Saturday, August 2, 2008

KAMALS DRIVE

സങ്കട ഹര്‍ജി
ലഗാന്‍ എന്ന അമീര്‍ഖാന്‍ സിനിമ ഇന്ത്യന്‍ ക്രിക്കറ്റിന്‌ കരുത്തേകി. ചക്‌ദേ ഇന്ത്യ എന്ന ഷാറൂഖ്‌ഖാന്‍ ചിത്രം ഇന്ത്യന്‍ ഹോക്കിക്ക്‌ വെളിച്ചമായി. നമ്മുടെ അത്‌ലറ്റിക്‌സിന്‌ പ്രകാശമാവാന്‍ ഒരു സിനിമയെങ്കിലും വേണമെന്ന്‌ പറഞ്ഞ്‌്‌ ബോളിവുഡുകാര്‍ക്ക്‌്‌ സങ്കട ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നു സുരേഷ്‌ കല്‍മാഡി....
ശരത്‌ പവാര്‍ തലവനായ ഇന്ത്യന്‍ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഖജനാവില്‍ കോടികള്‍ മാത്രമാണ്‌. ലോകത്തിലെ സമ്പന്നമായ കായിക സംഘടനകളില്‍ ഒന്ന്‌ നമ്മുടെ ക്രിക്കറ്റ്‌ ബോര്‍ഡാണ്‌. കോടികളെക്കുറിച്ച്‌ മാത്രമാണ്‌ ക്രിക്കറ്റുകാര്‍ സംസാരിക്കാറുള്ളത്‌. ക്രിക്കറ്റ്‌ ബോര്‍ഡിന്റെ ഖജനാവ്‌ നിറയെ പണമുണ്ടായിട്ടും കോര്‍പ്പറേറ്റുകള്‍ ക്രിക്കറ്റിന്‌ പിറകെ തന്നെയാണ്‌. ഹര്‍ഭജന്‍ സിംഗ്‌ ശ്രീശാന്തിന്റെ മുഖം നോക്കി ഒന്ന്‌ പൊട്ടിച്ചപ്പോള്‍ അടിച്ച ഹര്‍ഭജന്റെയും അടിയേറ്റ ശ്രീശാന്തിന്റെയും റേറ്റിംഗിനൊപ്പം ഇവര്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍മാരായ സ്ഥാപനങ്ങളുടെയും റേറ്റ്‌ ഉയര്‍ന്നതായാണ്‌ കണക്ക്‌. അതായത്‌ ക്രിക്കറ്റില്‍ അടിയും തടയുമെല്ലാം കോടികളാവുന്നു. സച്ചിനും ദ്രാവിഡും സൗരവും ധോണിയുമെല്ലാം സമ്പന്നരാണ്‌. ഒരു പരമ്പര മാത്രം മതി അവര്‍ക്ക്‌ ജീവിക്കാന്‍.
അമീര്‍ഖാന്റെ ലഗാനില്‍ ക്രിക്കറ്റ്‌്‌ കളിക്കുന്നവര്‍ പാവപ്പെട്ടവരാണ്‌. ബ്രിട്ടീഷുകാരും ഇന്ത്യക്കാരും തമ്മിലുള്ള സ്വതന്ത്ര പോരാട്ടം പോലെയുളള ആ ക്രിക്കറ്റ്‌ നമ്മുടെ ദേശീയ വികാരം ഉയര്‍ത്തി. ഒരു സിനിമയിലൂടെ ക്രിക്കറ്റ്‌ അതിര്‍ത്തികള്‍ വികസിച്ചു.
ചക്‌ദേ ഇന്ത്യ എന്ന ചിത്രവും ദേശീയ വികാരം ഉയര്‍ത്തിയാണ്‌ വിജയമായത്‌. വിഷയം ഹോക്കിയായിരുന്നെങ്കിലും പാക്‌ ചാരനായി മുദ്രകുത്തപ്പെട്ട ഒരു താരത്തിന്റെ ദേശസ്‌നേഹമാണ്‌ ചിത്രീകരിക്കപ്പെട്ടത്‌. ലഗാനേക്കാള്‍ നമ്മുടെ കായികരംഗത്തിന്റെ ദയനീയത വ്യക്തമായി പ്രതിപാദിക്കപ്പെട്ടത്‌ ചക്‌ദേയിലാണ്‌. ഇന്ത്യന്‍ ഹോക്കിയിലെ ദുര്‍ഭരണത്തിന്റെ വ്യക്തമായ കണ്ണാടിയായിരുന്നു ആ ചിത്രം. കായിക ഭരണത്തിലും പരിശീനത്തിലും നിലപാടുകളിലും സമീപനത്തിലുമെല്ലാം നമ്മള്‍ പുലര്‍ത്തുന്ന യാഥാസ്ഥിതികത്വം തുറന്ന്‌ കാണിക്കപ്പെട്ടു. കരുത്തനായ ഒരു പരിശീലകന്റെ സാമീപ്യത്തില്‍ മാത്രം ടീം ലോകകപ്പ്‌ സ്വന്തമാക്കുന്നു.
ഇത്തരം ഒരു സിനിമ അത്‌ലറ്റിക്‌സിനെക്കുറിച്ച്‌ ഉണ്ടായിരുന്നെങ്കില്‍ ഇന്ത്യക്ക്‌ ഒളിംപിക്‌സില്‍ സ്വര്‍ണ്ണം നേടാന്‍ കഴിയുമായിരുന്നു എന്നാണ്‌ കല്‍മാഡി പറഞ്ഞിരിക്കുന്നത്‌. ചിരിക്കാന്‍ തോന്നുമെങ്കിലും കല്‍മാഡിയുടെ വിഷയ ദാരിദ്ര്യമാണ്‌ അദ്ദേഹത്തെ പുതിയ ചിന്തയിലേക്‌ നയിച്ചത്‌ എന്ന്‌ വ്യക്തമാണ്‌. കാലാകാലങ്ങളിലായി കല്‍മാഡി പറയാറുളളത്‌ കായിക പ്രേമികള്‍ക്ക്‌ മന:പാഠമാണ്‌. ഒളിംപിക്‌സ്‌ തുടങ്ങാന്‍ പോവുമ്പോള്‍ മെഡലുകളെക്കുറിച്ചും, മേള കഴിഞ്ഞാല്‍ താരങ്ങളെ തെറി വിളിച്ചുമാണ്‌ അദ്ദേഹം സായുജ്യമടയാറുള്ളത്‌.
ഇപ്പോള്‍ അദ്ദേഹത്തിന്‌ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്റെ തലവന്‍ സ്ഥാനത്തിനൊപ്പം ഹോക്കി ഭരണത്തിലെ ഒന്നാമനാണ്‌. ഈ തിക്കിനും തിരക്കിനുമിടയില്‍ അദ്ദേഹത്ത പോലെ ഒരാള്‍ പുതിയ ചിന്താധാരകള്‍ക്ക്‌ തുടക്കമിടുമ്പോള്‍ ബോളിവുഡുകാര്‍ അത്‌ ഗൗരവത്തില്‍ കാണണമെന്ന്‌ മാത്രം.
അത്‌ലറ്റുകളെ കുറിച്ച്‌ ഒരു സിനിമ ഇറങ്ങിയാല്‍ നമ്മുടെ കായികരംഗം രക്ഷപ്പെടുമെങ്കില്‍ കല്‍മാഡിക്ക്‌ തന്നെ ഒരു നിര്‍മാതാവാമായിരുന്നു. പൂനെയിലെ കോടിശ്വരനാണ്‌ അദ്ദേഹം. ഒരു കായിക സിനിമക്കായി കോടികള്‍ മുതലിറക്കിയാലും അദ്ദേഹത്തിന്‌ നഷ്‌ടമുണ്ടാവില്ല.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ ഇനി ദിവസങ്ങള്‍ മാത്രമാണ്‌ ബാക്കി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ ഒരു പുസ്‌തക പ്രകാശന ചടങ്ങില്‍ സംസാരിക്കവെ കല്‍മാഡി പറഞ്ഞത്‌ ചൈനയില്‍ നിന്ന്‌ കൂടുതല്‍ പ്രതീക്ഷിക്കരുത്‌ എന്നാണ്‌. ചൈനയില്‍ നിന്ന്‌ ഇന്ത്യ മെഡല്‍ ചാക്കുമായി വരുമെന്ന്‌ ഇവിടെയാരും കരുതുന്നില്ല. കല്‍മാഡിയാണ്‌ ഇന്ത്യ മെഡല്‍ വാരുമെന്ന്‌്‌ പതിവായി പറയാറുളളത്‌. ബെയ്‌ജിംഗ്‌ ഇന്ത്യക്ക്‌ 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനുളള ഒരുക്കമാണത്രെ...! എല്ലാ രാജ്യങ്ങളും പരമ പ്രാധാന്യം നല്‍കുന്നത്‌ ഒളിംപിക്‌സിനാണ്‌. ഒരു ഒളിംപിക്‌സ്‌ മെഡല്‍ നേടാനായാല്‍ അത്‌ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌. പക്ഷേ കല്‍മാഡിക്ക്‌ തല്‍ക്കാലം കോമണ്‍വെല്‍ത്താണ്‌ മുഖ്യം. ഡല്‍ഹി ആതിഥേയത്വം വഹിക്കന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്റെ ജീവാത്മാവും പരമാത്മാവും കല്‍മാഡി തന്നെ. 700 കോടി രൂപയാണ്‌ കേന്ദ്ര സര്‍ക്കാര്‍ കോമണ്‍വെല്‍ത്ത്‌ ഗെയിംസിനായി നല്‍കിയിരിക്കുന്നത്‌. ഈ കോടികളുടെ ആവേശത്തിലാണ്‌ കല്‍മാഡി. ബെയ്‌ജിംഗും ഒളിംപിക്‌സും അദ്ദേഹത്തിന്റെ അജണ്ടയില്‍ തല്‍ക്കാലമില്ല.

ദി ബെസ്റ്റ്‌
ബെയ്‌ജിംഗ്‌: ആരൊക്കെ കുറ്റം പറഞ്ഞാലും ചൈനക്ക്‌ ഇനി അത്‌ പ്രശ്‌നമല്ല-അവര്‍ക്ക്‌ ഏറ്റവും വലിയ അംഗീകാരം ഇന്നലെ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തലവന്‍ ജാക്വസ്‌ റോജി ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഗെയിംസായിരിക്കുമെന്ന്‌്‌ ഇന്നലെ ലോക മാധ്യമങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ചപ്പോള്‍ ഇതിലും വലിയ അംഗീകാരം ഇനി ചൈനക്ക്‌്‌ ലഭിക്കാനില്ല. ഒരു ഭാഗത്ത്‌ പാശ്ചാത്യ ലോബികള്‍ മലിനീകരണവും ഭക്ഷണവുമെല്ലാം പ്രശന്‌മാക്കുന്നു. മറുഭാഗത്ത്‌ തീവ്രവാദികള്‍ ഗെയിംസ്‌ അട്ടിമറിക്കാന്‍ കച്ചക്കെട്ടുന്നു. അതിനിടയിലാണ്‌ റോജിയുടെ വാക്കുകള്‍.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വില്ലേജ്‌ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലേജാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ കേവലം ഭംഗിവാക്കല്ല. അനുഭവത്തില്‍ നിന്നുള്ള നിലപാടാണ്‌. 1968 ല്‍ മോസ്‌ക്കോയില്‍ നടന്ന ഒളിംപിക്‌സ്‌ മുതല്‍ ഒളിംപിക്‌സ്‌ വില്ലേജിലെ സ്ഥിരക്കാരനാണ്‌ റോജി. 68 മുതല്‍ ഇങ്ങോട്ടുളള എല്ലാ ഒളിംപിക്‌സുകളിലും സംഘാടകന്‍ എന്ന നിലയില്‍ അദ്ദേഹം വില്ലേജിലുണ്ടാവാറുണ്ട്‌. ഇങ്ങനെ മനോഹരവും സൗകര്യപ്രദവുമായ വില്ലേജ്‌ കണ്ടിട്ടില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഇവിടെയെത്തിയ റോജി വെള്ളിയാഴ്‌ച്ചയാണ്‌ വില്ലേജ്‌ ചുറ്റിക്കണ്ടത്‌. 66 ഹെക്ടര്‍ വിസ്‌തൃതിയില്‍ 16,000 അത്‌ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി ഒരുക്കിയ വില്ലേജ്‌ ജൂലൈ 27 നാണ്‌ തുറന്നത്‌.
എല്ലാ അര്‍ത്ഥത്തിലും ഒളിംപിക്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലേജ്‌ ഇത്‌ തന്നെയാണെന്ന്‌ ഐ.ഒ.സി മുന്‍ തലവന്‍ ജുവാന്‍ അന്റോണിയോ സമരാഞ്ചും ഇന്നലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വിജയകരമായി തന്നെ നടക്കുമെന്ന കാര്യത്തില്‍ റോജിക്കും സമരാഞ്ചിനും സംശയങ്ങളില്ല. എല്ലാ വേദികളും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്‌. വേദികളില്ലെല്ലാം പരീക്ഷണാര്‍ത്ഥം പല മല്‍സരങ്ങളും നടന്നു. എല്ലാം വിജയകരമാണെന്ന്‌ റോജി വ്യക്തമാക്കി. ഓഗസ്‌റ്റ്‌ ഒമ്പതിന്‌, ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടതിന്റെ അടുത്ത ദിവസം മുതല്‍ സംഘാടകരുടെ കരുത്ത്‌ വ്യക്തമാവുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. 9,000 ത്തോളം അത്‌ലറ്റുകള്‍ ഉദ്‌ഘാടന ദിവസം നടക്കുന്ന താരങ്ങുടെ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കും. ഇറാഖില്‍ നിന്നുളള താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പായതോടെ എല്ലാ രാജ്യങ്ങള്‍ക്കും പ്രാതിനിധ്യമായി. ഇറാഖിന്‌ തുടക്കത്തില്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട്‌ നടന്ന ചര്‍ച്ചകളാണ്‌ ഫലപ്രദമായത്‌. നാല്‌ ഇറാഖി താരങ്ങള്‍ മാര്‍ച്ച്‌ പാസ്‌റ്റില്‍ അണിനിരക്കും. ചില അത്‌ലറ്റുകള്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ച്‌ ആം ബാന്‍ഡ്‌ അണിയാന്‍ സാധ്യതയുണ്ടോയെന്ന്‌ ചോദിച്ചപ്പോള്‍ താരങ്ങള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ പൊതുവേദികളില്‍ അത്തരം പ്രതിഷേധം പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്നും റോജി പറഞ്ഞു.
ചൈനക്ക്‌ ഏറ്റവും മികച്ച ഒളിംപിക്‌സ്‌ സംഘടിപ്പിക്കാനാവുമെന്ന്‌ ചൈന-സ്‌പെയിന്‍ ഫോറത്തിന്റെ യോഗത്തില്‍ സംസാരിക്കവെ സമരാഞ്ച്‌ അഭിപ്രായപ്പെട്ടു. മൂന്ന്‌ ദശാബ്‌ത്തോളം ഒളിംപിക്‌ പ്രസ്ഥാനത്തിന്റെ തലവനായി തുടര്‍ന്ന സമരാഞ്ച്‌ ചൈനയുടെ ഒളിംപിക്‌സ്‌ നേട്ടങ്ങളെ വളരെ അരികില്‍ നിന്ന്‌ കണ്ടയാളാണ്‌. 1984 ലെ ലോസാഞ്ചലസ്സ്‌ ഒളിംപിക്‌സില്‍ ചൈന ഒളിംപിക്‌സ്‌ ചരിത്രത്തിലെ ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌ സമരാഞ്ചിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. 2001 ലെ ഐ.ഒ.സി യോഗത്തില്‍ വെച്ച്‌ ചൈനക്ക്‌ 2008 ലെ ഒളിംപിക്‌സ്‌ സമ്മാനിച്ചത്‌ മറ്റാരുമായിരുന്നില്ല. 2001 മുതല്‍ 208 വരെയുള്ള കാലയളവില്‍ ലോകത്തിന്‌ നല്‍കിയ വാക്ക്‌ പാലിക്കുന്നതില്‍ ചൈന പാലിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്‌. ഒളിംപിക്‌സ്‌ നടത്തുക എളുപ്പമുളള കാര്യമല്ല. തടസ്സങ്ങള്‍ പലവിധമുണ്ടാവും. അതിനെയെല്ലാം പരാജയപ്പെടുത്തുന്നതിലാണ്‌ സംഘാടകരുടെ മികവെന്നും അദ്ദേഹം പറഞ്ഞു.

No comments: