Friday, August 1, 2008

INDRODUCE HAMURABI CODE


1928 ല്‍ ഡച്ച്‌ നഗരമായ ആംസ്‌റ്റര്‍ഡാമില്‍ നടന്ന ഒളിംപിക്‌സ്‌ മുതല്‍ ഇന്ത്യന്‍ ഹോക്കിയുടെ നാമം ലോക വേദികളില്‍ ഉയര്‍ന്നുകേള്‍ക്കുന്നു. ഇത്തവണ ഇതാദ്യമായി ഒളിംപിക്‌സ്‌ ഹോക്കിയില്‍ ഇന്ത്യയില്ല. യോഗ്യതാ മല്‍സരങ്ങളില്‍ കടമ്പ കടക്കാന്‍ ടീമിനായില്ല. ഹോക്കി ടീമില്ലെങ്കിലും നമ്മുടെ നാല്‌ ഹോക്കി പരിശീലകര്‍ ബെയ്‌ജിംഗിലേക്ക്‌ പോവുന്നുണ്ട്‌-ആധുനിക ഹോക്കി പഠിക്കാന്‍. ഇന്ത്യ ലോകത്തെ പഠിപ്പിച്ച ഹോക്കിയെ പഠിക്കാന്‍ ഇപ്പോള്‍ ഇന്ത്യ ഇറങ്ങേണ്ട ഗതികേട്‌-ഇത്തരം ഒരു നാണക്കേട്‌ ഒരു രാജ്യത്തിനുമുണ്ടാവില്ല, ഉണ്ടാവാതിരിക്കട്ടെ.....
കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ സുരേഷ്‌ കല്‍മാഡിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഹോക്കി ഭരണത്തിനായുളള അഡ്‌ഹോക്ക്‌ കമ്മിറ്റി രണ്ട്‌ സുപ്രധാന തീരുമാനങ്ങളാണ്‌ എടുത്തത്‌. ഒന്ന്‌ ഇന്ത്യന്‍ ഹോക്കി അഡ്‌ഹോക്ക്‌ സെലക്ഷന്‍ കമ്മിറ്റിയുടെ തലവനായി അജിത്‌ പാല്‍സിംഗിനെ നിയമിച്ചു. രണ്ട്‌ ബെയ്‌ജിംഗിലേക്ക്‌ ഏ.കെ ബന്‍സാല്‍, എം.കെ കൗശിക്‌, ഹരീന്ദര്‍സിംഗ്‌,ഏ.ബി സുബിയ എന്നീ നാല്‌ പഴയ താരങ്ങളെ നീരീക്ഷകരായി അയക്കാനും തീരുമാനിച്ചു. കല്‍മാഡിയാണ്‌ യോഗ തീരുമാനങ്ങള്‍ പരസ്യമാക്കിയത്‌. ഹോക്കി എന്ന ഗെയിമിന്റെ ജന്മദേശക്കാര്‍ സ്വന്തം ദേശീയ ഗെയിമിനെ എതിരാളികള്‍ക്ക്‌ ബലി നല്‍കി ഇപ്പോള്‍ എതിരാളികളില്‍ നിന്നും കളി പഠിക്കേണ്ട അവസ്ഥയില്‍ ഇല്ലാതാവുമ്പോള്‍ മനസ്സ്‌ വേദനിക്കാത്ത ഹോക്കി പ്രിയരുണ്ടാവില്ല.
ധ്യാന്‍ചന്ദ്‌ എന്ന നാമം ലോക ഹോക്കിയുടെ മന്ത്രമായ ഒരു കാലമുണ്ടായിരുന്നു. ഇന്ത്യയെന്നാല്‍ ധ്യാന്‍ ചന്ദും ധ്യാന്‍ചന്ദ്‌ എന്നാല്‍ ഇന്ത്യയും. 28 ലെ ഒളിംപിക്‌സില്‍ ജയ്‌പാല്‍സിംഗിന്റെ കീഴില്‍ ഇന്ത്യന്‍ ഹോക്കി ടീം കളിക്കുമ്പോള്‍ യൂറോപ്പിന്‌ അന്ന്‌ അപരിചിത ഗെയിമായിരുന്നു അത്‌. ഏഷ്യയില്‍ നിന്ന്‌ അല്‍പ്പം രാജ്യങ്ങള്‍ മാത്രമാണ്‌ ഹോക്കി കളിക്കാനുണ്ടായിരുന്നത്‌. വലിയ എതിര്‍പ്പില്ലാതെയാണ്‌ ഇന്ത്യ സ്വര്‍ണ്ണം നേടിയത്‌. തുടര്‍ന്ന്‌ നടന്ന അഞ്ച്‌ ഒളിംപിക്‌സുകളിലും ഇന്ത്യക്ക്‌ തന്നെയായിരുന്നു തങ്കപ്പതക്കം. 1928 മുതല്‍ 1956 വരെയുള്ള 28 വര്‍ഷങ്ങളില്‍ ഇന്ത്യയെ ചോദ്യം ചെയ്യാന്‍ ആരുമുണ്ടായിരുന്നില്ല. കിരീടം വെക്കാത്ത ചക്രവര്‍ത്തിമാരായി ഇന്ത്യ വാണു. തുടര്‍ച്ചയായി മൂന്ന്‌ ഒളിംപിക്‌സുകളില്‍ ധ്യാന്‍ചന്ദ്‌ വിസ്‌മയമായി മാറി.
ഒരു ഒളിംപിക്‌സില്‍ ഇന്ത്യയും അമേരിക്കയും തമ്മിലുളള ഹോക്കി പോരാട്ടം നടക്കുന്നു. ഇടവേള സമയത്ത്‌ ഇന്ത്യ 14 ഗോളിന്‌ മുന്നില്‍. അമേരിക്കന്‍ താരങ്ങള്‍ അമ്പയറെ സമീപിച്ച്‌ ധ്യാന്‍ചന്ദിന്റെ സ്‌റ്റിക്കിനെക്കുറിച്ച്‌ പരാതി നല്‍കുന്നു. ആ സ്റ്റിക്കില്‍ എന്തോ മാന്ത്രികതയുണ്ടെന്നും അത്‌ മാറ്റാന്‍ ആവശ്യപ്പെടണമെന്നുമായിരുന്നു അമേരിക്കന്‍ താരങ്ങളുടെ വാദം. അമ്പയര്‍ പരാതി ധ്യാന്‍ചന്ദിനെ ധരിപ്പിച്ചപ്പോള്‍ അദ്ദേഹം സ്വന്തം സ്‌റ്റിക്ക്‌ അമേരിക്കന്‍ താരങ്ങള്‍ക്ക്‌ നല്‍കി. രണ്ടാം പകുതിയില്‍ ഇന്ത്യ പതിനൊന്ന്‌ ഗോളുകള്‍ സ്‌ക്കോര്‍ ചെയ്‌തു. എതിരാളിയുടെ സ്‌റ്റിക്കുമായി ധ്യാന്‍ ഒമ്പത്‌ ഗോളുകളടിച്ചു. അങ്ങനെ 24-0 എന്ന സ്‌ക്കോറിനായിരുന്നു ഇന്ത്യന്‍ വിജയം. ഇത്തരം കഥകളിലൂടെ ലോകത്തോളം ഉയര്‍ന്ന ഇന്ത്യന്‍ ഹോക്കിയുടെ ആ സുവര്‍ണ്ണ കാലത്ത്‌ ഒളിംപിക്‌സില്‍ ഇന്ത്യ കളിച്ച 24 മല്‍സരങ്ങളില്‍ 24 ലും വിജയിച്ചിരുന്നു. മൊത്തം 178 ഗോളുകളാണ്‌ ഈ മല്‍സരങ്ങളില്‍ ടീം സ്‌ക്കോര്‍ ചെയ്‌തത്‌. വഴങ്ങിയതാവട്ടെ കേവലം ഏഴ്‌ ഗോളുകള്‍. 56 ലെ ഒളിംപിക്‌സിന്‌ ശേഷം ചെറിയ തിരിച്ചടികള്‍ ടീം നേരിട്ടു. പക്ഷേ 64 ല്‍ ടോക്കിയോയില്‍ നടന്ന ഒളിംപിക്‌സിലും 80 ല്‍ മോസ്‌ക്കോയില്‍ നടന്ന ഒളിംപിക്‌സിലും ടീം സ്വര്‍ണ്ണം നേടി.
ഒളിംപിക്‌സിലെ ഇന്ത്യന്‍ പ്രാതിനിധ്യ ഹോക്കി മാത്രമായിരുന്നു പലപ്പോഴും. ധ്യാന്‍ചന്ദിന്റെ പിന്‍ഗാമികളായി സഫര്‍ ഇഖ്‌ബാല്‍, പര്‍ഗത്‌ സിംഗ്‌, മെര്‍വിന്‍ ഫെര്‍ണാണ്ടസ്‌, ധന്‍രാജ്‌ പിള്ള തുടങ്ങിയവരെല്ലാം ലോക ഹോക്കിയില്‍ ഇന്ത്യന്‍ വിലാസം നിലനിര്‍ത്തിയവരായിരുന്നു. ഇപ്പോഴിതാ ഒന്നുമില്ലാത്ത അവസ്ഥയില്‍ നാല്‌ പരിശീലകരെ വിട്ട്‌ കളി പഠികേണ്ട ദുരവസ്ഥ.
ആരാണ്‌ ഈ അവസ്ഥക്ക്‌ കാരണമെന്നും എങ്ങനെ ഇന്ത്യ ഇത്രത്തോളം ഇല്ലാതായി എന്നും അറിയാത്തവരില്ല. പക്ഷേ കുറ്റക്കാര്‍ക്കെതിരെ ഒരു നടപടിയുമില്ല. കൂറെ കാലം ഹോക്കി ഭരണം നടത്തിയവര്‍ ഇന്ന്‌ കോടിശ്വരന്മാരാണ്‌. ദേശീയ ഗെയിമിന്റെ പേരില്‍ അവര്‍ രാജാക്കന്മാരായി. പാലക്കാട്‌ ആമയുരില്‍ ഭാര്യയെയും നാല്‌ കുട്ടികളെയും അതിഭീകരമായി റജി കുമാര്‍ എന്ന യുവാവ്‌ കൊലപ്പെടുത്തി. അദ്ദേഹത്തിനെതിരെ നമ്മുടെ നിയമത്തിന്‌ കാര്യമായൊന്നും ചെയ്യാനാവില്ല എന്ന സത്യം എല്ലാവര്‍ക്കുമറിയാം. കൂറെ കാലം ജയിലില്‍ കിടന്നേക്കാം. സ്വന്തം കുടുംബത്തെ കൊലപ്പെടുത്തിയവരേക്കാള്‍ മൃഗീയമായ കൊലയാണ്‌ നമ്മുടെ കായിക ഭരണാധികാരികളില്‍ പലരും ചെയ്‌തിരിക്കുന്നത്‌. അവര്‍ക്കെതിരെ ഒരു ചെറുവിരലനക്കാന്‍ ആരുമില്ല. കണ്ണിന്‌ കണ്ണ്‌, പല്ലിന്‌ പല്ല്‌ എന്ന ഹമുറാബി നിയമമാണ്‌ ഇന്ത്യന്‍ കായികരംഗത്ത്‌ അടിയന്തിരമായി നപ്പാക്കേണ്ടത്‌. ഹോ്‌ക്കിയെ തുലച്ചവരെ അതേ പടി തുലക്കണം.
ഹോക്കി അസോസിയേഷന്റെ സെക്രട്ടറിയായിരുന്ന ജ്യോതികുമാരന്‍ ദേശീയ ടീമിലക്ക്‌ സെക്ഷന്‍ നല്‍കാനായി ഒരു താരത്തില്‍ നിന്ന്‌ ലക്ഷങ്ങള്‍ ചോദിച്ചു. ഈ തുക താരത്തില്‍ നിന്ന്‌ സെക്രട്ടറി വാങ്ങുന്നത്‌ ടെലിവിഷന്‍ ക്യാമറ രഹസ്യമായി പകര്‍ത്തി. ജ്യോതികുമാരന്‌ ഇത്‌ കാരണം ജോലി പോയി എന്നല്ലാതെ അദ്ദേഹത്തിനെതിരെ ഒരു ചെറിയ കേസ്‌ പോലുമില്ല. കെ.പി.എസ്‌ ഗില്‍ വര്‍ഷങ്ങളോളം ഹോക്കിയെ കൊല്ലാകൊല ചെയ്‌തു. ഇപ്പോഴും അദ്ദേഹം സ്വതന്ത്രനായി വിലസുന്നു.
ഇതാണ്‌ നമ്മുടെ അവസ്ഥ. ബെയ്‌ജിംഗിലേക്ക്‌ കളി പഠിക്കാന്‍ പോവുന്ന നാല്‌ പേര്‍ കളി കണ്ടാലും ഇല്ലെങ്കിലും നമ്മുടെ ഹോക്കി രക്ഷപ്പെടില്ല-കട്ടായം....

സ്‌ക്കോര്‍ബോര്‍ഡ്‌
ഇന്ത്യ ഒന്നാം ഇന്നിംഗ്‌സ്‌: ഗാംഭീര്‍-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-56, സേവാഗ്‌-നോട്ടൗട്ട്‌-201, ദ്രാവിഡ്‌-സി-വര്‍ണപുര-ബി-മെന്‍ഡിസ്‌-2, സച്ചിന്‍-എല്‍.ബി.ഡബ്ല്യൂ-ബി-വാസ്‌-5, സൗരവ്‌ സി-പ്രസന്ന-ബി-വാസ്‌-0, ലക്ഷ്‌മണ്‍ -സി-സമരവീര-ബി-മെന്‍ഡീസ്‌-39, കാര്‍ത്തിക്‌-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-7, കുംബ്ലെ-സ്റ്റംമ്പ്‌ഡ്‌ പ്രസന്ന-ബി-മുരളി-4, ഹര്‍ഭജന്‍-ബി-മെന്‍ഡിസ്‌-1, സഹീര്‍-സി-പ്രസന്ന-ബി-മുരളി-2, ഇശാന്ത്‌-എല്‍.ബി.ഡബ്ല്യൂ-ബി-മെന്‍ഡിസ്‌-0, എക്‌സ്‌ട്രാസ്‌ 12, ആകെ 82 ഓവറില്‍ 329. വിക്കറ്റ്‌ പതനം: 1-167, 2-173, 3-178, 4-178, 5-278, 6-290, 7-317, 8-318, 9-323, 10-329. ബൗളിംഗ്‌: വാസ്‌ 19-2-74-2, കുലശേഖര 8-1-40-0, മെന്‍ഡിസ്‌ 28-1-117-6, മുരളി 27-1-93-2
ശ്രീലങ്ക: വാന്‍ഡോര്‍ട്ട്‌ -സി-ദ്രാവിഡ്‌-ബി-സഹീര്‍-4, വര്‍ണപുര-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-66,സങ്കക്കാര- സി ആന്‍ഡ്‌ ബി-ഹര്‍ഭജന്‍-68, മഹേല-നോട്ടൗട്ട്‌-46, സമരവീര-എല്‍.ബി.ഡബ്ല്യൂ-ബി-ഹര്‍ഭജന്‍-14, ദില്‍
ഷാന്‍-സി-ഗാംഭീര്‍-ബി-ഹര്‍ഭജന്‍-0, പ്രസന്ന-നോട്ടൗട്ട്‌-5, എക്‌സ്‌ട്ര്‌സാ 12, കെ 61 ഓവില്‍ അഞ്ച്‌ വിക്കറ്റിന്‌ 215. വിക്കറ്റ്‌ പതനം: 1-4, 2-137, 3-144, 4-192, 5-192. ബൗളിംഗ്‌: സഹീര്‍ 6-1-39-1. ഇശാന്ത്‌ 8-1-36-0, കുംബ്ലെ 22-4-57-0, ഹര്‍ഭജന്‍ 25-4-71-4.

സ്‌പിന്‍ ഡേ
ഗാലി: രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിവസം സ്‌പിന്‍ പ്രകാശം. അജാന്ത മെന്‍ഡീസ്‌ ആറ്‌ വിക്കറ്റ്‌ സ്വന്തമാക്കിയപ്പോള്‍ ഇന്ത്യന്‍ ഒന്നാം ഇന്നിംഗ്‌സ്‌ 329 റണ്‍സില്‍ അവസാനിച്ചു. ഹര്‍ഭജന്‍സിംഗ്‌ നാല്‌ വിക്കറ്റുമായി കരുത്ത്‌ തെളിയിച്ചപ്പോള്‍ ലങ്ക അഞ്ച്‌ വിക്കറ്റിന്‌ 215 റണ്‍സ്‌ എന്ന നിലയിലാണ്‌. ഒന്നാം ഇന്നിംഗ്‌സില്‍ 114 റണ്‍സിന്‌ പിറകില്‍ നില്‍ക്കുന്ന ആതിഥേയരെ മൂന്നാം ദിവസമായ ഇന്ന്‌ പെട്ടെന്ന്‌ ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ഇന്ത്യക്ക്‌ പ്രതീക്ഷ പുലര്‍ത്താം.
വീരേന്ദര്‍ സേവാഗായിരുന്നു ഇന്നലെയും ഇന്ത്യന്‍ ഇന്നിംഗ്‌സിലെ താരം. ആദ്യ ദിനം സെഞ്ച്വറി സ്വന്തമാക്കിയ വീരു ഇന്നലെ ഡബിള്‍ സെഞ്ച്വറിയുമായി പുറത്താവാതെ നിന്നു. 201 റണ്‍സാണ്‌ അദ്ദേഹത്തിന്റെ സമ്പാദ്യം. വീരുവിന്‌ കൂട്ടിനെത്തിയവരെയെല്ലാം മെന്‍ഡിസ്‌ തന്റെ സ്‌പിന്നില്‍ വട്ടം കറക്കിയപ്പോള്‍ 51 റണ്‍സിന്‌ ഇന്ത്യയുടെ ശേഷിച്ച വിക്കറ്റുകളെല്ലാം നഷ്‌ടമായി. ലക്ഷ്‌മണ്‍ 39 റണ്‍സ്‌ നേടിയെങ്കിലും വാലറ്റക്കാരില്‍ ആര്‍ക്കും പിടിച്ചുനില്‍ക്കാനായില്ല. ലങ്കയുടെ മറുപടിയില്‍ മാലിന്‍ഡ വര്‍ണപുരയും കുമാര്‍ സങ്കക്കാരയും നിലയുറപ്പിച്ചു എന്ന ഘട്ടത്തില്‍ 55 റണ്‍സിനിടെ ഹര്‍ഭജന്‍ നാല്‌ വിക്കറ്റ്‌ നേടി മല്‍സരം ബലാബലത്തിലാക്കി.
സ്‌പിന്നിനെ അനുകൂലിക്കുന്ന ട്രാക്കില്‍ മല്‍സരം ആരുടെ ഭാഗത്തേക്ക്‌ മാറുമെന്ന്‌ ഇന്നറിയാനാവും. ഹര്‍ഭജന്‌ പിന്തുണ നല്‍കുന്നതില്‍ അനില്‍ കുംബ്ലെ വന്‍ പരാജയമാവുന്നതാണ്‌ ഇന്ത്യക്ക്‌ ക്ഷീണം. കുംബ്ലെക്ക്‌ ഇത്‌ വരെ ഒരു വിക്കറ്റും ലഭിച്ചിട്ടില്ല. കൊളംബോ ടെസ്‌റ്റിലും ഇതായിരുന്നു ഗതി. മുരളി-മെന്‍ഡിസ്‌ ദ്വയം അരങ്ങ്‌ തകര്‍ത്തപ്പോള്‍ ഇന്ത്യക്ക്‌ അതേ കരുത്തില്‍ തിരിച്ചടിക്കാനായിരുന്നില്ല.
ഇന്നലെ ലങ്കയുടെ ആദ്യ വിക്കറ്റ്‌ വാന്‍ഡോര്‍ട്ടിന്റെ രൂപത്തില്‍ ആദ്യ ഓവറില്‍ തന്നെ സഹീര്‍ഖാന്‍ സ്വന്തമാക്കിയെങ്കിലും സങ്കക്കാരയും വര്‍ണപുരയും അപകടം മുഴക്കി. സഖ്യം തകര്‍ക്കാന്‍ ലഭിച്ച രണ്ട്‌ സുവര്‍ണാവസരങ്ങള്‍ വിക്കററ്‌ കീപ്പര്‍ ദിനേശ്‌ കാര്‍ത്തിക്‌ പാഴാക്കിയിരുന്നു. അതിനിടെ സഹീറിന്‌ കാര്യമായി അടിയും കിട്ടി. അവസാന സെഷനില്‍ ഹര്‍ഭജന്‌ അനുകൂലമായി കാര്യങ്ങള്‍ മാറിയപ്പോഴാണ്‌ നാല്‌ ബാറ്റ്‌സ്‌മാന്മാര്‍ പെട്ടെന്ന്‌ മടങ്ങിയത്‌.

വീരു സ്‌പെഷ്യല്‍
ഇന്നലെ ഗാലിയില്‍ പ്രകടിപ്പിച്ച കരുത്തില്‍ വീരേന്ദര്‍ സേവാഗ്‌ സ്വന്തമാക്കിയ റെക്കോര്‍ഡുകള്‍ ഇവയാണ്‌
1-സുനില്‍ ഗവാസ്‌ക്കറിന്‌ ശേഷം ആദ്യമായി ഇന്നിംഗ്‌സ്‌ ഉടനീളം ബാറ്റ്‌ ചെയ്യുന്ന ഇന്ത്യന്‍ താരം. 1983 ല്‍ പാക്കിസ്‌താനെതിരെ ഇന്നിംഗ്‌സ്‌ ഓപ്പണ്‍ ചെയ്യാനെത്തിയ ഗവാസ്‌ക്കര്‍ പുറത്താവാതെ 127 റണ്‍സ്‌ നേടിയിരുന്നു.
2-ഇന്ത്യ ആകെ നേടിയ സ്‌ക്കോറിന്റെ 61.09 ശതമാനം റണ്‍സും സേവാഗിന്റെ ബാറ്റില്‍ നിന്നായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു ബാറ്റ്‌സ്‌മാന്‍ ടീമിന്‌ സമ്മാനിക്കുന്ന ഉയര്‍ന്ന മൂന്നാമത്തെ സ്‌ക്കോറാണിത്‌.
3-സേവാഗിന്റെ അഞ്ചാമത്‌ ഡബിള്‍ സെഞ്ച്വറി. പതിനഞ്ചാമത്‌ സെഞ്ച്വറി
4- ടെസ്റ്റ്‌ ക്രിക്കറ്റില്‍ സേവാഗ്‌ 5000 റണ്‍സ്‌ പിന്നിട്ടു

ഏ.എഫ്‌.സി ഫുട്‌ബോള്‍
ഇന്ത്യക്ക്‌ സമനില
ഹൈരാബാദ്‌: ഏ.എഫ്‌.സി ചാലഞ്ച്‌ കപ്പ്‌ ഫുട്‌ബോളില്‍ ഇന്ത്യ കരുത്തരായ തജീക്കിസ്ഥാനെ 1-1 ല്‍ തളച്ചു. ആദ്യ മല്‍സരത്തില്‍ അഫ്‌ഗാനിസ്ഥാനെ പരാജയപ്പെടുത്തിയ ഇന്ത്യക്ക്‌ ഇതോടെ ചാമ്പ്യന്‍ഷിപ്പില്‍ നാല്‌ പോയന്റായി. മധ്യനിരക്കാരന്‍ യൂസഫ്‌ റാബിയേവിന്റെ ഗോളില്‍ പതിനൊന്നാം മിനുട്ടില്‍ തന്നെ തജീക്കിസ്ഥാന്‍ മുന്നിലെത്തി. സമ്മര്‍ദ്ദം ചെലുത്തിയ ഇന്ത്യ രണ്ടാം പകുതിയില്‍ ഒപ്പമെത്തി. തുവിചേവ്‌ അലിഷറിന്റെ സെല്‍ഫ്‌ ഗോളാണ്‌ ഇന്ത്യക്ക്‌ സമനില ഒരുക്കിയത്‌. ഇന്ത്യന്‍ നിരയില്‍ ഇന്നലൈ ക്യാപ്‌റ്റന്‍ ബൈജൂംഗ്‌ ബൂട്ടിയയും എന്‍.പി പ്രദീപും സബ്‌സ്റ്റിറ്റിയൂട്ടുകളായാണ്‌ ഇറങ്ങിയത്‌. ബൂട്ടിയയുടെ കുതിപ്പില്‍ നിന്നാണ്‌ സെല്‍ഫ്‌ ഗോള്‍ പിറന്നത്‌. ഇന്ത്യയുടെ അടുത്ത മല്‍സരം നാളെ തുര്‍ക്ക്‌മെനിസ്ഥാനുമായാണ്‌.

ചിത്രം
ഈ ഷൂവാണ്‌ ചൈന....
ഒളിംപിക്‌സ്‌ ട്രാക്കില്‍ ചൈനയുടെ സ്വര്‍ണ്ണ പ്രതീക്ഷ സൂപ്പര്‍ ഹര്‍ഡിലര്‍ ലിയു സിയാംഗാണ്‌. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ലോകോത്തര താരങ്ങളെ പിറകിലാക്കി പുരുഷന്മാരുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ലിയു പക്ഷേ ഇത്തവണ പരുക്കിന്റെ പിടിയിലാണ്‌. ബേര്‍ഡ്‌സ്‌ നെസ്‌റ്റില്‍ അത്‌ലറ്റിക്‌ മല്‍സരങ്ങള്‍ തുടങ്ങുമ്പോഴേക്കും സൂപ്പര്‍താരം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്നാണ്‌ ചൈനക്കാര്‍ കരുതുന്നത്‌. ലിയു ഒളിംപിക്‌സിന്‌ ഉപയോഗിക്കുന്ന ഷൂ, ജഴ്‌സി എന്നിവ ഒളിംപിക്‌സ്‌ സംഘാടകര്‍ ഇന്നലെ പ്രദര്‍ശിപ്പിച്ചു. ഈ ഷൂ സ്വര്‍ണ്ണം കൊണ്ടുവരുമെന്ന്‌ ചൈനക്കാര്‍ ഉറച്ച്‌ വിശ്വസിക്കുന്നു.

സൂപ്പര്‍ സൈന്യം
ബെയ്‌ജിംഗ്‌: ചൈനീസ്‌ പോലിസിന്റെ കണ്ണ്‌ വെട്ടിക്കാന്‍ തീവ്രവാദികള്‍ക്ക്‌ കഴിഞ്ഞാല്‍ പോലും ചൈനീസ്‌ സൈന്യത്തെ തോല്‍പ്പിക്കാനാവില്ലെന്ന്‌ സൈനീക മേധാവി. ഒളിംപിക്‌സ്‌ അനിഷ്‌ട സംഭവങ്ങള്‍ കൂടാതെ അവസാനിക്കുമെന്നും സൈന്യത്തെ വെട്ടിച്ച്‌ കടക്കാന്‍ ഒരു ഭീകര സംഘടനകള്‍ക്കും കഴിയില്ലെന്നും പിപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മി (പി.എല്‍.എ) സീനിയര്‍ ഉദ്യോഗസ്ഥനായ കേണല്‍ ടിയാന്‍ യിക്‌സിയാംഗ്‌ വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.
ചൈനീസ്‌ പോലീസിന്റെ സുരക്ഷ വലയങ്ങള്‍ മറികടന്ന്‌ ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ സ്‌റ്റേഡിയത്തില്‍ നടന്ന ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങുകളുടെ റിഹേഴ്‌സല്‍ ഒരു കൊറിയന്‍ ടെലിവിഷന്‍ ചാനല്‍ പകര്‍ത്തിയ സംഭവത്തിന്‌ ശേഷം വന്നിരിക്കുന്ന സൈനീക ഉദ്യോഗസ്ഥന്റെ വിശദീകരണത്തിന്‌ പ്രാധാന്യമുണ്ട്‌. ടെലിവിഷന്‍ സംപ്രേഷണം ചൈനീസ്‌ പോലീസിന്റെ വീഴ്‌ച്ചയാണ്‌ വ്യക്തമാക്കുന്നത്‌ എന്നത്‌ പോലെയാണ്‌ സൈനീക ഉദ്യോഗസ്ഥന്‍ സംസാരിച്ചത്‌. ഇരുപത്തിയൊമ്പതാമത്‌ ഒളിംപിക്‌ ഗെയിംസ്‌ പ്രശ്‌നങ്ങളില്ലാതെ പൂര്‍ത്തിയാവുമെന്ന്‌ അദ്ദേഹം വ്യക്തമാക്കുന്നു. ചൈനയുടെ രഹസ്യാന്വേഷണ ഏജന്‍സികള്‍ വളരെ കരുത്തുറ്റതാണ്‌. ലോകത്തെ എല്ലാ ഭരണക്കൂടങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്‌. തീവ്രവാദികളെക്കുറിച്ചുളള എല്ലാ വിവരങ്ങളും ശേഖരിച്ചിട്ടുമുണ്ട്‌.
ടിബറ്റന്‍ ഗ്രൂപ്പില്‍ നിന്നാണ്‌ കാര്യമായ വെല്ലുവിളിയെന്ന്‌ അദ്ദേഹം സൂചിപ്പിച്ചു. ഗെയിംസ്‌ അട്ടിമറിക്കാന്‍ തുടക്കം മുതല്‍ ടിബറ്റന്‍ ഗ്രൂപ്പുകള്‍ രംഗത്തുണ്ട്‌. ഈസ്റ്റ്‌ തുര്‍ക്ക്‌മെനിസ്ഥാന്‍ ഇസ്ലമിക്‌ മൂവ്‌മെന്റിനെയും നോട്ടമിട്ടിട്ടുണ്ട്‌. ഇവരെയെല്ലാം നേരിടാന്‍ സൈന്യം സജ്ജമാണ്‌. മൊത്തം 34,000 ത്തോളം സൈനീകരെയാണ്‌ ഒളിംപിക്‌സാനായി അണിനിരത്തുന്നത്‌. 74 വിമാനങ്ങളും 47 ഹെലികോപ്‌ടറുകളും 33 നാവിക കപ്പലുകളും സുരക്ഷാ പാലനത്തിനായി സൈന്യം ഉപയോഗിക്കും. ഉപരിതല വ്യോമ മിസൈലുകള്‍, റഡാര്‍ തുടങ്ങിയവയും അത്യാവശ്യം വന്നാല്‍ ഉപയോഗിക്കും.
ഒളിംപിക്‌സ്‌ വിജയത്തിനായി 110,000 പോലീസ്‌ ഇപ്പോള്‍ തന്നെ രംഗത്തുണ്ട്‌. ഇവരുടെ പുറമെയൊണ്‌ സൈന്യത്തിന്റെ സേവനവും തേടുന്നത്‌.

ഭക്ഷണവും പ്രശ്‌നം
ഒളിംപിക്‌സ്‌ മലീനികര പ്രശ്‌നം ഇല്ലാതാക്കാന്‍ സംഘാടകര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമിക്കുന്നുണ്ട്‌. പക്ഷേ പുതിയ തലവേദനയായി ഭക്ഷ്യ പ്രശ്‌നം വരുന്നു. ഒളിംപിക്‌സ്‌ വില്ലേജിലേക്ക്‌ അമേരിക്ക ഉള്‍പ്പെടെയുളള കരുത്തര്‍ സ്വന്തം ഭക്ഷണം കൊണ്ടുവരാനുളള ശ്രമത്തിലാണത്രെ.. കീടനാശീനികള്‍ അമിതമായി ഉപയോഗിച്ച വളര്‍ത്തിയെടുത്ത ചൈനീസ്‌ പച്ചക്കറികളും പഴ വര്‍ഗ്ഗങ്ങളും ഉപയോഗിച്ചാല്‍ അത്‌ തങ്ങളുടെ ടീമിനെ ബാധിക്കുമെന്നാണ്‌ അമേരിക്ക ഭയപ്പെടുന്നത്‌്‌. ഈ കാര്യം ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു മാധ്യമ പ്രവര്‍ത്തകന്‍ ഉന്നയിക്കുകയും ചെയ്‌തു. വില്ലേജിലേക്ക്‌ മറ്റിടങ്ങളില്‍ നിന്നുള്ള ഭക്ഷണങ്ങള്‍ വേണ്ട എന്നാണ്‌ ചൈനയുടെ ഔദ്യോഗിക നിലപാട്‌. ഒളിംപിക്‌ നിയമപ്രകാരം വില്ലേജിലേക്ക്‌ പുറമെ നിന്ന്‌ ഭക്ഷണം അനുവദിക്കില്ല. എന്നാല്‍ അമേരിക്ക ഉള്‍പ്പെടെയുളള രാജ്യങ്ങള്‍ക്ക്‌ അത്‌ നിര്‍ബന്ധമാണെങ്കില്‍ തടയില്ല. ചൈനയില്‍ നിലനില്‍ക്കുന്ന നിലവാരത്തിനനുസരിച്ചുളളതായിരിക്കണം ഭക്ഷണം. ഈ ഭക്ഷണം കഴിച്ചാലുണ്ടാവുന്ന ഏത്‌ തരം പ്രശ്‌നത്തിനും ചൈന ഉത്തരവാദിത്ത്വം വഹിക്കുന്നതുമല്ല. ഒളിംപിക്‌സ്‌ വില്ലേജില്‍ സൗജന്യമായാണ്‌ ഭക്ഷണം നല്‍കുന്നത്‌. രാജ്യാന്തര നിലവാരം പുലര്‍ത്തുന്നതാണ്‌ എല്ലാ വിഭവങ്ങളും. ഏറ്റവും സുരക്ഷിതമായ ഭക്ഷണമാണ്‌ എല്ലാവര്‍ക്കും നല്‍കുന്നത്‌. ഈ കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും സംഘാടകര്‍ വ്യക്തമാക്കുന്നു.

മാരത്തോണ്‍ അവസാനം
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിലെ അവസാന മല്‍സരം മാരത്തോണായിരിക്കും. ഓഗസ്‌റ്റ്‌ 24 നാണ്‌ മാരത്തോണ്‍ പ്ലാന്‍ ചെയ്‌തിരിക്കുന്നത്‌. കാലാവസ്ഥ കാരണം മാരത്തോണ്‍ ഉദ്ദേശിച്ച രീതിയില്‍ നടത്താനാവാതെ വന്നാല്‍ ബദല്‍ സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന്‌ സംഘാടകര്‍ വ്യക്തമാക്കി. മലീനികരണ പ്രശ്‌നം മാരത്തോണ്‍ താരങ്ങളെ ബാധിക്കുമോ എന്ന ആശങ്ക ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്‌.

ഇറാഖില്‍ നിന്ന്‌ നാലു പേര്‍
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇറാഖിനെ പ്രതിനിധീകരിച്ച്‌ നാല്‌ താരങ്ങള്‍ പങ്കെടുക്കും. നേരത്തെ രണ്ട്‌ പേര്‍ക്ക്‌ മാത്രമായിരുന്നു അനുമതി. ഇന്നലെ രണ്ട്‌ പേരെ കൂടി ഉള്‍പ്പെടുത്താന്‍ ഐ.ഒ.സി അനുമതി നല്‍കി. ഇറാഖ്‌ സര്‍ക്കാര്‍ രാജ്യത്തെ ഒളിംപിക്‌ അസോസിയേഷനെ പിരിച്ചുവിട്ടതിനെ തുടര്‍ന്ന്‌ ഇറാഖില്‍ നിന്നും താരങ്ങളെ ഉള്‍പ്പെടുത്തില്ല എന്നായിരുന്നു ഐ.ഒ.സി ആദ്യം പറഞ്ഞിരുന്നത്‌. പിന്നീട്‌ നടത്തിയ ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിച്ചതോടെ രണ്ട്‌ പേര്‍ക്ക്‌ കൂടി ഇടം നല്‍കി.

അശോക്‌ മങ്കാദ്‌ അന്തരിച്ചു
മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റര്‍ അശോക്‌ മങ്കാദ്‌ (61) അന്തരിച്ചു. ലോക പ്രശസ്‌ത ക്രിക്കറ്ററായ വിനു മങ്കാദിന്റെ മകനായ അശോകിന്‌ കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. ഇന്നലെ ഉറക്കത്തില്‍ ഹൃദയസ്‌തഭംനം മൂലമാണ്‌ അന്ത്യം. 1969 നും 78 നും മധ്യേ രാജ്യത്തിനായി 22 ടെസ്‌റ്റുകള്‍ അദ്ദേഹം കളിച്ചിരുന്നു. 991 റണ്‍സാണ്‌ സമ്പാദ്യം.

ഇംഗ്ലണ്ടിന്‌ തകര്‍ച്ച
എജ്‌ബാസ്‌റ്റണ്‍: മൂന്നാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സിലും ഇംഗ്ലണ്ടിന്‌ ബാറ്റിംഗ്‌ തകര്‍ച്ച. ആദ്യ ഇന്നിംഗ്‌സില്‍ ദക്ഷിണാഫ്രിക്കക്ക്‌ മുന്നില്‍ ലീഡ്‌ വഴങ്ങിയ ആതിഥേയര്‍ മൂന്നാം ദിനം അവസാന റിപ്പോര്‍ട്ട്‌ ലഭിക്കുമ്പോള്‍ നാല്‌ വിക്കറ്റിന്‌ 126 റണ്‍സാണ്‌ നേടിയത്‌. 43 റണ്‍സിന്റെ ലീഡ്‌ മാത്രമാണ്‌ ടീമിനുളളത്‌. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ്‌ സ്‌ക്കോറായ 231 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 314 റണ്‍സ്‌ നേടിയിരുന്നു.

ഫെഡ്‌റര്‍ വീണ്ടും തോറ്റു
സിന്‍സിനാറ്റി: ലോക ടെന്നിസ്‌ റാങ്കിംഗില്‍ ഒന്നാമതെത്താന്‍ റാഫേല്‍ നദാലിന്‌ സുവര്‍ണ്ണാവസരം. സിന്‍സിനാറ്റി മാസ്റ്റേഴ്‌സ്‌ ടെന്നിസില്‍ നിലവിലെ ഒന്നാം സീഡ്‌ റോജര്‍ ഫെഡ്‌റര്‍ പുറത്തായ സാഹചര്യത്തില്‍ ഈ ചാമ്പ്യന്‍ഷിപ്പില്‍ വിജയം വരിച്ചാല്‍ നദാലിന്‌ ഒന്നാമനാവാം.

No comments: