Wednesday, July 9, 2008

മുഷ്‌ത്താഖ്‌ അവാര്‍ഡ്‌ സിജിക്കും രാജേഷിനും




കോഴിക്കോട്‌: കാലിക്കറ്റ്‌ പ്രസ്സ്‌ ക്ലബിന്റെ മുഷ്‌ത്താഖ്‌ സ്‌പോര്‍ട്‌സ്‌ ജര്‍ണലിസം അവാര്‍ഡുകള്‍ക്ക്‌ കേരളാ കൗമുദി സീനിയര്‍ സബ്‌ എഡിറ്റര്‍ സിജി ഉലഹന്നാനും മംഗളം ഫോട്ടോഗ്രാഫര്‍ പി.ആര്‍ രാജേഷും അര്‍ഹരായി. കണ്ണൂര്‍ ഫുട്‌ബോളിനെ അടിസ്ഥാനമാക്കി കൗമുദി ഫ്‌ളാഷില്‍ 2007 മാര്‍ച്ച്‌ 19 മുതല്‍ 30 വരെ പ്രസീദ്ധീകരിച്ച ഓര്‍മ്മയിലെ ആരവങ്ങള്‍ എന്ന സചിത്ര പരമ്പരയാണ്‌ കളിയെഴുത്ത്‌ കുലപതിയായ പി.എ മുഹമ്മദ്‌ കോയ എന്ന മുഷ്‌ത്താഖിന്റെ പേരിലുള്ള പുരസ്‌ക്കാരത്തിന്‌ സിജിയെ അര്‍ഹനാക്കിയത്‌. കോഴിക്കോട്‌ ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നല്‍കുന്ന അവാര്‍ഡ്‌ 5000 രൂപയും പ്രശസ്‌തി പത്രവും ഉള്‍പ്പെടുന്നതാണ്‌. പ്രമുഖ ഫുട്‌ബോള്‍ പരിശീലകന്‍ സി.പി.എം ഉസ്‌മാന്‍ കോയ, കളിയെഴുത്തുകാരനും ചന്ദ്രിക മുന്‍ എഡിറ്ററുമായ മുഹമ്മദ്‌ കോയ നടക്കാവ്‌, ചരിത്രാധ്യാപകനും കായിക നിരൂപകനും ഫുട്‌ബോള്‍ കവിയുമായ എം.സി വസിഷ്‌ഠ്‌ എന്നിവരടങ്ങുന്ന ജഡ്‌ജിംഗ്‌ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ ജേതാവിനെ നിശ്ചയിച്ചത്‌. കൗമുദി കണ്ണൂര്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന സിജിയുടെ ആദ്യ പുരസ്‌ക്കാരമാണിത്‌.
2007 ഫെബ്രുവരി എട്ടിന്‌ മംഗളത്തില്‍ മലര്‍ത്തിയടിച്ചു, ഇനി മലക്കം മറിയാം എന്ന അടിക്കുറിപ്പില്‍ പ്രസീദ്ധീകരിച്ച ഫുട്‌ബോള്‍ ചിത്രമാണ്‌ ഫോട്ടോ അവാര്‍ഡിന്‌ രാജേഷിനെ അര്‍ഹനാക്കിയത്‌. 5000 രൂപയും പ്രശസ്‌തി പത്രവുമാണ്‌ പുരസ്‌ക്കാരം. കേരളാ പ്രസ്സ്‌ അക്കാദമി ചെയര്‍മാന്‍ എസ്‌.ആര്‍ ശക്തിധരന്‍ നായര്‍, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.പി കുഞ്ഞിമൂസ്സ, ദി ഹിന്ദു അസിസ്‌റ്റന്‍ഡ്‌ എഡിറ്റര്‍ സി.ഗൗരിദാസന്‍ നായര്‍ എന്നിവരടങ്ങുന്ന ജഡ്‌ജിംഗ്‌ പാനലാണ്‌ അവാര്‍ഡ്‌ ജേതാവിനെ നിശ്ചയിച്ചത്‌. അവാര്‍ഡുകള്‍ ഈ മാസാവസാനം കോഴിക്കോട്ട്‌ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യുമെന്ന്‌ പ്രസ്സ്‌ ക്ലബ്‌ സെക്രട്ടറി കമാല്‍ വരദൂര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വിളക്ക്‌ തെളിയുക നവംബറില്‍
കോഴിക്കോട്‌: ഫുട്‌ബോള്‍ പ്രേമികളുടെ ചിരകാലാഭിലാഷം നവംബറില്‍ പൂവണിയും. കോഴിക്കോട്‌ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ അടുത്ത നാല്‌ മാസത്തിനകം വിളക്കുകാലുകള്‍ ഉയരുമെന്നും വെളിച്ചം പ്രഭ ചൊരിയുമെന്നും മേയര്‍ എം.ഭാസ്‌ക്കരന്‍ വ്യക്തമാക്കി. ഇന്നലെ ഫ്‌ളഡ്‌ലിറ്റ്‌ നിര്‍മ്മാണ്‌ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുടക്കമിട്ട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പേസ്‌്‌ ലൈഫ്‌ ഏജന്‍സിക്കാണ്‌ 5.2 കോടിയുടെ ജോലി നല്‍കിയിരിക്കുന്നത്‌. ഇന്നലെ തന്നെ കമ്പനി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. നാല്‌ മാസത്തിനകം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനാവുമെന്ന്‌ സ്‌പേസ്‌ ജനറല്‍ മാനേജര്‍ രാമന്‍ രവി പറഞ്ഞു. ഫ്‌ള്‌ഡ്‌ലിറ്റ്‌ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായാലുടന്‍ നിലവിലുള്ള ഗ്രാന്‍ഡ്‌ പവിലിയിന്‍ പൊളിച്ചുമാറ്റി രാജ്യാന്തര ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ക്ക്‌ അുയോജ്യമായ രീതിയില്‍ പുനര്‍നിര്‍മ്മിക്കുമെന്നും മേയര്‍ വ്യക്തമാക്കിയിട്ടുണ്ട്‌.
നിലവിലുള്ള ഗ്രാന്‍ഡ്‌ സ്റ്റാന്‍ഡ്‌ പവിലിയന്‍ അപകടാവസ്ഥയിലാണ്‌. ഫ്‌ളഡ്‌ലിറ്റ്‌ വന്നയുടന്‍ പവിലിയന്‍ പുനര്‍ നിര്‍മ്മാണത്തിന്‌ തുടക്കമിടും. രാജ്യാന്തര നിലവാരത്തിലുളള ഫുട്‌ബോള്‍, ക്രിക്കറ്‌്‌ മല്‍സരങ്ങള്‍ക്കായാണ്‌ സ്‌റ്റേഡിയം ഉപയോഗപ്പെടുത്തുക. ടെന്‍ഡറുകളുടെ കാര്യത്തിലുണ്ടായ പ്രശ്‌നങ്ങളാണ്‌ ഫ്‌ളഡ്‌ലിറ്റ്‌്‌ ജോലികള്‍ വൈകാന്‍ കാരണമെന്നും ഇനിയെല്ലാം യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തപ്പെടുമെന്നും മേയര്‍ അറിയിച്ചു. ഡെപ്യൂട്ടി മേയര്‍ പി.ടി അബ്ദുള്‍ ലത്തീഫ്‌ അദ്ധ്യക്ഷനായിരുന്നു. കൗണ്‍സിലിലെ പാര്‍ട്ടീ ലിഡര്‍ പി.ടി രാജന്‍, പ്രതിപക്ഷ നേതാവ്‌ മാമുക്കോയ ഹാജി, കോര്‍പ്പറേഷന്‍ സെക്രട്ടറി ജോര്‍ജ്‌ വെള്ളിലക്കാട്‌, സ്‌പേസ്‌ എം.ഡി രാമന്‍ രവി എന്നിവര്‍ സംസാരിച്ചു. കോര്‍പ്പറേഷന്‍ സ്റ്റാന്‍ഡിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍മാരെല്ലാം പങ്കെടുത്ത ചടങ്ങില്‍ പക്ഷേ ഫുട്‌ബോള്‍, കായിക സംഘടനാ പ്രതിനിധികളാരുമുണ്ടായിരുന്നില്ല.

വിയയെ റാഞ്ചാന്‍ ലിവര്‍പൂള്‍
ലണ്ടന്‍: യൂറോ 2008 ല്‍ കത്തിതിളങ്ങിയ സ്‌പാനിഷ്‌ മുന്‍നിരക്കാരന്‍ ഡേവിഡ്‌ വിയയെ സ്വന്തമാക്കാന്‍ ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ക്ലബായ ലിവര്‍പൂള്‍ പണമെറിയുന്നു. നിലവില്‍ സ്‌പാനിഷ്‌ ക്ലബായ വലന്‍സിയയുടെ താരമാണ്‌ വിയ. സ്‌പാനിഷ്‌ ദേശീയ സംഘത്തില്‍ വിയയുടെ മുന്‍നിര പങ്കാളിയായ ഫെര്‍മാണ്ടോ ടോറസ്‌ ലിവര്‍പൂള്‍ നിരയിലാണ്‌ കളിക്കുന്നത്‌. രാജ്യത്തിന്‌ വേണ്ടി തകര്‍പ്പന്‍ പ്രകടനം നടത്തിയ ഈ മുന്‍നിര ജോഡികളെ സ്വന്തം നിരയില്‍ ഒരുമിപ്പിക്കാനായാല്‍ അത്‌ വലിയ നേട്ടമാവുമെന്ന്‌ മനസ്സിലാക്കി ലിവര്‍പൂള്‍ കോച്ച്‌ റാഫേല്‍ ബെനിറ്റസാണ്‌ കരുനീക്കത്തിന്‌ ചുക്കാന്‍ പിടിക്കുന്നത്‌.
മുന്‍നിരയില്‍ ടോറസിന്‌ പിന്തുണ നല്‍കാന്‍ അതേ മികവുള്ള താരമില്ലാത്തതായിരുന്നു കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിന്‌ ക്ഷീണമായത്‌. ആന്‍ഫീല്‍ഡിലെ ആദ്യ സീസണില്‍ തന്നെ ടോറസ്‌ 33 ഗോളുകളാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. അതേ സമയം മറ്റ്‌ താരങ്ങളെല്ലാം കൂടി 17 ഗോളുകളാണ്‌ സ്‌ക്കോര്‍ ചെയ്‌തത്‌. ടോറസിനൊപ്പം വെറോണിന്‍, ക്യൂട്ട്‌, ബാബേല്‍,സ്‌റ്റീവന്‍ ജെറാര്‍ഡ്‌ എന്നിവരാണ്‌ ലിവര്‍പൂളിന്റെ മുന്‍നിരയിലുളളത്‌. ടോറസിന്‌ കൂട്ടായി വിയ വരുമ്പോള്‍ അത്‌ ഗുണം ചെയ്യുമെന്നാണ്‌ ബെനിറ്റസ്‌ വിശദീകരിക്കുന്നത്‌.
വലന്‍സിയക്ക്‌ വേണ്ടി ആദ്യ സീസണില്‍ തന്നെ 18 ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌ത വിയ യൂറോയിലെ ടോപ്‌ സ്‌ക്കോററുമായിരുന്നു. ഗ്രൂപ്പ്‌ ഡി മല്‍സരത്തില്‍ റഷ്യക്കെതിരെ ഹാട്രിക്‌ സ്വന്തമാക്കിയ യുവതാരം നാല്‌ ഗോളുകളാണ്‌ ആകെ നേടിയത്‌. പരുക്ക്‌ കാരണം ഫൈനലില്‍ കളിക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല. നിലവില്‍ ലിവര്‍പൂളിന്റെ നിരയിലുളള ഇംഗ്ലീഷ്‌ സ്‌ട്രൈക്കര്‍ പീറ്റര്‍ ക്രൗച്ച്‌ ഈ സീസണില്‍ പോര്‍ട്‌സ്‌മൗത്തിലേക്ക്‌ ചേക്കറും. ഈ ഒഴിവിലോക്കാണ്‌ വിയയെ പരിഗണിക്കുന്നത്‌.

No comments: