Friday, August 22, 2008

MESSI the danger

ഇന്ന്‌ ഫുട്‌ബോള്‍ ഫൈനല്‍
മെസ്സി നോട്ടപ്പുള്ളി
ബെയ്‌ജിംഗ്‌: കിളിക്കൂട്ടില്‍ ഇന്ന്‌ പകല്‍ (ഇന്ത്യന്‍ സമയം രാവിലെ 9-00 മണി) ഫുട്‌ബോള്‍ കലാശപ്പോരാട്ടം. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണം നിലനിര്‍ത്താന്‍ ഒരുങ്ങുന്ന അര്‍ജന്റീനയെ വെല്ലുവിളിക്കുന്നത്‌ ആഫ്രിക്കന്‍ കരുത്തരായ നൈജീരിയ. ഇന്നലെ നടന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബെല്‍ജിയത്തെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി ബ്രസീല്‍ വെങ്കലം നേടി.
അര്‍ജന്റീനയെയല്ല അവരുടെ സൂപ്പര്‍ സ്‌ട്രൈക്കര്‍ ലയണല്‍ മെസ്സിയെയാണ്‌ പേടിയെന്ന്‌ നൈജീരിയ വ്യക്തമാക്കിക്കഴിഞ്ഞു. സ്വന്തം ക്ലബായ ബാഴ്‌സിലോണയില്‍ നിന്നും പ്രത്യേക അനുമതിയുമായി ഇവിടെയെത്തിയ മെസ്സി തകര്‍പ്പന്‍ പ്രകടനങ്ങള്‍ തുടരുകയാണ്‌. ഇത്‌ വരെ ലാറ്റിനമേരിക്കന്‍ കരുത്തര്‍ പരാജയമറിഞ്ഞിട്ടില്ല. പ്രാഥമിക റൗണ്ട്‌ മല്‍സരങ്ങളില്‍ ഐവറി കോസ്‌റ്റിനെ 2-1നും ഓസ്‌ട്രേലിയയെ ഒരു ഗോളിനും സെര്‍ബിയയെ രണ്ട്‌്‌ ഗോളിനും പരാജയപ്പെടുത്തിയ മെസ്സിയും സംഘവും ക്വാര്‍ട്ടറില്‍ ഹോളണ്ടിനെ അധികസമയ പ്പോരാട്ടത്തില്‍ 2-1ന്‌ തോല്‍പ്പിച്ചിരുന്നു. സെമിയില്‍ ബദ്ധവൈരികളായ ബ്രസീലിനെ മൂന്ന്‌ ഗോളിനാണ്‌ അയല്‍ക്കാര്‍ മുക്കിയത്‌. ജുവാന്‍ റോമന്‍ റിക്കല്‍മെ, മെസ്സി, അഗ്വിറോ എന്നിവരാണ്‌ ടീമിന്റെ വിജയഫോര്‍മുല. ബ്രസീലിനെതിരായ മല്‍സരത്തില്‍ യഥാര്‍ത്ഥ അശ്വമേധമാണ്‌ അര്‍ജന്റീന നടത്തിയത്‌. റൊണാള്‍ഡിഞ്ഞോ നയിച്ച സംഘത്തിനെ ഭയപ്പെടാതെ തുടര്‍ച്ചയായി മൂന്ന്‌ ഗോളുകളുമായി മിന്നല്‍ വിജയം. ഈ പ്രകടനം ആവര്‍ത്തിക്കാനായാല്‍ അനായാസം സ്വര്‍ണ്ണം നിലനിര്‍ത്താന്‍ ടീമിനാവുമെന്ന കാര്യത്തില്‍ സംശയമില്ല.
നൈജീരിയ പതുക്കെ തുടങ്ങി കരുത്ത്‌ നേടിയവരാണ്‌. ആദ്യ മല്‍സരത്തില്‍ ഹോളണ്ടിനെതിരെ ഗോള്‍ രഹിത സമനില വഴങ്ങിയ നൈജീരിയ രണ്ടാം മല്‍സരത്തില്‍ ജപ്പാനെ 2-1ന്‌ വീഴ്‌ത്തി. മൂന്നാം മല്‍സരത്തില്‍ അമേരിക്കയെ 2-1ന്‌ പരാജയപ്പെടുത്തിയാണ്‌ ക്വാര്‍ട്ടര്‍ ടിക്കറ്റ്‌ നേടിയത്‌. ക്വാര്‍ട്ടറില്‍ ഐവറികോസ്‌റ്റിനെ രമ്‌ട്‌ ഗോളിന്‌ പരാജയപ്പെടുത്തി സെമിയില്‍ ബെല്‍ജിയത്തെ 4-1ന്‌ മുക്കി. അര്‍ജന്റീനയെ നേരിടുമ്പോള്‍ ലാറ്റിനമേരിക്കന്‍ കരുത്തിനെതിരെ പ്രതിരോധ ജാഗ്രതയാണ്‌ നൈജീരിയയുടെ ഗെയിം പ്ലാന്‍.
ഇന്നലെ നടന്ന ലൂസേഴ്‌സ്‌ ഫൈനലില്‍ ബ്രസീലിന്‌ മുന്നില്‍ ബെല്‍ജിയം ശിശുക്കളായിരുന്നു. ആദ്യ പകുതയില്‍ ഡിയാഗോ, ജോ എന്നിവര്‍ ഗോളുകള്‍ നേടി. കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെ ജോ ടീമിന്റെ മൂന്നാം ഗോളും സ്വന്തമാക്കി.

വനിതാ ഹോക്കിയില്‍ ഹോളണ്ട്‌
ബെയ്‌ജിംഗ്‌: ഒളിംപിക്‌ വനിതാ ഹോക്കി സ്വര്‍ണ്ണം ഹോളണ്ടിന്‌. ഇന്നലെ നടന്ന ആവേശകരമായ ഫൈനല്‍ മല്‍സരത്തില്‍ ഡച്ച്‌ പെണ്‍കുട്ടികള്‍ ആതിഥേയരായ ചൈനയെ രണ്ട്‌ ഗോളിന്‌ പരാജയപ്പെടുത്തി. വനിതാ ഫുട്‌ബോളില്‍ ബ്രസീലിനെ പരാജയപ്പെടുത്തി അമേരിക്ക സ്വര്‍ണ്ണം സ്വന്തമാക്കി.

കൂടെ
ഈസ്റ്റ്‌ ലണ്ടനിലെ ഫോറസ്‌റ്റ്‌ ഗേറ്റിലെ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായ ത്വയ്യിബ ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ സമാപനചടങ്ങില്‍ സൂപ്പര്‍ ഫുട്‌ബോളര്‍ ഡേവിഡ്‌ ബെക്കാമിനൊപ്പമാണ്‌ പങ്കെടുക്കുന്നത്‌. ബെയ്‌ജിംഗ്‌ മേയറില്‍ നിന്ന്‌ ബെക്കാമും ത്വയ്യിബയുമാണ്‌ ഒളിംപിക്‌ പതാക വാങ്ങുന്നത്‌. എട്ട്‌ മിനുട്ട്‌ ദീര്‍ഘിക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ തന്റെ മകള്‍ക്ക്‌ ലഭിച്ച സൗഭാഗ്യത്തില്‍ ആഹ്ലാദചിത്തനാണ്‌ പിതാവ്‌ യൂനസ്‌. ഏകദേശം ഒന്നര ബില്ല്യന്‍ ടെലിവിഷന്‍ പ്രേക്ഷകരാണ്‌ ആ ചടങ്ങില്‍ ത്വയ്യിബയെ കാണുക.

കരിഞ്ചന്ത ടിക്കറ്റ്‌
150 പേര്‍ പിടിയില്‍
ബെയ്‌ജിംഗ്‌: ഒളിംപിക്‌സ്‌ ടിക്കറ്റുകള്‍ കരിഞ്ചന്തക്ക്‌ വില്‍പ്പന നടത്തിയതിന്‌ 150 പേരെ ചൈനീസ്‌ പോലീസ്‌ പിടികൂടി. ഇവരില്‍ 70 പേര്‍ വിദേശികളാണ്‌. ഇവരെ ഉടന്‍ തന്നെ സ്വന്തം നാടുകളിലേക്ക്‌ തിരിച്ചയച്ചു. തദ്ദേശിയരായ പ്രതികളെ ജയിലിലടച്ചു.

ചാമ്പ്യന്‍സ്‌ ട്രോഫിക്ക്‌
ദക്ഷിണാഫ്രിക്കയില്ല
ജോഹന്നാസ്‌ബര്‍ഗ്ഗ്‌: അടുത്ത മാസം പാക്കിസ്‌താനില്‍ നടക്കുന്ന ഐ.സി.സി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക പങ്കെടുക്കില്ല. സുരക്ഷാ കാരണങ്ങളാലാണിതെന്ന്‌ ക്രിക്കറ്റ്‌ ദക്ഷിണാഫ്രിക്ക അറിയിച്ചു. പാക്കിസ്‌താനില്‍ പൂര്‍ണ്ണ സുരക്ഷ ടീമിന്‌ നല്‍കുമെന്ന ഐ.സി.സി ഉറപ്പ്‌ മാനിക്കാതെയാണ്‌ ദക്ഷിണാഫ്രിക്ക ബഹിഷ്‌ക്കരണം പ്രഖ്യാപിച്ചത്‌.
മൂന്നാം ഏകദിനം നാളെ
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാം മല്‍സരം നാളെ ഇവിടെ നടക്കും

വയസ്സ്‌ വിവാദം അന്വേഷിക്കും
ബെയ്‌ജിംഗ്‌: ട്രാക്കില്‍ ഉസൈന്‍ ബോള്‍ട്ടിന്‌ മൂന്നാം സ്വര്‍ണ്ണം. ഇന്നലെ നടന്ന പുരുഷന്മാരുടെ സ്‌പ്രിന്റ്‌ റിലേയില്‍ ജമൈക്ക സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ ബോള്‍ട്ടിനത്‌ ഹാട്രിക്‌ ഗോള്‍ഡായി. അസാഫ പവല്‍, നെസ്റ്റ കാര്‍ട്ടര്‍, മൈക്കല്‍ ഫ്രേറ്റന്‍ എന്നിവരടങ്ങുന്ന സംഘമാണ്‌ സ്വര്‍ണ്ണം നേടിയത്‌. ട്രിനിഡാഡ്‌ വെള്ളിയും ജപ്പാന്‍ വെങ്കലവും നേടി.
അതിനിടെ ഒളിംപിക്‌സില്‍ പങ്കെടുത്ത ചൈനീസ്‌ ജിംനാസ്റ്റിക്‌സ്‌ താരങ്ങളില്‍ പലരുടെയും വയസ്സില്‍ ക്രിത്രിമത്വമുണ്ടെന്ന അമേരിക്കന്‍ പരാതിയില്‍ അന്വേഷണം നടത്താന്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തീരുമാനിച്ചു. വനിതകളുടെ ടീം ജിംനാസ്റ്റ്‌ക്‌സില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയ ചൈനീസ്‌ താരങ്ങള്‍ക്കെതിരെയാണ്‌ പരാതി. 16 വയസ്സിന്‌ മുകളിലുളളവര്‍ക്ക്‌ മാത്രമാണ്‌ ജിംനാസ്റ്റിക്‌സില്‍ മല്‍സരയോഗ്യത. എന്നാല്‍ ചൈനീസ്‌ നിരയിലെ പല താരങ്ങളും 14 വയസ്സ്‌ പൂര്‍ത്തിയാകാത്തവരാണെന്നാണ്‌ അമേരിക്ക പറയുന്നത്‌. സ്വന്തം വാദം തെളിയിക്കാന്‍ കൂടുതല്‍ രേഖകള്‍ സമര്‍പ്പിക്കാനാണ്‌ ചൈനയോട്‌ ഐ.ഒ.സി ആവശ്യപ്പെട്ടിരിക്കുന്നത്‌.

No comments: