Monday, July 7, 2008

മെന്‍ഡീസ്‌ ദി മാന്‍


കറാച്ചി: ഏഷ്യാ കപ്പ്‌ ഫൈനലിലെ പരാജയത്തില്‍ ലങ്കന്‍ സ്‌പിന്നര്‍ അജാന്ത മെന്‍ഡിസിന്‌ മുന്നില്‍ തന്റെ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ മറുപടിയുണ്ടായിരുന്നില്ലെന്ന്‌ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്രസിംഗ്‌ ധോണിയുടെ കുറ്റസ്സമതം. മെന്‍ഡീസിന്റെ പന്തുകളെ നേരിട്ടുളള പരിചയം ബാറ്റ്‌്‌സ്‌മാന്മാര്‍ക്ക്‌ ഉണ്ടായിരുന്നില്ല. വീഡിയോയില്‍ അദ്ദേഹത്തിന്റെ പ്രകടനം വീക്ഷിച്ചിരുന്നു. എന്നാല്‍ മൈതാനത്ത്‌ മെന്‍ഡീസിന്റെ പന്തുകള്‍ പലതും ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ തൊടാന്‍ പോലും കഴിഞ്ഞില്ല. മെന്‍ഡീസിന്‌ മുന്നിലാണ്‌ ഇന്ത്യ പരാജയപ്പെട്ടതെന്നും ധോണി പറഞ്ഞു. വന്‍കരാ പോരാട്ടത്തിന്റെ ഫൈനലില്‍ ബാറ്റ്‌സ്‌മാന്മാരിലായിരുന്നു രണ്ട്‌ ടീമുകളുടെയും പ്രതീക്ഷ. ലങ്ക ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ അവരുടെ മുന്‍നിരയെ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക്‌ തളര്‍ത്താന്‍ കഴിഞ്ഞെങ്കിലും സനത്‌ ജയസൂര്യയെ പിടിച്ചുകെട്ടാന്‍ ആര്‍ക്കുമായില്ല. ഏഴ്‌ സ്‌പെഷ്യലിസ്‌റ്റ്‌ ബാറ്റ്‌സ്‌മാന്മാരുമായി കളിച്ച ഇന്ത്യക്ക്‌ വീരേന്ദര്‍ സേവാഗ്‌ സ്വതസിദ്ധമായ ശൈലിയില്‍ നല്ല തുടക്കം നല്‍കി. പത്താം ഓവറില്‍ ഗത്യന്തരമില്ലാതെ ലങ്കന്‍ ക്യാപ്‌റ്റന്‍ മഹേല ജയവര്‍ദ്ധനെ അജാന്തക്ക്‌്‌ പന്ത്‌ നല്‍കിയപ്പോള്‍ ആദ്യ ഓവറില്‍ തന്നെ രണ്ട്‌ വിക്കറ്റുകള്‍. പിന്നെ ബാറ്റ്‌സ്‌മാന്മാരുടെ ഘോഷയാത്രയായിരുന്നു. നാല്‍പ്പതാം ഓവറില്‍ കളി ഏകപക്ഷീയമായി അവസാനിച്ചു. ഫൈനലിനെക്കുറിച്ച്‌ നായകന്മാരായ മഹേന്ദ്രസിംഗ്‌ ധോണിയും മഹേല ജയവര്‍ദ്ധനയും:
ധോണി: ആരെയും ഞാന്‍ കുറ്റം പറയുന്നില്ല. പക്ഷേ ഇന്ത്യ തോറ്റത്‌ അജാന്ത മെന്‍ഡിസിനോടാണ്‌. അദ്ദേഹത്തിന്‌ ഫുള്‍മാര്‍ക്കും നല്‍കുന്നു. ലങ്കന്‍ ബാറ്റിംഗ്‌ നിരയെ 300 കടക്കുന്നതില്‍ നിന്നും തടഞ്ഞ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ്‌ നടത്തിയത്‌. ഏഴ്‌ ബാറ്റ്‌സ്‌മാന്മാരും നാല്‌ ബൗളര്‍മാരുമാണ്‌ ടീമിലുണ്ടായിരുന്നത്‌. എന്നിട്ടും ലങ്കയെ പിടിച്ചുനിര്‍ത്താനായി. അത്‌ വലിയ നേട്ടമാണ്‌. വീരു ബാറ്റിംഗില്‍ ഗംഭീരതുടക്കമാണ്‌ നല്‍കിയത്‌. പക്ഷേ അജാന്ത വന്നപ്പോള്‍ കാര്യങ്ങള്‍ മാറി. മികച്ച പന്തുകളാണ്‌ അദ്ദേഹം പായിച്ചത്‌. ചില പന്തുകള്‍ക്ക്‌ മുന്നില്‍ ആര്‍ക്കും മറുപടിയുണ്ടായിരുന്നില്ല. ജയസൂര്യയുടെ ബാറ്റിംഗും അപാരമായിരുന്നു. ഇന്ത്യന്‍ ബാറ്റിംഗ്‌ നിരയുടെ വലുപ്പം കണ്ടിട്ടാവും വലിയ സ്‌ക്കോര്‍ തന്നെ വേണമെന്ന നിര്‍ബന്ധത്തിലായിരുന്നു സനത്‌.
മഹേല: ഫൈനല്‍ തകര്‍പ്പന്‍ പോരാട്ടമായിരിക്കുമെന്നാണ്‌ കരുതിയത്‌. ഞങ്ങള്‍ ആദ്യം ബാറ്റ്‌ ചെയ്‌തപ്പോള്‍ തുടക്കത്തില്‍ തന്നെ നാല്‌ വിക്കറ്റുകള്‍ നഷ്‌ടമായി. സനത്‌ കരുത്തോടെ കളിച്ചപ്പോള്‍ ഭേദപ്പെട്ട സ്‌ക്കോര്‍ നേടാനായി. പക്ഷേ വീരേന്ദര്‍ അരങ്ങ്‌ തകര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ കാര്യങ്ങള്‍ മാറി. പത്താം ഓവറില്‍ അജാന്തയെ വിളിക്കുകയല്ലാതെ എനിക്ക്‌ മാര്‍ഗ്ഗമില്ലായിരുന്നു. ശരിക്കും അതൊരു ചൂതാട്ടമായിരുന്നു. ഫീല്‍ഡിംഗ്‌ നിയന്ത്രണമുളള ഓവറുകളില്‍, വീരേന്ദര്‍ ക്രീസില്‍ സംഹാരതാണ്ഡവമാടുമ്പോള്‍ ഒരു സ്‌പിന്നറെ ആക്രമണത്തിന്‌ വിളിക്കുകയെന്ന റിസ്‌ക്ക്‌ ഏറ്റെടുക്കാന്‍ തന്നെ തീരുമാനിച്ചു. മുരളിക്ക്‌ പനത്‌ കൊടുക്കാതിരുന്നത്‌ പന്തില്‍ അപ്പോഴും മിനുസമുള്ളത്‌ കൊണ്ടായിരുന്നു. ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാര്‍ക്ക്‌ അജാന്തയെ പരിചയമുണ്ടായിരുന്നില്ല. അതാണ്‌ സത്യത്തില്‍ അവരെ ചതിച്ചത്‌.

ചാമ്പ്യന്‍സ്‌ ട്രോഫി വേദി പാക്കിസ്‌താന്‌ നഷ്‌ടമായേക്കും
കറാച്ചി: സെപ്‌തംബറില്‍ പാക്കിസ്‌താനില്‍ നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന ഐസി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ മല്‍സരങ്ങള്‍ ശ്രീലങ്കയിലേക്ക്‌ മാറ്റാന്‍ സാധ്യത. കഴിഞ്ഞ ദിവസം പാക്കിസ്‌താന്‍ ആസ്ഥാനമായ ഇസ്ലാമബാദില്‍ 15 പേരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ സുരക്ഷ സംബന്ധിച്ച്‌ ഐ.സി.സിക്ക്‌ ആശങ്കയുണ്ട്‌. പല ക്രിക്കറ്റ്‌ ബോര്‍ഡുകളും ആശങ്ക പ്രകടിപ്പിച്ച സാഹചര്യത്തില്‍ പ്രശ്‌നം ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെന്ന്‌ ഐ.സി.സി ചീഫ്‌്‌ എക്‌സിക്യൂട്ടീവ്‌ ഹാറൂണ്‍ ലോര്‍ഗാറ്റ്‌ പറഞ്ഞു. ലാഹോര്‍,കറാച്ചി, റാവല്‍പിണ്ടി എന്നിവിടങ്ങളിലാണ്‌ ഐ.സി.സി മല്‍സരങ്ങള്‍ നടത്താന്‍ നിശ്ചയിച്ചിട്ടുളളത്‌. എന്നാല്‍ ഓസ്‌ട്രേലിയ ഉള്‍പ്പെടെ പല രാജ്യങ്ങളും പാക്കിസ്‌താനില്‍ പര്യടനം നടത്തുന്നതിനോട്‌ വിയോജിപ്പ്‌ പ്രകടിപ്പിച്ചിരിക്കയാണ്‌.

പോണ്ടിംഗ്‌ ഉണ്ടാവില്ല
മെല്‍ബണ്‍: അടുത്ത മാസം ബംഗ്ലാദേശിനെതിരെ നടക്കുന്ന ഏകദിന പരമ്പരയിലും സെപ്‌തംബറിലെ ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫിയിലും ഓസ്‌ട്രേലിയയെ നയിക്കാന്‍ റിക്കി പോണ്ടിംഗുണ്ടാവില്ലെന്ന്‌ സൂചനകള്‍. വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരത്തിനിടെ വലത്‌ കൈകുഴക്ക്‌ പരുക്കേറ്റ പോണ്ടിംഗ്‌ ഇന്നലെ ശസ്‌ത്രക്രിയക്ക്‌ വിധേയനായി. ഒരു മാസത്തിലധികം വിശ്രമമാണ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌.

ഓസീസ്‌ വൈറ്റ്‌ വാഷ്‌
സെന്റ്‌ കിറ്റ്‌സ്‌: വിന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മല്‍സരത്തിലും ഓസ്‌ട്രേലിയക്ക്‌ വിജയം. ഇതോടെ പരമ്പര 5-0 ത്തിന്‌ അവര്‍ തൂത്തുവാരി. ആദ്യം ബാറ്റ്‌ ചെയ്‌ത്‌ എട്ട്‌ വിക്കറ്റിന്‌ 341 റണ്‍സ്‌ നേടിയ ലോക ചാമ്പ്യന്മാര്‍ എതിരാളികളെ 172 റണ്‍സില്‍ പുറത്താക്കി 169 റണ്‍സിന്റെ വലിയ വിജയമാണ്‌ സ്വായത്തമാക്കിയത്‌. 28 പന്തില്‍ നിന്ന്‌ 64 റണ്‍സ്‌ നേടിയ ലുകെ റോഞ്ചി, 19 പന്തില്‍ നിന്ന്‌ അര്‍ദ്ധശതകം നേടിയ ഡേവിഡ്‌ ഹസ്സി എന്നിവരാണ്‌ ഓസീ ഇന്നിംഗ്‌സില്‍ മിന്നിയത്‌. ബൗളിംഗില്‍ അഞ്ച്‌ വിക്കറ്റുമായി മിച്ചല്‍ ജോണ്‍സണ്‍ അരങ്ങ്‌തകര്‍ത്തു.
ലങ്കക്കെതിരായ ടെസ്‌റ്റ്‌ പരമ്പര, ഇന്ത്യന്‍ ടീം ഇന്ന്‌
മുംബൈ: ശ്രീലങ്കക്കെതിരെ ഈ മാസാവസാനം ആരംഭിക്കുന്ന ടെസ്റ്റ്‌ പരമ്പരക്കുളള ഇന്ത്യന്‍ ടീമിനെ ഇന്ന്‌ സെലക്ടര്‍മാര്‍ തെരഞ്ഞെടുക്കും. സീനിയര്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ്‌, സൗരവ്‌ ഗാംഗുലി, ഹര്‍ഭജന്‍സിംഗ്‌, വി.വി.എസ്‌ ലക്ഷ്‌മണ്‍ എന്നിവര്‍ അനില്‍ കുംബ്ലെ നയിക്കുന്ന സംഘത്തില്‍ തിരിച്ചെത്തും. മഹേന്ദ്രസിംഗ്‌ ധോണി നയിക്കുന്ന ഇന്ത്യന്‍ ഏകദിന ടീം ബംഗ്ലാദേശില്‍ നടന്ന ത്രിരാഷ്‌ട്ര പരമ്പരയിലും പാക്കിസ്‌താനില്‍ നടന്ന ഏഷ്യാ കപ്പിലും നിര്‍ണ്ണായക ഘട്ടത്തില്‍ പതര്‍ച്ച പ്രകടിപ്പിച്ച സാഹചര്യത്തില്‍ സീനിയര്‍ താരങ്ങളുടെ തിരിച്ചുവരവ്‌ സംബന്ധിച്ച്‌ ആശങ്കകളില്ല. സച്ചിന്‍ ആരോഗ്യം വീണ്ടെടുത്തിട്ടുണ്ട്‌്‌. സഹതാരം ശ്രീശാന്തിനെ മര്‍ദ്ദിച്ചതിന്‌ വിലക്കപ്പെട്ട ഹര്‍ഭജന്‍സിംഗിന്റെ കാര്യത്തിലും ഏഷ്യയിലെ മികച്ച ബാറ്റ്‌സ്‌മാനായി തെരഞ്ഞെടുക്കപ്പെട്ട ഗാംഗുലിയുടെ കാര്യത്തിലും ടെസ്റ്റ്‌ സ്‌പെഷ്യലിസ്റ്റായ ദ്രാവിഡിന്റെ കാര്യത്തിലും സംശയങ്ങളില്ല. മധ്യനിരയില്‍ ഒഴിവുള്ള ബാറ്റിംഗ്‌ സ്ഥാനത്തിനായി യുവരാജ്‌സിംഗ്‌, സുരേഷ്‌ റൈന, രോഹിത്‌ ശര്‍മ, മുഹമ്മദ്‌ കൈഫ്‌ എന്നിവര്‍ രംഗത്തുണ്ട്‌. ഇവരില്‍ സാധ്യത യുവരാജിനോ റൈനക്കോ ആണ്‌. ബൗളര്‍മാരില്‍ ഇശാന്ത്‌, ഇര്‍ഫാന്‍ പത്താന്‍, ആര്‍.പി സിംഗ്‌, ശ്രീശാന്ത്‌ എന്നിവര്‍ക്കൊപ്പം കുംബ്ലെ, ഹര്‍ഭജന്‍ സ്‌പിന്‍ ജോഡിക്കായിരിക്കും അവസരം.
അഷറഫ്‌ തലവന്‍
കറാച്ചി: പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ ചെയര്‍മാന്‍ നാസീം അഷ്‌റഫായിരിക്കും ഏഷ്യന്‍ ക്രിക്കറ്റ്‌ കൗണ്‍സിലിന്റെ (ഏ.സി.സി) പുതിയ ചെയര്‍മാന്‍. അര്‍ജുന രണതുംഗെക്ക്‌ പകരം രണ്ട്‌ വര്‍ഷ കാലയളവില്‍ അഷ്‌റഫിനെ എതിരില്ലാതെയാണ്‌ തെരഞ്ഞെടുത്തത്‌.

No comments: