകാരനായ വിനോദ്‌ കാംബ്ലി പറഞ്ഞത്‌ ലാറയുടെ ടെസ്റ്റ്‌്‌ റെക്കോര്‍ഡ്‌ സച്ചിന്‍ തകര്‍ക്കുമെന്നാണ്‌. ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ പറഞ്ഞത്‌ സച്ചിന്‍ സെഞ്ച്വറി നേടുമെന്ന്‌)

രാഹുല്‍ ദ്രാവിഡ്‌: 123 ടെസ്‌റ്റുകള്‍. 212 ഇന്നിംഗ്‌സുകള്‍. 10,122 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ 270. സെഞ്ച്വറികള്‍ 25. അര്‍ദ്ധ സെഞ്ച്വറികള്‍ 51.
കൊളംബോ ടെസ്‌റ്റില്‍: ഒന്നാം ഇന്നിംഗ്‌സ്‌. നേരിട്ടത്‌ 35 പന്തുകള്‍, നേടിയത്‌ 14 റണ്‍സ്‌. അജാന്ത മെന്‍ഡീസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്‌. രണ്ടാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 30 പന്തുകള്‍. നേടിയത്‌ 10 റണ്‍സ്‌. മെന്‍ഡിസിന്റെ പന്തില്‍ വര്‍ണപുരക്ക്‌ ക്യാച്ച്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി ആകെ 24 റണ്‍സ്‌. ( മല്‍സരം തുടങ്ങും മുമ്പ്‌ ദ്രാവിഡ്‌ പറഞ്ഞത്‌ അജാന്ത മെന്‍ഡീസിനെ പേടിക്കാനില്ലെന്നായിരുന്നു. ഏഷ്യാകപ്പിലെ അജാന്തയുടെ പ്രകടനത്തില്‍ പ്രത്യേകതകളില്ലെന്നും. ഇവിടെ രണ്ട്‌ ഇന്നിംഗ്‌സിലും പ്രതിരോധമികവുകാരന്‍ പുറത്തായത്‌ കന്നിക്കാനായ സ്‌പിന്നര്‍ക്ക്‌ മുന്നില്‍ )

സൗരവ്‌ ഗാംഗുലി: 107 ടെസ്റ്റുകള്‍. 176 ഇന്നിംഗ്‌സുകള്‍. 6819 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ 239. സെഞ്ച്വറികള്‍ 15. അര്‍ദ്ധ സെഞ്ച്വറികള്‍ 34. കൊളംബോ ടെസ്‌റ്റില്‍: ഒന്നാം ഇന്നിംഗ്‌സ്‌- നേരിട്ടത്‌ 57 പന്തുകള്‍, നേടിയത്‌ 23 റണ്‍സ്‌. മുരളിയുടെ പന്തില്‍ കുലശേഖര പിടിച്ച്‌ പുറത്ത്‌. രണ്ടാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 12 പന്തുകള്‍. നേടിയത്‌ നാല്‌ റണ്‍. മുരളിയുടെ പന്തില്‍ ദില്‍ഷന്‌ ക്യാച്ച്‌. രണ്ട്‌ ഇന്നിംഗ്‌സിലുമായി ആകെ 27 റണ്‍സ്‌ ( ടെസ്റ്റിന്‌ മുമ്പ്‌ ദാദ പറഞ്ഞത്‌ ലക്ഷ്യം സെഞ്ച്വറിയും ടീമിന്റെ വിജയവുമെന്ന്‌.)

വി.വി.എസ്‌ ലക്ഷ്‌മണ്‍: ആകെ 94 ടെസ്‌റ്റുകള്‍. 154 ഇന്നിംഗ്‌സ്‌. 5862 റണ്‍സ്‌. ഉയര്‍ന്ന സ്‌ക്കോര്‍ 281. 12 സെഞ്ച്വറികള്‍. 34 അര്‍ദ്ധ സെഞ്ച്വറികള്‍. കൊളംബോ ടെസ്‌റ്റില്‍-ഒന്നാം ഇന്നിംഗ്‌സ്‌: നേരിട്ടത്‌ 113 പന്തുകള്‍. നേടിയത്‌ 56 റണ്‍സ്‌. മെന്‍ഡിസിന്റെ പന്തില്‍ ക്ലീന്‍ ബൗള്‍ഡ്‌. രണ്ടാം ഇന്നിംഗ്‌സ,്‌: നേരിട്ടത്‌ 26 പന്തുകള്‍. നേടിയത്‌ 21 റണ്‍സ്‌. മെന്‍ഡിസിന്റെ പന്തില്‍ ലെഗ്‌ ബിഫോര്‍. രണ്ട്‌ ഇന്നിംഗ്‌സിലുമായി 82 റണ്‍സ്‌. ( മല്‍സരത്തിന്‌ മുമ്പ്‌ ലക്ഷ്‌മണ്‍ പറഞ്ഞത്‌ മുരളിയെയും മെന്‍ഡിസിനെയും ഭയമില്ലെന്ന്‌്‌്‌)

No comments: