Tuesday, August 19, 2008

sorry anjucoloum by P.A Hamsa

ലോക കായികരംഗത്ത്‌ അജയ്യരാവര്‍ ധാരാളമുണ്ട്‌... ജെസ്സി ഓവന്‍സില്‍ നിന്ന്‌ ആരംഭിച്ചാല്‍ ആ റെക്കോര്‍ഡ്‌ മൈക്കല്‍ ഫെലിപ്‌സില്‍ എത്തിനില്‍ക്കും. ഫെലിപ്‌സിന്റെ വിസ്‌മയം നേരില്‍ കാണാന്‍ എനിക്കായിരുന്നില്ല. എട്ടില്‍ എട്ട്‌ സ്വര്‍ണ്ണവും സ്വന്തമാക്കിയ മഹാനായ കായികതാരം. ഒരിക്കലും ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ആ റെക്കോര്‍ഡ്‌ ഭേദിക്കാന്‍ കഴിയില്ല. ഫെലിപ്‌സിന്റെ പ്രകടനം കാണാന്‍ കഴിഞ്ഞില്ലെങ്കിലും യേലേന ഇസന്‍ബയേവ എന്ന ലോകോത്തര താരത്തിന്റെ റെക്കോര്‍ഡ്‌ പ്രകടനം നേരില്‍ കാണാനായത്‌ വലിയ ഭാഗ്യമാണ്‌. കിളിക്കൂട്‌ സ്‌റ്റേഡിയത്തില്‍ ലിയു സിയാംഗ്‌ എന്ന മാന്ത്രികന്റെ പരുക്കും പിന്മാറ്റവും ചൈനക്കാരെ രാവിലെ വേദനയിലാഴ്‌ത്തിയിരുന്നു. എന്നാല്‍ തിങ്കളാഴ്‌ച്ച രാത്രിയില്‍ അവരുെട വേദനകളെ ഇല്ലാതാക്കുന്ന ടോണിക്‌ പോലെയായിരുന്നു ഇസന്‍ബയേവയുടെ പ്രകടനം. ഇന്ത്യന്‍ കായികരംഗം പിറകോട്ട്‌ നോക്കുന്ന കാലത്ത്‌ റഷ്യക്കാരും അമേരിക്കക്കാരും ചൈനക്കാരും മുന്നോട്ട്‌ മാത്രമാണ്‌ ചിന്തിക്കുന്നത്‌. ഫെലിപ്‌സിനെ പോലെ ഒരു പ്രതിഭയെ സംഭാവന ചെയ്യാന്‍ ഒരു ഏഷ്യന്‍ രാജ്യത്തിന്‌ കഴിയമോ എന്നെനിക്കറിയില്ല. ബെയ്‌ജിംഗിലേക്ക്‌ വരുന്നതിന്‌ മുമ്പേ അദ്ദേഹം പറഞ്ഞിരുന്നു എട്ടിനത്തിലും സ്വര്‍ണ്ണം നേടുമെന്ന്‌. ആ പ്രഖ്യാപനം അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. അത്‌ പോലെ ഇസന്‍ബയേവ പറഞ്ഞ വാക്കുകളും ഓര്‍മ്മിക്കുന്നു-ഒളിംപിക്‌സ്‌ സ്വര്‍ണ്ണമല്ല ലക്ഷ്യം-റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടുകയാണെന്ന്‌.
5.05 മീറ്ററാണ്‌ ഇസന്‍ബയേവ ചാടിയത്‌. ആ താരത്തില്‍ ഞാന്‍ ദര്‍ശിച്ച ഒരു സവിശേഷത ഒരിക്കല്‍പ്പോലും പതറാത്ത, ചലനങ്ങളിലും മുഖഭാവങ്ങളിലും സംസാരത്തില്‍ പോലും ഊര്‍ജ്ജപ്രവാഹമാണ്‌. ഇന്നലെ അഞ്‌ജുവിന്റെ പ്രകടനം കണ്ടപ്പോഴാണ്‌ ഇസന്‍ബയേവയെ പോലുളളവരുടെ മഹത്വമറിയുന്നത്‌. ഒരു മലയാളി മറ്റൊരു മലയാളിയുടെ പ്രകടനം കാണുമ്പോള്‍ തീര്‍ച്ചയായും സമ്മര്‍ദ്ദമുണ്ടാവും. അഞ്‌ജു ഫൈനലിലെങ്കിലും എത്തണമെന്നതായിരുന്നു പ്രാര്‍ത്ഥന. ട്രാക്കില്‍ നമ്മുടെ ഏക പ്രതീക്ഷയും അഞ്‌ജുവായിരുന്നല്ലോ... പക്ഷേ ജംമ്പ്‌ ആരംഭിച്ചപ്പോള്‍ വളരെ അകലെ നിന്നാണെങ്കിലും അഞ്‌ജുവിന്റെ നിരാശയുടെ മുഖമാണ്‌ കണ്ടത്‌. ആ കുട്ടി ഒരിക്കലും ആത്മവിശ്വാസത്തിലായിരുന്നില്ല.
പക്ഷിക്കൂട്‌ ഇന്നലെയും നിറഞ്ഞ്‌ കവിഞ്ഞിരുന്നു. രാവിലെ തന്നെ ജാവലിന്‍, ലോംഗ്‌ജംമ്പ്‌ യോഗ്യതാ മല്‍സരങ്ങള്‍. പക്ഷേ ചര്‍ച്ചകളെല്ലാം വൈകീട്ട്‌്‌ നടക്കുന്ന ബ്രസീല്‍-അര്‍ജന്റീന ഫുട്‌ബോള്‍ സെമിഫൈനലിനെക്കുറിച്ചായിരുന്നു. ചൈനയുടെ ഫുട്‌ബോള്‍ ടീം തുടക്കത്തില്‍ തന്നെ പുറത്തായതിനാല്‍ അവര്‍ക്ക്‌ ഫുട്‌ബോള്‍ മൈതാനത്തേക്ക്‌ ഓടാന്‍ വലിയ താല്‍പ്പര്യമില്ല. പക്ഷേ യൂറോപ്യര്‍ക്കും ആഫ്രിക്കക്കാര്‍ക്കും ഏഷ്യക്കാര്‍ക്കുമെല്ലാം ലാറ്റിനമേരിക്കന്‍ സോക്കര്‍ സൗന്ദര്യം കാണാനുളള കനകാവസരമായിരുന്നു. പറഞ്ഞുവന്നത്‌ ഇസന്‍ബയേവയെക്കുറിച്ചാണ്‌. ആ താരത്തിന്റെ സ്ഥിരതയും സ്ഥിരോല്‍സാഹവും ഓരോ വിജയത്തിലും പ്രകടിപ്പിക്കുന്ന സന്തോഷവും അപാരമാണ്‌. 24 ലോക റെക്കോര്‍ഡുകള്‍ സ്വന്തമാക്കിയിട്ടും ഓരോ മല്‍സരത്തെയും അതിന്റെ പ്രാധാന്യത്തിലാണ്‌ അവര്‍ കാണുന്നത്‌. ആ ഫ്രഷ്‌ മൈന്‍ഡാണ്‌ ആ താരത്തിന്റെ കരുത്ത്‌.

No comments: