Wednesday, August 13, 2008
MERA INDIA, LUCKY INDIA
നമ്മുടെ ഒരു കാര്യം...! ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കുമെന്നല്ലേ വെപ്പ്. ഇന്ത്യയുടെ കാര്യത്തിലാവുമ്പോള്‍ ലക്ഷ്യം മാര്‍ഗ്ഗത്തെയല്ല ഭാഗ്യത്തെയാണ് സാധൂകരിക്കുന്നത്. ആരുടെയും മെഡല്‍ പുസ്‌തകത്തിലില്ലാത്ത അഭിനവ് ബിന്ദ്ര സ്വര്‍ണ്ണം തന്നെ വെടിവെച്ചിട്ടപ്പോള്‍ മെഡല്‍ കൊണ്ടുവരുമെന്ന് കരുതപ്പെട്ട രാജ്യ വര്‍ദ്ധന്‍സിംഗ് രാത്തോറിന് ഉന്നം മാത്രമല്ല കരിയറും പിഴച്ചു. സാനിയ മിര്‍സയുടെ റാക്കറ്റ് ചലിക്കുമെന്ന് പറഞ്ഞവര്‍ക്ക് മുന്നിലൂടെ ഹൈദരാബാദുകാരി മുടന്തി നീങ്ങി. പകരം മറ്റൊരു ഹൈദരാബാദുകാരിയാണ് രാജ്യത്തിന്റെ അഭിമാനമായത്-സൈന നെഹ്‌വാള്‍. ഒളിംപിക്‌സിന് പുറപ്പെട്ട ഇന്ത്യന്‍ സംഘത്തെ വിലയിരുത്തുമ്പോള്‍ സൈനക്ക് ആരും മാര്‍ക്ക് നല്‍കിയിരുന്നില്ല.
മൈക്കല്‍ ഫെല്‍പ്‌സ് എന്ന അമേരിക്കന്‍ താരത്തെ നോക്കുക. വ്യക്തമായ ലക്ഷ്യത്തിലാണ് അദ്ദേഹം ഒളിംപിക്‌സിന് വന്നത്. എട്ട് ഇനങ്ങളില്‍ മല്‍സരിക്കുന്നു. എട്ടിലും സ്വര്‍ണ്ണം നേടണം. ഇതില്‍ അഞ്ച് മല്‍സരങ്ങള്‍ സമാപിച്ചപ്പോള്‍ അഞ്ചിലും സ്വര്‍ണ്ണം. അഞ്ച് ലോക റെക്കോര്‍ഡുകള്‍. നമ്മള്‍ ഇവിടെ നിന്ന് 56 പേരാണ് പോയത്. ഇവരുടെയെല്ലാം ലക്ഷ്യം മെഡലായിരുന്നില്ല-പങ്കെടുക്കലായിരുന്നു. ഈ ലക്ഷ്യത്തില്‍ പരാജയപ്പെട്ട ഒരാളുണ്ട്-വെയ്‌റ്റ് ലിഫ്‌ടര്‍ മോണിക്കാദേവി. മരുന്നടിക്ക് പിടിക്കപ്പെട്ട മോണിക്കാദേവി അവസാന നിമിഷത്തിലാണ് ബൗള്‍ഡായത്. തന്നെ ചിലരെല്ലാം ചേര്‍ന്ന് വീഴ്‌ത്തിയതാണെന്ന് മോണിക്ക കരഞ്ഞുപറഞ്ഞിരുന്നു. ചിലര്‍ക്ക് വേണ്ടി തന്നെ ബലിയാടാക്കിയതാണ് എന്ന കുറ്റപ്പെടുത്തലും നടത്തി. പരസ്‌പരം പാര പണിയാന്‍ ഇന്ത്യന്‍ താരങ്ങളോളം മികച്ചവര്‍ വേറെയില്ല. അതിനാല്‍ മോണിക്ക പറയുന്നതും പറയാത്തതുമെല്ലാം ഇവിടെ നിത്യവും സംഭവിക്കുന്നതാണ്.
നമുക്ക് ഫെല്‍പ്‌സിനെ പോലെ ഒരാളില്ല. ഫെല്‍പ്‌സ് എട്ട് സ്വര്‍ണ്ണമാണ് ലക്ഷ്യമിട്ടതെങ്കില്‍ നമ്മുടെ 56 താരങ്ങളും ആരെങ്കിലുമൊരാള്‍ ഏന്തെങ്കിലും നേടിയാല്‍ ചൈനീസ് യാത്രയും ഒളിംപിക്‌സുമെല്ലാം ചരിത്രത്തില്‍ സ്ഥാനം പിടിക്കുമെന്ന വിശ്വാസത്തിലാണ് പോയത്. അവര്‍ക്ക് ഏന്തായാലും തെറ്റിയില്ല. കൂറെ ഒളിംപിക്‌സുകളില്‍ ഹോക്കി ടീമായിരുന്നു രാജ്യത്തിന്റെ മാനം കാത്തത്. ഹോക്കി തകര്‍ന്നപ്പോള്‍ മെഡലില്ലാത്ത അവസ്ഥയിലായി. 1996 ല്‍ അറ്റ്‌ലാന്റയില്‍ നടന്ന ഒളിംപിക്‌സില്‍ ലിയാന്‍ഡര്‍ പെയ്‌്‌സ് രാജ്യത്തിന്റെ അഭിമാനമായപ്പോള്‍ 2000 ത്തില്‍ സിഡ്‌നിയില്‍ നടന്ന ഒളിംപിക്‌്‌സില്‍ കര്‍ണ്ണം മല്ലേശ്വരിയായിരുന്നു ഭാഗ്യതാരം. നാല് വര്‍ഷം മുമ്പ് രാജ്യവര്‍ദ്ധന്‍സിംഗ് രാത്തോര്‍. ഇപ്പോഴിതാ അഭിനവ് ബിന്ദ്ര. 1996 ല്‍ പെയ്‌സ് മെഡല്‍ നേടിയപ്പോള്‍ 2000 ത്തില്‍ നമ്മള്‍ പെയ്‌സില്‍ നിന്ന് സ്വര്‍ണ്ണം തന്നെ പ്രതീക്ഷിച്ചു. അത് വെറുതെയായി. 2000 ത്തില്‍ മല്ലേശ്വരി മെഡല്‍ നേടിയപ്പോള്‍ ഏതന്‍സില്‍ വനിതാ വെയ്‌റ്റ്‌ലിഫ്‌ടര്‍മാരിലായിരുന്നു പ്രതീക്ഷകള്‍. പക്ഷേ ഇവരാകട്ടെ മരുന്നടിയില്‍ രാജ്യത്തിന് തന്നെ അപമാനമായി. 2004 ല്‍ രാത്തോറിലായിരുന്നു നോട്ടം. സംഭവിച്ചതോ-രാത്തോര്‍ കരിയിലെ ഏറ്റവും മോശം പ്രകടനം നടത്തിയപ്പോള്‍ ബിന്ദ്രയാണ് മാനം കാത്തത്. ഇനി 2012 ല്‍ ലണ്ടനിലോ...?
ഒളിംപിക്‌സില്‍ ഇങ്ങനെയൊരു ടീമുണ്ടോ..? സംശയമായിരിക്കും. ബിന്ദ്ര സ്വര്‍ണ്ണം നേടിയപ്പോള്‍ ഒരു ചൈനീസ് പത്രത്തിലെ തലക്കെട്ട് രസകരമായിരുന്നു-അറ്റ് ലാസ്റ്റ് ( അവസാനം..).
ചൈന ഒളിംപിക്‌സ് രംഗത്ത് വരുന്നതിന് മുമ്പ് ഹോക്കിയിലൂടെ ഒളിംപിക്‌സ്‌് സ്വര്‍ണ്ണം നേടിയവരാണ് ഇന്ത്യക്കാര്‍്. ഇന്ന് ചൈന മല്‍സരിക്കുന്നത് മെഡല്‍പ്പട്ടികയില്‍ ഒന്നാമതെത്താനാണ്. നമ്മള്‍ ഒരു മെഡലെങ്കിലും നേടാന്‍.
ട്രാക്കുകള്‍ നാളെ ഉണരുന്നു
ബെയ്‌ജിംഗ്: ഒളിംപിക്‌സിന്റെ പ്രധാന ആകര്‍ഷണമായ അത്‌ലറ്റിക് മല്‍സരങ്ങള്‍ക്ക് നാളെ പക്ഷിക്കൂട്ടില്‍ തുടക്കം. ഗെയിംസ് മല്‍സരങ്ങളുടെ ബഹളത്തില്‍ നിന്നും നാളെ മുതല്‍ ശ്രദ്ധ ട്രാക്കിലേക്ക് തിരിയുകയാണ്. വനിതകളുടെ ഹെപ്‌ടാത്ത്‌ലണിലൂടെയാണ് മല്‍സരങ്ങള്‍ ആരംഭിക്കുന്നത്. ഈ ഇനത്തില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ മല്‍സരിക്കുന്നുണ്ട്. സുസ്‌മിത സിംഗ് റോയ്, പ്രമീള, ജെ.ജെ ശോഭ എന്നിവര്‍. ആകെ ഒമ്പത് താരങ്ങളാണ് മല്‍സരിക്കാനുളളത്.
വനിതകളുടെ 10,000 മീറ്റര്‍ ഫൈനല്‍ നാളെയുണ്ട്. ഇന്ത്യയുടെ മലയാളി താരമായ പ്രീജ കെ ശ്രീധരന്‍ ഉള്‍പ്പെടെ മൊത്തം 32 പേരാണ് ഈ ഇനത്തില്‍ മല്‍സരിക്കുന്നത്. ദീര്‍ഘദൂര ഇനങ്ങളില്‍ മികവ് തെളിയിച്ചിട്ടുള ആഫ്രിക്കന്‍ രാജ്യങ്ങള്‍ മല്‍സരിക്കുന്നതിനാല്‍ പ്രീജക്ക് സാധ്യതകള്‍ വിരളമാണ്.
ലോകം കാത്തിരിക്കുന്ന 100 മീറ്റര്‍ മല്‍സരങ്ങള്‍ക്കും നാളെ തുടക്കമാവും. ഹീറ്റ്‌സ് മല്‍സരങ്ങളാണ് നാളെ നടക്കുക. ലോകത്തിലെ ഏറ്റവും വേഗതയേറിയ താരത്തെ കണ്ടെത്താനായി ജമൈക്കയില്‍ നിന്നും അസാഫ പവല്‍, ടൈസണ്‍ ഗേ അമേരിക്കയില്‍ നിന്ന് ഉസൈന്‍ ബോള്‍ട്ട് എന്നിവരുണ്ട്. ഇവര്‍ തമ്മിലായിരിക്കും പ്രധാന മല്‍സരം.
100 മീറ്ററിലെ ലോ റെക്കോര്‍ഡുകാരനായിരുന്ന പവലിന്റെ സ്ഥാനം ഈയിടെ ബോള്‍ട്ട് സ്വന്തമാക്കിയിരുന്നു.
കനത്ത സുരക്ഷയിലാണ് മല്‍സരങ്ങള്‍. പക്ഷി്‌കൂട് സ്റ്റേഡിയത്തില്‍ ഉദ്‌ഘാടന ചടങ്ങിന് ശേഷം മല്‍സരങ്ങള്‍ നടന്നിട്ടില്ല. പുരുഷന്മാരുടെ ഷോട്ട് പുട്ട് യോഗ്യതാ റൗണ്ട്, പുരുഷന്മാരുടെ ഹാമര്‍ ത്രോ യോഗ്യതാ റൗണ്ട്, വനിതകളുടെ 80 മീറ്റര്‍ ഹീറ്റ്‌സ്, പുരുഷന്മാരുടെ 1500 മീറ്റര്‍ ഹീറ്റ്‌സ്, വനിതകളുടെ ഡിസ്‌ക്കസ് ത്രോ യോഗ്യതാ റൗണ്ട്, വനിതകളുടെ 3000 മീറ്റര്‍ സ്‌റ്റീപ്പിള്‍ ചേസ് ഹീറ്റ്‌സ്, വനിതകളുടെ ട്രിപ്പിള്‍ ജംമ്പ്‌് യോഗ്യതാ റൗണ്ട് എന്നിവയാണ് നാളെ ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്ന മറ്റ് മല്‍സരങ്ങള്‍.
Subscribe to:
Post Comments (Atom)
No comments:
Post a Comment