Monday, August 25, 2008

MY DEAR BEIJING- coloum by P.A Hamsa

ഇന്നലെ ബെയ്‌ജിംഗിലെ സമയം രാത്രി 9-15. ഒളിംപിക്‌സ്‌ ടെര്‍മിനലില്‍ നിന്ന്‌ ന്യൂഡല്‍ഹിയിലേക്കുള്ള എതോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം ചിറകടിച്ചു പറക്കാന്‍ തുടങ്ങുമ്പോള്‍ കണ്ണുകള്‍ അറിയാതെ ഈറനണിഞ്ഞു..... ചൈന എന്ന മഹാരാജ്യവും ഒളിംപിക്‌സും സമ്മാനിച്ച മധുരതരമായ അനുഭവങ്ങളോട്‌ വിടപറയുമ്പോള്‍ വിമാനത്താവളത്തിലെ ഒളിംപിക്‌സ്‌ വോളണ്ടിയര്‍മാര്‍ സീ യു എഗൈന്‍ എന്ന്‌ പറയുന്നുണ്ടായിരുന്നു. അതെ, വീണ്ടും ഇവിടെ വരണം. ഒരിക്കലും മറക്കാത്ത ഓര്‍മ്മകളാണ്‌ ഈ നഗരം എനിക്ക്‌ സമ്മാനിച്ചത്‌. ബെയ്‌ജിംഗിലെ എട്ട്‌ ദിവസങ്ങള്‍ സമ്മാനിച്ച സുന്ദരനിമിഷങ്ങളിലൂടെ ഓട്ടപ്രദക്ഷിണം നടത്തിയപ്പോള്‍ കിളിക്കൂടും ഗെയിംസ്‌ വില്ലേജും ഉസൈന്‍ ബോള്‍ട്ടും ഇസന്‍ബയേവും കൊച്ചു ത്വയ്യിബയും വിജേന്ദര്‍ കുമാറുമെല്ലാം വീണ്ടും മുന്നില്‍ വന്നത്‌ പോലെ.. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രതിനിധി സംഘത്തില്‍ അംഗമായി ഓഗസ്‌റ്റ്‌ 17 നാണ്‌ ഇവിടെയെത്തിയത്‌.
ബെയ്‌ജിംഗിനോട്‌ വിടപറയാന്‍ ഒരിക്കും മനസ്സ്‌ സമ്മതിച്ചിരുന്നില്ല. ഇനിയും കാണാനുണ്ട്‌ ഈ നഗരത്തിന്റെയും രാജ്യത്തിന്റെയും സ്വഛന്ദമായ കാഴ്‌ച്ചകള്‍. ഫോര്‍ബിഡന്‍ സിറ്റിയും ടിയാനന്‍മെന്‍
സ്‌ക്വയറും പാര്‍ലമെന്റുമെല്ലാം പോലെ ചൈനീസ്‌ സംസ്‌കൃതിയുടെ മായാത്ത മുദ്രകള്‍ എല്ലായിടത്തുമുണ്ടെന്നും അതെല്ലാം കണ്ടിട്ടേ മടങ്ങാവുവെന്നും ജാക്കിച്ചാന്‍ പറഞ്ഞിരുന്നു. ബെയ്‌ജിംഗില്‍ എത്തിയത്‌ മുതല്‍ എനിക്കൊപ്പമുണ്ട്‌ ജാക്കിച്ചാന്‍. വലിയ ഒരു മൈന്‍ കമ്പനിയുടെ ഉടമസ്ഥനായിട്ടും അദ്ദേഹം കാഴ്‌ച്ചകളിലേക്ക്‌ എന്നെ നയിക്കാന്‍ ഇത്രയും ദിവസം കൂടെയുണ്ടായിരുന്നു. രാവിലെ ഗെയിംസ്‌ വില്ലേജിലേക്ക്‌ ക്ഷണമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ സംഘത്തില്‍ അംഗങ്ങളായ ഞങ്ങളെല്ലാം രാവിലെ ഹോട്ടലില്‍ നിന്ന്‌ ബസ്സ്‌ മാര്‍ഗ്ഗം അവിടെയെത്തി. എനിക്കൊപ്പം സഫര്‍ ഇഖ്‌ബാലും ഇന്ത്യന്‍ ബോക്‌സിംഗ്‌ ഫെഡറേഷന്‍ സെക്രട്ടറിയായ മലയാളി കേണല്‍ മുരളിധര്‍ രാജയും ഷൈനി വില്‍സണുമെല്ലാമുണ്ടായിരുന്നു. ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌ കല്‍മാഡിയും ഇന്ത്യന്‍ അത്‌ലറ്റിക്‌ അസോസിയേഷന്‍ സെക്രട്ടറി ഡോ.ലളിത്‌ ഭാനോട്ടുമാണ്‌ ഞങ്ങളെ നയിച്ചത്‌. ഗെയിംസില്‍ പങ്കെടുത്ത 205 രാജ്യങ്ങളില്‍ നിന്നുളള താരങ്ങളും അവിടെയുണ്ടായിരുന്നു. ചൈനയുടെ സംഘാടനത്തിന്റെയും കരുത്തിന്റെയും പ്രതീകമാണ്‌ വില്ലേജ്‌. ഇന്ത്യന്‍ സംഘത്തിന്റെ മീഡിയ അറ്റാഷെയായിരുന്ന സുരേഷ്‌ മേത്തക്ക്‌ ഒരു കാര്യത്തില്‍ നിര്‍ബന്ധം-ഇതേ സൗകര്യങ്ങള്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിലും ഒരുക്കണം.
ഇന്ത്യക്ക്‌ ബോക്‌സിംഗില്‍ ഇതാദ്യമായി ഒളിംപിക്‌ മെഡല്‍ സമ്മാനിച്ച വിജേന്ദറും സംഘവും വില്ലേജിലുണ്ടായിരുന്നു. എല്ലാവരും സന്തോഷവാന്മാര്‍. വിജേന്ദറിനെ ചന്ദ്രികക്കായി അഭിനന്ദിച്ചപ്പോള്‍ അടുത്ത ഒളിംപിക്‌സില്‍ രാജ്യത്തിനായി സ്വര്‍ണ്ണം തന്നെ സമ്പാദിക്കാനാവുമെന്നാണ്‌ ആത്മവിശ്വാസത്തോടെ ഭീവാനിക്കാരന്‍ പറഞ്ഞത്‌. വല്ലേജിനെക്കുറിച്ച്‌ ആര്‍ക്കും ഒരു പരാതിയുമില്ല. ബെയ്‌ജിംഗിനോട്‌ വിടപറയാനാണ്‌ എല്ലാവര്‍ക്കും വിഷമം.
വില്ലേജില്‍ നിന്നും ഹോട്ടലിലെത്തി കാര്‍ മാര്‍ഗ്ഗം വിമാനത്താവളത്തിലെത്തുമ്പോഴും ജാക്കിച്ചാനും എന്റെ ബന്ധുവായ തസ്‌ലീമും കൂടെയുണ്ടായിരുന്നു. ഇരുവരോടും നന്ദി പറഞ്ഞ്‌ വിമാനത്താവളത്തിനകത്ത്‌ കയറിയപ്പോള്‍ അതും ഒരു മഹാസൗധം. പ്രത്യേക ഒളിംപിക്‌ ടെര്‍മിനല്‍. തൊട്ട്‌ മുന്നില്‍ അതിവിശാലമായ പതിനഞ്ച്‌ ട്രാക്ക്‌ റോഡ്‌. എത്രയോ വിമാനങ്ങള്‍ ഇവിടെ നിന്നും പൊങ്ങി ഉയരുന്നു. എല്ലാ വിമാനങ്ങളിലും കായികതാരങ്ങളും സംഘാടകരും ഒഫീഷ്യലുകളും.
മണിക്കൂറുകള്‍ക്ക്‌ മുമ്പാണ്‌ കിളിക്കൂട്ടില്‍ ഒളിംപിക്‌ സമാപനചടങ്ങ്‌ നടന്നത്‌. പക്ഷേ രാവിലെ നോക്കുമ്പോള്‍ അങ്ങനെയൊു മഹാസംഭവം നഗരത്തില്‍ നടന്നതിന്റെ ഒരു സൂചനയുമില്ല. പഴയത്‌ പോലെ ഞൊടിയിടയില്‍ നഗരവും പ്രാന്തങ്ങളും വൃത്തിയാക്കിയിരിക്കുന്നു. എങ്ങനെ ഇങ്ങനെയാവാന്‍ ചൈനക്കും ബെയ്‌ജിംഗിനും കഴിയുന്നു എന്ന ചോദ്യം എന്റെ മനസ്സിലുണ്ടായിരുന്നില്ല. കാരണം ഇത്രയും നാളത്തെ ബെയ്‌ജിംഗ്‌ വാസത്തില്‍ ഈ നഗരം എന്നും അല്‍ഭുതമാണ്‌ സമ്മാനിച്ചത്‌. മണിക്കൂറുകള്‍ ദീര്‍ഘിച്ച പേമാരിക്ക്‌ ശേഷം റോഡുകള്‍ അതിവേഗം പഴയ നിലയിലെത്തുന്നു. ശരവേഗതയില്‍ വാഹനങ്ങള്‍ പറപറക്കുമ്പോള്‍ അപകടങ്ങള്‍ ഈ നിരത്തുകളില്‍ കുറവാണ്‌. ഒരു പൊടിയോ, ചപ്പു ചവറുകളോ എവിടെയും കാണുന്നില്ല. ലോകത്തിന്റെ വേഗതക്കൊപ്പം സഞ്ചരിക്കാന്‍ ബെയ്‌ജിംഗ്‌ പഠിച്ചിരിക്കുന്നു. ബെയ്‌ജിംഗിലൂടെ നടക്കുമ്പോഴെല്ലാം നമ്മുടെ നാടിനെക്കുറിച്ച്‌ , നമ്മുടെ റോഡുകളുടെ അവസ്ഥയെക്കുറിച്ച്‌ അറിയാതെ ഓര്‍മ്മ വന്നുപോവും.
ഇങ്ങനെ ഒരു ഒളിംപിക്‌സ്‌ എന്നെങ്കിലും നമുക്ക്‌ സംഘടിപ്പിക്കാനാവുമോ...? സംശയമാണ്‌.... സമാപനചടങ്ങിന്‌ ശേഷം ഒരു ലണ്ടന്‍കാരനെ പരിചയപ്പെട്ടു. അദ്ദേഹം പറഞ്ഞ വാക്കുകളാണ്‌ ആശ്വാസം. ഇത്രയും മനോഹരമായി ഒരു ഒളിംപിക്‌സ്‌ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്കാവില്ല... ചൈനയിലെ വ്യാപാര സംഘടനയായ ചൈന ട്രേഡിന്റെ അസിസ്‌റ്റന്‍ഡ്‌ ഡയരക്ടര്‍ ജനറലിനെ വിമാനത്താവളത്തില്‍ വെച്ച്‌ കണ്ടിരുന്നു. ഇന്ത്യയെ സ്‌നേഹിക്കുന്നവരാണ്‌ ചൈനക്കാര്‍. ഇന്ത്യന്‍ വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും ചൈനയിലേക്ക്‌ വാതില്‍ തുറക്കുന്ന ട്രേഡ്‌ എക്‌സിബിഷന്‍ ഈ ഡിസംബറില്‍ മുംബൈയില്‍ നടത്തുമെന്ന്‌ അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ ചേംബര്‍ ഓഫ്‌ കോമേഴ്‌്‌സിന്റെ സഹകരണത്തോടെയായിരിക്കും ഇതെന്നും അദ്ദേഹം വിശദീകരിച്ചപ്പോള്‍ സന്തോഷം തോന്നി.
അതെ ഈ മനോഹാരിതയെ ലോകം ഇഷ്ടപ്പെട്ടിരിക്കുന്നു. ഇവിടെ നിന്ന്‌ മടങ്ങുമ്പോള്‍ കണ്ണുകള്‍ ഈറനണിയുന്നത്‌ വെറുതെയല്ല... ഗുഡ്‌ ബൈ ബെയ്‌ജിംഗ്‌, ഗുഡ്‌ ബൈ ചൈന......

4,600 ഡോപ്പിംഗ്‌ ടെസ്റ്റുകള്‍
ആറെണ്ണം മാത്രം പോസീറ്റീവ്‌

ബെയ്‌ജിംഗ്‌: മഹാമേളക്ക്‌ കൊടിയിറങ്ങിയപ്പോള്‍ ബെയ്‌ജിംഗിനെ ലോകം വാഴ്‌ത്തുകയാണ്‌. യഥാര്‍ത്ഥ വിസ്‌മയമായിരുന്നു ഈ മേളയെന്ന്‌ എല്ലാവരും ഏകസ്വരത്തില്‍ പറയുമ്പോള്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി ഗെയിംസിനെ അഭിനന്ദിക്കുന്നത്‌ മറ്റൊരു കാര്യത്തിലാണ്‌-മരുന്നടിയുടെ പുക ഉയരാത്ത മേള. നാല്‌ വര്‍ഷം മുമ്പ്‌ ഏതന്‍സില്‍ നടന്ന ഒളിംപിക്‌സ്‌ പോലും ഉത്തേജകങ്ങളുടെ പിടിയില്‍ അകപ്പെട്ടപ്പോള്‍ ബെയ്‌ജിംഗില്‍ കാര്യമായ വിവാദങ്ങളുണ്ടായില്ല എന്നത്‌ സംഘാടകര്‍ക്കും ഐ.ഒ.സിക്കും ആഹ്ലാദത്തിന്‌ വക നല്‍കുന്നുണ്ട്‌.
മൊത്തം 4,600 ഡോപ്പിംഗ്‌ ടെസ്‌റ്റുകളാണ്‌ നടന്നത്‌. ഇതില്‍ അവസാനദിവസ മല്‍സരങ്ങളില്‍ പങ്കെടുത്ത താരങ്ങളുടെ ടെസ്‌റ്റ്‌ ഫലം ലഭ്യമായിട്ടില്ലെങ്കിലും ആറ്‌ കേസുകള്‍ മാത്രമാണ്‌ പിടിക്കപ്പെട്ടത്‌. അതില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ്‌ മെഡല്‍ നേടിയവര്‍ പ്രതികളായത്‌. ഇത്‌ തന്നെ സ്വര്‍ണ്ണനേട്ടക്കാരായിരുന്നില്ല. 2004 ലെ ഒളിംപിക്‌സില്‍ 26 ഡോപ്പിംഗ്‌ കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌. ഇതില്‍ മൂന്നെണ്ണം സ്വര്‍ണ്ണ നേട്ടക്കാരുടേതായിരുന്നു.
വളരെ രസകരമായ കാര്യം ഒളിംപിക്‌സ്‌ ആരംഭിക്കുന്നതിന്‌ മുമ്പ്‌ ഐ.ഒ.സി തലവന്‍ ജാക്വസ്‌ റോജി പറഞ്ഞ കാര്യമാണ്‌. മുപ്പതോ നാല്‍പ്പതോ ഡോപ്പിംഗ്‌ കേസുകള്‍ താന്‍ പ്രതീക്ഷിക്കുന്നുണ്ടെന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. അദ്ദേഹം പോലും ചൈനയെ അഭിനന്ദിക്കാന്‍ നിര്‍ബന്ധതിനായി.

ചൈനീസ്‌ വിസ്‌മയം"were a triumph of the will for a people and a government determined to show their skill and confidence,"
ബെയ്‌ജിംഗ്‌: അമേരിക്കന്‍ പത്രമായ ലോസാഞ്ചലസ്സ്‌ ടൈംസില്‍ ഇന്നലെ ഒന്നാം പേജില്‍ ഉദ്ധരിക്കപ്പെട്ട വരികളാണ്‌ മുകളില്‍ ചേര്‍ത്തത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്റെ വിജയത്തെ അപഗ്രഥിക്കവെ ചൈനീസ്‌ ജനതക്കും സര്‍ക്കാരിനുമാണ്‌ അമേരിക്കന്‍ പത്രം മാര്‍ക്കിട്ടത്‌. ബെയ്‌ജിംഗ്‌ ഒളിംപിക്‌സ്‌ വന്‍ പരാജയമായി കാണാന്‍ നോമ്പ്‌ നോറ്റവരായിുന്നു അമേരിക്കന്‍ ഭരണക്കൂടം. ഏത്‌ വിധേനയും ചൈനയെ തകര്‍ക്കുക എന്ന ലക്ഷ്യത്തിലേക്കുളള യാത്രയില്‍ ഒളിംപിക്‌സ്‌ തങ്ങളെ തുണക്കുമെന്നാണ്‌ അമേരിക്കന്‍ രാഷ്ട്രീയ നേതൃത്ത്വം കരുതിയത്‌. പക്ഷേ ഒളിംപിക്‌സ്‌ വന്‍വിജയമായതിന്‌ പിറകെ ഒരു അമേരിക്കന്‍ പത്രം തന്നെ പരസ്യമായി അഭിനന്ദനങ്ങള്‍ അറിയിച്ചത്‌ ചൈനക്ക്‌ ലഭിച്ച ഏറ്റവും വലിയ അംഗീകാരമാണ്‌.
16 ദിവസം ദീര്‍ഘിച്ച കായികമാമാങ്കത്തിന്‌ തിരശ്ശീല വീണപ്പോള്‍ ഉയര്‍ന്നത്‌ ഒരേ ഒരു പരാതി മാത്രമാണ്‌-അതും അമേരിക്കക്കാരുടെ വക. ചൈനീസ്‌ ജിംനാസ്റ്റിക്‌സ്‌ സംഘത്തിലെ ചില താരങ്ങളുടെ പ്രായ കാര്യത്തിലായിരുന്നു അമേരിക്കന്‍ പരാതി. ഈ പരാതിയില്‍ അന്വേഷണം നടത്താന്‍ ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തീരുമാനിക്കുകയും ചെയ്‌തിട്ടുണ്ട്‌.
കായിക ലോകത്ത്‌ പുതിയ യുഗത്തിന്റെ പിറവിയാണ്‌ ബെയ്‌ജിംഗ്‌ ഉദ്‌ഘോഷിച്ചത്‌. ഒളിംപിക്‌സ്‌ ചരത്രത്തിലെ അമേരിക്കന്‍ വീരഗാഥകള്‍ക്ക്‌ അന്ത്യമിട്ട്‌ ചൈന മെഡല്‍പ്പട്ടികയില്‍ ഒന്നാമത്‌ വന്നിരിക്കുന്നു. 51 സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ മൊത്തം 100 മെഡലുകളാണ്‌ ചൈന സ്വന്തമാക്കിയത്‌. ഒളിംപിക്‌്‌സ്‌ ആരംഭിക്കുമ്പോള്‍ ചൈനയുടെ ലക്ഷ്യം മെഡല്‍പ്പട്ടികയിലെ ഒന്നാം സ്ഥാനമായിരുന്നു. അത്‌ നേടിയെന്ന്‌ മാത്രമല്ല എല്ലാ രാജ്യക്കാരുടെയും കൈയ്യടികള്‍ വാങ്ങാനും അവര്‍ക്കായി.
ഐ.ഒ.സി പ്രസിഡണ്ട്‌ ജാക്വസ്‌ റോജിക്ക്‌ ഏറെ ഇഷട്‌പ്പെട്ട നിമിഷം ട്രാക്കിലെ ജമൈക്കന്‍ വിസ്‌മയമോ, നീന്തല്‍കുളത്തിലെ മൈക്കല്‍ ഫെല്‍പ്‌സ്‌ ഗാഥകളോ ആയിരുന്നില്ല. ഷൂട്ടിംഗില്‍ വനിതകളുടെ 10 മീറ്റര്‍ എയര്‍ പിസ്‌റ്റള്‍ ഇനത്തില്‍ സ്വര്‍ണ്ണം നേടിയ ജോര്‍ജ്ജിയന്‍ താരം നിനോ സാലുവും വെള്ളി നേടിയ റഷ്യന്‍ താരം നതാലിയ പദറെയും സ്വന്തം നാടുകള്‍ തമ്മില്‍ നടക്കുന്ന യുദ്ധവൈര്യം മറന്ന്‌ പരസ്‌പരം ആശ്ലേഷിച്ച നിമിമായിരുന്നു. റഷ്യന്‍ സൈന്യംം ജോര്‍ജ്ജിയയെ അതിക്രമിച്ച നിമിഷത്തില്‍, ലോക സമാധാനം വെല്ലുവിളിക്കപ്പെടുമ്പോഴാണ്‌ ജോര്‍ജ്ജിയക്കാരിയും റഷ്യക്കാരിയും മെഡല്‍ദാന ചടങ്ങില്‍ സ്‌പോര്‍ട്‌സ്‌ മാന്‍ സ്‌പിരിറ്റ്‌ ഉയര്‍ത്തിപ്പിടിച്ചത്‌. ഒളിംപിക്‌സിന്റെ താരം നീന്തല്‍കുളത്തിലെ വിസ്‌മയമായ മൈക്കല്‍ ഫെലിപ്‌സായിരുന്നു. മല്‍സരിച്ച എട്ടിനങ്ങളിലും സ്വര്‍ണ്ണം. അതില്‍ ഏഴിലും ലോക റെക്കോര്‍ഡ്‌. ട്രാക്കില്‍ മൂന്ന്‌ സ്വര്‍ണ്ണവും മൂന്ന്‌ ലോക റെക്കോര്‍ഡും സ്വന്തമാക്കിയ ഉസൈന്‍ ബോള്‍ട്ടിനെയും കായിക പ്രേമികള്‍ മറക്കില്ല.
ഓഗസ്‌റ്റ്‌ എട്ടിന്‌ ആരംഭിച്ച ഒളിംപിക്‌സില്‍ എവിടെയും അപശ്രുതികളുണ്ടായിരുന്നില്ല. മല്‍സരവേദികളെല്ലാം അത്യുന്നത നിലവാരത്തിലുളളതായിരുന്നു. കിളിക്കൂട്‌ മാത്രമല്ല വാട്ടര്‍ ക്യൂബും മറ്റ്‌ വേദികളുമെല്ലാം താരങ്ങള്‍ക്ക്‌ പ്രിയപ്പെട്ട കളിമുറ്റങ്ങളായി. തകര്‍പ്പന്‍ മല്‍സരങ്ങളാണ്‌ എല്ലാ വേദികളിലും നടന്നത്‌. നാല്‍പ്പതോളം ലോക റെക്കോര്‍ഡുകള്‍, അമ്പതോളം ഒളിംപിക്‌ റെക്കോര്‍ഡുകള്‍.
ചൈനീസ്‌ കരുത്തിന്റെ മറ്റൊരു തെളിവായിരുന്നു സമാപനചടങ്ങ്‌. കിളിക്കൂട്ടില്‍ മൂന്ന്‌ മണിക്കൂറോളം ദീര്‍ഘിച്ച മറ്റൊരു വേറിട്ട കാഴ്‌ച്ച. ബെയ്‌ജിംഗും ചൈനയും ഒളിംപിക്‌സ്‌ ചരിത്രത്തില്‍ പുത്തന്‍ ഗാഥ രചിച്ചതോടെ സമ്മര്‍ദ്ദത്തിന്റെ പടിപുരയിലാണ്‌ അടുത്ത ഒളിംപിക്‌സിന്‌ ആതിഥേയത്വം വഹിക്കുന്ന ലണ്ടന്‍. കിളിക്കൂട്ടില്‍ ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്‌ഘാടനം അറിയിച്ചുള്ള പ്രത്യേക ഡബിള്‍ ഡക്കര്‍ ബസ്സുണ്ടായിരുന്നു. ഡേവിഡ്‌ ബെക്കാമും പത്ത്‌ വയസ്സുകാരി ത്വയ്യിബയുയെല്ലാമായിരുന്നു ആ ബസ്സില്‍. ബസ്സില്‍ നിന്ന്‌ പന്ത്‌ തട്ടിയാണ്‌ ലണ്ടനിലേക്കുള്ള ഒരുക്കം ഇംഗ്ലീഷ്‌ സംഘാടകര്‍ പ്രഖ്യാപിച്ചത്‌. ബെയ്‌ജിംഗ്‌ ഒരുക്കിയ വിസ്‌മയത്തില്‍ അതിനെ വെല്ലാനുളള സമ്മര്‍ദ്ദത്തില്‍ ഇനി ലണ്ടന്‌ വിശ്രമമില്ല.സൈഡ്‌ബോട്ടത്തിന്‌ പരുക്ക്‌
ലണ്ടന്‍: ഇംഗ്ലീഷ്‌ സീമര്‍ റ്യാന്‍ സൈഡ്‌ബോട്ടത്തിന്‌ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ അവശേഷിക്കുന്ന മല്‍സരങ്ങളില്‍ കളിക്കാനാവില്ല. പരുക്ക്‌ കാരണം അദ്ദേഹം രണ്ട്‌ മാസത്തോളം പുറത്തിരിക്കണം. പരമ്പരയില്‍ കെവിന്‍ പീറ്റേഴ്‌സണ്‍ നയിക്കുന്ന ഇംഗ്ലണ്ട്‌ 1-0 ത്തിന്‌ മുന്നിലാണ്‌.
ഹെയ്‌ഡന്‍ ഇല്ല
മെല്‍ബണ്‍: ബംഗ്ലാദേശിനെതിരായ പരമ്പരക്കുള്ള ഓസ്‌ട്രേലിയന്‍ ടീമില്‍ സീനിയര്‍ താരം മാത്യൂ ഹെയ്‌ഡന്‍ ഉണ്ടാവില്ല. വ്യക്തിപരമായ കാരണത്താല്‍ ഹെയ്‌ഡന്‍ പരമ്പരയില്‍ നിന്ന്‌ പിന്മാറ്റം അറിയിക്കുകയായിരുന്നു.

പരമ്പരക്ക്‌ ഇന്ത്യ
കൊളംബോ: ടെസ്‌റ്റ്‌ പരമ്പര നഷ്ടമായ നിരാശ അകറ്റാന്‍ ഇന്ത്യ ഇന്ന്‌ ഏകദിന പരമ്പര സ്വന്തമാക്കാന്‍ ഇറങ്ങുന്നു. ശ്രീലങ്കക്കെതിരായ പഞ്ചമല്‍സര ഏകദിന പരമ്പരയിലെ നാലാം പോരാട്ടം ഇന്നിവിടെ പകലും രാത്രിയുമായി നടക്കുമ്പോള്‍ സമ്മര്‍ദ്ദം ലങ്കന്‍ ക്യാമ്പിലാണ്‌. 2-1ന്‌ ഇന്ത്യ ലീഡ്‌ ചെയ്യുന്ന പരമ്പര നഷ്ടമാവാതിരിക്കാന്‍ മഹേല ജയവര്‍ദ്ധനക്കും സംഘത്തിനും ഇന്ന്‌ വിയജിക്കണം. ധാംബുലയില്‍ നടന്ന ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ വിജയം കരസ്ഥമാക്കിയ ശേഷം ലങ്കന്‍ ടീം തളരുകയായിരുന്നു. ബാറ്റിംഗാണ്‌ പ്രധാന വെല്ലുവിളി. സനത്‌ ജയസൂര്യ, കുമാര്‍ സങ്കക്കാര എന്നീ പ്രമുഖര്‍ക്ക്‌ ഇത്‌ വരെ ഫോമിലെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ത്യന്‍ മുന്‍നിരയും റണ്‍സ്‌ കണ്ടെത്താന്‍ വിഷമിക്കുകയാണ്‌. ക്യാപ്‌റ്റന്‍ ധോണിയുടെ ഇന്നിംഗ്‌സിലാണ്‌ മൂന്നാം മല്‍സരത്തില്‍ ജയിക്കാനായത്‌. ബൗളിംഗില്‍ സഹീര്‍ഖാന്‍,മുനാഫ്‌ പട്ടേല്‍ എന്നിവര്‍
സ്ഥിരത പ്രകടിപ്പിക്കുന്നുണ്ട്‌. സഹീര്‍ രണ്ടാം മല്‍സരത്തില്‍ മാന്‍ ഓഫ്‌ ദ മാച്ച്‌ പട്ടം സ്വന്തമാക്കിയപ്പോള്‍
മൂന്നാം ഏകദിനത്തില്‍ നിര്‍ണ്ണായകമായ മൂന്ന്‌ വിക്കറ്റുകള്‍ മുനാഫ്‌ കരസ്ഥമാക്കിയിരുന്നു. ഇന്നത്തെ മല്‍സരം തല്‍സമയം ടെന്‍ സ്‌പോര്‍ട്‌സില്‍. 2-30 മുതല്‍.

No comments: