Wednesday, July 16, 2008

ITALIAN RO



റൊ മിലാനില്‍
റോം: അഭ്യൂഹങ്ങള്‍ക്ക്‌്‌ വിരാമം.... റൊണാള്‍ഡിഞ്ഞോയെ ഇനി ഇറ്റാലിയന്‍ ക്ലബായ ഏ.സി മിലാന്റെ കുപ്പായത്തില്‍ കാണാം. ബ്രസീല്‍ താരത്തെ ഇറ്റാലിയന്‍ ക്ലബിന്‌ നല്‍കാന്‍ ബാഴ്‌സിലോണ ഇന്നലെ സമ്മതിച്ചു. ഉടന്‍ തന്നെ റൊണാള്‍ഡോ മിലാനിലെത്തി മെഡിക്കല്‍ ടെസ്‌റ്റിന്‌ വിധേയനാവും. കരാര്‍ തുക എത്രയാണെന്നോ, മിലാന്‍-ബാര്‍സ ധാരണ എന്താണെന്നോ പരസ്യമായി വ്യക്തമാക്കപ്പെട്ടിട്ടില്ല. ഉടന്‍ തന്നെ മിലാനിലെത്തി റൊണാള്‍ഡോ മെഡിക്കല്‍ ടെസ്‌റ്റുകള്‍ക്ക്‌ വിധേയാവുമെന്നും 2011 വരെ അദ്ദേഹം ഇവിടെയുണ്ടാവുെമന്നുമാണ്‌ മിലാന്‍ സ്വന്തം വെബ്‌സൈറ്റിലൂടെ വ്യക്തമാക്കിയിരിക്കുന്നത്‌.
റൊണാള്‍ഡിഞ്ഞോക്കായി മിലാനൊപ്പം ഇംഗ്ലീഷ്‌ പ്രീമിയര്‍ലീഗ്‌ ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ മിലാന്‍ നല്‍കിയ സാമ്പത്തിക വാഗ്‌ദാനമാണ്‌ ബാര്‍സ അംഗീകരിച്ചത്‌.

ക്രിക്കറ്റ്‌ എന്നാല്‍ ടെസ്‌റ്റ്‌
കൊളംബോ: ക്രിക്കറ്റ്‌ എന്നാല്‍ അത്‌ ടെസ്‌റ്റ്‌ മല്‍സരങ്ങളാണെന്ന്‌ ഇന്ത്യന്‍ ടെസ്‌റ്റ്‌ ടീം ക്യാപ്‌റ്റന്‍ അനില്‍ കുംബ്ലെ. ക്രിക്കറ്റിന്റെ അടിസ്ഥാനം ടെസ്റ്റ്‌ മല്‍സരങ്ങളാണ്‌. താരങ്ങളെയും കളിയെയും അളക്കാനുളള മാനദണ്‌ഠവും ടെസ്‌റ്റ്‌ മല്‍സരങ്ങളാണ്‌. 20-20 ക്രിക്കറ്റിന്റെ അതിപ്രസരം ടെസ്‌റ്റ്‌ ക്രിക്കറ്റിനെ ബാധിച്ചുവെന്ന്‌ സമ്മതിക്കുമ്പോള്‍ തന്നെ ഒരു ക്രിക്കറ്റര്‍ സമ്പൂര്‍ണ്ണനാവുന്നത്‌ ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ കളിക്കുമ്പോള്‍ മാത്രമാണെന്ന്‌ വെറ്റന്‍ ലെഗ്‌ സ്‌പിന്നര്‍ പറഞ്ഞു. ശ്രീലങ്കക്കെതിരായ മൂന്ന്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരക്കായി ഇവിടെയെത്തിയ കുംബ്ലെ മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കവെ 20-0 ക്രിക്കറ്റിന്‌ പത്രങ്ങളും ചാനലുകളും നല്‍കുന്ന ഉന്നത പരിഗണനയില്‍ പരിഭവപ്പെടാനും മറന്നില്ല. 20-20 ക്രിക്കറ്റിന്‌ ഇത്രയും പബ്ലിസിറ്റി നല്‍കിയത്‌ മാധ്യമങ്ങളാണ്‌. മല്‍സരങ്ങളുടെ ആവേശം പകര്‍ത്തുന്നതിനും അത്‌ വായനക്കാര്‍ക്ക്‌ വിരുന്നായി നല്‍കുന്നതിനും മാധ്യമങ്ങള്‍ക്ക്‌ കഴിഞ്ഞു. ഇതേ പ്രാധാന്യം ടെസ്‌റ്റ്‌ ക്രിക്കറ്റിനും നല്‍കമെന്നാണ്‌ ക്യാപ്‌റ്റന്റെ ആവശ്യം. മൂന്ന്‌ മല്‍സര ടെസ്‌റ്റ്‌ പരമ്പരക്കായാണ്‌ ഞങ്ങള്‍ ഇവിടെയെത്തിയിരിക്കുന്നത്‌. മല്‍സരങ്ങളെ ജനങ്ങളിലെത്തിക്കാന്‍ മാധ്യമങ്ങള്‍ മുന്‍പന്തിയിലുണ്ടാവണം. ക്രിക്കറ്റിന്റെ ആധികാരികത പരിശോധിച്ചാല്‍ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ ഔന്നത്യം മനസ്സിലാക്കാം. ക്രിക്കറ്റില്‍ താന്‍ നേടിയതെല്ലാം ടെസ്‌റ്റിലൂടെ മാത്രമാണ്‌. എന്നെ ഞാനാക്കിയതും ടെസ്‌റ്റ്‌ മല്‍സരങ്ങളാണ്‌. ടെസ്‌റ്റ്‌ മല്‍സരങ്ങള്‍ വിരസസമനിലയില്‍ അവസാനിക്കുന്നതാണ്‌ പ്രശ്‌നമെന്ന വിലയിരുത്തല്‍ തെറ്റാണെന്നാണ്‌ കുംബ്ലെ പറയുന്നത്‌. 90 ശതമാനം ടെസ്റ്റ്‌ മല്‍സരങ്ങളിലും ഫലമുണ്ടാവാറുണ്ട്‌. 20-20 ക്രിക്കറ്റ്‌ പ്രചുര പ്രചാരം നേടുന്നത്‌ അതിന്റെ വേഗത കൊണ്ടാണെങ്കില്‍ ടെസ്‌റ്റിന്‌ ആധികാരികത ലഭിക്കുന്നത്‌ അതിന്റെ ശൈലി കൊണ്ടാണെന്നും കുംബ്ലെ പറഞ്ഞു.
ഇന്ത്യ-ലങ്ക ടെസ്റ്റ്‌ പരമ്പര ഈ മാസം 23 നാണ്‌ ആരംഭിക്കുന്നത്‌.

ക്ലോസ്‌ ഫൈറ്റ്‌
കൊളംബോ: 20-20 ക്രിക്കറ്റിന്റെയും ഏകദിന ക്രിക്കറ്റിന്റെ അതിപ്രസരത്തിന്‌ ശേഷം ഇനി ടെസ്റ്റ്‌ ക്രിക്കറ്റിന്റെ ആധികാരികത. ഏഷ്യന്‍ ടെസ്റ്റ്‌ ക്രിക്കറ്റിലെ രണ്ട്‌ കരുത്തര്‍ മുഖാമുഖം വരുന്ന ടെസ്റ്റ്‌ പരമ്പരക്ക്‌ തുടക്കമാവുന്നു. ഇന്ത്യ-ശ്രീലങ്ക ആദ്യ ടെസ്റ്റ്‌ 23 നാണ്‌ ആരംഭിക്കുന്നത്‌. കഴിഞ്ഞ ദിവസം ലങ്കയിലെത്തിയ ഇന്ത്യന്‍ ടീം നാളെ മുതല്‍ മൂന്ന്‌ ദിവസം ഇവിടെ ശ്രീലങ്ക ബോര്‍ഡ്‌ ഇലവനുമായി ത്രിദിന മല്‍സരം കളിക്കുന്നു. ഈ മല്‍സരത്തിന്‌ ശേഷമായിരിക്കും ടെസ്‌റ്റിനായി ഇന്ത്യ ഇറങ്ങുക.
പരമ്പരക്ക്‌ മുന്നോടിയായി ഇന്നലെ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിച്ച ക്യാപ്‌റ്റന്മാരായ മഹേല ജയവര്‍ദ്ധനയും അനില്‍ കുംബ്ലെയും ഉറപ്പ്‌ നല്‍കുന്നത്‌ തകര്‍പ്പന്‍ പോരാട്ടമാണ്‌. രണ്ട്‌ ടീമുകളും തുല്യ ശക്തരാണ്‌. അനുഭവസമ്പന്നരായ താരങ്ങള്‍ക്കൊപ്പം ലോകത്തെ ഏറ്റവും മികച്ച സ്‌പിന്‍ അറ്റാക്കുമാവുമ്പോള്‍ മല്‍സരങ്ങള്‍ ആവേശകരമാവുമെന്ന കാര്യത്തില്‍ സംശയമില്ല.
മഹേല ജയവര്‍ദ്ധനെ: തുല്യ ശക്തികളുടെ കരുത്തുറ്റ പരമ്പരയായിരിക്കുമിത്‌. ഇന്ത്യയും ശ്രീലങ്കയും എപ്പോഴെല്ലാം കളിക്കുന്നുവോ അപ്പോഴെല്ലാം തകര്‍പ്പന്‍ പ്രകടനം കാണാന്‍ ക്രിക്കറ്റ്‌്‌ ആരാധകര്‍ക്ക്‌ അവസരം ലഭിച്ചിട്ടുണ്ട്‌. മല്‍സരങ്ങള്‍ ഇന്ത്യയിലാണെങ്കിലും ഇവിടെയാണെങ്കിലും ആവേശത്തിന്‌ കുറവുണ്ടാവാറില്ല. ആ ആവേശം ഇത്തവണയും ഉറപ്പാണ്‌. രണ്ട്‌ ടീമുകളിലും മികച്ച താരങ്ങളുണ്ട്‌. ഈ താരങ്ങളുടെ മികവില്‍ ക്രിക്കറ്റ്‌ ആരാധകര്‍ക്ക്‌ ഏറ്റവും മികച്ച ക്രിക്കറ്റ്‌ കാണാനാവും. ക്രിക്കറ്റ്‌ ലോകത്തെ അജയ്യരാണ്‌ എന്നും ഇന്ത്യ. അവരെ തോല്‍പ്പിക്കുക എളുപ്പമല്ല. പരമ്പര സ്വന്തമാക്കുകയാണ്‌ ലങ്കന്‍ ടീമിന്റെ പ്രധാന നോട്ടം. അല്ലാതെ സച്ചിന്‍ ടെണ്ടുല്‍ക്കറെ ലോക റെക്കോര്‍ഡില്‍ നിന്ന്‌ അകറ്റുകയല്ല. സച്ചിന്‍ മഹാനായ താരമാണ്‌. അദ്ദേഹത്തോളം ലോക ക്രിക്കറ്റില്‍ ഉയരത്തിലുളളവര്‍ കുറവാണ്‌. ഈ പരമ്പരയില്‍ 172 റണ്‍സ്‌ നേടിയാല്‍ ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ബ്രയന്‍ ലാറയുടെ പേരിലുളള റണ്‍സ്‌ റെക്കോര്‍ഡ്‌ സച്ചിന്‌ സ്വന്തമാക്കാം. സച്ചിനെ റെക്കോര്‍ഡില്‍ നിന്ന്‌ അകറ്റുക എന്നത്‌ ലങ്കന്‍ പ്ലാനല്ല. ഇന്ത്യന്‍ ക്യാമ്പിലെ താരങ്ങള്‍ ബഹുമാനിക്കുന്നത്‌ പോലെ സച്ചിന്‌ അദ്ദേഹം അര്‍ഹിക്കുന്ന ബഹുമാനം ഞങ്ങള്‍ നല്‍കും. സച്ചിന്‍ റെക്കോര്‍ഡ്‌ സ്വന്തമാക്കിയാല്‍ അത്‌ വലിയ നേട്ടമാവും. വ്യക്തിപരമായി ഇന്ത്യക്കെതിരായ പരമ്പര എനിക്കും നേട്ടമാണ്‌. എന്റെ അരങ്ങേറ്റം ഇന്ത്യക്കെതിരെയായിരുന്നു. ടെസ്റ്റ്‌ ക്രിക്കറ്റില്‍ ഞാന്‍ ആദ്യമായി ഡബിള്‍ സെഞ്ച്വറി സ്വന്തമാക്കിയതും ഇന്ത്യക്കെതിരെയാണ്‌. ഇന്ത്യക്കെതിരെ കളിക്കുന്നത്‌ എല്ലായ്‌പ്പോഴും ആസ്വദിക്കാന്‍ എനിക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.
അനില്‍ കുംബ്ലെ: മികച്ച താരങ്ങളുടെ സംഘമാണ്‌ ഇന്ത്യ. സമീപകാലത്തായി ഫോം തെളിയിച്ചവരാണ്‌ എല്ലാവരും. ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യ പ്രകടിപ്പിക്കുന്ന ഫോം ആവര്‍ത്തിക്കാനായാല്‍ ലങ്കക്കെതിരെ പരമ്പര സ്വന്തമാക്കാനാവും. അവസാനമായി ലങ്ക ഇന്ത്യയിലെത്തിയപ്പോള്‍ ഞങ്ങള്‍ക്ക്‌ പരമ്പര സ്വന്തമാക്കാന്‍ കഴിഞ്ഞിരുന്നു. ആ ആത്മവിശ്വാസം ഞങ്ങള്‍ക്കുണ്ട്‌. പരുക്കില്‍ നിന്നും മുക്തനായി സഹീര്‍ഖാന്‍ തിരിച്ചെത്തിയിട്ടുണ്ട്‌. അനുഭവസമ്പന്നനായ ബൗളറാണ്‌ അദ്ദേഹം. ഇന്ത്യന്‍ ഉപഭൂഖണ്‌ഠത്തില്‍ നന്നായി ബൗള്‍ ചെയ്‌തുളള സഹീറിന്റെ കരുത്തിനൊപ്പം ഇശാന്ത്‌ ശര്‍മ്മയുടെ അതിവേഗതയുമാവുമ്പോള്‍ പേസ്‌ ഡിപ്പാര്‍ട്ട്‌മെന്റില്‍ ഭയപ്പെടാനില്ല. ഹര്‍ഭജന്‍സിംഗും ടീമില്‍ തിരിച്ചെത്തിയിരിക്കുന്നു. ബാറ്റിംഗില്‍ എല്ലാവരും അനുഭവസമ്പന്നരാണ്‌. വീരേന്ദര്‍ സേവാഗും ഗൗതം ഗാംഭീറും നല്ല ഓപ്പണിംഗ്‌ പങ്കാളികളാണ്‌. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ്‌ ഗാംഗുലി, രാഹുല്‍ ദ്രാവിഡ്‌ എന്നിവരോളം അനുഭവസമ്പത്തുളള ബാറ്റ്‌സ്‌മാന്മാര്‍ ലോക ക്രിക്കറ്റില്‍ കുറവാണ്‌. കഴിഞ്ഞ ഒന്ന്‌ രണ്ട്‌ വര്‍ഷമായി ടെസ്‌റ്റ്‌ ക്രിക്കറ്റില്‍ ഇന്ത്യ സ്ഥിരത പാലിക്കുന്നുണ്ട്‌. ലങ്കയില്‍ കളിച്ചുള്ള അനുഭവസമ്പത്തും പ്രധാനമാണ്‌. ഇന്ത്യന്‍ ടീമിലെ പലരും ഇവിടെ കളിച്ച്‌ പരിചയമുളളവരാണ്‌. അതിനാല്‍ കാലാവസ്ഥയും സാഹചര്യങ്ങളും പ്രശ്‌നമാവില്ല. അജാന്ത മെന്‍ഡീസ്‌ എന്ന സ്‌പിന്നറെ ഭയപ്പെടുന്നില്ല. ഏഷ്യാകപ്പ്‌ ഫൈനലില്‍ അജാന്ത ഇന്ത്യന്‍ ബാറ്റിംഗിനെ തകര്‍ത്തു എന്നത്‌ സത്യമാണ്‌. എങ്കിലും ഇന്ത്യന്‍ മധ്യനിരയില്‍ കളിക്കുന്നവര്‍ അനുഭവസമ്പത്തിന്റെ അമരത്താണ്‌.

ടെസ്റ്റ്‌ തന്നെ ക്രിക്കറ്റ്‌
കൊളംബോ: 20-20 ക്രിക്കറ്റിന്റെ അതിപ്രസരത്തില്‍ ടെസ്റ്റ്‌ ക്രിക്കറ്റിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടുന്നു എന്ന സത്യം അംഗീകരിക്കുമ്പോള്‍ തന്നെ ടെസ്‌റ്റ്‌ ക്രിക്കറ്റിന്റെ ആധികാരികതയാണ്‌ എല്ലാവരും ഉയര്‍ത്തി കാണിക്കുന്നത്‌. ടെസ്‌റ്റ്‌ ക്രിക്കറ്റാണ്‌ ഒരു ക്രിക്കറ്ററുടെ കരുത്തിനുളള തെളിവെന്ന്‌ മഹേല ജയവര്‍ദ്ധനെ പറയുമ്പോള്‍ ടെസ്‌റ്റ്‌ മല്‍സരങ്ങളില്‍ പങ്കെടുത്ത്‌ കരുത്ത്‌ തെളിയിക്കാനാവുമ്പോള്‍ മാത്രമാണ്‌ ഒരു ക്രിക്കറ്റര്‍ പൂര്‍ണ്ണനാവുന്നതെന്ന്‌ അനില്‍ കുംബ്ലെ വിശദീകരിക്കുന്നു. 20-20 ക്രിക്കറ്റ്‌ കച്ചവട ക്രിക്കറ്റാണെന്നാണ്‌ ശ്രീലങ്കന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ തലവന്‍ അര്‍ജുന രണതുംഗെ പറയുന്നത്‌.
എന്താണ്‌ വായനക്കാരുടെ അഭിപ്രായം..? നിങ്ങള്‍ക്ക്‌ പ്രതികരിക്കാം. അഭിപ്രായങ്ങള്‍ താഴെ പറയുന്ന ഇ മെയില്‍ വിലാസത്തില്‍ അയക്കുക.

പ്രതിക്കൂട്ടില്‍ പി.സി.ബി
ലാഹോര്‍: ഉത്തേജക വിവാദത്തില്‍ പ്രതിയായി മുഹമ്മദ്‌ ആസിഫ്‌ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന്‌ സസ്‌പെന്‍ഡ്‌ ചെയ്യപ്പെട്ടപ്പോള്‍ പാക്കിസ്‌താന്‍ ക്രിക്കറ്റ ബോര്‍ഡിന്റെര ആലസ്യത്തിനെതിരെ വിരലുകളുയരുന്നു. പലവട്ടം ആരോപണ വിധേയരായിട്ടും ആസിഫിനെയും ഷുഹൈബ്‌ അക്തറിനെയും പോലുളളവരെ സംരക്ഷിച്ച പി.സി.ബി നിലപാടാണ്‌ പ്രശ്‌നം വഷളാക്കിയതെന്ന്‌ ക്രിക്കറ്റ്‌ വിദഗ്‌ദ്ധരും പാക്‌ മാധ്യമങ്ങളും കുറ്റപ്പെടുത്തുന്നു. ആസിഫ്‌ പാക്കിസ്‌താന്‍ ദേശീയ ടീമിലെത്തിയിട്ട്‌ അധികമായിട്ടില്ല. പക്ഷേ ചെറിയ കാലയളവില്‍ അദ്ദേഹം പലവട്ടം പിടിക്കപ്പെട്ടു. പക്ഷേ പി.സി.ബി ഒരു നടപടിയും സ്വീകരിച്ചില്ലെന്ന്‌ മാത്രമല്ല സ്വന്തം താരത്തെ സംരക്ഷിക്കാന്‍ അനാവശ്യ തിടുക്കവും കാട്ടി. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ മല്‍സരങ്ങളില്‍ പങ്കെടുത്ത്‌ മുംബൈയില്‍ നിന്ന്‌ നാട്ടിലേക്ക്‌ മടങ്ങവെ ദുബായ്‌ വിമാനത്താവളത്തില്‍ ലഹരി മരുന്നുമായി ആസിഫ്‌ പിടിക്കപ്പെട്ടപ്പോള്‍ പ്രശ്‌നം ഒത്തുതീര്‍ക്കാനാണ്‌ പി.സി.ബി ശ്രമിച്ചത്‌. പത്തൊമ്പത്‌ ദിവസത്തോളം ദുബായില്‍ കരുതല്‍ തടങ്കലിലായിരുന്നു ആസിഫ്‌. അവസാനം പി.സി.ബി സമ്മര്‍ദ്ദത്തിലും രാഷ്ട്രീയ ഇടപെടലിലും കേസ്‌ ഒന്നുമില്ലാതെ ആസിഫ്‌ നാട്ടിലെത്തി. അതിന്‌ പിറകെയാണ്‌ ഐ.പി.എല്‍ മല്‍സരങ്ങള്‍ക്കിടെ നടത്തിയ ഡോപ്പിംഗ്‌ ടെസ്റ്റില്‍ ആസിഫ്‌ പിടിക്കപ്പെട്ടത്‌. മാറിയ സാഹചര്യത്തില്‍ ആസിഫിനെ സംരക്ഷിക്കാന്‍ രംഗത്ത്‌ വരില്ലെന്ന്‌ പി.സി.ബി വ്യക്തമാക്കിയിട്ടുണ്ട്‌.
പക്ഷേ പ്രശ്‌നം ഇത്‌്‌്‌ വരെയെത്തിച്ചത്‌ പി.സി.ബി യല്ലാതെ മറ്റാരുമല്ലെന്ന്‌ മുന്‍ ക്യാപ്‌റ്റന്‍ ആമിര്‍ സുഹൈല്‍ കുറ്റപ്പെടുത്തുന്നു. ഉത്തേജക വിഷയത്തില്‍ ഇത്‌ വരെ പാക്കിസ്‌താന്‍ ക്രിക്കറ്റ്‌ ബോര്‍ഡ്‌ എന്ത്‌ നടപടികളാണ്‌ എടുത്തത്‌-അതാണ്‌ എന്റെ ചോദ്യം-ആമിര്‍ രോഷാകുലനാവുന്നു. 2006 ല്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ കഴിച്ച കുറ്റത്തിന്‌ ആസിഫും അക്തറും പിടിക്കപ്പെട്ടപ്പോള്‍ അവര്‍ക്കെതിരെ എന്ത്‌ നടപടിയാണ്‌ പി.സി.ബി സ്വീകരിച്ചത്‌..? പാക്കിസ്‌താന്‍ ആഭ്യന്തര ക്രിക്കറ്റില്‍ എന്ത്‌ കൊണ്ട്‌ ഡോപ്പിംഗ്‌ നടത്തുന്നില്ല...? , ഇത്‌ വരെ മൗനത്തിന്റെ ഉത്തരത്തില്‍ താരങ്ങളെ സംരക്ഷിച്ച ബോര്‍ഡിന്‌ പുതിയ വിവാദത്തില്‍ നിന്ന്‌ രക്ഷപ്പെടാനാവില്ലെന്നും ആമിര്‍ പറയുന്നു.
ഇതേ അഭിപ്രായമാണ്‌ ഇമ്രാന്‍ഖാനും ഉയര്‍ത്തുന്നത്‌. ക്രിക്കറ്റ്‌്‌ സംഹിതക്ക്‌ നിരക്കാത്ത കാര്യങ്ങള്‍ നടക്കുമ്പോള്‍ അതിനെതിരെ ശക്തമായി പ്രതികരിക്കാന്‍ പാക്കിസ്‌താന്‍ ക്രിക്കറ്റിനെ ഭരിക്കുന്നവര്‍ക്ക്‌ കഴിഞ്ഞിട്ടില്ലെന്ന്‌്‌ ഇമ്രാന്‍ കുറ്റപ്പെടുത്തി.
ആസിഫിനെ സംരക്ഷിക്കാന്‍ ഇനി രംഗത്തുണ്ടാവില്ലെന്ന്‌ പി.സി.ബി ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയ സാഹചര്യത്തില്‍ മുഖം രക്ഷിക്കാന്‍ ആസിഫിന്‌ മറ്റ്‌ മാര്‍ഗ്ഗങ്ങളില്ല. താല്‍കാലികമായാണ്‌ ഇപ്പോള്‍ സസ്‌പെന്‍ഡ്‌ ചെയ്‌തിരിക്കുന്നത്‌. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ്‌ ഡ്രഗ്‌സ്‌ ട്രിബ്യൂണല്‍ തീരുമാനമെടുക്കുന്നത്‌ വരെയാണ്‌ സസ്‌പെന്‍ഷന്‍. ഐ.പി.എല്‍ തീരുമാനത്തിന്‌ ശേഷം തുടര്‍നടപടികള്‍ പാക്കിസ്‌താന്‍ സ്വീകരിക്കും.
ഇന്ത്യയില്‍ നടന്ന മല്‍സരങ്ങള്‍ക്കിടെയാണ്‌ ആാസിഫ്‌ പിടിക്കപ്പെട്ടത്‌ എന്നതിനാല്‍ ആദ്യ തീരുമാനം ഇന്ത്യയില്‍ നിന്നുണ്ടാവണം. ഈ തീരുമാനത്തെ പാക്കിസ്‌താന്‍ അംഗീകരിക്കും.
അതിനിടെ താന്‍ നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിച്ചു എന്ന കണ്ടെത്തലില്‍ ആസിഫ്‌ അല്‍ഭുതം പ്രകടിപ്പിച്ചു. നിരോധിക്കപ്പെട്ട മരുന്നുകള്‍ ഉപയോഗിച്ചിട്ടില്ല എന്ന്‌ ആവര്‍ത്തിച്ച ആസിഫ്‌ യൂറിന്‍ ബി സാമ്പിള്‍ പരിശോധനാ ഫലത്തിനായി കാത്തിരിക്കയാണെന്നും വ്യക്തമാക്കി.







ആകര്‍ഷണം ഫുട്‌ബോള്‍
ബെയ്‌ജിംഗ്‌: നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ഒളിംപിക്‌ ഫുട്‌ബോള്‍ ഫൈനല്‍ നടക്കുന്നു. സ്വര്‍ണ്ണത്തിനായി അങ്കം വെട്ടുന്നത്‌ ലാറ്റിനമേരിക്കക്കാരായ അയല്‍ക്കാര്‍- അര്‍ജന്റീനയും പരാഗ്വേയും. ഫൈനല്‍ മല്‍സരത്തിന്റെ ആവേശം നുകരാന്‍ പക്ഷേ സ്‌റ്റേഡിയത്തില്‍ ആരുമില്ല. ആകെ ആയിരത്തോളം പേരാണ്‌ സോക്കറിലെ രാജകുമാരന്മാരായ അര്‍ജന്റീനക്കാരുടെ ഫൈനല്‍ മല്‍സരം കാണാനെത്തിയത്‌. അന്നത്തെ അര്‍ജന്റീനിയന്‍ സംഘത്തില്‍ ഗബ്രിയേല്‍ ഹൈന്‍സ്‌, ജാവിയര്‍ മസ്‌ക്കരാനോ, കാര്‍ലോസ്‌ ടെവസ്‌ തുടങ്ങിയ പ്രമുഖരെല്ലാമുണ്ടായിരുന്നു. ഏതന്‍സിലെ പ്രാദേശിക സമയം രാവിലെ പത്ത്‌ മണിക്കായിരുന്നു ഫുട്‌ബോള്‍ ഫൈനല്‍നടന്നത്‌. അത്‌ കൊണ്ടാണ്‌ ആളുകള്‍ കുറഞ്ഞതും. എന്നാല്‍ ബെയ്‌ജിംഗില്‍ ഫുട്‌ബോളിനാണ്‌ മുന്‍ഗണന. മല്‍സരങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതില്‍ സംഘാടകര്‍ ജാഗ്രത പുലര്‍ത്തിയിരിക്കുന്നു. ബ്രസീല്‍ സംഘത്തില്‍ റൊണാള്‍ഡിഞ്ഞോയും റോബിഞ്ഞോയും അര്‍ജന്റീനിയന്‍ സംഘത്തില്‍ ലണല്‍ മെസ്സിയുമെല്ലാം കളിച്ചാല്‍ ഫുട്‌ബോള്‍ മൈതാനങ്ങളില്‍ ആവേശം നിറയുമെന്ന കാര്യത്തില്‍ സംശയമില്ല.
ഒളിംപിക്‌സിലെ പ്രധാന ആകര്‍ഷണം എന്നും അത്‌ലറ്റിക്‌സാണ്‌. ട്രാക്കിലെ വിസ്‌മയങ്ങളാണ്‌ ഒളിംപിക്‌സിന്റെ മുഖം. ഇത്തവണ പക്ഷേ ബ്രസീലും അര്‍ജന്റീയനുമെല്ലാം ഫുട്‌ബോള്‍ സ്വര്‍ണ്ണത്തിന്‌ വില കല്‍പ്പിക്കാന്‍ തീരുമാനിച്ചതോടെ ആകര്‍ഷണം സോക്കര്‍ മൈതാനത്തേക്ക്‌ മാറും. നിയമപ്രകാരം ഒളിംപിക്‌സ്‌ ഫുട്‌ബോള്‍ സംഘത്തില്‍ അണ്ടര്‍ 23 താരങ്ങള്‍ക്കാണ്‌ കളിക്കാനാവുക. ഓരോ ടീമിലും 23 വയസ്സിന്‌ മുകളിലുളളവര്‍ മൂന്ന്‌ പേര്‍ മാത്രമേ പാടുള്ളു. ഈ ആനുകൂല്യത്തിലാണ്‌ ബ്രസീല്‍ റൊണാള്‍ഡിഞ്ഞോ, റോബിഞ്ഞോ തുടങ്ങിയവരെ കളത്തിലിറക്കുന്നത്‌.

No comments: