Monday, August 11, 2008
GOLDEN ABHINAV
സ്വര്‍ണ്ണ വെടി
ബെയ്‌ജിംഗ്: ഇന്ത്യയുടെ ഒളിംപിക്‌സ് ചരിതത്തില്‍ ഇനി അഭിനവ് ബിന്ദ്രയെന്ന സ്വര്‍ണ്ണത്തിളക്കം. ബെയ്‌ജിംഗ് ഒളിംപിക്‌സില്‍ ഇന്ത്യ കനക നേട്ടവുമായി അഭിമാനം കാത്തു. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ അഭിനവ് ബിന്ദ്ര സ്വര്‍ണ്ണം കരസ്ഥമാക്കി. ഇന്ത്യയുടെ ഒളിംപിക്‌സ് ചരിത്രത്തിലെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണമാണിത്. ഇന്ത്യന്‍ സമയം രാവിലെ എട്ടിനാണ് ബെയ്‌ജിംഗ് ഷൂട്ടിംഗ് റേഞ്ചില്‍ നിന്നും ആഹ്ലാദകരമായ വാര്‍ത്തയെത്തിയത്. തകര്‍പ്പന്‍ പ്രകടത്തിനൊടുവിലാണ്‌് 25 കാരനായ താരം 120 കോടി ജനതയുടെ അഭിമാനം വാനോളമുയര്‍ത്തിയത്.
യോഗ്യതാ റൗണ്ടില്‍ നാലാമതായിരന്നു അഭിനവ്. പക്ഷേ നിര്‍ണ്ണായകമായ അവസാന ഷൂട്ടില്‍ 10.8 പോയന്റ് സ്വന്തമാക്കിയാണ് അഭിനവ് സ്വര്‍ണ്ണം കരസ്ഥമാക്കിയത്. ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ എട്ട് സ്വര്‍ണ്ണങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് വ്യക്തിഗത ഇനത്തില്‍ ഒരു ഇന്ത്യന്‍ താരം സ്വര്‍ണ്ണം സ്വന്തമാക്കുന്നതും ഒളിംപിക് പോഡിയത്തില്‍ ജനഗണമന ഉയരുന്നതും.
അഭിനവിന് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയത് ഫിന്‍ലാന്‍ഡിന്റെ ഹെന്‍ട്രി ഹാക്കിനനും ചൈനയുടെ ഷൂ കിനാനുമായിരുന്നു. യോഗ്യതാ ഘട്ടത്തില്‍ ഇവര്‍ക്കൊപ്പം നിന്ന അഭിനവ് ഫൈനലിലെ ആദ്യ ഏഴ് ശ്രമങ്ങളിലും ശരാശരി കാത്തു. എന്നാല്‍ എട്ടാം ഷൂട്ടില്‍ അല്‍പ്പം പിറകിലായപ്പോള്‍ സമ്മര്‍ദ്ദമായി. പത്താം ഷൂട്ടില്‍ ഹാക്കിനന് 9.7 പോയന്റാണ്‌് നേടാനായത്. ഇത് അഭിനവിന് തുണയായി. അദ്ദേഹം 10.8 ലെത്തി. അപ്പോഴും ചൈനയുടെ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ കിനാന്‍ വെല്ലുവിളിയുമായി രംഗത്തുണ്ടായിരുന്നു. എന്നാല്‍ അവസാന ശ്രമത്തല്‍ ഇന്ത്യന്‍ താരത്തെ മറികടക്കാന്‍ ആതിഥേയ താരത്തിനും കഴിഞ്ഞില്ല. അതോടെ ചരിത്രം പിറന്നു. ചൈനീസ് താരം വെളളിയും ഫിന്നിഷ് താരം വെങ്കലുവൂം നേടി.
1920 ലെ പാരീസ് ഒളിംപിക്‌സ് മുതല്‍ ഔദ്യോഗികമായി ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വര്‍ണ്ണമാണിത്. . എനിക്ക് വിശ്വസിക്കാനാവുന്നില്ല-സ്വര്‍ണ്ണം സ്വന്തമാക്കിയ നിമിഷത്തില്‍ അഭിനവ് എന്ന ഡെറാഡൂണുകാരന്‍ പറഞ്ഞ വാക്കുകള്‍.
ഇന്ത്യയുടെ സുവര്‍ണ്ണ നേട്ടത്തിന്റെ പാതി മലയാളത്തിനുളളതാണ്. കേരളീയനായ പ്രൊഫസര്‍ സണ്ണി തോമസാണ് വര്‍ഷങ്ങളായി അഭിനവിന്റെ കോച്ച്. (സണ്ണി തോമസുമായുളള ടെലഫോണ്‍ അഭിമുഖം സ്‌പോര്‍ട്‌സ് ചന്ദ്രികയില്‍). നാല് വര്‍ഷം മുമ്പ് ഏതന്‍സ് ഒളിംപിക്‌സില്‍ രാജ്യവര്‍ദ്ധന്‍സിംഗ് രാത്തോര്‍ പുരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഇനത്തില്‍ വെളളി സ്വന്തമാക്കിയിരുന്നു. ഒളിംപിക്‌സ് ഷൂട്ടിംഗില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച നേട്ടവും ഇതായിരുന്നു. ആ നേട്ടത്തിന്റെ ചരിതമാണ് അഭിനവ് മാറ്റിയെഴുതിയിരിക്കുന്നത്.
തകര്‍പ്പന്‍ നേട്ടം കൈവരിച്ച താരത്തെ തേടി പുരസ്‌ക്കാരങ്ങളുടെ പ്രളയമാണ്. കേന്ദ്ര സര്‍ക്കാരും സ്‌പോര്‍ട്‌സ് മന്ത്രാലയും വിവിധ സംസ്ഥാന സര്‍ക്കാരുകളും ലക്ഷകണക്കിന് രൂപയാണ് അഭിനവിന് വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്. രാഷ്‌ട്രപതി പ്രതിഭാ പാട്ടില്‍, പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍സിംഗ്, ഉപരാഷ്‌ട്രപതി, മുഹമ്മദ് അന്‍സാരി, ലോക്‌സഭാ സ്‌പീക്കര്‍ സോമനാഥ് ചാറ്റര്‍ജി, വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ്, മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍, ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യദ് മുഹമ്മദലി ശിഹാബ് തങ്ങള്‍, സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സിസി പ്രസിഡണ്ട് രമേശ് ചെന്നിത്തല, സ്‌പോര്‍ട്‌സ് മന്ത്രി എം. വിജയകുമാര്‍, സപോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് ടി.പി ദാസന്‍ തുടങ്ങി ഒട്ടനവധി പേര്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ അഭിനവിനെ അഭിനന്ദിച്ചു.
രാജ്യത്തിന്റെ ഭാരം ചുമക്കുന്നതില്‍ സന്തോഷം മാത്രമാണെന്ന് അഭിനവ് പറഞ്ഞു. (അഭിമുഖം സ്‌പോര്‍ട്‌സ് ചന്ദ്രികയില്‍). ഏതന്‍സ് ഒളിംപിക്‌സില്‍ ഐതിഹാസിക പ്രകടനം നടത്താന്‍ കൊതിച്ചിരുന്നു പക്ഷേ കഴിഞ്ഞില്ല. ഇവിടെ കാര്യങ്ങളെല്ലാം അനുകൂലമായി വന്നതാണ് തുണയായതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
ഒളിംപിക്‌സില്‍ ഇന്ത്യയുടെ സുവര്‍ണ്ണ ദിനത്തില്‍ പ്രതീക്ഷ വര്‍ദ്ധിപ്പിച്ച വനിതകളുടെ ബാഡ്‌മിന്റണില്‍ സൈന നെഹ്‌വാള്‍ അട്ടിമറി വിജയവുമായി ക്വാര്‍ട്ടര്‍ ഫൈനലില്‍ സ്ഥാനം നേടിയിട്ടുണ്ട്. അതേ സമയം ടെന്നിസ് വനിതാ സിംഗിള്‍സില്‍ നിന്ന് പരുക്ക് കാരണം സാനിയ മിര്‍സ പിന്മാറി. ഇന്ന് രാജ്യവര്‍ദ്ധന്‍സിംഗ് രാത്തോര്‍ തന്റെ ഇഷ്ട ഇനമായ ഡബിള്‍ ട്രാപ്പില്‍ മല്‍സരിക്കുന്നുണ്ട്.
ഒളിംപിക്‌സ് നാലാം ദിവസം പിന്നിടുമ്പോള്‍ മെഡല്‍പ്പട്ടികയില്‍ ആതിഥേയര്‍ തന്നെയാണ് മുന്നില്‍. ചരിത്രത്തില്‍ ഇതാദ്യമായി ഗെയിംസിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ മെഡല്‍പ്പട്ടികയില്‍ സ്ഥാനം നേടിയിരിക്കുന്നു.
Subscribe to:
Post Comments (Atom)
1 comment:
Congrats to Abhinav
Post a Comment