സൈനക്ക് പിഴച്ചു
ബെയ്‌ജിംഗ്: ഇന്ത്യന്‍ സമയം രാവിലെ 8-00 മണി..... ഒളിംപിക്‌സ് ബാഡ്‌മിന്റണ്‍ കോര്‍ട്ടില്‍ വനിതാ വിഭാഗം സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യന്‍ താരം സൈന നെഹ്‌വാളും ഇന്തോനേഷ്യയുടെ ലോക രണ്ടാം നമ്പര്‍ താരം മേരിയ ക്രിസ്റ്റിന്‍ യുലിയാന്‍ഡിയും നേര്‍ക്കുനേര്‍. സ്റ്റേഡിയം നിറഞ്ഞിരുന്നില്ല. പക്ഷേ ഇന്തോനേഷ്യന്‍ പതാകകളുമായി ആരാധകര്‍ എത്തിയപ്പോള്‍ സൈനയെ പിന്തുണക്കാന്‍ പത്തോളം പേര്‍ മാത്രം......
ഇന്തോനേഷ്യ ലോക ബാഡ്‌മിന്റണിലെ രാജാക്കന്മാരാണ്. അവരുടെ സ്വര്‍ണ്ണ പ്രതീക്ഷകളും ഈ ഇനത്തിലാണ്. പക്ഷേ ആദ്യ സെറ്റില്‍ ഇന്ത്യന്‍ താരം ഇന്തോനേഷ്യക്കാരുടെ നെഞ്ചിടിപ്പിലേക്ക് ഷട്ടില്‍ പായിച്ചു. ആവേശം കത്തിപ്പടര്‍ന്ന സെറ്റ് 28-26 ന് സൈനക്ക് സ്വന്തം. അവിശ്വസനീയമെന്ന് ചൈനീസ് കമന്റേറ്റര്‍ പറയുന്നുണ്ടായിരുന്നു.
രണ്ടാം സെറ്റില്‍ പക്ഷേ തിരിച്ചുവരവിന് മേരിയക്ക് അവസരം നല്‍കി സൈന. തുടര്‍ച്ചയായ പോയന്റുകള്‍. 21-14 ല്‍ മേരിയക്ക് കാര്യങ്ങള്‍ എളുപ്പം. നിര്‍ണ്ണായകമായ മൂന്നാം സെറ്റ്. എതിരാളിയുടെ കണക്ക്‌്‌ക്കൂട്ടലുകള്‍ തെറ്റിച്ച് സൈന 11-3 ന് മുന്നില്‍. മെഡലിലേക്ക് ഹൈദരാബാദുകാരി നീങ്ങവെ നിര്‍ഭാഗ്യമെന്ന പോലെ പിഴവുകള്‍. പിഴവുകള്‍ മാത്രം. ജഡ്‌ജ്‌മെന്റും പിഴച്ചു. ഒരു മണിക്കൂര്‍ ദീര്‍ഘിച്ച മല്‍സരത്തില്‍ നിന്ന് ചിരിച്ചു കയറുമ്പോള്‍ മേരിയ വിയര്‍ത്തിരുന്നു. 21-15 നായിരുന്നു നിര്‍ണ്ണായക സെറ്റില്‍ ഇന്തോനേഷ്യന്‍ താരത്തിന്റെ വിജയം.
എവിടെയാണ് സൈനക്ക് പിഴച്ചത്...? കോച്ച് ഗോപീചന്ദും മല്‍സരം കണ്ടവരും ഒറ്റവാക്കില്‍ വ്യക്തമാക്കുന്ന ഉത്തരം ഒന്നു മാത്രം-ജഡ്‌ജ്‌മെന്റില്‍. മല്‍സരത്തിലുടനീളം സൈന തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. മികച്ച റാലികള്‍, ഡ്രോപ്പ് ഷോട്ടുകള്‍, റിട്ടേണുകള്‍, ടൈമിംഗ്. എല്ലാം ഒന്നിനൊന്നു മെച്ചം. എതിരാളിയുടെ ഉയരക്കൂടുതലും അനുഭവസമ്പത്തും കാര്യമാക്കാതെ ഉരുളക്ക് ഉപ്പേരി എന്ന നിലയില്‍ കൊച്ചുതാരം കയറികളിച്ചപ്പോള്‍ കസേരയില്‍ ആര്‍ക്കും ഇരിപ്പുറപ്പിക്കാനായിരുന്നില്ല. തുടര്‍ച്ചയായ മൂന്ന് വിജയങ്ങളുമായി എത്തിയ സൈന പതര്‍ച്ച ഒരു ഘട്ടത്തിലും പ്രകടിപ്പിച്ചില്ല. വലിയ മല്‍സരങ്ങള്‍ തനിക്കിണങ്ങുമെന്ന് തോന്നിപ്പിക്കും വിധം ശാന്തതയും മാന്യതയുമായി ഏകാഗ്രത ആയുധമാക്കിയുളള പ്രകടനം. ഒരു ബഹളത്തിനും പ്രകടനാത്മകതക്കും നിന്നില്ല സൈന. എതിരാളിയുടെ ചലനങ്ങളിലും ഷട്ടിലിന്റെ ദിശയിലും മാത്രമായിരുന്നു ശ്രദ്ധ.
ആദ്യ സെറ്റില്‍ സൈനയുടെ പ്രകടനം വിലയിരുത്തുന്നത് പോലെയായിരുന്നു മേരിയയുടെ പ്രകടനം. ആദ്യ ഒളിംപിക്‌സും വലിയ മല്‍സരവുമെല്ലാം സൈനയുടെ സമ്മര്‍ദ്ദത്തെ സ്വാധിനിക്കുമെന്ന് കരുതിയ മേരിയക്ക് തെറ്റി. പിഴക്കാത്ത ചുവടുകളുമായി സൈന കുതിച്ചപ്പോള്‍ ആവേശത്തിന്റെ മുള്‍മുനയിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം.
വലിയ താരത്തിനെതിരെ ആദ്യ സെറ്റ് സ്വന്തമാക്കാനായാല്‍ സമ്മര്‍ദ്ദം സ്വാഭാവികമായും റാങ്കിംഗില്‍ പിറകില്‍ നില്‍ക്കുന്ന താരത്തിന് തന്നെയായിരിക്കുമെന്ന സത്യം പകല്‍ പോലെ പ്രകടമായി. രണ്ടാം സെറ്റില്‍ ഷട്ടിലിനെ ജഡ്‌ജ് ചെയ്യുന്നതില്‍ സൈനക്ക് നിരന്തരം പിഴച്ചു. ഏഴ് തവണയാണ് സെറ്റില്‍ സൈനയുടെ കണക്ക്‌കൂട്ടലുകള്‍ പിഴച്ചത്. ഡ്രോപ്പ് ഷോട്ടിലൂടെ മാത്രമായിരുന്നു പോയന്റ്. മല്‍സരം മൂന്നാം സെറ്റിലേക്ക് ദീര്‍ഘി്‌ചപ്പോള്‍ സ്വാഭാവിക എഡ്‌ജ് മേരിയക്കായിരുന്നു. അവരുടെ മുഖത്ത് അനായാസഭാവം. സൈനയുടെ കോച്ച് ഗോപീചന്ദ് അരികിലെത്തി പറഞ്ഞത് നോര്‍മല്‍ ഗെയിം കളിക്കാനായിരുന്നു. 11-3 ന് സൈന മുന്നില്‍ കയറിയപ്പോള്‍ ഇന്ത്യന്‍ ബെഞ്ചില്‍ പ്രതീക്ഷ കൈവന്നു. ഇതേ സ്‌ക്കോറില്‍ സൈന കോര്‍ട്ട് മാറിയപ്പോള്‍ കാണാനായത് ദുര്യോഗം. ഏഴ് പോയന്റ് ഒറ്റയടിക്ക് നേടി മേരിയ. സൈനയുടെ കാലുകളും കൈകളും തളര്‍ച്ച പ്രകടിപ്പിച്ചപ്പോള്‍ മേരിയക്ക് മെഡലിലേക്ക് എത്താന്‍ എളുപ്പമായി.
ചാപ്പിയയും പുറത്ത്, പെയ്‌സ്-ഭൂപതി സഖ്യം മുന്നോട്ട്
ബെയ്‌ജിംഗ്: ഇന്ത്യക്ക് ബെയ്‌ജിംഗില്‍ നിരാശയുടെ മറ്റൊരു ദിനം. വനിതകളുടെ ബാഡ്‌മിന്റണില്‍ സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്തായതിന് പിറകെ അമ്പെയ്‌ത്തിലും പ്രതീക്ഷകള്‍ക്ക് അസ്‌തമനം. ഏക പ്രതീക്ഷയായിരുന്ന യുവതാരം മംഗള്‍ സിംഗ് ചാപ്പിയ സ്വന്തം ഇനത്തിലെ പ്രി ക്വാര്‍ട്ടറില്‍ റഷ്യന്‍ താരത്തോട്‌് തോറ്റ് പുറത്തായതോടെ അമ്പെയ്‌ത്തില്‍ ഇന്ത്യന്‍ പ്രതീക്ഷകളെല്ലാം അവസാനിച്ചു. എല്ലാ സാധ്യതകളും ചാപ്പിയയിലായിരുന്നു. റാങ്കിംഗ് റൗണ്ടില്‍ രണ്ടാമത് വന്ന ചാപ്പിയ മെഡല്‍ നേടുമെന്നാണ് കരുതപ്പെട്ടത്. പ്രതിയോഗിയായ റഷ്യക്കാരന്‍ ബെയിര്‍ ബദിനോവിനെ റാങ്കിംഗ് റൗണ്ടില്‍ പിറകിലാക്കിയ ചാപ്പിയക്ക് പക്ഷേ നിര്‍ണ്ണായകമായ ഘട്ടത്തില്‍ റഷ്യക്കാരെനെ പിറകിലാക്കാന്‍ കഴിഞ്ഞില്ല. ഒളിംപിക് അറീന ആര്‍ച്ചറി ഫീല്‍ഡില്‍ റാങ്കിംഗ് റൗണ്ടില്‍ ചാപ്പിയ 678 തവണ ലക്ഷ്യത്തിലേക്ക് അമ്പയച്ചപ്പോള്‍ 658 തവണ മാത്രമായിരുന്നു റഷ്യന്‍ താരത്തിന് ലക്ഷ്യം കണ്ടെത്താനായത്. രാവിലെ ആദ്യ റൗണ്ടില്‍ അയര്‍ലാന്‍ഡില്‍ നിന്നുള്ള വെസി ഹോചലോവിനെ 112-98 എന്ന സ്‌ക്കോറിന് ചാപ്പിയ പരാജയപ്പെടുത്തിയിരുന്നു.
വനിതാ വിഭാഗം ടീം ഇനത്തില്‍ റാങ്കിംഗ് റൗണ്ടില്‍ ആറാം സ്ഥാനം നേടിയ ഇന്ത്യക്ക് ആദ്യറൗണ്ട് ബൈ ലഭിച്ചിരുന്നു. എന്നാല്‍ അടുത്ത മല്‍സരത്തില്‍ ആതിഥേയരായ ചൈനക്ക് മുന്നില്‍ അടിയറവ് പറഞ്ഞു. നേരത്തെ നടന്ന വ്യക്തിത ഇനങ്ങളില്‍ സീനിയര്‍ താരം ദോല ബാനര്‍ജി, എല്‍.ബോംബാലയ ദേവി, പ്രണിത വര്‍ദ്ധിനി എന്നിവര്‍ പുറത്തായിരുന്നു.
പെയ്‌സ്-ഭൂപതി സഖ്യം തകര്‍പ്പന്‍ പ്രകടനം ആവര്‍ത്തിച്ച് ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചത് മാത്രമാണ് ഇന്ത്യന്‍ നേട്ടം.
ചരിത്രം സാക്ഷി
ബെയ്‌ജിംഗ്: ചരിത്രത്തെ സാക്ഷിയാക്കി മൈക്കല്‍ ഫെല്‍പ്‌സ് എന്ന ഗോള്‍ഡന്‍ ഫിഷ് വാട്ടര്‍ ക്യൂബിനെ കീഴടക്കുകയാണ്. രണ്ട് ലോക റെക്കോര്‍ഡുകളുമായി അമേരിക്കന്‍ സൂപ്പര്‍ താരം ഇന്നലെ രണ്ട് സ്വര്‍ണ്ണം കൂടി സ്വന്തമാക്കി. ഇതോടെ നീന്തല്‍ കുളത്തില്‍ നിന്നും ഫെല്‍പ്‌സിന്റെ ബെയ്‌ജിംഗ് സമ്പാദ്യം അഞ്ച് സ്വര്‍ണ്ണമായി. മൂന്ന് ഇനങ്ങളില്‍ കൂടി അദ്ദേഹം മല്‍സരിക്കുന്നുണ്ട്. മൂന്ന് സ്വര്‍ണ്ണവും കൂടി സ്വന്തമാക്കി ഒരു ഒളിംപിക്‌സില്‍ ഏറ്റവുമധികം സ്വര്‍ണ്ണം നേടുന്ന താരമെന്ന ബഹുമതി റാഞ്ചുകയാണ് ഫെല്‍പ്‌സിന്റെ ലക്ഷ്യം.
ഇന്നലെ രാവിലെ നടന്ന 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തില്‍ സ്വര്‍ണ്ണം സ്വന്തമാക്കിയതോടെ ഒളിംപിക്‌സില്‍ ഏറ്റവുമധികം സ്വര്‍ണ്ണം നേടുന്ന താരമെന്ന റെക്കോര്‍ഡ് ഫെല്‍പ്‌സ് പോക്കറ്റിലാക്കി. പതിനൊന്ന് സ്വര്‍ണ്ണങ്ങളാണ് ഇതിനകം ഫെല്‍പ്‌സ് നേടിയിരിക്കുന്നത്. ഒമ്പത് സ്വര്‍ണ്ണങ്ങള്‍ വീതം നേടിയ കാള്‍ ലൂയിസ്, പാവോ നൂര്‍മി, മാര്‍ക് സ്‌പ്ലിറ്റ്‌സ്, ലറീസ ലാറ്റിനിന എന്നിവരുടെ പേരിലായിരുന്നു ഇത് വരെ റെക്കോര്‍ഡ്.
പതിനൊന്നാമത് സ്വര്‍ണ്ണം 4-200 മീറ്റര്‍ ഫ്രീ സ്റ്റൈല്‍ റിലേയിലാണ് ഫെല്‍പ്‌സ് നേടിയത്. ഇന്നലെ മൊത്തം മൂന്നിനങ്ങളിലാണ് ഫെല്‍പ്‌സ് മല്‍സരിച്ചത്. 200 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ ഇനത്തിലും റിലേയിലും പിന്നെ 200 മീറ്റര്‍ ഇന്‍ഡിവിഡ്വല്‍ മെഡ്‌ലിയിലും. ഈ ഇനത്തിലെ ഹീറ്റ്‌സില്‍ 58.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്‌ത് സ്വര്‍ണ്ണത്തിലേക്കുളള യാത്ര അദ്ദേഹം തുടങ്ങിയിട്ടുണ്ട്. 100 മീറ്റര്‍ ബട്ടര്‍ ഫ്‌ളൈ, 4-100 മീറ്റര്‍ മെഡ്‌ലി റിലേ എന്നീ ഇനങ്ങളില്‍ കൂടി അദ്ദേഹം മല്‍സരിക്കുന്നുണ്ട്.
അഞ്ച് സ്വര്‍ണ്ണം നേടാനായതിലെ സന്തോഷം മറച്ചുവെക്കാതെ സംസാരിച്ച ഫെല്‍പ്‌സ് മൂന്ന് മല്‍സരങ്ങളില്‍ കൂടി ജയിക്കാനുണ്ടെന്നും ഈ ലക്ഷ്യം മറന്നിട്ടില്ലെന്നും പറഞ്ഞു.
പതിവ് ശൈലിയില്‍ തന്നെയായിരുന്നു ഇന്നലെയും വാട്ടര്‍ ക്യൂബില്‍ ഫെല്‍പ്‌സിന്റെ പ്രകടനം. ലോക റെക്കോര്‍ഡോടെ ആദ്യ ഇനത്തില്‍ കനകനേട്ടം. പിറകിലാക്കിയത് ഹംഗറിയുടെ ലാസ്‌ലോ ചെകിനെയും ജപ്പാന്റെ തകേഷി മറ്റ്‌സുദയെയും. 1: 52.03 സെക്കന്‍ഡിലാണ് അദ്ദേഹം ഫിനിഷ് ചെയ്‌തത്. ലോക റെക്കോര്‍ഡ് ലക്ഷ്യമാക്കി തന്നെയാണ് മല്‍സരിച്ചതെന്നും വെള്ളത്തിനടിയിലെ ചില തടസ്സങ്ങളിലും പുതിയ സമയം കുറിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റിലേയില്‍ റ്യാന്‍ ലോട്ടെ, റിക്കി ബെറന്‍സ്, പീറ്റര്‍ വാന്‍ഡര്‍കേ എന്നിവര്‍ക്കൊപ്പമാണ് ഫെല്‍പ്‌സ് സ്വര്‍ണ്ണം നേടിയത്. ഇതും ലോക റെക്കോര്‍ഡ് സമയമാണ്. 6:58.56 സെക്കന്‍ഡിലാണ് റിലേ ടീം സ്വര്‍ണ്ണം നേടിയത്. റഷ്യ വെള്ളിയും ഓസ്‌ട്രേലിയ വെങ്കലവും നേടി.
ചൈന
ബെയ്‌ജിംഗ്: ഒളിംപിക്‌സ് മല്‍സരങ്ങള്‍ ആറ് ദിവസം പിന്നിടുമ്പോള്‍ മെഡല്‍പ്പട്ടികയില്‍ കാര്യമായ മാറ്റങ്ങളില്ല. ചൈന ഒന്നിലും അമേരിക്ക രണ്ടിലും നില്‍ക്കുന്നു. ഇന്നലെ നീന്തല്‍കുളത്തിലെ അമേരിക്കന്‍ സര്‍വാധിപത്യത്തിന് തടയിട്ട് ചൈന പുരുഷന്മാരുടെ മൂന്ന് മീറ്റര്‍ സ്‌പ്രിംഗ്‌ബോര്‍ഡ് സിംക്രോണൈസ്‌ഡ് നീന്തലില്‍ സ്വര്‍ണ്ണം സ്വന്തമാക്കി. പതിനേഴ് സ്വര്‍ണ്ണവും നാല് വെള്ളിയും അഞ്ച് വെങ്കലവുമാണ് ഇതിനകം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്ക പത്ത് സ്വര്‍ണ്ണങ്ങള്‍ നേടിയിട്ടുണ്ട്. ഇതില്‍ അഞ്ചും മൈക്കല്‍ ഫെലിപ്‌സ് എന്ന നീന്തല്‍ താരത്തിന്റെ വകയാണ്. എട്ട് വെള്ളിയും പതിനൊന്ന് വെങ്കലവും അമേരിക്കയുടെ കൈവശമുണ്ട്. മൂന്ന് മീറ്റര്‍ സ്‌പ്രിംഗ് ബോര്‍ഡ് സിംക്രോണൈസ്‌ഡ് ഇനത്തില്‍ നിലവിലുളള ലോക ചാമ്പ്യന്‍ കിന്‍ കായ്, വാംഗ് ഫെംഗ് എന്നിവരാണ് ചൈനക്ക് വേണ്ടി സ്വര്‍ണ്ണം നേടിയത്. ഡൈവിംഗ് ഇനത്തില്‍ ആധിപത്യം തുടരുന്ന ചൈനക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ആര്‍ക്കുമാവാത്ത കാഴ്‌ച്ചകളാണ് 2000 ത്തിലെ സിഡ്‌നി ഒളിംപിക്‌സ് മുതല്‍ ദൃശ്യമാവുന്നത്. ഈ വര്‍ഷം ഇവിടെ വെച്ച് നടന്ന ലോകകപ്പിലും കഴിഞ്ഞ വര്‍ഷം മെല്‍ബണില്‍ നടന്ന ലോക ചാമ്പ്യന്‍ഷിപ്പിലും ഈ ടീമിന് തന്നെയായിരുന്നു വിജയം. റഷ്യക്കാണ് വെള്ളി.
2 comments:
all d best
കമാലെ, ബെയ്ജിംഗ് ബ്ലോഗുകള്‍ക്കു നന്ദി. ഹോംഗ്കോംഗുകാരിയെ തോല്പ്പിക്കുന്നതു കണ്ടപ്പോള്‍ തോന്നി പാവം സൈനക്ക് ബ്രോണ്‍സെങ്കിലും കിട്ടണമെന്ന്...പത്തു കാണികളൂടെ വോയ്സ് സപ്പോര്‍ട്ടുമായി കുട്ടി ഇത്രയും ചെയ്തല്ലോ..പക്ഷെ അവളൂടെ മുഖത്തുണ്ട് മറ്റൊരു ഒളീമ്പിക്സ്..നമ്മുടെ കായിക മേലാളന്മാര്‍ നല്ലതു ചെയ്യട്ടെ എന്നു ആശിക്കാം..
Post a Comment