Saturday, August 2, 2008

BIG OLYMPICSദി ബെസ്റ്റ്‌
ബെയ്‌ജിംഗ്‌: ആരൊക്കെ കുറ്റം പറഞ്ഞാലും ചൈനക്ക്‌ ഇനി അത്‌ പ്രശ്‌നമല്ല-അവര്‍ക്ക്‌ ഏറ്റവും വലിയ അംഗീകാരം ഇന്നലെ ലഭിച്ചു. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തലവന്‍ ജാക്വസ്‌ റോജി ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും മഹത്തായ ഗെയിംസായിരിക്കുമെന്ന്‌്‌ ഇന്നലെ ലോക മാധ്യമങ്ങളെ സാക്ഷിയാക്കി പ്രഖ്യാപിച്ചപ്പോള്‍ ഇതിലും വലിയ അംഗീകാരം ഇനി ചൈനക്ക്‌്‌ ലഭിക്കാനില്ല. ഒരു ഭാഗത്ത്‌ പാശ്ചാത്യ ലോബികള്‍ മലിനീകരണവും ഭക്ഷണവുമെല്ലാം പ്രശന്‌മാക്കുന്നു. മറുഭാഗത്ത്‌ തീവ്രവാദികള്‍ ഗെയിംസ്‌ അട്ടിമറിക്കാന്‍ കച്ചക്കെട്ടുന്നു. അതിനിടയിലാണ്‌ റോജിയുടെ വാക്കുകള്‍.
ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വില്ലേജ്‌ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലേജാണെന്ന്‌ അദ്ദേഹം പറഞ്ഞു. ഇത്‌ കേവലം ഭംഗിവാക്കല്ല. അനുഭവത്തില്‍ നിന്നുള്ള നിലപാടാണ്‌. 1968 ല്‍ മോസ്‌ക്കോയില്‍ നടന്ന ഒളിംപിക്‌സ്‌ മുതല്‍ ഒളിംപിക്‌സ്‌ വില്ലേജിലെ സ്ഥിരക്കാരനാണ്‌ റോജി. 68 മുതല്‍ ഇങ്ങോട്ടുളള എല്ലാ ഒളിംപിക്‌സുകളിലും സംഘാടകന്‍ എന്ന നിലയില്‍ അദ്ദേഹം വില്ലേജിലുണ്ടാവാറുണ്ട്‌. ഇങ്ങനെ മനോഹരവും സൗകര്യപ്രദവുമായ വില്ലേജ്‌ കണ്ടിട്ടില്ലെന്നാണ്‌ അദ്ദേഹം പറയുന്നത്‌. ദിവസങ്ങള്‍ക്ക്‌ മുമ്പ്‌ തന്നെ ഇവിടെയെത്തിയ റോജി വെള്ളിയാഴ്‌ച്ചയാണ്‌ വില്ലേജ്‌ ചുറ്റിക്കണ്ടത്‌. 66 ഹെക്ടര്‍ വിസ്‌തൃതിയില്‍ 16,000 അത്‌ലറ്റുകള്‍ക്കും ഒഫീഷ്യലുകള്‍ക്കുമായി ഒരുക്കിയ വില്ലേജ്‌ ജൂലൈ 27 നാണ്‌ തുറന്നത്‌.
എല്ലാ അര്‍ത്ഥത്തിലും ഒളിംപിക്‌ ചരിത്രത്തിലെ ഏറ്റവും മികച്ച വില്ലേജ്‌ ഇത്‌ തന്നെയാണെന്ന്‌ ഐ.ഒ.സി മുന്‍ തലവന്‍ ജുവാന്‍ അന്റോണിയോ സമരാഞ്ചും ഇന്നലെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വിജയകരമായി തന്നെ നടക്കുമെന്ന കാര്യത്തില്‍ റോജിക്കും സമരാഞ്ചിനും സംശയങ്ങളില്ല. എല്ലാ വേദികളും ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട്‌. വേദികളില്ലെല്ലാം പരീക്ഷണാര്‍ത്ഥം പല മല്‍സരങ്ങളും നടന്നു. എല്ലാം വിജയകരമാണെന്ന്‌ റോജി വ്യക്തമാക്കി. ഓഗസ്‌റ്റ്‌ ഒമ്പതിന്‌, ഗെയിംസ്‌ ഉദ്‌ഘാടനം ചെയ്യപ്പെട്ടതിന്റെ അടുത്ത ദിവസം മുതല്‍ സംഘാടകരുടെ കരുത്ത്‌ വ്യക്തമാവുമെന്ന കാര്യത്തില്‍ അദ്ദേഹത്തിന്‌ സംശയമില്ല. 9,000 ത്തോളം അത്‌ലറ്റുകള്‍ ഉദ്‌ഘാടന ദിവസം നടക്കുന്ന താരങ്ങുടെ മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കും. ഇറാഖില്‍ നിന്നുളള താരങ്ങളുടെ സാന്നിദ്ധ്യം ഉറപ്പായതോടെ എല്ലാ രാജ്യങ്ങള്‍ക്കും പ്രാതിനിധ്യമായി. ഇറാഖിന്‌ തുടക്കത്തില്‍ അനുമതി നല്‍കിയിരുന്നില്ല. പിന്നീട്‌ നടന്ന ചര്‍ച്ചകളാണ്‌ ഫലപ്രദമായത്‌. നാല്‌ ഇറാഖി താരങ്ങള്‍ മാര്‍ച്ച്‌ പാസ്‌റ്റില്‍ അണിനിരക്കും. ചില അത്‌ലറ്റുകള്‍ ചൈനയിലെ മനുഷ്യാവകാശ ലംഘനത്തില്‍ പ്രതിഷേധിച്ച്‌ ആം ബാന്‍ഡ്‌ അണിയാന്‍ സാധ്യതയുണ്ടോയെന്ന്‌ ചോദിച്ചപ്പോള്‍ താരങ്ങള്‍ക്ക്‌ അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ പൊതുവേദികളില്‍ അത്തരം പ്രതിഷേധം പ്രോല്‍സാഹിപ്പിക്കാന്‍ കഴിയില്ലെന്നും റോജി പറഞ്ഞു.
ചൈനക്ക്‌ ഏറ്റവും മികച്ച ഒളിംപിക്‌സ്‌ സംഘടിപ്പിക്കാനാവുമെന്ന്‌ ചൈന-സ്‌പെയിന്‍ ഫോറത്തിന്റെ യോഗത്തില്‍ സംസാരിക്കവെ സമരാഞ്ച്‌ അഭിപ്രായപ്പെട്ടു. മൂന്ന്‌ ദശാബ്‌ത്തോളം ഒളിംപിക്‌ പ്രസ്ഥാനത്തിന്റെ തലവനായി തുടര്‍ന്ന സമരാഞ്ച്‌ ചൈനയുടെ ഒളിംപിക്‌സ്‌ നേട്ടങ്ങളെ വളരെ അരികില്‍ നിന്ന്‌ കണ്ടയാളാണ്‌. 1984 ലെ ലോസാഞ്ചലസ്സ്‌ ഒളിംപിക്‌സില്‍ ചൈന ഒളിംപിക്‌സ്‌ ചരിത്രത്തിലെ ആദ്യ സ്വര്‍ണ്ണം സ്വന്തമാക്കിയത്‌ സമരാഞ്ചിന്റെ സാന്നിദ്ധ്യത്തിലായിരുന്നു. 2001 ലെ ഐ.ഒ.സി യോഗത്തില്‍ വെച്ച്‌ ചൈനക്ക്‌ 2008 ലെ ഒളിംപിക്‌സ്‌ സമ്മാനിച്ചത്‌ മറ്റാരുമായിരുന്നില്ല. 2001 മുതല്‍ 208 വരെയുള്ള കാലയളവില്‍ ലോകത്തിന്‌ നല്‍കിയ വാക്ക്‌ പാലിക്കുന്നതില്‍ ചൈന പാലിച്ച ജാഗ്രത അഭിനന്ദനാര്‍ഹമാണ്‌. ഒളിംപിക്‌സ്‌ നടത്തുക എളുപ്പമുളള കാര്യമല്ല. തടസ്സങ്ങള്‍ പലവിധമുണ്ടാവും. അതിനെയെല്ലാം പരാജയപ്പെടുത്തുന്നതിലാണ്‌ സംഘാടകരുടെ മികവെന്നും അദ്ദേഹം പറഞ്ഞു.

No comments: