Thursday, August 21, 2008

U.S GHOST KAMALS DRIVE




അമേരിക്കന്‍ അസ്‌തമയം
ഒളിംപിക്‌സ്‌ അവസാനിക്കാന്‍ ഇനി രണ്ട്‌ ദിവസം മാത്രം. മല്‍സരങ്ങളെല്ലാം ഏറെക്കുറെ പൂര്‍ണ്ണമാവുകയാണ്‌. 46 സ്വര്‍ണ്ണവും 15 വെള്ളിയും 22 വെങ്കലവുമുള്‍പ്പെടെ മൊത്തം 83 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത്ത്‌ നില്‍ക്കുമ്പോള്‍ രണ്ടാമതുള്ള അമേരിക്കക്ക്‌ 28 സ്വര്‍ണ്ണം മാത്രമാണുള്ളത്‌. അതായത്‌ ചൈനയെ മെഡല്‍ ടേബിളില്‍ തകര്‍ക്കാന്‍ ഇനി അമേരിക്കക്ക്‌ കഴിയില്ല. ട്രാക്കായിരുന്നു അമേരിക്കയുടെ പ്രധാന പ്രതീക്ഷ. അവിടെ പക്ഷേ കാര്യമായ നേട്ടങ്ങളൊന്നും ലഭിച്ചില്ല എന്നത്‌ മാത്രമല്ല ജമൈക്കന്‍ ആധിപത്യത്തില്‍ സ്‌പ്രിന്റ്‌ ഇനങ്ങള്‍ മുങ്ങുകയും ചെയ്‌തു. ഇന്നലെ പുരുഷന്മാരുടെ 400 മീറ്ററില്‍ നേടാനായ സ്വര്‍ണ്ണം മാത്രമാണ്‌ ട്രാക്കിലെ അമേരിക്കയുടെ കാര്യമായ നേട്ടം.
നീന്തല്‍ക്കൂളത്തില്‍ മൈക്കല്‍ ഫെല്‍പ്‌സ്‌ എന്ന ഇതിഹാസം സ്വന്തമാക്കിയ എട്ട്‌ സ്വര്‍ണ്ണങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അമേരിക്കയുടെ സമ്പാദ്യം ഒളിംപിക്‌സ്‌ ചരിത്രത്തിലെ അവരുടെ ദയനീയതയാണ്‌ പ്രകടമാക്കുന്നത്‌. ജെസ്സി ഓവന്‍സും കാള്‍ ലൂയിസും മൈക്കല്‍ ജോണ്‍സണും മൗറിസ്‌ ഗ്രീനും മരിയം ജോണ്‍സുമെല്ലാം വാണ അമേരിക്ക ഇന്നലെ കാണിച്ച അബദ്ധം അവരുടെ നെറ്റിയില്‍ എന്നുമെന്നും നാണക്കേടായി നിലനില്‍ക്കും. പുരുഷന്മാരുടെ സ്‌പ്രിന്റ്‌്‌ റിലേയില്‍ ബാറ്റണ്‍ കൈമാറ്റത്തില്‍ പിഴച്ച ടീം പുറത്തായി. പിഴവു വരുത്തിയത്‌ സൂപ്പര്‍താരം ടൈസണ്‍ ഗേ. വനിതകളുടെ സ്‌പ്രിന്റ്‌ റിലേയിലും ടീം പുറത്തായി. ഇങ്ങനെ ഒരു ദുരന്തം ഒളിംപിക്‌സില്‍ അമേരിക്കക്ക്‌ സമീപകാലത്തില്ല.
അതേ സമയം ചൈനയാവട്ടെ അവര്‍ക്ക്‌ വലിയ പരിചയമില്ലാത്ത ബീച്ച്‌ വോളിയില്‍ പോലും മെഡല്‍ നേടി ഓള്‍റൗണ്ട്‌ മികവ്‌ പ്രകടിപ്പിക്കുന്നു. ട്രാക്കില്‍ മാത്രമാണ്‌ ചൈന നിരാശപ്പെടുത്തിയത്‌. ഗെയിംസ്‌ ഇനങ്ങളില്‍ അവര്‍ ശരിക്കും ലോകത്തിലെ ഒന്നാമന്മാരായിരിക്കുന്നു. ലിയു സിയാംഗിന്‌ മല്‍സരിക്കാന്‍ കഴിയാത്ത നഷ്‌ടം മാറ്റിനിര്‍ത്തിയാല്‍ ഈ ഒളിംപിക്‌സ്‌ ശരിക്കും ആതിഥേയര്‍ക്ക്‌ സ്വന്തമാണ്‌. നാല്‌ വര്‍ഷം മുമ്പ്‌ വനിതാ ബിച്ച്‌ വോളിയില്‍ പതിനാലാമതായിരുന്ന ടീമാണ്‌ ഇത്തവണ വെങ്കലത്തിലെത്തിയത്‌. ചൈനയില്‍ വലിയ പോപ്പുലര്‍ ഗെയിമല്ല ബീച്ച്‌ വോളി. പക്ഷേ നിരന്തരമായ പരിശീലനത്തില്‍, വിശ്വാസത്തില്‍ അവര്‍ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നു.
എല്ലാവര്‍ക്കും മാതൃകയാണ്‌ ചൈന. ലോക കായികരംഗത്തെ അമേരിക്കന്‍ ഏകാധിപത്യം ചൈന തകര്‍ക്കുമ്പോള്‍ ഏഷ്യക്ക്‌ അഭിമാനിക്കാം. പടിഞ്ഞാറിന്റെ അഹന്തക്കാണ്‌ ചൈന മറുപടി നല്‍കിയിരിക്കുന്നത്‌. മെഡല്‍പ്പട്ടികയിലെ ആദ്യ പത്തില്‍ ദക്ഷിണ കൊറിയയും ജപ്പാനും വരുന്നുണ്ട്‌. വലിയ വന്‍കരക്ക്‌ ഇതും നേട്ടമാണ്‌. 45 ലാണ്‌ ഇന്ത്യയിപ്പോള്‍. ഇന്ന്‌ വിജേന്ദര്‍ ജയിച്ചാല്‍ ഇന്ത്യക്ക്‌ കൂടുതല്‍ മെച്ചപ്പെട്ട സ്ഥാനം ഉറപ്പാണ്‌.

No comments: