Tuesday, August 12, 2008

രാത്തോറിന്റെ പൊയ്‌വെടി, ബോക്‌സിംഗില്‍ കിടിലന്‍ പഞ്ച്‌്‌
ബെയ്‌ജിംഗ്‌: അഭിനവ്‌ ബിന്ദ്ര എന്ന സുവര്‍ണ്ണതാരം ഇന്നലെ മുഴുവന്‍ ഷൂട്ടിംഗ്‌ റേഞ്ചിലുണ്ടായിരുന്നു. പക്ഷേ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം രാജ്യവര്‍ദ്ധന്‍സിംഗ്‌ രാത്തോറിനോ, സമരേഷ്‌ ജംഗിനോ ഊര്‍ജ്ജം പകര്‍ന്നില്ല. അഭിനവ്‌ സ്വര്‍ണ്ണം സമ്മാനിച്ച ഫീല്‍ഡില്‍ ഇന്നലെ ഇന്ത്യന്‍ താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ രജതരേഖ ബോക്‌സിംഗില്‍ മാത്രം. തകര്‍പ്പന്‍ പഞ്ചുകളുമായി തുര്‍ക്കിയില്‍ നിന്നുളള പ്രതിയോഗി ഉലാസ്‌ ഫുര്‍ക്കാന്‍ മെര്‍നിസിനെ മലര്‍ത്തിയടിച്ച്‌ ജിതേന്ദര്‍ കുമാറും വൈകീ നടന്ന മല്‍സരത്തില്‍ അഖില്‍ കുമാറും സ്വന്തം ഇനത്തില്‍ പ്രി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശനം നേടിയിട്ടുണ്ട്‌. അമ്പെയ്‌ത്തിലും ഇന്നലെ ഇന്ത്യക്ക്‌ നിരാശയുടെ ദിനമായിരുന്നു.
നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ ഡബിള്‍ട്രാപ്പ്‌ ഇനത്തില്‍ വെള്ളി മെഡലുമായി ഇന്ത്യയുടെ അഭിമാനമായ രാത്തോറിന്‌ സ്വന്തം ഇഷ്ട ഇനത്തില്‍ ഇന്നലെ നല്ല തുടക്കം ലഭിച്ചിരുന്നു. ആദ്യ മൂന്ന്‌ ശ്രമങ്ങളില്‍ പ്രതീക്ഷക്കൊത്ത പ്രകടനം നടത്താനായ രാത്തോറിന്‌ പക്ഷേ ആ തുടക്കം ഉപയോഗപ്പെടുത്താനായില്ല. മൊത്തം 19 പേരായിരുന്നു ഡബിള്‍ ട്രാപ്പില്‍ മല്‍സരിക്കാനുണ്ടായിരുന്നത്‌. ഇവരില്‍ 131 പോയന്റുമായി പതിനഞ്ചാം സ്ഥാനത്ത്‌ മാത്രമാണ്‌ അദ്ദേഹത്തിന്‌ ഫിനിഷ്‌ ചെയ്യാനായത്‌. ആദ്യ ആറ്‌ സ്ഥാനക്കാര്‍ക്ക്‌ മാത്രമായിരുന്നു ഫൈനല്‍ ബെര്‍ത്ത്‌. കരിയറില്‍ രാത്തോറിന്റെ ഏറ്റവും മോശം പ്രകടനമാണിത്‌.
ആദ്യ റൗണ്ടില്‍ 43 പോയന്റ്‌ സ്വന്തമാക്കാന്‍ രാത്തോറിന്‌ കഴിഞ്ഞു. രണ്ടാം റൗണ്ടിലും മോശമായില്ല-45 പോയന്റ്‌. മൂന്നാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിക്കാനായാല്‍ തീര്‍ച്ചയായും ഫൈനല്‍ ബെര്‍ത്ത്‌ ഉറപ്പായിരുന്നു. ആദ്യ എട്ട്‌ ജോഡി പക്ഷികളെയും വെടിവെച്ചിട്ട ഇന്ത്യന്‍ താരത്തിന്‌ ഇടക്ക്‌ വെച്ച്‌ പിഴച്ചു. തുടര്‍
ച്ചയായ പിഴവുകളില്‍ പോയന്റും നഷ്ടമായി. പിഴവുകളില്‍ നിരാശ പ്രകടിപ്പിച്ച്‌ മല്‍സരം പൂര്‍ത്തിയാകാതെ സൈനീകന്‍ പിന്മാറിയപ്പോള്‍ ഇന്ത്യന്‍ കോച്ച്‌ സണ്ണി ജോസഫിന്റെയും അഭിനവ്‌ ബിന്ദ്രയുടെയും മുഖങ്ങളില്‍ വേദന പ്രകടമായിരുന്നു.
നല്ല തുടക്കം ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ തീര്‍ച്ചയായും രാത്തോറിന്‌ മെഡല്‍ നേടാന്‍ കഴിയുമായിരുന്നെന്ന്‌ സണ്ണി തോമസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം സ്വര്‍ണ്ണം സ്വന്തമാക്കിയ അഭിനവിന്‌ ഇന്നലെ മല്‍സരങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹം രാവിലെ തന്നെ രാത്തോറിനും സമരേഷിനും കരുത്ത്‌ പകരാന്‍ എത്തി. രണ്‍ധീര്‍സിംഗ്‌, സണ്ണി തോമസ്‌ തുടങ്ങിയവരും ഇന്ത്യ മറ്റൊരു മെഡല്‍ സ്വന്തമാക്കുമെന്ന പ്രതീക്ഷയില്‍ രാജ്യത്ത്‌ നിന്നുളള മാധ്യമ പ്രവര്‍ത്തകരും ഷൂട്ടിംഗ്‌ റേഞ്ചില്‍ സജീവമായിരുന്നു.
50 മീറ്റര്‍ പിസ്റ്റള്‍ ഇനത്തില്‍ സമരേഷ്‌ ജംഗിന്‌ യോഗ്യതാ റൗണ്ട്‌ തന്നെ കടക്കാനായില്ല. ഏറ്റവും മോശം പ്രകടനമാണ്‌ അദ്ദേഹവും നടത്തിയത്‌.
ബോക്‌സിംഗില്‍ ഇന്ത്യന്‍ മെഡല്‍ പ്രതീക്ഷയായ ജിതേന്ദര്‍ എതിരാളിക്ക്‌ അവസരം തന്നെ നല്‍കിയില്ല. തുര്‍ക്കിക്കാരന്‍ വെല്ലുവിളി ഉയര്‍ത്തുമെന്ന്‌ കരുതിയെങ്കിലും ജിതേന്ദര്‍ അപാര ഫോമിലായിരുന്നു. രണ്ട്‌ മല്‍സരങ്ങളില്‍ കൂടി വിജയം ആവര്‍ത്തിക്കാനായാല്‍ ഫ്‌ളെയര്‍ വെയിറ്റ്‌ ഇനത്തില്‍ ജിതേന്ദറിന്‌ മെഡല്‍ ഉറപ്പാണ്‌. ഇന്നലെ വൈകിട്ട്‌ നടന്ന മല്‍സരത്തില്‍ ഇന്ത്യന്‍ താരം അഖില്‍ കുമാറും പ്രി ക്വാര്‍ട്ടര്‍ ഉറപ്പാക്കിയിട്ടുണ്ട്‌. ബന്‍ഡാം വെയിറ്റ്‌ ഇനത്തില്‍ ഫ്രഞ്ച്‌ പ്രതിയോഗിയെയാണ്‌ അഖില്‍ വീഴ്‌ത്തിയത്‌.
ടെന്നിസ്‌ പുരുഷ ഡബിള്‍സില്‍ ഇന്ത്യന്‍ താരങ്ങളായ ലിയാന്‍ഡര്‍ പെയ്‌സ്‌-മഹേഷ്‌ ഭൂപതി സഖ്യം രണ്ടാംറൗണ്ടില്‍ കടന്നിട്ടുണ്ട്‌. ഫ്രാന്‍സില്‍ നിന്നുളള പ്രതിയോഗികളെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ്‌ പെയ്‌സ്‌-ഭൂപതി സഖ്യം പരാജയപ്പെടുത്തിയത്‌. സ്‌ക്കോര്‍ 6-3,6-3.
നീന്തലില്‍ ഇതാദ്യമായി ഒളിംപിക്‌സില്‍ മല്‍സരിക്കുന്ന ഇന്ത്യന്‍ താരങ്ങളായ ഖാഡെയും സന്ദീപ്‌ ജെയ്‌സ്‌വാളും സ്വന്തം ഹീറ്റ്‌സുകളില്‍ മികവ്‌ പ്രകടിപ്പിച്ചെങ്കിലും ഏറ്റവും മികച്ച സമയം കുറിക്കാനായില്ല. ഖാഡെ സ്വന്തം ഹീറ്റ്‌സില്‍ ഒന്നാമനായിരുന്നു. സന്ദീപ്‌ രണ്ടാമനും. എന്നാല്‍ ഏറ്റവും മികച്ച ഒമ്പത്‌ സമയങ്ങളാണ്‌ അടുത്ത റൗണ്ടിലേക്ക്‌ പരിഗണിക്കപ്പെടുക. ഈ നിബന്ധനയില്‍ ഇന്ത്യന്‍ താരങ്ങള്‍ നിരാശരായി.
അമ്പെയ്‌ത്തില്‍ ദോല ബാനര്‍ജിക്ക്‌ മെഡല്‍ പ്രതീക്ഷയുണ്ടായിരുന്നു. പക്ഷേ ഷൂട്ടൗട്ടില്‍ പുറത്തായി. പ്രണിത വര്‍ദ്ധിനിക്കും ഇതേ അനുഭവമായിരുന്നു. പ്രി ക്വാര്‍ട്ടറില്‍ കൊറിയയില്‍ നിന്നുളള പ്രതിയോഗി നോ ഉന്‍ സിലിനെതിരെ 99-106 നാണ്‌ ഇന്ത്യന്‍ താരം പരാജയപ്പെട്ടത്‌. ഇതാദ്യമായി ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന പ്രണിതക്ക്‌ അവസാനത്തിലാണ്‌ പിഴച്ചത്‌. മറ്റൊരു ഇന്ത്യന്‍ പ്രതീക്ഷയായ എല്‍. ബോബാലയ ദേവിയും പുറത്തായി. സ്‌ക്കോര്‍ വളരെ മികച്ചതായിട്ടും ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടതില്‍ ദോല ബാനര്‍ജി നിരാശ പ്രകടിപ്പിച്ചു.

No comments: