Thursday, August 21, 2008

COLOUM P.A HAMSA

ബെയ്‌ജിംഗില്‍ നിന്ന്‌
ഇന്നലെ കനത്ത മഴയായിരുന്നു ഇവിടെ. ശരിക്കും പറഞ്ഞാല്‍ മണിക്കൂറുകള്‍ ദീര്‍ഘിച്ച പേമാരി. ഞങ്ങളെല്ലാം പേടിച്ചുപോയി. രണ്ട്‌ മണിക്കൂറോളം ഇടതടവില്ലാതെ മഴ. ഈ മഴ നമ്മുടെ നാട്ടിലാണെങ്കില്‍ റോഡുകളും തെരുവുകളുമെല്ലാം വെള്ളത്തില്‍ മുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ഇവിടെ രണ്ട്‌ മണിക്കൂര്‍ തകര്‍ത്ത്‌ പെയ്‌ത മഴ ശമിച്ചപ്പോള്‍ റോഡിലോ, നിരുത്തകളിലോ, തെരുവുകളിലോ വെള്ളമേയില്ല...! ശരിക്കും അല്‍ഭുതമായിരുന്നു അത്‌. തൊട്ട്‌മുമ്പ്‌ കനത്ത്‌ പെയ്‌ത മഴയില്‍ വിറങ്ങലിച്ച ബെയ്‌ജിംഗാണോ ഇതെന്ന്‌ തോന്നിപ്പോവും. അത്രമാത്രം മികച്ചതും നൂതനവുമാണ്‌ ഇവിടെയുളള ഡ്രെയിനേജ്‌ സിസ്‌റ്റം. നാട്ടിലെ കാനോലി കനാല്‍ പോലെ ഇവിടെ ഭൂഗര്‍ഭകനാലുകളിലൂടെ അശുദ്ധജലത്തെ ഒഴിവാക്കി വഴിയോരങ്ങളെ പതിവ്‌ നിലയിലാക്കുന്നു.
ഇന്നലെ രാവിലെ ഡല്‍ഹി കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ സെക്യൂരിറ്റി സമിതിയുടെ യോഗമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയും ലളിത്‌ ഭാനോട്ടും രണ്‍ധീര്‍ സിംഗുമെല്ലാം പങ്കെടുത്ത യോഗം. കല്‍മാഡിയും രണ്‍ധീര്‍ജിയുമെല്ലാം വളരെ ആഹ്ലാദത്തിലാണ്‌. അഭിനവ്‌ ബിന്ദ്ര നേടിയ സ്വര്‍ണ്ണത്തിന്‌ പിറകെ ഗുസ്‌തിയില്‍ സുശീല്‍കുമാര്‍ സമ്മാനിച്ച വെങ്കലവും വിജേന്ദറിന്റെ ബോക്‌സിംഗ്‌ നേട്ടവുമെല്ലാം ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടാക്കിയിരിക്കന്ന സന്തോഷം പറഞ്ഞറിയിക്കാനാവില്ല. 2010 ലെ കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ ആതിഥ്യമരുളുമ്പോള്‍ ലോകത്തിന്‌ മുന്നില്‍ ഇന്ത്യന്‍ കായികരംഗത്തിന്റെ കരുത്ത്‌ പ്രകടിപ്പിക്കണം. അതിനാണ്‌ ബെയ്‌ജിംഗ്‌ വഴിയൊരുക്കിയിരിക്കുന്നത്‌. ഇന്ത്യന്‍ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമാണ്‌ ഇപ്പോള്‍ സമ്പാദിച്ചിരിക്കുന്നത്‌. ഇത്‌ നമ്മുടെ കായികരംഗത്തെ കരുത്തോടെ മുന്നോട്ട്‌ നയിക്കുമെന്നും കല്‍മാഡി പറഞ്ഞു. ഇന്ത്യന്‍ സംഘം ഇവിടെയെത്തിയപ്പോള്‍ വലിയ പ്രതീക്ഷകള്‍ കല്‍മാഡിക്കും രണ്‍ധീര്‍ജിക്കുമെല്ലാമുണ്ടായിരുന്നെന്ന്‌ അവരുടെ വാക്കുകള്‍ തെളിയിച്ചു. അഭിനവ്‌ ബിന്ദ്ര സ്വര്‍ണ്ണം നേടിയതിന്‌ പിറകെയാണ്‌ സൂശിലിന്റെ വെങ്കലവും വിജേന്ദറിന്റെ സെമിബെര്‍ത്തും കണ്ടത്‌. ആസുത്രിതമായ കായിക വികസനത്തിലൂടെ ഭാവിയില്‍ കൂടുതല്‍ മെഡലുകളും ട്രോഫികളും സ്വന്തമാക്കാന്‍ ഇന്ത്യക്കാവുമെന്ന്‌ കല്‍മാഡി ആവര്‍ത്തിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ആത്മവിശ്വാസത്തെ അംഗീകരിക്കാതെ വയ്യ.
കോമണ്‍വെല്‍ത്ത്‌ ഗെയിംസ്‌ ഏറ്റവും വലിയ വിജയമാക്കാന്‍ കഴിയുമെന്നാണ്‌ അദ്ദേഹം ചര്‍ച്ചക്കിടെ പറഞ്ഞത്‌. സംഘാടനത്തില്‍ ദോഹയും ബെയ്‌ജിംഗും വിസ്‌മയമായിരുന്നു. ആ വിസ്‌മയം ഡല്‍ഹിയില്‍ ആവര്‍ത്തിക്കാനാവുമെന്ന കാര്യത്തിലും കല്‍മാഡിക്ക്‌ സംശയങ്ങളില്ല. ഇന്നലെ കിളിക്കൂട്ടില്‍ വെച്ച്‌ ഒരു മലയാളിയെ കണ്ടു. വയനാട്ടിലെ ചൂരല്‍മല സ്വദേശിയായ എം.എ.കെ മുഹമ്മദിനെ. ഇവിടെ വര്‍ഷങ്ങളായി കയറ്റുമതി വ്യാപാരം നടത്തുകയാണ്‌ മുഹമ്മദ്‌. അദ്ദേഹത്തിന്‌ ചൈനയെയും ബെയ്‌ജിംഗിനെയും കുറിച്ച്‌ പറയാന്‍ നൂറ്‌ നാക്ക്‌. നമ്മുടെ നാടിനെ ശപിക്കാനും അദ്ദേഹം മറക്കുന്നില്ല. ഇത്‌ കമ്മ്യൂണിസ്റ്റ്‌ രാജ്യമാണ്‌. പക്ഷേ നമ്മുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റുകാര്‍ പാര്‍ട്ടിയുടെ പേരില്‍ നടത്തുന്ന ഒരു കൂത്താട്ടവും ഇവിടെയില്ല. രാഷ്‌ട്രീയ കൊലപാതകങ്ങളില്ല, ബന്ദുകളോ, ഹര്‍ത്താലുകളോ ഇല്ല. ശരിക്കും വികസിത രാജ്യമാണ്‌ ചൈന. എല്ലാ അര്‍ത്ഥത്തിലും അമേരിക്കക്കൊപ്പം നില്‍ക്കാന്‍ കരുത്തുളളവര്‍. മുഹമ്മദിന്റെ വാക്കുകള്‍ സത്യമാണെന്ന്‌ എന്റെ ചുരുങ്ങിയ ചൈനീസ്‌ അനുഭവത്തില്‍ നിന്ന്‌ വ്യക്തമായിട്ടുണ്ട്‌.
ഇവിടെ ജീവിതം വളരെ വേഗത്തിലാണ്‌. വരട്ട്‌ തത്വശാസ്‌ത്രത്തിന്റെ വഴിയില്‍ ജിവിതത്തെയും വികസനത്തെയും ഹോമിക്കാന്‍ ചൈനക്കാര്‍ തയ്യാറല്ല. കെട്ടിടങ്ങള്‍ കാണണം. എല്ലാം അംബരചുംബികള്‍. ഏറ്റവും മികച്ച ഫര്‍ണിച്ചറുകള്‍, അത്യാധുനിക സൗകര്യങ്ങള്‍. പടിഞ്ഞാറില്‍ നിന്നും പഠിച്ച പല കാര്യങ്ങള്‍ക്കൊപ്പം സ്വന്തം സംസ്‌ക്കാരത്തെ നിലനിര്‍ത്തിയുള്ള പെരുമാറ്റത്തിലും ചൈനക്കാര്‍ ആദരവ്‌ നേടുന്നു.
ഇന്നലെ പെയ്‌ത കനത്ത മഴക്കിടെ ഞാനോര്‍ത്തത്‌ നമ്മുടെ കോഴിക്കോട്ടെ പാവമണി റോഡാണ്‌. ഒന്ന്‌ മഴ ചാറിയാല്‍ നമ്മുടെ റോഡ്‌ വെള്ളത്തിലാവും. റോഡ്‌ നന്നാക്കാമെന്നും ഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുമെന്നും നമ്മുടെ മേയര്‍മാരും ഭരണാധികാരികളും നാഴികക്ക്‌ നാല്‍പ്പത്‌ വട്ടം പറയും. പക്ഷേ ഒരു കാര്യമുണ്ടാവാറില്ല. ബെയ്‌ജിംഗിലോ പ്രാന്തങ്ങളിലോ തെരുവു പ്രസംഗങ്ങളോ, കവല യോഗങ്ങളോ, പരിപ്പുവട കച്ചവടമോ ഒന്നുമില്ല. ബെയ്‌ജിംഗ്‌ മേയറെയും അദ്ദേഹത്തിന്റെ ഓഫീസും കാണേണ്ടതാണ്‌.
ഇന്നലെ രാത്രി ചൈനീസ്‌ സുഹൃത്തായ ജാകിചാനൊപ്പം ബെയ്‌ജിംഗ്‌ പ്രാന്തത്തിലെ സെക്കിയിലെ ഒരു ഹോട്ടലിലായിരുന്നു ഭക്ഷണം. ഇവിടെ മൈന്‍ വ്യാപാരിയാണ്‌ ജാക്കി. നന്നായി സംസാരിക്കുന്ന ജാക്കി 1001 രാവുകള്‍ എന്ന മലയാളം അര്‍ദ്ധം വരുന്ന ഹോട്ടലിലേക്കാണ്‌ ക്ഷമിച്ചത്‌. നല്ല ഇന്ത്യന്‍ ഭക്ഷണം. ഇവിടെ പ്രത്യേകിച്ച്‌ കിളിക്കൂട്ടിലെ റസ്റ്റോറന്റുകളില്‍ ഭക്ഷണത്തിന്‌ വില കുറവാണ്‌. വിദേശികളെ അമിതവിലയില്‍ കൊല്ലരുതെന്ന്‌ സംഘാടകരുടെ കര്‍ശന നിര്‍ദ്ദേശമുണ്ട്‌. കിളിക്കൂടില്‍ നിന്ന്‌ 20 മിനുട്ട്‌ സഞ്ചരിച്ചാല്‍ സെക്കിയിലെത്താം. രാവിലെ ഇന്ത്യന്‍ ഭക്ഷണം തേടി ഒരു സര്‍ദാര്‍ജിയുടെ ഹോട്ടലില്‍ (താജ്‌ മാന്‍ഷന്‍) എത്തിയിരുന്നു. പക്ഷേ അദ്ദേഹം സ്വന്തം രാജ്യക്കാരനാണ്‌ എന്ന സ്‌നേഹം കാട്ടിയില്ല. കൊല്ലുന്ന വിലയായിരന്നു.
ഫോണ്‍ വിളിയാണ്‌ ചൈനയിലെ പോക്കറ്റടിക്കാരന്‍. ഒരു ലോക്കല്‍ കോളിന്‌ നമ്മുടെ നാട്ടിലെ 100 രൂപയെല്ലാം വരും. പലര്‍ക്കുമറിയാത്ത ഒരു കാര്യമുണ്ട്‌-ചൈനീസ്‌ ടെലഫോണ്‍ വകുപ്പ്‌ നല്‍കിയ നിര്‍ദ്ദേശം. നമ്പറുകള്‍ ഡയല്‍ ചെയ്യുന്നതിന്‌ മുമ്പ്‌ 1259300 എന്ന കോഡ്‌ ചേര്‍ത്താല്‍ ചാര്‍ജ്‌ പകുതി കുറയും. വിദേശികള്‍ക്ക്‌ പക്ഷേ ഈ സൗകര്യം അറിയില്ല. ജാക്കിയുടെ ഹോട്ടലില്‍ നിന്ന്‌ നല്ല ഹലാലായ ഭക്ഷണമാണ്‌ കഴിച്ചത്‌. നാളെ വെള്ളിയാഴ്‌ച്ച. ചൈനയില്‍ ഒരു ജുമുഅ നടത്തണം. ജുമാ മസ്‌ജിദ്‌ കാണിച്ചുതരാമെന്ന്‌ ജാക്കി പറഞ്ഞിട്ടുണ്ട്‌. അതിന്‌ ശേഷം നമ്മുടെ വിജേന്ദറിന്റെ ബോക്‌സിംഗ്‌ സെമിയുണ്ട്‌. അതും കാണണം. ഇന്നലെ വനിതാ ഫുട്‌ബോളും ബിച്ച്‌ വോളിയുമെല്ലാം കണ്ടപ്പോള്‍ ചൈനക്കാരുടെ കരുത്തില്‍ വീണ്ടും അസൂയ തോന്നി-കാരണം ബിച്ച്‌ വോളിയില്‍ അവര്‍ക്കായിരുന്നു മൂന്നാം സ്ഥാനം. അവരെന്തും എത്തിപ്പിടിക്കും...!

No comments: