Thursday, August 14, 2008

THIS IS INDIAN SPORTS






ഇതാണ്‌ ഇന്ത്യന്‍ പാര
ആദ്യം മൂന്ന്‌ സമീപകാല സംഭവങ്ങള്‍, എന്നിട്ട്‌ വിശദാംശങ്ങള്‍:
1-ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ മുന്‍നിര്‍ത്തി ലോക രാജ്യങ്ങളിലെ അസംഖ്യം താരങ്ങള്‍ പരിശീലനത്തിന്റെയും ഒരുക്കത്തിന്റെയും അവസാന ഘട്ടത്തിലുള്ള ഒരു ജൂലൈ ദിവസം. ഇന്ത്യ.യെ പ്രതിനിധീകരിച്ച്‌ ആരെല്ലാമായിരിക്കും ബെയ്‌ജിംഗിലേക്ക്‌ പോവുക എന്ന്‌ അപ്പോഴും വ്യക്തമല്ല. ജര്‍മനിയിലും മലേഷ്യയിലും ഉക്രൈനിലുമെല്ലാമായി താരങ്ങള്‍ പരിശീലനത്തിലാണെന്നറിയാം. ആര്‍ക്കെല്ലാമായിരിക്കും ടിക്കറ്റ്‌ എന്ന്‌ വ്യക്തമാവുന്നില്ല. ഒളിംപിക്‌സില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പട്ടിക ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി നല്‍കേണ്ട അവസാന ദിവസത്തിന്റെ തൊട്ടുതലേനാള്‍ വാര്‍ത്താകാര്യത്തിനായി ഞാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷനിലെ ഒരു സമുന്നതനെ (പേര്‌ പരാമര്‍ശിക്കാത്തത്‌ അദ്ദേഹം വാര്‍ത്തകളുമായി ബന്ധപ്പെട്ട്‌ എല്ലാ സഹായങ്ങളും നല്‍കുന്നയാളായത്‌ കൊണ്ടാണ്‌) ടെലഫോണില്‍ വിളിച്ചു. ആര്‍ക്കെല്ലാമാണ്‌ ടിക്കറ്റ്‌ എന്ന്‌ ചോദിച്ചപ്പോള്‍ അദ്ദേഹം അതിവേഗം കൈമലര്‍ത്തി. അന്തിമ തീരുമാനമായിട്ടില്ലെന്നായിരുന്നു മറുപടി. നാളെയല്ലേ ലിസ്‌റ്റ്‌ നല്‍കേണ്ടത്‌ എന്ന്‌ ചോദിച്ചപ്പോള്‍ ഒരു ചിരിയായിരുന്നു മറുപടി. നമ്മുടെ അധികാരികള്‍ക്ക്‌ തന്നെ അറിയുമായിരുന്നല്ല ആരെയെല്ലാമാണ്‌ അയക്കേണ്ടത്‌, ആര്‍ക്കെല്ലാമാണ്‌ സാധ്യത എന്നത്‌.
2-ബെയ്‌ജിംഗില്‍ ഒളിംപിക്‌സ്‌്‌ ആരംഭിക്കാന്‍ 24 മണിക്കൂര്‍ മാത്രം ബാക്കി. ഇന്ത്യന്‍ സംഘത്തില്‍ ഉള്‍പ്പെട്ട വെയ്‌റ്റ്‌ ലിഫ്‌ടര്‍ മോണിക്കാദേവി ഡോപ്പിംഗ്‌ ടെസ്റ്റില്‍ പിടിക്കപ്പെടുന്നു. അവരുടെ യാത്ര റദ്ദാക്കപ്പെടുന്നു. ടീമിന്‌ നാണക്കേടിന്റെ ഭാരം സമ്മാനിച്ച മോണിക്ക അടുത്ത ദിവസം മാധ്യമ സ്ഥാപനങ്ങളില്‍ കയറിയിറങ്ങി പൊട്ടിത്തെറിക്കുന്നു. ഇന്ത്യന്‍ കായികരംഗത്തെ കുലപതിമാര്‍ മറ്റൊരു താരത്തിന്‌ ടിക്കറ്റ്‌്‌ നല്‍കാന്‍ തന്നെ ചതിക്കുകായിരുന്നുവെന്നാണ്‌ മോണിക്ക വ്യക്തമാക്കിയത്‌. ഒരു താരത്തില്‍ നിന്നും ഐ.ഒ.സിയിലെ ചിലര്‍ പണം വാങ്ങിയെന്നും അവരാണ്‌ തന്നെ പുറത്താക്കിയതെന്നും മോണിക്ക പറഞ്ഞപ്പോള്‍ തിയ്യും പൊരിയും പ്രതീക്ഷിച്ചു. പക്ഷേ ആരും മിണ്ടിയില്ല.
3- അഭിനവ്‌ ബിന്ദ്രയെന്ന ഷൂട്ടര്‍ രാജ്യത്തിന്‌ ആദ്യമായി ഒളിംപിക്‌സില്‍ വ്യക്തിഗത സ്വര്‍ണ്ണം സമ്മാനിക്കുന്നു. അതുല്യ നേട്ടത്തിന്റെ രണ്ടാം നാള്‍, നാട്ടിലേക്ക്‌ മടങ്ങുന്നതിന്‌ തൊട്ട്‌ മുമ്പ്‌ അദ്ദേഹം ഒരു ഇംഗ്ലീഷ്‌ പത്രത്തിന്‌ നല്‍കിയ അഭിമുഖത്തില്‍ ഞെട്ടിപ്പിക്കുന്ന സത്യം വെളിപ്പെടുത്തുന്നു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ യോഗ്യതാ മല്‍സരം കഴിഞ്ഞതിന്‌ ശേഷം ഫൈനലിലേക്കുളള തയ്യാറെടുപ്പിനിടെ തന്റെ റിവോള്‍വറില്‍ ചിലര്‍ കൃത്രിമം കാണിച്ചിരിക്കുന്നു. ബാത്ത്‌ റൂമില്‍ പോയ വേളയില്‍ റിവോള്‍വറിന്റെ സെറ്റര്‍ മാറ്റിയിരിക്കുന്നു. ഫൈനല്‍ മല്‍സരത്തിനിടെ ഇത്‌ പ്രശ്‌നമായി. എന്നിട്ടും പിടിച്ചുനിന്ന്‌ പൊരുതി. നിര്‍ണ്ണായക സമയത്ത്‌ റിവോള്‍വറിന്റെ സെറ്റര്‍ തകരാറിലാക്കാന്‍ ആര്‍ക്കാണ്‌ കുബുദ്ധി തോന്നിയതെന്ന ചോദ്യത്തിനുത്തരം ഇന്ത്യന്‍ ക്യാമ്പിലേക്ക്‌ തന്നെ നീങ്ങും.
........! യെസ്‌, ഇതാണ്‌ നമ്മുടെ കായിക ഇന്ത്യ. ഹര്‍ഭജന്‍ സിംഗ്‌ ശ്രീശാന്തിന്റെ മുഖം നോക്കിയടിച്ചതും, ഹോക്കി താരങ്ങള്‍ പരസ്‌പരം ട്രെയിനില്‍ വെടിയുതിര്‍ത്തതും വെയ്‌റ്റ്‌ ലിഫ്‌ടര്‍മാര്‍ മല്‍സരിച്ച്‌ മരുന്നടിച്ചതും ഇതേ ഇന്ത്യയിലാണ്‌. സുനിതാ റാണിയും മോണിക്കാദേവിയും പ്രതിമാ കുമാരിയും സുനമാച്ച ചാനുവുമെല്ലാം ഈ ഇന്ത്യയുടെ വക്താക്കളാണ്‌. രാജ്യത്തിന്‌ മെഡല്‍ സമ്മാനിക്കാന്‍ തോക്കെടുത്ത താരത്തിന്‌ നിര്‍ണ്ണായക സമയത്ത്‌ പാര പണിയാന്‍ മാത്രം നമ്മുടെ താരങ്ങള്‍ക്കും ഒഫീഷ്യലുകള്‍ക്കും ധൈര്യം വന്നുവെങ്കില്‍ ഇന്ത്യന്‍ കായികരംഗത്തെ രക്ഷപ്പെടുത്താന്‍ പടച്ചതമ്പുരാന്‍ വിചാരിച്ചാല്‍ പോലും നടക്കില്ല.
മഹിത മനോഹര ജനാധിപത്യത്തിന്റെ സുന്ദരവക്താക്കളാണ്‌ നമ്മള്‍. എന്തിനും ഏതിനും അധികാര വികേന്ദ്രികരണവും ഗ്രാമ സ്വരാജും ജനകീയതയും. ചൈനയെ ഒന്ന്‌ നോക്കുക-അവിടെ കമ്മ്യൂണിസമാണ്‌. ഒരു കാര്യം തീരുമാനിച്ചാല്‍ അത്‌ നടപ്പിലാവും. പാരകളും പപ്പാരകളും നടക്കില്ല. ചുവപ്പ്‌ നാടയും ഉദ്യോഗസ്ഥ ഇടപെടലുകളും അവിടെയില്ല. ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ തന്നെ വലിയ ഉദാഹരണം. 2001 ല്‍ ആരംഭിച്ച ഒളിംപിക്‌സ്‌ ഒരുക്കത്തിന്റെ ഒരു ഘട്ടത്തിലും തടസ്സങ്ങളുണ്ടായിരുന്നില്ല. എല്ലാം ക്ലീന്‍. എല്ലാം തീരുമാനിക്കുന്നത്‌ ഭരണകൂടമാണ്‌. അതിനിടയില്‍ ഇടങ്കോലിടാന്‍ ആരെയും അനുവദിക്കില്ല.
ചൈന ഈ ഒളിംപിക്‌സില്‍ ലക്ഷ്യമിടുന്നത്‌ 119 മെഡലുകളാണ്‌. ആ ലക്ഷ്യത്തിലെത്താന്‍ അവര്‍ക്ക്‌ പ്രയാസപ്പെടേണ്ടി വരില്ല. ചൈനീസ്‌ താരത്തിന്റെ തോക്കിന്റെ സെറ്റര്‍ മാറ്റാന്‍ ഒരു സഹതാരം ശ്രമിച്ചാല്‍ അവന്‍ വിവരമറിയും.
ഇവിടെ ജനാധിപത്യത്തില്‍ എന്തിനും ഏതിനും എല്ലാവര്‍ക്കും സ്ഥാനം നല്‍കണം. കഴിഞ്ഞ ദിവസം കോഴിക്കോട്‌ കലക്ടറേറ്റില്‍ ഓണാഘോഷ കമ്മിറ്റി രൂപീകരണത്തിന്‌ ഞാന്‍ പോയിരുന്നു. കലക്ടറെ സാക്ഷി നിര്‍ത്തി ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ ഡയരക്ടര്‍ സംഘാടക സമിതി അംഗങ്ങളുടെ പേരുകള്‍ വായിച്ചു-അതായിരുന്നു യോഗത്തിന്റെ അജണ്ട. എല്ലാ പാര്‍ട്ടിക്കാരെയും നഗരത്തിലെ ദിവ്യന്മാരെയും ഈ രംഗത്തെ സ്ഥിരക്കാരെയും ഉള്‍പ്പെടുത്തിയുള്ള കമ്മിറ്റി. ഇതാണ്‌ പതിവ്‌. എം.എല്‍.എ മാര്‍
ക്ക്‌ സ്വന്തം മണഡലത്തില്‍ ആഘോഷപരിപാടി ലഭിക്കണം. എല്ലാവരും സ്വന്തമെന്ന വാദം ഉയര്‍ത്തുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കും സ്വന്തം താല്‍പ്പര്യങ്ങളുണ്ട്‌. 25 ലക്ഷമാണ്‌ ആഘോഷ പരിപാടികള്‍ക്ക്‌ നല്‍കുന്നത്‌. ഈ ലക്ഷങ്ങള്‍ ചെലവഴിക്കാന്‍ വലിയ പ്രയാസമില്ല.
ഈ വികേന്ദ്രീകരണം തന്നെയാണ്‌ കായിക രംഗത്തും നടക്കുന്നത്‌. എല്ലാവര്‍ക്കും പ്രാതിനിധ്യം. ഒളിംപിക്‌സിനായി ചൈന തെരഞ്ഞെടുത്തത്‌ ഏറ്റവും മികച്ച കായിക താരങ്ങളെയാണ്‌. അവന്‍ കമ്മ്യൂണിസ്റ്റാണോ, സാമ്രാജ്യത്വവാദിയാണോ എന്ന്‌ പരിശോധിച്ചായിരുന്നില്ല സെലക്ഷന്‍. കാക്കത്തൊള്ളായിരം കായിക സംഘടനകള്‍. അവക്കെല്ലാം പ്രാതിനിധ്യം നല്‍കണം. പ്രാതിനിധ്യം പേരിനെങ്കിലും നല്‍കിയില്ലെങ്കില്‍ ഇവരുടെ വിലപ്പെട്ട വോട്ട്‌ അടുത്ത തവണ ലഭിക്കില്ല. സുരേഷ്‌ കല്‍മാഡിക്കും രണ്‍ധീര്‍സിംഗും ലളിത്‌ ഭാനോട്ടിനുമെല്ലാം വോട്ടിന്റെ വിലയറിയാം.
ദോഹ ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനുളള സെലക്ഷന്‍ ട്രയല്‍സില്‍ ഹെപ്‌ടാത്ത്‌ലണ്‍ താരം ജെ.ജെ ശോഭക്ക്‌ നിശ്ചിത പോയന്റ്‌ നേടാന്‍ കഴിഞ്ഞിരുന്നില്ല. സ്വാഭാവികമായും അവര്‍ പുറത്താണ്‌. പക്ഷേ ശോഭക്ക്‌ വേണ്ടി മാത്രം പ്രത്യേക സെലക്ഷന്‍ ട്രയല്‍സ്‌ പിന്നെ നടന്നു. അത്‌ അധികമാരുമറിഞ്ഞില്ല. അറിഞ്ഞവരോട്‌്‌ മിണ്ടരുതെന്നായിരുന്നു നിര്‍ദ്ദേശം. ഇത്തവണ ഒളിംപിക്‌സിനായി ശോഭക്കും സുസ്‌മിതക്കും ട്രയല്‍സ്‌ ബഹളമായിരുന്നു. ചില താരങ്ങള്‍ക്ക്‌ ടീമില്‍ സ്ഥാനം നല്‍കാന്‍ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ നിര്‍ബന്ധിതരായിരുന്നു. കാരണം ഈ താരങ്ങള്‍ക്ക്‌ പിറകില്‍ വന്‍കിട സ്‌പോണ്‍സര്‍മാരുണ്ട്‌. നൈക്ക്‌ കമ്പനി കോടികളുടെ കരാര്‍ ഒരു താരവുമായി ഒപ്പിട്ടിട്ടുണ്ട്‌. ഈ കരാര്‍ തുക ലഭിക്കണമെങ്കില്‍ രാജ്യാന്തര രംഗത്ത്‌ തുടരണം. ഗഡുക്കളായാണ്‌ തുക നല്‍കാറുളളത്‌. ഓരോ സീസണിലും ഓരോ ഗഡു. രാജ്യാന്തര രംഗത്ത്‌ ഇല്ലെങ്കില്‍ ഗഡുവുമില്ല.
കായിക സംഘാടകര്‌ക്ക്‌ താരങ്ങളെക്കാള്‍ താല്‍പ്പര്യമാണ്‌-നാടു കാണാന്‍. എല്ലാവരും നമ്മുടെ മന്ത്രി വിജയകുമാറിനെ പോലെയല്ല. എങ്ങനെയെങ്കിലും നാടുകാണാന്‍ അവര്‍ എന്തും ചെയ്യും. തനിക്കെതിരെ പാരവെച്ചവരെ പറ്റി ഇന്നലെ രാഷ്ട്രപതിയുമായുളള കൂടിക്കാഴ്‌്‌ചക്ക്‌ ശേഷം അഭിനവ്‌ ബിന്ദ്ര പ്രതികരിച്ചില്ല. പ്രതിരിച്ചിട്ട്‌ കാര്യവുമില്ല. ഒരന്വേഷണ പ്രഖ്യാപനം നടത്തും. അത്‌ നനഞ്ഞ വെടിയുമാവും. ശ്രീശാന്തിന്‌ അടി കിട്ടിയതും മോണിക്കാദേവിയെ തഴഞ്ഞതുമെല്ലാം ഇവിടെ അന്വേഷിക്കപ്പെട്ടിട്ടുണ്ട്‌. അന്വേഷണ ശേഷം അടി കിട്ടിയ ശ്രീശാന്ത്‌ ടീമിന്‌ പുറത്തായി. അടിച്ച ഹര്‍ഭജന്‍ അകത്തുമായി.
ഇന്ന്‌ സ്വാതന്ത്ര്യദിനം. അല്‍പ്പമൊന്ന്‌ ചിന്തിക്കാം. അഭിനവ്‌ ബിന്ദ്രയെ പോല കരുത്തുളളവര്‍ ഈ നാട്ടിലുണ്ട്‌. ചൈനയെ പോലെ മുന്നേറാന്‍ നമുക്ക്‌്‌ കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ ജനാധിപത്യത്തിന്‌ പകരം കായികരംഗത്ത്‌ ഏകാധിപത്യം നടപ്പാക്കണം. ആദ്യം മന്ത്രി, അത്‌ കഴിഞ്ഞാല്‍ സ്‌പോര്‍ട്‌്‌സ്‌ ഫെഡറേഷനുകള്‍, അവര്‍ക്ക്‌ കീഴില്‍ ജില്ലാഘടകങ്ങള്‍, ഇതിനും താഴെ താരങ്ങള്‍-ഇങ്ങനെ ഒരു പിരമിഡ്‌ വേണ്ട. ഒരു ഏകാധിപതിക്ക്‌ മാത്രമാണ്‌ ഇവിടെ മാറ്റങ്ങള്‍ നടപ്പിലാക്കാന്‍ കഴിയുക-തീര്‍ച്ച.

1 comment:

Malayali Peringode said...

കഷ്ടം!
എന്നല്ലാതെന്തുപറയാന്‍?!