Thursday, August 14, 2008

ONE..., TWO..., THREE


ബെയ്‌ജിംഗ്‌: ഇന്നാണ്‌ ശരിക്കും ഒളിംപിക്‌സ്‌ തുടങ്ങുന്നത്‌.... ട്രാക്കും ഫീല്‍ഡും ഇന്ന്‌ മുതല്‍ കത്തിയാളും. കൂടുതല്‍ ഉയരവും വേഗവും തേടി പക്ഷിക്കൂട്ടിലെ സിന്തറ്റിക്‌ മണ്ണ്‌ ഇന്ന്‌ മുതല്‍ ലോക യുവത്വം ആവേശമാക്കും. ഒളിംപിക്‌സിന്റെ കരുത്ത്‌ എന്നും ട്രാക്കും ഫീല്‍ഡുമായിരുന്നു. വേഗതയുടെ പര്യായങ്ങളായി മാറാന്‍ താരങ്ങള്‍ കൊമ്പ്‌ കോര്‍ക്കുമ്പോള്‍ ഓര്‍മ്മയിലേക്ക്‌ മിന്നല്‍പിണര്‍ പോലെ ജെസ്സി ഓവന്‍സും മൈക്കല്‍ ജോണ്‍സണും കാള്‍ലൂയിസും മൗറിസ്‌ ഗ്രീനും മരിയം ജോണ്‍സും മേരി ജോയുമെല്ലാം ഓടിയെത്തും. ഇത്തവണയും സൂപ്പര്‍ താരങ്ങള്‍ക്ക്‌ കുറവില്ല. ട്രാക്കിലേക്ക്‌ തീ പടര്‍ത്താന്‍ അസാഫ പവലും ടൈസണ്‍ ഗേയും ഉസൈന്‍ ബോള്‍ട്ടുമെല്ലാമുണ്ട്‌. പക്ഷേ മെഡല്‍പ്പട്ടികയില്‍ ചൈനക്കൊപ്പമെത്താന്‍ അമേരിക്ക ദര്‍ശിക്കുന്ന കനകാവസരം ട്രാക്കിലാണ്‌. ചൈനക്ക്‌ വേഗതയുടെ വെല്ലുവിളി നടത്താന്‍ താരങ്ങള്‍ കുറവാണ്‌. പക്ഷേ ജമൈക്കയും റഷ്യയും ജര്‍മനിയുമെല്ലാം അമേരിക്കന്‍ വേഗതക്ക്‌ മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ കഴിയുന്നവരാണ്‌.
നിലവിലെ കണക്കില്‍ അമേരിക്കക്ക്‌ തന്നെയാണ്‌ ട്രാക്കില്‍ ആധിപത്യം. അത്രക്കും ശക്തമായ ട്രയല്‍സും നടത്തിയാണ്‌ അമേരിക്കന്‍ സംഘം ചൈനയില്‍ എത്തിയിരിക്കുന്നത്‌. ഇത്‌ വരെ ചൈനയില്‍ യു.എസ്‌ സാന്നിദ്ധ്യം മൈക്കല്‍ ഫെല്‍പ്‌സ്‌ എന്ന നീന്തല്‍ സൂപ്പര്‍ താരം മാത്രമാണ്‌. മെഡല്‍പ്പട്ടികയില്‍ ചൈന കുതികുതിക്കുമ്പോള്‍ അവരെ ഒന്ന്‌ പിടിക്കാന്‍ അമേരിക്കന്‍ സംഘം മോഹിക്കുന്നു. അവരുടെ യഥാര്‍
ത്ഥ പോരാട്ടം ഇന്ന്‌ മുതല്‍ ദര്‍ശിക്കാനാവും.
ലോകത്തിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനെ കണ്ടെത്താനുളള പോരാട്ടമായിരിക്കും കേമം. ഇന്ന്‌ തന്നെ ഹീറ്റ്‌സുകള്‍ സ്‌പ്രിന്റില്‍ നടക്കുന്നുണ്ട്‌. ഫൈനല്‍ നാളെയാണ്‌. 100 മീറ്ററില്‍ അമേരിക്ക ഉയര്‍
ത്തികാണിക്കുന്നത്‌ ടൈസണ്‍ ഗേ എന്ന കരുത്തനെയാണ്‌. 9.68 സെക്കന്‍ഡിലാണ്‌ അമേരിക്കന്‍ ട്രയല്‍സില്‍ നിന്നും ഗേ ഒളിംപിക്‌സ്‌ യോഗ്യത നേടിയത്‌. കാറ്റിന്റെ ആനുകൂല്യത്തിലാണെങ്കിലും ചൈനീസ്‌ കാലാവസ്ഥയില്‍ സംതൃപ്‌തി പ്രകടിപ്പിച്ച ഗേക്ക്‌ നന്നായി കുതിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ്‌. അമേരിക്കന്‍ സ്‌പ്രിന്റ്‌്‌ സംഘത്തില്‍ ഗേയെ കൂടാതെ വാള്‍ഡര്‍ ഡിക്‌സ്‌, ഡാര്‍വിസ്‌ പാറ്റണ്‍ എന്നിവരുണ്ട്‌. വാള്‍ഡര്‍ ഡിക്ക്‌സ്‌ 9.80 സെക്കന്‍ഡിലും പാറ്റണ്‍ 9.84 സെക്കന്‍ഡിലും യോഗ്യത നേടിയവരാണ്‌.
100 മീറ്ററില്‍ അമേരിക്കക്ക്‌ കാര്യമായ വെല്ലുവിളി ജമൈക്കയില്‍ നിന്നാണ്‌. അസാഫ പവല്‍, ഉസൈന്‍ ബോള്‍ട്ട്‌ എന്നീ രണ്ട്‌ ജമൈക്കക്കാര്‍ ആരെയും തോല്‍പ്പിക്കാന്‍ കരുത്തുളളവരാണ്‌. 100 മീറ്ററില്‍ സ്വര്‍ണ്ണം സ്വന്തമാക്കാനായാല്‍ തീര്‍ച്ചയായും തങ്ങളുടെ രാജ്യത്തിന്‌ ലോകത്തോളം ഉയരാന്‍ കഴിയുമെന്ന്‌ രണ്ട്‌ പേര്‍ക്കുമറിയാം. നിലവിലെ 100 മീറ്റര്‍ ലോക റെക്കോര്‍ഡ്‌ ബോള്‍ട്ടിന്റെ പേരിലാണ്‌. നേരത്തെ ഇത്‌ പവലിന്റെ വിലാസമായിരുന്നു. സമീപകാലത്ത്‌ നടന്ന രണ്ട്‌്‌ യൂറോപ്യന്‍ ഗ്രാന്‍ഡ്‌പ്രികളില്‍ പവല്‍ കരുത്തുറ്റ പ്രകടനം നടത്തിയ സാഹചര്യത്തില്‍ ബെയ്‌ജിംഗില്‍ സ്വര്‍ണ്ണം ആരുടെ കഴുത്തിലേക്ക്‌ വരുമെന്നത്‌ പ്രവചനാതീതം. എന്തായാലും ഈ മൂന്ന്‌ പേരെ പിന്തള്ളി മറ്റൊരാള്‍ വരാന്‍ സാധ്യത കുറവാണ്‌. ഈ മൂന്ന്‌ പേരും 200 മീറ്ററിലും ഇറങ്ങുന്നുണ്ട്‌. ഇവിടെയും ശക്തമായ മല്‍സരം ഉറപ്പാണ്‌.
നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ അമേരിക്ക ട്രാക്കില്‍ നിന്ന്‌ മാത്രം 25 മെഡലുകളാണ്‌ സ്വന്തമാക്കിയത്‌. ഇത്തവണ അവരുടെ ലക്ഷ്യം മുപ്പത്‌ മെഡലുകളാണ്‌. ആ ലക്ഷ്യം നിറവേറ്റാനായാല്‍ ചൈനക്കൊപ്പം മെഡല്‍ നിലയില്‍ മുന്നേറാന്‍ കഴിയുമെന്നാണ്‌ ടീം മാനേജ്‌മെന്റിന്റെ കണക്ക്‌്‌കൂട്ടല്‍.
വനിതാ വിഭാഗം സ്‌പ്രിന്റില്‍ അമേരിക്ക ഉയര്‍ത്തികാണിക്കുന്നത്‌ അലിസണ്‍ ഫെലിക്‌സിനെയാണ്‌. മുന്നാ ലീയും സമീപകാലത്ത്‌്‌ കരുത്ത്‌ പ്രകടിപ്പിച്ചിട്ടുണ്ട്‌. ഏതന്‍സില്‍ അമേരിക്കന്‍ വനിതകളുടെ തിളങ്ങുന്ന പ്രതീകം മരിയം ജോണ്‍സായിരുന്നു. പക്ഷേ ഇന്ന്‌ ആ പേര്‌ ഉച്ചരിക്കാന്‍ ഒരു അമേരിക്കന്‍ വനിതാ താരവും തയ്യാറാവുന്നില്ല. മരുന്നടിക്ക്‌ പിടിക്കപ്പെട്ട ജോണ്‍സിന്‌ ഏതന്‍സില്‍ ലഭിച്ചതെല്ലാം തിരികെ നല്‍കേണ്ടി വന്നിരുന്നു. മധ്യദൂര ഇനങ്ങളിലും അമേരിക്കയുടെ ശക്തമായ സാന്നിദ്ധ്യമുണ്ട്‌. 1500, 5000 മീറ്ററുകളില്‍ ആഫ്രിക്കന്‍ താരങ്ങളുടെ ആധിപത്യത്തിന്‌ വെല്ലുവിളി ഉയര്‍ത്താന്‍ ബര്‍ണാഡ്‌ ലാഗട്ടുണ്ട്‌. 400 മീറ്ററില്‍ വാറിനര്‍ മല്‍സരിക്കുന്നു.
അമേരിക്ക കഴിഞ്ഞാല്‍ ജമൈക്കയാണ്‌ ട്രാക്കിലെ പ്രത്യേകിച്ച്‌ സ്‌പ്രിന്റ്‌്‌ ഇനങ്ങളിലെ നിറസാന്നിദ്ധ്യം. അസാഫ പവലും ഉസൈന്‍ ബോള്‍ട്ടും മാത്രമല്ല ജമൈക്കന്‍ ആവനാഴിയിലെ അമ്പുകള്‍. 10 മീറ്ററിലെ വനിതാ സാന്നിദ്ധ്യമാണ്‌ വെറോണിക കാംമ്പല്‍. കാംമ്പലിനെ കൂടാതെ മിന്നല്‍ വേഗതയില്‍ പറക്കാന്‍ കരുത്തുള്ള കെരോണ്‍ സ്‌റ്റീവര്‍ട്ട്‌, ഷെല്ലി ആന്‍ഫ്രേസര്‍, വെറോണ്‍ സാംസണ്‍ എന്നിവരുമുണ്ട്‌. ഈ താരങ്ങള്‍ മിന്നുമ്പോള്‍ 4-100 മീറ്റര്‍ സ്‌പ്രിന്റ്‌ റിലേയില്‍ ജമൈക്കയെ പിറകിലാക്കാന്‍ ആര്‍ക്കും കഴിയാത്തത അവസ്ഥയാണ്‌.
കെനിയ, ഏത്യോപ്യ, മൊറോക്കോ തുടങ്ങിയ ആഫ്രിക്കന്‍ രാജ്യങ്ങളാണ്‌ എന്നും ദീര്‍ഘദൂര ഓട്ടങ്ങളിലെ രാജാക്കന്മാര്‍. കെനിയന്‍ സംഘമാണ്‌ പതിവ്‌ പോലെ ഇത്തവണയും കൂടുതല്‍ താരങ്ങളെ ഈ ഇനത്തില്‍ അവതരിപ്പിക്കുന്നത്‌. പുരുഷന്മാരുടെ 800 മീറ്ററില്‍ ലോക ചാമ്പ്യന്‍ അഫ്രൈഡ്‌ കിര്‍വ, 5000 മീറ്ററില്‍ എലിയൂദ്‌ കിപ്‌ചോഗെ, 10,000 മീറ്ററില്‍ മോസസ്‌ മോസാപ്‌, വനിതകളുടെ 800 മീറ്ററില്‍ ചപ്‌കോസ്‌ഗി, 400 മീറ്ററില്‍ എലിസബത്ത്‌ മുത്തോക്ക എന്നിവര്‍ കെനിയന്‍ കരുത്തിന്റെ പ്രതീകങ്ങളാണ്‌. ആതിഥേയരായ ചൈനയുടെ ട്രാക്കിലെ തുരുപ്പ്‌ ചീട്ട്‌ ഹര്‍ഡിലര്‍ ലിയു സിയാംഗ്‌ മാത്രമാണ്‌. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ലോകത്തെ വിറപ്പിച്ച ലിയു പഴയ ഫോമിന്റെ അരികിലെത്തുന്നില്ല. എങ്കിലും ചൈനക്കാര്‍ സ്വന്തം താരത്തില്‍ നിന്ന്‌ മറ്റൊരു അല്‍ഭുതമാണ്‌ പ്രതീക്ഷിക്കുന്നത്‌.
യൂറോപ്യന്‍ രാജ്യങ്ങളായ ബ്രിട്ടനും ജര്‍മനിക്കും റഷ്യക്കും ഇത്‌ വരെ കാര്യമായ നേട്ടം കൈവരിക്കാന്‍ ബെയ്‌ജിംഗില്‍ കഴിഞ്ഞിട്ടില്ല. ഏതന്‍സില്‍ 92 മെഡലുകളാണ്‌ റഷ്യ നേടിയത്‌. ഇതിലധികവും ട്രാക്കില്‍ നിന്നായിരുന്നു. വനിതകളുടെ പോള്‍വോള്‍ട്ടില്‍ റഷ്യ മാത്രമല്ല ലോകം തന്നെ സ്വര്‍ണ്ണം സൂപ്പര്‍താരം ഇസന്‍ബയേവക്ക്‌ സമ്മാനിച്ചിട്ടുണ്ട്‌. ലോംഗ്‌ ജംമ്പില്‍ തത്തിയാന ലെബദേവ, 3000 മീറ്റര്‍ സ്റ്റീ്‌പിള്‍ ചേസില്‍ യെകത്രീന, പുരുഷന്മാരുടെ 800 മീറ്ററില്‍ ബൊര്‍സോകോവിസ്‌കി എന്നിവരെല്ലാമുണ്ട്‌ റഷ്യക്ക്‌. ഫെന്‍സിംഗില്‍ മാത്രമാണ്‌ ഇത്‌ വരെ ജര്‍മന്‍ സാന്നിദ്ധ്യം കണ്ടത്‌. ട്രാക്കില്‍ അവര്‍ക്ക്‌ ഉയര്‍ത്തി കാണിക്കാന്‍ ആരുമില്ല. നാല്‌ വര്‍ഷത്തിന്‌ ശേഷം ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിക്കേണ്ടവരാണ്‌ ബ്രിട്ടന്‍. അതിനാല്‍ തന്നെ ട്രാക്കില്‍ നിന്നും അല്‍പ്പം മെഡലുകള്‍ അവര്‍ക്ക്‌ അഭിമാന പ്രശ്‌നമാണ്‌.
ലോകത്തിന്റെ കണ്ണും കാതും കവരാന്‍ പക്ഷിക്കൂട്‌ ഒരുങ്ങിക്കഴിഞ്ഞു. ഓഗസ്‌റ്റ്‌ എട്ടിലെ രാത്രിയില്‍ ഉദ്‌ഘാടന ചടങ്ങിലൂടെ ലോകത്തെ വിസ്‌മയിപ്പിച്ച കളിമുറ്റത്ത്‌ ഇന്ന്‌ മുതല്‍ കരുത്തരാണ്‌ ഇറങ്ങുന്നത്‌. ഇന്ന്‌ രാവിലെ തന്നെ വനിതകളുടെ ഹെപ്‌ടാത്ത്‌ലണിലൂടെയാണ്‌ കളം ഉണരുന്നത്‌. വനിതകളുടെ 10,000 മീറ്റര്‍ ഫൈനല്‍ ഉള്‍പ്പെടെ നാല്‌ ഫൈനലുകള്‍ ആദ്യ ദിവസത്തെ അവിസ്‌മരണീയമാക്കും.

ശോഭ,പ്രീജ ഇന്ന്‌ ട്രാക്കില്‍
ബെയ്‌ജിംഗ്‌: അഭിനവ്‌ ബിന്ദ്രയെന്ന പഞ്ചാബി സമ്മാനിച്ച സ്വര്‍ണ്ണത്തിന്റെ കരുത്തില്‍ പ്രതീക്ഷയുടെ പതിവ്‌ മുഖമാണ്‌ ഇന്ത്യന്‍ താരങ്ങളില്‍ കാണുന്നത്‌. ഇന്ന്‌ പക്ഷിക്കൂട്ടില്‍ ട്രാക്കും ഫീല്‍ഡും ഉണരുമ്പോള്‍ ഇന്ത്യ ആദ്യദിനത്തല്‍ തന്നെ സാന്നിദ്ധ്യം തെളിയിക്കാന്‍ രംഗത്തുണ്ട്‌. ഇന്ന്‌ ആദ്യ ഇനമായ വനിതകളുടെ ഹെപ്‌ടാത്ത്‌ലണില്‍ തന്നെ മൂന്ന്‌ പേരാണ്‌ രാജ്യത്തിനായി മല്‍സരിക്കുന്നത്‌. ജെ.ജെ ശോഭയും പ്രമീളയും സുസ്‌മിതയും. ഇവരില്‍ രാജ്യാന്തര അനുഭവസമ്പത്ത്‌ അധികമുളള ശോഭക്ക്‌ നേരിയ സാധ്യതകളുണ്ട്‌. ഇവര്‍ക്ക്‌ നിശ്ചയിക്കപ്പെട്ട ഒളിംപിക്‌സ്‌ യോഗ്യത 6000 പോയന്റായിരുന്നു. ലക്ഷ്യത്തിലേക്ക്‌ കിതച്ചെത്തിയവരാണ്‌ മൂന്ന്‌ പേരും. എങ്കിലും ഇവിടെ മല്‍സരക്കളത്തില്‍ അധികം താരങ്ങളില്ല എന്നത്‌ ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ആശ്വാസം നല്‍കുന്നുണ്ട്‌. ഓട്ടും ചാട്ടവും ത്രോകളുമായി ഏഴിനങ്ങളിലാണ്‌ ഹെപ്‌ടാത്തലണില്‍ മല്‍സരം. ഓരോ ഇനത്തിനും 1000 പോയന്റ്‌. ഏറ്റവുമികം പോയന്റ്‌ ലഭിക്കുന്നവര്‍ക്കാണ്‌ മെഡലുകള്‍. ഇന്ത്യന്‍ താരങ്ങള്‍ക്ക്‌ ഇത്‌ വരെ 6000 വരെ പോയന്റുകളാണ്‌ താണ്ടാനായത്‌. അതിനാല്‍ തന്നെ മെഡലിലേക്ക്‌ വരാന്‍ നല്ല മുന്നേറ്റം നടത്തണം. ദോഹയില്‍ നടന്ന അവസാന ഏഷ്യന്‍ ഗെയിംസില്‍ കരുത്തുറ്റ പ്രകടനമാണ്‌ ഇന്ത്യന്‍ താരങ്ങള്‍ നടത്തിയത്‌. പക്ഷേ ഇവിടെ യൂറോപ്യന്‍, ആഫ്രിക്കന്‍ പ്രാതിനിധ്യമുണ്ട്‌. അതാണ്‌ വെല്ലുവിളി. ഹെപ്‌ടാത്ത്‌ലണില്‍ ഇന്ന്‌ ആദ്യ ഇനം 100 മീറ്റര്‍ ഹര്‍ഡില്‍സാണ്‌. അത്‌ രാവിലെ നടക്കും. അതിന്‌ ശേഷം ഹൈജംമ്പ്‌. ഈ മല്‍സരത്തോടെ പിരിയുന്ന താരങ്ങള്‍ വൈകീട്ട്‌ ഷോട്ട്‌പുട്ടിനും 200 മീറ്ററിനുമായി തിരിച്ചെത്തും. ബാക്കി മല്‍സരങ്ങള്‍ നാളെ നടക്കും. ഡിസ്‌ക്കസ്‌ ത്രോ താരങ്ങളായ ഹര്‍വന്ത്‌ കൗറും കൃഷ്‌്‌ണ പുനിയയും ഇന്ന്‌ ഇറങ്ങുന്നു.
ബെലാറൂസില്‍ നിന്നുള്ള കോച്ച്‌ നിക്കോളായി നല്‍കിയ ഉപദേശ നിര്‍ദ്ദേശങ്ങളുമായാണ്‌ പ്രീജ ശ്രീധരന്‍ ഇന്ന്‌ 10,000 മീറ്ററില്‍ ഇറങ്ങുന്നത്‌. രാജ്യാന്തര തലത്തില്‍ അതിവേഗം മികവ്‌ പ്രകടിപ്പിക്കുന്ന പ്രീജക്ക്‌ പക്ഷേ കാര്യങ്ങള്‍ എളുപ്പമല്ല. മല്‍സരക്കളത്തില്‍ 32 പേരുണ്ട്‌. ഇവരില്‍ ലോക ജേത്രി സിംബാബ്‌വെക്കാരി തരുണിഷിനെ പോലുളളവരുണ്ട്‌. ഇന്നലെ സംസാരിക്കവെ മെഡലല്ല ഏറ്റവും മികച്ച പ്രകടനം നടത്തുകയാണ്‌ തന്റെ ലക്ഷ്യമെന്ന്‌ പ്രീജ പറഞ്ഞു.
4-400 മീറ്റര്‍ റിലേയില്‍ ഏഷ്യന്‍ വനിതാ ചാമ്പ്യന്മാരാണ്‌ ഇന്ത്യ. ദോഹ ഏഷ്യന്‍ ഗെയിംസില്‍ രാജ്യത്തിന്റെ അഭിമാനമുയര്‍ത്തിയവര്‍. അവരെല്ലാം ഇവിടെയമുണ്ട്‌. മലയാളിയായ ചിത്ര കെ സോമനും മന്‍ജിത്‌ കൗറും സിനി ജോസുമെല്ലാം പ്രതീക്ഷയില്‍ തന്നെ. ഏതന്‍സില്‍ ഇന്ത്യന്‍ റിലേ ടീം ഏഴാമതായിരുന്നു. ആ സ്ഥാനം മെച്ചപ്പെടുത്തുകയാണ്‌ ഇന്ത്യന്‍ ലക്ഷ്യം. വനിതാ വിഭാഗം ലോംഗ്‌ജംമ്പില്‍ അഞ്‌ജു ബോബി ജോര്‍ജ്ജ്‌ മല്‍സരിക്കുന്നുവെങ്കിലും ഒരു സാധ്യതയുമില്ല. ഏഴ്‌ മീറ്ററിലധികം ചാടിയ ഏഴ്‌ പേര്‍ ഇവിടെ മല്‍സരിക്കുന്നു. അഞ്‌ജുവിന്‌ ഇപ്പോഴും ഏഴ്‌ മീറ്റര്‍ സ്വപ്‌ന ദൂരമാണ്‌. വനിതകളുടെ ഡിസ്‌ക്കസില്‍ രണ്ട്‌ പേരുണ്ട്‌ ഇന്ത്യന്‍ പ്രതിനിധികള്‍-കൃഷ്‌ണ പുനിയയും ഹര്‍വന്ത്‌ കൗറും. രണ്ട്‌ പേരും പങ്കെടുത്ത്‌ വിജയിപ്പിക്കാനാണ്‌ എത്തിയിരിക്കുന്നത്‌. പുരുഷന്മാരുടെ ട്രിപ്പിള്‍ ജംമ്പില്‍ മലയാളിയായ രണ്‍ജിത്‌ മഹേശ്വരി, ഡിസ്‌ക്കസ്‌ ത്രോയില്‍ വികാസ്‌ ഗൗഡ്‌, 10,000 മീറ്ററില്‍ സുരിന്ദര്‍ സിംഗ്‌ എന്നിവരും മല്‍സരത്തിനുണ്ട്‌.

No comments: