Tuesday, August 5, 2008

COME AND JOIN


കമോണ്‍......
ബെയ്‌ജിംഗ്‌: ബേര്‍ഡ്‌സ്‌ നെസ്‌റ്റിലേക്ക്‌ വെള്ളിയാഴ്‌ച്ച ഇരച്ചെത്തുക ഒന്നരലക്ഷത്തിലധികം പേര്‍.. കൃത്യമായി പറഞ്ഞാല്‍ 1,60,000 പേര്‍. ഇത്രയുമാളുകള്‍ ഒരുമിച്ചു വരുമ്പോള്‍ പ്രശ്‌നം ഉറപ്പാണ്‌. അത്‌ മനസ്സിലാക്കി തന്നെ ഉദ്‌ഘാടന ചടങ്ങുകളുടെ റിഹേഴ്‌സല്‍ വേളയില്‍ ആളുകളെ സ്‌റ്റേഡിയത്തിലേക്ക്‌ കയറ്റുന്നതും അവരെ ഒഴിവാക്കുന്നതുമെല്ലാം സംഘാടകര്‍ പ്രാക്ടീസ്‌ ചെയ്‌ത്‌ വിജയിച്ചുനില്‍ക്കയാണ്‌. ഒരു പ്രശ്‌നവുമുണ്ടാവില്ലെന്ന്‌്‌ ഇന്നലെ വാര്‍ത്താ സമ്മേളനത്തില്‍ ബെയ്‌ജിംഗ്‌ മുന്‍സിപാലിറ്റി വാര്‍ത്താവിനിമയ ഡെപ്യൂട്ടി ഡയരക്ടര്‍ ഷുവോ ഷെന്‍ഗിയു വ്യക്തമാക്കിയത്‌ പ്രാക്ടീസ്‌ നല്‍കിയ വേശത്തിലാണ്‌. എങ്കിലും പ്രാക്ടീസ്‌ പോലെയായിരിക്കില്ല യഥാര്‍ത്ഥ കാര്യങ്ങളെന്ന്‌ സംഘാടകര്‍ക്ക്‌ ബോധ്യമുണ്ട്‌. ഒന്നര ലക്ഷത്തോളം പേരെ സ്റ്റേഡിയത്തിലേക്ക്‌ കയറ്റുന്നത്‌ പോലെ അവരെ സുരക്ഷിതരായി ഇറക്കേണ്ടതും സംഘാടകരുടെ ബാധ്യതയാണ്‌.
വെള്ളിയാഴ്‌ച്ച രാത്രി കൃത്യം 8.08 നാണ്‌ ബേര്‍ഡ്‌സ്‌ നെസ്‌റ്റില്‍ ഉദ്‌ഘാടന ചടങ്ങുകള്‍ ആരംഭിക്കുന്നത്‌. സ്‌റ്റേഡിയം വൈകീട്ട്‌ നാലിന്‌ തുറക്കും. രാവിലെ മുതല്‍ വോളണ്ടിയര്‍മാരും പോലീസും സജ്ജരായിരിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നായി ഔദ്യോഗിക അതിഥികളായി എഴുപതിനായിരത്തോളം പേര്‍ വരുന്നുണ്ട്‌. ഇവരെ പ്രത്യേക ബസ്സിലായിരിക്കും സ്‌റ്റേഡിയത്തിലെത്തിക്കുക. കാണികളെ വിവിധ ഗേറ്റുകളിലൂടെ കടത്തി വിടും. ഉദ്‌ഘാടന ചടങ്ങുകളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നവരുടെ എണ്ണം പതിനായിരത്തോളമുണ്ട്‌. ഇവരെയെും നേരത്തെ സ്റ്റേഡിയത്തിന്‌ അകത്ത്‌ കയറ്റും.
വൈകീട്ട്‌ നാല്‌ മുതല്‍ രാത്രി എട്ട്‌ വരെയായിരിക്കും ഏറ്റവും തിരക്കേറിയ സമയം. ഈ സമയത്താണ്‌ കനത്ത ജാഗ്രത പുലര്‍ത്താന്‍ പോലീസ്‌ നിര്‍ദ്ദേശിച്ചിരിക്കുന്നത്‌. കഴിഞ്ഞ ദിവസമുണ്ടയ ഭീകരവാദി ആക്രമണത്തില്‍ പതിനാറ്‌ പേര്‍ കൊല്ലപ്പെട്ടതിനാല്‍ ഒന്നും നിസ്സാരമായി കാണാന്‍ പോലിസിനെ പോലെ സംഘാടകരും ഒരുക്കമല്ല. ഒരു തരത്തിലുമുളള ബഗ്ഗേജുകളും സ്‌റ്റേഡിയത്തില്‍ അനുവദിക്കില്ല. ദ്രവരൂപത്തിലുളള വസ്‌തുക്കള്‍ക്കും നിയന്ത്രണമുണ്ട്‌. വൈറും കൈയ്യോടെ വരാനാണ്‌ സംഘാടകര്‍ കാണികളോട്‌ അഭ്യര്‍ത്ഥിക്കുന്നത്‌. 8-08 ന്‌ ആരംഭിക്കുന്ന ചടങ്ങ്‌ 11-30 വരെ ദീര്‍ഘിക്കും. ഈ സമയമത്രയും ആസ്വാദനത്തിന്റേതാണ്‌.
ഒരു ലക്ഷത്തോളം വരുന്ന കാണികള്‍ ഒരുമിച്ചു വരുമ്പോള്‍ സ്വാഭാവികമായും ഉണ്ടായേക്കാവുന്ന പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ 28 ബസ്സ്‌ റൂട്ടുകള്‍ സ്‌റ്റേഡിയം വഴിയാക്കിയിട്ടുണ്ട്‌. സ്‌റ്റേഡിയത്തിലെ വിവിധ ഗേറ്റുകള്‍ക്ക്‌ സമീപമായിരിക്കും ബസ്സുകളുടെ സ്റ്റോപ്പ്‌. കാണികളുടെ അഭ്യര്‍ത്ഥന മാനിച്ച്‌ മെട്രോ ലൈനുകള്‍ സ്റ്റേഡിയത്തിലേക്ക്‌ സജ്ജമാക്കിയിട്ടുണ്ട്‌്‌. വെള്ളിയാഴ്‌ച്ച മുതല്‍ മെട്രോ ലൈനുകളെല്ലാം ഇരുപത്തിനാല്‌ മണിക്കൂറും പ്രവര്‍ത്തിക്കും. വിമാനത്താവളത്തിലേക്കുളള മെട്രോ ലൈനുകള്‍ പക്ഷേ പതിവ്‌ പോലെ മാത്രമേ പ്രവര്‍ത്തിക്കൂ.
കരിമരുന്ന്‌ പ്രയോഗങ്ങളാണ്‌ ഉദ്‌ഘാടന ചടങ്ങിലെ പ്രധാന ആകര്‍ഷണം. രണ്ട്‌ റിഹേഴ്‌സല്‍ വേളകളിലും മരുന്ന്‌ പ്രയോഗമായിരുന്നു ശ്രദ്ധിക്കപ്പെട്ടത്‌. ഉദ്‌ഘാടനചടങ്ങുകളുടെ ടിക്കറ്റ്‌ ലഭിക്കാത്ത നഗരത്തിലെ ഭൂരിപക്ഷത്തിനും കരിമരുന്ന്‌ പ്രയോഗങ്ങള്‍ സ്‌റ്റേഡിയത്തിന്‌ പുറത്ത്‌ നിന്ന്‌ ആസ്വദിക്കാനുളള വഴികള്‍ സംഘാടകര്‍ ആരായുന്നുണ്ട്‌. ബേര്‍ഡ്‌സ്‌ നെസ്‌റ്റ്‌ മേല്‍ക്കൂരയില്ലാത്ത സ്‌റ്റേഡിയമാണ്‌. കരിമരുന്ന്‌ പ്രയോഗങ്ങള്‍ ഉയരത്തിലാക്കിയാല്‍ അത്‌ എല്ലാവര്‍ക്കും കാണാനാവും.
വാഹനങ്ങളുടെ പാര്‍ക്കിംഗാണ്‌ മറ്റൊരു തലവേദന. ഒന്നര ലക്ഷത്തോളം പേര്‍ വരുമ്പോള്‍ വാഹനപ്പെരുപ്പം ഉറപ്പാണ്‌. വാഹന പാര്‍ക്കിംഗ്‌ സൗകര്യങ്ങള്‍ വിശാലതയില്‍ ഒരുക്കിയിട്ടുണ്ട്‌. എങ്കിലും എല്ലാവരോടും പബ്ലിക്‌ ട്രാന്‍സ്‌പോര്‍ട്ട്‌ സമ്പ്രദായത്തെ ആശ്രയിക്കാനാണ്‌ സംഘാടകര്‍ അഭ്യര്‍ത്ഥിക്കുന്നത്‌.
ഒറ്റ, ഇരട്ട നമ്പരുളള കാറുകള്‍ക്ക്‌ ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രം അനുമതി നല്‍കാനുളള തീരുമാനം ഫലപ്രദമായി നടപ്പിലാക്കുന്നുണ്ട്‌. ഒളിംപിക്‌സ്‌ അവസാനം വരെ ഈ നിയന്ത്രണമുണ്ടാവും. ബസ്സുകളെ ആശ്രയിച്ചാല്‍ വലിയ ഗതാഗത പ്രശ്‌നങ്ങള്‍ ഒഴിവാക്കാനാവും. കാറുകള്‍ നിരത്തിലിറങ്ങിയാലാണ്‌ പ്രശ്‌്‌നമെന്നും അദ്ദേഹം വിശദീകരിച്ചു.

No comments: