Friday, August 22, 2008

ITS CURTAIN

നാളെ കര്‍ട്ടന്‍
കായിക ലോകത്തെ വിസ്‌മയത്തിലാഴ്‌ത്തിയ ബെയ്‌ജിംഗ്‌ ഒളിംപിക്‌സിന്‌ നാളെ തിരശ്ശീല. ഇന്ന്‌ ഏഴ്‌ ഫൈനലുകള്‍. അവസാന ദിവസമായ നാളെ പുരുഷന്മാരുടെ മാരത്തോണ്‍ മാത്രം. കിളിക്കൂട്ടില്‍ രാത്രി കലാവിസ്‌മയങ്ങളോടെ കലാശക്കൊട്ട്‌
ബെയ്‌ജിംഗ്‌: ലക്ഷ്യങ്ങളെല്ലാം ചൈന നിറവേറ്റിയിരിക്കുന്നു. ലോക കായികരംഗത്തെ അമേരിക്കന്‍ ഏകാധിപത്യം അവസാനിപ്പിക്കുക എന്ന മുഖ്യലക്ഷ്യത്തിനൊപ്പം ലോക കായിക മാമാങ്കത്തിന്റെ വിജയകരമായ നടത്തിപ്പിലൂടെ സ്വന്തം കരുത്തും സംഘാടന മികവും ആഗോളതലത്തില്‍ പ്രകടമാക്കുക എന്ന ലക്ഷ്യത്തിലും വിജയിച്ചാണ്‌ ഏഷ്യന്‍ കരുത്തര്‍ ലോകത്തോട്‌ വിട ചോദിക്കുന്നത്‌.
ഇന്ന്‌ ഏഴ്‌്‌ ഫൈനലുകള്‍ ട്രാക്കില്‍ നടക്കുന്നുണ്ട്‌. അതിന്‌ മുമ്പ്‌്‌ രാവിലെ ഒമ്പതിന്‌ ഫുട്‌ബോള്‍ ലോകം കാത്തുനില്‍ക്കുന്ന അര്‍ജന്റീന-നൈജീരിയ ഫുട്‌ബോള്‍ ഫൈനല്‍. നാളെ അവസാനദിവസം കാര്യമായ മല്‍സരങ്ങളില്ല. പുരുഷന്മാരുടെ മാരത്തോണാണ്‌ അവസാന ഇനം. അതിന്‌ ശേഷം സമാപന ചടങ്ങുകള്‍ നടക്കും. ഇന്റര്‍നാഷണല്‍ ഒളിംപിക്‌ കമ്മിറ്റി തലവന്‍ ജാക്വസ്‌ റോജി ഉള്‍പ്പെടെ പ്രമുഖരുടെ പട തന്നെ സമാപനചടങ്ങിലുണ്ട്‌. ചൈനീസ്‌ ഒളിംപിക്‌ ദീപം അണയുമ്പോള്‍ ഒളിംപിക്‌ പതാക 2012 ലെ ഒളിംപിക്‌സിന്‌ വേദിയാവുന്ന ലണ്ടന്‍ നഗരത്തിനായി ഡേവിഡ്‌ ബെക്കാമും പത്ത്‌ വയസ്സുകാരിയായ ഇന്ത്യന്‍ വംശജ ത്വയ്യിബ ദൂദ്‌വാലയും ഏറ്റുവാങ്ങും.
ചൈനക്ക്‌ സൂപ്പര്‍ താരം ലിയു സിയാംഗിന്റെ കാര്യത്തില്‍ മാത്രമാണ്‌ വേദന. ട്രാക്കില്‍ നിന്ന്‌ ചൈന ഏക സ്വര്‍ണ്ണം പ്രതീക്ഷിച്ചത്‌ ലിയു സിയാംഗിലൂടെയായിരുന്നു. എന്നാല്‍ പരുക്ക്‌ കാരണം അദ്ദേഹത്തിന്‌ മല്‍സരിക്കാന്‍ കഴിഞ്ഞില്ല. 46 സ്വര്‍ണ്ണവും 165 വെള്ളിയും 24 വെങ്കലവുമാണ്‌ ഇത്‌ വരെ ചൈന സമ്പാദിച്ചത്‌. ഇന്നലെ വനിതാ ഹോക്കി ഫൈനലില്‍ ടീമിന്‌ വെള്ളിയാണ്‌ ലഭിച്ചത്‌. ഇന്നും നാളെയും അവര്‍ക്ക്‌ കാര്യമായ മെഡല്‍ പ്രതീക്ഷയില്ല. ചൈനയെ വെല്ലുവിളിക്കാന്‍ പോലും അമേരിക്കക്ക്‌ കഴിയാത്ത അവസ്ഥയാണ്‌. ഒളിംപിക്‌സിന്റെ ആദ്യ ദിവസം മുതല്‍ ചൈനയാണ്‌ മെഡല്‍പ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത്‌. ഈ സ്ഥാനം അവര്‍ അവസാന ദിവസം വരെ നിലനിര്‍ത്തുമെന്നുറപ്പാണ്‌.
അമേരിക്കയുടെ പ്രതീക്ഷകളത്രയും ട്രാക്കിലായിരുന്നു. എന്നാല്‍ സൂപ്പര്‍ താരങ്ങളെല്ലാം നിരാശപ്പെടുത്തിയപ്പോള്‍ ട്രാക്കില്‍ ജമൈക്കയും റഷ്യയുമെല്ലാണ്‌ കത്തിനിന്നത്‌. ട്രാക്കില്‍ സ്‌പ്രിന്റ്‌്‌ റിലേകളില്‍ അമേരിക്കയുടെ പുരുഷ വനിതാ ടീമുകള്‍ ബാറ്റണ്‍ താഴെയിട്ട്‌ നടത്തിയ നാണക്കേട്‌ അമേരിക്കന്‍ ദയനീയത വ്യക്തമാക്കുന്നതായി. ചൈനക്കും അമേരിക്കക്കും പിറകില്‍ മെഡല്‍പ്പട്ടികയില്‍ മൂന്നാം സ്ഥാനം ഉറപ്പാക്കിയത്‌ ബ്രിട്ടനാണ്‌. ഇന്നലെ നടന്ന വനിതകളുടെ സ്‌പ്രിന്റ്‌്‌ റിലേയില്‍ റഷ്യ സ്വര്‍ണ്ണം സ്വന്തമാക്കിയപ്പോള്‍ അതിവേഗക്കാരുടെ ജമൈക്കക്കാര്‍ക്ക്‌ സുവര്‍ണ്ണ പ്രകടനം ആവര്‍ത്തിക്കാനായില്ല. പക്ഷേ പുരുഷന്മാരുടെ 4-100 മീറ്റര്‌ റിലേയില്‍ അസാഫ പവലും ഉസൈന്‍ ബോള്‍ട്ടും ഉള്‍പ്പെട്ട ടീം പ്രതീക്ഷിച്ച പോലെ ഒന്നാമന്മാരായി.

വിജേന്ദറിന്‌ വെങ്കലം, ഇന്ത്യ ദൗത്യം പൂര്‍ത്തിയാക്കി
ബെയ്‌ജിംഗ്‌ ഒളിംപിക്‌സില്‍ ഇന്ത്യക്ക്‌ ഇനി മല്‍സരങ്ങളില്ല. ബോക്‌സിംഗില്‍ വിജേന്ദര്‍ കുമാര്‍ സെമിഫൈനലില്‍ ക്യൂബന്‍ എതിരാളിക്ക്‌ മുന്നില്‍ പൊരുതിത്തോറ്റു. എങ്കിലും വെങ്കലം സ്വന്തമാക്കാനായി. വനിതകളുടെ 4-400 മീറ്റര്‍ റിലേ ടീം ഹീറ്റ്‌സില്‍ തന്നെ പുറത്തായി. ഇതാദ്യമായി ഇന്ത്യക്ക്‌ ഒളിംപിക്‌സില്‍ മൂന്ന്‌ മെഡലുകള്‍. അഭിനവ്‌ ബിന്ദ്രയുടെ സ്വര്‍ണ്ണം, സൂശീല്‍ കുമാറിന്റെയും വിജേന്ദറിന്റെയും വെങ്കലം

ബെയ്‌ജിംഗ്‌: ഒരു സ്വര്‍ണ്ണം, രണ്ട്‌ വെങ്കലം-ഒളിംപിക്‌സ്‌ മെഡല്‍പ്പട്ടികയില്‍ ഇന്ത്യ അര്‍ജന്റീനക്ക്‌ താഴെ 46-ാം സ്ഥാനത്ത്‌. ഇന്ത്യന്‍ ഒളിംപിക്‌സ്‌ ചരിത്രത്തില്‍ ഇതാദ്യമായാണ്‌ മൂന്ന്‌ മെഡലുകള്‍ രാജ്യം സ്വന്തമാക്കുന്നത്‌. 1952 ല്‍ ഹെല്‍സിങ്കിയില്‍ നടന്ന ഒളിംപിക്‌സില്‍ നേടാനായ രണ്ട്‌ മെഡലുകള്‍ (ഹോക്കി സ്വര്‍ണ്ണം, ഗുസ്‌തിയില്‍ ജെ.ഡി യാദവിന്റെ വെങ്കലം) ആയിരുന്നു ഇത്‌ വരെ ഇന്ത്യയുടെ ഏറ്റവും മികച്ച ഒളിംപിക്‌ നേട്ടം.
ചരിത്രം തിരുത്തിയ ഇന്ത്യന്‍ കരുത്തരെ ഇന്ത്യന്‍ ഒളിംപിക്‌ അസോസിയേഷന്‍ പ്രസിഡണ്ട്‌ സുരേഷ്‌്‌ കല്‍മാഡി അഭിനന്ദിച്ചു. 2010 ല്‍ ഡല്‍ഹി ആതിഥേയത്വം വഹിക്കുന്ന കോമണ്‍വെല്‍ത്ത്‌ ഗെയിംസിന്‌ മുന്നോടിയായി ബെയ്‌ജിംഗ്‌ രാജ്യത്തിന്‌ നല്ല തുടക്കമാണ്‌ നല്‍കിയിരിക്കുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു.
ഇന്നലെ 75 കിലോഗ്രാം മിഡില്‍വെയ്‌റ്റ്‌ ബോക്‌സിംഗില്‍ ഇന്ത്യയുടെ വിജേന്ദര്‍ കുമാര്‍ ക്യൂബന്‍ പ്രതിയോഗി എമിലിയോ കോറിയക്ക്‌ മുന്നില്‍ പൊരുതിത്തോറ്റെങ്കിലും വെങ്കലം സ്വന്തമാക്കാന്‍ കഴിഞ്ഞത്‌ രാജ്യത്തിന്റെ ബോക്‌സിംഗ്‌ ചരിത്രത്തില്‍ നവ അദ്ധ്യായമായി. ഇതാദ്യമായാണ്‌ ബോക്‌സിംഗില്‍ ഇന്ത്യ ഒരു മെഡല്‍ സ്വന്തമാക്കുന്നത്‌. ലോക റാങ്കിംഗില്‍ തന്നെക്കാള്‍ മുന്നിലുള്ള എതിരാളിക്കെതിരെ പിടിച്ചുപൊരുതിയ ഭീവാനിക്കാരനായ വിജേന്ദര്‍ മൂന്നാം ബൗട്ടിലെ പിഴവിലാണ്‌ സെമിയില്‍ പരാജിതനായത്‌.
നാല്‌ റൗണ്ട്‌ പോരാട്ടത്തിന്റെ തുടക്കത്തില്‍ പ്രതിയോഗിയെ മനസ്സിലാക്കുന്നതിനിടെ വിജേന്ദറിന്‌ രണ്ട്‌ വട്ടം പിഴച്ചപ്പോള്‍ 0-2 ന്‌ എതിരാളി മുന്നിലെത്തി. എന്നാല്‍ രണ്ടാം ബൗട്ടില്‍ തകര്‍പ്പന്‍ പ്രകടനവുമായി വിജേന്ദര്‍ തിരിച്ചെത്തി. 3-2 എന്ന നിലയിലാണ്‌ ഈ ബൗട്ടില്‍ ഇന്ത്യന്‍ താരം ലീഡ്‌ ചെയ്‌തത്‌. രണ്ട്‌ ബൗട്ടുകള്‍ അവസാനിക്കുമ്പോള്‍ മല്‍സരത്തില്‍ ക്യൂബന്‍ താരത്തിന്റെ ലീഡ്‌ 4-3 എന്ന നിലയിലായിരുന്നു. എന്നാല്‍ മൂന്നാം ബൗട്ടില്‍ വിജേന്ദര്‍ സമ്മര്‍ദ്ദത്തിനിരയായി. മൂന്ന്‌ പോയന്റുകള്‍ അദ്ദേഹം വിട്ടുകൊടുത്തു. 7-3 ല്‍ ക്യൂബക്കാരന്‍ മുന്നിട്ട്‌ നില്‍ക്കവെ അവസാന ബൗട്ടില്‍ മാജിക്‌ പ്രകടനമായിരുന്നു ഇന്ത്യന്‍ താരത്തില്‍ നിന്നും പ്രതീക്ഷിച്ചത്‌. പ്രതിരോധം ഭദ്രമാക്കിയ എമിലി രണ്ട്‌ പോയന്റ്‌ നല്‍കിയെങ്കിലും മല്‍സരത്തിലെ പിടി വിട്ടുകൊടുത്തില്ല. അങ്ങനെ 8-5 എന്ന നിലയില്‍ അദ്ദേഹം ഫൈനലില്‍ സ്ഥാനം നേടി.
സ്വര്‍ണ്ണം ലക്ഷ്യമാക്കിയ തനിക്‌ തോല്‍വി നേരിട്ടതില്‍ വിജേന്ദര്‍ ദു: ഖിതനായിരുന്നു. നല്ല പ്രകടനം നടത്താനാണ്‌ എത്തിയത്‌. പക്ഷേ ചെറിയ പിഴവുകള്‍ പറ്റിയതായി അദ്ദേഹം സമ്മതിച്ചു.
വൈകി നടന്ന വനിതകളുടെ 4-400 മീറ്റര്‍ റിലേ ഹീറ്റ്‌സില്‍ എസ്‌.ഗീത, മന്‍ജിത്‌ കൗര്‍ , ചിത്ര കെ സോമന്‍ മന്‍ദിപ്‌ കൗര്‍ തുടങ്ങിയവരുള്‍പ്പെടുന്ന റിലേ ടീം നിരാശയാണ്‌ നല്‍കിയത്‌. എട്ട്‌ ടീമുകള്‍ മല്‍സരിച്ച ഹീറ്റ്‌സില്‍ ഇന്ത്യ ഏഴാം സ്ഥാനത്താണ്‌ ഫിനിഷ്‌ ചെയ്‌തത്‌.
റിലേയോടെ ഒളിംപിക്‌സില്‍ ഇന്ത്യന്‍ മല്‍സരങ്ങള്‍ പൂര്‍ത്തിയായി. ഷൂട്ടിംഗ്‌ പുരുഷ വിഭാഗത്തില്‍ അഭിനവ്‌ ബിന്ദ്ര പത്ത്‌ മീറ്റര്‍ എയര്‍ റൈഫിള്‍ ഇനത്തില്‍ സ്വന്തമാക്കിയ സ്വര്‍ണ്ണവും വിജേന്ദറും സുശീല്‍ കുമാറും നേടിയ വെങ്കലങ്ങളും ഇന്ത്യന്‍ കായിക ചരിത്രത്തിന്റെ അദ്ധ്യായങ്ങളായി നിലനില്‍ക്കും.

No comments: