Saturday, August 23, 2008

OLOUM P>A HAMSA

ചൈനയെ പഠിക്കുകയാണ്‌ ബ്രിട്ടന്‍
ഇന്ന്‌ ഒളിംപിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും നിറമുള്ള അദ്ധ്യായത്തിന്‌ സമാപനം. ഇത്രയും ദിവസങ്ങള്‍ എങ്ങനെയാണ്‌ കടന്നുപോയതെന്ന്‌ പറയാനാവുന്നില്ല. മണിക്കൂറുകളുടെ സൂചി ശരവേഗതയില്‍ കടന്നുപോയത്‌ പോലെ. ഓരോ ദിവസവും ഓരോ അനുഭവങ്ങള്‍. ചൈന എന്ന രാജ്യത്തോടുള്ള സ്‌നേഹം ഓരോ മണിക്കൂറിലും വര്‍ദ്ധിക്കുകയാണ്‌. ഒളിംപിക്‌സിലുടെ ചൈനീസ്‌ ഭരണക്കൂടം ലക്ഷ്യമിട്ടത്‌ ഒന്ന്‌ മാത്രമായിരുന്നു-ലോകത്തിന്‌ ചൈനയെക്കുറിച്ചുളള തെറ്റിദ്ധാരണകള്‍ അകലണം. ആ ലക്ഷ്യത്തിലേക്കുളള ചൈനീസ്‌ യാത്ര വിജയകരം തന്നെയാണെന്ന്‌ തോന്നുന്നു. കാരണം ഞാനുള്‍പ്പെടെ ഇവിടെ ഒളിംപിക്‌സ്‌ കാണാനും അവലോകനം ചെയ്യാനുമെത്തിയവരെല്ലാം ഹാപ്പിയാണ്‌. ആര്‍ക്കും ദുരനുഭവങ്ങളില്ല. എല്ലാവരും ഇവിടുത്തെ പൊതു സമ്പ്രദായത്തെയും സജ്ജീകരണങ്ങളെയും അഭിനന്ദിക്കുന്നു. ഇന്നലെ മൂന്ന്‌ ചരിത്ര സ്ഥലങ്ങളില്‍ സന്ദര്‍ശനം നടത്തി. രാവിലെ ഫോര്‍ബിഡന്‍ സിറ്റി അഥവാ നിരോധിക്കപ്പെട്ട നഗരം. അത്‌ കഴിഞ്ഞ്‌ ടിയാനന്‍മെന്‍ സ്‌ക്വയര്‍. അവസാനം ചൈനീസ്‌ പാര്‍ലമെന്റ്‌. എല്ലാം വിസ്‌മയ ചിത്രങ്ങളാണ്‌.
രാജഭരണത്തിലെ പുരാതന ചൈനയുടെ സുന്ദരമുഖമാണ്‌ ഫോര്‍ബിഡന്‍ സിറ്റി എന്ന നിരോധിക്കപ്പെട്ട നഗരം. മധ്യകാലത്ത്‌ ചൈന ഭരിച്ച മിംഗ്‌ രാജവംശത്തിന്റെയും പിന്നീട്‌ വന്ന ക്വിംഗ്‌ രാജവംശത്തിന്റെയും കൊട്ടാരങ്ങളില്‍ പഴമയുടെ നീലിമ കാണാം. ഇന്നത്തെ ചൈനക്കാര്‍ രാജഭരണത്തെക്കുറിച്ച്‌ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല. ഏകദേശം അഞ്ച്‌ നൂറ്റാണ്ട്‌ കാലം ചൈനീസ്‌ ചക്രവര്‍ത്തിമാരുടെ ആസ്ഥാനമായിരുന്നു ഈ നഗരം. രാജ്യം ഭരിച്ച രാജാക്കന്മാരുടെ ചിത്രങ്ങളും അവരുടെ കൊട്ടാരങ്ങളും അവരുപയോഗിച്ച സാധന സാമഗ്രികളും അവരുടെ സങ്കീര്‍ത്തന ഫലകങ്ങളുമെല്ലാം അതേ പോലെ ഇവിടെയുണ്ട്‌. 720,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്‌ത്യതിയില്‍ പടര്‍ന്നുകിടക്കുകയാണ്‌ ഈ നഗരം. പഴയ കെട്ടിടങ്ങളില്‍ 980 എണ്ണം ഇപ്പോഴുമുണ്ട്‌. ഈ കെട്ടിടങ്ങളിലായി 8,707 മുറികളുണ്ടത്രെ...! യുനസ്‌ക്കോയുടെ പഠന പ്രകാരം ലോകത്തില്‍ ഏറ്റവും പഴക്കം ചെന്ന മരത്തടികള്‍ കൊണ്ട്‌ ഉപയോഗിച്ച ഫര്‍ണിച്ചറുകള്‍ ഇവിടെയാണ്‌. 1924 മുതലാണത്രെ ഈ നഗരവും കൊട്ടാരവും വിനോദ സഞ്ചാര കേന്ദ്രമാക്കിയത്‌. ഞങ്ങള്‍ മൂന്ന്‌ പോരാണുണ്ടായിരുന്നത്‌. ചൈനീസ്‌ സുഹൃത്തായ ജാക്കിച്ചാനും എന്റെ ബന്ധുവായ മുഹമ്മദ്‌ തസ്‌ലീമും. ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിലാണ്‌ തസ്‌ലീം.
കനത്ത ചൂടായിരുന്നു ഇവിടെ. പക്ഷേ സഞ്ചാരികളുടെ എണ്ണത്തില്‍ ഒരു കുറവുമില്ല. ഓരോ മണിക്കൂറിലും അയ്യായിരത്തോളം പേരാണ്‌ ഇവിടെ വരുന്നതും ചരിത്ര മന്ദിരങ്ങള്‍ കാണുന്നതും. അതിലൊരു സവിശേഷത-വരുന്നവരില്‍ തദ്ദേശിയര്‍ കുറവാണെന്നതാണ്‌. ചൈനക്കാര്‍ക്ക്‌ ഈ നഗരത്തോടും പുരാതന സംസ്‌കൃതിയോടും താല്‍പ്പര്യമില്ലാത്തത്‌ പോലെ. കാഴ്‌ച്ചകളുടെ വിസ്‌മയ ലോകമാണിത്‌. ഒരു ദിവസം കൊണ്ട്‌ കണ്ട്‌ തീര്‍ക്കാന്‍ കഴിയില്ല. ചരിത്രത്തോടും പുരാതന കലകളോടും താല്‍പ്പര്യമുളളവര്‍ ഇവിടെ തന്നെ കഴിയേണ്ടിവരും. നിരോധിക്കപ്പെട്ട നഗരത്തില്‍ നിന്നും നേരേ പോയത്‌ ടിയാനന്‍മെന്‍ സ്‌ക്വയറിലേക്കായിരുന്നു. ആയിരക്കണക്കിന്‌ വിദ്യാര്‍ത്ഥികളുടെ നിണം വീണ മണ്ണ്‌.... ജനാധിപത്യത്തിന്‌ വേണ്ടി സമരം ചെയ്‌ത അയ്യായിരത്തോളം വിദ്യാര്‍ത്ഥികളെ ചൈനീസ്‌ സൈന്യം വെടിവെച്ചിട്ടത്‌ ഇവിടെയായിരുന്നു. ഈ സംഭവം അറിഞ്ഞപ്പോള്‍ ചൈന എന്ന രാജ്യത്തോടുള്ള ലോകത്തിന്റെ മതിപ്പ്‌ ഇല്ലാതായിരുന്നു. ചൈനയില്‍ നടക്കുന്നത്‌ മനുഷ്യാവകാശ ലംഘനമാണെന്ന്‌ ആഗോളതലത്തില്‍ മനസ്സിലാക്കപ്പെട്ടത്‌ ടിയാനന്‍മെന്‍സ്‌ക്വയര്‍ സംഭവത്തോടെയാണ്‌. ചൈനീസ്‌ ഭരണക്കൂടം ലോക മാധ്യമങ്ങള്‍ക്കും സമുഹത്തിനും ഈ രാജ്യത്തിലേക്കുളള വിലക്ക്‌ കല്‍പ്പിച്ചതും വിദ്യാര്‍ത്ഥി പ്രസ്ഥാന സമരത്തെ അടിച്ചമര്‍ത്തിയ സംഭവത്തില്‍ ലോകത്തിനുളള പ്രതിഷേധം മനസ്സിലാക്കിയാണ്‌.
ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി വളരെ മനോഹരമായി അലങ്കരിക്കപ്പെട്ടിരിക്കയാണ്‌ ഈ ചത്വരം. 1989 ല്‍ ഇവിടെ നടന്ന വിദ്യാര്‍ത്ഥി കലാപവും കൂട്ടകൊലയും ഇപ്പോള്‍ അധികമാരും ഓര്‍മ്മിക്കുന്നില്ല വിദേശികള്‍ക്ക്‌ ഈ ചത്വരമെന്നാല്‍ ആ കലാപദിനങ്ങളാണ്‌. പക്ഷേ ചൈനക്കാര്‍ പഴയതൊന്നും ഓര്‍മ്മിക്കാന്‍ ആഗ്രഹിക്കുന്നില്ല. ചില തദ്ദേശിയരോടും ഉദ്യോഗസ്ഥരോടും ആ കലാപനാളുകളെക്കുറിച്ച ചോദിച്ചു-പക്ഷേ അവര്‍ക്കൊന്നും ഉത്തരമുണ്ടായിരുന്നില്ല. ചൈനക്കാര്‍ക്ക്‌ ടിയാനന്‍മെന്‍ സ്‌ക്വയര്‍ കൂട്ടക്കൊല എന്നത്‌ ജൂണ്‍ നാല്‌സംഭവമാണ്‌. ഇവിടെ ചരിത്രത്തില്‍ ആ ദിവസത്തെ അങ്ങനെയാണ്‌ വിശേഷിപ്പിക്കുന്നത്‌. ചത്വരത്തില്‍ മുമ്പ്‌ കാലത്തും പല സംഭവങ്ങളും നടന്നിട്ടുണ്ടത്രെ... അതിനാലാണ്‌ വിദ്യാര്‍ത്ഥി കലാപത്തെ ജൂണ്‍ നാല്‌ സംഭവമാക്കി ലഘൂകരിച്ചിരിക്കുന്നത്‌.
ടിയാനന്‍മെന്‍സ്‌ക്വയര്‍ കലാപത്തിലെ ചൈനയല്ല ഇപ്പോഴത്തെ ചൈന. കമ്മ്യൂണിസമാണ്‌ ഇപ്പോഴും പ്രവൃത്തിപഥത്തിലെങ്കിലും പഴയ അജണ്ടകളും പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിക്കില്ല. അവര്‍ ആഗോളവല്‍ക്കരണത്തിന്റെയും ഉദാരവല്‍ക്കരണത്തിന്റെയും മാറിയ പ്രതിനിധികളാണ്‌. രാജ്യം സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം ഇളനീര്‍ ജ്യൂസ്‌ നല്‍കി സ്വീകരിക്കുന്ന ചൈനയുടെ സുന്ദരമായ മുഖത്തില്‍ കമ്മ്യൂണിസമില്ല-ലോകത്തോളം ഉയരാനുളള അഭിനിവേശമാണ്‌. ഒളിംപിക്‌സ്‌ മെഡല്‍പ്പട്ടികയില്‍ ചൈന ഒന്നാമതാണ്‌. അമേരിക്കന്‍ കായികാധിപത്യം അവസാനിപ്പിക്കാന്‍ അവര്‍ക്കായിരിക്കുന്നു. ഇനി ലോകത്തിന്റെ ആസ്ഥാനമാവണം.ആ ലക്ഷ്യത്തിലേക്കായിരുന്നു ഒളിംപിക്‌സ്‌.
ചൈനയെ പഠിക്കാന്‍ പലരും എത്തിയിരിക്കുന്നു. അക്കൂട്ടത്തിലെ പ്രമുഖര്‍ അടുത്ത ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിക്കുന്ന ലണ്ടനില്‍ നിന്നുളളവരാണ്‌. ഒരു മാസത്തോളമായി ഇംഗ്ലീഷ്‌്‌ ഉന്നതതല സംഘം ഇവിടെയുണ്ട്‌. ഇത്ര വിജയകരമായി ഒളിംപിക്‌സ്‌ നടത്താന്‍ ചൈനക്ക്‌ എങ്ങനെ കഴിഞ്ഞു എന്ന്‌ പഠിക്കുകയാണ്‌ എല്ലാവരും. ഇന്ന്‌ നടക്കുന്ന ഒളിംപിക്‌സ്‌ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ഇന്നലെ ചൈനീസ്‌ പ്രധാനമന്ത്രിയുമായി ചര്‍ച്ച ചെയ്‌തത്‌ ഒളിംപിക്‌സ്‌ വിജയരഹസ്യമായിരുന്നത്രെ....
ഇന്നത്തെ താരങ്ങള്‍ ഡേവിഡ്‌ ബെക്കാമും ത്വയ്യിബയുമെല്ലാമാണ്‌. ഇന്നലെ ഈ കോളത്തില്‍ ത്വയ്യിബയെ പരിചയപ്പെടുത്തിയപ്പോള്‍ എന്റെ ഫോണിലേക്ക്‌ ധാരാളം വിളികള്‍ വന്നു-എല്ലാവര്‍ക്കും ത്വയ്യിബയെക്കുറിച്ച്‌ കൂടുതലറിയണം. അവര്‍ക്കെല്ലാം ഇന്ന്‌ ത്വയ്യിബയെ കാണാം-അറിയാം.

ചിത്രം
ഇന്ന്‌ നടക്കുന്ന ഒളിംപിക്‌സ്‌ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ ബ്രിട്ടീഷ്‌ പ്രധാനമന്ത്രി ഗോര്‍ഡന്‍ ബ്രൗണ്‍ ചൈനീസ്‌ പ്രസിഡണ്ട്‌ ഹൂ ജിനാത്തോക്കൊപ്പം..

മെസ്സിയും സംഘവും പകരം വീട്ടി
ഫുട്‌ബോള്‍ സ്വര്‍ണ്ണം അര്‍ജന്റീനക്ക്‌, നൈജീരിയക്കെതിരെ ഏക ഗോള്‍ വിജയം
ബെയ്‌ജിംഗ്‌: 1996 ലെ അറ്റ്‌ലാന്റ ഒളിംപിക്‌സ്‌ ഫൈനലിലേറ്റ പരാജയത്തിന്‌ അര്‍ജന്റീന അതേ നാണയത്തില്‍ പകരം വീട്ടി. രണ്ടാം പകുതിയില്‍ നേടിയ ഏകഗോളിന്‌ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയയെ പരാജയപ്പെടുത്തി ലാറ്റിനമേരിക്കക്കാര്‍ ഒളിംപിക്‌ ഫുട്‌ബോള്‍ സ്വര്‍ണ്ണം നിലനിര്‍ത്തി. ഇന്നലെ രാവിലെ നാഷണല്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരം ആവേശകരമായിരുന്നു. അര്‍ജന്റീനക്കാര്‍ പതിവ്‌ കരുത്ത്‌ പ്രകടമാക്കിയപ്പോള്‍ ഡിഫന്‍സീവ്‌ ഫുട്‌ബോളില്‍ നൈജീരിയ ഒപ്പം നിന്നു.
അറ്റ്‌ലാന്റയിലെ ഒളിംപിക്‌ ഫൈനലില്‍ 3-2 ന്‌ നൈജീരിയക്കായിരുന്നു വിജയം. അമേരിക്കന്‍ മണ്ണില്‍ എല്ലാവരും കരുതിയത്‌ ലാറ്റിനമേരിക്കന്‍ വിജയമായിരുന്നു. എന്നാല്‍ ആഫ്രിക്കക്കാര്‍ ചടുലമായ വേഗതയില്‍ അര്‍ജന്റീനക്കാരെ വെള്ളം കുടിപ്പിച്ചു. ഇന്നലെയും നൈജീരിയ അട്ടിമറിക്ക്‌ കോപ്പുകൂട്ടിയിരുന്നു. ആദ്യ പകുതിയില്‍ മനോഹരമായി കളിച്ച അര്‍ജന്റീനക്ക്‌ രണ്ടാം പകുതിയില്‍ ആ താളം ലഭിച്ചിരുന്നില്ല. യുവന്‍ റോമന്‍ റിക്കല്‍മെ എന്ന പ്ലേ മേക്കറെയും ലയണല്‍ മെസ്സി എന്ന ഗോള്‍വേട്ടക്കാരനെയും തളച്ചാല്‍ അര്‍ജന്റീനയെ പിടിച്ചുകെട്ടാമെന്ന തോന്നല്‍ നൈജീരിയക്കുണ്ടായിരുന്നു. ആ തന്ത്രത്തില്‍ ആദ്യ പകുതിയില്‍ അവര്‍ വിജയിക്കുകയും ചെയ്‌തിരുന്നു.
ഗോളിലേക്ക്‌ ആദ്യ നീക്കം നടത്തിയത്‌ നൈജീരിയയായിരുന്നു. ആറാം മിനുട്ടില്‍ പീറ്റര്‍ ഒഡന്‍വിഗി പായിച്ച ലോംഗ്‌ റേഞ്ചര്‍ പക്ഷേ ഫലപ്രദമായില്ല. അര്‍ജന്റീനിയന്‍ ഡിഫന്‍സിനെ കബളിപ്പിച്ച്‌ പന്തിനെ പിടിക്കാന്‍ ഗോള്‍ക്കീപ്പര്‍ സെര്‍ജിയോ റോമിറോക്ക്‌ എളുപ്പം കഴിഞ്ഞു. നാല്‌ മിനുട്ടിന്‌ ശേഷം നൈജീരിയന്‍ പെനാല്‍ട്ടി ബോക്‌സിന്‌ സമീപം അര്‍ജന്റീനിയന്‍ നായകന്‍ ജുവാന്‍ റോമന്‍ റിക്കല്‍മെക്ക്‌ ഫ്രീകിക്ക്‌ ലഭിച്ചു. അപകടകരമായ പൊസിഷനില്‍ നിന്നും പന്തിനെ പായിച്ച സൂപ്പര്‍താരത്തിന്‌ പ്രതീക്ഷ കാക്കാനായില്ല.
മല്‍സരം 21 മിനുട്ട്‌ പിന്നിട്ടപ്പോള്‍ മെസി നൈജീരിയന്‍ ബോക്‌സില്‍ വീണു. അര്‍ജന്റീനിയന്‍ താരങ്ങള്‍ ഒന്നടങ്കം പെനാല്‍ട്ടിക്കായി മുറവിളി കൂട്ടിയെങ്കിലും റഫറി വഴങ്ങിയില്ല. മുപ്പത്തിയേഴാം മിനുട്ടില്‍ മുന്‍നിരക്കാരന്‍ അഗ്വീറോയുടെ ഹെഡ്ഡര്‍ പുറത്ത്‌ പോയതോടെ ഇടവേളക്ക്‌ മുമ്പ്‌ ലീഡ്‌ കരസ്ഥമാക്കാനുളള ലാറ്റിനമേരിക്കന്‍ മോഹങ്ങള്‍ വിഫലമായി. രണ്ടാം പകുതിക്ക്‌ എട്ട്‌ മിനുട്ട്‌ പ്രായമായപ്പോള്‍ മെസ്സിയുടെ മാജിക്കില്‍ ഗോളെത്തി. സ്വന്തം ഹാഫില്‍ നിന്ന്‌ മെസ്സി കൂട്ടുകാരനായ ഡി മേരിയ സ്വതന്ത്രമായി നില്‍ക്കുന്ന കാഴ്‌്‌ച കണ്ട്‌ പന്ത്‌ ഫ്‌ളിക്‌ ചെയ്‌ത്‌ നല്‍കി. നൈജീരിയന്‍ ഡിഫന്‍സ്‌ ഒട്ടും പ്രതീക്ഷിക്കാത്ത നീക്കത്തില്‍ അവരുടെ ഗോള്‍ക്കീപ്പര്‍ നിസ്സഹായനായിരുന്നു. അടുത്ത മിനുട്ടില്‍ തന്നെ തിരിച്ചടിക്കാന്‍ ലഭിച്ച അവസരം നൈജീരിയ പാഴാക്കി. മല്‍സരാന്ത്യത്തില്‍ അര്‍ജന്റീനിയന്‍ ഡിഫന്‍സ്‌ പിഴവുകളും വരുത്തിയില്ല.

No comments: