Monday, July 21, 2008
BEWARE CHINA
ബെയ്‌ജിംഗ്:കനത്ത സുരക്ഷക്കിടയിലും ഒളിംപിക്‌സ് സംഘാടകര്‍ക്കും ചൈനീസ് പോലീസിനും തലവേദനയായി തുര്‍ക്കിയില്‍ നിന്നുള്ള ഭീകരസംഘം. ദി ഈസ്‌റ്റേണ്‍ തുര്‍ക്കിസ്‌താന്‍ ഇസ്ലാമിക് മൂവ്‌മെന്റ് (ഇ.ടി.ഐ.എം) എന്ന സംഘടന ഒളിംപിക്‌സ് വേദികളില്‍ ഭീകരാക്രമണം നടത്താന്‍ പദ്ധയിട്ടതായി കഴിഞ്ഞ ദിവസം വിവരം കിട്ടിയതോടെ പോലീസ് സുരക്ഷാ നടപടികള്‍ വീണ്ടും ഊര്‍ജ്ജിതമാക്കി. ടിബറ്റന്‍ കലാപകാരികള്‍ ഗെയിംസ് അലങ്കോലപ്പെടുത്തുമോ എന്ന ഭയത്തില്‍ ഒരു വര്‍ഷം മുമ്പ് തന്നെ സുരക്ഷാ പാലനത്തില്‍ ജാഗ്രത പാലിക്കുന്ന ചൈനീസ് പോലീസ് പ്രശ്‌നക്കാരായി ഇരുപതോളം ചെറുതും വലുതുമായ തീവ്രവാദ ഗ്രൂപ്പുകളെ നോട്ടമിട്ടിട്ടുണ്ട്. ഇവരെയെല്ലാം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി നടത്തുന്ന ഓപ്പറേഷനുകള്‍ക്കിടെയാണ് പുതിയ തുര്‍ക്കി ഗ്രൂപ്പ് ഒളിംപിക്‌സ് വേദികള്‍ ലക്ഷ്യമിട്ടതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ വെളിപ്പെടുത്തലുണ്ടായത്. തുര്‍ക്കിയിലെ ഇസ്ലാമിക ഗ്രൂപ്പ് എന്ത് കൊണ്ടാണ് ചൈനയെ ലക്ഷ്യമിടുന്നത് എന്ന് വ്യക്തമല്ല. അമേരിക്ക ഉള്‍പ്പെടെ കരുത്തരായ പാശ്ചാത്യ ഗ്രൂപ്പുകളെല്ലാം വരുന്ന സാഹചര്യത്തില്‍ ലോകത്തെ വിറപ്പിക്കുക എന്നതാവാം ഇവരുടെ ലക്ഷ്യമെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ കരുതുന്നത്. കഴിഞ്ഞ ദിവസമാണ് ഇ.ടി.ഐ.എമ്മിനെക്കുറിച്ച് വിശദാംശങ്ങള്‍ ലഭിച്ചതെന്ന് ഒളിംപിക്‌സ് സുരക്ഷാ പാലന ചുമതലയുള്ള സെക്യൂരിറ്റി ഡയരക്ടര്‍ മാ ഷുന്‍ചാന്‍ പറഞ്ഞു. ഇവരെ മാത്രമല്ല വിവിധ ഗ്രൂപ്പുകളില്‍ നിന്നും ഭീഷണിയുണ്ടെന്നും എല്ലാ വശങ്ങളും സുരക്ഷാപാലകര്‍ പരിഗണിക്കുന്നുണ്ടെന്നും അദ്ദേഹം വീശദീകരിച്ചു. ഗെയിംസ് നടക്കുമ്പോള്‍ ഭീകരാക്രമണം നടത്താനാണ് ഇവരുടെ പരിപാടിയെന്നും ലക്ഷ്യം മാത്രം വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.
ഇ.ടി.ഐ.എം, ഹിസ്‌ബ്-ഇ-താഹീര്‍ എന്നീ ഗ്രൂപ്പുകളെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചിട്ടുണ്ട്. സ്വയം ഭരണപ്രവിശ്യയായ സിന്‍ജിയാംഗിലെ പോലീസ് സംഘത്തിന്റെ കണക്കുപ്രകാരം ഈ രണ്ട് ഗ്രൂപ്പ് ഉള്‍പ്പെടെ മൊത്തം പന്ത്രണ്ട് ഭീകരഗ്രൂപ്പുകള്‍ ഇപ്പോഴും ഗെയിംസ് അലങ്കോലപ്പെടുത്താന്‍ രംഗത്തുണ്ട്. സിന്‍ജിയാംഗ് പോലീസ് രണ്ട് മാസം മുമ്പ് ഒളിംപിക്‌സ്‌് അട്ടിമറിക്കാനെത്തിയെന്ന് കരുതുന്ന 82 അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു സംഘത്തെ പിടികൂടിയിരുന്നു. ഇസ്ലാമിക ഗ്രൂപ്പുകള്‍ പരിശീലനം നടത്തുന്നുവെന്ന് പറയപ്പെടുന്ന പല കേന്ദ്രങ്ങളും പോലീസ് റെയ്‌ഡ് നടത്തുകയും ചെയ്‌തിരുന്നു. ഈ പശ്ചാത്തലത്തില്‍ ഇസ്ലാമിക ഗ്രൂപ്പുകളുടെ ഭീഷണി കുറഞ്ഞിരിക്കുന്നു എന്ന ആശ്വാസത്തില്‍ സംഘാടകരും പോലീസും ഇരിക്കവെയാണ് തുര്‍ക്കി ഗ്രൂപ്പില്‍ നിന്നും ഭീഷണി ഉയര്‍ന്നിരിക്കുന്നത്.
ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന എല്ലാ രാജ്യങ്ങളിലെയും സുരക്ഷാ പാലന ഏജന്‍സികളുമായും ചൈനീസ് പോലീസ് ബന്ധപ്പെടുന്നുണ്ട്. എല്ലാവരുടെയും സഹകരണവും തേടിയിട്ടുണ്ട്. വിവിധ രാജ്യങ്ങളിലെ പ്രശ്‌നക്കാരായ സംഘടനകളുടെ ലിസ്‌റ്റ് പോലീസിന്റെ കൈവശമുണ്ട്. ഇവരുടെ ഓരോ നീക്കങ്ങളും സസൂക്ഷ്‌മം നിരീക്ഷക്കപ്പെടുന്നുമുണ്ട്. അമേരിക്കയെ എതിര്‍ക്കുന്ന ഗ്രൂപ്പുകളെയാണ് പോലീസിന് കാര്യമായ ഭയം. ഉസാമ ബിന്‍ലാദന്റെ അല്‍ഖായിദ ഉള്‍പ്പെടെ എല്ലാ വിഭാഗം ഗ്രൂപ്പുകളെയും വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ നീരീക്ഷിക്കുന്ന പോലീസ് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തുനില്‍ക്കുകയാണ്. പോലീസിന്റെ ഡമ്മി പരിശീലനം ഇപ്പോഴും നടക്കുന്നുണ്ട്‌്.
ഭീകരരെ നീരിക്ഷിക്കാനായി നാല്‍പ്പത് പ്രത്യേക പോലീസ് യൂണിറ്റുകള്‍ ബെയ്‌ജംഗില്‍ മാത്രമുണ്ട്. 188 പേരടങ്ങുന്ന ഒരു സംഘം സദാസമയവും പ്രധാന ഒളിംപിക് വേദിയിലുമുണ്ട്. രാസായുധക്രമണത്തിന് ചില സംഘടനകള്‍ മുതിരുമെന്ന് റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തില്‍ ഇങ്ങനെയെന്തെങ്കിലും സംഭവിച്ചാല്‍ അത് നേരിടാന്‍ മാത്രം പ്രത്യേക സംഘമുണ്ട്. ജൂലൈ ഒന്ന് മുതല്‍ സംഘം 24 മണിക്കൂര്‍ ഡ്യൂട്ടിയിലാണ്. മൊത്തം ഒരു ലക്ഷത്തി പതിനായിരം സുരക്ഷാ പാലകരാണ് ഒളിംപിക്‌സ് വിജയപ്രദമാക്കാന്‍ രംഗത്തുള്ളത്. ഇവര്‍ക്കൊപ്പം തദ്ദേശിയരായ ഒരു ദശലക്ഷത്തോളം വോളണ്ടിയര്‍മാരും, മൂന്ന് ലക്ഷം ക്യാമറകളുമുണ്ട്. ക്യാമറകള്‍ നഗരത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. നഗരത്തിന്റെ ഓരോ പ്രാന്തങ്ങളിലും പ്രത്യേക സുരക്ഷാ പാലനസംഘമുണ്ട്. വിമാനത്താവളങ്ങളില്‍ ഇരട്ട ചെക്കപ്പ് പ്രബല്യത്തില്‍ വന്നുകഴിഞ്ഞു.
ചിത്രം....
വിടില്ല..... ഭീകരര്‍ ഗെയിംസ് അലങ്കോലപ്പെടുത്തിയാല്‍ സ്വീകരിക്കേണ്ട പോലീസ് നടപടിക്രമങ്ങളുടെ ഡ്രില്‍ ബെയ്‌ജിംഗില്‍ ഇന്നലെ നടന്നപ്പോള്‍.... ഭീകരരെ പോലീസ് അറസ്‌റ്റ് ചെയ്യുന്നു. ഒളിംപിക്‌സ് അടുക്കും തോറും ചൈന സുരക്ഷാ പാലനത്തില്‍ നിതാന്ത ജാഗ്രത പുലര്‍ത്തുകയാണ്.
ബെയ്‌ജിംഗ് കാഴ്‌ച്ചകള്‍
ട്രാഫിക് പോലീസ് റെഡി
വലിയ നഗരങ്ങളിലെ പ്രധാന തലവേദന ട്രാഫിക് സമ്പ്രദായമാണ്. ബെയ്‌ജിംഗിലും ഈ പ്രശ്‌നമുണ്ട്. ഒളിംപിക്‌സ് നടക്കുന്ന സമയത്ത് ട്രാഫിക് തടസ്സങ്ങള്‍ ഒഴിവാക്കാന്‍ പതിനായിരത്തോളം വരുന്ന പ്രത്യേക പോലീസിനെയാണ് നിയോഗിച്ചരിക്കുന്നത്. ബൈക്കുകളില്‍ സഞ്ചരിക്കുന്ന ഈ സംഘം ഏത് പോയന്റിലും ജാഗ്രത പാലിക്കും. ഇന്നലെ ട്രാഫിക് പോലീസിന്റെ ഡ്രില്‍ ഒളിംപിക് സ്റ്റേഡിയത്തിന്റെ അരികിലുണ്ടായിരുന്നു.
കാറുകള്‍ക്ക് നിയന്ത്രണം
ഒളിംപിക്‌സ് നടക്കുമ്പോള്‍ ബെയ്‌ജിംഗില്‍ കാറുകള്‍ക്ക് നിയന്ത്രണമുണ്ടാവും. സിറ്റിയില്‍ മാത്രം പ്രദിദിനം 2.2 ദശലക്ഷം കാറുകള്‍ ഓടുന്നത്. വായു മലീനികരണത്തിന് പ്രധാനപ്പെട്ട കാരണവും ഇത് തന്നെ. ഇന്റര്‍ നാഷണല്‍ ഒളിംപിക് കമ്മിറ്റിയും വിവിധ പരിസ്ഥിതി ഏജന്‍സികളും മലീനീകരണത്തില്‍ ബെയ്‌ജിംഗിനെ കുറ്റപ്പെടുത്തിയ സാഹചര്യത്തില്‍ പഴയ കാറുകളെ തല്‍ക്കാലം നിരോധിക്കാനാണ് നീക്കം. 2.2 ദശലക്ഷം കാറുകള്‍ ഈ വിധം ഒന്നിടവിട്ട ദിവസങ്ങളില്‍ തടയാനായാല്‍ മലീനികരണ തോത് 63 ശതമാനത്തോളം കുറക്കാന്‍ കഴിയുമെന്നാണ് സംഘാടകര്‍ കരുതുന്നത്.
ഗ്രീന്‍ ഒളിംപിക്‌സ്, ഹൈടെക് ഒളിംപിക്‌സ്, പിപ്പിള്‍സ് ഒളിംപിക്‌സ്
ബെയ്‌ജിഗ്: ചൈനീസ് കമ്മ്യണിസ്റ്റ് പാര്‍ട്ടി തലവനും ഒളിംപിക് സംഘാടക സമിതി പ്രസിഡണ്ടുമായ ലിയു സീ ആഹ്ലാദത്തിലാണ്. ഏഴ് വര്‍ഷം മുമ്പ് ബെയ്‌ജിംഗിന് ഒളിംപിക്‌സ് അനുവദിക്കുന്നതിനായി അദ്ദേഹം ഇന്റര്‍നാഷണല്‍ ഒളിംപിക് കമ്മിറ്റിക്ക് നല്‍കിയ വാഗ്‌ദാനങ്ങളെല്ലാം പാലിക്കപ്പെട്ടിരിക്കുന്നു. ഗ്രീന്‍ ഒളിംപ്‌ക്‌സ്, ഹൈടെക് ഒളിംപിക്‌സ്, പിപ്പിള്‍സ് ഒളിംപിക്‌സ് -ഈ മുദ്രാവാക്യമാണ് ചൈന ലോകത്തിന് മുന്നില്‍ അന്ന് ഉയര്‍ത്തിയിരുന്നത്. ഇന്ന് ഒളിംപിക്‌സ് ദിവസങ്ങള്‍ അരികില്‍ എത്തിനില്‍ക്കുമ്പോള്‍ എല്ലാം സത്യമായി ഭവിച്ചിരിക്കയാണെന്ന് പാര്‍ട്ടി മുഖപത്രമായ പിപ്പിള്‍സ് ഡെയ്‌ലിക്ക് നല്‍കിയ അഭിമുഖത്തില്‍ ലിയു സീ പറഞ്ഞു. സംഘാടനത്തില്‍ ഇത്ര വിസ്‌്‌മയകരമായ നേട്ടത്തിന് കാരണം ചൈനയിലെ ജനങ്ങളാണെന്ന് അദ്ദേഹം പറയുന്നു. 2001 ലാണ് ചൈന ഒളിംപിക്‌സിനായുളള ശ്രമങ്ങള്‍ ആരംഭിച്ചത്. അന്ന് മുതല്‍ ജനങ്ങള്‍ സര്‍ക്കാരിനൊപ്പമുണ്ട്. അവരുടെ പിന്തുണയും സഹകരണവുമാണ് നേട്ടമായത്. പാര്‍ട്ടിയില്‍ നിന്ന് ലഭിച്ച പിന്തുണയും മറക്കാനാവില്ല. പാര്‍ട്ടി സ്റ്റേറ്റ് കൗണ്‍സില്‍ തുടക്കം മുതല്‍ ഗെയിംസിന്റെ വിജയത്തിനായി രംഗത്തുണ്ട്. രാജ്യാന്തചര ഒളിംപിക് കമ്മിറ്റിയില്‍ നിന്ന് ലഭിച്ച പിന്തുണയും മറക്കാനാവുന്നില്ല. ചൈനയിലെ യുവജനതക്കിടയില്‍ ഒളിംപിക് മുദ്രവാക്യമെത്തിക്കുകയെന്നതായിരുന്നു സംഘാടനത്തില്‍ സര്‍ക്കാര്‍ ആഗ്രഹിച്ചിരുന്നത്. അത് യാഥാര്‍ത്ഥ്യമായി. ബെയ്‌ജിംഗ് നഗരത്തെക്കുറിച്ചുണ്ടായിരുന്ന പരാതി മലിനീകരണമായിരുന്നു. പക്ഷേ ഇപ്പോള്‍ ബെയ്‌ജിംഗ് ഹരിത ബെയ്‌ജിംഗാണ്. ഹരിതവല്‍ക്കരണത്തിന്റെ ഭാഗമായി വലിയ കമ്പനികള്‍ സഹകരണം വാഗ്‌ദാനം ചെയ്‌തു. രാജ്യത്തെ വലിയ സ്‌റ്റീല്‍ ഗ്രൂപ്പായ ഷോഗാംഗ് അവരുടെ പ്രവര്‍ത്തന കേന്ദ്രം നഗരത്തില്‍ നിന്നും മാറ്റി. ബെയ്‌ജിംഗ് കുക്കിംഗ് ഫാക്ടറി പൂട്ടി. നഗരത്തില്‍ യാന്‍ഷാന്‍ പെട്രോകെമിക്കല്‍ ഗ്രൂപ്പ് സ്ഥാപിച്ച കെമിക്കല്‍ പ്ലാന്റും പൂട്ടി. മലീനികരണ തോത് ഇത് മൂലമെല്ലാം ഗണ്യമായി കുറക്കാന്‍ സാധിച്ചിട്ടുണ്ട്. ഹൈടെക് ഒളിംപിക്‌സ് എന്ന് ബെയ്‌ജിംഗ് ഒളിംപിക്‌സിനെ വിശേഷിപ്പിക്കുന്നത് മല്‍സരവേദികളുടെ നിര്‍മ്മാണത്തിലാണ്. ബേര്‍ഡ്‌സ് നെസ്‌റ്റ് എന്നറിയപ്പെടുന്ന പ്രധാന വേദി സാങ്കേതികതയുടെ കൊട്ടാരമാണ്. അക്വാറ്റിക് സെന്ററിലും മറ്റ് എല്ലാ വേദികളിലും അതിനൂതന സാങ്കേതിക വിദ്യകളാണ് ഉപയോഗിച്ചരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ചിത്‌പം മനോഹരം... ബെയ്‌ജിംഗ് ഒളിംപിക്‌സിന്റെ പ്രധാന വേദിയായ ബേര്‍ഡ്‌സ് നെസ്‌റ്റ് (പക്ഷിക്കൂട്) രാത്രിയിലെ കാഴ്‌ച്ച
ഒളിംപിക് വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍
ഉദ്‌്‌ഘാടന ചടങ്ങുകളുടെ ടിക്കറ്റുകള്‍ പൂര്‍ണ്ണമായി വിറ്റഴിഞ്ഞു. കരിഞ്ചന്തയില്‍ ടിക്കറ്റ്‌് വില്‍പ്പന തടയാന്‍ കര്‍ക്കശ നീക്കങ്ങള്‍
ഒളിംപിക്‌സ് വില്ലേജ് തുറന്നപ്പോള്‍ കൗതുക കാഴ്‌്‌ചകള്‍ കാണാന്‍ നാട്ടുകാരുടെ പ്രവാഹം
ഹോംഗ്‌കോംഗ് സ്‌പെഷ്യല്‍ ഒളിംപിക്‌സ് സ്റ്റാമ്പുകള്‍ പുറത്തിറക്കും.
ഫുട്‌ബോളില്‍ ചൈനക്ക് വിജയം
ബെയ്‌ജിംഗ്: ഒളിംപിക്‌സ് ഫുട്‌ബോളില്‍ ബ്രസീല്‍ ഉള്‍പ്പെടെയുളള പ്രബലരുടെ ഗ്രൂപ്പില്‍ കളിക്കുന്ന ചൈനീസ് പുരുഷ ടീമിന് സന്നാഹ മല്‍സരത്തില്‍ വിജയം. കരുത്തരായ ഓസ്‌ട്രേലിയയെ ഏക ഗോളിനാണ് ആതിഥേയര്‍ പരാജയപ്പെടുത്തിയത്. കോച്ച് ഡുജോക്കോവിനെ സാന്നിദ്ധ്യമില്ലാതെ കളിച്ച ചൈനക്ക് മുന്നില്‍ തടസ്സമാവാന്‍ ഓസീസ് യുവടീമിന് കഴിഞ്ഞില്ല. ഗ്രൂപ്പ് സിയില്‍ ചൈനക്കൊപ്പം ബ്രസീല്‍, ന്യൂസിലാന്‍ഡ്, ബെല്‍ജിയം എന്നിവരാണ് കളിക്കുന്നത്. ഓസ്‌ട്രേലിയയുടെ ഗ്രൂപ്പില്‍ നിലവിലെ ജേതാക്കളായ അര്‍ജന്റീന, സെര്‍ബിയ, ഐവറി കോസ്‌റ്റ് എന്നിവരാണുളളത്.
ഭാസി മലാപ്പറമ്പിന് സ്വീകരണം
കോഴിക്കോട്: സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രിയയിലുമായി നടന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് മലയാള മനോരമക്കായി റിപ്പോര്‍ട്ട് ചെയ്‌ത് തിരിച്ചെത്തിയ ഭാസി മലാപ്പറമ്പിന് സൗഹൃദ സംഘം സ്വീകരണം നല്‍കി. ലോക കായിക ഭൂപഠത്തില്‍ ഫുട്‌ബോളിന് മാത്രം ലഭിക്കുന്ന വന്‍ വരവേല്‍പ്പിന്റെ പുതിയ കാഴ്‌ച്ചകളാണ് യൂറോയില്‍ കാണാനായതെന്ന് അദ്ദേഹം പറഞ്ഞു. ഒളിംപിക്‌സ്‌് തുടങ്ങിയ വലിയ വേദികളില്‍ പോലും കാണാനാവത്ത സജ്ജീകരണങ്ങളും സഹായങ്ങളുമാണ് മല്‍സരവേദികളില്‍ ലഭിച്ചത്. ബേസല്‍, സൂറിച്ച്, വിയന്ന തുടങ്ങിയ വേദികളില്‍ മല്‍സരങ്ങളാസ്വദിക്കാനെത്തിയ ആരാധകരുടെ നീണ്ട നിരയില്‍ കാല്‍പ്പന്തിനോടുളള സ്‌നേഹമാണ് പ്രകടമായത്. മല്‍സര റിപ്പോര്‍ട്ടിംഗിനായി എല്ലാ സജ്ജീകരണങ്ങളുമുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു. കെ.പി കുഞ്ഞിമുസ്സ അദ്ധ്യക്ഷനായിരുന്നു. മനോരമ റസിഡന്‍ഡ് എഡിറ്റര്‍ കെ. അബൂബക്കര്‍ ഉദ്‌ഘാടനം ചെയ്‌തു. അഡ്വ.രാജന്‍, ഡോ. മൊയ്‌തു, കമാല്‍ വരദൂര്‍, ബാലകൃഷ്‌ണ മാരാര്‍, അമ്പലപ്പളളി മാമുക്കോയ, സി.ജയരാജ്, അഡ്വ.എ ശങ്കരന്‍, നവാസ് പൂന്നൂര്‍, കട്ടയാട്ട് വേണുഗോപാല്‍, വിജയന്‍, ധര്‍മ്മരാജ് കാളൂര്‍, ഇമ്പിച്ചിഹമ്മദ്, എസ്.എം മുഹമ്മദ് കോയ, പി.വി നവീന്ദ്രന്‍, ജമാല്‍ എന്നിവര്‍ സംസാരിച്ചു.
ട്രാന്‍സ്‌ഫര്‍ മാര്‍ക്കറ്റ്
മക്കലേലി പി.എസ്.ജിയില്‍
ലണ്ടന്‍: 2003 മുതല്‍ നാല് വര്‍ഷം ചെല്‍സിയുടെ നീലകുപ്പായത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മിന്നിയ ഫ്രഞ്ച് മധ്യനിരക്കാരന്‍ ക്ലൗഡി മക്കലേലി ഇനി സ്വന്തം നാട്ടിലെ ക്ലബായ പാരീസ് സെന്റ് ജര്‍മനില്‍. 35 കാരനായ മക്കലേലിയെ സ്വന്തം ഇഷ്ടപ്രകാരം ചെല്‍സി വിടുകയായിരുന്നു. സ്വിറ്റ്‌സര്‍ലാന്‍ഡിലും ഓസ്‌ട്രേലിയയിലുമായി നടന്ന യൂറോപ്യന്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഫ്രാന്‍സിനായി കളിച്ച് രാജ്യാന്തര രംഗം വിട്ട മക്കലേലി റയല്‍ മാഡ്രിഡില്‍ നിന്നുമാണ് വന്‍ തുകക്ക് ചെല്‍സിയിലെത്തിയത്. മക്കലേലിയുടെ കുടുംബം പാരിസിലാണ് താമസിക്കുന്നത്. കുടുംബത്തിനൊപ്പം കഴിയാനും ഫുട്‌ബോളില്‍ ശ്രദ്ധിക്കാനും ഇനി കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
ജെറാര്‍ഡിനെ തിരിച്ചയച്ചു
പുതിയ സീസണിന്റെ തുടക്കത്തില്‍ ലിവര്‍പൂളിന് വേണ്ടി കളിക്കാന്‍ നായകന്‍ സ്റ്റീവന്‍ ജെറാര്‍ഡ് ഉണ്ടാവില്ല.സ്വിറ്റ്‌സര്‍ലാന്‍ഡിലെ പരിശീലന ക്യാമ്പില്‍ നിന്നും പരുക്ക് കാരണം ജെറാര്‍ഡിനെ തിരിച്ചയച്ചു. പരുക്ക് ഗുരുതരമല്ലെന്നാണ് കോച്ച് റാഫേല്‍ ബെനിറ്റസ് വ്യക്തമാക്കിയത്. എങ്കിലും 28 കാരനായ നായകന് ഒരു മാസത്തിലധികം വിശ്രമം വേണ്ടി വരുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന സൂചന.
ചെക് 2013 വരെ
ചെല്‍സി ഗോള്‍വലയത്തില്‍ 2013 വരെ മാറ്റമില്ല. ചെക്കുകാരന്‍ പീറ്റര്‍ ചെക്ക് തന്നെയായിരിക്കും ഈ വലയത്തില്‍. അദ്ദേഹവുമായുളള കരാര്‍ ഇന്നലെ ചെല്‍സി പുതുക്കി. 2013 വരെ പീറ്റര്‍ ചെക്ക് ചെല്‍സിയില്‍ തുടരും. 26 കാരനായ ലോകത്തെ ഒന്നാം നമ്പര്‍ ഗോള്‍ക്കീപ്പര്‍ ചെല്‍സി വിടുമെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.
കപില്‍ മാലാഖയല്ല
യുവരാജിന്റെ മാതാവ്
ന്യൂഡല്‍ഹി: കപില്‍ദേവ് മാലാഖ ചമയേണ്ടെന്ന് ഇന്ത്യന്‍ ഏകദിന ടീം വൈസ് ക്യാപ്‌റ്റന്‍ യുവരാജ് സിംഗിന്റെ മാതാവ് ഷബ്‌നം. ഏഷ്യാകപ്പിനിടെ യുവരാജ് രാത്രിയിലെ ബീച്ച് പാര്‍ട്ടിയില്‍ പങ്കെടുത്ത വിഷയത്തില്‍ കപില്‍ നടത്തിയ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്ന ഷബ്‌നം കപിലിനോട് സ്വന്തം ചെയ്‌തികള്‍ മറക്കരുതെന്നും ഓര്‍മ്മിപ്പിച്ചു. യുവരാജ് സ്വന്തം കരുത്ത് മനസ്സിലാക്കി രാത്രിയിലെ പാര്‍ട്ടി സ്‌നേഹം മതിയാക്കി ക്രിക്കറ്റില്‍ താല്‍പ്പര്യമെടുക്കണമെന്ന് കഴിഞ്ഞ ദിവസം കപില്‍ അഭിപ്രായപ്പെട്ടിരുന്നു. യുവിക്കെതിരെ ഇത്രമാത്രം പ്രകോപനപരമായി കപില്‍ സംസാരിച്ചതില്‍ ഒരമ്മയെന്ന നിലയില്‍ അതിയായ വേദനയുണ്ടെന്ന് ഷബ്‌നം പറഞ്ഞു. യുവരാജിനെ ജനിച്ചത് മുതല്‍ കപിലിന് അറിയാം. അങ്ങനെയൊരാള്‍ ഇത്രമാത്രം മോശമായി സംസാരിക്കരുതായിരുന്നു. യുവി രാത്രി പാര്‍ട്ടിയില്‍ സംബന്ധിച്ചിരുന്നില്ല. എന്നിട്ടും കപില്‍ എന്റെ മകനെ വേട്ടയാടി. സ്വന്തം ഭൂതകാലം കപില്‍ മറക്കരുത്. കളിക്കാരനെന്ന നിലയില്‍ കപിലിന്റെ വഴിവിട്ട നീക്കങ്ങള്‍ ക്രിക്കറ്റ് ആരാധകര്‍ക്കറിയാം. ചില്ലുകൊട്ടാരങ്ങളില്‍ ജീവിക്കുന്നവര്‍ മറ്റുളളവര്‍ക്ക് നേരെ കല്ലെറിയരുതെന്ന് മാത്രമാണ് എനിക്ക് പറയാനുളളത്. കപില്‍ സ്വയം മാലാഖ ചമയുന്നതിലും കാര്യമില്ല. പാക്കിസ്‌താനില്‍ ഹനീഫ് മുഹമ്മദിനെ പോലുളള മഹാന്മാരായ ക്രിക്കറ്റര്‍മാര്‍ യുവരാജിനെ വാഴ്‌ത്തുമ്പോള്‍ സ്വന്തം നാട്ടില്‍ ഇത്തരം അധിക്ഷേപങ്ങള്‍ വേദനാജനകമാണെന്നും ഷബ്‌നം പറഞ്ഞു. നാളെയുടെ ഗാരി സോബേഴ്‌സ് എന്നാണ് ഹനീഫ് യുവരാജിനെ വിശേഷിപ്പിച്ചത്.
സാനിയ പിറകോട്ട്
ന്യൂഡല്‍ഹി: ലോക വനിതാ ടെന്നിസ് റാങ്കിംഗില്‍ ഇന്ത്യന്‍ താരം സാനിയ മിര്‍സ പിറകോട്ട്. പുതിയ സിംഗിള്‍സ് റാങ്കിംഗില്‍ സാനിയ 35 ാം സ്ഥാനത്താണ്. വിംബിള്‍ഡണിലും ഈയിടെ നടന്ന വെസ്‌റ്റ് ബാങ്ക് ക്ലാസിക് ടെന്നിസിലും സാനിയ നിരാശപ്പെടുത്തിയിരുന്നു. ഡബിള്‍സിലും സാനിയ പിറകിലാണ്. പുരുഷ ഡബിള്‍സില്‍ മഹേഷ് ഭൂപതിയുടെ റാങ്കിംഗ് 12 ലും ലിയാന്‍ഡര്‍ പെയ്‌സിന്റേത് 15 ലും നില്‍ക്കുന്നു. പുരുഷ സിംഗിള്‍സില്‍ പ്രകാശ് അമൃതരാജ് 221 ലാണ്.
ഒന്നാം ടെസ്റ്റ് നാളെ മെന്‍ഡിസ് ടീമില്‍
കൊളംബോ: സിംഹളീസ് സ്‌പോര്‍ട്‌സ് ക്ലബ് മൈതാനത്ത് നാളെ ഇന്ത്യക്കെതിരെ ആരംംഭിക്കുന്ന ഒന്നാം ടെസ്‌റ്റിനുളള ശ്രീലങ്കന്‍ ടീമില്‍ പുതിയ സ്‌പിന്‍ മജീഷ്യന്‍ അജാന്ത മെന്‍ഡീസിന് സ്ഥാനം നല്‍കിയപ്പോള്‍ ത്രിദിന മല്‍സരത്തിനിടെ പരുക്കേറ്റ സീമര്‍ ദില്‍ഹാര ഫെര്‍ണാണ്ടോ പുറത്തായി. പാക്കിസ്‌താനിലെ കറാച്ചിയില്‍ നടന്ന ഏഷ്യാ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ബാറ്റ്‌സ്‌മാന്മാരെ വെളളം കുടിപ്പിച്ച അജാന്ത മെന്‍ഡീസിന് ലങ്കന്‍ ടീമില്‍ സ്ഥാനം ഉറപ്പായിരുന്നു. സ്‌പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളിധരനൊപ്പം അജാന്ത ആദ്യ ഇലവനില്‍ വരുമെന്നുറപ്പാണ്. പതിനാലംഗ സംഘത്തില്‍ ബാറ്റ്‌സ്‌മാന്മാരായ മൈക്കല്‍ വാന്‍ഡോര്‍ട്ട്, മാലിങ്ക വര്‍ണ്ണപുര, തിലാന്‍ സമരവീര, വിക്കറ്റ് കീപ്പര്‍ പ്രസന്ന ജയവര്‍ദ്ധനെ എന്നിവരെല്ലാമുണ്ട്. മധ്യനിരയിലെ ബാറ്റിംഗ് സ്ഥാനത്തിനായി ചമര സില്‍വയും തിലകരത്‌നെ ദില്‍ഷാനും തമ്മിലാണ് മല്‍സരം.
ആറ് ബാറ്റ്‌സ്‌മാന്മാര്‍, നാല് ബൗളര്‍മാര്‍ എന്ന കോമ്പിനേഷനെയായിരിക്കും ലങ്ക പരീക്ഷിക്കുക. മൈക്കല്‍ വാന്‍ഡോര്‍ട്ടും മാലിങ്ക വര്‍ണ്ണപുരയും ഇന്നിംഗ്‌സിന് തുടക്കമിടും. കുമാര്‍ സങ്കക്കാര, മഹേല ജയവര്‍ദ്ധനെ, തിലാന്‍ സമരവീര, ചമര സില്‍വ തുടങ്ങിയവര്‍ അടുത്ത സ്ഥാനങ്ങളില്‍ വരും. പേസ് ബൗളിംഗില്‍ ദില്‍ഹാരയുടെ പരുക്ക് ആതിഥേയര്‍ക്ക് ക്ഷീണമാണ്. അനുഭവസമ്പന്നനായ ചാമിന്ദവാസിനൊപ്പം പുതിയ പന്ത് പങ്കിടാന്‍ തിലാന്‍ തുഷാര, നുവാന്‍ കുലശേഖര എന്നിവരില്‍ ഒരാള്‍ക്കായിരിക്കും അവസരം. പരുക്ക് കാരണം ലാസിത് മാലിങ്ക, പര്‍വേസ് മഹറൂഫ് എന്നിവര്‍ പുറത്താണ്.
Subscribe to:
Post Comments (Atom)
No comments:
Post a Comment