
മാഡ്രിഡ്: സ്‌പെയിന്‍ ഇന്നലെയും ആഘോഷത്തിന്റെ സ്വര്‍ഗ്ഗത്തിലായിരുന്നു.... യൂറോ കിരീടവുമായി കോച്ച് ലൂയിസ് അരഗോനസും ക്യാപ്‌റ്റന്‍ ഇകാര്‍ കാസിയാസും മറ്റ് ടീമംഗങ്ങളും ഇന്നലെ സ്‌പാനിഷ് രാജാവ് ജുവാന്‍ കാര്‍ലോസിനെ കാണാന്‍ കൊട്ടാരത്തിലെത്തി. എല്ലാവരെയും ആശ്ശേഷണവുമായി സ്വീകരിച്ച രാജാവ് ടീമിന്റെ നേട്ടത്തെ സ്‌പാനിഷ് ചരിത്രത്തിലെ വലിയ സംഭവമായാണ് വിശേഷിപ്പിച്ചത്. 2010 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ലോകകപ്പിലും നേട്ടം ആവര്‍ത്തിക്കാന്‍ ടീമിന് കഴിയുമെന്നും അദ്ദേഹം പറഞ്ഞു. ലോകകപ്പില്‍ ഇത് വരെ മുത്തമിടാന്‍ സ്‌പെയിനിന് കഴിഞ്ഞിട്ടില്ല. സെമിയില്‍ കളിച്ചത് മാത്രമാണ് ലോകകപ്പിലെ മികച്ച നേട്ടം.
അരഗോനസാണ് ശരിക്കും വാഴ്‌ത്തപ്പെടുന്നത്. അറുപത്തിയൊമ്പതുകാരനായ പരിശീലകന്റെ സാന്നിദ്ധ്യവും അദ്ദേഹത്തിന്റെ സേവനവും മഹത്തരമാണെന്ന് കാര്‍ലോസ് രാജാവ് പറഞ്ഞു. യൂറോ കപ്പിന് മുമ്പ് വിമര്‍ശനങ്ങള്‍ക്ക് മധ്യത്തിലായിരുന്നു അരഗോനസ്. റൗള്‍ ഗോണ്‍സാലസിനെ പോലുള്ള സൂപ്പര്‍താരങ്ങളെ തഴഞ്ഞതിന്റെ പേരില്‍ മാധ്യമങ്ങള്‍ അദ്ദേഹത്തെ വെറുതെ വിട്ടിരുന്നില്ല.
അരഗോനസ് സ്‌പാനിഷ് പരിശീലക സ്ഥാനത്ത് തുടരാന്‍ ആഗ്രഹിക്കുന്നില്ല. തനിക്ക് പകരം വരുന്നയാള്‍ താരങ്ങളെ മനസ്സിലാക്കുന്നവരായിരിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാല് വര്‍ഷമായി അരഗോനസ് ടീമിനൊപ്പമുണ്ട്. ഈ കാലയളവില്‍ 38 വിജയങ്ങള്‍ അദ്ദേഹം സ്വന്തമാക്കി. പന്ത്രണ്ട് മല്‍സരങ്ങള്‍ സമനിലയില്‍ അവസാനിച്ചപ്പോള്‍ നാല് മല്‍സരങ്ങളില്‍ മാത്രമാണ് പരാജയം പിണഞ്ഞത്. 2006 ലെ ലോകകപ്പില്‍ ഫ്രാന്‍സിനോട് പരാജയപ്പെട്ടതാണ് കാര്യമായ ക്ഷീണമായത്. ലോകകപ്പിലെ പരാജയത്തെ തുടര്‍ന്ന് കോച്ചിനെ മാറ്റാനുളള ആവശ്യം ശക്തമായിരുന്നു. യൂറോ യോഗ്യതാ റൗണ്ട് മല്‍സരങ്ങളിലും ടീമിന്റെ നിലവാരം മെച്ചപ്പെട്ടിരുന്നില്ല. പക്ഷേ യൂറോയില്‍ യുവതാരങ്ങളുമായി അരഗോനസ് അല്‍ഭുതം കാട്ടുകയായിരുന്നു. ഏറ്റവും മികച്ച പ്രകടനം നടത്തുമ്പോള്‍ സ്‌പെയിനിനെ പരാജയപ്പെടുത്താന്‍ ആര്‍ക്കുമാവില്ല എന്ന അരഗോനസിന്റെ മുദ്രാവാക്യമാണ് താരങ്ങളുടെ ആത്മവിശ്വാസം ഉയര്‍ത്തിയത്. അരഗോനസിനെ പോലെ ഒരു കോച്ചിനെ നഷ്ടമാവുന്നത് ടീമിന് ആഘാതമാണെന്ന് സെസ്‌ക് ഫാബ്രിഗസും ഇനിയസ്റ്റയും പറഞ്ഞു. പരിശീലകനാണ് താരങ്ങളില്‍ ആത്മവിശ്വാസം നിറച്ചതെന്ന് സാവി അലോണ്‍്‌സോ അഭിപ്രായപ്പെട്ടു.
മാഡ്രിഡിലും ബാര്‍സയിലുമെല്ലാം ആഘോഷം തുടരുമ്പോള്‍ താരങ്ങളെയെല്ലാം ആരാധകര്‍ നെഞ്ചിലേറ്റുകയാണ്. സ്‌പാനിഷ് ലീഗ് മല്‍സരങ്ങള്‍ ആരംഭിക്കും വരെ ഇനി ആഘോഷം തന്നെയായിരിക്കും.
No comments:
Post a Comment