Monday, August 4, 2008

KING DHONI


രത്‌നം ധോണി
ന്യൂഡല്‍ഹി: വീണ്ടും മഹേന്ദ്രജാലം.... പക്ഷേ ക്രീസില്ലല്ല-ക്രീസിന്‌ പുറത്ത്‌. രാജ്യത്തെ പരമോന്നത കായിക പുരസ്‌ക്കാരമായ രാജിവ്‌ ഗാന്ധി ഖേല്‍ രത്‌ന അവാര്‍ഡ്‌ ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ പ്രതിഭാസമായ മഹേന്ദ്രസിംഗ്‌ ധോണിക്കാണ്‌. മലയാളി അത്‌ലറ്റ്‌ ചിത്ര കെ സോമന്‍ ഉള്‍പ്പെടെയുളളവര്‍ക്ക്‌ അര്‍ജുന പുരസ്‌ക്കാരങ്ങളുമുണ്ട്‌. മില്‍ഖാസിംഗ്‌ അദ്ധ്യക്ഷനായ പാനലാണ്‌ കായിക പുരസ്‌ക്കാരങ്ങള്‍ക്കായി മികച്ചവരെ തെരഞ്ഞെടുത്തത്‌. ഔദ്യോഗിക പ്രഖ്യാപനം പിന്നീട്‌.
ദക്ഷിണാഫ്രിക്കയില്‍ നടന്ന പ്രഥമ 20-20 ലോകകപ്പില്‍ ഇന്ത്യയെ കിരീടത്തിലേക്ക്‌ നയിച്ച ധോണി നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകനാണ്‌. ഇന്ത്യന്‍ ക്രിക്കറ്റിന്‌ കരുത്തും ഓജ്ജസും പ്രദാനം ചെയ്‌തതിനാണ്‌ ഖേല്‍രത്‌ന നല്‍കുന്നത്‌. സച്ചിന്‍ ടെണ്ടുല്‍്‌കര്‍ക്ക്‌ ശേഷം ഈ പുരസ്‌ക്കാരം സ്വന്തമാക്കുന്ന ആദ്യ ക്രിക്കറ്റര്‍ കൂടിയാണ്‌ ധോണി.
1991-92 മുതലാണ്‌ ഏറ്റവും മികച്ച കായിക പ്രകടനത്തിനും കായിക സംഭാവനക്കുമായി മുന്‍ പ്രധാനമന്ത്രി രാജീവ്‌ ഗാന്ധിയുടെ നാമധേയത്തില്‍ ഖേല്‍രത്‌ന പുരസ്‌്‌ക്കാരം ഏര്‍പ്പെടുത്തിയത്‌. ചെസ്‌ ഇതിഹാസം വിശ്വനാഥന്‍ ആനന്ദിനായിരുന്നു കന്നി ബഹുമതി. ബില്ല്യാര്‍ഡ്‌സ്‌ താരം ഗീത്‌ സേഥി (92-93), യാട്ടിംഗ്‌ താരങ്ങളായ കേഡര്‍ ഹോമി എം മോട്ടിവാല, കേഡര്‍ പി.കെ ഗര്‍ഗ്‌ (93-94), 2000 ത്തിലെ സിഡ്‌നി ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ വെങ്കലം സമ്മാനിച്ച വെയ്‌റ്റ്‌ലിഫ്‌ടര്‍ കര്‍ണ്ണം മല്ലേശ്വരി (94-95), വെയ്‌റ്റ്‌ ലിഫ്‌ടറായ കുഞ്ചാറാണി (95-96), ടെന്നിസ്‌ ഇതിഹാസം ലിയാന്‍ഡര്‍ പെയ്‌്‌സ്‌്‌ (96-97), ക്രിക്കറ്റ്‌ പ്രതിഭ സച്ചിന്‍ രമേശ്‌ ടെണ്ടുല്‍ക്കര്‍ (97-98), അത്‌ലറ്റ്‌ ജ്യോതിര്‍മയി സിക്‌ദര്‍ (98-99), ഹോക്കി താരം ധന്‍രാജ്‌ പിള്ള (99-2000), ബാഡ്‌മിന്റണ്‍ രംഗത്തെ വിഖ്യാതന്‍ പുലേലു ഗോപീചന്ദ്‌ (2000-01), ഷൂട്ടര്‍ അഭിനവ്‌ ബിന്ദ്ര (2001-02), മലയാളി അത്‌ലറ്റ്‌ കെ.എം ബീനമോള്‍ (2003-2004), ഏതന്‍സ്‌ ഒളിംപിക്‌സില്‍ ഷൂട്ടിംഗില്‍ ഇന്ത്യക്കായി വെളളി നേടിയ രാജ്യവര്‍ദ്ധന്‍ സിംഗ്‌ രാത്തോര്‍ (2005-06) എന്നിവരാണ്‌ പരമോന്നത പുരസ്‌ക്കാരം നേടിയ ധോണിയുടെ മുന്‍ഗാമികള്‍.
ഇത്തവണ പരമോന്നത പുരസ്‌ക്കാരത്തിനായി ധോണിയെ കൂടാതെ മറ്റ്‌ ആര്‍ പേര്‍ രംഗത്തുണ്ടായിരുന്നു . ബോക്‌സര്‍ മേരി കോല്‍മെ, ടേബിള്‍ ടെന്നിസ്‌ താരം ശരത്‌ കമല്‍, കെ. ഷാമിനി, കരാട്ടെ താരം ലിന്‍ഡ്‌സെ ഫെന്നി സിയാം, കാരംസ്‌ താരം ആര്‍.എം ശങ്കര എന്നിവരായിരുന്നു അവസാന ലിസ്റ്റില്‍. എന്നാല്‍ ധോണിയോളം വലിയ നേട്ടം സമ്പാദിക്കാനും രാജ്യത്തിന്റെ യശസ്സ്‌ ഉയര്‍ത്താനും ഇവര്‍ക്കായിട്ടില്ലെന്ന്‌ ജഡ്‌ജിംഗ്‌ കമ്മിറ്റി വിലയിരുത്തി.
ധോണിയുടെ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റിന്റെ നേട്ടമാണെന്ന്‌ ക്രിക്കറ്റ്‌ ബോര്‍ഡ്‌ പ്രസിഡണ്ട്‌ ശരത്‌ പവാറും ചീഫ്‌ എക്‌സിക്യൂട്ടീവ്‌ പ്രൊഫസര്‍ രത്‌നാങ്കര്‍ ഷെട്ടിയും അഭിപ്രായപ്പെട്ടു. കളിക്കാരന്‍, നായകന്‍ എന്നീ നിലകളില്‍ ധോണി നടത്തുന്ന പ്രകടനവും സമര്‍പ്പണവും എല്ലാവര്‍ക്കും മാതൃകയാണെന്നും പവാര്‍ പറഞ്ഞു.
താര്‍ഖണ്ഡിലെ റാഞ്ചിയില്‍ 1981 ജൂലൈ ഏഴിനാണ്‌ ധോണിയുടെ ജനനം. വിക്കറ്റ്‌ കീപ്പര്‍ എന്ന നിലയില്‍ തുടങ്ങി തട്ടുപൊളിപ്പന്‍ ബാറ്റ്‌സ്‌മാനായി. ജുനിയര്‍ ടീമിലും ഏ ടീമിലും കളിച്ച്‌ ദേശീയ സംഘത്തില്‍. 1998-99 സീസണില്‍ ബിഹാറിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചു. 2004 ല്‍ കെനിയയില്‍ പര്യടനം നടത്തിയ ഇന്ത്യന്‍ എ സംഘത്തില്‍ അംഗമായിരുന്നു. കെനിയയില്‍ നടന്ന ത്രിരാഷ്‌്‌ട്ര കപ്പില്‍ പ്രകടിപ്പിച്ച കരുത്തിലാണ്‌ ഇന്ത്യന്‍ സീനിയര്‍ ടീമില്‍ എത്തിയത്‌.
കളിച്ച അഞ്ചാമത്തെ ഏകദിന മല്‍സരത്തില്‍ തന്നെ 148 റണ്‍സുമായി അരങ്ങ്‌ തര്‍ത്തു. പാക്കിസ്‌താനെതിരെയായിരുന്നു ആ സ്‌ക്കോര്‍. ഒരു ഇന്ത്യന്‍ വിക്കറ്റ്‌ കീപ്പര്‍ ബാറ്റ്‌സ്‌മാന്റെ ഏറ്റവും മികച്ച പ്രകടനം. ശ്രീലങ്കക്കെതിരെ പുറത്താവാതെ 183 റണ്‍സുമായി സ്വന്തം റെക്കോര്‍ഡ്‌ മെച്ചപ്പെടുത്തി. 2005 ല്‍ ജയ്‌പ്പൂരിലെ സവായി മാന്‍സിംഗ്‌ സ്‌റ്റേഡിയത്തിലായിരുന്നു ധോണിയുടെ വെടിക്കെട്ട്‌. 145 പന്തില്‍ നിന്ന്‌ 15 ബൗണ്ടറി, 10 സിക്‌സറുകള്‍. രണ്ടാമത്‌്‌ ബാറ്റ്‌ ചെയ്യുന്ന ടീമിലെ ഒരു ബാറ്റ്‌സ്‌മാന്‍ സ്വന്തമാക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌ക്കോര്‍ ഇന്നും ഇതാണ്‌. ഏകദിന മികവില്‍ നിന്നും ടെസ്റ്റ്‌ സംഘത്തിലെത്തിയ ധോണി അഞ്ചാമത്‌ ടെസ്‌റ്റില്‍ തന്നെ സെഞ്ച്വറി സ്വന്തമാക്കി. ഐ.സി.സി ഏകദിന റാങ്കിംഗില്‍ ധോണി ഒന്നാമനായിരുന്നു. പ്രഥമ 20-20 ലോകകപ്പ്‌്‌ വിജയത്തിലുടെ രാജ്യത്തിന്റെ നായകനായി. താമസിയാതെ ഏകദിന ടീമിന്റെ നായകനുമായി.

No comments: